ഡൽഹിയിലെ സാമൂഹ്യ ക്ഷേമ വകുപ്പ് മന്ത്രി രാജ് കുമാർ ആനന്ദ് പാർട്ടി അംഗത്വമടക്കം രാജിവച്ചു.പാർട്ടിക്കെതിരെ അതിരൂക്ഷ വിമർശനം ഉന്നയിച്ച് സംസ്ഥാനത്തെ മന്ത്രിപദവിയും അദ്ദേഹം രാജിവച്ചു. പാർട്ടി അഴിമതിയിൽ മുങ്ങിയിരിക്കുകയാണ്.പാർട്ടിക്കുള്ളിൽ ദളിത് വിരുദ്ധ നടപടികളായതിനാൽ, ഇനിയും തുടരാനാകില്ലെന്നാണ് അദ്ദേഹം പറയുന്നത് . അരവിന്ദ് കെജ്രിവാളിന് ഇന്നലെയേറ്റ തിരിച്ചടിക്ക് പിന്നാലെയാണ് മന്ത്രിയുടെ രാജി.
എന്‍സിഇആര്‍ടിയുടെ പ്ലസ്ടു പൊളിറ്റിക്കല്‍ സയന്‍സ് പുതിയ പുസ്തകത്തില്‍ കശ്മീർ പുനഃസംഘടന പഠന വിഷയമാകും. ഇന്ത്യ ചൈന ബന്ധം ശക്തമാകാത്തതിന് കാരണം ചൈനയുടെ പ്രകോപനമെന്നാണ് പുതുതായി ചേര്‍ത്തിരിക്കുന്നത്. ഇരു രാജ്യങ്ങൾക്കും ഇടയിലുള്ള സൈനിക സംഘർഷമെന്ന നേരത്തെയുള്ള പുസ്തകത്തിലെ ഭാഗം നീക്കിയാണ് ചൈനയുടെ പ്രകോപനമാണ് കാരണമെന്ന ഭാഗം ഉള്‍പ്പെടുത്തിയത്.2014 ന് മുമ്പുള്ള ഇന്ത്യയുടെ അവസ്ഥ മോശമായി ചിത്രീകരിക്കുന്നതാണ് പഴയ പുസ്തകമെന്നും ഇതിനാലാണ് മാറ്റം വരുത്തുന്നതെന്നുമാണ് എൻ.സി.ഇ.ആർ.ടി നൽകുന്ന വിശദീകരണം.
തനിക്കെതിരെ അസത്യ പ്രചാരണം നടത്തുന്നുവെന്ന് ചൂണ്ടിക്കാട്ടി രാജീവ്ചന്ദ്രശേഖർ, ശശി തരൂരിനെതിരെ വക്കീൽ നോട്ടീസ് അയച്ചു. ഒരു അഭിമുഖത്തിൽ വൈദികർ ഉൾപ്പെടെയുള്ളവർക്ക് പണം നൽകി രാജീവ് ചന്ദ്രശേഖർ വോട്ടർമാരെ സ്വാധീനിക്കുന്നുവെന്ന, ശശി തരൂരിന്റെ പ്രസ്താവനയാണ് പരാതിക്ക് അടിസ്ഥാനം. നോട്ടീസ് കൈപ്പറ്റി 24 മണിക്കൂറിനുളളിൽ പ്രസ്താവന പിൻവലിച്ച് മാപ്പ് പറയണമെന്നാണ് ആവശ്യം.
ക്ഷേമപെന്‍ഷന്‍ അവകാശമല്ലെന്നും ഭിക്ഷയാണെന്നും ഹൈക്കോടതിയെ സത്യവാങ്മൂലത്തിലൂടെ അറിയിച്ച മുഖ്യമന്ത്രി പിണറായി വിജയന്റെ അഹങ്കാരത്തിന് 50 ലക്ഷം സാധാരണക്കാര്‍ ബാലറ്റിലൂടെ തിരിച്ചടിക്കുമെന്ന് കെപിസിസി ആക്ടിംഗ് പ്രസിഡന്റ് എംഎം ഹസന്‍. ക്ഷേമപെന്‍ഷന്‍ അവകാശമല്ലെന്നു വന്നതോടെ ഇനി എപ്പോള്‍ നല്കണം, എത്ര നല്കണം, ആര്‍ക്കു നല്കണം എന്നൊക്കെ പിണറായി തീരുമാനിക്കും. ജനങ്ങള്‍ക്ക് കിട്ടുമ്പോള്‍ വാങ്ങാം. കിട്ടിയില്ലെങ്കില്‍ മിണ്ടാതെ മൂലയ്ക്കിരുന്നോണം എന്നാണ് മുഖ്യമന്ത്രിയുടെ തിട്ടൂരമെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിന്റെ മുഖ്യമന്ത്രി കേരളത്തെപ്പറ്റി ഒന്നും മിണ്ടാത്തത് വിസ്മയകരമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ.തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ എട്ടു വര്‍ഷത്തെ ഭരണനേട്ടങ്ങള്‍ ജനങ്ങളോട് പറയേണ്ട മുഖ്യമന്ത്രി അതേക്കുറിച്ച് ഒരക്ഷരം മിണ്ടുന്നില്ല. പറായാന്‍ കഴിയാത്ത തരത്തില്‍ പരമദയനീയമായ അവസ്ഥയിലേക്ക് കേരളം കൂപ്പുകുത്തിയിരിക്കുകയാണ് .സാമൂഹിക മാധ്യമക അക്കൗണ്ടുകളിലൂടെ സംഘപരിവാര്‍ ഭിന്നിപ്പുണ്ടാക്കാന്‍ ശ്രമിക്കുകയാണെന്നും വി ഡി സതീശൻ വ്യക്തമാക്കി.
സംസ്ഥാനത്തുടനീളം 2122 ക്യാമറകൾ ഉപയോഗിച്ച് തത്സമയ നിരീക്ഷണം നടത്തുന്നുണ്ടെന്ന്മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ. മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസിലും, ജില്ലകളിൽ സജ്ജമാക്കിയിട്ടുള്ള കൺട്രോൾ റൂമുകളിലും ദൃശ്യങ്ങൾ നിരീക്ഷിക്കുന്നുണ്ട്. സംസ്ഥാനത്തെ ചെക്ക്പോസ്റ്റുകളിൽ നിന്നുള്ള ദൃശ്യങ്ങൾ, പെരുമാറ്റച്ചട്ട ലംഘനം കണ്ടെത്തുന്ന ഫ്ലയിംഗ് സ്ക്വാഡുകൾ, സ്റ്റാറ്റിക് സർവയലൻസ് ടീം ക്യാമറകളിൽ നിന്നുള്ള ദൃശ്യങ്ങൾ തുടങ്ങി പ്രധാന പ്രവർത്തനങ്ങളെല്ലാം തത്സമയം നിരീക്ഷിക്കുന്നുണ്ട്.
സംസ്ഥാനത്ത് വരും ദിവസങ്ങളിലും താപനില ഉയരുമെന്ന് മുന്നറിയിപ്പ്. ഇടുക്കി, വയനാട് ഒഴികെയുള്ള 12 ജില്ലകളിലും ഉയര്‍ന്ന താപനിലയ്ക്ക് സാധ്യത, യെല്ലോ അലര്‍ട്ട്പ്രഖ്യാപിച്ചിട്ടുണ്ട്. പാലക്കാട് ജില്ലയിൽ 45 ഡിഗ്രിവരെയാണ് ചൂട്. 14 ജില്ലകളിലും 35 ഡിഗ്രിക്ക് മുകളിലാണ് ചൂട്. പാലക്കാട് ഉള്‍പ്പടെ വരും ദിവസങ്ങളിലും താപനില ഉയരുമെന്നാണ് അറിയിപ്പ്.
അനില്‍ ആന്‍റണിയുടെ ആരോപണം തള്ളി ആന്‍റോ ആന്‍റണി. ദല്ലാള്‍ ടിപി നന്ദകുമാറുമായി, ആന്‍റോ ആന്‍റണി ഗൂഢാലോചന നടത്തി തനിക്കെതിരെ ആരോപണം ഉന്നയിച്ചെന്നായിരുന്നു അനില്‍ ആന്‍റണി പറഞ്ഞത്.അനില്‍ ആന്‍റണി വിവരദോഷം പറയുകയാണ്, ജീവിതത്തില്‍ ഇന്ന് വരെ ദല്ലാള്‍ നന്ദകുമാറിനെ കണ്ടിട്ടില്ല, ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും ആന്‍റോ ആന്‍റണി പറഞ്ഞു. സഹകരണ ബാങ്കിൽ തട്ടിപ്പ് നടത്തി എന്ന ആരോപണത്തിൽ കേന്ദ്ര – സംസ്ഥാന സർക്കാരുകൾ അന്വേഷിക്കട്ടെ, അതിന് വെല്ലുവിളിക്കുകയാണെന്നും ആന്‍റോ ആന്‍റണി പറഞ്ഞു.
പാനൂർ ബോംബ് നിർമാണം രാഷ്ട്രീയ എതിരാളികൾക്കെതിരെ പ്രയോഗിക്കാൻ ലക്ഷ്യമിട്ടെന്ന് പൊലീസ് റിമാന്‍ഡ് റിപ്പോര്‍ട്ട്. ആറ്,ഏഴ് പ്രതികളുടെ റിമാൻഡ് റിപ്പോർട്ടിലാണ് ഇക്കാര്യo . മുൻകാലങ്ങളിൽ രാഷ്ട്രീയ സംഘർഷങ്ങളുണ്ടായ പ്രദേശത്ത് വീണ്ടും സംഘർഷമുണ്ടാകാൻ സാധ്യതയുണ്ട്.ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പ്രതികൾക്ക് ജാമ്യം നൽകിയാൽ രാഷ്ട്രീയ സംഘർഷത്തിന് സാധ്യതയുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.
പ്രശസ്ത സിനിമാ നിർമാതാവ് ഗാന്ധിമതി ബാലൻ അന്തരിച്ചു. കിംസ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ക്ലാസ്സിക് മലയാളം സിനിമകളുടെ നിർമ്മാതാവും ചലച്ചിത്ര അക്കാദമി മുൻ വൈസ് ചെയർമാനും ആയിരുന്നു. അദ്ദേഹംആദ്യമായി നിര്‍മ്മിച്ച ചിത്രം നേരം ഒത്തിരി കാര്യമാണ്. മൂന്നാം പക്കം , തൂവാനത്തുമ്പികൾ , സുഖമോ ദേവി , മാളൂട്ടി തുടങ്ങിയ 30ൽ പരം ചിത്രങ്ങളുടെ നിർമാണവും വിതരണവും നിർവഹിച്ചിട്ടുണ്ട്.
മലയാള സിനിമയുടെ മുഖച്ഛായ മാറ്റിയ ക്ലാസിക് ചിത്രങ്ങളുടെ നിര്‍മ്മാതാവാണ് ഗാന്ധിമതി ബാലനെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സിനിമയുടെ വാണിജ്യ വിജയം മാത്രം ലക്ഷ്യമിടാതെ കലാമൂല്യത്തിന് കൂടി വില കല്‍പ്പിച്ച സിനിമാ പ്രവര്‍ത്തകനായിരുന്നു ബാലനെന്ന് അനുശോചന കുറിപ്പിൽ പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.
ഗവർണറെ അവഗണിച്ചുകൊണ്ട് ഡോ എപിജെ അബ്ദുകൾ കലാം സാങ്കേതിക സർവകലാശാല വിസി നിയമനത്തിന് സേർച്ച് കമ്മിറ്റി രൂപീകരിക്കാൻ തീരുമാനിച്ച്സർക്കാർ. രാഷ്ട്രപതി അനുവാദം നൽകാത്ത ബില്ലിലെ വ്യവസ്ഥകൾ അനുസരിച്ചാണ് സർക്കാർ ഉത്തരവ് ഇറക്കിയിരിക്കുന്നത്. വൈസ് ചാൻസിലറെ നിയമിക്കാൻ സർക്കാരിന് അവകാശം നൽകുന്നതായിരുന്നു നിയമ ഭേദഗതി. സേർച്ച് കമ്മിറ്റിയിൽ യൂണിവേഴ്സിറ്റി, യുജിസി, ഉന്നത വിദ്യാഭ്യാസ കൗൺസിൽ പ്രതിനിധികളെ ഉൾപെടുത്തും.
കേരളാ സ്റ്റോറി നടന്ന കഥയാണെന്നും അതുകൊണ്ട് ഈ ചിത്രത്തിന് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നതെന്നും വിവാദമാക്കുന്നതിന് പിന്നിൽ സ്ഥാപിത താത്പര്യക്കാരാണെന്നും കെ സുരേന്ദ്രൻ. വർഗ്ഗീയ ശക്തികളുടെ വോട്ടു കൊണ്ട് അധികാരത്തിലെത്താമെന്ന് വ്യാമോഹിക്കുന്നവരുടെ മോഹം നടക്കാൻ പോകുന്നില്ലെന്നും, മുസ്ലിം ലീഗിന്‍റെയും ജമാ അത്തെ ഇസ്ളാമിയുടെയും പോപ്പുലർ ഫ്രണ്ടിന്‍റെയും സമ്മർദ്ദത്തിന് വഴങ്ങി വസ്തുതകളെ നിരാകരിക്കുകയാണ് മുഖ്യമന്ത്രിയും പ്രതിപക്ഷവും ചെയ്യുന്നതെന്നും കെ. സുരേന്ദ്രൻ പറഞ്ഞു.
സാന്‍റിയാഗോ മാർട്ടിനെതിരായ ഇഡി കേസ് വിചാരണ, സ്റ്റേ ചെയ്ത് സുപ്രീംകോടതി. ലോട്ടറി തട്ടിപ്പ് കേസിൽ എറണാകുളം പിഎംഎൽഎ കോടതിയിലെ നടപടിക്കാണ് സ്റ്റേ. ഇഡിക്ക് കോടതി നോട്ടീസ് അയച്ചു. സിക്കിം ലോട്ടറിയുടെ മറവിൽ കള്ളപ്പണ ഇടപാട് നടത്തിയെന്നാണ് കേസ്.
അങ്കമാലി കുറുമശ്ശേരിയിൽ ഗുണ്ടാ നേതാവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ നിധിൻ, ദീപക് എന്നിവരെ ചെങ്ങമനാട് പൊലീസ് അറസ്റ്റ് ചെയ്തു. ഇരുവരും കൊട്ടേഷന്‍ ഗുണ്ടകളാണ്, ഗുണ്ടകള്‍ക്കിടയിലെ കുടിപ്പകയാണ് കൊലയ്ക്ക് കാരണo. തിരുത്തിശ്ശേരി വിനു വിക്രമനാണ് കൊല്ലപ്പെട്ടത്. 2019 ൽ ഗില്ലാപ്പി ബിനോയി എന്ന ഗുണ്ടാ നേതാവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ഒന്നാം പ്രതിയാണ് കൊല്ലപ്പെട്ട വിനു.
അഴിമതിയുടെയും കൊള്ളയുടെയും മറ്റൊരു പേരാണ് ഡിഎംകെയെന്ന് പ്രധാനമന്ത്രി.ഡിഎംകെ-കോൺഗ്രസ് പാർട്ടികൾക്കെതിരെ രൂക്ഷ വിമർശനം ഉന്നയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. എൻഡിഎ ഭരണകാലത്തിൽ ഇന്ത്യയുടെ വികസനം 5ജിയിൽ എത്തി. എന്നാൽ ഡിഎംകെ 2 ജിയിൽ അഴിമതി നടത്തിയവരാണ്, വെറുപ്പിൻ്റെ രാഷ്ട്രീയമാണ് ഡിഎംകെ മുന്നോട്ടുവെയ്ക്കുന്നതെന്നും പ്രധാനമന്ത്രി തമിഴ്നാട്ടിൽ പറഞ്ഞു.രണ്ടുദിവസത്തെ സന്ദർശനത്തിനായി തമിഴ് നാട്ടിലെത്തിയ പ്രധാനമന്ത്രി രൂക്ഷമായ വിമർശനമാണ് ഡിഎംകെ-കോൺഗ്രസ് സഖ്യത്തിനെതിരെ ഉന്നയിച്ചത്.
പശ്ചിമ ബംഗാളിലെ സന്ദേശ്ഖലിയിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട കേസുകൾ സിബിഐക്ക് കൈമാറാൻ കല്‍ക്കട്ട ഹൈക്കോടതി നിർദേശിച്ചു. പരാതിക്കാർ പതിനഞ്ച് ദിവസത്തിനുള്ളില്‍ സിബിഐയെ സമീപിക്കണം. ലൈംഗിക പീഡനക്കേസുകളും ഭൂമിതട്ടിപ്പ്കേസുകളും കോടതി മേല്‍നോട്ടത്തില്‍ സിബിഐ അന്വേഷിക്കും. സ്വകാര്യത സംരക്ഷിക്കാൻ പ്രത്യേക ഇ മെയിലിലൂടെ സിബിഐയ്ക്ക് പരാതി നല്‍കാനാണ് കോടതി നിര്‍ദേശിച്ചിരിക്കുന്നത്.
പതഞ്ജലിയുമായി ബന്ധപ്പെട്ട കേസിൽ സുപ്രീംകോടതി ബാബാ രാംദേവിന്‍റെ മാപ്പപേക്ഷ തള്ളി. പതഞജ്ലി മനപൂര്‍വം കോടതിയലക്ഷ്യം നടത്തിയെന്ന് വ്യക്തമാക്കിയ സുപ്രീംകോടതി ഒരു കാരുണ്യവും പ്രതീക്ഷിക്കേണ്ടെന്നും മുന്നറിയിപ്പ് നല്‍കി. ഉത്തരാഖണ്ഡ് സര്‍ക്കാര്‍ പതഞ്ജലിക്കെതിരെ നടപടിയെടുക്കാമെന്ന് സുപ്രീംകോടതിയില്‍ ഉറപ്പ് നല്‍കി. കേസ് വീണ്ടും 16ന് പരിഗണിക്കും.
എഎപി സര്‍ക്കാരിനെ തകര്‍ക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് എഎപി വക്താവ് സഞ്ജയ് സിങ്. ഡൽഹിയിലെ എഎപി മന്ത്രി രാജ് കുമാറിന്‍റെ, രാജിക്ക് പിന്നാലെയാണ് ഗുരുതര ആരോപണവുമായി സഞ്ജയ് സിങ് രംഗത്തെത്തിയത്. പ്രതിപക്ഷ പാര്‍ട്ടികളെ തകര്‍ക്കാനാണ് ഇഡി അടക്കമുള്ള ഏജന്‍സികളെ ബിജെപി ഉപയോഗിക്കുകയാണ് എന്നും അദ്ദേഹം ആരോപിച്ചു.
ഏകാധിപത്യ സർക്കാരിന്റെ എന്തു പീഡനവും സഹിക്കാൻ തയ്യാറാണെന്ന് തീഹാർ ജയിലിൽ കഴിയുന്ന ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാൾ. അരവിന്ദ് കെജ്രിവാളിന്റെ ഭാര്യ സുനിതയെ സന്ദർശിച്ച ശേഷം ആം ആദ്മി പാർട്ടി നേതാക്കളാണ് കെജ്രിവാൾ നൽകിയ സന്ദേശം മാധ്യമങ്ങളെ അറിയിച്ചത്.