Untitled design 20250112 193040 0000 2

 

 

മണ്ണിടിച്ചിലിനെ തുടര്‍ന്ന് താമരശ്ശേരി ചുരം വഴിയുള്ള ഗതാഗതം പൂര്‍ണമായും നിരോധിച്ചു. ഇനിയൊരു അറിയിപ്പുണ്ടാകുന്നതു വരെ ഗതാഗതം പൂര്‍ണമായും നിരോധിച്ചതായാണ് ജില്ലാ കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗ് അറിയിച്ചത്. ശക്തമായ മഴയില്‍ കൂടുതല്‍ പാറക്കഷ്ണങ്ങളും മണ്ണും റോഡിലേക്ക് വീഴുന്നത് തുടരുന്ന സാഹചര്യത്തിലാണ് ഗാതാഗത നിരോധനം. ആംബുലന്‍സ് ഉള്‍പ്പെടെയുള്ള എമര്‍ജന്‍സി വാഹനങ്ങള്‍ പൊലീസിന്‍റെ അനുമതിയോടെ കടത്തിവിടും. നിയന്ത്രണങ്ങളുമായി ജനങ്ങള്‍ സഹകരിക്കണമെന്നും കളക്ടര്‍ അറിയിച്ചിട്ടുണ്ട്.

 

തൻ്റെ എംപി സ്ഥാനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ദില്ലി ഹൈക്കോടതിയിൽ വന്ന ഹർജി അഭിഭാഷകന്റെ തമാശ ആയി തോന്നുന്നില്ലെന്ന് സി സദാനന്ദൻ എംപി. ഹർജിക്ക് പിന്നിൽ രാഷ്ട്രീയ ഗൂഢാലോചന സംശയിക്കുന്നുണ്ട്. ഭരണഘടന പദവികൾ വ്യവഹാരത്തിൽ എത്തിക്കുന്നത് ശരിയല്ല. ഭരണഘടനയോടുള്ള വെല്ലുവിളി ആണിതെന്നും സി സദാനന്ദൻ എംപി പറഞ്ഞു.

 

വയനാട് ചുരത്തിന്റെ ഇപ്പോഴത്തെ സ്ഥിതി അറിയാനാണ് അടിയന്തരയോഗം വിളിച്ചതെന്ന് മന്ത്രി കെ രാജൻ. 26 മുതൽ ഇതുവരെയുള്ള കാര്യങ്ങളിൽ കൃത്യമായി അവലോകനം നടത്തിയെന്നും തുടർ നടപടികളെ കുറിച്ച് ചർച്ച ചെയ്തുവെന്നും മന്ത്രി പറഞ്ഞു. 80 അടി ഉയരത്തിലാണ് പൊട്ടലിന്റെ പ്രഭവ കേന്ദ്രം. ഇത് വളരെ ഗുരുതരമായ കാര്യമാണ്. കർശന നിയന്ത്രണം യാത്രക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. ഉച്ചയ്ക്ക് നല്ല ശബ്ദത്തോടുകൂടി വീണ്ടും പൊട്ടലുണ്ടായത് കുറച്ചുകൂടി ഗുരുതരമായ കാര്യമാണെന്നും മന്ത്രി പറഞ്ഞു.

 

 

താമരശ്ശേരി ചുരത്തിലെ പ്രതിസന്ധി ഇടപെടണമെന്ന് കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരിയോട് ആവശ്യപ്പെട്ട് വയനാട് എംപി പ്രിയങ്ക ഗാന്ധി. റോഡ് ഗതാഗത യോഗ്യമാക്കണമെന്നും, തുടർച്ചയായി ചുരം പാതയിൽ ഉണ്ടാകുന്ന മണ്ണിടിച്ചിലുകൾ തടയുന്നതിന് വേണ്ട നടപടികൾ പഠിക്കുന്നതിന് വിദഗ്ധസമിതിയെ അടിയന്തരമായി അയക്കണമെന്നും ബദൽ പാത ഒരുക്കുന്നതിലും അടിയന്തര നടപടികൾ സ്വീകരിക്കണമെന്നും കേന്ദ്രമന്ത്രിയോട് കത്തിലൂടെ പ്രിയങ്ക ഗാന്ധി ആവശ്യപ്പെട്ടു.

 

ശാന്തിഗിരി ആശ്രമം സ്ഥാപകഗുരു നവജ്യോതി ശ്രീ കരുണാകര ഗുരുവിന്റെ ജന്മദിനാഘോഷമായ നവപൂജിതം ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയന്‍. ആത്മീയതയുടെയും മനുഷിക മൂല്യങ്ങളുടെയും മഹത്തായ സന്ദേശം പ്രചരിപ്പിച്ച മഹാപ്രതിഭയുടെ ഓർമ്മകൾ അലയടിക്കുന്ന വേദിയാണിതെന്നും മതാതീതമായ ആത്മീയതയാണ്, രാജ്യത്തിന്‍റെ നിലവിലെ സാഹചര്യത്തിലും പ്രയാസകരമായ ഒന്നാണ് ഇതെന്നും ശാന്തിഗിരി നവപൂജിതം ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്തുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞു.

 

കേരള സ്റ്റേറ്റ് ചലച്ചിത്ര അക്കാദമി സംഘടിപ്പിച്ച 17-ാമത് അന്താരാഷ്ട്ര ഡോക്യുമെന്ററി ആന്‍ഡ് ഷോർട്ട് ഫിലിം ഫെസ്റ്റിവൽ ഓഫ് കേരള (IDSFFK)യിൽ കെആർ നാരായണൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർത്ഥികളുടെ ഹ്രസ്വചിത്രം മികച്ച ക്യാമ്പസ് ഫിക്ഷൻ പുരസ്കാരം നേടി. ഉറ എന്ന ഹ്രസ്വ ചിത്രത്തിനാണ് പുരസ്കാരം ലഭിച്ചത്.

 

മുന്‍ എംഎല്‍എയും കെടിഡിസി ചെയര്‍മാനുമായ പി.കെ. ശശിയും സിപിഎമ്മും തമ്മിലുള്ള അസ്വാരസ്യങ്ങള്‍ മുറുകുന്നു.ആരും കണ്ണുരുട്ടി പേടിപ്പിക്കാമെന്ന് വിചാരിക്കണ്ടെന്നും ഇത് വെള്ളരിക്കാപ്പട്ടണമല്ല എന്നുമാണ് ബാങ്കിന്റെ ഉദ്ഘാടനത്തോട് അനുബന്ധിച്ച് നടത്തിയ പ്രസംഗത്തില്‍ പി.കെ. ശശി പറഞ്ഞത്.

 

നഗരത്തിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാന്‍ സിഗ്‌നല്‍ ലൈറ്റ് ഓഫാക്കി പോലീസുകാര്‍ നേരിട്ടിറങ്ങി ഗതാഗതം നിയന്ത്രിക്കണമെന്ന് ഹൈക്കോടതി. രാവിലെ 8:30 മുതൽ 10 വരെയും, വൈകിട്ട് 5 മുതൽ 7:30 വരെയും സിഗ്നൽ ഓഫ് ചെയ്യാനാണ് നിർദേശം.

 

വൈറ്റില ജങ്ഷനിൽ കെഎസ്ആർടിസി ബസ് ഡ്രൈവർക്ക് മർദനം. കെഎസ്ആർടിസി ഡ്രൈവറെ ഇടിവള കൊണ്ട് ലോറി ഡ്രൈവർ മർദിച്ചു. കെഎസ്ആര്‍ടിസി ഡ്രൈവര്‍ റിന്‍റോയ്ക്കാണ് മർദനമേറ്റത്. പാഴ്സൽ ലോറി ഡ്രൈവർ പാലക്കാട് സ്വദേശി ഷിഹാസ് ഉമ്മറിനെ കസ്റ്റഡിയിലെടുത്തു. ലോറിക്ക് സൈഡ് നൽകിയില്ലെന്ന് പറഞ്ഞായിരുന്നു മർദനം.

 

രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുമായി ബന്ധപ്പെട്ട ചോദ്യങ്ങളോട് പ്രതികരിച്ച് ഷാഫി പറമ്പിൽ എംപി. പറയാനുള്ളതെല്ലാം ഇന്നലെ പറഞ്ഞുവെന്നും ഇന്ന് പ്രതികരിക്കാനില്ലെന്നും ഷാഫി പറമ്പിൽ പറഞ്ഞു. പാലക്കാട് അനാഥമായോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് ഷാഫി പ്രതികരിച്ചില്ല.

 

കനൽ’ എന്ന പേരിൽ യുട്യൂബ് ചാനലുമായി സിപിഐ. മുഖ്യധാര മാധ്യമങ്ങളിൽ സിപിഐക്ക് അർഹമായ പ്രാതിനിധ്യം ലഭിക്കാത്തതിനാലാണ് യു ട്യൂബ് ചാനലുമായി സിപിഐ മുന്നോട്ട് പോവുന്നത്. ‘കനൽ’ എന്നാണ് സിപിഐയുടെ ചാനലിന്റെ പേര്. അതേസമയം, മുതിർന്ന മാധ്യമപ്രവർത്തകർ സിപിഐ യൂട്യൂബ് ചാനലുമായി സഹകരിക്കുമെന്നാണ് വിവരം. യൂട്യൂബ് ചാനൽ തുടങ്ങുന്നതോടെ പാർട്ടിയുടെ പരിപാടികൾക്കും നേതാക്കൾക്കും ഒരു സ്പേസ് കിട്ടുമെന്നാണ് വിലയിരുത്തുന്നത്.

 

കാസർകോട്  കർണാടക അതിർത്തിയായ തലപ്പാടിയിൽ വാഹനാപകടം. അമിത വേഗത്തിൽ എത്തിയ കർണാടക ആർടിസി ബസ് നിയന്ത്രണം വിട്ട് ബസ് കാത്തിരിപ്പ് കേന്ദ്രത്തിലേക്ക് ഇടിച്ചു കയറുകയായിരുന്നു. അപകടത്തില്‍ ആറുപേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. ബസിന്റെ ബ്രേക്ക്‌ പോയതാണ് അപകട കാരണം. ബസ് കാത്തിരിപ്പ് കേന്ദ്രത്തില്‍ നിന്നവരാണ് മരിച്ചതെന്നാണ് പ്രാഥമിക വിവരം.

 

 

1971 ലെ വിമോചന യുദ്ധത്തിൽ പാകിസ്ഥാൻ സൈന്യം നടത്തിയ വംശഹത്യയിൽ പത്ത് ലക്ഷത്തിലധികം സാധാരണക്കാരെ കൂട്ടക്കൊല ചെയ്ത കേസ് രണ്ടുതവണ പരിഹരിച്ചതായി പാകിസ്ഥാൻ. 1974 ലും 2000 കളുടെ തുടക്കത്തിലും ബംഗ്ലാ സംസാരിക്കുന്ന ആളുകളെ കൂട്ടക്കൊല ചെയ്തതും ലക്ഷക്കണക്കിന് സ്ത്രീകളെ ബലാത്സംഗം ചെയ്തതും രണ്ടുതവണ ഒത്തുതീർപ്പാക്കിയതായി പാകിസ്ഥാൻ വിദേശകാര്യ മന്ത്രി ഇഷാഖ് ദാർ പറഞ്ഞു.

 

ബിജെപി അധ്യക്ഷനെ തീരുമാനിക്കുന്നത് ആർഎസ്എസ് അല്ലെന്നു സർ സംഘചാലക് മോഹൻ ഭാഗവത്. ബിജെപിയുടെ വിഷയങ്ങളിൽ ആർഎസ്എസ് ഇടപെടാറില്ലെന്ന് മോഹൻ ഭാഗവത് പറഞ്ഞു. തങ്ങളാണ് തീരുമാനം എടുക്കുന്നതെങ്കിൽ ബിജെപി അധ്യക്ഷനെ തീരുമാനിക്കാൻ ഇത്ര വൈകുമോ എന്നും മോഹൻ ഭാഗവത് ചോദിച്ചു. വിവിധ പരിവാർ സംഘടനകൾ സ്വതന്ത്രമായാണ് പ്രവർത്തിക്കുന്നത്. എല്ലാവർക്കും ഒരേ അഭിപ്രായം ആവണമെന്ന് പറയാനാവില്ലെന്നും മോഹൻ ഭാഗവത് പറഞ്ഞു.

 

രാജ്യത്തെ സ്ത്രീകൾക്ക് ഏറ്റവും സുരക്ഷിതമായ നഗരങ്ങളായി കോഹിമ, വിശാഖപട്ടണം, ഭുവനേശ്വർ, ഐസ്വാൾ, ഗാങ്ടോക്ക്, ഇറ്റാനഗർ, മുംബൈ എന്നിവയെ തിരഞ്ഞെടുത്തതായി നാഷണൽ ആന്വൽ റിപ്പോർട്ട് ആൻഡ് ഇൻഡക്സ് ഓൺ വിമൻസ് സേഫ്റ്റി (NARI) 2025. അതേസമയം, പട്ന, ജയ്പൂർ, ഫരീദാബാദ്, ദില്ലി, കൊൽക്കത്ത, ശ്രീനഗർ, റാഞ്ചി എന്നീ നഗരങ്ങൾ സുരക്ഷാ സൂചികയിൽ ഏറ്റവും പിന്നിലാണ്. രാജ്യത്തെ 31 നഗരങ്ങളിൽ നിന്നുള്ള 12,770 സ്ത്രീകളിൽ നടത്തിയ സർവേയുടെ അടിസ്ഥാനത്തിലാണ് ഈ സൂചിക തയ്യാറാക്കിയത്.

 

പ്രധാനമന്ത്രി നരേന്ദ്ര മോദി വിരമിക്കുമെന്ന് താൻ പറഞ്ഞിട്ടില്ലെന്ന് ആർഎസ്എസ് സർസംഘചാലക് മോഹൻ ഭാഗവത്. താനോ മറ്റാരെങ്കിലുമോ വിരമിക്കുമെന്ന് പറഞ്ഞിട്ടില്ല. സംഘടന ആവശ്യപ്പെടുന്നിടത്തോളം തുടരും. നേതാക്കൾ 75ാം വയസിൽ വിരമിക്കണമെന്ന മോഹൻ ഭാഗവതിന്‍റെ പരാമർശം വലിയ വിവാദമായിരുന്നു. ബിജെപിയുമായി ഭിന്നതയില്ലെന്ന് ഭാഗവത് പറഞ്ഞു. എന്നാൽ എല്ലാ കാര്യങ്ങളിലും ഒരേ നിലപാട് ആകണമെന്നില്ലെന്നും മോഹൻ ഭാഗവത് പറഞ്ഞു.

 

ഫിഷറീസ് ഉദ്യോഗസ്ഥരുടെ കടുംപിടുത്തം കാരണം ഫോർട്ടു കൊച്ചി – വൈപ്പിൻ റോ റോ സർവീസ് കുറച്ച് സമയം നിർത്തിവെച്ചു. ലൈസൻസ് പുതുക്കുവൻ ഒരു ദിവസം വൈകിയതിന്റെ പേരിൽ ജപമാല എന്ന വള്ളം പിടിച്ചെടുത്ത് 2.50 ലക്ഷം രൂ പിഴയിട്ടതിൽപ്രതിഷേധിച്ച് മത്സ്യത്തൊഴിലാളികൾ അഴിമുഖത്ത് ബോട്ടുകൾ കൂട്ടി കെട്ടിയിട്ട് പ്രതിഷേധിച്ചു. എന്നാൽ, വേലിയിറക്കമായതിനാൽ റോ റോറോ റോ സർവ്വീസ് നടത്തുവാൻ കഴിയില്ലെന്നാണ് കെ.എസ് ഐ.എൻ.സി അധികൃതർ അറിയിച്ചത്.

 

നേപ്പാളിലെ കാഠ്മണ്ഡു വഴി മൂന്ന് പാകിസ്ഥാൻ ഭീകരർ നുഴഞ്ഞുകയറിയതായി രഹസ്യാന്വേഷണ വിഭാഗത്തിന് വിവരം ലഭിച്ചതിനെ തുടർന്ന് ബിഹാറിൽ അതീവ ജാഗ്രത. പാകിസ്ഥാൻ ആസ്ഥാനമായുള്ള ജെയ്‌ഷെ മുഹമ്മദ് (ജെ.ഇ.എം) അംഗങ്ങളാണ് ഭീകരരെന്നും ഓഗസ്റ്റ് 15 ന് അരാരിയ വഴി ബിഹാറിൽ പ്രവേശിച്ചുവെന്നും ഇന്റലിജൻസ് വിവരങ്ങൾ പറയുന്നു. റാവൽപിണ്ടി സ്വദേശിയായ ഹസ്‌നാനിൻ അലി, ഉമർകോട്ടിൽ നിന്നുള്ള ആദിൽ ഹുസൈൻ, ഭവാൽപൂരിൽ നിന്നുള്ള മുഹമ്മദ് ഉസ്മാൻ എന്നിവരാണ് മൂന്ന് ജെയ്‌ഷെ മുഹമ്മദ് ഭീകരരെന്ന് തിരിച്ചറിഞ്ഞതായി ഉദ്യോഗസ്ഥർ പറഞ്ഞു.

 

മെക്സിക്കോ പാർലമെന്റിൽ എംപിമാർ തമ്മിലടിച്ചു. സെനറ്റിൽ പ്രതിപക്ഷ പാർട്ടി നേതാവ് അലജാൻഡ്രോ അലിറ്റോ മൊറീനോ സെനറ്റ് പ്രസിഡന്റ് ജെറാർഡോ ഫെർണാണ്ടസ് നൊറോണയെ ശാരീരികമായി ആക്രമിച്ചതോടെയാണ് സംഘർഷം പൊട്ടിപ്പുറപ്പെട്ടത്. തുടർന്ന് എംപിമാർ തമ്മിൽ കൂട്ടയടിയായി. എ.എഫ്.പിയുടെ റിപ്പോർട്ട് പ്രകാരം, മെക്സിക്കോയിലെ വിദേശ സായുധ സേനയെക്കുറിച്ചുള്ള തർക്കവിഷയമായ ചർച്ചയുടെ അവസാനത്തിലാണ് നിയമസഭാംഗങ്ങൾ ദേശീയഗാനം ആലപിച്ചുകൊണ്ടിരിക്കെ സംഭവം നടന്നത്.

 

അമേരിക്കയിലെ ടെക്സസിലെ റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി വാലന്‍റീന ഗോമസ് ഖുർആൻ കത്തിച്ച് വിദ്വേഷ പരാമർശം നടത്തി. ടെക്സസിൽ നിന്ന് ഇസ്‌ലാമിനെ ഇല്ലാതാക്കുമെന്നാണ് പറഞ്ഞത്. ടെക്സസിലെ 31-ാം കോൺഗ്രഷണൽ ഡിസ്ട്രിക്റ്റ് സീറ്റിലേക്ക് മത്സരിക്കുന്ന റിപബ്ലിക്കൻ സ്ഥാനാർത്ഥിയാണ് വാലന്റീന ഗോമസ്.

 

എഫ്-35 വിമാനം പരിശീലന പറക്കലിനിടെ താഴെ വീണ് തീഗോളമാകും മുൻപ് പ്രശ്നം പരിഹരിക്കാൻ പൈലറ്റ് എഞ്ചിനീയർമാരുമായി ഫോണിൽ സംസാരിച്ചത് 50 മിനിറ്റ്. 1750 കോടി രൂപ (200 മില്യൺ ഡോളർ) വിലയുള്ള വിമാനം അലാസ്കയിലെ എയർബേസിലെ റൺവേയിൽ പതിക്കുന്നതിന് മുൻപാണ് പൈലറ്റ് എഞ്ചിനീയർമാരുടെ നിർദേശം തേടിയതെന്ന് അന്വേഷണ റിപ്പോർട്ടിൽ പറയുന്നു. അഞ്ചാം തലമുറ സ്റ്റെൽത്ത് യുദ്ധവിമാനം ഈൽസൺ എയർഫോഴ്‌സ് ബേസിൽ ജനുവരി 28-നാണ് തകർന്നുവീണത്.

 

ഓരോ ഇന്ത്യൻ ദമ്പതിമാർക്കും മൂന്ന് കുട്ടികൾ വീതം വേണമെന്ന് ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്. ജനസംഖ്യാപരമായ മാറ്റത്തെയും ജനസംഖ്യാ നിയന്ത്രണത്തെയും കുറിച്ചുള്ള ചോദ്യങ്ങൾക്ക് മറുപടി പറയവെയായിരുന്നു മോഹൻ ഭാഗവതിന്റെ പ്രസ്താവന.

 

റഷ്യയുമായുള്ള ഇന്ത്യയുടെ എണ്ണ വ്യാപാരം നിയന്ത്രിക്കാത്തപക്ഷം ശിക്ഷാപരമായ തീരുവ നിലപാട് യുഎസ് മയപ്പെടുത്തില്ലെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ സാമ്പത്തിക ഉപദേഷ്ടാവ് കെവിൻ ഹാസെറ്റ്. ഇന്ത്യയുമായുള്ള വ്യാപാര ചർച്ചകൾ സങ്കീർണ്ണമാണെന്നും അമേരിക്കൻ ഉൽപ്പന്നങ്ങൾക്കായി തങ്ങളുടെ വിപണി തുറക്കുന്നതിൽ ഇന്ത്യ വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിക്കുകയാണെന്നും യുഎസ് നാഷണൽ ഇക്കണോമിക് കൗൺസിൽ ഡയറക്ടർ കൂടിയായ അദ്ദേഹം ആരോപിച്ചു.

 

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *