Untitled design 20250112 193040 0000

 

 

പമ്പയിൽ സംഘടിപ്പിച്ച ആ​ഗോള അയ്യപ്പസം​ഗമത്തിൽ പ്രതീക്ഷച്ചതിൽ കൂടുതൽ പങ്കാളിത്തം ഉണ്ടായെന്ന് ദേവസ്വം മന്ത്രി വിഎൻ വാസവൻ. 4126 പേർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു. 2125 പേർ കേരളത്തിന് പുറത്തുനിന്നും എത്തിയവരാണ്. ഇതിൽ തമിഴ്നാട്ടിൽ നിന്നുള്ളവരാണ് കൂടുതലുള്ളത്. വിദേശത്തുനിന്നും 182 പേരെത്തി. ഇതിൽ ശ്രീലങ്കയിൽ നിന്നുള്ളവരാണ് കൂടുതൽ. സം​ഗമത്തിൽ പങ്കെടുത്ത 1819 പേർ കേരളത്തിൽ നിന്നുള്ളവരാണ്. കേരളത്തിൽ നിന്നും 28ഓളം സംഘടനകളും അയ്യപ്പസം​ഗമത്തിൽ പങ്കെടുത്തെന്ന് മന്ത്രി വാർത്തസമ്മേളനത്തിൽ അറിയിച്ചു.

 

പമ്പാതീരത്ത് സംഘടിപ്പിച്ച ആ​ഗോള അയ്യപ്പ സം​ഗമം പരാജയമെന്ന് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിയുടെ പ്രസം​ഗം കേൾക്കാൻ പാർട്ടിക്കാർ മാത്രമാണ് ഉണ്ടായിരുന്നത്. കസേരകൾ എല്ലാം ഒഴിഞ്ഞു കിടക്കുകയായിരുന്നെന്നും ചർച്ച ചെയ്യാൻ ആരും ഉണ്ടായിരുന്നില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

 

ശബരിമല വികസനത്തിന് 18 അംഗ സമിതി പ്രഖ്യാപിച്ച് ആഗോള അയ്യപ്പ സംഗമത്തിന് സമാപനം. മാറുന്ന കാലത്തിനനുസരിച്ച് ഉയർന്നു ചിന്തിക്കുന്നത് കൊണ്ടാണ് ആഗോള അയ്യപ്പ സംഗമം സംഘടിപ്പിച്ചതെന്ന് സമ്മേളനം ഉദ്ഘാടനം ചെയ്ത മുഖ്യമന്ത്രി പറഞ്ഞു. എൻ എസ് എസും എസ് എൻ ഡി പിയും ഉൾപ്പെടെ ഹൈന്ദവ സമുദായ സംഘടനാ നേതാക്കളുടെ സാന്നിധ്യം പരിപാടിയുടെ രാഷ്ട്രീയ വിജയത്തിൻ്റെ സൂചനയെന്ന വിലയിരുത്തലിലാണ് സർക്കാർ.

 

ശബരി റെയില്‍ അടക്കം ശബരിമലയിലേക്ക് കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന വികസന പദ്ധതികളെല്ലാം മുടക്കിയത് ഇടത്- വലത് സര്‍ക്കാരുകളാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍.ശബരിമലയ്ക്കുള്ള കേന്ദ്രഫണ്ടുകള്‍ പാഴാക്കിയ പിണറായി വിജയന്‍ സര്‍ക്കാരിന്റെ രാഷ്ട്രീയനാടകം തിരിച്ചറിഞ്ഞ അയ്യപ്പഭക്തര്‍ വിട്ടുനിന്നതിന്റെ തെളിവായിരുന്നു പമ്പയിലെ ഒഴിഞ്ഞ കസേരകളെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.

 

സംസ്ഥാനത്തെ തദ്ദേശസ്ഥാപന പൊതുതിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് രാഷ്ട്രീയപാർട്ടികൾക്ക് ചിഹ്നം അനുവദിച്ച് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ കരട് വിജ്ഞാപനം പുറപ്പെടുവിച്ചു. ഇത് സംബന്ധിച്ച ആക്ഷേപങ്ങൾ വിജഞാപന തീയതി മുതൽ 15 ദിവസത്തിനകം കമ്മീഷൻ സെക്രട്ടറിക്ക് രേഖാമൂലം സമർപ്പിക്കാമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ. ഷാജഹാൻ അറിയിച്ചു.

 

അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളേജിൽ നിലവിൽ ചികിത്സയിലുള്ളത് 3 കുട്ടികൾ 9 ഉൾപ്പെടെ പേരെന്ന് മെഡിക്കൽ കോളേജ് പ്രിൻസിപ്പാൾ. ആരുടെയും ആരോഗ്യനില ഗുരുതരമല്ല. പിസിആർ പരിശോധന നടത്താൻ മെഡിക്കൽ കോളേജിലേക്ക് 50 കിറ്റുകൾ എത്തിച്ചു. പ്രോട്ടോക്കോൾ നിശ്ചയിച്ച് പിസിആർ പരിശോധന തുടങ്ങും. തുടക്കമായതിനാൽ രോഗികളിൽ നിന്നുള്ള സാംപിളുകൾ തിരുവനന്തപുരത്തേക്കും അയക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

 

അതിദരിദ്രര്‍ക്ക് ആരോഗ്യവകുപ്പിന്റെ വാതില്‍പ്പടി സേവനങ്ങള്‍ ഉറപ്പാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. അതിദരിദ്രരില്ലാത്ത കേരളം എന്ന സര്‍ക്കാരിന്റെ പദ്ധതിയുടെ ഭാഗമായി ആരോഗ്യ വകുപ്പ് നടപ്പിലാക്കി വരുന്ന പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ച ഉറപ്പ് വരുത്തുന്നതിനായി കര്‍മ്മപദ്ധതി ആവിഷ്‌ക്കരിക്കുകയും മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കുകയും ചെയ്തു.സെപ്റ്റംബര്‍ 28 മുതല്‍ ഒക്ടോബര്‍ 28 വരെയാണ് ആരോഗ്യപ്രവര്‍ത്തകര്‍ അതിദരിദ്രരുടെ വീടുകളിലെത്തി ആരോഗ്യ പരിശോധന നടത്തുന്നത്. സേവന പ്രോട്ടോക്കോളുകള്‍ കര്‍ശനമായി പാലിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

 

വയനാട്ടിൽ കുഴൽപ്പണം തട്ടിയെടുക്കാൻ ശ്രമിച്ചതിന് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ കൂട്ട നടപടി. വൈത്തിരി സ്റ്റേഷനിലെ നാല് പൊലീസുകാരെ സസ്പെൻഡ് ചെയ്തു. ഈ മാസം 17നാണ് കുഴൽപ്പണം തട്ടിയെടുക്കാൻ ശ്രമിച്ച സംഭവം ഉണ്ടായത്. വൈത്തിരി സിഐക്കും മൂന്ന് പോലീസ് ഉദ്യോഗസ്ഥർക്കും എതിരെയാണ് നടപടി എടുത്തിരിക്കുന്നത്.

 

പ്രവര്‍ത്തനം തുടങ്ങി 29 മാസം കൊണ്ട് 50 ലക്ഷം യാത്രക്കാരെ സ്വന്തമാക്കി കൊച്ചി വാട്ടര്‍ മെട്രോ ചരിത്രനേട്ടം കുറിച്ചു. ഒരു ചെറിയ ലൈറ്റ് ട്രന്‍സ്‌പോര്‍ട്ട് പ്രോജകട് ഇത്രയും ചുരുങ്ങിയ കാലയളവ് കൊണ്ട് ഇത്രയേറെ യാത്രക്കാരെ സ്വന്തമാക്കുന്നത് വളരെ അപൂര്‍വ്വാണ്.ലോക ബാങ്കും വാട്ടര്‍മെട്രോ സേവനവുമായി കൈകോര്‍ക്കാന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്. പ്രവര്‍ത്തന മികവിന് നിരവധി അവാര്‍ഡുകളും ചുരുങ്ങിയകാലയളവിനുള്ളില്‍ കൊച്ചി വാട്ടര്‍ മെട്രോ സ്വന്തമാക്കി.

 

തൃശ്ശൂർ കോർപ്പറേഷനിലെ വൈദ്യുതി വിഭാഗം ജീവനക്കാരെ വെട്ടിക്കുറച്ച തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ഉത്തരവ് മരവിപ്പിച്ചതായി മേയർ എംകെ വർഗ്ഗീസ്. പ്രതിസന്ധി പരിഹരിക്കാൻ ഈ മാസം 23ന് മന്ത്രിയുമായി ചർച്ച നടത്തും. അതേസമയം, ഉത്തരവ് ഇറങ്ങിയ സാഹചര്യം അറിയില്ലെന്ന് മേയർ വീണ്ടും ആവർത്തിച്ചു.

 

മുസ്ലിം വ്യക്തിനിയമം ഒരു പുരുഷന് ഒന്നിലധികം വിവാഹം കഴിക്കാൻ അനുമതി നൽകുന്നുണ്ടെങ്കിലും, എല്ലാ ഭാര്യമാർക്കും നീതി ഉറപ്പാക്കാൻ സാധിക്കണമെന്ന് കേരള ഹൈക്കോടതി വ്യക്തമാക്കി. ഭാര്യമാരെ സംരക്ഷിക്കാൻ കഴിവില്ലാത്ത ഒരു വ്യക്തിക്ക് രണ്ടാമതൊരു വിവാഹത്തിന് അവകാശമില്ലെന്നും കോടതി നിരീക്ഷിച്ചു. എ​ല്ലാ ഭാ​ര്യ​മാ​ർ​ക്കും തു​ല്യ​നീ​തി ഉ​റ​പ്പാ​ക്കാ​ൻ ക​ഴി​യു​മെ​ങ്കി​ൽ മാ​ത്ര​മേ മു​സ്​​ലിം പു​രു​ഷ​ന് ഒ​ന്നി​ലേ​റെ വി​വാ​ഹം ക​ഴി​ക്കാ​നാ​വൂ​വെ​ന്നാ​ണ്​​ ഖു​ർ​ആ​നി​ൽ പറയുന്നതെന്നും​ ഹൈ​കോ​ട​തി ചൂണ്ടിക്കാട്ടി.

 

ഭിന്നശേഷി അധ്യാപക നിയമനവുമായി ബന്ധപ്പെട്ട് എയ്ഡഡ് സ്കൂൾ മാനേജ്‌മെന്റുമായി ചർച്ച നടത്തിയതായി മന്ത്രി വി ശിവൻകുട്ടി. സർക്കാറിന് ഇക്കാര്യത്തിൽ തുറന്ന മനസാണുള്ളതെന്ന് വ്യക്തമാക്കിയ മന്ത്രി, കോടതി വിധിയിൽ വെള്ളം ചേർക്കാനുള്ള ബോധപൂർവ ശ്രമം ഒരു വിഭാഗം നടത്തുന്നുണ്ടെന്നും ആരോപിച്ചു. എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി അധ്യാപകകരുടെ ആദ്യ നിയമന പ്രക്രിയ ഒക്ടോബർ 25 നകം പൂർത്തിയാക്കും.

 

മുഖ്യമന്ത്രി പിണറായി വിജയനെ പ്രശംസിച്ച് മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ. നാടാര്‍ സംവരണ വിഷയത്തിൽ മറ്റാരും കാണിക്കാത്ത ആര്‍ജവം കാണിച്ചയാളാണ് മുഖ്യമന്ത്രി പിണറായി വിജയനെന്ന് ക്ലീമിസ് ബാവ പറഞ്ഞു. സഭയ്ക്കൊപ്പം ഉണ്ടാകുമെന്ന് മുഖ്യമന്ത്രി ഉറപ്പു നൽകി. സമയക്രമം പാലിച്ച് സഭയുടെ ചടങ്ങിൽ പങ്കെടുക്കാൻ അയ്യപ്പ സംഗമ വേദിയിൽ നിന്ന് മുഖ്യമന്ത്രി ഹെലികോപ്ടറിൽ എത്തിയെന്നും ക്ലീമിസ് ബാവ പറഞ്ഞു.

 

സിപിഎം നേതാവ് കെ ജെ ഷൈനിനെതിരെയുള്ള അശ്ലീല പ്രചാരണത്തിലും സൈബർ ആക്രമണത്തിലും പ്രതികരിച്ച് വൈപ്പിന്‍ എംഎല്‍എ കെ.എന്‍ ഉണ്ണികൃഷ്ണൻ. സൈബർ ആക്രമണത്തിൽ മുഖ്യമന്ത്രിക്കും ഡിജിപിക്കും മുനമ്പം ഡിവൈഎസ്പിക്കും പരാതി നൽകിയിരുന്നു. അപവാദ പ്രചാരണത്തിന്റെ ഉറവിടം അന്വേഷണത്തിലൂടെ വ്യക്തമാകണം. കോൺഗ്രസിന്റെ പ്രാദേശിക നേതാവിന്റെ ഫേസ്ബുക്കിലൂടെയാണ് ആദ്യം പ്രചരണം കണ്ടതെന്നും പേര് പരാമർശിക്കാത്തത് കൊണ്ടാണ് നിയമ നടപടിക്ക് പോകാതിരുന്നതെന്നും അദ്ദേഹം പ്രതികരിച്ചു.

 

ചലച്ചിത്ര മേഖലയിലെ സമഗ്ര സംഭാവനയ്ക്കുള്ള ദാദാ സാഹേബ് ദാദാ സാഹേബ് ഫാൽക്കെ പുരസ്കാരം മോഹൻലാലിന്. 2023ലെ പരമോന്നത പുരസ്ക്കാരമാണ് നടന് ലഭിച്ചിരിക്കുന്നത്. തലമുറകളെ പ്രചോദിപ്പിക്കുന്ന സിനിമാ യാത്രയാണ് മോഹന്‍ലാലിന്‍റേതെന്നാണ് ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം വിശേഷിപ്പിച്ചിരിക്കുന്നത്. 2025 സെപ്തംബർ 23ന്(ചൊവ്വ) നടക്കുന്ന 71-ാമത് ദേശീയ ചലച്ചിത്ര അവാർഡ് ദാന ചടങ്ങിൽ വെച്ച് മോഹന്‍ലാലിന് അവാർഡ് സമ്മാനിക്കും.

 

ചലച്ചിത്ര മേഖലയിലെ സമഗ്ര സംഭാവനയ്ക്കുള്ള ദാദാ സാഹേബ് ഫാൽക്കെ പുരസ്കാരം സ്വന്തമാക്കിയ നടൻ മോഹൻലാലിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. മോഹൻലാൽ അഭിനയ മികവിന്റെ പ്രതീകമാണ്. മലയാള സിനിമയിലും നാടകത്തിലും പതിറ്റാണ്ടുകളായി സജീവ സാന്നിധ്യമായി നിൽക്കുന്നയാളാണ് മോഹൻലാൽ. മലയാള സിനിമയെ നയിക്കുന്ന വെളിച്ചമാണ് അദ്ദേഹം.അദ്ദേഹത്തിന്റെ നേട്ടങ്ങൾ വരും തലമുറകൾക്ക് പ്രചോദനം നൽകട്ടെയെന്നും മോദി എക്സിൽ പങ്കുവെച്ച കുറിപ്പിൽ പറഞ്ഞു.

 

ദാദാ സാഹേബ് ഫാൽക്കേ പുരസ്കാരം സ്വന്തമാക്കിയ മോഹൻലാലിനെ മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വിഡി സതീശനും അഭിനന്ദിച്ചു. നാടിനാകെ അഭിമാനം പകരുന്ന നേട്ടമാണിതെന്നും അർഹിക്കുന്ന അം​ഗീകാരമാണിതെന്നും മുഖ്യമന്ത്രി സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ച കുറിപ്പിൽ പറഞ്ഞു. അതേസമയം, ലോകത്തെ വിസ്മയിപ്പിച്ച നടനാണ് മോഹൻലാലെന്നും ഓരോ മലയാളിക്കും ഉള്ള അംഗീകാരമാണിതെന്നും പ്രതിപക്ഷ നേതാവ് സാമൂഹിക മാധ്യമങ്ങളിൽ കുറിച്ചു.

 

ദാദാ സാഹേബ് ഫാൽക്കെ പുരസ്കാരം ലഭിച്ചതിന് പിന്നാലെ മോഹൻലാലിനെ പ്രശംസിച്ച് നടൻ മമ്മൂട്ടി. അർഹിച്ച ബഹുമതിയാണ് മോഹൻലാലിന് ലഭിച്ചതെന്നും അഭിമാനവും സന്തോഷവും തോന്നുന്നുണ്ടെന്നും മമ്മൂട്ടി പറഞ്ഞു. സിനിമയെ ശ്വസിക്കുകയും അതില്‍ ജീവിക്കുകയും ചെയ്ത ഒരു യഥാർത്ഥ കലാകാരനുള്ളതാണ് ഫാൽക്കെ പുരസ്കാരമെന്നും മമ്മൂട്ടി കുറിച്ചു.

 

ഇന്ത്യൻ സിനിമയുടെ പരമോന്നത ബഹുമതിയായ ദാദാ സാഹേബ് ഫാൽക്കെ പുരസ്കാരം ലഭിച്ചതിന് പിന്നാലെ പ്രതികരണവുമായി നടൻ മോഹൻലാൽ. ഇത് വലിയ അംഗീകാരമാണെന്നും മലയാള സിനിമയ്ക്കും കൂടിയുള്ള നേട്ടമാണിതെന്നും മോഹൻലാൽ പറഞ്ഞു. എന്നെ ഞാനാക്കി മാറ്റിയ സിനിമാ കുടുംബത്തോടും പ്രേക്ഷകരോടും നന്ദി അറിയിക്കുന്നുവെന്നും മോഹൻലാൽ പറഞ്ഞു.

 

ദാദാസാഹേബ് ഫാൽക്കെ പുരസ്കാരത്തിന് അര്‍ഹനായ മലയാളത്തിന്‍റെ പ്രിയ നടൻ മോഹൻലാലിന് ആശംസയുമായി കേന്ദ്ര മന്ത്രി അശ്വനി വൈഷ്ണവ്. ലാലേട്ടന് അഭിനന്ദനങ്ങള്‍ എന്ന് കുറിച്ചുകൊണ്ടാണ് കേന്ദ്ര മന്ത്രി അഭിനന്ദനം അറിയിച്ചത്. അടിപൊളിയും മനോഹരവുമായ കേരളത്തിൽ നിന്ന് ലോകത്താകമാനമുള്ള പ്രേക്ഷകരിലേക്ക് എത്തിയ നടനാണ് മോഹൻലാലെന്ന് അശ്വിനി വൈഷ്ണവ് കുറിച്ചു.

 

 

തമിഴക വെട്രി കഴകം പ്രസിഡന്റും സൂപ്പർതാരവുമായ വിജയ്‌യുടെ സംസ്ഥാന പര്യടനം രണ്ടാം ദിവസത്തിൽ. തീരദേശ ജില്ലയായ നാഗപ്പട്ടണത്തെ ആവേശത്തിലാക്കിയ വിജയ് പൊതുയോഗത്തിൽ സംസാരിച്ചു. പൊതുജനത്തിന് ബുദ്ധിമുട്ടുണ്ടാക്കുന്ന റോഡ്ഷോയെ കുറിച്ച് കഴിഞ്ഞ ദിവസം മദ്രാസ് ഹൈക്കോടതി വിമർശനം ഉന്നയിച്ച പശ്ചാത്തലത്തിൽ ഇന്ന് കരുതലോടെയായിരുന്നു ടിവികെ ക്രമീകരണങ്ങൾ.

 

യുഎസിന്റെ എച്ച്-വൺ ബി വീസ പരിപാടിയിൽ നിർദ്ദേശിക്കപ്പെട്ടിട്ടുള്ള പുതിയ നിയന്ത്രണങ്ങളെക്കുറിച്ചുള്ള റിപ്പോർട്ടുകൾ ശ്രദ്ധയിലുണ്ടെന്ന് ഇന്ത്യ. ഈ നീക്കത്തിൽ, ഇന്ത്യൻ വ്യവസായ മേഖല ഉൾപ്പെടെയുള്ള എല്ലാ വിഭാഗങ്ങളും പൂർണ്ണമായ പ്രത്യാഘാതങ്ങൾ പഠിച്ചുവരികയാണെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. അതേസമയം, കുടുംബങ്ങളെ ഈ നീക്കം ബാധിക്കുമോ എന്ന ആശങ്ക യുഎസ് പരിഹരിക്കണം. സാങ്കേതിക രംഗത്തെ മാറ്റങ്ങൾക്കും സാമ്പത്തിക വളച്ചയ്ക്കും നൈപുണ്യമുള്ളവർ വലിയ സംഭാവന നല്കിയെന്നും ഇന്ത്യ പ്രസ്താവനയി. ഓർമ്മിപ്പിച്ചു.

 

സൈബർ ആക്രമണത്തെ തുടർന്ന് യൂറോപ്പിലെ വിമാനത്താവളങ്ങളിൽ സേവനം തടസപ്പെട്ടു. ലണ്ടനിലെ ഹീത്രോ, ബ്രസ്സൽസ്, ബെർലിൻ എന്നിവയുൾപ്പെടെ നിരവധി പ്രമുഖ യൂറോപ്യൻ വിമാനത്താവളങ്ങളിലാണ് തടസമുണ്ടായത്. ആയിരക്കണക്കിന് യാത്രക്കാർ യാത്ര ചെയ്യാൻ സാധിക്കാതെ വലഞ്ഞു. ജർമ്മനിയിലെ ഫ്രാങ്ക്ഫർട് എയർപോർട്ടിനെയും സൂറിച്ച് എയർപോർട്ടിനെയും പ്രതിസന്ധി ബാധിച്ചില്ല.

 

എച്ച് 1 ബി വിസയ്ക്കുള്ള ഫീസ് ഒറ്റയടിക്ക് ഒരുലക്ഷം ഡോളറായി ഉയര്‍ത്തിയ യുഎസ് നടപടിയില്‍, പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേ വിമര്‍ശനവുമായി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി.സാമൂഹികമാധ്യമമായ എക്‌സിലൂടെ ആയിരുന്നു രാഹുലിന്റെ പ്രതികരണം.

 

 

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *