Untitled design 20250112 193040 0000 3

 

അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ഒരു മരണം കൂടി. കോഴിക്കോട് മെഡിക്കൽ കോളേജില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന വയനാട് ബത്തേരി സ്വദേശി രതീഷ് എന്ന 45 കാരനാണ് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജിൽ രോഗം ബാധിച്ച് 11 പേരാണ് ചികിത്സയിലുള്ളത്. ചികിത്സയിലുള്ള രണ്ടുപേരുടെ നില അതീവ ഗുരുതരമാണ്. മലപ്പുറം സ്വദേശിയായ പത്ത് വയസുകാരന് വ്യാഴാഴ്ച അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചിരുന്നു. കുട്ടി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.

 

 

കുന്നംകുളം കസ്റ്റഡി മർദനത്തിൽ പ്രതിപ്പട്ടികയിലുള്ള 4 പൊലീസ് ഉദ്യോ​ഗസ്ഥരേയും സസ്പെൻ്റ് ചെയ്തു. എസ് ഐ നുഹ്മാൻ , സിപി ഒമാരായ ശശിധരൻ, കെജെ സജീവൻ, എസ് സന്ദീപ് എന്നിവരെയാണ് സസ്പെൻ്റ് ചെയ്ത് ഉത്തരവിറങ്ങിയത്. ഇവർ‌ക്കെതിരെ വകുപ്പുതല പുനരന്വേഷണത്തിനും ഉത്തരവിട്ടു. എല്ലാ രേഖകളും ഹാജരാക്കാൻ ഐജി രാജ്പാൽ മീണയാണ് ഉത്തരവിട്ടത്.

 

 

കുന്നംകുളം പോലീസ് സ്‌റ്റേഷനില്‍ തന്നെ മര്‍ദിച്ച എല്ലാവരേയും സര്‍വീസില്‍ നിന്ന് പുറത്താക്കുന്നതുവരെ പോരാട്ടം തുടരുമെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാവ് വി.എസ് സുജിത്ത്. ഇപ്പോള്‍ സര്‍വീസിലുള്ള നാല് പോലീസുകാര്‍ക്ക് പുറമെ അന്നത്തെ പോലീസ് ഡ്രൈവറായിരുന്ന ഷുഹൈറിനെതിരേയും നടപടി വേണം. ഇവര്‍ക്ക് നിയമപരമായ ശിക്ഷ വാങ്ങിക്കൊടുക്കുന്നതുവരെ പിന്നോട്ടില്ല-സുജിത്ത് വ്യക്തമാക്കി.

 

കുന്നംകുളത്ത് യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് സുജിത്തിനെ അതിക്രൂരമായി മര്‍ദിച്ച പോലീസുകാരെ സര്‍വീസില്‍നിന്ന് പിരിച്ചുവിടണമെന്ന് കോണ്‍ഗ്രസ് നേതാവ് .രമേശ് ചെന്നിത്തല. സുജിത്തിനെ പോലീസ് ക്രൂരമായി മര്‍ദിച്ചതിന് മറുപടി പറയേണ്ട ബാധ്യത മുഖ്യമന്ത്രി പിണറായി വിജയനാണെന്നും ചെന്നിത്തല പറഞ്ഞു. മര്‍ദനത്തിനിരയായ സുജിത്തിന്റെ വീട് സന്ദര്‍ശിച്ചശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം

 

 

കസ്റ്റഡിയിൽ വെച്ച് പൊലീസിന്റെ ക്രൂര മർദനത്തിന് ഇരയായ സുജിത്തിന്റെ വീട് സന്ദർശിച്ച് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. മർദന കേസിൽ മുഖ്യമന്ത്രി മറുപടി പറയണമെന്നും മുഖ്യമന്ത്രിയുടെ മൗനം നാട്ടിൽ ഇതുപോലുള്ള ആക്രമണങ്ങൾ ഉണ്ടാകുന്നതിന് പ്രേരണയുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു. നാല് പൊലീസുകാരെ സസ്പെൻഡ് ചെയ്താൽ മാത്രം പോര, സർവ്വീസിൽ നിന്നും പുറത്താക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

 

തൃശ്ശൂർ കുന്നംകുളം പൊലീസ് സ്റ്റേഷനിൽ യൂത്ത് കോൺഗ്രസ് നേതാവ് വി എസ് സുജിത്തിന് ക്രൂരമർദനമേറ്റ സംഭവത്തിൽ പ്രതിപ്പട്ടികയിലുള്ള പൊലീസ് ഉദ്യോഗസ്ഥന്റെ വീട്ടിലേക്ക് കോൺഗ്രസ് മാർച്ച്. പ്രതിപ്പട്ടികയിലുള്ള പൊലീസ് ഉദ്യോഗസ്ഥൻ ശശിധരന്റെ തൃപ്പൂരിലെ വീട്ടിലേക്കാണ് കോൺഗ്രസ് പ്രതിഷേധം സംഘടിപ്പിച്ചത്. ബാരിക്കേഡ് മറികടക്കാൻ പ്രവര്‍ത്തകര്‍ ശ്രമം നടത്തി. ബാരിക്കേഡ് മറികടന്ന പ്രവർത്തകനെ പോലീസ് കസ്റ്റഡിയിലെടുത്തു.

 

തൃശ്ശൂരിലെ കുന്നംകുളം കസ്റ്റഡി മർദനത്തിൽ മുഖ്യമന്ത്രി പ്രതികരിക്കാത്തത് എന്തുകൊണ്ടാണെന്ന ചോദ്യവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. അതേസമയം അയ്യപ്പസംഗമം സംബന്ധിച്ച ചോദ്യങ്ങൾക്ക് മറുപടി വേണമെന്നും അയ്യപ്പഭക്തരെ കബളിപ്പിക്കാനാണ് ശ്രമമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

 

യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ഫിറോസിനെ വെല്ലുവിളിച്ച് മുൻമന്ത്രി കെ.ടി. ജലീൽ എം.എൽ.എ. ബന്ധുനിയമന വിവാദത്തിൽ തനിക്കെതിരായ ലോകായുക്ത വിധി ജസ്റ്റിസ് സിറിയക് ജോസഫിനെ സ്വാധീനിച്ചു നേടിയതാണെന്നും അല്ലെന്നാണെങ്കിൽ ഫിറോസ് ഖുർആൻ തൊട്ട് സത്യം ചെയ്യണമെന്നും ഖുർആൻ ഉയർത്തി കെ.ടി.ജലീൽ വെല്ലുവിളിച്ചു.

