കേരളത്തില്‍ നടത്താന്‍ പോകുന്ന തീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തെ സംബന്ധിച്ച് വ്യക്തത വരുത്തി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ രത്തൻ ഖേൽക്കർ. തീവ്ര വോട്ടർ പട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ട് ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും സുതാര്യാവും ലളിതമായും നടപടികളുമയി മുന്നോട്ടുപോകും, യോഗ്യതയുള്ള ഒരാളും പട്ടികയിൽ നിന്നു പുറത്താകില്ല.എസ്ഐടിയില്‍ പ്രവാസി വോട്ടർമാർക്കും ആശങ്ക വേണ്ട എന്നാണ് രത്തന്‍ ഖേല്‍ക്കര്‍ വിശദീകരിക്കുന്നത്.
ആലപ്പുഴയില്‍ നടക്കുന്ന സിപിഐ സംസ്ഥാന സമ്മേളനത്തില്‍ സംസാരിച്ച് സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. സമ്മേളനത്തിൽ പങ്കെടുക്കാൻ എത്തിയ ആയിരങ്ങൾ ആരും ക്ഷണിച്ചിട്ട് വന്നവരല്ലെന്നും അവർ സ്വയം തോന്നി സ്വന്തം മനസിന്‍റെ വിളിക്കേട്ട് വന്നവരാണെന്നും ബിനോയ് വിശ്വം പറഞ്ഞു. സമാപന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
40 വര്‍ഷങ്ങള്‍ക്ക് ശേഷം 1.57 കോടി രൂപ ലാഭമുണ്ടാക്കി കെ.എസ്.ആര്‍.ടി.സി മുന്നേറ്റത്തിന്റെ പാതയിലാണെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ.ബി ഗണേഷ്‌കുമാര്‍. സ്‌കാനിയ, വോള്‍വോ, മിനി ബസുകളില്‍ ഉള്‍പ്പെടെ വൈ-ഫൈ സംവിധാനം സ്ഥാപിച്ചു. ഒരു ജി.ബി ഡാറ്റ വരെ സൗജന്യമാണ്.പത്തനാപുരം യൂണിറ്റില്‍ പുതുതായി അനുവദിച്ച 10 ബ്രാന്‍ഡ് ബസുകളുടെയും വിവിധ ഗ്രാമീണ്‍, അന്തര്‍ സംസ്ഥാന സര്‍വീസുകളുടെയും ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
കേരള സ്റ്റേറ്റ് റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്‍ (KSRTC) ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിദിന ടിക്കറ്റ് വരുമാനം കൈവരിച്ചതില്‍ അഭിനന്ദനം അറിയിച്ച് കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയന്‍. ആത്മാർപ്പണവും അധ്വാനവും അത്ഭുതങ്ങൾ സൃഷ്ടിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
കെഎസ്‌യു പ്രവർത്തകരെ മുഖംമൂടിയും കൈവിലങ്ങും ധരിപ്പിച്ച് കോടതിയിൽ ഹാജരാക്കിയ സംഭവത്തിൽ വടക്കാഞ്ചേരി ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി പൊലീസിനെ രൂക്ഷമായി വിമർശിച്ചു. സംഭവത്തിൽ വടക്കാഞ്ചേരി എസ്എച്ച്ഒ ഷാജഹാന് ഷോകോസ് നോട്ടീസ് നല്‍കാന്‍ കോടതി നിര്‍ദ്ദേശം നല്‍കി. പേപ്പട്ടിയെപ്പോലെ പ്രവര്‍ത്തിക്കുന്ന പൊലീസുകാരെ പേപ്പട്ടിയെ കൈകാര്യം ചെയ്യുന്നതുപോലെ കൈകാര്യം ചെയ്യുമെന്ന് ഡിസിസി അധ്യക്ഷന്‍ ജോസഫ് ടാജറ്റ് പ്രതികരിച്ചു. മുള്ളൂർക്കരയിൽ കെഎസ്‌യു-എസ്എഫ്ഐ സംഘർഷവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മൂന്ന് കെഎസ്.യു പ്രവർത്തകരെയാണ് കോടതിലേക്ക് കറുത്തമുഖം മൂടി വച്ച് മുഖം മറച്ച് കൊണ്ട് വന്നത്.
ചേലക്കരയിലെ കെ.എസ്.യു- എസ്.എഫ്.ഐ സംഘർഷത്തെ തുടർന്ന് അറസ്റ്റ് ചെയ്യപ്പെട്ട തൃശൂർ ജില്ലാ വൈസ് പ്രസിഡൻ്റ് ഗണേഷ് അടക്കമുള്ളപ്രവർത്തകരെ തല മൂടി കെട്ടി കോടതിയിൽ ഹാജരാക്കിയ സംഭവത്തിൽ പോലീസിനെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.യു സംസ്ഥാന പ്രസിഡൻ്റ് അലോഷ്യസ് സേവ്യർ.കൊടും ക്രിമിനലുകളെ ഹാജരാക്കുന്നത് പോലെയാണ് വിദ്യാർത്ഥി നേതാക്കളെ കോടതിയിൽ ഹാജരാക്കിയത്. മാന്യതയുടെ സകല സീമകളും പോലീസ് ലംഘിക്കുകയാണെന്നും, മറുപടി ഉണ്ടാകുമെന്നും അലോഷ്യസ് സേവ്യർ പറഞ്ഞു.
കെ.എസ്.യു. നേതാക്കളെ മുഖം മൂടിയും കയ്യാമം വെച്ചും കോടതിയിൽ ഹാജരാക്കിയതിൽ രൂക്ഷ വിമർശനവുമായി രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ. വിദ്യാർഥി പ്രസ്ഥാനത്തിന്റെ നേതാവായിരുന്നു എന്ന് ഗരിമ കൊള്ളുന്ന ആളാണ് കേരളത്തിന്റെ ആഭ്യന്തര മന്ത്രി എന്ന് മറക്കരുതെന്നും ആ വ്യക്തി കൈകാര്യം ചെയ്യുന്ന അഭ്യന്തര വകുപ്പിലാണ് വിദ്യാർഥി നേതാക്കൾ ഈ രീതിയിൽ കൈകാര്യം ചെയ്യപ്പെടുന്നതെന്നും എംഎൽഎ ഫെയ്സ്ബുക്കിൽ കുറിച്ചു.
തനിക്കെതിരായ ലൈംഗികാരോപണങ്ങൾക്ക് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന് റാപ്പർ വേടൻ. അതിൽ യാതൊരു സംശയവും തനിക്കില്ലെന്നും വേടൻ പറഞ്ഞു. വേടനെ സ്ഥിരം കുറ്റവാളിയാക്കാൻ ശ്രമം നടക്കുന്നുവെന്ന് കാണിച്ച് അദ്ദേഹത്തിന്റെ സഹോദരൻ മുഖ്യമന്ത്രിക്ക് നൽകിയ പരാതിയെ കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനായിരുന്നു പ്രതികരണം.
കരുവന്നൂർ തലവേദന തൽക്കാലം ഒഴിവായെന്ന് കരുതിനിന്ന സിപിഎം തൃശൂർ ജില്ലാ നേതൃത്വത്തിന് തലയിലേറ്റ വെള്ളിടിയായിരുന്നു ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറിയുടെ ശബ്ദരേഖ. ശരത് പ്രസാദിനോട് വിശദീകരണം ചോദിക്കുമെന്ന് ജില്ലാ സെക്രട്ടറി അബ്ദുൽ ഖാദർ പറഞ്ഞപ്പോൾ ഏതു ബാങ്കിലാണ് തന്റെ കോടികളുടെ അക്കൗണ്ട് എന്ന് ചോദിച്ചു കൊണ്ടായിരുന്നു എംകെ കണ്ണന്റെ പ്രതിരോധം. എസി മൊയ്തീന്റെയും എംകെ കണ്ണന്റെയും അനധികൃത സമ്പാദ്യം പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ആദായനികുതി വകുപ്പിനും വിജിലൻസിനും അനിൽ അക്കര പരാതി നൽകി.
