പിഎം ശ്രീ പദ്ധതിയിൽ ഒപ്പിട്ടതിൽ വീഴ്ചയുണ്ടായെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. മന്ത്രിസഭ പൂർണമായ അർത്ഥത്തിലും ഇടതുമുന്നണിയും ചർച്ച നടത്തിയിട്ടില്ലെന്നും അത് വീഴ്ചയാണെന്നും എംവി ഗോവിന്ദൻ പറഞ്ഞു. അതേസമയം വികസന ചരിത്രത്തിലെ പുതിയ അധ്യായമാണ് അതിദാരിദ്ര്യ മുക്ത പ്രഖ്യാപനമെന്നും അദ്ദേഹം പറഞ്ഞു. വർഷങ്ങൾ നീണ്ട പ്രയത്നം അതിന് പിന്നിലുണ്ടെന്നും എം വി ഗോവിന്ദൻ കൂട്ടിച്ചേർത്തു.
മുഖ്യമന്ത്രി പിണറായി വിജയനെതിരായ അധിക്ഷേപ പ്രസംഗത്തിൽ പി.എം.എ സലാമിനെതിരെ പൊലീസിൽ പരാതി. സി.പി.എം പ്രവർത്തകനായ വാഴക്കാട് സ്വദേശി മുഹമ്മദ് ജിഫ്രി തങ്ങളാണ് വഴക്കാട് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. അതിനിടെ മുഖ്യമന്ത്രിക്കെതിരായ പിഎംഎ സലാമിൻ്റെ വിവാദ പ്രസംഗം തള്ളി മുസ്ലിം ലീഗ് രംഗത്തെത്തി. രാഷ്ട്രീയ വിമർശനങ്ങൾ ആകാം, പക്ഷേ വ്യക്തി അധിക്ഷേപം പാടില്ലെന്നാണ് പാണക്കാട് സാദിഖലി തങ്ങളുടെ പ്രതികരണം.
മുഖ്യമന്ത്രി പിണറായി വിജയനെതിരെ മുസ്‌ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം നടത്തിയ പരാമർശം അങ്ങേയറ്റം ഹീനവും സാംസ്കാരിക കേരളത്തിന് അപമാനകരവുമാണെന്ന് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. എന്ത് വിഷയം ഉന്നയിക്കുമ്പോഴും മാന്യമായ ഭാഷ ഉപയോഗിക്കണമെന്ന സാമാന്യ ബോധം പോലും അദ്ദേഹത്തിന് നഷ്ടപ്പെട്ടിരിക്കുന്നുവെന്നും മന്ത്രി പറഞ്ഞു.
ശബരിമല തീർത്ഥാടകർ ഉപയോഗിക്കുന്ന വിവിധ റോഡുകളുടെ നവീകരണത്തിനായി 377.8 കോടി രൂപ അനുവദിച്ചതായി ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. 10 ജില്ലകളിലെ 82 റോഡുകൾക്കായാണ് തുക അനുവദിച്ചത്. തിരുവനന്തപുരം ജില്ലയിൽ 14 റോഡുകൾക്ക് 68.90 കോടി രൂപയും. കൊല്ലത്ത് 15 റോഡുകൾക്ക് 54. 20 കോടി, പത്തനംതിട്ടയിൽ ആറു റോഡുകൾക്ക് 40.20 കോടി, ആലപ്പുഴയിൽ ഒമ്പത് റോഡുകൾക്ക് 36 കോടി, കോട്ടയത്ത് എട്ട് റോഡുകൾക്ക് 35.20 കോടി എന്നിങ്ങനെ തുക അനുവദിച്ചു.
കേന്ദ്ര സർക്കാരിൻ്റെ പിഎം ശ്രീ പദ്ധതിയിൽ ഒപ്പുവെച്ചത് ചർച്ച ചെയ്യാതെയാണെന്ന സിപിഎമ്മിൻ്റെ തുറന്നുപറച്ചിലിൽ വിമർശനവുമായി ഷാഫി പറമ്പിൽ എംപി. പദ്ധതിയിൽ ഒപ്പുവെക്കുന്നതിന് മുമ്പ് മോദിയുമായും അമിത് ഷായുമായും പിണറായി ചർച്ച ചെയ്തിട്ടുണ്ടെന്ന് ഷാഫി പറമ്പിൽ ആരോപിച്ചു.
കേരളത്തെ അതിദാരിദ്ര്യ മുക്തമായി പ്രഖ്യാപിച്ചത് സംബന്ധിച്ച് വിമര്‍ശനം ഉന്നയിച്ച പ്രതിപക്ഷ നേതാവ് വി ഡി സതീശനോടും വിദഗ്ധരോടും 10 ചോദ്യങ്ങളുമായി മന്ത്രി എം ബി രാജേഷ്. നിയമസഭയിൽ ഇപ്പോഴുന്നയിക്കുന്ന വിമർശനങ്ങളൊന്നും പേരിനുപോലും ഇതിനുമുമ്പ് ഒരൊറ്റ സന്ദർഭത്തിലും ഉന്നയിക്കാതിരുന്നിട്ട് പ്രഖ്യാപനത്തിന്റെ തലേന്ന് ഉറക്കത്തിൽ നിന്ന് ഞെട്ടിയുണർന്നവരെപ്പോലെ “തട്ടിപ്പ്” എന്ന് വിളിച്ചുകൂവുന്നത് മര്യാദയാണോ എന്നാണ് എം ബി രാജേഷിന്‍റെ പ്രധാന ചോദ്യം.ഒഴിഞ്ഞു മാറില്ലെന്ന് വിശ്വസിക്കട്ടെയെന്നും എം ബി രാജേഷ് ഫേസ്ബുക്കിൽ കുറിച്ചു.
സംസ്ഥാന ആരോഗ്യ വകുപ്പ് നടപ്പിലാക്കുന്ന കാരുണ്യ സ്പര്‍ശം സീറോ പ്രോഫിറ്റ് ആന്റി കാന്‍സര്‍ ഡ്രഗ്‌സ് പദ്ധതിയുടെ ഭാഗമായി 58 കാരുണ്യസ്പര്‍ശം സീറോ പ്രോഫിറ്റ് കൗണ്ടറുകള്‍ കൂടി ആരംഭിച്ചു. പുതിയ കൗണ്ടറുകളുടെ പ്രഖ്യാപനം ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിച്ചു. കെ.എം.എസ്.സി.എല്‍. ആണ് പദ്ധതി നടപ്പിലാക്കുന്നത്. കരുണ്യ സ്പര്‍ശം കൗണ്ടറുകള്‍ മുഖേന കാന്‍സര്‍ രോഗികള്‍ക്ക് വിലകൂടിയ മരുന്നുകള്‍ ഏറ്റവും കുറഞ്ഞ നിരക്കില്‍ ലഭ്യമാക്കുകയാണ് ലക്ഷ്യമിടുന്നത്.
കേന്ദ്രാവിഷ്കൃത പദ്ധതിയായ സമഗ്ര ശിക്ഷാ കേരളയിലെ ഫണ്ട് ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് മന്ത്രി വി ശിവൻകുട്ടി. കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിയുമായുള്ള ചർച്ച പോസിറ്റീവായിരുന്നെന്നും മന്ത്രി പറഞ്ഞു. 10ന് തൊഴിൽ മന്ത്രിമാരുടെ യോഗമാണ്. അന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയെ ഒന്നു കൂടി കാണാൻ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരം കോര്‍പ്പറേഷൻ ഭരണം പിടിക്കാൻ ലക്ഷ്യമിട്ട് ആദ്യഘട്ട സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് കോണ്‍ഗ്രസ്. ആദ്യഘട്ടത്തിൽ മുൻ എംഎൽഎ കെഎസ് ശബരീനാഥൻ അടക്കം 48 പേരുടെ പട്ടികയാണ് പുറത്തിറക്കിയത്. തിരുവന്തപുരം കോര്‍പ്പറേഷൻ യുഡിഎഫ് പിടിക്കുമെന്ന് ആദ്യഘട്ട സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചുകൊണ്ട് കെ മുരളീധരൻ വ്യക്തമാക്കി. നാളെ മുതൽ പ്രചാരണ ജാഥകള്‍ ആരംഭിക്കുമെന്നും കെ മുരളീധരൻ പറഞ്ഞു.
കേരളത്തില്‍ നിന്ന് അതിദാരിദ്ര്യം ഇല്ലാതെയായി എന്ന് ഒരു ഏജന്‍സികളും സര്‍ട്ടിഫൈ ചെയ്തിട്ടില്ലെന്ന് കോണ്‍ഗ്രസ്സ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല. സസ്‌റ്റെയിനബിള്‍ ഡവലപ്‌മെന്റ് ഗോള്‍സ് (SDG) എന്ന പേരില്‍ ഐക്യരാഷ്ട്ര സഭ മുന്നോട്ടു വെയ്ക്കുന്ന 17 ഇന പരിപാടികളില്‍ ഒന്നാണ് ദാരിദ്ര്യ/അതിദാരിദ്ര്യ നിര്‍മാര്‍ജനം. ഐക്യരാഷ്ട്രസഭയ്ക്കു കീഴിലുള്ള ഏതാണ്ട് മുപ്പത്തിയെട്ടോളം ഏജന്‍സികള്‍ ഇതിനായി അഹോരാത്രം പണിയെടുക്കുന്നുണ്ട്. ഈ സംഘടനകളുടെ ഒന്നും അംഗീകാരം കേരളസര്‍ക്കാരിന്റെ ഈ പ്രഖ്യാപനത്തിന് ഇല്ലെന്നും അദ്ദേഹം പറഞ്ഞു.
കേരള വാട്ടർ അതോറിറ്റി നഷ്ടത്തിൽ നിന്നും നഷ്ടത്തിലേക്കെന്ന് റിപ്പോർട്ട്. 2024-25 വർഷത്തെ ആകെ നഷ്ടം 317.63 കോടിയും സ്ഥാപനത്തിന്‍റെ മൊത്തം നഷ്ടം 7156.76 കോടിയുമാണ്. വാട്ടർ അതോറിറ്റിയുടെ 2024-25 സാമ്പത്തിക വർഷത്തെ പ്രൊവിഷണൽ കണക്കുകൾ പ്രകാരം നിലവിൽ വകുപ്പ് നഷ്ടത്തിലാണ് പ്രവർത്തിക്കുന്നതെന്നും മന്ത്രി റോഷി അഗസ്റ്റിൻ അറിയിച്ചു. ‘
മുസ്ലീം ലീഗിനെതിരേയും മന്ത്രി ഗണേഷ് കുമാറിനെതിരേയും രൂക്ഷ വിമർശനവുമായി എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. മുസ്ലീം ലീഗ് വര്‍ഗീയ പാര്‍ട്ടിയാണെന്നും വര്‍ണ കടലാസില്‍ പൊതിഞ്ഞ പൊട്ടാസ്യം സയനൈഡ് ആണെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. കൂടാതെ ഗണേഷ് കുമാർ തറ മന്ത്രിയാണെന്നായിരുന്നു വെള്ളാപ്പള്ളിയുടെ ആക്ഷേപം. കൊല്ലം പുനലൂരിൽ എസ്എൻഡിപി നേതൃസംഗമത്തിൽ സംസാരിക്കുകയായിരുന്നു വെള്ളാപ്പള്ളി.
ഔട്ട്ലെറ്റുകളിൽ നിന്ന് ലഭിക്കുന്ന സബ്സിഡി വിലയിൽ തന്നെ ഉത്പ്പന്നങ്ങൾ സഞ്ചരിക്കുന്ന സൂപ്പർസ്റ്റോറുകൾ വഴിയും ലഭിക്കുമെന്ന് ഭക്ഷ്യപൊതു വിതരണ വകുപ്പ് മന്ത്രി ജി ആർ അനിൽ. സപ്ലൈകോ മൊബൈൽ സൂപ്പർ മാർക്കറ്റിന്‍റെ സംസ്ഥാനതല ഉദ്ഘാടനം കല്ലയം ജംഗ്ഷനിൽ നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആളിയാർ ഡാമിന് താഴെ വൈദ്യുതി ഉത്പാദനത്തിനായി മറ്റൊരു തടയണ കെട്ടാനുളള തമിഴ്നാടിന്‍റെ നീക്കത്തിൽ ആശങ്ക അറിയിച്ച് കേരളം. പദ്ധതി നടപ്പായാൽ ചിറ്റൂർ മേഖലയിലെ കൃഷിയും 150 ഓളം ശുദ്ധജല പദ്ധതികളും അവതാളത്തിലാകും. പദ്ധതി നടപ്പായാൽ ചിറ്റൂർ പുഴയിലേക്കുളള സ്വാഭാവിക നീരൊഴുക്ക് പോലും തടസപ്പെടുമെന്നാണ് ആശങ്ക. പദ്ധതിയുമായി തമിഴ്നാട് മുന്നോട്ട് പോയാൽ കർഷകരുടെ സഹായത്തോടെ കോടതിയെ സമീപിക്കാൻ ശ്രമിക്കുമെന്ന് മന്ത്രി കെ കൃഷ്ണൻ കുട്ടി പറഞ്ഞു.
പത്രപ്രവർത്തകർക്കുള്ള പെൻഷൻ 11,000 രൂപയിൽ നിന്നു 20,000 രൂപയാക്കണമെന്നു കേരള പത്രപ്രവർത്തക യൂണിയൻ തിരുവനന്തപുരം ജില്ലാ ജനറൽ ബോഡി യോഗം സർക്കാരിനോട് ആവശ്യപ്പെട്ടു. വിഡിയോ എഡിറ്റർമാരെ കൂടി പെൻഷൻ പദ്ധതിയിൽ ഉൾപ്പെടുത്തണമെന്ന ആവശ്യവും മറ്റൊരു പ്രമേയത്തിലൂടെ ഉന്നയിച്ചു. സെക്രട്ടേറിയറ്റിൽ മാധ്യമപ്രവർത്തകർക്കുള്ള പ്രവേശന നിയന്ത്രണം പിൻവലിക്കണമെന്നും ആവശ്യപ്പെട്ടു.
വക്കീൽ ഫീസ് നൽകുന്നില്ലെന്ന് കാട്ടി രാജു നാരായണസ്വാമിക്കെതിരെ വക്കീൽ നോട്ടീസ്. സുപ്രീംകോടതി അഭിഭാഷകൻ KR സുഭാഷ് ചന്ദ്രൻ ആണ് രാജുനാരായണസ്വാമിക്കെതിരെ വക്കീൽ നോട്ടീസ് അയച്ചത്. സുപ്രീം കോടതിയിലെ കേസ് നടത്തിപ്പിന് രാജു നാരായണസ്വാമി 3,85,000 രൂപ ഫീസ് നല്‍കാനുണ്ടെന്നാണ് അഭിഭാഷകൻ കെ.ആര്‍. സുഭാഷ് ചന്ദ്രന്‍ വക്കീല്‍ നോട്ടീസില്‍ ആരോപിച്ചിരിക്കുന്നത്.
തന്നെ രാഷ്ട്രീയമായി ഇല്ലാതാക്കാൻ ശ്രമം നടന്നുവെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ഇ പി ജയരാജൻ. ഡി സി ബുക്സിന്റെ പേരിൽ പ്രചരിച്ച ആത്മകഥ പാലക്കാട് ഉപതെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് നടന്ന രാഷ്ട്രീയ ഗൂഡലോചനയെന്നും ഇ പി പറഞ്ഞു. ഇ പി ജയരാജന്റെ ആത്മകഥ ഇതാണെന്റെ ജീവിതം നാളെ മുഖ്യമന്ത്രി കണ്ണൂരിൽ പ്രകാശനം ചെയ്യും.
കൊടുവള്ളി നഗരസഭയില്‍ വോട്ടർ പട്ടികയിലെ ക്രമക്കേട് സ്ഥിരീകരിച്ച് നഗരസഭ അസിസ്റ്റന്‍റ് സെക്രട്ടറി നല്‍കിയ കത്ത് പുറത്ത് വന്നു. വോട്ട് തള്ളിയതിന്‍റെയും വോട്ട് മാറ്റിയതിന്‍റെയും രേഖകൾ കാണാനില്ലെന്നും യാതൊരു നടപടിക്രമവും പാലിക്കാതെയാണ് വോട്ടർ പട്ടിക തയ്യാറാക്കിയതെന്നും അസിസ്റ്റന്‍റ് സെക്രട്ടറി നഗരസഭ ചെയര്‍മാന് നല്‍കിയ മറുപടിയില്‍ പറയുന്നു. അതേസമയം, വിവാദമുയര്‍ന്ന ശേഷം ഓഫീസില്‍ എത്താത്ത നഗരസഭ സെക്രട്ടറി വിഎസ് മനോജിനെതിരെ നടപടിയെടുക്കണമെന്ന് യുഡിഎഫ് ആവശ്യപ്പെട്ടു.
കൊല്ലം നഗരപരിധിയിലെ സ്കൂളുകൾക്ക് നാളെ ഉച്ചയ്ക്കുശേഷം അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ. ഉപരാഷ്ട്രപതിയുടെ സന്ദർശനത്തെ തുടർന്നുള്ള ഗതാഗത നിയന്ത്രണങ്ങളുടെ ഭാഗമായാണ് അവധി പ്രഖ്യാപിച്ചത്. നഗര പരിധിയിലെ 26 സ്കൂളുകൾക്കാണ് കൊല്ലം ജില്ലാ കളക്ടർ അവധി നൽകിയത്.
കണ്ണൂര്‍ പയ്യാമ്പലത്ത് കടലില്‍ കുളിക്കാനിറങ്ങിയ 3 വിദ്യാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം. കര്‍ണാടക സ്വദേശികളായ 3 പേരാണ് മരിച്ചത്. അഫ്നന്‍, റഹാനുദ്ദീൻ, അഫ്രാസ് എന്നിവരാണ് മരിച്ചത്. ബെംഗളൂരുവില്‍ നിന്നുള്ള മെഡിക്കല്‍ വിദ്യാര്‍ത്ഥികളാണ് മൂവരും.
മലപ്പുറം നിലമ്പൂര്‍ വഴിക്കടവ് മരുത വനത്തിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ മുൻകരുതലുമായി വനംവകുപ്പ്. കാട്ടുപന്നികളുടെ ജഡം കണ്ടെത്തിയാൽ, ശാസ്ത്രീയമായി മാത്രം സംസ്കരിക്കാൻ ജീവനക്കാര്‍ക്ക് പരിശീലനം തുടങ്ങി. പ്രദേശത്തെ പന്നി ഫാമുകളിൽ നിരീക്ഷണം ശക്തമാക്കാൻ വനംവകുപ്പ് മൃഗ സംരക്ഷണ വകുപ്പിനോടും നിര്‍ദേശിച്ചു.
ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണൻ നവംബർ 3, 4 തീയതികളിൽ കേരളത്തിൽ സന്ദർശനം നടത്തും. ചുമതലയേറ്റ ശേഷം ഉപരാഷ്ട്രപതി നടത്തുന്ന ആദ്യ കേരള സന്ദർശനമാണിത്. സന്ദർശനത്തിൻ്റെ ഭാഗമായി, 3 ന് കൊല്ലത്തുള്ള ഫാത്തിമ മാതാ നാഷണൽ കോളേജിൻ്റെ വജ്രജൂബിലി ആഘോഷങ്ങളിൽ മുഖ്യാതിഥിയായി ഉപരാഷ്ട്രപതി പങ്കെടുക്കും.
രാജ്യത്തെ തീവ്ര വോട്ടര്‍ പട്ടിക പരിഷ്കരണത്തിനെതിരെ തമിഴ്നാട് സുപ്രീം കോടതിയിലേക്ക്. എസ്ഐആര്‍ നിര്‍ത്തിവെക്കണമെന്നാവശ്യപ്പെട്ട് തമിഴ്നാട് ഹര്‍ജി നൽകും. ഇതുമായി ബന്ധപ്പെട്ട സര്‍വകക്ഷി യോഗത്തിലാണ് സുപ്രീം കോടതിയെ സമീപിക്കാൻ തീരുമാനിച്ചത്. 2026ലെ തെരഞ്ഞെടുപ്പിനുശേഷം എസ്ഐആര്‍ നടത്താമെന്നാണ് തമിഴ്നാട് വ്യക്തമാക്കുന്നത്. യോഗത്തിൽ എസ്ഐആറിനെതിരായ പ്രമേയം പാസാക്കി.
ബീഹാറിൽ മറ്റന്നാൾ ആദ്യഘട്ട പ്രചാരണം അവസാനിക്കാനിരിക്കെ ജെഡിയു സ്ഥാനാർത്ഥി അറസ്റ്റിലായത് ആയുധമാക്കി ഇന്ത്യ സഖ്യം. ജൻസുരാജ് പ്രവർത്തകന്റെ കൊലപാതകത്തിൽ ഇന്നലെ രാത്രി വീട്ടിൽ കയറിയാണ് ജെഡിയു സ്ഥാനാർത്ഥി ആനന്ദ് സിംഗിനെ അറസ്റ്റ് ചെയ്തത്. ജൻസുരാജ് പ്രവർത്തകൻ ദുലർചന്ദ് യാദവ് സംഘർഷത്തിനിടെ കൊല്ലപ്പെട്ടതിൽ ആനന്ദ് സിംഗിന് നേരിട്ട് പങ്കുണ്ടെന്നാണ് ആരോപണം.
ആന്ധ്രാ പ്രദേശ് മദ്യ അഴിമതി കേസിൽ മുൻമന്ത്രിയെ അറസ്റ്റ് ചെയ്ത് പ്രത്യേക അന്വേഷണ സംഘം. വൈഎസ്ആർസിപി നേതാവ് കൂടിയായ ജോഗി രമേഷിനെയാണ് എസ്ഐടി അറസ്റ്റ് ചെയ്തത്. മദ്യ കുംഭകോണം നടത്തിയത് ജോഗിയുടെ നിർദ്ദേശപ്രകാരമാണെന്നും മൂന്നു കോടി രൂപ തനിക്ക് വാഗ്ദാനം ചെയ്തു എന്നും കേസിൽ അറസ്റ്റിലായ മുഖ്യപ്രതി ജനാർദ്ദൻ റാവു മൊഴി നൽകിയിരുന്നു.
പശ്ചിമ ബംഗാളിലെ പൂർവ ബർദ്വാൻ ജില്ലയിലെ സ്വകാര്യ റെസിഡൻഷ്യൽ മദ്രസയിലെ ഏകദേശം നൂറോളം വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിഷ ബാധ. ശനിയാഴ്ച രാവിലെയോടെയാണ് അസുഖം ആദ്യമായി റിപ്പോർട്ട് ചെയ്തത്. രാത്രിയോടെ കൂടുതൽ ചികിത്സയ്ക്കായി അവരെ ബർദ്വാൻ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
ലാറ്റിനമേരിക്കൻ രാജ്യമായ മെക്‌സിക്കോയിൽ സൂപ്പർ മാർക്കറ്റിലുണ്ടായ സ്ഫോടനത്തിൽ 23 പേർ കൊല്ലപ്പെട്ടു. 12ലേറെ പേർക്ക് പരിക്കേറ്റു. സ്ഫോടനത്തിന് പിന്നാലെയുണ്ടായ തീപിടിത്തത്തിലാണ് ആളുകൾ മരിച്ചതെന്നും സ്ഫോടനമുണ്ടാകാനുള്ള കാരണത്തെക്കുറിച്ച് വ്യക്തമല്ലെന്നും അധികൃതർ അറിയിച്ചു.രാജ്യത്തെ പ്രധാന ഉത്സവങ്ങളിലൊന്നായ ഡേ ഓഫ് ദ ഡെഡുമായി ബന്ധപ്പെട്ട ആഘോഷങ്ങൾക്കുള്ള ഒരുക്കത്തിനിടെയാണ് ദുരന്തം.
സിഖ് കൂട്ടക്കൊല നടന്നത് കോൺഗ്രസിന്റെ കാലത്താണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബിഹാറിലെ റാലിയിൽ പ്രസംഗിക്കവേ ആയിരുന്നു പ്രധാനമന്ത്രിയുടെ പരാമർശം. പ്രതിപക്ഷ യാത്ര നുഴഞ്ഞുകയറ്റക്കാർക്ക് വേണ്ടിയാണെന്ന് പറഞ്ഞ മോദി ഛത് പൂജയെ ആർജെഡി അപമാനിച്ചുവെന്നും കുറ്റപ്പെടുത്തി. ബിഹാറിന്റെ വികസനത്തിന് വേണ്ടിയാകണം വോട്ടെന്നും മോദി പറഞ്ഞു.
രാജ്യത്ത് വൃത്തിയില്ലാത്ത നഗരങ്ങളുടെ പട്ടികയിൽ ആദ്യ പത്തിൽ ഇടം നേടി മധുരൈ, ബെംഗളൂരു, ചെന്നൈ തുടങ്ങിയ നഗരങ്ങൾ. ഇപ്പോൾ പുറത്തിറങ്ങിയ സ്വച്ഛ സർവേക്ഷൻ 2025 റിപ്പോർട്ടിലാണ് ഇന്ത്യയിലെ നഗരങ്ങളുടെ പേരുകൾ റാങ്ക് അടിസ്ഥാനത്തിൽ പുറത്തു വന്നിരിക്കുന്നത്. മാലിന്യ സംസ്കാരണം, പൊതു ശുചിത്വം തുടങ്ങിയ സൂചികകളെ അടിസ്ഥാനമാക്കിയാണ് പട്ടിക തയ്യാറാക്കിയിരിക്കുന്നത്.
മുൻകൂർ അനുമതിയില്ലാതെ പുതുക്കോട്ടയിൽ സ്‌കൂട്ടർ റാലി നടത്തിയതിന് വിജയുടെ രാഷ്ട്രീയ പാർട്ടിയായ തമിഴക വെട്രി കഴകം വീണ്ടും വിവാദത്തിൽ. 40 ടി.വി.കെ പ്രവർത്തകർക്കെതിരെ പോലീസ് കേസെടുത്തു. വഴിയോര കച്ചവടക്കാർക്ക് കുടകൾ വിതരണം ചെയ്യുന്ന പരിപാടിക്ക് മുന്നോടിയായാണ് പ്രവർത്തകർ റാലി സംഘടിപ്പിച്ചത്. സംഭവവുമായി ബന്ധപ്പെട്ട്, ജില്ലാ സെക്രട്ടറി ഉൾപ്പെടെയുള്ള ടി.വി.കെ. പ്രവർത്തകർക്കെതിരെയാണ് പോലീസ് നടപടി സ്വീകരിച്ചിരിക്കുന്നത്.
കരൂർ ദുരന്തത്തിൽ വിജയ് മാത്രമല്ല ഉത്തരവാദിയെന്നും സമൂഹത്തിനും ഉത്തരവാദിത്തമുണ്ടെന്നുമുള്ള നടൻ അജിത്തിന്റെ പ്രസ്താവനയോട് പ്രതികരിച്ച് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ. കൂടുതൽ ഉത്തരവാദിത്തം ആർക്കെന്ന് ചിന്തിക്കണമെന്നും നിങ്ങൾ വിജയുടെ പ്രതികരണമെടുക്കൂവെന്നുമായിരുന്നു ഇതുമായി ബന്ധപ്പെട്ട മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് ഉദയനിധി സ്റ്റാലിൻ പ്രതികരിച്ചത്.
തന്തയില്ലാത്തവൻ എന്ന പ്രയോഗം ജാതി അധിക്ഷേപമല്ലെന്ന നിര്‍ണായക ഉത്തരവുമായി സുപ്രീംകോടതി. ദളിത് വിഭാഗത്തിൽ പെട്ട വ്യക്തിയെ തന്തയില്ലാത്തവൻ എന്ന് വിളിച്ചതിന് SC/ST വകുപ്പ് ചുമത്തി പൊലീസ് കേസ് എടുത്തിരുന്നു. ഈ വകുപ്പ് ചുമത്തിയത് ആശ്ചര്യജനകമെന്നും കോടതി ഉത്തരവില്‍ പറയുന്നു.തൃശൂരിൽ നിന്നുള്ള വധശ്രമക്കേസിലാണ് സുപ്രീംകോടതിയുടെ സുപ്രധാനനിർദ്ദേശം.
ഇസ്ലാമോഫോബിയയുടെ നിർവചനം സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ബ്രിട്ടനിലെ എംപിമാർ. നാൽപതോളം ലേബർ, സ്വതന്ത്ര എംപിമാരാണ് ഇസ്ലാമോഫോബിയയുടെ നിർവചനം സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാരിന് കത്ത് നൽകിയത്. മുസ്ലിംകൾക്കെതിരായ ആക്രമണത്തിൽ വലിയ രീതിയിലെ വർദ്ധനവുണ്ടെന്നത് വ്യക്തമാക്കിയാണ് ബ്രിട്ടീഷ് എംപിമാരുടെ കത്ത്.
ബിഹാറിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മത്സ്യത്തൊഴിലാളികൾക്കൊപ്പം മീൻ പിടിക്കാനിറങ്ങി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ബെഗുസരായ്‌യിലെ ഒരു കുളത്തിലാണ് രാഹുൽ അപ്രതീക്ഷിതമായി മീൻ പിടിത്തത്തിന് ഇറങ്ങിയത്. ഇന്ത്യാ സഖ്യത്തിലെ ഘടകകക്ഷിയായ വികാസ്ശീല്‍ ഇന്‍സാന്‍ പാര്‍ട്ടിയുടെ നേതാവും മുന്‍ മന്ത്രിയുമായ മുകേഷ് സാഹ്നിക്കൊപ്പം പ്രചാരണ പരിപാടിക്കിടെയായിരുന്നു അപ്രതീക്ഷ സംഭവം.
റഷ്യ തങ്ങളുടെ ഏറ്റവും പുതിയ ആണവ അന്തർവാഹിനിയായ ‘ഖബറോവ്സ്ക്’ (Khabarovsk) പുറത്തിറക്കി. തീരദേശ രാജ്യങ്ങളെ പൂർണ്ണമായും തുടച്ചുനീക്കാൻ ശേഷിയുള്ളതും ‘ഡൂംസ്‌ഡേ മിസൈൽ’ എന്നറിയപ്പെടുന്നതുമായ ‘പോസിഡോൺ’ ആണവ ഡ്രോൺ വഹിക്കാനുള്ള ശേഷി ഈ അന്തർവാഹിനിക്കുണ്ട്. റഷ്യൻ പ്രതിരോധ മന്ത്രി ആന്ദ്രേ ബെലൂസോവ് സെവറോഡ്വിൻസ്കിലെ സെവ്മാഷ് കപ്പൽശാലയിൽ നടന്ന ചടങ്ങിലാണ് ‘ഖബറോവ്സ്ക്’ പുറത്തിറക്കിയത്.
ലൈംഗിക കുറ്റവാളിയായ ജെഫ്രി എപ്സ്റ്റൈനുമായുളള ബന്ധം വിവാദമായതോടെ ആന്‍ഡ്രൂ രാജകുമാരന്റെ നാവിക സേനയിലെ സ്ഥാനവും നഷ്ടമാകും. വൻ വിവാദങ്ങൾക്ക് അവസാനം കണ്ടെത്താനുള്ള ചാൾസ് രാജാവിന്റെ കടുത്ത നടപടിയിൽ നേരത്തെ ബ്രിട്ടീഷ രാജകുടുംബത്തിലെ പദവികൾ ആന്‍ഡ്രൂ രാജകുമാരന് നഷ്ടമായിരുന്നു.
നൈജീരിയയിൽ ക്രിസ്ത്യാനികൾക്കെതിരായ അതിക്രമങ്ങൾ തടയാൻ സൈനിക നീക്കം തുടങ്ങുമെന്ന പ്രഖ്യാപനവുമായി അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. സൈനിക നീക്കത്തിന് തയ്യാറെടുക്കാൻ പ്രതിരോധ വകുപ്പിന് നിർദ്ദേശം നൽകിയെന്നാണ് യു എസ് പ്രസിഡന്റ് വ്യക്തമാക്കിയത്. ക്രിസ്ത്യൻ സമൂഹത്തെ സംരക്ഷിക്കുമെന്ന് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പെന്റഗണിനോടുള്ള ഈ ഉത്തരവ് എന്നത് ശ്രദ്ധേയമാണ്.
തെക്കന്‍ ഗാസയില്‍ ഹമാസുകാരെന്ന് സംശയിക്കുന്നവര്‍ ഒരു സഹായ ട്രക്ക് കൊള്ളയടിക്കുന്നതിന്റെ ഡ്രോണ്‍ ദൃശ്യങ്ങള്‍ യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് (സെന്റ്‌കോം) പുറത്തുവിട്ടു. ഒക്ടോബര്‍ 31-ന് വടക്കന്‍ ഖാന്‍ യൂനിസിന് സമീപമാണ് ഈ സംഭവം നടന്നത്.