 

യൂത്ത് കോൺഗ്രസ്‌ പ്രവർത്തകന് മർദനമേറ്റ ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെ വി ഡി സതീശൻ മുഖ്യമന്ത്രിക്കൊപ്പം ഓണസദ്യ കഴിച്ചത് ശരിയായില്ലെന്ന് മുൻ പ്രതിപക്ഷനേതാവ് കെ. സുധാകരൻ. താനായിരുന്നെങ്കിൽ അങ്ങനെ ചെയ്യുമായിരുന്നില്ലെന്നും സുധാകരൻ പറഞ്ഞു. അതേസമയം യൂത്ത് കോൺഗ്രസ്‌ അധ്യക്ഷ പദവിയിൽ ചർച്ചകൾ നടക്കുന്നുവെന്നും പുതിയ അധ്യക്ഷൻ വരാത്തത് പോരായ്മയാണെന്നും പറഞ്ഞ കെ സുധാകരൻ കോൺഗ്രസിൽ സ്ഥാനമാനങ്ങൾ ആഗ്രഹിക്കുന്ന ഒരുപാട് പേരുണ്ടെന്നും ചൂണ്ടിക്കാട്ടി.

 

കെപിസിസി ഡിജിറ്റൽ മീഡിയ സെല്ലിന്റെ തലപ്പത്ത് നിന്ന് വി ടി ബൽറാമിനെ മാറ്റും. ‘ബീഡിയും ബീഹാറും’ എന്ന വിവാദ സോഷ്യൽ മീഡിയ പോസ്റ്റിന് പിന്നാലെയാണ് ഡിജിറ്റൽ മീഡിയ അഴിച്ചു പണിയാൻ കെപിസിസി തീരുമാനം. അതേസമയം പ്രതിപക്ഷ നേതാവ് ഉൾപ്പെടെയുള്ള പ്രധാന നേതാക്കൾക്കെതിരെ ഡിജിറ്റൽ മീഡിയ പ്രവർത്തിച്ചു എന്ന വിമർശനവും മാറ്റത്തിന് കാരണമാണ്.

 

കേരളത്തിലെ ശിശുമരണനിരക്ക് അ‌‌ഞ്ച് ആയി കുറഞ്ഞുവെന്ന് ആരോഗ്യ മന്ത്രി വീണ ജോര്‍ജ്. ഇന്ത്യയിലെ ഏറ്റവും കുറഞ്ഞ ശിശുമരണ നിരക്കാണിത്. ദേശീയ ശരാശരി 25 ആണ്. അമേരിക്കൻ ഐക്യനാടുകളുടെ ശിശുമരണ നിരക്ക് 5.6 ആണ്. അതായത് യുഎസിന്‍റെ ശിശു മരണനിരക്കിനേക്കാൾ കേരളത്തിലെ ശിശുമരണ നിരക്ക് കുറഞ്ഞിരിക്കുകയാണ്.

 

കണ്ണൂർ ആയിക്കരയിലെ മത്സ്യത്തൊഴിലാളി സഹകരണ സംഘത്തിൽ വ്യാജ വായ്പ തട്ടിപ്പ്. 20 വര്‍ഷം മുൻപ് മരിച്ചവരെ പോലും ജാമ്യക്കാരാക്കി ചിത്രീകരിച്ചാണ് തട്ടിപ്പ് നടന്നത്. സെക്രട്ടറിയും ഭരണ സമിതി അംഗങ്ങളും ചേര്‍ന്നുളള സംഘടിത കൊള്ളയാണ് നടന്നതെന്ന് ഫിഷറീസ് വകുപ്പിന്‍റെ അന്വേഷണ റിപ്പോർട്ടിൽ പറയുന്നു. സിപിഎം നേതൃത്വത്തിലുളള ഭരണസമിതി അംഗങ്ങള്‍ക്കെതിരെ പേരിനൊരു കേസ് എടുത്തതല്ലാതെ പൊലീസിന്‍റെ ഭാഗത്തുനിന്ന് കാര്യമായ നടപടികളൊന്നും ഉണ്ടായിട്ടില്ല.

 

പൊലീസിനെതിരെ സിപിഎം ലോക്കൽ സെക്രട്ടറിയുടെ ഫേസ്ബുക്ക് പോസ്റ്റ്‌. കൊല്ലം കണ്ണനല്ലൂർ പൊലീസ് കയ്യേറ്റം ചെയ്‌തെന്ന് നെടുമ്പന നോർത്ത് ലോക്കൽ സെക്രട്ടറി സജീവാണ് ആരോപണം ഉന്നയിച്ചത്. ഒരു കേസിന്‍റെ മധ്യസ്ഥ ചർച്ചയ്ക്ക് എത്തിയ തന്നെ സിഐ കാരണമില്ലാതെ ഉപദ്രവിച്ചുവെന്ന് സജീവ് പറയുന്നു. പാർട്ടി വിരുദ്ധ പോസ്റ്റ്‌ അല്ലെന്നും ഇതിന്‍റെ പേരിൽ സ്ഥാനങ്ങളിൽ നിന്ന് നീക്കം ചെയ്‌താൽ കുഴപ്പമില്ലെന്നും ലോക്കൽ സെക്രട്ടറി കുറിച്ചു.

 

കൊല്ലം മുതുപിലാക്കാട് പാർത്ഥസാരഥി ക്ഷേത്രത്തിൽ പൂക്കളമിടുന്നതിനെ ചൊല്ലിയുണ്ടായ തർക്കത്തിൽ ആർഎസ്എസ് അനുഭാവികളും പ്രവർത്തകരുമായ 27 പേർക്കെതിരെ ശാസ്താംകോട്ട പൊലീസ് കേസെടുത്തു. കലാപം ഉണ്ടാക്കണമെന്ന ലക്ഷ്യത്തോടെ ക്ഷേത്രമുറ്റത്ത് രാഷ്ടീയ പാർട്ടിയുടെ ചിഹ്നമുള്ള പൂക്കളമിട്ടെന്നാണ് കേസ്. കൂടാതെ ക്ഷേത്രത്തിന് മുന്നിൽ ഛത്രപതി ശിവജിയുടെ ചിത്രമുള്ള ഫ്ലക്സ് സ്ഥാപിച്ചെന്നും എഫ്ഐആറിൽ പറയുന്നു.

 

ട്രാൻസ്ജെൻഡർ സമൂഹത്തിന് സംസ്ഥാന സർക്കാർ നൽകാനുള്ള ധനസഹായം നൽകിയില്ലെങ്കിൽ അടുത്ത ഓണത്തിന് മുൻപ് കരുവന്നൂർ മോഡൽ സമരം ആരംഭിക്കുമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ മുന്നറിയിപ്പ്. തിരുവനന്തപുരത്ത് ട്രാൻസ്ജെൻഡർസിനോടൊപ്പമുള്ള ഓണാഘോഷത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരന്നു അദ്ദേഹം.

 

കെപിസിസി ഡിജിറ്റൽ മീഡിയ സെൽ ചെയർമാൻ സ്ഥാനത്തുനിന്നുള്ള വിടി ബൽറാമിൻ്റെ രാജിയുമായി ബന്ധപ്പെട്ട് പ്രതികരണവുമായി ചാണ്ടി ഉമ്മൻ എംഎൽഎ. വിടി ബൽറാമിൻ്റെ രാജിയിൽ കെപിസിസി പ്രസിഡൻ്റ് നിലപാട് വ്യക്തമാക്കിയിട്ടുണ്ടെന്ന് ചാണ്ടി ഉമ്മൻ പറഞ്ഞു. ചെറിയൊരു പാളിച്ച വന്നതായിരിക്കാം, എന്താണെന്നറിയില്ല. അത് പാർട്ടി നോക്കിക്കോളുമെന്നും ചാണ്ടി ഉമ്മൻ എംഎൽഎ പറഞ്ഞു.

 

ഓപ്പറേഷൻ സിന്ദൂർ’ എന്ന പേരിൽ പൂക്കളം ഒരുക്കിയതിന് കേരള പൊലീസ് എഫ് ഐ ആ‍ർ ഇട്ട നടപടിക്കെതിരെ രൂക്ഷ വിമർശവുമായി ബി ജെ പി സംസ്‌ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ രംഗത്ത്. ഒരു കാരണവശാലും അംഗീകരിക്കാനാകാത്ത നടപടിയാണ് ഇതെന്ന് രാജീവ് ചന്ദ്രശേഖർ അഭിപ്രായപ്പെട്ടു. ഇത് കേരളമാണ്, ഇന്ത്യയുടെ ഭാ​ഗമെന്നതിൽ അഭിമാനിക്കുന്ന നമ്മുടെ നാട്ടിൽ ഇതൊരിക്കലും അം​ഗീകരിക്കാനാകില്ല എന്നും അദ്ദേഹം പറഞ്ഞു.

 

സംസ്ഥാന സർ‌ക്കാർ സംഘടിപ്പിക്കുന്ന ആ​ഗോള അയ്യപ്പസം​ഗമത്തിലേക്ക് എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ ക്ഷണിച്ച് ദേവസ്വം പ്രസിഡന്റ് പിഎസ്‍ പ്രശാന്ത്. ശബരിമലയെ വിവാദ ഭൂമിയാക്കരുതെന്ന് വെള്ളാപ്പള്ളി പറഞ്ഞു. ഭക്തർക്കെതിരെ എടുത്ത കേസുകൾ പിൻവലിക്കണമെന്ന് കൂടിക്കാഴ്ച്ചയിൽ വെള്ളാപ്പള്ളി ആവശ്യപ്പെട്ടു. എസ്എൻഡിപിക്ക് ഇക്കാര്യത്തിൽ‌ വ്യക്തമായ നിലപാടുണ്ട്. സം​ഗമം പ്രായശ്ചിത്തമായി കാണുന്നവർക്ക് അങ്ങനെ കാണാമെന്നും വെള്ളാപ്പള്ളി പറഞ്ഞു.

 

പലസ്തീൻ അനുകൂല മുദ്രാവാക്യം വിളിച്ചതിന് ഗേൾസ് ഇസ്ലാമിക് ഓർഗനൈസേഷൻ പ്രവർത്തകർക്കെതിരെ കേസെടുത്ത് പൊലീസ്. കണ്ണൂർ മാടായിപ്പാറയിലാണ് ഇന്നലെ പ്രകടനം നടന്നത്. ഭാരവാഹികൾ ഉൾപ്പെടെ 30 ഓളം പെൺകുട്ടികൾക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. പരിസ്ഥിതി പ്രാധാന്യമുള്ള ഭൂമിയിൽ അനുമതിയില്ലാതെ പ്രവേശിച്ചു, സ്പർദ്ദ ഉണ്ടാക്കുന്ന വിധം മുദ്രാവാക്യം വിളിച്ചു തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് കേസെടുത്തത്.

 

സംസ്ഥാന യൂത്ത് കോൺഗ്രസ് അധ്യക്ഷനെ തെരഞ്ഞെടുക്കുന്നതിനുള്ള ചർച്ചകൾ നടക്കുകയാണെന്ന് യൂത്ത് കോൺഗ്രസ്‌ ദേശീയ അധ്യക്ഷൻ ഉദയ് ബാനു ചിബ്. പുതിയ യൂത്ത് കോൺഗ്രസ് അധ്യക്ഷനെ തീരുമാനിക്കുന്നതിനുള്ള പ്രക്രിയകൾ നടക്കുകയാണെന്ന് ഉദയ് ബാനു ചിബ് പറഞ്ഞു.

 

പുതുക്കി നിശ്ചയിച്ച ജി.എസ്.ടി നിരക്കുകൾ പുനഃപരിശോധിക്കണമെന്ന് കേരള ടെക്സ്റ്റൈൽ ആൻഡ് ഗാർമെൻറ്സ് ഡീലേഴ്‌സ് അസോസിയേഷൻ. ധനകാര്യ വകുപ്പ് മന്ത്രിക്കും ജി.എസ്.ടി കൗൺസിൽ അംഗങ്ങൾക്കും നിവദേനം നൽകി. 1000 രൂപ വരെയുള്ള വില്പനകൾക്ക് നിലവിലുണ്ടായിരുന്ന 12% നികുതി ഇപ്പോൾ 18% ആയി ഉയർത്തി. ഈ തീരുമാനം വസ്ത്രവിപണന മേഖലക്ക് നൽകിയ ആഘാതം ചെറുതല്ല എന്നും നിവേദനത്തിൽ പറയുന്നു.

 

പുലികളി മഹോത്സവത്തിനോടനുബന്ധിച്ച് സെപ്തംബർ 8ന് തിങ്കൾ ഉച്ചയ്ക്ക് ശേഷം തൃശ്ശൂർ താലൂക്ക് പരിധിയിൽ പ്രാദേശിക അവധി. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ ഓഫീസുകൾക്കും സഹകരണ സംഘങ്ങൾ ഉൾപ്പെടെ നെഗോഷ്യബിൾ ഇൻസ്ട്രുമെൻ്റ് ആക്ട് പ്രകാരമുള്ള സ്ഥാപനങ്ങൾക്കും പ്രാദേശിക അവധി ആയിരിക്കുമെന്ന് ജില്ലാ കളക്ടര്‍ അർജുൻ പാണ്ഡ്യൻ അറിയിച്ചു.

 

പാതിവില തട്ടിപ്പ് കേസില്‍ പ്രത്യേക അന്വേഷണ സംഘത്തെ പിരിച്ചുവിട്ട് സര്‍ക്കാര്‍. അന്വേഷണ സംഘത്തലവനായ ക്രൈംബ്രാഞ്ച് എസ്പി എംജെ സോജനെ വിജിലന്‍സിലേക്ക് സ്ഥലം മാറ്റിയതിന് പിന്നാലെയാണ് പ്രത്യേക സംഘം ഇനി വേണ്ടെന്ന് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. ക്രൈം ബ്രാഞ്ചിന്‍റെ അതാത് യൂണിറ്റുകൾ കേസ് അന്വേഷിച്ചാൽ മതിയെന്നാണ് സർക്കാർ നിലപാട്.

 

എറണാകുളം റൂറൽ എസ്പി ഓഫീസിലെ വിവാദ ഫോൺവിളിയിൽ ഫോൺ വിളിച്ച പൊലീസ് ഉദ്യോഗസ്ഥനെതിരെയും മോശമായി പ്രതികരിച്ച ഉദ്യോഗസ്ഥനെതിരെയും നടപടിക്ക് സാധ്യത. സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പിയുടെ റിപ്പോർട്ടിൽ രണ്ട് പേർക്കുമെതിരെ നടപടിക്ക് നിർദ്ദേശം ഉണ്ടെന്നാണ് വിവരം. അച്ചടക്ക നടപടി ഇന്ന് പ്രഖ്യാപിച്ചേക്കും.

 

ഓണ്‍ലൈന്‍ ട്രേഡിങ്ങിലൂടെ കൊച്ചിയിലെ വ്യവസായിയെ കബളിപ്പിച്ച് 25 കോടിയുടെ സൈബർ തട്ടിപ്പിന് പിന്നില്‍ സൈപ്രസ് മാഫിയ. തട്ടിപ്പിന് പിന്നിലെ ആസൂത്രണം നടന്നത് യൂറോപ്പ്യൻ രാജ്യമായ സൈപ്രസിൽ എന്നാണ് പൊലീസിന്റെ നിഗമനം. കാലിഫോർണിയിലാണ് സ്ഥാപനം രജിസ്റ്റർ ചെയ്തിരിക്കുന്നത് എങ്കിലും ഇടപാടുകാരെ സമീപിക്കുന്ന കോൾ സെന്‍റർ പ്രവർത്തിക്കുന്നത് സൈപ്രസിലാണ്.

 

കണ്ണൂർ സെൻട്രൽ ജയിലിൽ മദ്യവും കഞ്ചാവും സുലഭമെന്ന് തടവുശിക്ഷ കഴിഞ്ഞിറങ്ങിയ ആൾ വെളിപ്പെടുത്തി. ജയിൽ അധികൃതരുടെ പരിശോധന പേരിന് മാത്രമെന്നും മുൻ തടവുകാരൻ പറഞ്ഞു. ദിവസേന അകത്തേക്ക് ലഹരിവസ്തുക്കൾ എറിഞ്ഞുകൊടുക്കുന്നുവെന്നും തടവുകാരിൽ ചിലർക്ക് കരിഞ്ചന്തയിൽ വിൽപ്പനയുണ്ടെന്നും ഇയാള്‍ വ്യക്തമാക്കി.

 

പാലക്കാട് കൊല്ലങ്കോട് ബീവറേജ് ഔട്ട്ലെറ്റിൽ വലിയ മോഷണം. ജീവനക്കാർ ഓണം അവധി കഴിഞ്ഞെത്തിയപ്പോഴായിരുന്നു മോഷണ വിവരം പുറത്തറിഞ്ഞത്. തിരുവോണണത്തലേന്നാവാം മോഷണം നടന്നതെന്നാണ് പ്രാഥമിക വിവരം. ഔട്ട്ലെറ്റിലെ സ്റ്റോക്ക് പരിശോധിച്ച ശേഷമേ മോഷണത്തിൻ്റെ നഷ്ടം കണക്കാക്കാനാകുമെന്ന് ഔട്ട്ലെറ്റ് മാനേജർ വിശദമാക്കുന്നത്.

 

യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനെ തീരുമാനിക്കാനുള്ള ചർച്ചകൾ സജീവം. വി ഡി സതീശൻ, സണ്ണി ജോസഫ്, രമേശ് ചെന്നിത്തല അടക്കമുള്ള മുതിർന്ന കോൺഗ്രസ് നേതാക്കളുമായി യൂത്ത് കോൺഗ്രസ് അഖിലേന്ത്യാ നേതൃത്വം ചർച്ച നടത്തി. രണ്ടു ദിവസത്തിനുള്ളിൽ തീരുമാനം ഉണ്ടാകാനിടയുണ്ട്. രാഹുൽ മാങ്കൂട്ടത്തിൽ രാജിവെച്ചതിന് പിന്നാലെ പകരം അധ്യക്ഷന്റെ കാര്യത്തിൽ സമവായമായിരുന്നില്ല. അബിൻ വർക്കി, കെ എം അഭിജിത്, ബിനു ചുള്ളിയിൽ, ഒ ജെ ജനീഷ് എന്നീ പേരുകളാണ് ചർച്ചയിലുള്ളത്j

 

ജനവാസമേഖലയില്‍ ഇറങ്ങിയ ആനയെ നാട്ടുകാര്‍ ചേര്‍ന്ന് കാട്ടിലേക്ക് തുരത്തുന്നതിനിടെ കാട്ടാനയുടെ ആക്രമണത്തിൽ വയോധികന് പരിക്ക്. കാട്ടിക്കുളം ചേലൂർ മണ്ണുണ്ടി ഉന്നതിയിലെ ചിന്നനാണ് പരിക്കേറ്റത്. കാട്ടാനയുടെ ആക്രമണത്തിൽ ഇയാളുടെ ആറുവാരിയെല്ലുകൾക്കും, തോളിനും ഒടിവുണ്ട്. മാനന്തവാടി മെഡിക്കല്‍ കോളജ് ആശുപത്രിയിലെ പ്രാഥമിക ചികില്‍സയ്ക്ക് ശേഷം ചിന്നനെ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റി.

 

പാലക്കാട് പുതുനഗരത്തെ വീട്ടിലെ പൊട്ടിത്തെറിയിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന ഷെരീഫിൻ്റെ മൊഴിയെടുക്കും. തൃശൂർ മെഡി.കോളജിൽ ചികിത്സയിൽ കഴിയുന്ന ഷെരീഫ് അപകടനില തരണം ചെയ്തെന്നാണ് മെഡിക്കൽ റിപ്പോർട്ട്. ഇതിൻ്റെ അടിസ്ഥാനത്തിലാണ് പൊലീസ് തൃശൂരിലെത്തി മൊഴിയെടുക്കുക. ഇതിനായി ചികിത്സികുന്ന ഡോക്ടറുടെ അനുമതിയും പൊലീസ് തേടും. പന്നിപടക്കം കൊണ്ടു വന്നത് പരുക്കേറ്റ ഷെരീഫാണെന്നാണ് പൊലീസ് നിഗമനം.

 

 

കൊല്ലം കൊട്ടാരക്കര പുത്തൂരിൽ യുവാവിനെ കുത്തിക്കൊന്നു. കുഴക്കാട് സ്വദേശി ശ്യാംസുന്ദറാണ് കൊല്ലപ്പെട്ടത്. പ്രതി ധനേഷിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഇന്നലെ രാത്രി 12 മണിയോടെയായിരുന്നു കൊലപാതകം. മുൻവൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്ന് പ്രാഥമിക നിഗമനം. ഇന്നലെ വൈകിട്ട് ഇവര്‍ തമ്മിൽ തര്‍ക്കങ്ങളുണ്ടായിരുന്നു എന്നാണ് വിവരം.

 

കൊച്ചിയിൽ നിന്ന് അബുദാബിയിലേക്ക് പോയ ഇൻഡിഗോ വിമാനം സാങ്കേതിക തകരാറിനെ തുടർന്ന് തിരിച്ചിറക്കി. വെള്ളിയാഴ്ച രാത്രി 11.10 ന് കൊച്ചിയിൽ നിന്ന് പുറപ്പെട്ട 6E-1403 വിമാനമാണ് ശനിയാഴ്ച പുലർച്ചെ 1.44 ഓടെ കൊച്ചിയിൽ തിരിച്ചിറക്കിയത്. രണ്ട് മണിക്കൂറോളം പറന്ന ശേഷമാണ് വിമാനം തിരിച്ചിറക്കിയതെന്നാണ് വിവരം.

 

ആന്ധ്രാപ്രദേശിലെ ഒരു ജയിലിലെ തടവുകാർ ഹെഡ് വാർഡനെ ചുറ്റിക കൊണ്ട് ആക്രമിച്ചതിന് പിന്നാലെ രക്ഷപ്പെട്ടു. ആക്രമണത്തിനിടെ സ്വയം പ്രതിരോധിച്ച് വാർഡന് തലയ്ക്ക് പരിക്കേറ്റു. ചുറ്റിക കൊണ്ട് ഹെഡ് വാര്‍ഡനെ അടിച്ച് വീഴ്ത്തിയ ശേഷം ഇവര്‍ പ്രധാന ഗേറ്റിന്‍റെ താക്കോൽ തട്ടിയെടുത്ത് രക്ഷപ്പെടുകയായിരുന്നു എന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു.

 

ജമ്മു കശ്മീരിൽ വീണ്ടും പാക് ഡ്രോൺ സാന്നിധ്യം. ജമ്മു കശ്മീരിലെ സാംബ ജില്ലയിൽ സ്ഥിതി ചെയ്യുന്ന പ്രധാനപ്പെട്ട സൈനിക കേന്ദ്രങ്ങൾക്ക് മുകളിലായാണ് പാകിസ്ഥാനിൽ നിന്നുള്ള ഡ്രോൺ കണ്ടെത്തിയത്. വെള്ളിയാഴ്ച രാത്രി 9.35 ഓടെയാണ് സംഭവം. ഇതിന് പിന്നാലെ സ്ഥലത്ത് വ്യാപകമായി തെരച്ചിൽ തുടങ്ങിയെന്ന് സൈനിക കേന്ദ്രങ്ങളിൽ നിന്ന് അറിയിച്ചിട്ടുണ്ട്.

 

ആന്ധ്രപ്രദേശിൽ അജ്ഞാത രോഗം ബാധിച്ച് രണ്ട് മാസത്തിനിടെ 20 പേർ മരിച്ച സാഹചര്യത്തിൽ ഗുണ്ടൂർ ജില്ലയിലെ തുരകപാലം ഗ്രാമത്തിൽ ആരോഗ്യ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു. മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവാണ് വെള്ളിയാഴ്ച സുപ്രധാന ഉത്തരവ് പുറത്തിറക്കിയത്. പിന്നാലെ പ്രദേശത്തെ ആരോഗ്യ സ്ഥിതി വിലയിരുത്താൻ വിദഗ്ദ്ധർ അടങ്ങിയ ഉന്നതതല മെഡിക്കൽ സംഘത്തെ അയക്കാനും തീരുമാനിച്ചു.

 

ധർമ്മസ്ഥല വ്യാജ വെളിപ്പെടുത്തൽ കേസിൽ പൊലീസ് സംരക്ഷണയോടെ എസ്ഐടിക്ക് മുന്നില്‍ ഹാജരാകുമെന്ന് മലയാളി യൂട്യൂബർ മനാഫ്. പൊലീസ് സംരക്ഷണം നല്‍കുമെന്ന് കമ്മീഷണര്‍ അറിയിച്ചതായി മനാഫ് മാധ്യമങ്ങളോട് പറഞ്ഞു. ജീവന് ഭീഷണി ഉണ്ടെന്നും അതിനാലാണ് പൊലീസ് സുരക്ഷ ആവശ്യപ്പെട്ട് കോഴിക്കോട് പൊലീസ് കമ്മീഷണറെ കണ്ടതെന്നും മനാഫ് പറയുന്നുണ്ട്. പ്രത്യേക അന്വേഷണസംഘം ചോദ്യം ജയിലിന് ഹാജരാകാൻ ആവശ്യപ്പെട്ട് മനാഫിന് നോട്ടീസ് നൽകിയിരുന്നു.

 

അയർലൻഡിൽ മലയാളികൾ അടക്കമുള്ള ഇന്ത്യക്കാർക്കെതിരായ വംശീയ ആക്രമണത്തിൽ ശക്തമായ നടപടികളുണ്ടാവുമെന്ന് വ്യക്തമാക്കി അയർലാൻഡ് പ്രസിഡന്റ് മൈക്കൽ ഡി. ഹിഗ്ഗിൻസ്. അയർലൻഡിലെ വംശീയ ആക്രമണം ഞെട്ടിപ്പിക്കുന്നതാണെന്നും കുറ്റക്കാർക്കെതിരെ നടപടിയുണ്ടാവുമെന്നും പ്രവാസി സമൂഹത്തിന് ആശങ്കയ്ക്ക് സാഹചര്യമുണ്ടാവില്ലെന്നുമുള്ള ഉറപ്പാണ് അയർലൻഡിലെ പ്രതിരോധ മന്ത്രിയും നീതി, ആഭ്യന്തര, കുടിയേറ്റ മന്ത്രിയും നൽകിയിരിക്കുന്നത്.

 

ഐക്യരാഷ്ട്രസഭയുടെ വാർഷിക പൊതുസഭയുടെ ഉന്നതതല സമ്മേളനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്തേക്കില്ലെന്ന് റിപ്പോർട്ട്. സമ്മേളനത്തിൽ സംസാരിക്കുന്ന പ്രഭാഷകരുടെ പുതുക്കിയ പട്ടികയിൽ പ്രധാനമന്ത്രിയുടെ പേര് ഉൾപ്പെട്ടിട്ടില്ല. അമേരിക്കയിൽ സെപ്റ്റംബർ 9 ന് ആരംഭിക്കുന്ന യുഎൻ ജനറൽ അസംബ്ലിയുടെ 80-ാമത് സെഷനിൽ സെപ്റ്റംബർ 23 മുതൽ 29 വരെയാണ് ഉന്നതതല പൊതുചർച്ച നടക്കുന്നത്.

 

പുതിയ ജിഎസ്ടി പരിഷ്കരണ പ്രകാരം ഉത്പന്നങ്ങളുടെ വില കുറയ്ക്കുമെന്ന് കേന്ദ്ര സർക്കാരിനെ അറിയിച്ച് പ്രധാന കമ്പനികൾ. ജിഎസ്ടി ഇളവിന്‍റെ ഗുണം ഉപഭോക്താക്കൾക്ക് നൽകും. ഉത്സവ സീസണിൽ വില താഴുമെന്ന് എസി, ടിവി നിർമ്മാതാക്കൾ അറിയിച്ചു. കോൾഗേറ്റും എച്ച്‍യുഎല്ലും അമുലും ബ്രിട്ടാനിയയും സോണിയും വിലക്കുറവ് ഉറപ്പ് നൽകിയിട്ടുണ്ട്. ജിഎസ്ടി പരിഷ്കരണത്തിന്‍റെ ഗുണം ഉപഭോക്താക്കളിലേക്ക് എത്തിക്കുമെന്ന് ഉറപ്പ് നൽകുന്നതായി വ്യവസായികളുടെ സംഘടനയായ സിഐഐ വ്യക്തമാക്കിയിരുന്നു.

 

മഴക്കെടുതിയിൽ വലയുന്ന ദില്ലിയിലെ ആയിരക്കണക്കിന് അഭയാർത്ഥികൾ കുടിയൊഴിപ്പിക്കൽ ഭീതിയില്‍. പാക്കിസ്ഥാനിൽ നിന്നും വന്ന നൂറ് കണക്കിന് കുടുംബങ്ങൾ താമസിക്കുന്ന മജ്നു കാ തില്ലയിലെ ശ്രീറാം കോളനിയിലുള്ളവരെയാണ് അധികൃതർ കുടിയിറക്കാനൊരുങ്ങുന്നത്. ജൂലൈയിൽ ഇടിച്ചുനിരത്തിയ കോളനികളിൽ നിന്നും കുടിയൊഴിപ്പിക്കപ്പെട്ട പലർക്കും ഇതുവരെ പകരം വീട് ലഭിച്ചിട്ടില്ല.

 

വികെ ശശികലയ്ക്കെതിരെ കേസെടുത്ത് സിബിഐ. 450 കോടിയുടെ പഞ്ചസാര മില്ല് വാങ്ങിയ സംഭവത്തിലാണ് കേസെടുത്തത്. നിരോധിച്ച നോട്ടുകൾ ഉപയോഗിച്ച് മിൽ വാങ്ങിയതിനാണ് ശശികലയ്ക്കെതിരെ കേസ് എടുത്തത്. കാഞ്ചീപുരത്തെ പദ്മദേവി മില്ലാണ് ശശികല വാങ്ങിയത്. നോട്ട് നിരോധനത്തിന് പിന്നാലെയായിരുന്നു വില്പന. 450 കോടി രൂപയുടെ പഴയ കറൻസി നോട്ടുകൾ നൽകിയാണ് മില്ല് വാങ്ങിയത്.

 

കർണാടകയിൽ ഗതാഗത നിയമം ലംഘിച്ച മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് പിഴ ചുമത്തി ട്രാഫിക് പോലീസ്. സീറ്റ് ബെൽറ്റ് ധരിക്കാത്തതിനും അമിതവേഗതയ്ക്കും 7 നോട്ടീസുകൾ ആണ് അയച്ചത്. നോട്ടീസ് കിട്ടിയതിൽ പിന്നാലെ മുഖ്യമന്ത്രിയുടെ ഓഫീസ് പിഴയടച്ചു.50 ശതമാനം പിഴത്തുക ഒഴിവാക്കിയിട്ടുള്ളതിനാൽ 7 നോട്ടീസുകൾക്കും കൂടി 2500 രൂപയാണ് അടച്ചത്.

 

അഫ്ഗാൻ വിദേശകാര്യ മന്ത്രി ആമിർ ഖാൻ മുത്തഖിയുടെ ഇന്ത്യാ സന്ദർശനം റദ്ദാക്കി. ഈ മാസം അവസാനം ഇന്ത്യ സന്ദർശിക്കാൻ നേരത്തെ പദ്ധതിയിട്ടതായിരുന്നു. എന്നാൽ ഐക്യരാഷ്ട്ര സഭയുടെ രക്ഷാ സമിതി ഏർപ്പെടുത്തിയ ഉപരോധത്തെ തുടർന്നുള്ള യാത്രാ വിലക്ക് കണക്കിലെടുത്താണ് തീരുമാനം. യാത്രയ്ക്ക് ഇളവ് ലഭിക്കാത്തതിനെ തുടർന്ന് സന്ദർശനം മാറ്റിവച്ചതായി അഫ്‌ഗാൻ അറിയിച്ചു.

 

പ്രമുഖ ടെലികോം കമ്പനികളുടെ ഇ-സിം കാർഡ് ആക്ടിവേഷൻ എന്ന പേര് വ്യാപകമായ തട്ടിപ്പ് നടക്കുന്നു. വെറും മൊബൈൽ നമ്പറിലൂടെ മാത്രം അക്കൗണ്ടിലെ മുഴുവൻ പണവും തട്ടിപ്പുകാർ നിമിഷനേരം കൊണ്ട് കവരും എന്നതിനെക്കുറിച്ച് മുന്നറിയിപ്പ് നൽകുകയാണ് ദേശീയ ആഭ്യന്തരമന്ത്രാലയവും ഇന്ത്യൻ സൈബർ ക്രൈം കോർഡിനേഷൻ സെന്‍ററും.

 

തിഹാർ ജയിലിൽ വച്ച് പിതാവിന് നേരെ വധശ്രമം ഉണ്ടായെന്ന് ലോക്സഭാ എംപി ഷെയ്‌ഖ് അബ്ദുൾ റാഷിദിൻ്റെ മകൻ അക്ബർ റാഷിദ്. അവാമി ഇത്തിഹാദ് പാർട്ടി നേതാവായ എഞ്ചിനീയർ റാഷിദ് ഭീകരവാദ കേസിലാണ് തിഹാർ ജയിലിൽ കഴിയുന്നത്. ഇവിടെ വച്ച് വധശ്രമത്തിൽ നിന്ന് അദ്ഭുതകരമായി രക്ഷപ്പെട്ടെന്നാണ് വെളിപ്പെടുത്തൽ.

 

സ്വകാര്യതാ കേസിൽപ്പെട്ട് ടെക് ഭീമനായ ഗൂഗിൾ വീണ്ടും വിവാദത്തിൽ. സ്വകാര്യതാ നിയമങ്ങൾ ലംഘിച്ചതിന് ഗൂഗിൾ കുറ്റക്കാരനാണെന്ന് യുഎസ് കോടതി കണ്ടെത്തുകയും കമ്പനിക്ക് വമ്പൻ പിഴ ചുമത്തുകയും ചെയ്തു. ഗൂഗിളിനെതിരെ 425 മില്യൺ ഡോളർ ആണ് പിഴ ചുമത്തിയത്. ഉപയോക്താക്കളുടെ ഡാറ്റ ട്രാക്ക് ചെയ്‌തതായും അവരുടെ അനുമതിയില്ലാതെ അവരുടെ ഓൺലൈൻ പ്രവർത്തനങ്ങൾ ഗൂഗിള്‍ രേഖപ്പെടുത്തിയതായും ആരോപണമുണ്ട്.

 

അഫ്ഗാനിസ്ഥാനിലുണ്ടായ ഭൂകമ്പത്തിൽ മരണസംഖ്യ 2,200 കടക്കുകയും നിരവധി കെട്ടിടങ്ങൾ തകരുകയും ചെയ്തതോടെ ഏറ്റവും ദുരിതത്തിലായത് അഫ്ഗാൻ സ്ത്രീകൾ. താലിബാൻ ഏർപ്പെടുത്തിയ കടുത്ത നിയമങ്ങളും നൂറ്റാണ്ടുകളായി നിലനിൽക്കുന്ന അഫ്ഗാൻ രീതികളും രക്ഷാപ്രവർത്തനങ്ങൾക്ക് വലിയ തടസമായി. ഈ നിയമങ്ങൾ കാരണം സ്ത്രീകളെ രക്ഷാപ്രവർത്തനങ്ങളിൽ നിന്ന് ഒഴിവാക്കുകയോ അല്ലെങ്കിൽ അവരെ രക്ഷിക്കാൻ വൈകുകയോ ചെയ്തുവെന്നാണ് റിപ്പോര്‍ട്ടുകൾ വരുന്നത്.

 

വീണ്ടും നിലപാട് മാറ്റി ട്രംപ്. ഇന്ത്യ ചൈനീസ് പക്ഷത്താണെന്ന നിലപാടാണ് ട്രംപ് മാറ്റി പറഞ്ഞത്. ഇന്നലെ ട്രൂത്ത് സോഷ്യലില്‍ പങ്കുവെച്ച കുറിപ്പില്‍ ‘ഇരുണ്ട ദുരൂഹ’ ചൈനയുടെ പക്ഷത്തെത്തി എന്ന് ട്രംപ് ആരോപിച്ചിരുന്നു. എന്നാല്‍ ഇപ്പോൾ പറയുന്നത് ഇന്ത്യ ചൈനീസ് പക്ഷത്തായെന്ന് കരുതുന്നില്ലെന്നും നരേന്ദ്ര മോദി മഹാനായ നേതാവും സുഹൃത്തുമാണ് തനിക്ക് മോദിയുമായി നല്ല ബന്ധമാണ്. ഇന്ത്യ റഷ്യൻ എണ്ണ വാങ്ങുന്നതിലാണ് എതിർപ്പ്. ഇന്ത്യയുമായുള്ള പ്രശ്നം പരിഹരിക്കും എന്നാണ്.

 

ട്രംപിന്‍റെ പ്രസ്താവനയോട് യോജിപ്പ് പ്രകടമാക്കി മോദി. മോദി എപ്പോഴും സുഹൃത്താണെന്ന ട്രംപിൻറെ പ്രസ്താവനയെ മോദി സ്വാഗതം ചെയ്തു. ഇന്ത‌്യ യുഎസ് ബന്ധത്തെക്കുറിച്ചുള്ള ട്രംപിൻറെ നിലപാടിനോട് പൂർണ്ണമായും അംഗീകരിക്കുന്നു എന്നും മോദി വ്യക്തമാക്കി. ഡൊണാൾഡ് ട്രംപിനെ ടാഗ് ചെയ്താണ് മോദിയുടെ ട്വീറ്റ്.

 

യു എസ് ഓപ്പണില്‍ നെവാക് ജോക്കോവിച്ചിനെ തകര്‍ത്ത് കാര്‍ലോസ് അല്‍കാരസ് ഫൈനലില്‍. നേരിട്ടുള്ള സെറ്റുകള്‍ക്കാണ് അല്‍കാരസ് ജോക്കവിച്ചിനെ തോല്‍പ്പിച്ചത്. സ്‌കോര്‍ 6-4, 7-6, 6-2. ടൂര്‍ണമെന്റില്‍ ഒരു സെറ്റുപോലും നഷ്ടമാകാതെയാണ് അല്‍കാരസിന്റെ ഫൈനല്‍ പ്രവേശം. സീസണില്‍ അല്‍കാരസിന്റെ മൂന്നാം ഗ്ലാന്റ്സ്ലാം ഫൈനലാണിത്.

 

റെഡ് ഫോർട്ട് പരിസരത്ത് നടന്ന ജൈനമത ചടങ്ങിൽ വൻ സുരക്ഷാ വീഴ്ച. ഏകദേശം 1.5 കോടി രൂപ വിലമതിക്കുന്ന രണ്ട് സ്വർണ്ണ ‘കലശങ്ങളും’ മറ്റ് വിലപിടിപ്പുള്ള സ്വർണ്ണത്തിൽ നിർമ്മിച്ച വസ്തുക്കളും മോഷണം പോയി. ജൈന പുരോഹിതന്റെ വേഷത്തിലെത്തിയ മോഷ്ടാവാണ് മോഷണം നടത്തിയതെന്ന് സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമായി. പ്രതിയെ തിരിച്ചറിഞ്ഞതായും ഉടൻ അറസ്റ്റ് ചെയ്യുമെന്നും പൊലീസ് അറിയിച്ചു.

 

ഗണേശോത്സവം നടക്കുന്നതിനിടെ സ്ഫോടനം നടത്തുമെന്നും ഒരു കോടി ആളുകളെ കൊല്ലുമെന്നും ഭീഷണി സന്ദേശമയച്ച സംഭവത്തിൽ രണ്ട് പേർ പിടിയിൽ. ഭീഷണി സന്ദേശമയച്ചയാളും പ്രതിക്ക് സിം കാർഡ് നൽകിയയാളും അറസ്റ്റിലായി. പറ്റ്ന സ്വദേശിയായ അശ്വിനികുമാർ സുപ്രയാണ് (51) ഭീഷണി സന്ദേശം അയച്ചതെന്ന് പൊലീസ് പറഞ്ഞു. നോയിഡയിൽ നിന്നാണ് ഇയാളെ പിടികൂടിയത്.

 

സായുധസേനകളുടെ സംയുക്ത തിയേറ്റർ കമാൻഡിനെ പിന്തുണച്ച് കരസേന മേധാവി ജനറൽ ഉപേന്ദ്രദ്വിവേദി. ഒന്നിലധികം ശത്രുക്കളെ നേരിടേണ്ടി വന്നാൽ തിയേറ്ററൈസേഷൻ മാത്രമാണ് പരിഹാരമെന്ന് കരസേന മേധാവി വ്യക്തമാക്കി. തിയേറ്റർ കമാൻഡ് നടപ്പാക്കുന്നതിൽ വ്യോമസേന മേധാവി നേരത്തെ എതിർപ്പ് ഉയർത്തിയിരുന്നു.

 

ഗുജറാത്തിലെ പാവഗഢിൽ കാർഗോ റോപ്‌വേ തകർന്നു വീണ് ആറ് പേർ മരിച്ചു. നിർമ്മാണ സാമഗ്രികൾ കൊണ്ടുപോവുകയായിരുന്ന റോപ്‌വേയുടെ കേബിൾ പൊട്ടിയതിനെ തുടർന്ന് ട്രോളി .തകർന്നുവീഴുകയായിരുന്നു.

 

യുക്രൈനിലെ സമാധാനശ്രമങ്ങളെക്കുറിച്ച് ചർച്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണും. മാക്രോണും മോദിയും തമ്മിൽ നടന്ന ഫോൺ സംഭാഷണത്തിൽ ഇന്ത്യ-ഫ്രാൻസ് ഉഭയകക്ഷി സഹകരണത്തിലെ പുരോഗതി വിലയിരുത്തുകയും ചെയ്തു.

 

യുഎസിന് ഇന്ത്യയെയും റഷ്യയെയും നിഗൂഢവും ദുരൂഹവുമായ ചൈനയ്ക്ക് നഷ്ടപ്പെട്ടു എന്ന യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയിൽ പ്രതികരിച്ച് കോണ്‍ഗ്രസ് നേതാവ് മനീഷ് തിവാരി. വിഷയം തീരുവയല്ലെന്നും മറിച്ച് ‘ആത്മാഭിമാനം, അന്തസ്സ്, ബഹുമാനം’ എന്നിവയാണെന്നും മനീഷ് തിവാരി പറഞ്ഞു. ഇന്ത്യ റൊട്ടി കഴിക്കുന്നത് കുറച്ചേക്കാം. പക്ഷേ, ഭീഷണിയ്ക്ക് മുന്‍പില്‍ ഒരിക്കലും മുട്ടുമടക്കില്ല-തിവാരി എക്സിൽ കുറിച്ചു. .

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *