Untitled design 20250112 193040 0000

ഇന്ത്യ ജനാധിപത്യത്തിന്റെ ജനനിയെന്നും എല്ലാവർക്കും തുല്യനീതിയും അവസരവും ഉറപ്പാക്കണമെന്നും സ്വാതന്ത്ര്യദിന സന്ദേശത്തിൽ രാഷ്ട്രപതി ദ്രൗപതി മുർമു. രാജ്യം 79ാം സ്വാതന്ത്ര്യദിന ആഘോഷിക്കുന്ന അവസരത്തിൽ രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു രാഷ്ട്രപതി. ഇന്ത്യ ആത്മവിശ്വാസത്തോടെ സ്വയം പര്യാപ്തതയിലേക്ക് നീങ്ങുന്നുവെന്നും രാഷ്ട്രപതി പറഞ്ഞു. വലിയൊരു വിഭാഗത്തെ ദാരിദ്ര്യത്തിൽ നിന്ന് മോചിപ്പിക്കാൻ സാധിച്ചു. പിന്നാക്ക സംസ്ഥാനങ്ങളായി നിന്ന പ്രദേശങ്ങള്‍ പുരോഗതിയുടെ പാതയിലാണ്. വിഭജന ഭീതി ദിനം ആചരിച്ചതും രാഷ്ട്രപതി സന്ദേശത്തിൽ പരാമര്‍ശിച്ചു. വിഭജനത്തിന്‍റെ നാളുകളെ മറക്കരുതെന്നും ദ്രൌപതി മുര്‍മു ചൂണ്ടിക്കാട്ടി.

 

 

79ാമത് സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ചുള്ള രാഷ്ട്രപതിയുടെ സൈനിക മെഡലുകള്‍ പ്രഖ്യാപിച്ചു. 127 സൈനികരാണ് ഇത്തവണ രാജ്യത്തിന്‍റെ ആദരം ഏറ്റുവാങ്ങുന്നത്. ഓപ്പറേഷൻ സിന്ദൂറിൽ നിര്‍ണായക പങ്കുവഹിച്ച സൈനികര്‍ക്ക് മൂന്ന് സൈനിക വിഭാഗങ്ങളും മെഡലുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. നാലുപേര്‍ക്ക് കീര്‍ത്തി ചക്ര പുരസ്കാരവും 15 പേര്‍ക്ക് വീര്‍ചക്ര പുരസ്കാരവും 16 പേര്‍ക്ക് ശൗര്യചക്ര പുരസ്കാരവും നൽകും. 58 പേര്‍ക്ക് ധീരതയ്ക്കുള്ള സേനാ മെഡലും 26 പേര്‍ക്ക് വായുസേന മെഡലും ഒമ്പതുപേര്‍ക്ക് ഉദ്ദം യുദ്ധ് സേവ മെഡലും നൽകും.

 

 

സ്വാതന്ത്ര്യ ദിനത്തിന് മുന്നോടിയായി മലയാളികൾക്ക് ആശംസകളറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. നമ്മുടെ രാജ്യം സ്വാതന്ത്ര്യം നേടി 78 വർഷങ്ങൾ പൂർത്തിയാവുകയാണ്. സാമൂഹികവും സാമുദായികവുമായ എല്ലാ വേർതിരിവുകളെയും അതിജീവിച്ച് ഇന്ത്യൻ ജനത ഒറ്റക്കെട്ടായി ദേശീയ പ്രസ്ഥാനത്തിൽ അണിനിരന്നതിൻ്റെ ഫലമാണ് നാം നേടിയെടുത്ത സ്വാതന്ത്ര്യമെന്ന് മുഖ്യമന്ത്രി സ്വാതന്ത്ര്യദിന സന്ദേശത്തിലൂടെ അറിയിച്ചു.

 

2025ലെ മുഖ്യമന്ത്രിയുടെ പോലീസ് മെഡലിന് 285 പോലീസുദ്യോഗസ്ഥര്‍ അര്‍ഹരായി. സ്വാതന്ത്ര്യദിനാഘോഷ ചടങ്ങില്‍ മെഡലുകള്‍ മുഖ്യമന്ത്രി മെഡലുകള്‍ സമ്മാനിക്കും.. സേവനത്തിന്റെയും സമര്‍പ്പണത്തിന്റെയും പ്രതിബദ്ധതയുടെയും അടിസ്ഥാനത്തിലാണ് ഉദ്യോഗസ്ഥര്‍ക്ക് പോലീസ് മെഡല്‍ പരസ്‌കാരം നല്‍കുന്നത്. ഇതിന് പുറമെ 24 അഗ്നിശമന സേനാ ഉദ്യോഗസ്ഥര്‍ അഗ്നിശമന സേവാ മെഡലിനും അര്‍ഹരായി.

 

എഡിജിപി എംആര്‍ അജിത്കുമാറിന് ക്ലീൻ ചിറ്റ് നൽകിയ വിജിലന്‍സ് റിപ്പോര്‍ട്ട് തള്ളികൊണ്ടുള്ള കോടതി വിധിയുടെ കൂടുതൽ വിവരങ്ങള്‍ പുറത്ത്. നടപടിയെ രൂക്ഷമായി വിമര്‍ശിച്ചുകൊണ്ടാണ് കോടതി റിപ്പോര്‍ട്ട് തള്ളിയത്. മുഖ്യമന്ത്രിയുടെ അംഗീകാരത്തോടെയാണ് അജിത് കുമാറിന് ക്ലീൻ ചിറ്റ് നൽകിയതെന്ന വിജിലന്‍സ് റിപ്പോര്‍ട്ടിനാണ് കോടതിയുടെ രൂക്ഷ വിമര്‍ശനം.

 

എം ആർ അജിത് കുമാറിനെതിരായ ഉത്തരവ് കേരളത്തിലെ ജനാധിപത്യ വിശ്വാസികൾക്ക് പ്രതീക്ഷ നൽകുന്നതെന്ന് പി വി അൻവർ. അഴിമതിക്കാരനായ പൊലീസ് ഉദ്യോഗസ്ഥനെ രക്ഷപ്പെടുത്താനുള്ള സംസ്ഥാന സർക്കാരിന്‍റെ ശ്രമത്തെ കോടതി ചോദ്യം ചെയ്തിരിക്കുകയാണെന്നും അജിത് കുമാറിനെതിരെ കൃത്യമായ തെളിവുകൾ നൽകിയിട്ടും ക്ലീൻ ചിറ്റ് നൽകുകയാണ് സർക്കാർ ചെയ്തത്. കോടതിയുടെ നേതൃത്വത്തിൽ സത്യസന്ധമായ അന്വേഷണം നടന്നാൽ അജിത് കുമാർ നടത്തിയ എല്ലാ തട്ടിപ്പുകളും പുറത്തു വരുമെന്നും പി വി അൻവർ പറഞ്ഞു.

 

മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകൾ വീണ വിജയൻ ഉൾപ്പെട്ട മാസപ്പടി കേസിൽ സിഎംആർഎല്ലിന്‍റെ ഹർജിയിൽ ദില്ലി ഹൈക്കോടതി വിശദവാദം കേൾക്കും. അടുത്തമാസം 16 മുതൽ കേസിൽ വാദം കേൾക്കാൻ കോടതി തീയതി നിശ്ചയിച്ചു. തുടർ ദിവസങ്ങളിലും വാദം തുടരാനാണ് തീരുമാനം. കേസ് പരിഗണനയ്ക്ക് എത്തിയിട്ടും പലക്കുറിയും മാറിപ്പോകുന്ന സാഹചര്യമാണെന്നും ഇതിനാൽ വാദം വേഗം കേട്ട് തീരുമാനം എടുക്കണമെന്ന് എസ്എഫ്ഐഒ ആവശ്യപ്പെട്ടു. ഇക്കാര്യം സിഎംആർഎല്ലിന്‍റെ അഭിഭാഷകരും അംഗീകരിച്ചു. തുടർന്നാണ് പുതിയ തീയതി തീരുമാനിച്ചത്.

 

കൊയിലാണ്ടി ചേമഞ്ചേരി നിർമ്മാണത്തിലിരിക്കുന്ന തോരായിക്കടവ് പാലത്തിന്‍റെ ഒരു ഭാഗം തകർന്നു. കൊയിലാണ്ടി, ബാലുശ്ശേരി നിയോജകമണ്ഡലങ്ങളെ ബന്ധിപ്പിക്കുന്ന തോരായികടവിൽ പുതുതായി നിർമ്മിക്കുന്ന പാലത്തിന്‍റെ ബിം ചെരിഞ്ഞു വീഴുകയായിരുന്നു. പുഴയുടെ മധ്യത്തിലാണ് സംഭവം.

 

സ്‌കൂളില്‍ എത്താന്‍ വൈകിയെന്ന് ആരോപിച്ച് അഞ്ചാം ക്ലാസുകാരനായ ഒരു കുട്ടിയെ ഇരുട്ടുമുറിയിൽ അടച്ചുപൂട്ടിയെന്ന ആരോപണത്തിൽ അന്വേഷണത്തിന് നിർദ്ദേശം നൽകി മന്ത്രി. സംസ്ഥാനത്തെ ഒരു സ്‌കൂളിലും കുട്ടികൾക്കെതിരെയുള്ള ഒരു വിവേചനവും ഒരു കാരണവശാലും അനുവദിക്കില്ലെന്നും എറണാകുളത്തെ ഒരു സ്‌കൂളിൽ അഞ്ചാം ക്ലാസുകാരനായ ഒരു കുട്ടിയെ ഇരുട്ടുമുറിയിൽ അടച്ചുപൂട്ടി എന്നതടക്കമുള്ള ആരോപണങ്ങൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും മന്ത്രി വി ശിവൻകുട്ടി അറിയിച്ചു.. റിപ്പോർട്ട് കിട്ടിയാൽ ഉടൻ നടപടി എടുക്കും. കുട്ടി ടിസി വാങ്ങേണ്ടതില്ലെന്നും മന്ത്രി അറിയിച്ചു.

 

കേരള സാഹിത്യ സാഹിത്യ അക്കാദമി ഓഡിറ്റോറിയത്തിന് എംടിയുടെ പേര് നൽകാൻ തീരുമാനം. കേരള സാഹിത്യ അക്കാദമി എംടി ഓഡിറ്റോറിയം എന്ന് പേരിടും. 17 ന് സാർവ്വദേശീയ സാഹിത്യോത്സവ ഉദ്ഘാടനത്തിന് എത്തുന്ന മുഖ്യമന്ത്രിയാണ് നാമകരണം നടത്തുക. അതേ സമയം സാഹിത്യ അക്കാദമി ലൈബ്രറിക്ക് ലളിതാംബികാ അന്തർജനത്തിന്റെ പേരിടും. ലളിതാംബിക അന്തർജനം സ്മാരക ലൈബ്രറി എന്ന് നാമകരണം നടത്തുന്നത് ധനമന്ത്രി കെ .എൻ. ബാലഗോപാൽ ആയിരിക്കും.

 

ആറ്റിങ്ങൽ ലോക്സഭ മണ്ഡലത്തിൽ കള്ളവോട്ട് ആരോപണവുമായി യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ്. 1.14 ലക്ഷം കള്ളവോട്ടുകള്‍ ആറ്റിങ്ങൽ താൻ മത്സരിക്കാൻ എത്തിയപ്പോള്‍ കണ്ടെത്തിയെന്നും ചില നേതാക്കളൂടെ മക്കള്‍ക്ക് ഉൾപ്പടെ കള്ള വോട്ട് ഉണ്ടെന്ന് കണ്ടെത്തിയെന്നും ഇതുമായി ബന്ധപ്പെട്ട് പരാതി നൽകിയിരുന്നുവെന്നും അടൂര്‍ പ്രകാശ് പറഞ്ഞു.

 

 

രാജ്യത്തെ ആദ്യ സമ്പൂർണ ഡിജിറ്റൽ സാക്ഷര സംസ്ഥാനമായി കേരളം. ഈ ലക്ഷ്യം കൈവരിക്കുന്നതിനായി നടപ്പാക്കിയ ‘ഡിജി കേരളം- സമ്പൂർണ ഡിജിറ്റൽ സാക്ഷരതാ പദ്ധതി’ വിജയകരമായി പൂർത്തീകരിച്ചു കൊണ്ടുള്ള പ്രഖ്യാപനം ഈ മാസം 21ന് മുഖ്യമന്ത്രി തിരുവനന്തപുരത്ത് നടത്തും.

 

കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നു മുതൽ 16 വരെ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനു സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.കാറ്റും മഴയും ഉണ്ടാകുമ്പോൾ ഒരു കാരണവശാലും മരങ്ങളുടെ ചുവട്ടിൽ നിൽക്കാനോ വാഹനങ്ങൾ പാർക്ക് ചെയ്യാനോ പാടില്ല എന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു .

 

ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദത്തിന്‍റെ സ്വാധീനത്താൽ കേരളത്തിൽ അടുത്ത 5 ദിവസം കൂടി മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. അടുത്ത 24 മണിക്കൂറിനുള്ളിൽ ന്യൂനമർദ്ദം വടക്കൻ ആന്ധ്രാ പ്രദേശ് തെക്കൻ ഒഡിഷ തീരത്തേക്ക് നീങ്ങാൻ സാധ്യതയെന്നും അറിയിപ്പുണ്ട്. ഈ സാഹചര്യത്തിൽ കേരളത്തിൽ അടുത്ത 5 ദിവസം നേരിയ / ഇടത്തരം മഴയ്ക്ക് സാധ്യതയെന്നാണ് പ്രവചനം.

 

 

തെങ്ങിന്‍ കള്ളിലെ ആൽക്കഹോളിന്റെ പരിധി നിശ്ചയിച്ച സര്‍ക്കാര്‍ ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി. സംസ്ഥാന സര്‍ക്കാര്‍ 2007ല്‍ പുറപ്പെടുവിച്ച വിജ്ഞാപനമാണ് റദ്ദാക്കിയത്. അബ്കാരികള്‍ നല്‍കിയ ഹര്‍ജികളിലാണ് നടപടി. ആല്‍ക്കഹോള്‍ അളവ് കൂടുതലുള്ള കള്ള് വിറ്റെന്ന കേസുകള്‍ ചൂണ്ടിക്കാട്ടിയായിരുന്നു അബ്കാരികളുടെ ഹര്‍ജി.

 

ജൈവ ഉറവിട മാലിന്യങ്ങൾ വീട്ടിൽ തന്നെ സംസ്കരിക്കുന്നവർക്ക് ഇനി മുതൽ 5 ശതമാനം പ്രോപ്പർട്ടി നികുതി ഇളവ് നൽകുമെന്ന് തദ്ദേശ സ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എം.ബി.രാജേഷ്.വർക്കല ശിവഗിരി എസ്.എൻ കോളേജ് ഓഡിറ്റോറിയത്തിൽ സംസ്ഥാനത്തെ ആദ്യ സാനിറ്ററി വേസ്റ്റ് ടു എനർജി പ്ലാൻ്റിൻ്റെ പ്രവർത്തന ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

 

തൃശൂരിൽ ഐ.എൻ.ടി.യുസിയുടെ ജനറൽ കൗൺസിൽ യോഗത്തിൽ നിന്ന് വിട്ടുനിന്നു പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ. തന്നെ ക്ഷണിച്ചില്ലെന്ന തൃശ്ശൂർ ഡിസിസി അധ്യക്ഷൻ ജോസഫ് ടാജറ്റിന്‍റെ പരാതിക്ക് പിന്നാലെയാണ് ജില്ലയിലുണ്ടായിട്ടും പ്രതിപക്ഷ നേതാവ് പരിപാടിയിൽ പങ്കെടുക്കാതിരുന്നത്. സമ്മേളന നഗരിയിലേയ്ക്കുള്ള യാത്രാമധ്യേ സതീശൻ തിരികെ മടങ്ങുകയായിരുന്നു. ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖർ അധ്യക്ഷത വഹിക്കുന്ന ചടങ്ങിലാണ് സതീശൻ പങ്കെടുക്കാതെ തിരികെ പോയത്.

 

ഓട്ടോമാറ്റിക് ഡോറില്ലാത്ത കെഎസ്ആര്‍ടിസി ബസുകളുടെ ഡോറുകളിൽ കെട്ടിയിട്ടിരിക്കുന്ന കയറുകള്‍ അടിയന്തരമായി നീക്കം ചെയ്യാൻ കെഎസ്ആര്‍ടിസി മെക്കാനിക്കൽ എഞ്ചിനീയര്‍ നിര്‍ദേശം നൽകി. വാതിലുകൾ അടയ്ക്കാനായി കെട്ടിയ പ്ലാസ്റ്റിക് കയറുകളും വളളികളും നീക്കം ചെയ്യാനാണ് നിര്‍ദേശം.യാത്രക്കാരുടെ സുരക്ഷയെ ബാധിക്കുന്നതിനാലാണ് നിര്‍ണായക നടപടി. യാത്രക്കാരുടെ കഴുത്തിൽ തട്ടി ജീവന് തന്നെ അപകടമുണ്ടാക്കാൻ ഇടയാക്കുമെന്ന് മനുഷ്യാവകാശ കമ്മീഷനും പരാതിയെത്തിയിരുന്നു. തുടര്‍ന്നാണ് ഇതുസംബന്ധിച്ച തീരുമാനം കെഎസ്ആര്‍ടിസിയെടുത്തത്.

 

സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ച് ഗവർണർ ഒരുക്കുന്ന വിരുന്നിൽ വിജയുടെ ടിവികെ പങ്കെടുക്കില്ല. ഗവർണറുടെ നടപടികളിൽ പ്രതിഷേധമെന്ന് ടിവികെ പ്രതികരിച്ചു. ഡിഎംകെയുടെ സഖ്യകക്ഷികളും ബഹിഷ്കരണം പ്രഖ്യാപിച്ചിരുന്നു. അതേ സമയം, തമിഴ്നാട് ഗവർണർക്കെതിരെ കടുപ്പിച്ച് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ. പരിപാടിയിൽ മുഖ്യമന്ത്രിയും പങ്കെടുക്കില്ല. ആർ.എൻ.രവി, തമിഴ്നാടിന്റെ താത്പര്യങ്ങൾക്ക് വിരുദ്ധമായ നിലപാട് സ്വീകരിക്കുന്നതിനിലാണ് ബഹിഷ്കരണം എന്ന് സർക്കാർ വ്യക്തമാക്കി.

 

കന്നഡ സൂപ്പർ താരം ദർശൻ അറസ്റ്റിൽ. സുപ്രീം കോടതി ജാമ്യം റദ്ദാക്കിയതിന് പിന്നാലെയാണ് അറസ്റ്റ്. ദർശനെ ബെല്ലാരി ജയിലിലേക്ക് മാറ്റും. നടി പവിത്ര ഗൗഡയെയും അറസ്റ്റ് ചെയ്തു. രേണുക സ്വാമി കൊലക്കേസുമായി ബന്ധപ്പെട്ടാണ് കന്നഡ നടൻ ദർശൻ തുഗുദീപയുടെ ജാമ്യം സുപ്രീംകോടതി റദ്ദാക്കിയത്. കർണാടക സർക്കാരിന്റെ അപ്പീലിലാണ് നടപടി.

 

 

തമിഴ്നാട് ഗവർണർക്കെതിരെ കടുപ്പിച്ച് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ. സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ച് ഗവർണർ ഒരുക്കുന്ന ചായസത്കാരത്തിൽ മുഖ്യമന്ത്രി പങ്കെടുക്കില്ല. ആർ.എൻ.രവി, തമിഴ്നാടിന്റെ താത്പര്യങ്ങൾക്ക് വിരുദ്ധമായ നിലപാട് സ്വീകരിക്കുന്നതിനിലാണ് ബഹിഷ്കരണം എന്ന് സർക്കാർ വ്യക്തമാക്കി. സർവ്വകലാശാലകളിൽ ഈ മാസം നടക്കാനിരിക്കുന്ന ബിരുദദാന ചടങ്ങിൽ ഉന്നതവിദ്യാഭ്യാസ മന്ത്രി പങ്കെടുക്കില്ലെന്നും സർക്കാർ അറിയിച്ചു.

 

ജമ്മു കശ്മീരിലെ കിഷ്ത്വാറിൽ മേഘവിസ്ഫോടനത്തെ തുടർന്നുണ്ടായ മിന്നൽ പ്രളയത്തിൽ 33 മരണം. അൻപതിലധികം പേരെ അപകടസ്ഥലത്തു നിന്ന് രക്ഷപ്പെടുത്തി. എന്‍ഡിആര്‍എഫ്, എസ്ഡ് ആര്‍എഫ് സംഘങ്ങളുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.

 

യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ പ്രശംസിച്ച പാർട്ടി എംഎൽഎയെ സമാജ് വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് പുറത്താക്കി. പൂജ പാൽ എന്ന വനിതാ എംഎൽഎയെയാണ് പുറത്താക്കിയത്. തന്റെ ഭർത്താവിന്റെ കൊലപാതകത്തിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നീതി നടപ്പിലാക്കിയെന്നടക്കം നിയമസഭയിൽ നടത്തിയ പ്രസംഗത്തിന് പിന്നാലെയാണ് നടപടി. പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളിലും കടുത്ത അച്ചടക്ക ലംഘനങ്ങളിലും ഏർപ്പെട്ടതിനാണ് പൂജ പാലിനെ പുറത്താക്കിയതെന്ന് പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് അറിയിച്ചു.

 

പാകിസ്ഥാന് കടുത്ത മുന്നറിയിപ്പുമായി ഇന്ത്യ. ഇന്ത്യക്കെതിരായ അനാവശ്യ വാചകമടി പാക്കിസ്ഥാൻ നിർത്തിയില്ലെങ്കിൽ ശക്തമായ പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. അടുത്തിടെ ലഭിച്ചത് പോലെ മുറിവേൽക്കുന്ന പ്രത്യാഘാതങ്ങൾ ഇനിയും ഉണ്ടാകുമെന്നും മുന്നറിയിപ്പ് നൽകി. സ്വന്തം തോൽവി മറയ്ക്കാനാണ് പാകിസ്ഥാൻ കരസേന മേധാവി അസിം മുനീർ വീരവാദം മുഴക്കുന്നതെന്നും വിദേശകാര്യ വക്താവ് രൺധീർ ജയ്സ്വാൽ പറഞ്ഞു.

 

 

ബിഹാർ വോട്ടർ പട്ടിക ക്രമക്കേടിൽ നിർണായകമായി സുപ്രീം കോടതി ഇടക്കാല ഉത്തരവ്. ബീഹാർ തെരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്സൈറ്റിൽ ഒഴിവാക്കിയവരുടെ പട്ടിക പ്രസിദ്ധീകരിക്കണമെന്ന് സുപ്രീം കോടതി ഇടക്കാല ഉത്തരവിട്ടു. ബിഹാറിൽ തിരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ്, കരട് വോട്ടർ പട്ടികയിൽ നിന്ന് നീക്കം ചെയ്ത 65 ലക്ഷം വോട്ടർമാരുടെ വിവരങ്ങൾ പൊതുജനങ്ങൾക്ക് ലഭ്യമാക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷനോട് സുപ്രീം കോടതി നിർദ്ദേശിച്ചത്.

 

ഓപ്പറേഷൻ സിന്ദൂർ സൈനിക നീക്കത്തിൽ ഇന്ത്യൻ സേനയോട് പരാജയപ്പെട്ട പാകിസ്താൻ, പുതിയൊരു സൈനിക വിഭാഗത്തിന് രൂപം നൽകി. സാധാരണ യുദ്ധസാഹചര്യങ്ങളിൽ മിസൈൽ പോരാട്ട ശേഷിക്ക് മേൽനോട്ടം വഹിക്കുക എന്നതാണ് ഈ പുതിയ സേനാവിഭാഗത്തിൻ്റെ ലക്ഷ്യം. ചൈനയുടെ പീപ്പിൾസ് ലിബറേഷൻ ആർമി റോക്കറ്റ് ഫോഴ്‌സിൻ്റെ (PLARF) മാതൃകയിൽ മിസൈലുകൾക്കും റോക്കറ്റുകൾക്കുമായി ഒരു പ്രത്യേക കമാൻഡ് രൂപീകരിക്കാനാണ് പാകിസ്ഥാൻ്റെ നീക്കം.

 

പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെയും റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിന്റെയും കൂടിക്കാഴ്ചയെ ആശ്രയിച്ച് ഇന്ത്യക്കെതിരെ കൂടുതൽ ഉപരോധങ്ങൾ ഏർപ്പെടുത്താൻ സാധ്യതയുണ്ടെന്ന് യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസന്റിന്റെ മുന്നറിയിപ്പ്. ബ്ലൂംബെർഗ് ടിവിക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. അലാസ്കയിൽ വെള്ളിയാഴ്ച നടക്കുന്ന ചർച്ചകൾ പരാജയപ്പെട്ടാൽ കൂടുതൽ ഉപരോധങ്ങൾ ഉണ്ടാകുമെന്നാണ് ബെസന്റ് സൂചിപ്പിച്ചത്.

 

 

കുവൈത്തില്‍ വിഷമദ്യ ദുരന്തത്തില്‍ 40 ഇന്ത്യക്കാര്‍ ചികിത്സയിലുള്ളതായി കുവൈത്തിലെ ഇന്ത്യന്‍ എംബസി സ്ഥിരീകരിച്ചു. കൂടുതല്‍ പേര്‍ മലയാളികള്‍ ആണെന്നാണ് സൂചന. മരണങ്ങള്‍ സംഭവിച്ചതായി ഇന്ത്യന്‍ എംബസി സ്ഥിരീകരിക്കുന്നുണ്ട്. എന്നാല്‍ എണ്ണത്തിന്റെ കാര്യത്തില്‍ വ്യക്തമായ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

 

രാജ്യത്ത് ജൈവ ഇന്ധനങ്ങളുടെ, പ്രത്യേകിച്ച് ബയോഡീസലിന്റെ ഉപയോഗം വർധിപ്പിക്കുന്നതിൽ കേന്ദ്രസർക്കാർ ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ടെന്ന് ആവർത്തിച്ച് കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി. പരമ്പരാഗത ഡീസലിൽനിന്ന് മാറാനുള്ള വിശാലമായ പദ്ധതിയുടെ ഭാഗമായി ഇന്ത്യയിൽ 10 ശതമാനം ബയോഡീസൽ മിശ്രിതം ഉടൻ അവതരിപ്പിക്കുമെന്നും ഗഡ്കരി സ്ഥിരീകരിച്ചു.

 

ഇന്ത്യയ്ക്കുമേല്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അധികതീരുവ ചുമത്താന്‍ സാധ്യതയുണ്ടെന്ന് യുഎസ് ട്രഷറി സെക്രട്ടറിയുടെ മുന്നറിയിപ്പ്. ട്രംപും റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുതിനും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമായിരിക്കും ഇതുസംബന്ധിച്ചുള്ള തീരുമാനമെന്ന് ട്രഷറി സെക്രട്ടറി സ്‌കോട് ബെസ്സന്റ് ബ്ലൂബര്‍ഗ് ടിവിയോട് പ്രതികരിക്കവെ പറഞ്ഞു.

 

ഹമാസിനെതിരായ 22 മാസത്തെ ആക്രമണത്തില്‍ തകര്‍ന്നടിഞ്ഞ ഗാസയില്‍നിന്ന് പലസ്തീനികളെ കൂട്ടത്തോടെ കുടിയൊഴിപ്പിക്കാനുള്ള ശ്രമങ്ങളുമായി ഇസ്രയേല്‍ മുന്നോട്ടു പോകുന്നതായി വിവരം. ഇവരെ കിഴക്കന്‍ ആഫ്രിക്കന്‍ രാജ്യമായ ദക്ഷിണ സുഡാനില്‍ പുനരധിവസിപ്പിക്കുന്നതിനുള്ള സാധ്യതയെക്കുറിച്ച് ഇസ്രയേല്‍ ചര്‍ച്ചകള്‍ നടത്തിവരുന്നതായി അന്താരാഷ്ട്രമാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *