Untitled design 20250112 193040 0000

 

 

 

വിസി നിയമനത്തിൽ സുപ്രീംകോടതിക്കെതിരെ കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ. വിസിയെ നിയമിക്കാൻ അധികാരം ചാൻസലർക്കാണ്. യുജിസി ചട്ടവും കണ്ണൂർ വിസി കേസിലെ കോടതി വിധിയും ഇക്കാര്യം വ്യക്തമാക്കുന്നു. എന്നാൽ ഇപ്പോൾ കോടതി ഇത് പരിഗണിക്കുന്നില്ല. ഇത് ശരിയല്ലെന്ന് ഗവർണർ പറഞ്ഞു. വിസി നിയമനം സേർച്ച്‌ കമ്മിറ്റിക്ക് വിട്ട തീരുമാനത്തിലാണ് ഗവർണര്‍ സുപ്രീംകോടതിക്കെതിരെ സംസാരിച്ചത്.ഭരണഘടന ഭേദഗതി ചെയ്യാൻ കോടതികൾക്ക് അധികാരമില്ല എന്നും ഗവർണർ കൂട്ടിച്ചേർത്തു.

 

വൈകാതെ തിരുവനന്തപുരത്ത് എത്തുമെന്ന് അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറെ പ്രധാനമന്ത്രി നേരിട്ട് വിളിച്ച് അഭിനന്ദനമറിയിക്കുകയും ചെയ്തു. തിരുവനന്തപുരത്തെ വിജയം വലിയ നേട്ടമെന്ന് മോദി പറഞ്ഞു. 1987ൽ അഹമ്മദാബാദ് പിടിച്ച്, ബിജെപി ഗുജറാത്തിൽ പിന്നീട് ഭരണം നേടിയതും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

 

ബിജെപി കേരളത്തിൽ അധികാരത്തിൽ വരാതിരിക്കാനുള്ള രാഷ്ട്രീയ നിലപാട് കോണ്‍ഗ്രസ് സ്വീകരിക്കുമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ. കോണ്‍ഗ്രസിന്‍റെ നിലപാടാണിതെന്നും കെസി വേണുഗോപാൽ പറ‍ഞ്ഞു. തിരുവനന്തപുരം കോര്‍പ്പറേഷനിലും പാലക്കാട് നഗരസഭയിലുമടക്കം ബിജെപി അധികാരത്തിൽ വരാതിരിക്കാൻ സഖ്യം ഉണ്ടാകുമോയെന്ന ചോദ്യത്തോടായിരുന്നു കെസി വേണുഗോപാലിന്‍റെ മറുപടി.

 

 

നേമം മോഡൽ പ്രഖ്യാപനത്തിന് ബി ജെ പി. തലസ്ഥാനത്ത് നിയമ സഭാ സീറ്റുകളിൽ നേരത്തെ സ്ഥാനാർഥികളെ പ്രഖ്യാപിക്കാനൊരുങ്ങുകയാണ് ബിജെപി. നേമത്ത് താൻ സ്ഥാനാർഥി ആകുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്ര ശേഖർ നേരത്തെ പ്രഖ്യാപിച്ചിരുന്നു. വട്ടിയൂർക്കാവ്, കഴക്കൂട്ടം, തിരുവനന്തപുരം സീറ്റുകളിൽ നേരത്തെ സ്ഥാനാർഥി പ്രഖ്യാപനം വരും. നിയമസഭാ തെരഞ്ഞെടുപ്പ് ചർച്ചകൾ ഇന്ന് മുതൽ ആരംഭിക്കും. ശ്രീലേഖയെ നിയമ സഭയിലേക്ക് മത്സരിപ്പിക്കാനും നീക്കമുണ്ട്.

 

തദ്ദേശ തെരഞ്ഞെടുപ്പിൽ ശബരിമല സ്വര്‍ണക്കൊള്ളയടക്കം തിരിച്ചടിയായെന്നും ഭരണവിരുദ്ധ വികാരമുണ്ടായെന്നും സിപിഎം വിലയിരുത്തൽ. തദ്ദേശ തെരഞ്ഞെടുപ്പ് ഫലം ഞെട്ടിക്കുന്നതാണെന്നും സര്‍ക്കാര്‍ നേട്ടങ്ങള്‍ പ്രചരിപ്പിക്കുന്നതിൽ സംഘടനാ തലത്തിൽ വീഴ്ചയുണ്ടായെന്നും വിലയിരുത്തുന്നു. പരാജയം ഇഴകീറി പരിശോധിക്കാനാണ് പാര്‍ട്ടി തീരുമാനം. സ്വര്‍ണകൊള്ളയുമായി ബന്ധപ്പെട്ട സര്‍ക്കാരിന്‍റെ നിലപാട് ജനങ്ങളിലേക്ക് എത്തിക്കാനായില്ലെന്നും ആരോപണവിധേയരായ നേതാക്കള്‍ക്കെതിരെ നടപടിയെടുക്കാത്തത് എതിര്‍വികാരം ഉണ്ടാക്കിയെന്നും സിപിഎം വിലയിരുത്തി.

 

അധിക്ഷേപ പരാമര്‍ശത്തിൽ നിലപാട് തിരുത്തി എംഎം മണി. തനിക്ക് തെറ്റു പറ്റിയെന്നും, പറഞ്ഞത് തെറ്റാണെന്ന് പാര്‍ട്ടി പറഞ്ഞതിനെ അംഗീകരിക്കുന്നുവെന്നും എംഎം മണി വ്യക്തമാക്കി. അത്തരം പരാമര്‍ശം വേണ്ടിയിരുന്നില്ല ഇന്നലെ സാഹചര്യത്തിൽ പറഞ്ഞു പോയതാണെന്നും മണി പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ വോട്ടര്‍മാരെ അധിക്ഷേപിച്ച് എംഎം മണി നടത്തിയ പരാമര്‍ശം വൻവിവാദമായിരുന്നു.

 

എം എം മണിയുടെ പരാമർശത്തെ തള്ളി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ജനങ്ങളെ ആക്ഷേപിച്ചത് ശരിയായില്ലെന്നും അത് പാർട്ടിയുടെ രീതിയല്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പിൽ പ്രതീക്ഷിച്ച ഫലം കിട്ടിയില്ലെന്നും ജനങ്ങളുടെ വിധിയെ മാനിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ശക്തമായി പാർട്ടിയും മുന്നണിയും തിരിച്ചുവരുമെന്നും ആത്മ വിശ്വാസത്തോടെയാണ് തെരഞ്ഞെടുപ്പിനെ നേരിട്ടതെന്നും ഏതെങ്കിലും തരത്തിൽ അടിയോഴുക്കകൾ ഉണ്ടായോ എന്ന് പരിശോധിക്കണമെന്നും മന്ത്രി പറഞ്ഞു.

 

കേരള കോൺഗ്രസ് മാണി ഗ്രൂപ്പിനെ ക്ഷണിച്ച് കോൺഗ്രസ്. യുഡിഎഫ് വിട്ടു പോയവർ ചിന്തിക്കണമെന്നും മടക്കത്തിന് ഇതാണ് സമയമെന്നും കേരള കോൺഗ്രസിനോട് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് വ്യക്തമാക്കി. അതേ സമയം അൻവർ-യുഡിഎഫ് ബന്ധം ഉറപ്പിച്ചുവെന്നും അൻവറിന്റെ പാർട്ടി യുഡിഎഫിന്റെ അസോസിയേറ്റ് അംഗമാകും അന്തിമ പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്നും സണ്ണി ജോസഫ് പറഞ്ഞു.

 

മലപ്പുറത്തെ വലിയ വിജയങ്ങള്‍ക്കിടയിലും പൊൻമുണ്ടം പഞ്ചായത്തിലുണ്ടായ തോല്‍വി മുസ്ലീം ലീഗിന് കനത്ത തിരിച്ചടി. സിപിഎമ്മുമായി ചേര്‍ന്ന് കോൺഗ്രസ് പഞ്ചായത്ത് ഭരണം പിടിച്ചതില്‍ കടുത്ത പ്രതിഷേധത്തിലാണ് മുസ്ലീം ലീഗ്. കോൺഗ്രസ് മുന്നണി മര്യാദ ലംഘിച്ചെന്നും അതങ്ങനെ വിടാൻ മുസ്ലീം ലീഗ് ഉദ്ദേശിക്കുന്നില്ലെന്നും സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം പറഞ്ഞു.മലപ്പുറത്ത് കോൺഗ്രസും മുസ്ലീം ലീഗും തമ്മില്‍ നേര്‍ക്കുനേര്‍ മത്സരിച്ചത് ഇത്തവണ പൊൻമുണ്ടം പഞ്ചായത്തില്‍ മാത്രമായിരുന്നു.

 

തദ്ദേശ തെരഞ്ഞെടുപ്പിലെ എൽഡിഎഫിന്‍റെ തിരിച്ചടിയിൽ വിമര്‍ശനവുമായി സിപിഐ നേതാവ് കെകെ ശിവരാമൻ. ഇനിയെങ്കിലും കാര്യങ്ങൾ മനസിലാക്കാൻ ഇടതുപക്ഷത്തിന് കഴിയണമെന്നാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ വിമര്‍ശനം. ജനങ്ങളുടെ യജമാനന്മാരാണ് എന്നാണ് പല നേതാക്കളുടെയും ധാരണ. പ്രവര്‍ത്തിയും വാക്കും തമ്മിൽ പൊരുത്തം ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.

 

തിരുവനന്തപുരം കോർപ്പറേഷനിലെ എൽഡിഎഫിന്‍റെ കനത്ത തോൽവിക്ക് പിന്നാലെയുളള വിമർശനങ്ങളിൽ പ്രതികരണവുമായി മേയർ ആര്യ രാജേന്ദ്രൻ. ഒരിഞ്ചുപോലും പിന്നോട്ടില്ലെന്നായിരുന്നു ജനങ്ങൾക്കൊപ്പമുളള ചിത്രങ്ങൾ വാട്സ്ആപ്പ് സ്റ്റാറ്റസാക്കി ആര്യയുടെ വാചകം. തോൽവിക്ക് കാരണം മേയർ ജനകീയത ഇല്ലാതാക്കിയതെന്ന് സിപിഎം കൗൺസിലറായിരുന്ന ഗായത്രി ബാബു വിമർശിച്ചിരുന്നു.

 

തിരുവനന്തപുരം കോർപ്പറേഷനിലെ സിപിഎമ്മിന്റെ പരാജയം ആര്യ രാജേന്ദ്രന്റെ ധാർഷ്ട്യത്തിനുള്ള മറുപടിയെന്ന് ആര്യക്കെതിരെ നിയമ പോരാട്ടം നടത്തുന്ന മുൻ കെഎസ്ആർടിസി ഡ്രൈവർ യദു. തന്നെപ്പോലെയുള്ളവരോടുള്ള പെരുമാറ്റങ്ങൾ ജനങ്ങൾ വിലയിരുത്തിയെന്ന് യദു പറഞ്ഞു. നടുറോഡിൽ കെഎസ്ആർടിസി ബസ് തടഞ്ഞ സംഭവം മേയറായിരുന്ന ആര്യ രാജേന്ദ്രനെതിരെ വലിയ വിമർശനങ്ങൾക്ക് കാരണമായിരുന്നു.

 

പാലക്കാട് തിരക്കിട്ട രാഷ്ട്രീയ നീക്കങ്ങൾ. തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം പുറത്ത് വന്നതിന് പിന്നാലെ നഗരസഭയിൽ ബിജെപിയെ തടയാൻ സഖ്യ സാധ്യത അന്വേഷിക്കുകയാണ് കോൺഗ്രസും സിപിഎമ്മും. ബിജെപിയെ മാറ്റിനിർത്തുകയാണ് പ്രധാന ലക്ഷ്യമെന്നും എല്ലാവരുമായി കൈകോർക്കാൻ കഴിയുമോ എന്ന് അറിയില്ലെന്നും ഡിസിസി പ്രസിഡന്റ്എ തങ്കപ്പൻ പറഞ്ഞു. ബിജെപി ഭരണം ഒഴിവാക്കാൻ കോൺഗ്രസുമായി സഹകരിക്കുന്ന കാര്യം ചർച്ച ചെയ്യുമെന്നും ജമാഅത്ത ഇസ്ലാമിയുമായി സഹകരിക്കുന്ന കോൺഗ്രസിനെ പിന്തുണയ്ക്കുന്നത് എളുപ്പമല്ലെന്നും സിപിഎം നേതാവ് എൻഎൻ കൃഷ്ണദാസ് പറഞ്ഞു.

 

കൊടിക്കുന്നിൽ സുരേഷ് എംപിക്കെതിരെ പടയൊരുക്കവുമായി കോണ്‍ഗ്രസിലെ യുവ നേതാക്കള്‍. ദേശീയ നേതാവ് പാരവെച്ചതാണ് കൊട്ടാരക്കരയിലെ തിരിച്ചടിക്ക് കാരണമെന്ന് കെഎസ്‍യു കൊല്ലം ജില്ലാ പ്രസിഡന്‍റ് അൻവര്‍ സുൽഫിക്കര്‍ ഫേസ്ബുക്കിലൂടെ തുറന്നടിച്ചു. ഇതിനുപിന്നാലെ കൊടിക്കുന്നലിനെതിരെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി അജു ജോര്‍ജും രംഗത്തെത്തി. കൊട്ടാരക്കര നഗരസഭയിലേക് കൊടിക്കുന്നിലിന്‍റെ വിജയം എന്ന് പരിഹസിച്ചുകൊണ്ടാണ് അജു ജോര്‍ജിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്. അതേസമയം, തനിക്കെതിരെ പോസ്റ്റിട്ട അൻവര്‍ സുൽഫിക്കറിനെതിരെ നടപടിയെടുക്കണമെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി പറഞ്ഞു.

 

വലിയ സന്തോഷത്തിലാണെന്നും സർക്കാരിൻ്റെ പരാജയം ജനങ്ങളിൽ എത്തിക്കാൻ കഴിഞ്ഞുവെന്നും പിസി വിഷ്ണുനാഥ്. മാധ്യമങ്ങൾക്ക് മുന്നിൽ സ്വർണ്ണചെമ്പ് പാട്ട് പാടിയാണ് പി സി വിഷ്ണുനാഥ് പ്രതികരിച്ചത്. എം എം മണിയുടെ പ്രസ്താവന മനോഭാവം വ്യക്തമാക്കുന്നതാണെന്നും എം എം മണി സത്യസന്ധൻ ആയത് കൊണ്ട് സത്യം തുറന്നു പറഞ്ഞുവെന്നും മറ്റുള്ളവർ മനസിൽ സൂക്ഷിച്ചുവെന്നും വിഷ്ണുനാഥ് കൂട്ടിച്ചേർത്തു.

 

പാലാ നഗരസഭയുടെ ഭരണം നേടാൻ സ്വതന്ത്രരുടെ പിന്തുണ തേടി മുന്നണികൾ. നഗരസഭയിൽ നിർണായകമാകുക പുളിക്കകണ്ടം കൗൺസിലേഴ്സിന്‍റെ തീരുമാനമാണ്. ഒരു കുടുംബത്തിൽ നിന്നുള്ള മൂന്ന് കൗൺസിലേഴ്സ് ആരെ പിന്തുണക്കും എന്നതിൽ ആകാംക്ഷ തുടരുകയാണ്. ആർക്ക് പിന്തുണ കൊടുക്കണം എന്നതിൽ തീരുമാനം എടുത്തിട്ടില്ല. രാഷ്ട്രീയത്തിൽ സ്ഥിരമായ ശത്രുക്കളോ മിത്രങ്ങളോ ഇല്ല. ഞങ്ങൾ മുന്നോട്ടുവെക്കുന്ന നിലപാടുകൾ അംഗീകരിക്കുന്നവർക്കൊപ്പം മാത്രം യോജിക്കുമെന്നും ബിനു പുളിക്കകണ്ടം പറഞ്ഞു.

 

കൊച്ചിയിലെ മേയറെ പാർട്ടി തീരുമാനിക്കുമെന്നും താൻ ഒരു ക്ലെയിമും ഉന്നയിക്കില്ലെന്നും ദീപ്തി മേരി വർഗീസ്. പാർട്ടിക്ക് വിധേയമായി പ്രവർത്തിക്കുന്ന ആൾ തന്നെയാവണമല്ലോ മേയർ എന്നും ദീപ്തി മേരി ചൂണ്ടിക്കാട്ടി. ഒരു ഘടകം മാത്രമല്ല എല്ലാ ഘടകങ്ങളും പരിഗണിക്കും. സാമുദായിക സമവാക്യങ്ങൾ അടക്കം എല്ലാം പാർട്ടി പരിഗണിക്കും എന്നും ദീപ്തി വ്യക്തമാക്കി.

 

തെരഞ്ഞെടുപ്പ് ഫലം പിണറായിസത്തിന് ഏറ്റ തിരിച്ചടിയെന്ന് തൃണമൂൽ കോൺഗ്രസ് നേതാവ് പിവി അൻവർ. മരുമകൻ മന്ത്രി മുഹമ്മദ് റിയാസ് മുന്നിൽ നിന്ന് നയിച്ചിട്ട് കോഴിക്കോട് പോലും പരാജയം ഉണ്ടായി. സർക്കാരിന് തുടരാൻ ഉള്ള അവകാശം നഷ്ടപ്പെട്ടു. പിണറായിയിൽ നിന്ന് മതേതര നിലപാടാണ് ജനം പ്രതീക്ഷിച്ചത്. അതല്ല ഉണ്ടായത്. മതേതര നിലപാടുകളുള്ളവരെ വെല്ലുവിളിക്കുകയാണ് പിണറായി ചെയ്തതെന്നും പിവി അൻവർ പറഞ്ഞു.

 

പെരിങ്ങോട്ടക്കുറിശ്ശിയിലെ തോൽവിയിൽ സിപിഎമ്മിനെ പഴിച്ച് എ വി ഗോപിനാഥ്. സിപിഎമ്മിലെ തർക്കങ്ങൾ കാരണം ചിലയിടങ്ങളിൽ വോട്ട് ചോർന്നു. താൻ മത്സരിച്ച വാർഡുകളിൽ ഉൾപ്പെടെ അത് പ്രതിഫലിച്ചു. തോൽവി അപ്രതീക്ഷിതമാണെന്നും എൽഡിഎഫിനൊപ്പം തുടരുമെന്നും പെരിങ്ങോട്ടുകുരിശ്ശിയിൽ എൽഡിഎഫ് ഭരണത്തിലെത്തുമെന്നും അദ്ദേഹം പറഞ്ഞു.

 

തദ്ദേശ തിരഞ്ഞെടുപ്പില്‍ പ്രതീക്ഷിച്ച മുന്നേറ്റം നടത്താന്‍ കഴിഞ്ഞില്ലെങ്കിലും വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് വലിയ വിജയം നേടുമെന്ന് കെ.ടി. ജലീല്‍. ഫേയ്സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലാണ് ജലീല്‍ തന്റെ ശുഭാപ്തിവിശ്വാസം പങ്കിട്ടത്.2010-ലെ തിരഞ്ഞെടുപ്പിലും തദ്ദേശതിരഞ്ഞെടുപ്പിന്‍റെ സ്ഥിതി സമാനമായിരുന്നെന്നും എന്നാല്‍, 2011-ല്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷം ശക്തമായ തിരിച്ചുവരവ് നടത്തിയെന്നും ജലീല്‍ പറഞ്ഞു.

 

തദ്ദേശ തെരഞ്ഞെടുപ്പിലെ തോൽവി സംബന്ധിച്ച് സിപിഎം കേന്ദ്ര കമ്മിറ്റിയംഗം തോമസ് ഐസക് നടത്തിയ വിലയിരുത്തലിനെ വിമർശിച്ച് എഐസിസി അംഗം വി ടി ബൽറാം. ന്യൂനപക്ഷങ്ങളിലെ ഒരു കൂട്ടർക്ക്‌ വേണ്ടി പലസ്തീൻ, വേറെ ചിലർക്ക്‌‌ വേണ്ടി വെള്ളാപ്പള്ളി സ്തുതി, വേറെ ചിലർക്ക്‌‌ വേണ്ടി മുനമ്പം, ഇങ്ങനെ തരാതരം നിലപാടെടുത്താൽ ഓരോരോ വിഭാഗങ്ങളുടേയും വോട്ടുകൾ പെട്ടിയിൽ വീഴുമെന്നാണ്‌ സിപിഎം കണക്കുകൂട്ടുന്നതെന്ന് ബൽറാം വിമർശിക്കുന്നു.

 

തദ്ദേശ തെരഞ്ഞെടുപ്പിൽ എൽഡിഎഫിനേറ്റ തിരിച്ചടിയിൽ എസ്എൻഡിപി യോ​ഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ പങ്ക് വലുതാണെന്ന് പ്രാദേശിക സിപിഎം നേതാവ്. മലപ്പുറം ചുങ്കത്തറ സിപിഎം ലോക്കൽ കമ്മിറ്റിയംഗം എം ആർ ജയചന്ദ്രനാണ് വെള്ളാപ്പള്ളിക്കെതിരെ വിമർശനവുമായി രം​ഗത്തുവന്നത്. സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ച കുറിപ്പിലാണ് ജയചന്ദ്രൻ വെള്ളാപ്പള്ളിക്കെതിരെ രൂക്ഷമായ വിമർശനം ഉന്നയിച്ചിരിക്കുന്നത്.

 

കൊല്ലം ഇട്ടിവയിൽ തദ്ദേശ തെരഞ്ഞെടുപ്പിന്‍റെ വിജയാഹ്ലാദ പ്രകടനത്തിനിടെ കയ്യാങ്കളി. നെടുപുറം വാർഡിൽ വിജയിച്ച സ്വതന്ത്ര സ്ഥാനാർത്ഥി അഖിൽ ശശിയുടെ ആഹ്ലാദ പ്രകടനത്തിനിടെ ആയിരുന്നു കയ്യാങ്കളി. തോറ്റ സ്ഥാനാർത്ഥിയുടെ വീടിന് സമീപത്ത് കൂടി കടന്നുപോയ പ്രകടനത്തിൽ പടക്കം പൊട്ടിച്ചതായിരിന്നു പ്രശ്നങ്ങളുടെ തുടക്കം. പരാജയപ്പെട്ട എൽഡിഎഫ് സ്ഥാനാർത്ഥി ബി ബൈജുവും സംഘവും വാഹനം തടഞ്ഞ് ആക്രമിച്ചെന്നാണ് വിജയിച്ച സ്വതന്ത്ര സ്ഥാനാർത്ഥി അഖിൽ ശശിയുടെ പരാതി.

 

 

തദ്ദേശ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ കണ്ണൂരിൽ ആക്രമണം തുടരുന്നു. പയ്യന്നൂരിൽ യുഡിഎഫ് സ്ഥാനാർത്ഥിയുടെ വീടിന് നേരെ സ്ഫോടക വസ്തുവെറിഞ്ഞു കൊണ്ടായിരുന്നു ആക്രമണം. കാനായി സ്വദേശി പികെ സുരേഷിന്റെ വീടിന് നേരെയാണ് ആക്രമണം ഉണ്ടായത്. പികെ സുരേഷ് നഗരസഭയിലെ ഒമ്പതാം വാർഡിൽ മത്സരിച്ചിരുന്നു. ഇന്നലെ രാത്രി 11.30 മണിയോടെയാണ് സംഭവം. ആക്രമണത്തിന് പിന്നിൽ സിപിഎം ആണെന്ന് യുഡിഎഫ് ആരോപിക്കുന്നു.

 

കണ്ണൂർ പാനൂരിലെ വടിവാൾ ആക്രമണത്തിൽ അമ്പതോളം സിപിഎം പ്രവർത്തകർക്കെതിരെ കേസ്. അക്രമത്തിന് നേതൃത്വം നൽകിയത് ശരത്ത്, അശ്വന്ത്, അനുവിൻ, ആഷിക്, സച്ചിൻ, ജീവൻ എന്നിവരാണെന്ന് പൊലീസ് വ്യക്തമാക്കി. പൊലീസ് വാഹനം തകർത്തത് ‌അടക്കം കുറ്റം ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. വടിവാളും സ്ഫോടക വസ്തുക്കളും ഉപയോഗിച്ചായിരുന്നു അക്രമം. യുഡിഎഫ് സ്ഥാനാർത്ഥികൾക്കും അക്രമങ്ങളിൽ പരിക്കേറ്റു.

 

ശബരിമല സ്വർണ്ണക്കൊള്ള ഉയർത്തി യുഡിഎഫ് എംപിമാർ നാളെ പാർലമെന്റിൽ പ്രതിഷേധിക്കും. രാവിലെ 10.30ന് പാർലമെൻ്റ് കവാടത്തിൽ ധർണ്ണ നടത്തും. കോടതി മേൽനോട്ടത്തിൽ കേന്ദ്ര ഏജൻസിയുടെ നേതൃത്വത്തിൽ അന്വേഷണം വേണം എന്നാണ് ആവശ്യം. ആന്റോ ആൻ്റണി എംപിയുടെ നേതൃത്വത്തിലാണ് പ്രതിഷേധം നടക്കുക. സംസ്ഥാനത്തെ എസ്ഐടി അന്വേഷണത്തിന് തടസ്സങ്ങളുണ്ടെന്നും യുഡിഎഫ് എംപിമാർ ആരോപിച്ചു.

 

ശബരിമല സ്വര്‍ണക്കൊള്ളയില്‍ അന്തര്‍ദേശീയ പുരാവസ്തു കള്ളക്കടത്ത് സംഘത്തിനുള്ള ബന്ധം പ്രത്യേക അന്വേഷണ സംഘത്തിന് മുന്‍പില്‍ പറഞ്ഞിട്ടുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. വിവാദവുമായി ബന്ധപ്പെട്ട് തനിക്ക് ലഭിച്ച വിവരങ്ങള്‍ ഞാന്‍ എസ്ഐടിയുടെ മുന്‍പില്‍ പറഞ്ഞിട്ടുണ്ട്. അതെല്ലാം അവര്‍ നോട്ട് ചെയ്തിട്ടുണ്ട്. ഒരു പൊതുപ്രവര്‍ത്തകനെന്ന നിലയില്‍ തനിക്ക് ലഭിച്ച വിവരങ്ങളാണ് കൈമാറിയത്, തെളിവുകളല്ലെന്നും ചെന്നിത്തല പറഞ്ഞു.

 

നടിയെ ആക്രമിച്ച കേസിൽ വിചാരണക്കോടതിയെ രൂക്ഷമായി വിമർശിച്ച് അതിജീവിത. നിയമത്തിന് മുന്നിൽ എല്ലാവരും തുല്യരല്ലെന്നും അടിസ്ഥാന ആവശ്യങ്ങൾ സംരക്ഷിക്കപ്പെട്ടില്ലെന്നും അതിജീവിത ഇൻസ്റ്റഗ്രാം പോസ്റ്റിൽ വ്യക്തമാക്കി. ഉയർന്ന നീതിബോധമുള്ള ന്യായാധിപൻമാർ ഇനിയും ഉണ്ടാകുമെന്ന് പറഞ്ഞ അതിജീവിത അപ്പീൽ നൽകുമെന്ന സൂചനയും പങ്കുവച്ചു.പ്രോസിക്യൂഷനോട് ശത്രുതാപരമായ പെരുമാറ്റം, മെമ്മറി കാർഡ് അനധികൃതമായി കൈകാര്യം ചെയ്തതുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോർട്ട് നൽകിയില്ല, തുറന്ന കോടതിയിൽ കേസ് നടത്തണമെന്ന ആവശ്യം നിരാകരിച്ചു എന്നിങ്ങനെ നീളുന്നു കോടതിയിൽ നിന്ന് നേരിട്ട നീതിനിഷേധം അതിജീവിത വിശദീകരിക്കുന്നു.

 

നടിയെ ആക്രമിച്ച കേസിലെ വിധി ന്യായത്തിലെ കൂടുതൽ വിവരങ്ങള്‍ പുറത്ത്. ക്വട്ടേഷൻ നൽകിയത് സ്ത്രീ ആണെന്ന ഒന്നാം പ്രതി പള്‍സര്‍ സുനിയുടെ മൊഴിയിൽ പൊലീസ് അന്വേഷണം നടത്തിയിട്ടില്ലെന്ന് വിധി ന്യായത്തിൽ കോടതി വിമര്‍ശിക്കുന്നു. ആരാണ് സുനിയുടെ മൊഴിയിൽ പറഞ്ഞ മാഡമെന്നാണ് കോടതി ചോദിക്കുന്നത്. ഇതുസംബന്ധിച്ച അന്വേഷണ സംഘത്തിന് വീഴ്ച സംഭവിച്ചുവെന്നാണ് വിധിന്യായത്തിൽ ചൂണ്ടികാണിക്കുന്നത്.

 

നടിയെ ആക്രമിച്ച കേസിന്റെ വിധിന്യായത്തിന്റെ വിശദാംശങ്ങൾ വ്യക്തമാക്കുന്ന ഊമക്കത്ത് പ്രചരിച്ചിരുന്നതായി അന്വേഷണ ഉദ്യോഗസ്ഥൻ‌ ബൈജു പൗലോസ് ഡിജിപിയെ അറിയിച്ചു. ഇതേ കത്ത് ഹൈക്കോടതി അഭിഭാഷക അസോസിയേഷൻ പ്രസിഡന്റ് ചീഫ് ജസ്റ്റിസിന് കൈമാറിയിരുന്നു. ഇത്തരത്തിലൊരു കത്ത് പുറത്തുവന്ന കാര്യം ‍ഡിജിപിയെ അറിയിച്ചുവെന്നാണ് ബൈജു പൗലോസ് വ്യക്തമാക്കിയിരിക്കുന്നത്. ശിക്ഷാവിധി പറയുന്നതിന് മുമ്പാണ് ഇങ്ങനെയൊരു ഊമക്കത്ത് ഹൈക്കോടതി ബാർ അസോസിയേഷന് കിട്ടുന്നത്.

 

മലയാള സിനിമയിൽ പുരുഷാധിപത്യം നിലനിൽക്കുന്നുവെന്നും സ്റ്റാറുകളെ വളർത്തിയത് മാധ്യമങ്ങളാണെന്നും ഡബ്ബിം​ഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. ഒരു പെൺകുട്ടി അനുഭവിക്കുകയാണ്. ഇത്രയും പോരാട്ടം നടത്തിയിട്ടും ട്രയൽ കൂട്ടിൽ നിന്നും അയാൾ രക്ഷപ്പെട്ടു. നാളെ ജനപ്രിയ നായകൻ എന്ന നിലയിൽ ആളുകൾ കൊണ്ടാടും. ഇത് ഒരാളുടെ കുറ്റമല്ല. ഇത് സിസ്റ്റത്തിന്റെ കുഴപ്പമാണ്. സ്ത്രീ-പുരുഷ ഭേദമില്ലാതെ ഇതാണ് അവസ്ഥ. ഇത് മാറണമെങ്കിൽ പൊതുജനവും മാധ്യമങ്ങളും വിചാരിക്കണമെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു.

 

നടിയെ ആക്രമിച്ച കേസിൽ ​ഗൂഢാലോചന ഉണ്ടെന്ന് ആവർത്തിച്ച് നടി മഞ്ജു വാര്യർ. നീതി നടപ്പായില്ലെന്നും കുറ്റം ചെയ്തവർ മാത്രമാണ് ശിക്ഷിക്കപ്പെട്ടതെന്നും മഞ്ജു വാര്യർ സാമൂഹിക മാധ്യമത്തിൽ പങ്കുവെച്ച കുറിപ്പിൽ പറഞ്ഞു. ആസൂത്രണം ചെയ്തവർ പുറത്തുണ്ടന്നത് ഭയപ്പെടുത്തുന്ന യാഥാർത്ഥ്യമാണെന്നും അവർ കൂടി ശിക്ഷിക്കപ്പെട്ടാൽ മാത്രമേ അതിജീവിതയ്ക്കുള്ള നീതി പൂർണമാകുകയുള്ളൂ എന്നും മഞ്ജു വാര്യർ കുറിപ്പിൽ പറഞ്ഞു.

 

രണ്ടാമത്തെ ബലാത്സം​ഗ കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ നാളെ ക്രൈംബ്രാഞ്ച് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരായേക്കില്ല. ഹാജരാകണം എന്നറിയിച്ച് ഒരറിയിപ്പും ഇതുവരെ കിട്ടിയിട്ടില്ലെന്ന് രാഹുൽ മാങ്കൂട്ടത്തിൽ പറയുന്നു. തിരുവനന്തപുരം ജില്ലാ കോടതിയിൽ നിന്നുള്ള മുൻകൂർജാമ്യ വ്യവസ്ഥയിൽ 15 ന് ഹാജരാകണമെന്ന് അറിയിച്ചിരുന്നു. അന്വേഷണ സംഘം ആവശ്യപ്പെട്ടാൽ ഹാജരാകുമെന്നാണ് രാഹുലിന്‍റെ പ്രതികരണം. രാഹുലിൻ്റെ ചോദ്യം ചെയ്യലില്‍ നാളെത്തെ ഹൈക്കോടതിയുടെ അപ്പീൽ തീരുമാനമനുസരിച്ചാകും അന്വേഷണ സംഘത്തിൻ്റെ തീരുമാനം.

 

നെടുമങ്ങാട് അഴീക്കോട് ഹോട്ടലിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ 3 ജീവനക്കാർക്ക് ഗുരുതര പരിക്ക്. ഇന്ന് രാവിലെ പ്രഭാത ഭക്ഷണം തയ്യാറാക്കുന്നതിനിടെയാണ് പെട്ടെന്ന് പൊട്ടിത്തെറി ഉണ്ടായത്. പരിക്കേറ്റ ജീവനക്കാരിൽ രണ്ട് സ്ത്രീകളും ഉൾപ്പെടുന്നുണ്ട്. മൂന്ന് പേരെയും തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

 

വിജയലഹരിയിൽ മതിമറന്നെത്തിയ എസ് ഡി പി ഐ പ്രവർത്തകർ എൽ ഡി എഫ് പ്രവർത്തകരുടെ വീട് ആക്രമിച്ചു. അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് രണ്ടാം വാർഡിലെ എൽഡിഎഫ് സ്ഥാനാർത്ഥി ബീമ സനീഷിന്റെ മകൾ ആമിനയ്ക്കാണ് (21) പരിക്കേറ്റത്.

 

മുൻ യുഡിഎഫ് കൗൺസിലറും ഇത്തവണത്തെ സ്ഥാനാർഥിയുമായിരുന്ന വി.ആർ. സിനി അന്തരിച്ചു. സിഎംപി നേതാവായ സിനി ഇക്കുറി ഇടവക്കോട് വാർഡിൽ നിന്ന് മത്സരിച്ചെങ്കിലും 26 വോട്ടിന് പരാജയപ്പെട്ടു. തെരഞ്ഞെടുപ്പിന്റെ ഫലം വന്നതിന്റെ പിറ്റേ ദിവസമായിരുന്നു അന്ത്യം. ആരോഗ്യപ്രശ്നങ്ങൾക്കിടയിലും തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ സജീവമായിരുന്നു. ശ്രീകാര്യം ഇളംകുളത്തുള്ള കുടുംബവീട്ടിൽ കുഴഞ്ഞുവീണാണ് മരിച്ചത്.

 

അന്തരിച്ച പ്രമുഖ മാധ്യമ പ്രവര്‍ത്തകൻ ജി വിനോദിന്‍റെ മൃതദേഹം തൈക്കാട് ശാന്തികവാടത്തിൽ സംസ്കരിച്ചു. തിരുവനന്തപുരം കുമാരപുരത്തെ വീട്ടിലും പ്രസ് ക്ലബിലും മലയാള മനോരമ ഓഫീസിലുമായിരുന്നു പൊതുദര്‍ശനം നടന്നു. രാഷ്ട്രീയ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരും ഉന്നത ഉദ്യോഗസ്ഥരും അടക്കം നിരവധി പേര്‍ അന്ത്യാഞ്ജലി അര്‍പ്പിച്ചു.

 

ലോകത്തിലെ ഏറ്റവും ശക്തരായ വനിതകളുടെ 2025 ലെ പട്ടിക പുറത്തിറക്കി ഫോബ്‌സ്. പട്ടികയിൽ ഇടം നേടി ധനമന്ത്രി നിർമ്മല സീതാരാമൻ. യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് ഉർസുല വോൺ ഡെർ ലെയ്ൻ ഒന്നാം സ്ഥാനത്തെത്തിയ പട്ടികയിൽ ഇന്ത്യയുടെ ധനമന്ത്രിയായ നിർമ്മല സീതാരാമൻ ശ്രദ്ധ നേടി. നിർമ്മലാ സീതാരാമൻ കൂടാതെ ഇന്ത്യയിൽ നിന്ന് മൂന്ന് പേർ കൂടി പട്ടികയിൽ ഇടംപിടിച്ചു.ഇരുപത്തിനാലാം സ്ഥാനത്താണ് നിർമ്മല സീതാരാമൻ.

 

 

വോട്ട് ചോരി ആരോപണത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. സത്യത്തിനൊപ്പം ബിജെപിക്കെതിരെ പോരാടുമെന്ന് ദില്ലിയിലെ കോണ്‍ഗ്രസിന്‍റെ വിശാല റാലിയിൽ രാഹുൽ ഗാന്ധി പറഞ്ഞു. സത്യം മുറുകെ പിടിച്ച് മോദി-അമിത് ഷാ ഭരണത്തെ കോൺഗ്രസ് ഇല്ലാതാക്കും. തെരഞ്ഞെടുപ്പ് കമ്മീഷൻ ബിജെപിക്ക്‌ വേണ്ടി പ്രവർത്തിക്കുന്നുവെന്നും രാഹുൽ പറഞ്ഞു. തെരഞ്ഞെടുപ്പ് കമ്മീഷണർമാരുടെ പേരെടുത്ത് പറഞ്ഞാണ് രാഹുൽ ഗാന്ധിയുടെ വിമർശനം.

 

ഫലം അനുകൂലമല്ലാത്തപ്പോഴെല്ലാം ഇവിഎമ്മിനെ കുറ്റം പറയുകയാണ് രാഹുൽ ഗാന്ധി ചെയ്യുന്നതെന്നും ഫലം അനുകൂലമായപ്പോൾ രാഹുൽ സ്വീകരിക്കുന്നുവെന്നും ബിജെപി വക്താവ് അമിത് മാളവ്യ കുറ്റപ്പെടുത്തി. കേരളത്തിലെ തദ്ദേശ തെരഞ്ഞെടുപ്പ് വിജയത്തിന്റെ പശ്ചാത്തലത്തിൽ, ഫലം അനുകൂലമാകുമ്പോൾ മാത്രം രാഹുൽ ഗാന്ധി ഇവിഎമ്മിനെ അംഗീകരിക്കുന്നുവെന്ന് ബിജെപി ആരോപിച്ചു. ഒഴിവുകഴിവുകളല്ല, തോൽവിയും അംഗീകരിക്കുന്ന നേതാക്കളെയാണ് ജനാധിപത്യത്തിന് വേണ്ടതെന്നും അമിത് മാളവ്യ ആവശ്യപ്പെട്ടു.

 

ബിഹാറിലെ മന്ത്രി നിതിൻ നബീനെ ദേശീയ വർക്കിംഗ് പ്രസിഡൻ്റായി നിയോഗിച്ച് ബിജെപി പാർലമെൻ്ററി ബോർഡ്. പാർട്ടി അദ്ധ്യക്ഷൻ ജെപി നദ്ദയുടെ പിൻഗാമിയെക്കുറിച്ചുള്ള ചർച്ചകൾക്കിടെയാണ് വർക്കിംഗ് പ്രസിഡൻ്റിനെ നിയമിച്ചു കൊണ്ടുള്ള ബിജെപിയുടെ അപ്രതീക്ഷിത നീക്കം. അടുത്ത പാർട്ടി അദ്ധ്യക്ഷനായി നിതിൻ നബീൻ എത്താനാണ് സാധ്യത.

 

ദില്ലിയിൽ ഒരിടവേളയ്ക്കുശേഷം വായുമലിനീകരണം വീണ്ടും രൂക്ഷമായി. വായു ഗുണനിലവാരതോത് താഴ്ന്ന് ഗുരുതര വിഭാഗത്തിലെത്തി. 460 ആണ് ഇന്ന് രേഖപ്പെടുത്തിയ ശരാശരി എക്യുഐ. ഈ വർഷത്തെ ഏറ്റവും ഉയർന്ന വായു മലിനീകരണത്തോതാണിത്. വായു മലിനീകരണം വീണ്ടും രൂക്ഷമായതോടെ ദില്ലിയിൽ ഗ്രേഡ് റെസ്പോൺസ് ആക്ഷൻ പ്ലാൻ നാലാം ഘട്ടത്തിലെ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ഇതോടെ ഓഫീസുകളിൽ 50% ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം അനുവദിച്ചു

 

2015-ൽ ബീഫ് കൈവശം വെച്ചുവെന്നാരോപിച്ച് മുഹമ്മദ് അഖ്‌ലാഖിനെ ആൾക്കൂട്ടം കൊലപ്പെടുത്തിയ കേസിൽ പ്രതികൾക്കെതിരായ കുറ്റങ്ങൾ പിൻവലിക്കാനുള്ള ഉത്തർപ്രദേശ് സർക്കാരിന്റെ നീക്കത്തിൽ ഇടപെടണമെന്നാവശ്യപ്പെട്ട് മുതിർന്ന സിപിഎം നേതാവ് ബൃന്ദ കാരാട്ട് രാഷ്ട്രപതി ദ്രൗപതി മുർമുവിന് കത്തെഴുതി. കുറ്റം ഒഴിവാക്കാനുള്ള യുപി സർക്കാരിന്റെ നീക്കത്തിൽ രാഷ്ട്രപതി ഇടപെടണമെന്ന് ബൃന്ദ കാരാട്ട് ആവശ്യപ്പെട്ടു.

 

രാജ്യത്തെ എല്ലാ വാഹനങ്ങളുടെയും നിലവിലുള്ള നമ്പർ പ്ലേറ്റുകളുടെ രൂപകൽപ്പന പുതുക്കാൻ പദ്ധതി പ്രഖ്യാപിച്ച് ഖത്തർ ആഭ്യന്തര മന്ത്രാലയം. ആധുനിക സ്മാർട്ട് ട്രാഫിക് സംവിധാനത്തിന് അനുസൃതമായ അന്താരാഷ്ട്ര നിലവാരമുള്ള നമ്പർ പ്ലേറ്റുകൾ സ്ഥാപിക്കുന്ന പദ്ധതിയാണ് നടപ്പാക്കുന്നതെന്ന് മന്ത്രാലയം അറിയിച്ചു.വാഹന നമ്പർ പ്ലേറ്റുകളുടെ ദൃശ്യത മെച്ചപ്പെടുത്തുക, പുതിയ സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തുക, കൂടുതൽ വ്യക്തവും കൃത്യവുമായ മാനദണ്ഡങ്ങളിൽ ഏകീകരിക്കുക എന്നിവ ലക്ഷ്യമിട്ടാണ് പദ്ധതി.

 

ഓസ്ട്രേലിയയെ നടുക്കിയ വെടിവയ്പിൽ അക്രമികളിലൊരാളെ കീഴ്പ്പെടുത്തുന്നതെന്ന് അവകാശപ്പെടുന്ന ദൃശ്യങ്ങൾ പുറത്ത്. ഓസ്ട്രേലിയയിലെ ബോണ്ടി ബീച്ചിൽ ഞായറാഴ്ചയുണ്ടായ വെടിവയ്പിൽ 11 പേരാണ് കൊലപ്പെട്ടിട്ടുള്ളത്. അക്രമി 50 റൗണ്ടുകളിലേറെ വെടിയുതിർത്തതായാണ് പുറത്ത് വരുന്ന റിപ്പോർട്ട്. ഒരു മരത്തിന് പിന്നിൽ നിന്ന് ആളുകൾക്ക് നേരെ വെടിയുതിർക്കുന്ന ആക്രമിയെ പിന്നിൽ നിന്ന് വെള്ള ടീ ഷർട്ട് ധരിച്ചെത്തിയ യുവാവ് കീഴടക്കുന്ന ദൃശ്യങ്ങളാണ് ബോണ്ടി ആക്രമണത്തിന്റേതെന്ന പേരിൽ സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നത്.

 

ലയണല്‍ മെസ്സിയുടെ ഗോട്ട് ഇന്ത്യ ടൂറിന്റെ മുഖ്യ സംഘാടകനായ സതാദ്രു ദത്തയ്ക്ക് ജാമ്യം നിഷേധിച്ച് കോടതി. ദത്തയെ 14 ദിവസത്തേക്ക് ബിധാനഗർ കോടതി പോലീസ് കസ്റ്റഡിയില്‍ വിട്ടു. കഴിഞ്ഞ ദിവസം കൊല്‍ക്കത്തയില്‍ മെസ്സിയെ പങ്കെടുപ്പിച്ചുകൊണ്ടുള്ള പരിപാടിയുടെ മോശം നടത്തിപ്പുമായി ബന്ധപ്പെട്ടാണ് ദത്തയെ പോലീസ് അറസ്റ്റ് ചെയ്തത്.

 

ഇന്ത്യക്കെതിരായ ട്വന്റി-20 പരമ്പരയിലെ മൂന്നാം മത്സരത്തിൽ 118 റൺസ് വിജയലക്ഷ്യമുയർത്തി ദക്ഷിണാഫ്രിക്ക. 20 ഓവറിൽ 117 റൺസിന് ദക്ഷിണാഫ്രിക്ക പുറത്തായി. ഒരോ മത്സരംവീതം ജയിച്ച് ഇരുടീമുകളും 1-1ന് തുല്യനിലയിലാണ്. പരമ്പരയിൽ മുന്നിലെത്തുകയാണ് ടീമുകളുടെ ലക്ഷ്യം.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *