കെ.എസ്.ആർ.ടി.സി.യിൽ നൂതനമായ തൊഴിൽ ദാന പദ്ധതിയുമായി ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ. ഒരു ലക്ഷം രൂപയുടെ പരസ്യം കെഎസ്ആർടിസിക്ക് നേടി നൽകുന്ന ഏതൊരാൾക്കും അതിൻ്റെ 15 ശതമാനം കമ്മീഷനായി സ്വന്തം അക്കൗണ്ടിലേക്ക് ലഭിക്കും. അതേസമയം പരസ്യ കമ്പനികൾ കാരണം കോടികളുടെ നഷ്ടമാണ് കെ.എസ്.ആർ.ടി.സിക്ക് ഉണ്ടാകുന്നതെന്നും കഴിഞ്ഞ 6-7 വർഷങ്ങൾക്കുള്ളിൽ 65 കോടി രൂപയെങ്കിലും ഈ വകയിൽ കോർപ്പറേഷന് നഷ്ടമുണ്ടായിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാന സർക്കാർ ജിഎസ്ടി ഇൻ്റലിജൻസ് ഉദ്യോഗസ്ഥർക്ക് പരിശീലനം നൽകാനായി 61 ലക്ഷത്തിലധികം രൂപ ചെലവഴിച്ചതിൻ്റെ കണക്കുകൾ പുറത്ത് വന്നു. പരിശീലനത്തിനായി അനുവദിച്ച തുകയുടെ 92 ശതമാനത്തോളം ചെലവാക്കിയത് ഉദ്യോഗസ്ഥരുടെ താമസത്തിനും അനുബന്ധ കാര്യങ്ങൾക്കുമായാണ്. സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്ത്, പരിശീലനങ്ങൾ സർക്കാർ സ്ഥാപനങ്ങളിൽ മാത്രമേ നടത്താവൂ എന്ന് ധനവകുപ്പ് ഉത്തരവിറക്കിയിരുന്നു.
ഷാഫി പറമ്പിൽ എംപിക്കെതിരായ പൊലീസ് മർദനത്തിൽ പൊലീസിൽ ചിലർ മനഃപൂർവം പ്രശ്നം ഉണ്ടാക്കാൻ ശ്രമിച്ചെന്ന് കോഴിക്കോട് റൂറൽ എസ്പി കെ ഇ ബൈജു. ഷാഫി പറമ്പിലിനെ പുറകിൽ നിന്ന് ലാത്തി കൊണ്ട് അടിക്കുകയായിരുന്നെന്നും അത് ആരാണെന്ന് കണ്ടെത്താൻ അന്വേഷണം നടത്തുകയാണെന്നും അദ്ദേഹം പറഞ്ഞു. പേരാമ്പ്രയിൽ ലാത്തി ചാർജ് നടന്നിട്ടില്ലെന്നും എസ്പി പറഞ്ഞു.
ഷാഫി പറമ്പിൽ എംപിക്കെതിരായ പൊലീസ് നടപടിയില്‍ മൂന്ന് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ഡിജിപിക്ക് പരാതി. രണ്ട് ഡിവൈഎസ്പിമാര്‍ക്കും ഷാഫിയെ ലാത്തി കൊണ്ടടിച്ച പൊലീസ് ഉദ്യോഗസ്ഥനുമെതിരെയാണ് കോഴിക്കോട് കോണ്‍ഗ്രസ് നേതൃത്വം പരാതി നല്‍കിയത്. നടപടിയുണ്ടായില്ലെങ്കില്‍ റൂറല്‍ എസ് പിയുടെ ഔദ്യോഗിക വസതിയടക്കം ഉപരോധിച്ചുകൊണ്ട് പ്രതിഷേധം കടുപ്പിക്കുമെന്ന് നേതൃത്വം അറിയിച്ചു.
ഷാഫി പറമ്പിൽ എം പിക്ക് പൊലീസ് മർദ്ദനമേറ്റ സംഭവത്തില്‍, സമരങ്ങൾക്കിടയിൽ പരിക്കുകൾ ഏൽക്കുമെന്നും അത് പുതിയ സംഭവമല്ലെന്നും ലോകത്ത് ആദ്യമായി നടക്കുന്ന കാര്യവുമല്ല എന്ന പ്രതികരണവുമായി മന്ത്രി വി ശിവന്‍കുട്ടി. സമരം ചെയ്യുന്നവർ ഒരു കാര്യം കൂടി ചെയ്യട്ടെ ഒരു കുട്ട പൂവ് പോലീസുകാർക്ക് നൽകട്ടെയെന്നും കോൺഗ്രസ് സമരം ചെയ്യുമ്പോൾ പൂവിട്ട് പൂജിച്ചു കൊള്ളണം എന്ന് പറയുന്നത് ശരിയല്ല പ്രതിപക്ഷ നേതാവിന്റെ വെല്ലുവിളി കേരളത്തിൽ വിലപ്പോവില്ല എന്നും മന്ത്രി പറഞ്ഞു.
കോഴിക്കോട് പേരാമ്പ്രയിൽ ഷാഫി പറമ്പിലിന് പരിക്കേല്‍ക്കാനിടയായ സംഭവത്തിൽ പുതിയ ആരോപണവുമായി സിപിഎം. യുഡിഎഫ് പ്രവര്‍ത്തകര്‍ പൊലീസിനിടയിലേക്ക് സ്ഫോടക വസ്തു എറിഞ്ഞെന്ന് കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ് അംഗം എസ് കെ സജീഷ് ആരോപിച്ചു. ആദ്യം പൊട്ടിയത് കണ്ണീർ വാതകമല്ലെന്നും യുഡിഎഫ് പ്രവർത്തകർ എറിഞ്ഞ സ്ഫോടക വസ്തുവാണെന്നും സജീഷ് പറഞ്ഞു.
കെഎസ്ആർടിസിയിൽ കാൻസർ രോഗികൾക്കായുള്ള സൗജന്യ യാത്രാ പാസിൽ ഒരിടത്തും കാൻസർ എന്ന വാക്ക് ഉപയോഗിക്കില്ലെന്ന് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ. ഹാപ്പി ലോംഗ് ലൈഫ് എന്നായിരിക്കും ഈ യാത്രാ കാർഡിന്റെ പേര്. കെഎസ്ആർടിസി ജീവനക്കാർ അവരവരുടെ ഡ്യൂട്ടി കഴിഞ്ഞ് വീട്ടിൽ പോകുന്ന വഴി ഈ കാർഡുകൾ അർഹരായവർക്ക് വീടുകളിൽ എത്തി നേരിട്ട് നൽകുന്നതാണെന്നും മന്ത്രി അറിയിച്ചു.
ഉദ്ഘാടനപരിപാടിക്കിടെ ഹോൺ മുഴക്കി അമിത വേഗത്തിലെത്തിയ ബസുകൾക്കെതിരെ ഗതാഗത മന്ത്രി നടപടി സ്വീകരിച്ച സംഭവത്തില്‍ വിശദീകരണവുമായി ബസ് ഡ്രൈവർ. സ്റ്റാൻഡിൽ പരിപാടി നടക്കുന്നത് അറിയില്ലായിരുന്നെന്നും ഹോൺ സ്റ്റക്കായിപ്പോയതാണെന്നുമാണ് ബസ് ഡ്രൈവർ അജയൻ പറയുന്നത്. ഹോൺ സ്റ്റക്കായിപ്പോയത് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരും കണ്ടതാണ്. മന്ത്രിയോട് മാപ്പ് പറയാൻ ചെന്നപ്പോൾ അടുപ്പിച്ചില്ലെന്നും അജയൻ പറയുന്നു.
തദ്ദേശ സ്വയംഭരണ വകുപ്പിന്റെ എൻഫോഴ്സ്മെന്റ് സ്ക്വാഡുകൾ സംസ്ഥാനവ്യാപകമായി മിന്നൽ പരിശോധനകൾ നടത്തി. സംസ്ഥാനത്തെ മുഴുവൻ ജില്ലകളിലുമായി 845 സ്ക്വാഡുകൾ പങ്കെടുത്ത പരിശോധനകളിൽ 2455 ചട്ടലംഘനങ്ങൾ കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തിൽ 1.17 കോടി രൂപ പിഴ ചുമത്തി. തിരുവനന്തപുരം ജില്ലയിലാണ് ഏറ്റവും കൂടുതൽ ചട്ടലംഘനങ്ങൾ കണ്ടെത്തിയത്. തൃശൂർ ജില്ലയിലാണ് ഏറ്റവും കൂടുതൽ പിഴ ചുമത്തിയത്.
ശബരിമലയുമായി ബന്ധപ്പെട്ട ദുരൂഹതകള്‍ക്ക് അവസാനം വേണമെന്നും ദേവസ്വം ബോര്‍ഡിന്റെ 1998 മുതലുള്ള എല്ലാ തീരുമാനങ്ങളും അന്വേഷിക്കട്ടെയെന്നും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി എസ് പ്രശാന്ത്. ബോര്‍ഡുമായി ബന്ധപ്പെട്ട് നടപടി അവതാരങ്ങളുണ്ടായിട്ടുണ്ടെന്ന് വിമര്‍ശിച്ച പ്രശാന്ത്, പ്രതി പട്ടികയിലുള്ള ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നും അറിയിച്ചു.
ശബരിമല സ്വര്‍ണ കൊള്ള കേസുമായി ബന്ധപ്പെട്ടുള്ള അന്വേഷണവുമായി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും. അന്വേഷണത്തിന്റെ ഭാഗമായി ഇഡി പ്രാഥമിക വിവര ശേഖരണം തുടങ്ങി. അതേസമയം, ശബരിമലയിലെ സ്വർണാപഹരണം സംബന്ധിച്ച് പ്രത്യേക അന്വേഷണസംഘം രജിസ്റ്റര്‍ ചെയ്ത രണ്ടാം കേസിലെ എഫ് ഐആറിൽ 2019 ലെ ദേവസ്വം ബോര്‍ഡ് അംഗങ്ങളെ എട്ടാം പ്രതിയായി ചേർത്തു. ആരുടെയും പേര് എഫ്ഐആറിലില്ല. എ പത്മകുമാർ പ്രസിഡന്റാായ ഭരണസമിതിയാണ് 2019ൽ ചുമതലയിലുണ്ടായിരുന്നത്.
ശബരിമലയിൽ ഏറ്റവും കൂടുതൽ കൊള്ള നടന്നത് ഉമ്മൻ ചാണ്ടിയുടെ കാലത്തെന്ന് മന്ത്രി സജി ചെയാൻ. ശബരിമല വിഷയത്തിൽ ഇന്ന് യുഡിഎഫിന് നൊമ്പരവും കണ്ണുനീരുമാണെന്നും ശബരിമല പ്രതിഷേധങ്ങൾ എന്തിനെന്നു പോലും പ്രതിപക്ഷത്തിനറിയില്ല ശബരിമലയിലേക്കുള്ള റോഡുകൾ നശിച്ചത് യുഡിഎഫ് കാലത്താണ് മികച്ച കുണ്ടും കുഴിയും അന്ന് കാണാമായിരുന്നു റോഡിലൂടെ പോകുന്നവൻ തിരിച്ച് നട്ടെല്ലില്ലാതെ വരുന്ന കാലമായിരുന്നുവെന്നും അദ്ദേഹം പരിഹസിച്ചു.
ശബരിമലയിലെ സ്വര്‍ണ കൊള്ളയുമായി ബന്ധപ്പെട്ട് താൻ ഉള്‍പ്പെട്ട അന്നത്തെ ദേവസ്വം ബോര്‍ഡിനെ പ്രതി പട്ടികയിൽ ഉള്‍പ്പെടുത്തിയതിനെക്കുറിച്ച് അറിയില്ലെന്നും ഏത് അന്വേഷണത്തെയും നിയമപരമായി നേരിടുമെന്നും അന്നത്തെ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാര്‍. വ്യവസ്ഥാപിതമല്ലാത്ത ഒരു കാര്യവും തന്റെ കാലത്ത് ശബരിമലയിൽ ചെയ്തിട്ടില്ലെന്നും ആക്രമിച്ച് ദുര്‍ബലപ്പെടുത്താമെന്ന് കരുതേണ്ടെന്നും എ പത്മകുമാര്‍ പറഞ്ഞു.
ഓപ്പറേഷൻ നുംഖോറിൽ പിടിച്ചെടുത്ത വാഹനം വിട്ടുകിട്ടാനായി ദുൽഖർ സൽമാൻ ഉടൻ കസ്റ്റംസിന് അപേക്ഷ നൽകും. വാഹനം വിട്ടുകിട്ടണം എന്നാവശ്യപ്പെട്ട് നേരത്തെ ദുല്‍ഖര്‍ സല്മാന് ഹൈക്കോടതിയെ സമീപിച്ചിരുന്നു. വിശദമായ വാദം കേട്ട കോടതി കസ്റ്റംസ് അഡീഷണൽ കമ്മീഷണർ ദുൽഖറിന്റെ ആവശ്യം പരിഗണിക്കണമെന്ന് ഇടക്കാല ഉത്തരവിട്ടു. വാഹനം വിട്ടു നൽകാൻ സാധിക്കില്ലെങ്കിൽ കാരണം വ്യക്തമാക്കണമെന്നും കസ്റ്റംസിനോട് നിര്‍ദേശിച്ചിരുന്നു.
സ്ത്രീശാക്തീകരണം എല്ലാ മേഖലകളിലും സാധ്യമാക്കുന്നതിനായി കേരള വനിതാ കമ്മീഷൻ മുഖാമുഖം പരിപാടി സംഘടിപ്പിക്കുന്നു. സ്ത്രീകൾക്കും കുട്ടികൾക്കുമായി സർക്കാർ ആവിഷ്ക്കരിച്ചിട്ടുള്ള പദ്ധതികൾ കൃത്യമായി അവരിലെത്തിക്കുക, സ്ത്രീശാക്തീകരണത്തിലൂടെ സ്ത്രീകളുടെ സാമൂഹ്യപദവി ഉയര്‍ത്തുക, എന്നീ ലക്ഷ്യങ്ങളുമായാണ് മുഖാമുഖം പരിപാടികൾ നടത്തുന്നതെന്ന് അധ്യക്ഷ അഡ്വ. പി സതീദേവി പറഞ്ഞു.
എറണാകുളത്ത് മൂന്ന് വയസ്സുകാരിക്ക് നേരെ തെരുവുനായ ആക്രമണം. വടക്കൻ പറവൂർ നീണ്ടുരിലാണ് സംഭവം. പറവൂർ സ്വദേശി മിറാഷിന്റെ മകൾ നിഹാരയ്ക്കാണ് നായയുടെ കടിയേറ്റത്. കുട്ടിയുടെ ചെവി നായ കടിച്ചെടുത്തു. ഇന്ന് വൈകിട്ട് നാല് മണിയോടെ വീടിനോട് ചേർന്നുള്ള അമ്പലത്തിന്റെ പരിസരത്തു വെച്ചാണ് കുട്ടിയെ തെരുവുനായ ആക്രമിച്ചത്. നായക്ക് പേവിഷബാധ ഉണ്ടോ എന്ന് സംശയമുണ്ട്. കുട്ടിയെ വിദഗ്ധ ചികിത്സയ്ക്കായി എറണാകുളം സ്പെഷ്യാലിറ്റി ആശുപത്രിയിൽ എത്തിച്ച് പേവിഷ പ്രതിരോധ കുത്തിവെപ്പ് നൽകി.
സി. സദാനന്ദന്റെ രാജ്യസഭാംഗത്വം ജയരാജന്മാരില് അങ്കലാപ്പുണ്ടാക്കിയെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. കണ്ണൂരിലേക്ക് കൈയെത്തിപ്പിടിക്കാനുള്ള ആദ്യത്തെ വാതില്‍ തുറക്കലാണിതെന്നും തന്നെ മാറ്റി സി. സദാനന്ദനെ മന്ത്രിയാക്കിയാല്‍ അത് പുതിയ രാഷ്ട്രീയചരിത്രമാകുമെന്നും അദ്ദേഹം പറഞ്ഞു.
നൂറിലധികം സീറ്റുമായി യുഡിഎഫ് കേരളത്തില്‍ അധികാരത്തില്‍വരുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്. യുഡിഎഫ് ഒരു മഹായുദ്ധത്തിന് പുറപ്പെടുകയാണ്. ഈ യുദ്ധം ജയിച്ചേ മതിയാകൂ. നേതാക്കളല്ല പ്രധാനം. സതീശനും സണ്ണി ജോസഫും രമേശ് ചെന്നിത്തലയുമല്ല പ്രധാനം. ഇപ്പോള്‍ വെറും യുഡിഎഫല്ല, ടീം യുഡിഎഫാണെന്നും അദ്ദേഹം പറഞ്ഞു.
പാലക്കാട് മണ്ഡലത്തിൽ വീണ്ടും പൊതുപരിപാടിയിൽ പങ്കെടുത്ത് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. കണ്ണാടി പഞ്ചായത്തിൽ കോൺഗ്രസിൻ്റെ മൂന്ന് വാർഡുകളിൽ രാഹുൽ മാങ്കൂട്ടത്തിൽ പൊതുപരിപാടിയിൽ പങ്കെടുത്തു. വാർഡുകളിലെ പൾസ് പോളിയോ തുള്ളി മരുന്ന് നൽകുന്നതിൻ്റെ ഉദ്ഘാടനം രാഹുൽ മാങ്കൂട്ടത്തിൽ നിർവഹിച്ചു.
സംസ്ഥാനത്ത് ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. പാലക്കാട് കൊടുമ്പ് പഞ്ചായത്തിലെ 62 കാരനാണ് രോഗം സ്ഥിരീകരിച്ചത്. ഒക്ടോബർ അഞ്ചിന് ചികിത്സ തേടി കൊടുമ്പ് പ്രാഥമികാരോഗ്യ കേന്ദ്രത്തിലും പിന്നീട് കൊടുവായൂർ കമ്മ്യൂണിറ്റി ഹെൽത്ത് സെൻ്ററിലേക്കും എത്തി. പിന്നാലെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ആറാം തീയതി നടത്തിയ പ്രാഥമിക പരിശോധനയിലാണ് രോഗ സൂചന ലഭിച്ചത്. എട്ടാം തീയതി രോഗ സ്ഥിരീകരിച്ചതോടെ തൃശൂർ മെഡിക്കൽ കോളജിലേക്ക് മാറ്റി.
സംസ്ഥാനത്ത് തെക്കൻ, മധ്യ ജില്ലകളിൽ കനത്ത മഴയ്ക്ക് സാധ്യത. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ ജില്ലകളിൽ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.
ദീപാവലി പ്രമാണിച്ച് റെയിൽവേ സ്പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിച്ചു. ബെംഗളുരുവിൽ നിന്ന് കൊല്ലത്തേക്കും തിരിച്ചും രണ്ട് സ്പെഷ്യൽ ട്രെയിനുകളാണ് പ്രഖ്യാപിച്ചത്. കൊല്ലത്തേക്കുള്ള സ്പെഷ്യൽ ട്രെയിനുകൾ ഈ മാസം 16നും 21നും ആണ് പുറപ്പെടുക. കൊല്ലത്ത് നിന്ന് തിരികെ ബെംഗളുരുവിലേക്ക് 17നും 22നും ട്രെയിനുകൾ ഉണ്ടാകും. പാലക്കാട്, കോട്ടയം എന്നിവിടങ്ങളിലൂടെയായിരിക്കും രണ്ട് ട്രെയിനുകളും സർവീസ് നടത്തുന്നത്.
കോതമംഗലത്തെ 23കാരിയായ യുവതിയുടെ ആത്മഹത്യ ‘ലവ് ജിഹാദ്’ അല്ലെന്ന് പൊലീസ് കുറ്റപത്രം. കേസിൽ പ്രതിയായ റമീസ് യുവതിയെ നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തിയിട്ടില്ലെന്നാണ് പൊലീസ് കുറ്റപത്രത്തിൽ പറയുന്നത്. ആണ്‍സുഹൃത്തായ റമീസ് പ്രണയ ബന്ധത്തിൽ നിന്ന് പിന്മാറിയതിന്റെ നിരാശയിലാണ് യുവതി ആത്മഹത്യ ചെയ്തതെന്നാണ് കുറ്റപത്രത്തിലുള്ളത്.
എംബിബിഎസ് വിദ്യാർത്ഥി കൂട്ട ബലാൽസംഗത്തിനിരയായ സംഭവത്തിൽ വിവാദ പ്രതികരണവുമായി മുഖ്യമന്ത്രി മമത ബാനർജി. രാത്രി പന്ത്രണ്ടരയ്ക്ക് ആരാണ് പെൺകുട്ടിയെ വനമേഖലയ്ക്ക് അടുത്തേക്ക് പോകാൻ അനുവദിച്ചതെന്ന് മുഖ്യമന്ത്രി ചോദിച്ചു. സ്വകാര്യ മെഡിക്കൽ കോളേജ് അധികൃതർ കൃത്യമായ സുരക്ഷ ഉറപ്പാക്കണം. എല്ലാ സംസ്ഥാനങ്ങളിലും ഇത്തരം സംഭവങ്ങൾ നടക്കുന്നു, ബംഗാളിലേത് മാത്രം പർവതീകരിക്കരുതെന്നും മമത ബാനർജി കൂട്ടിച്ചേർത്തു.
ഓപ്പറേഷൻ ബ്ലൂസ്റ്റാറിനെതിരായ പി ചിദംബരത്തിന്റെ പ്രതികരണം തള്ളി കോൺഗ്രസ്. ചിദംബരത്തിന് മേൽ എന്തോ സമ്മർദ്ദമുണ്ടെന്നും കേസുകളുള്ളപ്പോൾ ബിജെപിയെ ഇങ്ങനെ തൃപ്തിപ്പെടുത്തേണ്ടി വരുമെന്നും കോൺഗ്രസ് നേതൃത്വം പ്രതികരിച്ചു. ഓപ്പറേഷൻ ബ്ലൂസ്റ്റാർ തെറ്റായിരുന്നുവെന്നാണ് ചിദംബരം പറഞ്ഞത്. അതേ സമയം ചിദംബരത്തിൻ്റെ നിലപാട് ബിജെപി ആയുധമാക്കി.ഓപ്പറേഷൻ ബ്ലൂസ്റ്റാർ വിഡ്ഢിത്തമായിരുന്നുവെന്ന് കോൺഗ്രസിന് മനസിലാക്കാൻ വർഷങ്ങൾ വേണ്ടിവന്നെന്ന് ബിജെപി പരിഹസിച്ചു.
മധ്യപ്രദേശിൽ നിർമിത ബുദ്ധി ഉപയോഗിച്ചുണ്ടാക്കിയ ചിത്രത്തിൻ്റെ പേരിൽ യുവാവിനെതിരെ അതിക്രമം കാട്ടിയ സംഭവം ജാതി വിഭാഗങ്ങൾ തമ്മിലെ തുറന്ന പോരിലേക്ക് നീങ്ങുന്നതായി റിപ്പോർട്ട്. എഐ ചിത്രം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തതിന് യുവാവിനെ കൊണ്ട് മറ്റൊരാളുടെ കാലുകൾ കഴുകിക്കുകയും ബ്രാഹ്മണ സമൂഹത്തോടെ പരസ്യമായി മാപ്പ് പറയിക്കുകയും ചെയ്തിരുന്നു. ദാമോ ജില്ലയിലെ സതാരിയ ഗ്രാമത്തിലാണ് സംഭവം.
പശ്ചിമ ബംഗാളിലെ നാദിയയിൽ ഇന്ത്യ- ബംഗ്ലാദേശ് അതിർത്തിക്ക് സമീപം സുരക്ഷാ സേന (ബിഎസ്എഫ്) 20 കിലോ സ്വർണ്ണ ബിസ്ക്കറ്റുകൾ പിടിച്ചെടുത്തു. രഹസ്യ വിവരം ലഭിച്ച് നടത്തിയ പരിശോധനയിലാണ് അനധികൃത സ്വർണം പിടിച്ചെടുത്തത്. അതിർത്തിക്കടുത്തുള്ള മുസ്ലീംപാറയിൽ നിന്നുള്ള ആളാണ് പിടിയിലായത്. ഇയാൾ ബംഗ്ലാദേശിൽ നിന്ന് കൊണ്ടുവന്ന അനധികൃത സ്വർണ്ണം ഹൊറണ്ടിപൂർ പ്രദേശം വഴി കടത്താൻ പദ്ധതിയിടുന്നതായി ബിഎസ്എഫ് 32 ബറ്റാലിയന് ലഭിക്കുകയായിരുന്നുവെന്ന് അവർ അറിയിച്ചു.
കുവൈത്തിലെ അൽ ഉയൂൺ പ്രദേശത്തെ ഒരു ഹൈസ്കൂളിൽ വിദ്യാർഥികൾ തമ്മിലുണ്ടായ കൂട്ടത്തല്ലിനെ തുടർന്ന് നിരവധി പേർക്ക് പരിക്കേറ്റു. സംഭവത്തിൽ സുരക്ഷാ സേന അന്വേഷണം ആരംഭിച്ചു. സംഭവത്തെക്കുറിച്ച് ആശങ്കാകുലരായ രക്ഷിതാക്കളിൽ നിന്ന് റിപ്പോർട്ട് ലഭിച്ചതിനെ തുടർന്ന് പൊതു സുരക്ഷാ ഉദ്യോഗസ്ഥരും പട്രോൾ യൂണിറ്റുകളും ഉടൻ തന്നെ സ്ഥലത്തെത്തുകയായിരുന്നു.
ഗാസയില്‍ ഹമാസ്-ഇസ്രയേൽ വെടിനിർത്തൽ കരാർ അന്തിമ ചർച്ചകൾക്കായി ഈജിപ്തിലെ ഷാം എൽ-ഷൈഖിലേക്ക് പോകുന്നതിനിടെയുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഖത്തർ നയതന്ത്രജ്ഞർ മരിച്ചു. കൂടെയുണ്ടായിരുന്ന രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഷാം എൽ-ഷെയ്ക്കിൽ നിന്ന് 50 കിലോമീറ്റർ അകലെയാണ് അപകടം നടന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു.
അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപിൻ്റെ നേതൃത്വത്തിൽ ഗാസ സമാധാന പദ്ധതിയെക്കുറിച്ച് ചർച്ച ചെയ്യാൻ നാളെ നടക്കുന്ന ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കില്ല. ഉച്ചകോടിക്ക് നരേന്ദ്ര മോദിയേയും അമേരിക്കയും ഈജിപ്തും ക്ഷണിച്ചിരുന്നു. വിദേശകാര്യസഹമന്ത്രി കീർത്തി വർദ്ധൻ സിംഗ് ഉച്ചകോടിയിൽ ഇന്ത്യയെ പ്രതിനിധീകരിക്കും. ഡോണൾഡ് ട്രംപ് ഉൾപ്പെടെ ഇരുപതോളം ലോക നേതാക്കൾ നാളെ ഈജിപ്തിൽ നടക്കുന്ന പശ്ചിമേഷ്യ സമാധാന ഉച്ചകോടിയിൽ പങ്കെടുക്കും.
ഈജിപ്തിലെ ഷാം എൽ-ഷെയ്ക്കിൽ നടക്കുന്ന “സമാധാന ഉച്ചകോടിയിൽ” പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ഈജിപ്ത് പ്രസിഡന്റ് അബ്ദുൽ ഫത്താഹ് അൽ-സിസിയും ക്ഷണിച്ചു. ഗാസയിൽ സമാധാനം ലക്ഷ്യമിട്ട് നാളെ നടക്കുന്ന ഉച്ചകോടിയിലേക്കാണ് മണിക്കൂറുകൾക്ക് മുൻപ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ക്ഷണിച്ചത്. ദി ഇന്ത്യൻ എക്സ്പ്രസാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്.
പാക്-അഫ്ഗാൻ അതിർത്തിയിൽ ഇരു രാജ്യങ്ങളുടെയും സേനകൾ തമ്മിൽ ഏറ്റുമുട്ടി. പ്രകോപനമില്ലാതെ ആക്രമിച്ചെന്ന് പരസ്പരം കുറ്റപ്പെടുത്തിയാണ് ഇരു രാജ്യങ്ങളും പ്രതികരിച്ചത്. സംഘർഷത്തിൽ 19 അഫ്ഗാൻ സൈനിക പോസ്റ്റുകൾ പിടിച്ചെടുത്തെന്ന് പാകിസ്ഥാനും, പാകിസ്ഥാൻ്റെ 58 സൈനികരെ കൊലപ്പെടുത്തിയെന്ന് അഫ്ഗാനും പ്രതികരിച്ചു. പാകിസ്ഥാൻ്റെ 30 സൈനികർക്ക് പരിക്കേറ്റതായും അഫ്ഗാൻ അവകാശപ്പെട്ടു.
ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള എന്‍ഡിഎയുടെ സീറ്റ് വിഭജനം പൂര്‍ത്തിയായി. മുന്നണിയിലെ പ്രമുഖരായ ബിജെപിയും നിതീഷ് കുമാറിന്റെ ജനതാദള്‍ യുണൈറ്റഡും 101 സീറ്റുകളില്‍ വീതം മത്സരിക്കും.
ദക്ഷിണ ചൈനാക്കടലില്‍ നങ്കൂരമിട്ടിരുന്ന തങ്ങളുടെ കപ്പലിലേക്ക് ചൈനീസ് കപ്പല്‍ മനഃപൂര്‍വം ഇടിപ്പിച്ചുവെന്ന ഗുരുതര ആരോപണവുമായി ഫിലിപ്പീന്‍സ്. ഇരുരാജ്യങ്ങളും തമ്മിൽ തര്‍ക്കം നടക്കുന്ന ദക്ഷിണ ചൈനാക്കടലിലെ തിടു ദ്വീപിനരികെയായിരുന്നു ഫിലിപ്പീന്‍സ് സര്‍ക്കാരിന്റെ കപ്പലുണ്ടായിരുന്നത്. ചൈനീസ് നാവികസേനാംഗങ്ങള്‍ ജലപീരങ്കി പ്രയോഗിക്കുകയും തങ്ങളുടെ കപ്പലിലേക്ക് ഇടിച്ചുകേറ്റുകയുമായിരുന്നെന്നാണ് ഫിലിപ്പീന്‍സ് പറയുന്നത്.
വനിതാ ലോകകപ്പില്‍ ഓസ്ട്രേലിയക്കു മുന്നില്‍ 331 റണ്‍സ് വിജയലക്ഷ്യമുയര്‍ത്തി ഇന്ത്യന്‍ വനിതകള്‍. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ, 48.5 ഓവറില്‍ 330 റണ്‍സിന് പുറത്തായി. അഞ്ചു വിക്കറ്റുകള്‍ നേടിയ ഓസീസ് താരം അന്നബെല്‍ സതര്‍ലന്‍ഡാണ് വിക്കറ്റ് വേട്ടയിൽ മുന്നിൽ. 66 പന്തില്‍ 80 റണ്‍സ് നേടിയ സ്മൃതി മന്ദാന ഇന്ത്യയുടെ ടോപ് സ്കോററായി.
