കേരളത്തിൽ ഭരണം പിടിക്കുമെന്ന അമിത് ഷായുടെ പ്രഖ്യാപനത്തെ കരുതിയിരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അധികാരത്തിലെത്താൻ ബിജെപി എല്ലാകുൽസിത മാർഗങ്ങളും സ്വീകരിക്കുമെന്നും അവർക്ക് ചെയ്യുന്ന ഓരോ വോട്ടും കേരളത്തനിമ നശിപ്പിക്കുമെന്നുമാണ് മുഖ്യമന്ത്രിയുടെ മുന്നറിയിപ്പ്. മനോരമ കോൺക്ലെവിൽ ഇന്നലെ അമിത് ഷാ നടത്തിയ പ്രഖ്യാപനങ്ങൾക്കാണ് ഇന്ന് മുഖ്യമന്ത്രിയുടെ മറുപടി.
യുവതിയെ ഗർഭഛിദ്രത്തിനു വേണ്ടി നിര്‍ബന്ധിക്കുന്നതിന്‍റെ കൂടുതല്‍ ഫോണ്‍ സംഭാഷണം പുറത്തുവന്നതോടെ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പരാതി. പാലക്കാട്ടെ മഹിളാമോർച്ച നേതാവ് അശ്വതി മണികണ്ഠനാണ് രാഹുലിനെതിരെ പരാതി നൽകിയത്. ദേശീയ, സംസ്ഥാന ബാലാവകാശ കമ്മീഷനുകൾ, ജില്ലാ വനിതാ സംരക്ഷണ കേന്ദ്രം എന്നിവിടങ്ങളിലാണ് പരാതി നൽകിയത്. പുറത്തുവന്ന സ്ക്രീന്‍ ഷോട്ടുകളും ഫോണ്‍ സംഭാഷണങ്ങളും തെളിവായി കാണിച്ചുകൊണ്ടാണ് പരാതി.
അവസാന നിമിഷം വാർത്താസമ്മേളനം റദ്ദാക്കി രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. മാധ്യമങ്ങളെ കാണുമെന്ന് അറിയിച്ചിരുന്നെങ്കിലും കൂടുതൽ വിശദീകരണത്തിനില്ലെന്ന് വ്യക്തമാക്കിയാണ് രാഹുൽ മാങ്കൂട്ടത്തിൽ വാർത്താസമ്മേളനത്തിൽ നിന്ന് പിൻമാറിയത്. ആരോപണങ്ങൾക്ക് പിന്നാലെ എംഎൽഎ സ്ഥാനത്ത് നിന്നുള്ള രാജി സമ്മർദ്ദം രൂക്ഷമായതിനെ തുടർന്നാണ് വാർത്താസമ്മേളനത്തിന് തീരുമാനിച്ചത്. പുതിയ ശബ്ദരേഖ പുറത്ത് വന്നതിന് പിന്നാലെയാണ് രാജി സമ്മർദം രൂക്ഷമായത്. കൂടുതൽ വിശദീകരണം നൽകാനാണ് വാര്‍ത്താ സമ്മേളനം എന്നാണ് രാഹുൽ നേതൃത്വത്തെ അറിയിച്ചത്.
രാഹുലിനെതിരെ വിമർശനവുമായി യൂത്ത് കോൺഗ്രസ് എറണാകുളം ജില്ലാ കമ്മിറ്റിയുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജില്ലാ സെക്രട്ടറിയുടെ ഓഡിയോ സന്ദേശം. തനിക്കറിയാവുന്ന രണ്ട് വനിതാ കെഎസ്‌യു പ്രവർത്തകർക്ക് രാഹുൽ മെസേജ് അയച്ചുവെന്നും അവർ പാർട്ടി പ്രവർത്തനം അവസാനിപ്പിച്ചു പോയെന്നും ജില്ലാ സെക്രട്ടറി പറയുന്നു. തെറ്റിനെ ന്യായീകരിക്കേണ്ട ആവശ്യം ഇല്ല. ന്യായീകരിക്കാൻ നമുക്ക് സമയവുമില്ലെന്നും ജില്ലാ സെക്രട്ടറി ആഷിക് കരോട്ടിൽ വിമർശിച്ചു. എംഎൽഎക്കെതിരെ വ്യാപകമായി ആരോപണങ്ങൾ ഉയരുമ്പോഴും സ്ഥാനം രാജിവെക്കില്ലെന്ന നിലപാടിലാണ് രാഹുൽ.
രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ആരോപണവുമായി ആനി രാജ. ദില്ലിയിലെ പഠനകാലത്തും രാഹുലിനെതിരെ പരാതികൾ ഉയർന്നിരുവെന്ന് ആനി രാജ പ്രതികരിച്ചു. പല പെൺകുട്ടിളെയും സമാനമായ രീതിയിൽ സമീപിച്ചിരുന്നു.കോളേജുകളിലെയും, സർവകലാശാലകളിലെയും ആക്ടിവിസ്റ്റുകളായ പെൺകുട്ടികളെ സമീപിക്കാൻ ശ്രമിച്ചു. വേണ്ട മറുപടി യഥാസമയം കൊടുത്ത് തിരിച്ചയച്ചുവെന്നുമാണ് ആനിരാജ പറയുന്നു.
രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം രാജിവെക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ഇത്തരം വിഷയങ്ങൾ കോൺഗ്രസിന്റെ ഡിഎൻഎയിൽ ഉള്ളതാണ്. ചൂഷകനല്ലാത്ത എംഎൽഎ വേണം എന്നത് പാലക്കാടിന്റെ അവകാശമാണ്. രാഹുൽ മാങ്കൂട്ടത്തിൽ രാജി വെച്ചില്ലെങ്കിൽ ബിജെപി ചെയ്യേണ്ടത് ചെയ്യുമെന്നും രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കി.
രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ഉയരുന്ന രൂക്ഷമായ ആരോപണങ്ങളില്‍ പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. രാഹുൽ രാജിവെയ്ക്കണം എന്ന ആവശ്യത്തിലേക്ക് കേരളം ഒന്നാകെ എത്തിയിരിക്കുന്നുവെന്നും പെരുമഴ പോലെയാണ് ആരോപണങ്ങൾ വരുന്നത്, ഇന്നല്ലെങ്കിൽ നാളെ രാജിവെയ്ക്കേണ്ടി വരും. രാജിയല്ലാതെ വേറെ വഴിയില്ല. ഷാഫി പറമ്പിൽ, വിഡി സതീശൻ എന്നിവർക്കും ഇതില്‍ പങ്കുണ്ട്. ആരോപണങ്ങൾ അല്ല, തെളിവുകൾ ആണ് പുറത്ത് വന്നതെന്നും എംവി ഗോവിന്ദന്‍ മാധ്യമങ്ങളോട് പറഞ്ഞു.
ക്ഷേമ പെൻഷൻ ഗുണഭോക്താക്കളുടെ വാർഷിക മസ്‌റ്ററിങ്ങിനുള്ള സമയപരിധി സെപ്‌തംബർ 10 വരെ നീട്ടിയതായി ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. ഞായറാഴ്‌ച അവസാനിക്കുന്ന സമയപരിധി നീട്ടിനൽകണമെന്ന ആവശ്യം പരിഗണിച്ചാണ് തീരുമാനം. സാമുഹ്യസുരക്ഷ, ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കൾക്ക് സമയപരിധിക്കുള്ളിൽ അക്ഷയ കേന്ദ്രങ്ങൾ വഴി മസ്‌റ്ററിങ്ങ് നടത്താനാകും.
യുവതിയുമായുള്ള രാഹുലിന്‍റെ ഫോണ്‍ സംഭാഷണത്തിന്‍റെ കൂടുതല്‍ ഭാഗങ്ങൾ പുറത്ത്. ഗര്‍ഭഛിദ്രം നടത്താന്‍ യുവതിയെ രാഹുല്‍ നിര്‍ബന്ധിക്കുന്ന സംഭാഷണ ഭാഗമാണ് നിലവില്‍ പുറത്തുവന്നിരിക്കുന്നത്. ഗര്‍ഭഛിദ്രത്തെ എതിത്ത് സംസാരിക്കുന്ന യുവതിയോട് രാഹുല്‍ വളരെ മോശമായി സംസാരിക്കുന്നതും അസഭ്യം പറയുകയും ചെയ്യുന്നത് പുറത്തുവന്ന ഫോണ്‍ സംഭാഷണത്തിലുണ്ട്. യുവതിയെ കാണണം എന്ന് ഫോണ്‍ കോളില്‍ രാഹുല്‍ ആവശ്യപ്പെടുന്നുണ്ട്. എന്നാല്‍ എന്തിനാണ് കാണുന്നത് കൊല്ലാനാണോ എന്ന് യുവതി തിരിച്ച് ചോദിച്ചു. കൊല്ലാനാണെങ്കില്‍ സെക്കന്‍റുകൾ മതി എന്നാണ് രാഹുല്‍ യുവതിയോട് പറയുന്നത്.
ബിഗ് ബോസ് സീസൺ 6 ജേതാവ് ജിന്റോയ്ക്കെതിരെ പാലാരിവട്ടം പൊലീസ് എടുത്ത മോഷണക്കേസിൽ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി. ജിന്റോയുടെ ഉടമസ്ഥതയിലുള്ള ജിന്റോ ബോഡി ക്രാഫ്റ്റ് എന്ന ജിംനേഷ്യത്തിൽ അതിക്രമിച്ചു കയറി പതിനായിരം രൂപയും വിലപ്പെട്ട രേഖകളും മോഷ്‌ടിച്ചെന്നാണ് നടത്തിപ്പുകാരിയുടെ പരാതി. നേരത്തെ ജിന്റോയ്‌ക്കെതിരെ എടുത്ത ലൈംഗിക ആക്രമണ കേസിൽ ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു.
തൈക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിൽ കഴിഞ്ഞ മൂന്ന് ദിവസമായി ശുദ്ധജലം മുടങ്ങി രോഗികൾ ദുരിതം അനുഭവിക്കുന്ന സംഭവത്തിൽ ഇടപെട്ട് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ. തുടർച്ചയായി മൂന്നു ദിവസം ശുദ്ധജലം മുടങ്ങിയതിനെ കുറിച്ച് ജല അതോറിറ്റി അസിസ്റ്റന്‍റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ അന്വേഷണം നടത്തണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ് ഉത്തരവിട്ടു. കുടിവെള്ള വിതരണം പഴയപടി പുനസ്ഥാപിക്കണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു.
സംസ്ഥാന സർവീസ് ജീവനക്കാർക്കും അധ്യാപകർക്കും ഒരു ഗഡു ക്ഷാമബത്ത അനുവദിച്ചു. സർവീസ് പെൻഷൻകാർക്കുള്ള ക്ഷാമാശ്വാസവും ഒരു ഗഡു അനുവദിച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. യുജിസി, എഐസിടിഇ, മെഡിക്കൽ സർവീസസ് ഉൾപ്പെടെയുള്ളവർക്കും ഡിഎ, ഡിആർ വർധനവിന്റെ ആനുകൂല്യം ലഭിക്കും. സെപ്‌തംബർ ഒന്നിന് ലഭിക്കുന്ന ശമ്പളത്തിനും പെൻഷനുമൊപ്പം പുതിയ ആനുകൂല്യം കിട്ടി തുടങ്ങും.
സിപിഎം നേതാവ് പി സരിന്‍റെ ഫോട്ടോ എഡിറ്റ് ചെയ്ത് നടത്തുന്ന വ്യാജ പ്രചാരണത്തിനെതിരെ ഡോ. സൗമ്യ സരിൻ. രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ആരോപണം ഉന്നയിച്ച നടി റിനി ആൻ ജോർജിനൊപ്പം സരിൻ നിൽക്കുന്നതായുള്ള ചിത്രമാണ് എഡിറ്റ് ചെയ്ത് പ്രചരിപ്പിച്ചത്. ഇത്രയും ക്വാളിറ്റി ഇല്ലാത്ത ഒരു തല വെട്ടി ഒട്ടിക്കൽ ഫോട്ടോ താൻ അടുത്ത കാലത്തൊന്നും കണ്ടിട്ടില്ല എന്നാണ് സൗമ്യ സരിൻ കുറിച്ചത്.
എറണാകുളം ഊന്നുകല്ലിൽ മരിച്ച നിലയിൽ കണ്ടെത്തിയ സ്ത്രീയെ തിരിച്ചറിഞ്ഞു. മരിച്ചത് എറണാകുളം കുറുപ്പുംപടി സ്വദേശി ശാന്തയാണ്. തലയ്ക്ക് പിന്നിലേറ്റ ക്ഷതമാണ് മരണകരണമെന്ന് പോസ്റ്റ് മോർട്ടത്തില്‍ കണ്ടെത്താൽ സാധിച്ചിട്ടുണ്ട്. ശാന്തയുടെ ഒരു സുഹൃത്തിനായി പൊലീസ് അന്വേഷണം ഊർജ്ജതമാക്കിയിരിക്കുകയാണ്. മോഷണ ശ്രമത്തിനുശേഷം കൊലപാതകം എന്ന നിഗമനത്തിലാണ് പൊലീസ് എത്തിച്ചേര്‍ന്നിരിക്കുന്നത്.
തോട്ടപ്പള്ളിയിലെ 62-കാരിയുടെ കൊലപാതകത്തില്‍ കഴിഞ്ഞദിവസം പിടികൂടിയ ആള്‍ നിരപരാധിയെന്ന് പോലീസ്. സ്ത്രീയെ കൊലപ്പെടുത്തിയ ദമ്പതിമാരെ പോലീസ് കസ്റ്റഡിയിലെടുത്തു. തൃക്കുന്നപ്പുഴ പതിയാങ്കര സ്വദേശികളായ സൈനുല്‍ ആബിദ്, ഭാര്യ അനീഷ എന്നിവരെയാണ് ശനിയാഴ്ച പോലീസ് കസ്റ്റഡിയിലെടുത്തത്.
കാസർകോട് ദേലംപാടിയിൽ യുവതിയെ ഭർത്താവ് മുത്തലാഖ് ചൊല്ലിയതായി പരാതി. യുവതിയുടെ പരാതിയില്‍ കർണാടക ഈശ്വരമംഗല സ്വദേശി ഇബ്രാഹിം ബാദുഷക്കെതിരെ ആദൂർ പൊലീസ് കേസെടുത്തു. ഭർത്താവ് സ്ത്രീധനത്തിന്‍റെ പേരിലടക്കം നിരന്തരം മർദ്ദിക്കുന്നതായി യുവതി പറഞ്ഞു. മുത്തലാഖിനെതിരെ നിയമനടപടിയുമായി മുന്നോട്ട് പോകുമെന്നാണ് യുവതിയുടെ നിലപാട്.
ആലപ്പുഴയിൽ എംഡിഎംഎയുമായി യുവാവ് പിടിയില്‍. ഓണം സ്പെഷ്യൽ ഡ്രൈവിനോട് അനുബന്ധിച്ച് നടത്തിയ പരിശോധനയിലാണ് മാരാരിക്കുളം തെക്ക് പഞ്ചായത്ത് 23ാം വാർഡിൽ ശാസ്താം പറമ്പിൽ വിനീത് തോമസ്(30)നെ വീട്ടില്‍ നിന്നും 5.98 ഗ്രാം എംഡിഎംഎയുമായി അറസ്റ്റ് ചെയ്തത്.
വരും ദിവസങ്ങളിൽ കേരളത്തിലെ വിവിധ ജില്ലകളിൽ മഞ്ഞ (Yellow) അലർട്ട് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഓഗസ്റ്റ് 26 ന് തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലും 27 ന് എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലുമാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.
കർണാടകയിലെ കോൺഗ്രസ് എം എ ല്‍എ കെ സി വീരേന്ദ്ര പപ്പിയുടെ അറസ്റ്റിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. സിക്കിമിൽ ഓൺലൈൻ ചൂതാട്ട കേന്ദ്രം ലീസിന് എടുക്കാനെത്തിയപ്പോഴാണ് വീരേന്ദ്രയെ എൻഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റ് ( ഇ ഡി ) അറസ്റ്റ് ചെയ്തത്. അഴിമതി നിരോധന നിയമപ്രകാരമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. രാജ്യവ്യാപകമായി ഇ ഡി രണ്ട് ദിവസം നടത്തിയ റെയ്ഡിനൊടുവിലായിരുന്നു അറസ്റ്റ്.
പ്രസവ ചികിത്സാ ഫീസ് തുടർച്ചയായി വർദ്ധിപ്പിച്ച് പ്രസവം വൈകിപ്പിച്ച് ആശുപത്രി അധികൃതർ കുഞ്ഞിനെ കൊന്നുവെന്നാരോപിച്ച് മൃതദേഹവുമായി പിതാവ് മജിസ്ട്രേറ്റ് ഓഫീസിൽ. ഉത്തർപ്രദേശിലെ ലഖിംപൂർ ഖേരി ജില്ലാ മജിസ്ട്രേറ്റിന്റെ ഓഫീസിലാണ് സംഭവമുണ്ടായത്. നവജാത ശിശുവിൻ്റെ മൃതശരീരം കവറിലിട്ടാണ് പിതാവ് പരാതിപ്പെടാനെത്തിയത്. ഫീസ് വർധിപ്പിച്ച് പ്രസവം വൈകിപ്പിച്ചതാണ് തൻ്റെ കുഞ്ഞിൻ്റെ മരണത്തിന് കാരണമെന്ന് ഓഫീസിലെത്തിയ പിതാവ് വിപിൻ ഗുപ്ത ആരോപിച്ചു.
തപാൽ വകുപ്പ് അമേരിക്കയിലേക്കുള്ള മിക്ക അന്താരാഷ്ട്ര തപാൽ സേവനങ്ങളും താത്ക്കാലികമായി നിർത്തിവെച്ചു. ഓഗസ്റ്റ് 25 മുതലാണ് ഈ നിയന്ത്രണം നിലവിൽ വരിക. യുഎസ് സർക്കാർ കൊണ്ടുവന്നതും സാധനങ്ങളുടെ അന്താരാഷ്ട്ര ഷിപ്പിംഗിനെ ബാധിക്കുന്നതുമായ നിയന്ത്രണങ്ങളെ തുടർന്നാണ് തീരുമാനം.
നിരവധി വിദേശരാജ്യങ്ങളില്‍ ഇറാന് ആയുധ നിര്‍മാണശാലകളുണ്ടെന്ന് വെളിപ്പെടുത്തി ഇറാന്റെ പ്രതിരോധമന്ത്രി അസീസ് നസീര്‍സാദെ. എന്നാല്‍, ഇവ എവിടെയൊക്കെയാണെന്ന് ഇപ്പോള്‍ വെളിപ്പെടുത്തില്ലെന്നും അദ്ദേഹം പറഞ്ഞു. ഇസ്രയേല്‍-ഇറാന്‍ വ്യോമസംഘര്‍ഷം നടന്ന് രണ്ടുമാസത്തിനിപ്പുറമാണ് ഇറാന്‍ പ്രതിരോധമന്ത്രിയുടെ വെളിപ്പെടുത്തലെന്നത് ശ്രദ്ധേയമാണ്.
സംസ്ഥാന സമ്മേളനം കഴിഞ്ഞ് മടങ്ങിയ വാഹനങ്ങള്‍ക്ക് ടോള്‍ ഈടാക്കിയതിന് തമിഴക വെട്രിക്കഴകം (ടിവികെ) പ്രവര്‍ത്തകര്‍ ടോള്‍പ്ലാസ ഉപരോധിച്ചു. ഇരുന്നൂറിലേറെ പാര്‍ട്ടി പ്രവര്‍ത്തകരാണ് ധര്‍മപുരി പാലാക്കോടിലെ ടോള്‍പ്ലാസയും റോഡും ഉപരോധിച്ചത്. ഇതോടെ ഒരുമണിക്കൂറോളം ഗതാഗതം തടസപ്പെട്ടു. പാര്‍ട്ടിപ്രവര്‍ത്തകരുടെ വാഹനങ്ങളില്‍നിന്ന് ഈടാക്കിയ ടോള്‍ തിരികെനല്‍കാമെന്ന് ടോള്‍പ്ലാസ അധികൃതര്‍ സമ്മതിച്ചതോടെയാണ് പ്രതിഷേധം അവസാനിപ്പിച്ചത്.