2026ൽ കേരളത്തിൽ ബിജെപി അധികാരത്തിൽ എത്തുമെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി എംടിരമേശ് പറഞ്ഞു.അമിത് ഷായുടെ സാന്നിദ്ധ്യത്തില്‍ എറണാകുളത്ത് ചേര്‍ന്ന സംസ്ഥാന നേതൃയോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.ഹിന്ദുത്വ പറയണോ വികസനം പറയണോ എന്ന ആശയക്കുഴപ്പം ഇല്ല..ബിജെപിക്ക് വികസന അജണ്ട മാത്രമേയുള്ളു.വികസന അജണ്ട പറഞ്ഞാണ് ബിജെപി തെരഞ്ഞെടുപ്പുകളിൽ ജയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
പഹൽഗാമിൽ കൊല്ലപ്പെട്ട രാമചന്ദ്രന്‍റെ കുടുംബാംഗങ്ങളെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ സന്ദർശിച്ചു. കൊച്ചിയിൽ ബിജെപി സംസ്ഥാന അവലോകന യോഗത്തിൽ പങ്കെടുത്ത ശേഷമാണ് വീട്ടിൽ എത്തിയത്. ഭാര്യ ഷീല, മകൾ ആരതി, മറ്റ് കുടുംബാഗങ്ങൾ എന്നിവരുമായി കൂടിക്കാഴ്ച നടത്തി. തുടർന്ന് അമിത് ഷാ തമിഴ്നാട്ടിലേക്ക് പോയി.എറണാകുളത്ത് നടന്ന ബിജെപി സംസ്ഥാന നേതൃയോഗം ഉദ്ഘാടനം ചെയ്യാൻ എത്തിയതായിരുന്നു അമിത് ഷാ.
രാഹുൽ ഗാന്ധി പ്രധാനമന്ത്രി ആകില്ലെന്നും ഉദയനിധി തമിഴ്നാട് മുഖ്യമന്ത്രി ആകില്ലെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. സോണിയയുടെയും സ്റ്റാലിന്‍റെയും ആഗ്രഹം മാത്രമാണെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു. ബിജെപി ബൂത്തുതല സമ്മേളനത്തിൽ പങ്കെടുക്കാൻ തിരുനെൽവേലിയിലെത്തിയപ്പോഴായിരുന്നു അമിത് ഷായുടെ പ്രസംഗം. തമിഴ്നാട്ടിലെ ജനങ്ങളെയും ഭാഷയേയും സംസ്കാരത്തേയും പ്രധാനമന്ത്രി എപ്പോഴും ബഹുമാനിക്കുന്നുവെന്നും അമിത് ഷാ പറഞ്ഞു.
വി ഡി സതീശൻ പ്രതിപക്ഷ നേതാവ് സ്ഥാനം രാജി വെയ്ക്കണമെന്ന് പി സരിന്‍. രാഹുൽ മാങ്കൂട്ടത്തിലിന്‍റെ രാജിയാവശ്യം പിന്നീടാണ് വരുന്നതെന്നും സരിന്‍ പറഞ്ഞു. ഷാഫി പറമ്പിൽ ബിഹാറിലേക്ക് പോയി. രാഹുല്‍ ഗാന്ധിയുടെ ഒപ്പം നടക്കാൻ എന്നാണ് പറയുന്നത്. ഇവിടെ നടന്നത് പറഞ്ഞാൽ ദേശീയ നേതൃത്വം നാണിച്ചു പോകും. വർഷം മുഴുവൻ പറഞ്ഞാലും കോൺഗ്രസ്സിന്റെ അനാശാസ്യ കഥകൾ അവസാനിക്കില്ല എന്നാണ് സരിന്‍റെ ആരോപണം.
രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരെ ഉയർന്ന ആരോപണങ്ങളുമായി ബന്ധപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റി വാട്സാപ്പ് ഗ്രൂപ്പില്‍ പോര് രൂക്ഷം. രാഹുലിനെതിരായ ആരോപണങ്ങള്‍ക്കു പിന്നില്‍ അബിൻ വർക്കിയാണെന്ന പരോക്ഷ വിമര്‍ശനമുയര്‍ത്തി രാഹുല്‍ അനുകൂലികള്‍ രംഗത്തെത്തിയതോടെയാണ് തർക്കം രൂക്ഷമായത്. ഒപ്പം കട്ടപ്പമാരെ നിര്‍ത്തിക്കൊണ്ട് സംഘടനയ്ക്ക് മുന്നോട്ടു പോകാനാകില്ലെന്ന് എ ഗ്രൂപ്പ് നേതാക്കൾ ആരോപിക്കുന്നു.
രാഹുല്‍ മാങ്കൂട്ടത്തിലിന്‍റെ എംഎല്‍എ ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ച് എസ്എഫ്ഐ. രാഹുല്‍ എംഎല്‍എ സ്ഥാനം രാജിവെക്കണം എന്നാവശ്യപ്പെട്ടാണ് പ്രതിഷേധം. പ്രതിഷേധത്തില്‍ പൊലീസും പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളും ഉണ്ടായി. പൊലീസ് ബാരിക്കേട് മറികടന്ന് അകത്തു കടക്കാനാണ് പ്രവര്‍ത്തകരുടെ ശ്രമം. ഇവര്‍ക്കെതിരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.
യുവനടിക്ക് അശ്ലീലസന്ദേശം അയച്ചെന്ന ആരോപണമുയർന്ന പശ്ചാത്തലത്തിൽ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കോഴികളുമായി പ്രതിഷേധ പ്രകടനം നടത്തിയ മഹിളാ മോർച്ച പ്രവർത്തകർക്കെതിരെ പരാതി. രാഹുൽ മാങ്കൂത്തിൽ എംഎൽഎയുടെ രാജി ആവശ്യപ്പെട്ട് മഹിളാ മോർച്ച പ്രവർത്തകർ ജീവനുള്ള കോഴികളെ വെച്ച് നടത്തിയ മാർച്ചിൽ ഒരു കോഴി ചത്തിരുന്നു. മിണ്ടാപ്രാണിയോട് അതിക്രൂരത കാണിച്ച മഹിളാ മോർച്ച നേതാക്കൾക്കെതിരെ ജന്തു ദ്രോഹ നിവാരണ കുറ്റം ചുമത്തി പൊലീസ് കേസെടുത്ത് അന്വേഷിക്കണമെന്നാണ് ആവശ്യം.
തൃശ്ശൂർ ഡിസിസി അധ്യക്ഷന് എതിരായ പരസ്യ പ്രസ്താവനയിൽ ഐഎൻടിയുസി ജില്ലാ അധ്യക്ഷൻ സുന്ദരൻ കുന്നത്തുള്ളിയോട് വിശദീകരണം തേടി കെപിസിസി. കഴിഞ്ഞ 14ന് തൃശ്ശൂർ ടൗൺഹാളിൽ നടന്ന പരിപാടിയിൽ ആയിരുന്നു സുന്ദരൻ കുന്നത്തുള്ളി ഡിസിസി അധ്യക്ഷനെതിനെ രൂക്ഷ വിമർശനം ഉയർത്തിയത്. പരിപാടിയിൽ പങ്കെടുക്കാൻ ഇരുന്ന വിഡി സതീശനെ വിലക്കിയതായിരുന്നു പ്രകോപനം.
ധാർമികത ഉയർത്തിപ്പിടിച്ച് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം രാജിവയ്ക്കണമെന്ന് മന്ത്രി വി എൻ വാസവൻ. പൊതുപ്രവർത്തകർ മാതൃക കാട്ടേണ്ടവരാണമെന്നും കോൺഗ്രസ് ഇക്കാര്യത്തിൽ തീരുമാനം പറയണമെന്നും വാസവൻ ആവശ്യപ്പെട്ടു. സിപിഎം നേതാക്കൾക്ക് എതിരായ കേസ് ഒക്കെ തേഞ്ഞുമാഞ്ഞു പോയതാണെന്നും മന്ത്രിക്ക് എതിരായ ആരോപണം ഉന്നയിച്ചവരെ പോലും കാണാതായെന്നുമാണ് വാസവന്റെ വിശദീകരണം.
രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം രാജിവെക്കണമെന്ന ആവശ്യം കേരളത്തിന്റെ പൊതുവികാരമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. കേരളത്തിൽ ഒരു എംഎൽഎക്കെതിരെ ഇത്ര വ്യക്തതയുള്ള തെളിവുകളോടെ ആരോപണങ്ങളുടെ പെരുമഴ പ്രവാഹം ഇതുവരെ ഉണ്ടായിട്ടില്ല. എല്ലാ കോണിൽ നിന്നും രാഹുൽ എംഎൽഎ സ്ഥാനം രാജിവക്കണം എന്ന ആവശ്യം ഉയരുകയാണ്. ഇത് കേരളത്തിൻ്റെ പൊതുവികാരമാണെന്നും അദ്ദേഹം പറഞ്ഞു.
അന്തരിച്ച പീരുമേട് എംഎൽഎ വാഴൂർ സോമന്‍റെ മൃതദേഹം സംസ്കരിച്ചു. പഴയ പാമ്പനാറിലുള്ള എസ് കെ ആനന്ദൻ സ്മൃതി മണ്ഡപത്തിന് സമീപമായാണ് സംസ്കാര ചടങ്ങുകൾ നടന്നത്. സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, മന്ത്രിമാരായ കെ രാജൻ, റോഷി അഗസ്റ്റിൻ, പി പ്രസാദ് എന്നിവർ ചടങ്ങുകളിൽ പങ്കെടുത്തു. നിരവധി പേരാണ് നേതാവിന് അന്ത്യോപചാരങ്ങൾ അർപ്പിക്കാനായി എത്തിയത്.
എം വി ഡി ലീഡ്‌സ്, സിവിക് ഐ മൊബൈൽ ആപ്ലിക്കേഷനുകളുടെ ഉദ്ഘാടനം തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാർ നിർവഹിച്ചു. സ്‌കൂൾ കുട്ടികൾ മുതൽ എല്ലാ വിഭാഗത്തിലുള്ളവരിലേക്കും ഗതാഗത നിയമങ്ങളെക്കുറിച്ചുള്ള അവബോധം സൃഷ്ടിക്കുക എന്നതാണ് മൊബൈൽ ആപ്ലിക്കേഷനുകളിലൂടെ ഉദ്ദേശിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.
മാവോയിസ്റ്റ് രൂപേഷിന്റെ നോവൽ പ്രസിദ്ധീകരണത്തിന് അനുമതി നിഷേധിച്ചതിനെതിരെ അക്കാദമി അധ്യക്ഷൻ കെ സച്ചിദാനന്ദൻ. ‘ബന്ധിതരുടെ ഓർമ്മക്കുറിപ്പുകൾ’ എന്ന രൂപേഷിന്റെ നോവലിന് ജയിൽ വകുപ്പാണ് അനുമതി നിഷേധിച്ചത്. ജയിൽ പശ്ചാത്തലത്തിൽ എഴുതിയ നോവലാണ് ഇത്. ജയിൽ മേധാവി പറയുന്ന കുഴപ്പങ്ങളൊന്നും നോവലിന്റെ പിഡിഎഫ് വായിച്ച തനിക്ക് കണ്ടെത്താനായില്ല എന്ന് സച്ചിദാനന്ദൻ ഫെയ്സ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ പറഞ്ഞു. ജയിൽ മേധാവിയാണ് പ്രസിദ്ധീകരണ അനുമതി നിഷേധിച്ചത്.
സംസ്ഥാന ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പ് നടത്തുന്ന ഇടപെടലിന് കോടതിയുടെ അംഗീകാരം. ഓപ്പറേഷന്‍ സൗന്ദര്യയുടെ ഭാഗമായി ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പ് നടത്തിയ പരിശോധനകളിലൂടെ വ്യാജമെന്ന് കണ്ടെത്തിയ ബ്രാന്‍ഡുകള്‍ക്കെതിരെയാണ് കോടതി നടപടി. ഇതോടെ നാല് വ്യാജ ബ്രാന്‍ഡുകള്‍ക്കെതിരെയാണ് കോടതി നടപടി സ്വീകരിക്കാന്‍ കഴിഞ്ഞത്. വ്യാജ സൗന്ദര്യ വര്‍ദ്ധക വസ്തുക്കള്‍ വില്‍ക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.
ബെവ്ക്കോയിൽ റെക്കോർഡ് ബോണസ്. 1,02,000 രൂപ ബോണസ് നൽകാൻ ധാരണയായി. എക്സൈസ് മന്ത്രിയുടെ നേതൃത്വത്തിൽ മാനേജ്മെൻറും തൊഴിലാളി യൂണിയൻ പ്രതിനിധികളും നടത്തിയ ചർച്ചയിലാണ് തീരുമാനം. റെക്കോർഡ് വിറ്റുമാനം ലഭിച്ച സാഹചര്യത്തിൽ ജീവനക്കാർക്കും അതിന് അനുസരിച്ച് ബോണസ് നൽകാൻ തീരുമാനിക്കുകയായിരുന്നുവെന്ന് എംഡി ഹർഷിത അത്തല്ലൂരി പറഞ്ഞു.
ഓണത്തിന് ഇതര സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് വരുന്ന മലയാളികൾക്കായി വിപുലമായ യാത്രാ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ടെന്ന് ഇന്ത്യൻ റെയിൽവെ. ജൂലൈ മുതൽ തന്നെ സർവീസ് ആരംഭിച്ച സ്പെഷ്യൽ ട്രെയിനുകളടക്കം 92 സ്പെഷ്യൽ ട്രെയിൻ സർവീസുകളാണ് ഇതുവരെ പ്രഖ്യാപിച്ചതെന്ന് ദക്ഷിണ റെയിൽവെ വക്താവ് അറിയിച്ചു.
തീ പിടിത്തത്തെ തുടർന്ന് അടച്ചിട്ട കോഴിക്കോട് മെഡിക്കൽ കോളേജ് സർജിക്കൽ സൂപ്പർ സ്പെഷ്യലിറ്റി അത്യാഹിത വിഭാഗം ഞായറാഴ്ച തുറക്കും. വാർഡുകൾ ഈ മാസം 24 ഓടെ പ്രവർത്തന സജ്ജമാകുമെന്നാണ് ജില്ലാ ഭരണകൂടം ആറിയിക്കുന്നത്. ജില്ലാ കളക്ടറുടെ നേതൃത്വത്തിലുള്ള സാങ്കേതിക സമിതിയുടെതാണ് തീരുമാനം. കെട്ടിടത്തിന്റെ സുരക്ഷ വിലയിരുത്തിയ ശേഷമാണു നടപടി.
കേരളത്തിന്‍റെ പുരോഗതി അടയാളപ്പെടുത്താൻ താത്പര്യമുള്ള വ്‌ളോഗർമാർക്കും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാർക്കും ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിന്‍റെ പാനലിൽ അംഗമാകാം. മൂന്നു ലക്ഷമെങ്കിലും ഫോളോവർമാരുള്ള വ്‌ളോഗർമാർക്കും യൂട്യൂബ്, ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക് എന്നിവയിൽ നൽകിയിട്ടുള്ള വീഡിയോ കണ്ടന്‍റുകൾക്ക് മിനിമം 10 ലക്ഷം റീച്ച് ലഭിക്കുന്ന സോഷ്യൽ മീഡിയ ഇൻഫ്ളുവൻസർമാർക്കും അപേക്ഷിക്കാം.
ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട് പ്രണയം നടിച്ച്, പതിനേഴുകാരിയെ കൂട്ടബലാത്സംഗം ചെയ്‌തെന്ന പരാതിയില്‍ നാല് പേര്‍ പിടിയില്‍. കോഴിക്കോട് പേരാമ്പ്രയില്‍ നടന്ന സംഭവത്തില്‍ വടകര പതിയാരക്കര സ്വദേശി കുളങ്ങര അഭിഷേക്(19), കായണ്ണ ചോലക്കര മീത്തല്‍ മിഥുന്‍ ദാസ്(19), വേളം പെരുമ്പാട്ട് മീത്തല്‍ സികെ ആദര്‍ശ്(22), പതിനേഴ് വയസ്സുകാരനായ നാലാമനുമാണ് പേരാമ്പ്ര പൊലീസിൻ്റെ പിടിയിലായത്.
തിരുവനന്തപുരം വെഞ്ഞാറമൂടില്‍ സപ്ലൈകോ ഗോഡൗണിൽ നിന്ന് 45 ചാക്ക് റേഷൻ അരി കടത്തിയ സംഘത്തിലെ ഒരാൾ അറസ്റ്റിൽ. സപ്ലൈകോ ഗോഡൗണിലെ സീനിയർ അസിസ്റ്റന്റ് ധർമ്മേന്ദ്രനാണ് അറസ്റ്റിലായത്. 11 ചാക്ക് പച്ചരി, 18 ചാക്ക് കുത്തരി, 16 ചാക്ക് പുഴുക്കലരി എന്നിവയാണ് കടത്തിക്കൊണ്ട് പോയത്. സപ്ലൈക്കോ ഓഫീസറുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇയാളെ പൊലീസ് പിടികൂടിയത്. ഇനി പിടികൂടാനുള്ള സപ്ലൈകോ ജീവനക്കാരനായ അൻഷാദിനായി പൊലീസ് തിരച്ചിൽ തുടരുകയാണ്.
എറണാകുളം കോതമംഗലത്ത് ആൾ താമസമില്ലാത്ത വീടിൻ്റെ മാലിന്യ ടാങ്കിനുള്ളിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി. എസ്പി ഹേമലതയും ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ദ്ധരും സ്ഥലത്തെത്തി. മൃതദേഹം പുറത്തെടുത്ത് ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷമേ കൂടുതൽ കാര്യങ്ങൾ വ്യക്തമാകൂ എന്ന് എസ്പി ഹേമലത പറഞ്ഞു.
ബംഗാൾ ഉൾക്കടലിൽ വീണ്ടും ന്യൂനമർദ സാധ്യതയെന്ന് കാലാവസ്ഥ പ്രവചനം. ഓഗസ്റ്റ് ഇരുപത്തിയഞ്ചോടെ വടക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ഒഡിഷ – പശ്ചിമ ബംഗാൾ തീരത്തിനു സമീപം പുതിയ ന്യൂനമർദം രൂപപ്പെടാൻ സാധ്യതയെന്നാണ് കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. ഈ സാഹചര്യത്തിൽ കേരളത്തിൽ അടുത്ത 5 ദിവസം നേരിയ / ഇടത്തരം മഴയ്ക്ക് സാധ്യതയെന്നും പ്രവചനമുണ്ട്.
തെരുവ് നായകളുമായി ബന്ധപ്പെട്ട വിഷയത്തിൽ സുപ്രീം കോടതിയിൽ നിലവിൽ നടക്കുന്ന കേസിൽ, ഹർജിക്കാരായ വ്യക്തികളും എൻജിഒകളും കോടതി രജിസ്ട്രിയിൽ യഥാക്രമം 25,000 രൂപയും രണ്ട് ലക്ഷം രൂപയും കെട്ടിവെക്കാൻ സുപ്രീം കോടതി ഉത്തരവിട്ടു. ഏഴ് ദിവസത്തിനകം ഈ തുക കെട്ടിവെച്ചില്ലെങ്കിൽ ഹർജിക്കാരെയോ കക്ഷി ചേർന്നവരെയോ തുടർന്ന് കേസിൽ ഹാജരാകാൻ അനുവദിക്കില്ലെന്ന് കോടതി വ്യക്തമാക്കി.
കർണാടക നിയമസഭയിൽ ആർഎസ്എസിന്റെ ഗണഗീതം പാടി ഉപമുഖ്യമന്ത്രി ഡികെ ശിവകുമാർ. ഡികെ ശിവകുമാറിന്റെ പഴയ ആർഎസ്എസ് ബന്ധം ബിജെപി ഉന്നയിച്ചപ്പോഴായിരുന്നു ഇത്. ‘നമസ്തേ സദാ വൽസലേ മാതൃഭൂമേ’ എന്ന ഭാഗം വൈറലായതിന് പിന്നാലെ വിശദീകരണവുമായി ഡികെ രംഗത്തെത്തി. കോൺഗ്രസ് തന്റെ രക്തത്തിലുണ്ടെന്നും ബിജെപിക്കുള്ള സന്ദേശമാണ് താൻ നൽകിയതെന്നും ഡികെ ശിവകുമാർ വിശദീകരിച്ചു.
കർണാടകയിലെ ചിത്രദുർഗയിൽ നിന്നുള്ള കോൺഗ്രസ് എംഎൽഎ വീരേന്ദ്ര പാപ്പിയെ കസ്റ്റഡിയിലെടുത്ത് ഇഡി. സിക്കിമിൽ നിന്നാണ് എംഎൽഎയെ കസ്റ്റഡിയിലെടുത്തത്. ബെറ്റിങ് ആപ്പുകളിലൂടെ കള്ളപ്പണം വെളുപ്പിച്ചെന്നും നികുതി വെട്ടിപ്പ് നടത്തിയെന്നുമുള്ള പരാതികളിലാണ് നടപടി.
ഇന്ത്യയുമായുള്ള ബന്ധം വഷളാക്കിയതിലും അന്യായമായ തീരുവകൾ ഏർപ്പെടുത്തുന്നതിലും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ രൂക്ഷമായി വിമർശിച്ച മുൻ സുരക്ഷാ ഉപദേഷ്ടാവും ട്രംപിന്റെ കടുത്ത വിമർശകനുമായ ജോൺ ബോൾട്ടന്റെ വസതിയിൽ എഫ്ബിഐ റെയ്ഡ് നടത്തി. രഹസ്യ രേഖകൾ കൈകാര്യം ചെയ്തതുമായി ബന്ധപ്പെട്ട അന്വേഷണവുമായി ബന്ധപ്പെട്ടാണ് റെയ്ഡ് നടത്തിയതെന്ന് എപി റിപ്പോർട്ട് ചെയ്തു. ബോൾട്ടനെ കസ്റ്റഡിയിലെടുത്തിട്ടില്ലെന്നും ഇതുവരെ കുറ്റം ചുമത്തിയിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
ഫ്ലോറിഡയിൽ ഇന്ത്യൻ ഡ്രൈവറോടിച്ച ട്രക്ക് അപകടത്തിൽപെട്ടതിന് പിന്നാലെ കടുത്ത തീരുമാനവുമായി അമേരിക്ക. ട്രക്ക് യൂ ടേൺ എടുക്കുന്നതിനിടെ വാഹനത്തിലേക്ക് കാറിടിച്ച് കയറി മൂന്ന് പേർ മരിച്ച സംഭവത്തിന് പിന്നാലെ വിദേശത്ത് നിന്നുള്ള വാണിജ്യ ട്രക്ക് ഡ്രൈവർമാർക്ക് വിസ നൽകുന്നത് നിർത്താനാണ് തീരുമാനം. അപകടത്തിൻ്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവരികയും വിദേശത്ത് നിന്നുള്ള ഡ്രൈവർമാരുടെ എണ്ണം വർധിക്കുന്നത് അമേരിക്കക്കാരുടെ ജീവൻ അപകടത്തിലാക്കുന്നുവെന്ന് വിമർശനം ഉയരുകയും ചെയ്ത പശ്ചാത്തലത്തിലാണ് തീരുമാനം.
ഹമാസ് നിരായുധീകരിക്കാനും ശേഷിക്കുന്ന എല്ലാ ബന്ദികളെ മോചിപ്പിക്കാനും ഇസ്രായേലിന്റെ നിബന്ധനകൾക്ക് വിധേയമായി യുദ്ധം അവസാനിപ്പിക്കാനും സമ്മതിച്ചില്ലെങ്കിൽ ഗാസ നഗരം നശിപ്പിക്കുമെന്ന് ഇസ്രായേൽ പ്രതിരോധ മന്ത്രിയുടെ ഭീഷണി. ഗാസയിൽ ഇസ്രായേൽ വിപുലമായ ആക്രമണത്തിന് തയ്യാറെടുക്കുന്നതിനിടെയാണ് മുന്നറിയിപ്പ്.യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ഇസ്രായേലിന്റെ വ്യവസ്ഥകൾ അംഗീകരിക്കണമെന്നും എല്ലാ ബന്ദികളെയും മോചിപ്പിക്കുകയും ഹമാസ് നിരായുധീകരിക്കുകയും വേണമെന്ന് ഇസ്രായേൽ പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്സ് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു.
ശ്രീലങ്ക മുൻ പ്രസിഡന്റ് റനിൽ വിക്രമസിംഗെ അറസ്റ്റിൽ. ഇന്നലെയാണ് റനിൽ വിക്രമസിംഗെയെ അഴിമതി കേസിൽ സിഐഡി അറസ്റ്റ് ചെയ്തത്. ഭാര്യയുടെ ബിരുദദാന ചടങ്ങിൽ പങ്കെടുക്കാൻ നടത്തിയ ലണ്ടൻ യാത്രയ്ക്ക് പൊതുപണം ദുരുപയോഗം ചെയ്തെന്ന് കേസിലാണ് അറസ്റ്റ്. പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച് റോയിറ്റേഴ്സാണ് അറസ്റ്റ് വിവരം റിപ്പോർട്ട് ചെയ്തത്.
ഇന്ത്യയും ചൈനയും തമ്മിലുള്ള ഉഭയകക്ഷി ബന്ധങ്ങൾ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ചൈനീസ് ബിസിനസ് പ്രൊഫഷണലുകൾക്കുള്ള വിസ നിയന്ത്രണങ്ങളിൽ ഇളവ് വരുത്താൻ ഇന്ത്യ തയ്യാറാകുന്നതായി റിപ്പോർട്ട്. ഈ നിയന്ത്രണങ്ങൾ നീക്കിയാൽ ഏകദേശം അഞ്ച് വർഷത്തിന് ശേഷം വിവോ, ഓപ്പോ, ഷവോമി, ബൈഡ്, ഹിസെൻസ്, ഹെയർ തുടങ്ങിയ കമ്പനികൾക്ക് തങ്ങളുടെ ചൈനീസ് മാനേജർമാരെ ഇന്ത്യയിലേക്ക കൊണ്ടുവരാൻ സാധിക്കും.ചൈനയിൽ നിന്നുള്ള വിനോദസഞ്ചാരികൾക്ക് വിസ അനുവദിക്കുന്നത് പുനരാരംഭിക്കാനും നീക്കമുണ്ട്.
ഇന്ത്യയെ ആഡംബര കാറായ മെഴ്‌സിഡസ് ബെന്‍സിനോടും സ്വന്തം രാജ്യത്തെ ഒരു ഡംപ് ട്രക്കിനോടും താരതമ്യംചെയ്ത പാകിസ്താന്‍ സൈനിക മേധാവിയുടെ പരാമര്‍ശത്തെ പരിഹസിച്ച് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്. ആ പരാമര്‍ശംതന്നെ പാകിസ്താന്റെ കുറ്റസമ്മതമാണെന്ന് രാജ്‌നാഥ് സിങ് പറഞ്ഞു. ഇന്ത്യയുടെയും പാകിസ്താന്റെയും സാമ്പത്തികസ്ഥിതി താരതമ്യംചെയ്തുള്ള അസിം മുനീറിന്റെ സമീപകാല പരാമര്‍ശങ്ങള്‍ സ്വയം പരാജയം സമ്മതിക്കുന്നതിന് തുല്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് സംഘടിപ്പിക്കുന്ന ആഗോള അയ്യപ്പ സംഗമത്തില്‍ തമിഴ് നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ മുഖ്യാതിഥിയാകും. ദേവസ്വം വകുപ്പ് മന്ത്രി വി.എന്‍. വാസവന്‍ സ്റ്റാലിനെ ചെന്നൈയിലെത്തി നേരിട്ട് ക്ഷണിച്ചു. ദക്ഷിണേന്ത്യയില്‍ സംഘടിപ്പിക്കുന്ന ഏറ്റവും വലിയ ഭക്തജന സംഗമമാണ് അഗോള അയ്യപ്പസംഗമം.
വടക്കുപടിഞ്ഞാറന്‍ ചൈനയില്‍ നിര്‍മാണത്തിലിരിക്കുന്ന പാലം തകര്‍ന്നുവീണുണ്ടായ അപകടത്തില്‍ മരണസംഖ്യ12 ആയി ഉയര്‍ന്നു. അപകടത്തെത്തുടര്‍ന്ന് നാല് പേരെ കാണാതായതായി ചൈനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ചൈനയിലെ യെല്ലോ നദിക്ക് കുറുകെ നിര്‍മാണത്തിലിരിക്കുന്ന പാലത്തിന്റെ നടുഭാഗമാണ് വെള്ളിയാഴ്ചയോടെ തകര്‍ന്നുവീണത്.
ഹിമാചല്‍പ്രദേശില്‍ കനത്ത മഴ മൂലമുണ്ടായ അപകടങ്ങളില്‍ ഇതുവരെയുള്ള മരണസംഖ്യ 287 ആയി ഉയര്‍ന്നു. ഇതില്‍ 149 മരണങ്ങള്‍ മഴയുമായി നേരിട്ട് ബന്ധമുള്ള അപകടങ്ങളിലുണ്ടായപ്പോള്‍ 138 ജീവനുകള്‍ റോഡ് അപകടങ്ങളിലാണ് പൊലിഞ്ഞത്.
സുപ്രീംകോടതി മുന്‍ ജഡ്ജി ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജുവിന്റെ സ്ത്രീവിരുദ്ധ പ്രസ്താവനയെ അപലപിച്ച് സുപ്രീം കോര്‍ട്ട് വിമന്‍ ലോയേഴ്‌സ് അസോസിയേഷന്‍. കോടതിയില്‍ തന്നെ ഒന്ന് കണ്ണിറുക്കി കാണിച്ചിട്ടുള്ള മുഴുവന്‍ വനിതാ അഭിഭാഷകര്‍ക്കും അനുകൂലവിധി ലഭിച്ചിട്ടുണ്ടെന്നായിരുന്നു കട്ജുവിന്റെ പരാമര്‍ശം. ഇതിനെതിരായാണ് സുപ്രീം കോടതി വനിതാ അഭിഭാഷക സംഘടന രംഗത്തെത്തിയത്.
ജയിലില്‍ കിടന്ന് ആരും ഭരിക്കേണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അഞ്ചുകൊല്ലമോ അതില്‍ക്കൂടുതലോ ശിക്ഷ ലഭിക്കാവുന്ന കുറ്റത്തിന്, അറസ്റ്റിലായി മുപ്പതുദിവസം ജയിലില്‍ കഴിഞ്ഞാല്‍ പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും ഉള്‍പ്പെടെ ഏത് മന്ത്രിയെയും നീക്കംചെയ്യാന്‍ വ്യവസ്ഥചെയ്യുന്ന 130-ാം ഭരണഘടനാ ഭേദഗതി ബില്ലിനെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.