ഡിവൈഎഫ്ഐ നേതാവ് ശരത്തിൻ്റെ പുറത്തുവന്നുള്ള ശബ്ദരേഖയിൽ മറുഭാഗത്തുള്ള ശബ്ദം തന്റെ തന്നെയാണെന്ന് മണ്ണുത്തിയിൽ പാർട്ടിയിൽ നിന്ന് പുറത്താക്കപ്പെട്ട നിബിൻ ശ്രീനിവാസൻ. അതെങ്ങനെ പുറത്തു പോയി എന്നെനിക്കറിയില്ലെനന്ന് നിബിൻ ശ്രീനിവാസൻ മാധ്യമങ്ങളോട് പറഞ്ഞു. ശരത്ത് ഏറ്റവും അടുത്ത സുഹൃത്താണ്. ഒന്നരക്കൊല്ലം മുമ്പാണ് ഇതെല്ലാം പറയുന്നത്.എംകെ കണ്ണിന്റെ തൊഴിലിനെ മോശമാക്കി സംസാരിച്ചത് ശരത്താണെന്നും നിബിൻ പറഞ്ഞു.
ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി പ്രതിനിധി സംഘം സിപിഎമ്മിന്റെ കേരള ആസ്ഥാന മന്ദിരമായ തിരുവനന്തപുരത എകെജി സെന്റർ സന്ദർശിച്ചു. ചൈനീസ് എംബസിയിലെ ഡെപ്യൂട്ടി ചീഫ് ഓഫ് മിഷൻ ഹെ മെങ്, രാഷ്ട്രീയ പാർട്ടികളുടെ കാര്യങ്ങളുടെ ചുമതലയുള്ള എംബസിയിലെ കൗൺസിലർ ഷൗ ഗുവോഹി, രാഷ്ട്രീയ പാർട്ടികളുടെ കാര്യങ്ങൾ കൈകാര്യം ചെയ്യുന്ന എംബസിയുടെ സെക്കൻഡ് സെക്രട്ടറി ഗുവോ ഡോങ്ഡോങ് എന്നിവരടങ്ങുന്ന സംഘമാണ് എകെജി സെന്റർ സന്ദർശിച്ചത്. പ്രതിനിധി സംഘത്തെ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ നേതൃത്വത്തിൽ സ്വീകരിച്ചു.
സ്വപ്ന സുരേഷിൻ്റെ വെളിപ്പെടുത്തലിൻ്റെ അടിസ്ഥാനത്തിൽ മുൻമന്ത്രിയും സിപിഎം നേതാവുമായ കടകംപ്പള്ളി സുരേന്ദ്രനെതിരെയും അന്വേഷണം. സ്വർണക്കടത്ത് കേസിലെ പ്രതിയായ സ്വപ്ന സുരേഷ് നടത്തിയ വെളിപ്പെടുത്തലിൻ്റെ അടിസ്ഥാനത്തിലാണ് അന്വേഷണം. കടകംപ്പള്ളി സുരേന്ദ്രൻ മോശം സന്ദേശങ്ങള്‍ അയച്ചുവെന്ന സ്വപ്നയുടെ വെളിപ്പെടുത്തലിൽ അന്വേഷണം വേണമെന്നാണ് പരാതി.
വയനാട്ടിൽ മുൻ ഡിസിസി ട്രഷറർ എൻ എം വിജയൻ ആത്മഹത്യ ചെയ്ത സംഭവത്തില്‍ കെപിസിസി നേതൃത്വം കുടുബത്തിന് നൽകിയ ഉറപ്പ് പാലിക്കപ്പെട്ടില്ല എന്ന് വിജയൻ്റെ മരുമകൾ പത്മജ. കോൺഗ്രസ് പ്രസ്ഥാനത്തിൽ വിശ്വാസം നഷ്ടപെട്ടെന്നും രണ്ടരക്കോടി രൂപയുടെ ബാധ്യതയാണുള്ളത് ഇത് വീട്ടാമെന്ന് പറഞ്ഞ് പാർട്ടി നേതൃത്വം വീണ്ടും വഞ്ചിക്കുകയായിരുന്നു ഇകാര്യത്തിൽ മുഖ്യമന്ത്രിക്ക് പരാതി നൽകും എന്നും അവർ അറിയിച്ചു.
കൂടല്‍മാണിക്യം ക്ഷേത്രത്തിലെ കഴകം നിയമനത്തില്‍ ചേര്‍ത്തല സ്വദേശി അനുരാഗിന്‍റെ നിയമനവുമായി മുന്നോട്ട് പോകാമെന്ന് ഹൈക്കോടതി. ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡിന് ഹൈക്കോടതിയുടെ അനുമതി ലഭിച്ചിരിക്കുകയാണ്. കഴകം നിയമനം പാരമ്പര്യാവകാശമെന്ന തെക്കേവാര്യം കുടംബത്തിന്‍റെ വാദം നിലനിന്നില്ല. അവകാശവാദം സിവില്‍ കോടതിയില്‍ ഉന്നയിക്കാമെന്ന് ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. മാലക്കഴകത്തിന് പാരമ്പര്യാവകാശം ഉന്നയിച്ച് തെക്കേവാര്യം കുടുംബാംഗം നല്‍കിയ ഹര്‍ജിയാണ് ഹൈക്കോടതി തീര്‍പ്പാക്കിയത്.
നടൻ സൗബിൻ ഷാഹിർ പ്രതിയായ മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസ് അന്വേഷിക്കാൻ പ്രത്യേക സംഘം. എറണാകുളം ഡിസിപി വിനോദ് പിള്ളയ്ക്ക് മേൽനോട്ട ചുമതല. എറണാകുളം ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ലത്തീഫ് അന്വേഷിക്കും. നിലവിൽ കേസ് അന്വേഷിക്കുന്ന സൗത്ത് എസിപി രാജ്‌കുമാറും അന്വേഷണ സംഘത്തിലുണ്ട്. പ്രത്യേക അന്വേഷണസംഘം രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് പരാതിക്കാരൻ ഡിജിപിയെ സമീപിച്ചിരുന്നു.
ഗുരുവായൂര്‍ ക്ഷേത്രത്തിലെ അഷ്ടമിരോഹിണി മഹോത്സവത്തിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ദേവസ്വം ചെയര്‍മാന്‍ ഡോ: വി.കെ. വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ആഘോഷത്തിനായി 38,47,700 രൂപയുടെ എസ്റ്റിമേറ്റിന് ദേവസ്വം ഭരണസമിതി അംഗീകാരം നല്‍കി. പൊതുവരി നില്‍ക്കുന്ന ഭക്തരുടെ ദര്‍ശനത്തിന് ദേവസ്വം മുന്‍ഗണന നല്‍കും.
സർക്കാരിനെതിരെ തലശ്ശേരി അതിരൂപത ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി. ക്രൈസ്തവ സ്കൂൾ മാനേജ്മെന്റുകളോട് വിവേചനം കാണിക്കുന്നുവെന്ന് പാംപ്ലാനി കുറ്റപ്പെടുത്തി. എയ്ഡഡ് സ്കൂളുകളെ മാഫിയ ഗണത്തിൽപ്പെടുത്തി സർക്കാർ പെരുമാറുന്നു. സർക്കാർ കാണിക്കുന്നത് നെറികേടാണെന്നും ആർച്ച് ബിഷപ്പ് രൂക്ഷഭാഷയിൽ വിമർശിച്ചു.
തിരുവനന്തപുരം സെന്റ് സേവിയേഴ്സ് കോളേജിലെ രണ്ടാം വർഷ ബിരുദ വിദ്യാർത്ഥി ആത്മഹത്യ ചെയ്തു. ചിറയിൻകീഴ് സ്വദേശിയായ അനഘ സുരേഷാണ് ജീവനൊടുക്കിയത്. അധ്യാപകരുടെ പീഡനമാണ് ആത്മഹത്യക്ക് കാരണമെന്ന് എസ്എഫ്ഐ ആരോപിച്ചു. കോളേജിൽ നടക്കുന്ന സെമിനാറിൽ പങ്കെടുക്കാൻ ബുദ്ധിമുട്ടാണെന്ന് ആത്മഹത്യക്കുറിപ്പിലുണ്ട്.
സംസ്ഥാനത്ത് ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. മലപ്പുറം അരീക്കോട് സ്വദേശിയായ പത്ത് വയസുകാരിക്കാണ് രോഗബാധ. ഇതോടെ കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ളവരുടെ എണ്ണം പതിനൊന്നായി. രോഗം സ്ഥിരീകരിച്ച രാമനാട്ടുകര സ്വദേശി കോഴിക്കോട് സ്വകാര്യ ആശുപത്രിയിലും ചികിത്സയിലാണ്.
ഒട്ടകങ്ങളെ ഉപയോഗിച്ച് മദ്യം കടത്തിയ സംഘത്തെ പിടികൂടി പൊലീസ്. ഫരീദാബാദിൽ നിന്ന് ദില്ലിയിലേക്ക് മദ്യം കടത്തിയ സംഘത്തെയാണ് പൊലീസ് പിടികൂടിയത്. ഒട്ടകങ്ങളെ ഉപയോഗിച്ച് കാട്ടുവഴിയിലൂടെ മദ്യം കടത്താൻ ശ്രമിക്കുന്നതിനിടെയാണ് സംഘത്തെ പൊലീസ് പിടികൂടിയത്. ഇവരുടെ പക്കൽ നിന്ന് 42 കാർഡ്ബോർഡ് പെട്ടി മദ്യവും മൂന്ന് ഒട്ടകങ്ങളെയും പൊലീസ് പിടിച്ചെടുത്തു
സുപ്രീം കോടതിയുടെ അതീവ സുരക്ഷാ മേഖലകളിൽ ഫോട്ടോകൾ എടുക്കുന്നതും സോഷ്യൽ മീഡിയ റീലുകൾ ചിത്രീകരിക്കുന്നതും നിരോധിച്ച് സുപ്രീംകോടതി. അഭിമുഖങ്ങളോ, ലൈവുകളോ നൽകാൻ താരതമ്യേന സുരക്ഷാ പ്രശ്നങ്ങൾ കുറവുള്ള പുൽത്തകിടിയുള്ള ഭാഗങ്ങൾ തെരഞ്ഞെടുക്കണമെന്നും മാധ്യമ പ്രവർത്തകരോട് ആവശ്യപ്പെട്ടു. സെപ്റ്റംബർ 10 ന് പുറപ്പെടുവിച്ച സർക്കുലറിൽ ആണ് നിർദേശമുള്ളത്.
സംസ്ഥാനത്തെ രാഷ്ട്രീയ നേതാക്കൾക്കെതിരെ അപകീർത്തികരമായ വീഡിയോ പുറത്തിറക്കിയെന്ന കേസിൽ ക്രൈം നന്ദകുമാറിന് തിരിച്ചടി. കേസിൽ മൂൻകൂർ ജാമ്യം തേടി നന്ദകുമാർ നൽകിയ ഹർജി സുപ്രീംകോടതി തള്ളി. കേസിൽ നന്ദകുമാറിനെ നേരത്തെ കോടതി അറസ്റ്റിൽ നിന്ന് ഇടക്കാല പരിരക്ഷ നൽകിയിരുന്നു. ഇത് കോടതി എടുത്തുകളഞ്ഞു. മാത്രമല്ല അന്വേഷണ ഊദ്യോഗസ്ഥനുമായുള്ള ഫോൺ സംഭാഷണം നന്ദകുമാർ സാമൂഹികമാധ്യമത്തിൽ പങ്കുവെച്ചതിനെയും കോടതി വിമർശിച്ചു
സുശീല കര്‍ക്കി നേപ്പാളിന്‍റെ ഇടക്കാല പ്രധാനമന്ത്രിയാവും. ഇന്ന് രാത്രി 9 മണിക്ക് തന്നെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുമെന്നാണ് വിവരം. 34 പേരുടെ മരണത്തിനും ആയിരക്കണക്കിനാളുകൾക്ക് പരിക്കേൽക്കാനും ഇടയാക്കിയ അക്രമാസക്തമായ കലാപത്തിന് പിന്നാലെയാണ് നേപ്പാളിൽ പ്രധാനപ്പെട്ട രാഷ്ട്രീയ നീക്കം ഉണ്ടാവുന്നത്. സാമൂഹ്യമാധ്യമങ്ങൾ നിരോധിച്ചതോടെയാണ് നേപ്പാളിൽ ജെൻ സികൾ തെരുവിലിറങ്ങിയത്.
നേപ്പാളിൽ അശാന്തി തുടരുന്നതിനിടെ ആന്ധ്രാപ്രദേശിൽ നിന്നുള്ള തീർത്ഥാടകരുടെ ബസ് കാഠ്മണ്ഡുവിനടുത്ത് അക്രമികൾ തകർക്കുകയും കൊള്ളയടിക്കുകയും ചെയ്തു. വ്യാഴാഴ്ചയാണ് സംഭനം. അക്രമത്തിൽ നിരവധിപേർക്ക് പരിക്കേറ്റു. കാഠ്മണ്ഡുവിലെ പശുപതിനാഥ ക്ഷേത്ര ദർശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന തീർത്ഥാടകർ സഞ്ചരിച്ചിരുന്ന യുപി രജിസ്ട്രേഷൻ നമ്പർ ബസാണ് ആക്രമണത്തിന് ഇരയായതെന്ന് പൊലീസ് പറഞ്ഞു.
അമേരിക്കൻ വലതുപക്ഷ രാഷ്ട്രീയ പ്രവർത്തകനായ ചാർളി കിർക്ക് വെടിവച്ച് കൊലപ്പെടുത്തിയ അക്രമി പിടിയിലെന്ന് ഡൊണാൾഡ് ട്രംപ്. അക്രമിയെ അറിയുന്നവർ തന്നെയാണ് ഇയാളെ പിടികൂടാൻ സഹായിച്ചതെന്നാണ് ട്രംപ് വിശദമാക്കിയത്. കൊലപാതകത്തിന് കാരണമായതെന്താണെന്ന് അടക്കം അറിയാനുള്ള അന്വേഷണം പുരോഗമിക്കുകയാണെന്നും ട്രംപ് വിശദമാക്കി.
ഖത്തറില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ഹമാസിന്റെ ഉന്നതനേതാക്കള്‍ ദോഹയില്‍ എത്തുമെന്ന കാര്യം ഉറപ്പാക്കിയ ശേഷമാണ് ഇസ്രയേല്‍ ആക്രമണം നടത്തിയത്. നീക്കം സംബന്ധിച്ച് അമേരിക്കയ്ക്ക് നേരത്തേ വിവരം ലഭിക്കാതിരിക്കാന്‍ ഇസ്രയേല്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. ഖത്തറിനുമേല്‍ ആക്രമണം നടത്തുന്നതിനായി രണ്ട് മാസത്തിലേറെയായി ഇസ്രയേല്‍ സൈനിക നടപടികള്‍ ആസൂത്രണം ചെയ്യുകയായിരുന്നുവെന്നും സിഎന്‍എന്‍ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു.