രാജ്യത്തിന്‍റെ 15-ാം ഉപരാഷ്ട്രപതിയായി എൻഡിഎയുടെ സ്ഥാനാർത്ഥി സി പി രാധാകൃഷ്ണന്‍ തെരഞ്ഞെടുക്കപ്പെട്ടു. പോള്‍ ചെയ്യപ്പെട്ട 767 വേട്ടില്‍ ല്‍4 54 വോട്ട് നേടിയാണ് സി പി രാധാകൃഷ്ണന്‍റെ വിജയം. രഹസ്യ ബാലറ്റ് അടിസ്ഥാനത്തിലാണ് വോട്ടെടുപ്പ് നടന്നത്. സുപ്രീംകോടതിയില്‍ നിന്ന് വിരമിച്ച ജസ്റ്റിസ് ബി സുദര്‍ശന്‍ റെഡ്ഡിയാണ് ഇന്ത്യ മുന്നണിക്ക് വേണ്ടി മത്സരിച്ചത്. ഇന്ത്യ സഖ്യത്തില്‍ വോട്ടുചേര്‍ച്ച ഉണ്ടായി എന്നാണ് സൂചന. 300 വോട്ടുകള്‍ മാത്രമാണ് സുദര്‍ശന്‍ റെഡ്ഡിക്ക് നേടാനായത്.
തലസ്ഥാന നഗരിയിൽ 7 ദിവസം നീണ്ടു നിന്ന ഓണം വാരാഘോഷങ്ങൾക്ക് ഇന്ന് സമാപനം. ആയിരത്തിലധികം കലാകാരൻമാർ അണിനിരക്കുന്ന 60ഓളം നിശ്ചലദൃശ്യങ്ങളാണ് സമാപന ഘോഷയാത്രയിൽ അണിനിരക്കുന്നത്. കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ സമാപന ഘോഷയാത്ര ഫ്ലാഗ് ഓഫ് ചെയ്തു. എല്ലാവർക്കും നമസ്കാരം പറഞ്ഞ് പ്രസംഗിച്ചു തുടങ്ങിയ ഗവർണർ മുഖ്യമന്ത്രിയെ സഹോദരനെന്നാണ് അഭിസംബോധന ചെയ്തത്. സമാപന വേദിയിൽ മുഖ്യമന്ത്രിയെ പ്രശംസിച്ചാണ് ഗവര്‍ണര്‍ സംസാരിച്ചത്.
ആറന്മുള ഉത്രട്ടാതി വള്ളംകളിയിൽ ജലരാജാക്കന്മാരായി മേലുകരയും കൊറ്റത്തൂരും. ഫൈനല്‍ മത്സരത്തില്‍ എ എ ബാച്ച് വിഭാഗത്തിൽ മേലുകര പള്ളിയോടവും ബി ബാച്ച് വിഭാഗത്തിൽ കൊറ്റാത്തൂര്‍-കൈതക്കോടി പള്ളിയോടവും വിജയികളായി. അതേസമയം, പ്രതിഷേധം ഉയർത്തി കോയിപ്രം പള്ളിയോടം ലൂസേഴ്സ് ഫൈനലില്‍ പങ്കെടുക്കാതെ മടങ്ങി. സമയ നിര്‍ണയത്തില്‍ അപാകതയെന്നായിരുന്നും കോയിപ്രം പള്ളിയോടത്തിന്‍റെ പരാതി.
കുന്നംകുളം പൊലീസ് കസ്റ്റഡി മർദനത്തിൽ മുൻപൊലീസ് ഡ്രൈവർ സുഹൈറിനെ പ്രതിയാക്കണമെന്ന് ആവശ്യപ്പെട്ട് മർദനത്തിനിരയായ യൂത്ത് കോൺഗ്രസ് നേതാവ് വി എസ് സുജിത്ത് ഹർജി നൽകി. കുന്നംകുളം മജിസ്ട്രേറ്റ് കോടതിയിലാണ് ഹർജി നൽകിയിരിക്കുന്നത്. നിലവിൽ വില്ലേജ് എക്സ്റ്റൻഷൻ ഓഫീസറാണ് സുഹൈർ. നേരത്തെ മറ്റ് 4 പൊലീസ് ഉദ്യോഗസ്ഥരെ പ്രതികളാക്കുകയും സസ്പെൻഡ് ചെയ്യുകയും ചെയ്തിരുന്നു. 5 പൊലീസുകാർക്കും എതിരെ നടപടി വേണമെന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കുകയാണ് സുജിത്ത്.
ഓണക്കാലത്ത് സഹകരണ മേഖലയിലുണ്ടായത് റെക്കോർഡ് വില്പന. ആകെ 312 കോടി രൂപയുടെ വിൽപന നടന്നതിൽ 187 കോടി രൂപ കൺസ്യൂമർഫെഡ് നേരിട്ട് നടത്തിയ ഓണവിപണികളിലൂടെയാണ്. സഹകരണ മേഖലയിലെ 750 ഓളം സൂപ്പർ മാർക്കറ്റുകളിലൂടെ 125 രൂപയുടെ വിൽപ്പനയും നടന്നു. വിലക്കയറ്റം നിയന്ത്രിക്കുന്നതിൽ കൺസ്യൂമർഫെഡിന് ഫലപ്രദമായി ഇടപെടാൻ കഴിഞ്ഞെന്ന് കൺസ്യൂമർഫെഡ് ചെയർമാൻ അഡ്വ.പി.എം.ഇസ്മയിൽ കൊച്ചിയിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
അയ്യപ്പസംഗമത്തിന് അവമതിപ്പുണ്ടാക്കാൻ ഗൂഢശ്രമം നടക്കുന്നതായി ദേവസ്വം ബോർഡ്. ദ്വാരപാലക ശില്പങ്ങളിലെ സ്വർണ്ണപ്പാളികൾ കൊണ്ടുപോയത് താന്ത്രിക നിർദ്ദേശപ്രകാരമാണെന്നും സുരക്ഷിത വാഹനങ്ങളിലാണ് ചെന്നൈയിലേക്ക് കൊണ്ടുപോയതെന്നും ദേവസ്വം ബോർഡ് വാർത്താക്കുറിപ്പിൽ അറിയിച്ചു. ശബരിമല ശ്രീകോവിലിന് മുന്നിലെ ദ്വാരപാലക ശിൽപങ്ങളിലെ സ്വർണപ്പാളിയുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദത്തിലാണ് ദേവസ്വം ബോർഡിന്റെ വിശദീകരണം.
കണ്ണൂർ പാനൂര്‍ ബോംബ് സ്ഫോടന കേസിലെ പ്രതിയെ സിപിഎം ബ്രാഞ്ച് സെക്രട്ടറിയായി തെരഞ്ഞെടുത്തു. അമൽ ബാബുവിനെയാണ് മീത്തലെ കുന്നോത്ത് പറമ്പ് ബ്രാഞ്ച് സെക്രട്ടറി ആയി തെരഞ്ഞെടുത്തത്. നിലവിലെ സെക്രട്ടറിക്ക് പ്രവർത്തിക്കാനുള്ള അസൗകര്യത്തെ തുടർന്നാണ് മാറ്റം.
വായ്പ എടുക്കാൻ ഈട് നൽകിയ ആധാരം സ്വന്തം ചിട്ടിക്ക് ഈട് വച്ച് 30 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ കെഎസ്എഫ്ഇ ജീവനക്കാരൻ കീഴടങ്ങി. കെഎസ്എഫ്ഇ ആലപ്പുഴ റീജനൽ ഓഫിസിലെ സ്പെഷൽ ഗ്രേഡ് അസിസ്റ്റന്റ് മണ്ണഞ്ചേരി കൂരുവേലിച്ചിറയിൽ എസ് രാജീവനാണ് നൂറ് ദിവസത്തിലേറെ ഒളിവിൽ കഴിഞ്ഞ ശേഷം കീഴടങ്ങിയത്. ഇയാളെ അറസ്റ്റ് ചെയ്‌ത ശേഷം കോടതിയിൽ ഹാജരാക്കി ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.
ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിദിന ടിക്കറ്റ് വരുമാന നേട്ടം അഥവാ ഓപ്പറേറ്റിംഗ് റവന്യു കൈവരിച്ചിരിക്കുകയാണ് കേരള സ്റ്റേറ്റ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍. 10.19 കോടി രൂപയാണ് ഒറ്റ ദിവസം കൊണ്ട് കെഎസ്ആർടിസി സ്വന്തമാക്കിയത്. 2025 സെപ്റ്റംബര്‍ 8-ാം തീയതിയാണ് എക്കാലത്തെയും മികച്ച പ്രതിദിന ടിക്കറ്റ് വരുമാനമായ 10.19 കോടി രൂപ കെഎസ്ആര്‍ടിസി നേടിയത്.
സാമൂഹിക മാധ്യമങ്ങൾക്ക് വിലക്കേർപ്പെടുത്തിയതിനെ തുടർന്ന് നേപ്പാളിൽ പൊട്ടിപ്പുറപ്പെട്ട ജെൻ സി പ്രക്ഷോഭം അതിരൂക്ഷമാകുന്ന സാഹചര്യത്തിൽ പാർലമെന്റ് മന്ദിരത്തിന് തീയിട്ട് പ്രക്ഷോഭകാരികൾ. സമൂഹമാധ്യമ നിരോധനം പിൻവലിച്ചിട്ടും നേപ്പാളിൽ പ്രക്ഷോഭം ആളിപ്പടരുകയാണ്. പ്രധാനമന്ത്രി രാജി വെച്ചൊഴിയണം എന്നായിരുന്നു പ്രക്ഷോഭകാരികളുടെ പ്രധാന ആവശ്യം. തുടര്‍ന്ന് ഇന്ന് ഉച്ചയോടെയാണ് പ്രധാനമന്ത്രി കെ പി ശര്‍മ ഒലി രാജിക്കത്ത് നൽകിയത്. ഒലിയെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റിയിരിക്കുകയാണ്.
നേപ്പാളിൽ മലയാളി വിനോദ സഞ്ചാരികൾ കുടുങ്ങിക്കിടക്കുന്ന സംഭവത്തിൽ വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കറുമായി സംസാരിച്ച് കെ സി വേണുഗോപാല്‍ എംപി. കാഠ്മണ്ഡു വിമാനത്താവളം അടച്ചിരിക്കുകയാണെന്നും സംഘർഷം രൂക്ഷമായിരിക്കുന്ന സാഹചര്യത്തിൽ ഇന്ത്യക്കാർ സുരക്ഷിത സ്ഥാനങ്ങളിൽ തുടരണമെന്നും ജയശങ്കർ അറിയിച്ചു. കേന്ദ്ര സഹമന്ത്രി ജോർജ് കുര്യനും സംഭവത്തിൽ ഇടപെട്ടിട്ടുണ്ട്. മലയാളി വിനോദ സഞ്ചാരികൾക്ക് സുരക്ഷിത താമസ സൗകര്യം ഏർപ്പെടുത്തിയതായി മന്ത്രി ജോർജ് കുര്യൻ്റെ ഓഫീസ് അറിയിച്ചു.
നേപ്പാളിൽ സംഭവിച്ച കലാപം ഏത് രാജ്യത്തും നടക്കാമെന്ന് ശിവസേന (യുബിടി) നേതാവ് സഞ്ജയ് റാവത്ത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ബിജെപിയെയും വിമർശിച്ചായിരുന്നു ശിവസേന നേതാവിന്റെ പോസ്റ്റ്. ‘’ഇന്ന് നേപ്പാൾ… ഈ സാഹചര്യം ഏത് രാജ്യത്തും ഉണ്ടാകാം. സൂക്ഷിക്കുക! ഭാരത് മാതാ കീ ജയ്, വന്ദേമാതരം”- എന്നായിരുന്നു പോസ്റ്റ്. പ്രധാനമന്ത്രി മോദിയെയും ബിജെപിയെയും ടാഗ് ചെയ്യുകയും ചെയ്തു.
പ്രളയം ബാധിച്ച ഹിമാചൽപ്രദേശിനും പഞ്ചാബിനും ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. മിന്നൽ പ്രളയവും മണ്ണിടിച്ചിലും നാശം വിതച്ച ഹിമാചൽപ്രദേശിന് 1500 കോടി രൂപയും പ്രളയം രൂക്ഷമായി ബാധിച്ച പഞ്ചാബിന് 1600 കോടി രൂപയുമാണ് പ്രധാനമന്ത്രി ധനസഹായമായി പ്രഖ്യാപിച്ചത്. ഇത് കൂടാതെ ദുരന്തങ്ങളിൽ മരിച്ചവർക്ക് രണ്ടുലക്ഷം രൂപയും പരിക്കേറ്റവർക്ക് 50000 രൂപയും ധനസഹായം നൽകുമെന്നും പ്രധാനമന്ത്രി അറിയിച്ചു. ഹിമാചൽ പ്രദേശിലും പഞ്ചാബിലും സന്ദർശനം നടത്തിയ ശേഷമായിരുന്നു പ്രധാനമന്ത്രിയുടെ പ്രഖ്യാപനം.
സിയാച്ചിൻ ക്യാമ്പിലുണ്ടായ ഹിമപാതത്തിൽ മൂന്ന് സൈനികർക്ക് വീരമൃത്യു. രണ്ട് അഗ്നിവീറുകളും ഒരു സൈനികനുമാണ് മരിച്ചത്. ഒരു സൈനികനെ രക്ഷപ്പെടുത്തി. രക്ഷാപ്രവർത്തനം തുടരുന്നതായി കരസേന അറിയിച്ചു.
ഇസ്രായേൽ ആക്രമണത്തിന് പിന്നാലെ മധ്യസ്ഥശ്രമങ്ങൾ ഖത്തർ അവസാനിപ്പിച്ചതായി റിപ്പോർട്ട്. അൽ അറബിയയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഹമാസ് – ഇസ്രായേൽ വെടിനിർത്തൽ ചർച്ചകളിലെ പ്രധാന മധ്യസ്ഥ രാഷ്ട്രമാണ് ഖത്തർ. ഇസ്രായേലിന്റെ ആക്രമണത്തിന് പിന്നാലെ സൗദി ഭരണാധികാരി മുഹമ്മദ് ബിൻ സൽമാൻ ഖത്തർ അമീറിനെ ഫോണിൽ വിളിച്ചു. നിലവിൽ രാജ്യത്തെ സ്ഥിതി സുരക്ഷിതമാണെന്നും ഔദ്യോഗിക വിവരങ്ങളെ ആശ്രയിക്കണമെന്നും ഖത്തർ ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
ദോഹയില്‍ ഹമാസ് നേതാക്കളെ ലക്ഷ്യമിട്ട് ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ ശക്തമായി അപലപിച്ച് ഖത്തര്‍. ‘ഖത്തര്‍ തലസ്ഥാനമായ ദോഹയില്‍ ഹമാസിന്റെ പൊളിറ്റിക്കല്‍ ബ്യൂറോയിലെ നിരവധി അംഗങ്ങള്‍ താമസിക്കുന്ന പാര്‍പ്പിട സമുച്ചയം ലക്ഷ്യമിട്ട് ഇസ്രയേല്‍ നടത്തിയ ഭീരുത്വമാർന്ന ആക്രമണത്തെ ഖത്തര്‍ ശക്തമായി അപലപിക്കുന്നു എന്ന് ‘ ഖത്തര്‍ വിദേശകാര്യ മന്ത്രാലയ വക്താവ് അറിയിച്ചു.
വെടിനിർത്തൽ ധാരണകൾ സംബന്ധിച്ച ചർച്ചയ്ക്കിടെ ഖത്തര്‍ തലസ്ഥാനമായ ദോഹയില്‍ ആക്രമണം നടത്തി ഇസ്രയേൽ. ദോഹയിലെ ഹമാസ് കേന്ദ്രങ്ങൾ ലക്ഷ്യമിട്ടായിരുന്നു ഉഗ്രസ്‌ഫോടനമാണ് നടന്നത്. കത്താര പ്രവിശ്യയിൽ ആയിരുന്നു സ്ഫോടനം. ഒന്നിലധികം സ്ഫോടന ശബ്ദങ്ങൾ കേട്ടതായാണ് വിവരം. ഉഗ്ര ശബ്ദം കേൾക്കുകയും പുക ഉയരുകയും ആയിരുന്നു എന്നാണ് പ്രദേശവാസികൾ പറയുന്നത്. ഹമാസ് ഉന്നത നേതൃത്വത്തെ ലക്ഷ്യം വെച്ചായിരുന്നു അക്രമണം എന്നാണ് സൂചന. ആക്രമണം ഇസ്രയേൽ സൈന്യം സ്ഥിരീകരിച്ചു.
ഖത്തറിൽ ആക്രമണം നടത്തിയത് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ അനുമതിയോടെയാണെന്ന് റിപ്പോർട്ട്. ഖത്തറിലെ കത്താറയിൽ ആക്രമണം നടത്തിയതായി ഇസ്രായേൽ പ്രതിരോധ സേനയും (IDF) ഇസ്രായേലി സുരക്ഷാ ഏജൻസിയും (ISA) സ്ഥിരീകരിച്ചു. ഹമാസിന്റെ ഉന്നത നേതാക്കളെ ലക്ഷ്യം വച്ചുള്ള ആക്രമണമാണ് നടത്തിയതെന്നാണ് വിവരം.
ഗാസ നഗരത്തിലെ ആക്രമണം കടുപ്പിക്കാൻ പദ്ധതിയിട്ടിരിക്കെ, ചൊവ്വാഴ്ച നഗരത്തിൽ നിന്ന് പൂർണമായും ഒഴിഞ്ഞുപോകാൻ ഇസ്രായേൽ സൈന്യം ആവശ്യപ്പെട്ടു. നഗരം പൂർണ്ണമായും ഒഴിപ്പിക്കുന്നതിനുള്ള മുന്നറിയിപ്പാണ് സൈന്യം നൽകിയത്. ചൊവ്വാഴ്ച വടക്കൻ ഗാസയിൽ നിന്ന് തെക്കൻ ഗാസയിലേക്ക് മുൻ ദിവസങ്ങളെ അപേക്ഷിച്ച് കൂടുതൽ കാറുകളും ട്രക്കുകളും സാധനങ്ങളും ആളുകളുമായി കടന്നുപോകുന്നതായി അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്തു.
നേപ്പാളിൽ കലാപം കത്തുന്നു. ‘ജെൻ സി’ പ്രക്ഷോഭകാരികൾ മുന്‍ പ്രധാനമന്ത്രിയുടെ വീടിന് തീയിട്ടു. വീടിനുള്ളിലുണ്ടായിരുന്ന ഭാര്യ വെന്തുമരിച്ചു. മുൻ പ്രധാനമന്ത്രി ഝലനാഥ് ഖനാലിന്റെ ഭാര്യ രാജ്യലക്ഷ്മി ചിത്രാക്കർ ആണ് മരിച്ചത്. പ്രതിഷേധക്കാർ അവരുടെ വീടിന് തീയിടുകയും വീടിന് ഉള്ളിലുണ്ടായിരുന്ന രാജ്യലക്ഷ്മി വെന്തുമരിക്കുകയായിരുന്നുവെന്നുമാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.