Untitled design 20250112 193040 0000

 

ഡോ. ഹാരിസിനെ സംശയനിഴലിൽ നിര്‍ത്തിയ കണ്ടെത്തലില്‍ വഴിത്തിരിവ്. ബോക്സിലുണ്ടായിരുന്നത് കാണാതായ ഉപകരണത്തിന്‍റെ ബിൽ അല്ലെന്നും നെഫ്രോസ്കോപ്പ് എന്ന ഉപകരണം പരിശോധിച്ചതിന്‍റെ ഡെലിവറി ചെലാൻ ആയിരുന്നുവെന്നും കൊച്ചിയിലെ സ്ഥാപന ഉടമ വ്യക്തമാക്കി. കാണാതായ ഉപകരണത്തിന് പകരം പുതിയത് വാങ്ങിയതിന്‍റെ ബിൽ അല്ലെന്നും കമ്പനി വ്യക്തമാക്കി.

 

കന്യാസ്ത്രീകൾക്കും മലയാളി വൈദികർക്കും മർദനമേറ്റ സംഭവത്തിൽ പ്രതികരിച്ച് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. കേക്ക് രാഷ്ട്രീയത്തിന്റെ തടവുകാരോട്. ഒഡീഷയിലും കന്യാസ്ത്രീകൾക്കും മലയാളി വൈദികർക്കും മർദനമേറ്റു. അക്രമത്തെ അതിശക്തമായി അപലപിക്കുന്നു. ഇനിയെങ്കിലും ആട്ടിൻതോലിട്ട ചെന്നായ്ക്കളെ തിരിച്ചറിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

 

തിരുവനന്തപുരത്തെ ബ്രഹ്മോസ് എയറോസ്പേസ് നിർമ്മാണ സ്ഥാപനം നിലനിർത്തണമെന്നാവശ്യപ്പെട്ട് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗിന് കത്തെഴുതി മുഖ്യമന്ത്രി പിണറായി വിജയൻ. BATL -നെ മാതൃകമ്പനിയായ ബ്രഹ്മോസ് എയറോസ്പേസ് പ്രൈവറ്റ് ലിമിറ്റഡിൽ നിന്ന് വേർപെടുത്താൻ കേന്ദ്ര പ്രതിരോധ മന്ത്രാലയം നടപടികൾ ആരംഭിച്ചിരിക്കുന്നുവെന്നുള്ള വിവരം ആശങ്കജനകമാണെന്ന് കത്തിൽ മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

 

സംസ്ഥാനത്ത് ദേശീയപാത 66-ന്‍റെ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് നിര്‍ദേശം നല്‍കി. പ്രവൃത്തികളില്‍ ഗുണനിലവാരം ഉറപ്പുവരുത്തണമെന്നും മന്ത്രി നിർദേശിച്ചു. ദേശീയപാത പ്രവൃത്തികള്‍ അവലോകനം ചെയ്യാന്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് മന്ത്രി ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥര്‍ക്ക് ഈ നിർദേശം നല്‍കിയത്.

 

ശബരിമല തീര്‍ത്ഥാടനത്തിന് മുന്നോടിയായുള്ള പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ പൊതുമരാമത്ത് വകുപ്പില്‍ പ്രത്യേക കോര്‍ ടീം രൂപീകരിച്ചതായി മന്ത്രി പി എ മുഹമ്മദ് റിയാസ് അറിയിച്ചു. ശബരിമല തീര്‍ത്ഥാടന കാലത്തിന് മുന്നോടിയായുള്ള പ്രവൃത്തി വിലയിരുത്തലിനായി ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് ഈ തീരുമാനമെടുത്തത്.ഓരോ ജില്ലകളിലും പ്രവൃത്തി വിലയിരുത്തുന്നതിനുള്ള ചുമതല ഓരോ ചീഫ് എഞ്ചിനീയര്‍മാര്‍ക്കായി നല്‍കി.

 

സുരേഷ് ഗോപിക്കെതിരെ പരോക്ഷ പരിഹാസവുമായി ഓർത്തഡോക്സ് സഭ തൃശ്ശൂർ ഭദ്രാസന അധിപൻ മാർ യൂഹാനോൻ മിലിത്തിയോസ്. ദില്ലിയിലേക്ക് അയച്ച നടനെ കാണാനില്ലെന്നും പൊലീസിൽ അറിയിക്കണോയെന്നാണ് ആശങ്കയെന്ന് പറഞ്ഞുകൊണ്ട് മാർ യൂഹാനോൻ മിലിത്തോസ് ഫേസ്ബുക്കിലിട്ട പോസ്റ്റിലൂടെയാണ് സുരേഷ് ഗോപിക്കെതിരെ പരോക്ഷ വിമര്‍ശനം നടത്തിയത്.ഛത്തീസ്ഗഡിൽ മലയാളി കന്യാസ്ത്രീകള്‍ അറസ്റ്റിലായ സംഭവത്തിലും അതിനുശേഷം ഒഡീഷയിലും ബിഹാറിലുമടക്കം കന്യാസ്ത്രീകള്‍ക്കും വൈദികര്‍ക്കുനേരെ അതിക്രമം ഉണ്ടായ സംഭവങ്ങളിലുമടക്കം കേന്ദ്ര മന്ത്രി സുരേഷ് ഗോപി പ്രതികരിച്ചിരുന്നില്ല. ഇതിനെ തുടർന്നാണ് അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

 

പേരാമ്പ്രയിലെ വയോധികയുടെ മരണം കൊലപാതകമെന്ന് പൊലീസ്. സംഭവത്തിൽ മകനെ പൊലീസ് അറസ്റ്റ് ചെയ്തു. തൈപറമ്പിൽ പത്മാവതി (71)യുടെ മരണത്തിലാണ് മകൻ ലിനീഷ് അറസ്റ്റിലായത്. കഴിഞ്ഞ ചൊവ്വഴ്ചയാണ് സംഭവം. പത്മാവതിയെ വീട്ടു മുറ്റത്തു അവശ നിലയിൽ കണ്ടെത്തുകയായിരുന്നു. പിന്നീട് മരണത്തിന് കീഴടങ്ങുകയായിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് മകൻ ലിനീഷ് മർദിച്ചു കൊലപ്പെടുത്തിയതാണെന്ന് കണ്ടെത്തിയത്.

 

വെളിച്ചെണ്ണയുൾപ്പെടെയുള്ള സാധനങ്ങളുടെ വിലക്കയറ്റത്തിനെതിരെ മന്ത്രി ജിആർ അനിലിന് സിപിഐയിൽ രൂക്ഷ വിമർശനം. വിലക്കയറ്റകാലത്ത് ഭക്ഷ്യവകുപ്പ് നോക്കുകുത്തിയായെന്നും വിലനിയന്ത്രിക്കുന്നതിന് ഇടപെടലുകളുണ്ടായില്ലെന്നുമാണ് വിമർശനം. തിരുവനന്തപുരം ജില്ലാ സമ്മേളനത്തിലാണ് മന്ത്രിക്കെതിരെ രൂക്ഷ വിമർശനമുണ്ടായത്.

 

കെ പി സി സി പുനഃസംഘടനയ്ക്കും ഡി സി സി അധ്യക്ഷൻമാരെ മാറ്റുന്നതിനും പട്ടിക വെട്ടിച്ചുരുക്കാൻ കെ പി സി സി നേതൃത്വം തീരുമാനിത്തു. എ ഐ സി സി നിര്‍ദ്ദേശ പ്രകാരം പട്ടിക വെട്ടിച്ചുരുക്കാൻ വീണ്ടും ചര്‍ച്ച നടത്താനാണ് തീരുമാനം, കേരളത്തിൽ പലവട്ടവും ദില്ലിയിൽ മൂന്നു ദിവസവും നടത്തിയ പുനഃസംഘടനാ ചര്‍ച്ച എങ്ങുമെത്തിയിട്ടില്ല എന്നതാണ് അവസ്ഥ. എത്ര ഡി സി സി അധ്യക്ഷൻമാരെ മാറ്റണമെന്നതിലും ഇനിയും തീര്‍പ്പായിട്ടില്ല.ഇനി പട്ടിക ചുരുക്കാൻ ഇവിടെ ചര്‍ച്ച നടത്തും.

 

സ്വകാര്യ ബസുകളുടെ മത്സരയോട്ടവും അപകടങ്ങളും നിത്യസംഭവമായ പശ്ചാത്തലത്തില്‍ ബസുകളുടെ സമയക്രമം മാറ്റാന്‍ നിര്‍ദേശവുമായി കേരളാ ഹൈക്കോടതി. ബസുകളുടെ സമയങ്ങള്‍ തമ്മിലുള്ള ഇടവേള വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതിന് പിന്നാലെയാണ് ഇക്കാര്യത്തില്‍ ഹൈക്കോടതിയും ഇടപെട്ടിരിക്കുന്നത്. നഗരപ്രദേശങ്ങളില്‍ ബസുകള്‍ തമ്മില്‍ അഞ്ച് മിനിറ്റിന്റെയും ഗ്രാമപ്രദേശങ്ങളില്‍ പത്ത് മിനിറ്റിന്റെയും ഇടവേളയാണ് സര്‍ക്കാര്‍ നിര്‍ദേശിച്ചിരിക്കുന്നത്.

 

20 ദിവസത്തിനിടെ മന്ത്രി എംബി രാജേഷിൻ്റെ മണ്ഡലത്തിൽ നായയുടെ കടിയേറ്റത് പത്തിലധികം പേർക്ക്. തൃത്താല ഞാങ്ങാട്ടിരിയിൽ വയോധികരുൾപ്പെടെ നാലു പേർക്ക് പരിക്കേറ്റിരുന്നു. ഈ നായക്ക് പേ വിഷബാധ സ്ഥിരീകരിച്ചത് നാട്ടുകാരെ ആശങ്കയിലാക്കിയിരിക്കുകയാണ്.

 

കൊല്ലം തെക്കുംഭാഗത്ത് മൂന്നാം ക്ലാസുകാരന് രണ്ടാനച്ഛൻ്റെ ക്രൂരപീഡനം. എട്ടുവയസുള്ള കുട്ടിയെ രണ്ടാനച്ഛൻ അയൺബോക്സ് ചൂടാക്കി കാലിൽ പൊള്ളിച്ചു. കുട്ടി വികൃതി കാട്ടിയതിനാണ് പൊള്ളിച്ചതെന്ന് പൊലീസ് വ്യക്തമാക്കി. രണ്ടാനച്ഛനെ പൊലീസ് അറസ്റ്റ് ചെയ്തു.

 

യു.കെയിൽ ജോലി വാഗ്‌ദാനം ചെയ്ത് തൃശ്ശൂർ എടവിലങ്ങ് സ്വദേശികളായ മൂന്ന് പേരിൽ നിന്നും 6.5 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. എടവിലങ്ങ് കാര പുതിയ റോഡ് ചള്ളിയിൽ വീട്ടിൽ ശ്യാമള (59) യെയാണ് കൊടുങ്ങല്ലൂർ പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം ഇവരുടെ മകൾ സായ (29) അറസ്റ്റിലായിരുന്നു.

 

പ്രധാനമന്ത്രി ഉജ്ജ്വല യോജന ഉപഭോക്താക്കൾക്കുള്ള 300 രൂപ സബ്‌സിഡി തുടരാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭ അംഗീകാരം നൽകി. കേന്ദ്ര സർക്കാരിന്റെ ഔദ്യോഗിക വിജ്ഞാപനം പ്രകാരം, 2025-26 വർഷത്തേക്ക് പിഎംയുവൈ ഗുണഭോക്താക്കൾക്ക് 14.2 കിലോഗ്രാം സിലിണ്ടറിന് 300 രൂപ സബ്‌സിഡി നൽകും.

 

സ്വര്‍ണ്ണക്കള്ളക്കടത്തിന് ഒത്താശ ചെയ്തതിന് കസ്റ്റംസ് ഉദ്യോഗസ്ഥനെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു. തിരുവനന്തപുരം വിമാനത്താവളം വഴിയുളള സ്വർണക്കളളക്കടത്തിന് ഒത്താശ ചെയ്തതിനാണ് നടപടി. കസ്റ്റംസ് ഇൻസ്പെക്ടർ കെഎ അനീഷിനെതിരെയാണ് കൊച്ചി കസ്റ്റംസ് പ്രിവന്‍റീവ് കമ്മീഷണറുടെ നടപടി.

 

തൃശൂർ പാലിയേക്കരിയിലെ ടോള്‍പിരിവ് നാലാഴ്ചത്തേക്ക് തടഞ്ഞ കേരള ഹൈക്കോടതിയുടെ വിധിക്കെതിരേ സുപ്രീംകോടതിയെ സമീപിച്ച് ദേശീയപാതാ അതോറിറ്റി ഓഫ് ഇന്ത്യ . ടോള്‍ പിരിക്കുന്നത് തടഞ്ഞുകൊണ്ടുള്ള ഹൈക്കോടതിയുടെ ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് എന്‍എച്ച്എഐ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കിയിരിക്കുന്നത്.

 

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയ കേസില്‍ യുവാവിന് എട്ട് വര്‍ഷം തടവും പിഴയും ശിക്ഷ. കൊടുങ്ങല്ലൂര്‍ അഴിക്കോട് സുനാമി കോളനി സ്വദേശി സിജിലിനെ(23)യാണ് തൃശൂര്‍ ഫാസ്റ്റ് ട്രാക്ക് സ്‌പെഷല്‍ കോടതി ജഡ്ജ് ജയപ്രഭു ശിക്ഷിച്ചത്. 2021 ജനുവരി മാസത്തിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.

 

നേതാക്കള്‍ ജ്യോത്സ്യന്മാരെ കാണാന്‍ പോകുന്നുവെന്ന് സിപിഎം സംസ്ഥാന സമിതിയില്‍ വിമര്‍ശനം ഉയർന്നുവെന്ന ആരോപണങ്ങൾ നിഷേധിച്ച് സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. സംസ്ഥാന സമിതിയിൽ ഒരു വിമർശനവും ഉയർന്നിട്ടില്ലെന്നും സാമൂഹികമാധ്യമങ്ങളിൽ വന്നതൊന്നും ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.

 

വോട്ടര്‍പ്പട്ടികയിലെ ഗുരുതര പിഴവുകള്‍ ഉടന്‍ തിരുത്തണമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷനോട് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി അനൂപ് ആന്റണി.ബിജെപി ചൂണ്ടിക്കാട്ടിയ പ്രശ്‌നങ്ങള്‍ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്‍ സ്വമേധയാ പരിഹരിച്ചില്ലെങ്കില്‍, ഹൈക്കോടതിയിലുള്‍പ്പെടെ നിയമനടപടികളുമായി മുന്നോട്ടുപോകുമെന്നും ബിജെപി ജനറല്‍ സെക്രട്ടറി അറിയിച്ചു.

 

ഭർത്താവിനെ കൊലപ്പെടുത്തിയ കേസിൽ സ്ത്രീയടക്കം മൂന്ന് പേരെ പൊലീസ് പിടികൂടി. തെലങ്കാനയിലെ കരിംനഗർ സ്വദേശിയായ സമ്പത്തിനെ കൊലപ്പെടുത്തിയ കേസിലാണ് ഭാര്യ രമാദേവി, കാമുകൻ കെ രാജയ്യ, ഇയാളുടെ സുഹൃത്ത് ശ്രീനിവാസ് എന്നിവരെ പൊലീസ് പിടികൂടിയത്. യൂട്യൂബിലെ വീഡിയോ മാതൃകയാക്കി വിഷം ചെവിയിലൂടെ ഒഴിച്ചുകൊടുത്താണ് പ്രതികൾ സമ്പത്തിനെ വധിച്ചത്.

 

ആഗോള വ്യാപാര സംഘര്‍ഷങ്ങള്‍ക്കിടെ ഇന്ത്യന്‍ ഉത്പന്നങ്ങള്‍ക്ക് 25 ശതമാനം അധിക തീരുവ ചുമത്താനുള്ള യുഎസ് തീരുമാനത്തില്‍ പ്രതികരണവുമായി കേന്ദ്ര വാണിജ്യമന്ത്രി പിയൂഷ് ഗോയല്‍. ഇന്ത്യ ആര്‍ക്ക് മുന്നിലും മുട്ടുകുത്തില്ലെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യ ടുഡെ സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

 

അമേരിക്കൻ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് ഇന്ത്യയ്ക്ക് അധിക തീരുവ ഏര്‍പ്പെടുത്തിയുള്ള നടപടിക്കിടെ റഷ്യൻ പ്രസിഡന്‍റ് പുടിനുമായി ഫോണിൽ സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. യുക്രെയ്നുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ഇരു നേതാക്കളും തമ്മിൽ ചര്‍ച്ച ചെയ്തു. യുക്രെയിനിലെ പുതിയ സംഭവവികാസങ്ങള്‍ തന്നെ പുടിൻ അറിയിച്ചെന്ന് മോദി എക്സിൽ കുറിച്ചു. . ഈ വര്‍ഷം അവസാനം പുടിനെ ഇന്ത്യയിലേക്ക് ക്ഷണിച്ചിട്ടുണ്ടെന്നും മോദി എക്സിൽ കുറിച്ചു.

 

പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധിയുടെ ആരോപണങ്ങൾക്ക് വീണ്ടും മറുപടിയുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ. പഴയ വീഞ്ഞ് പുതിയ കുപ്പിയിലാക്കി ഇറക്കുന്നത് പോലെയാണ് രാഹുൽ ഗാന്ധിയുടെ ആരോപണങ്ങളെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രസ്താവനയിൽ അറിയിച്ചു. മൂന്ന് സംസ്ഥാനങ്ങളിൽ വോട്ടർപട്ടികയിൽ പേരുള്ള ആദിത്യ ശ്രീവാസ്തവയുടെ പേര് മാസങ്ങൾക്ക് മുമ്പ് തിരുത്തിയതാണെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി. തെളിവുകൾ ശരിയെങ്കിൽ പ്രതിജ്ഞാപത്രത്തിൽ ഒപ്പിട്ട് രേഖാമൂലം പരാതി നൽകാൻ രാഹുൽ തയ്യാറാകണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ ആവർത്തിച്ചു.

 

ഉഭയസമ്മതപ്രകാരം ലൈംഗിക ബന്ധത്തിനുള്ള പ്രായപരിധി 16 ആക്കി കുറയ്ക്കുന്നതിനെ എതിർത്ത് കേന്ദ്രം. വിഷയത്തിൽ സുപ്രീം കോടതിയിൽ ശക്തമായി വാദിച്ച കേന്ദ്രം, കേസുകളുടെ സ്വഭാവം അനുസരിച്ച് ഇക്കാര്യത്തിൽ കോടതിക്ക് സ്വതന്ത്ര നിലപാട് എടുക്കാവുന്നതാണെന്ന് വ്യക്തമാക്കി.ഈ നീക്കം കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്നവർക്ക് കൂടുതൽ ഇളവ് നൽകുന്നതാവുമെന്നും കേന്ദ്രം കൂട്ടിച്ചേർത്തു.

 

ഈ മാസം അവസാനം ചൈന സന്ദർശിക്കാനിരിക്കുന്ന ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സ്വാഗതം ചെയ്ത് ചൈന. ഷാങ്ഹായ് കോഓപ്പറേഷൻ ഓർഗനൈസേഷൻ്റെ ടിയാൻജിൻ സമ്മിറ്റിനായാണ് പ്രധാനമന്ത്രി ചൈനയിലേക്ക് പോകുന്നത്. അതിനിടെ ഇന്ത്യക്ക് മേൽ അധിക തീരുവ ചുമത്തിയ അമേരിക്കൻ പ്രസിഡൻ്റിന്റെ നടപടിയെ എതിർക്കുന്നതായി വ്യക്തമാക്കിയ ചൈന, അമേരിക്കയുടെ താരിഫ് അതിക്രമം അനുവദിക്കാനാകില്ലെന്നും വ്യക്തമാക്കി.

 

സമീപകാലത്തുണ്ടായ ആഗോള സംഘർഷങ്ങളിൽ നിന്നും ഓപ്പറേഷൻ സിന്ദൂറിൻ്റെ വിജയത്തിൽ നിന്നും പാഠം ഉൾക്കൊണ്ട് വ്യോമപ്രതിരോധ സംവിധാനം ശക്തിപ്പെടുത്താൻ ഇന്ത്യൻ സൈന്യം തീരുമാനിച്ചു. ഡ്രോൺ ഉപയോഗിച്ചുള്ള ആക്രമണം തടയുന്നതിനുള്ള വ്യോമപ്രതിരോധ റഡാർ വാങ്ങുന്നതിനുള്ള ആർഎഫ്ഐ (റിക്വസ്റ്റ് ഫോർ ഇൻഫർമേഷൻ) പ്രതിരോധ മന്ത്രാലയം പുറപ്പെടുവിച്ചു. ഫൈറ്റർ ജെറ്റ്, ഹെലികോപ്റ്റർ, ചെറു ഡ്രോണുകൾ എന്നിവയിൽ നിന്നുള്ള ശക്തമായ പ്രതിരോധത്തിനാണ് ശ്രമം.

 

പാകിസ്ഥാനിലും ബംഗ്ലാദേശിലും ഹിന്ദുക്കൾ ഉൾപ്പെടെയുള്ള ന്യൂനപക്ഷ വിഭാഗങ്ങൾ നേരിട്ട അതിക്രമങ്ങളുടെ കണക്കുമായി ഇന്ത്യ. വിദേശകാര്യ സഹമന്ത്രി കീർത്തി വർധൻ സിങ് പാർലമെന്റിൽ കണക്ക് വെളിപ്പെടുത്തി. 2021 ന് ശേഷം ന്യൂനപക്ഷങ്ങൾക്കെതിരായ രൂക്ഷമായ അക്രമങ്ങളുമായി ബന്ധപ്പെട്ട് കുറഞ്ഞത് 334 സംഭവങ്ങൾ ഇന്ത്യ പാകിസ്ഥാനെ അറിയിച്ചിട്ടുണ്ട്. അതേസമയം 3582 സംഭവങ്ങൾ ബംഗ്ലാദേശിന്‍റെ ശ്രദ്ധയിൽ പെടുത്തിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.

 

അമേരിക്കയിൽ കൊവിഡ് വ്യാപിക്കുന്നതായി റിപ്പോർട്ട്. സെൻ്റേർസ് ഫോർ ഡിസീസ് കൺട്രോൾ ആൻ്റ് പ്രിവൻഷൻ റിപ്പോർട്ട് ഉദ്ധരിച്ച് ദേശീയ അന്തർദേശീയ മാധ്യമങ്ങൾ ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നു. രോഗബാധയേറ്റ് ആശുപത്രിയിൽ എത്തുന്നവരിൽ എല്ലാ പ്രായക്കാരുമുണ്ട്. അമേരിക്കയിലിപ്പോൾ വേനൽക്കാലമാണ്. ഇതിനിടയിലാണ് രോഗബാധ.

 

ഇന്ത്യക്കെതിരെ 50 ശതമാനം തീരുവ ഏർപ്പെടുത്തിയുള്ള അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്റെ വെല്ലുവിളി നേരിടാൻ ഉറച്ച് ഇന്ത്യയുടെ നീക്കം. അമേരിക്കൻ ഭീഷണിക്ക് മുന്നിൽ വലിയ വിട്ടുവീഴ്ച ചെയ്യേണ്ടതില്ലെന്ന നിലപാടിലാണ് ഇന്ത്യ എത്തിച്ചേർന്നിരിക്കുന്നത്. മറ്റേതെങ്കിലും രാജ്യവും അമേരിക്കയുമായുള്ള വ്യാപാര ബന്ധവും കൂട്ടിക്കുഴയ്ക്കേണ്ട കാര്യം ട്രംപിനില്ല. അതുകൊണ്ടുതന്നെ അമേരിക്കയുടെ ഭീഷണിക്ക് മുന്നിൽ വലിയ വിട്ടുവീഴ്ചക്ക് ഇന്ത്യ തയ്യാറാകില്ലെന്നാണ് കേന്ദ്ര സർക്കാർ വ്യക്തമാക്കുന്നത്. ഇതിന്‍റെ ഭാഗമായി പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗിന്‍റെ അമേരിക്കൻ സന്ദർശനം ഇന്ത്യ റദ്ദാക്കി.

 

പ്രശസ്ത കൊമേഡിയൻ കപിൽ ശർമയുടെ കഫെക്ക് നേരെ വീണ്ടും ആക്രമണം. അജ്ഞരായ ആയുധധാരികൾ കാനഡയിലെ ഇദ്ദേഹത്തിൻ്റെ കഫെക്ക് നേരെ വെടിയുതിർത്തു. കാനഡയിലെ സർറേയിലുള്ള കഫെയ്ക്ക് നേരെയാണ് ആക്രമണം നടന്നതെന്നാണ് വിവരം. ഒരു മാസത്തിനിടെ ഇദ്ദേഹത്തിൻ്റെ കഫെക്ക് നേരെ കാനഡയിൽ നടക്കുന്ന രണ്ടാമത്തെ ആക്രമണമാണിത്.ലോറൻസ് ബിഷ്ണോയ് -ഗോൾഡി ബാർ എന്നിവരുമായി ബന്ധമുണ്ടെന്ന് അവകാശപ്പെടുന്ന ഗോൾഡി ധില്ലൺ ആക്രമണത്തിൻ്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് സമൂഹമാധ്യമങ്ങളിൽ രംഗത്ത് വന്നിട്ടുണ്ട്.

 

യുഎസില്‍നിന്ന് ആയുധങ്ങളും വിമാനങ്ങളും വാങ്ങുന്നത് ഇന്ത്യ നിര്‍ത്തിവെയ്ക്കാന്‍ തീരുമാനിച്ചെന്ന തരത്തില്‍ പുറത്തുവന്ന വാര്‍ത്തകള്‍ തള്ളി കേന്ദ്ര പ്രതിരോധ മന്ത്രാലയം. ഇത്തരത്തില്‍ വന്ന വാര്‍ത്തകള്‍ തെറ്റായതും കെട്ടിച്ചമച്ചതുമാണെന്ന് പ്രതിരോധ മന്ത്രാലയത്തെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.

 

ബിഹാറിലെ വോട്ടര്‍പ്പട്ടിക പുനഃപരിശോധിക്കുന്നത് ബിജെപി ഇതര വോട്ടര്‍മാരുടെ വോട്ടവകാശം നിഷേധിക്കാനാണെന്ന പ്രതിപക്ഷ ആരോപണത്തിനെതിരേ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. തിരഞ്ഞെടുപ്പിന് മുന്‍പുതന്നെ തോല്‍വിക്ക് കാരണം കണ്ടെത്തുകയാണ് രാഹുല്‍ ഗാന്ധിയെന്ന് അമിത് ഷാ പരിഹസിച്ചു. ബിഹാറിലെ സീതാമര്‍ഹിയില്‍ നടന്ന തിരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

 

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *