Untitled design 20250112 193040 0000

 

 

നിയമസഭാ തെരഞ്ഞെടുപ്പിൽ ഭരണതുടര്‍ച്ച ലക്ഷ്യമിട്ട് മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ളവര്‍ക്ക് രണ്ടു ടേം വ്യവസ്ഥയിൽ ഇളവ് നൽകാൻ സിപിഎമ്മിൽ ആലോചന . നിലവിലെ എംഎൽഎ മാരെ മാറ്റിയാൽ കൈവിട്ടു പോകുമെന്ന് വിലയിരുത്തുന്ന മണ്ഡലങ്ങളിലാണ് ടേം വ്യവസ്ഥ മാറ്റിവയ്ക്കാൻ പാര്‍ട്ടി ആലോചിക്കുന്നത്. അതേ സമയം പെര്‍ഫോമന്‍സ് മോശമുള്ളവരെ രണ്ടു ടേം തികച്ചില്ലെങ്കിലും മാറ്റും.

 

തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ശസ്ത്രക്രിയാ ഉപകരണങ്ങളില്ലെന്ന് തുറന്ന് പറഞ്ഞ ഡോ.ഹാരിസിന്റെ പരാതികൾ ശരിവച്ച് അന്വേഷണ സമിതി റിപ്പോർട്ടിന്റെ ഉള്ളടക്കം. ചികിത്സാ ഉപകരണങ്ങൾ എത്തിക്കുന്നതിൽ കാലതാമസമുണ്ടെന്നും രോഗികൾ പിരിവിട്ട് ഉപകരണങ്ങൾ വാങ്ങേണ്ടിവരുന്നെന്നും റിപ്പോർട്ടിലുണ്ട്. ഉപകരണങ്ങൾക്ക് വേണ്ടി മൂന്ന് മാസത്തെ വരെ കാത്തിരിപ്പുണ്ടായി. ഡോ.ഹാരിസ് സമയബന്ധിതമായി അപേക്ഷ നൽകിയെങ്കിലും അനുമതി ലഭിക്കുന്നതിന് ആറ് മാസം വരെ വൈകിയെന്നും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

 

ഫിലിം കോൺക്ലേവ് സമാപന ചടങ്ങിൽ പട്ടികജാതി വിഭാഗത്തിനും സ്ത്രീകള്‍ക്കുമെതിരെ അധിക്ഷേപ പരാമര്‍ശവുമായി അടൂര്‍ ഗോപാലകൃഷ്ണന്‍. പട്ടികജാതി വിഭാഗത്തില്‍ നിന്ന് സിനിമയെടുക്കാന്‍ വരുന്നവര്‍ക്ക് പരിശീലനം നല്‍കണമെന്നായിരുന്നു അടൂര്‍ ഗോപാലകൃഷ്ണന്റെ വിവാദ പരാമര്‍ശം. ചലച്ചിത്ര കോര്‍പ്പറേഷന്‍ വെറുതെ പണം നല്‍കരുതെന്നും ഒന്നര കോടി നല്‍കിയത് വളരെ കൂടുതലാണെന്നും അടൂര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞു.

 

ഡോ ഹാരിസ് ചിറക്കൽ നടത്തിയ വെളിപ്പെടുത്തലുകളുടെ പേരിൽ അദ്ദേഹത്തിനെതിരെ പ്രതികാര നടപടികൾ സ്വീകരിക്കാനുള്ള ആരോഗ്യ വകുപ്പിന്റെ നീക്കത്തെ ശക്തമായി ചെറുക്കുമെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ(ഐഎംഎ). ഇത്തരം പ്രതികാര നടപടികൾ നിസ്വാർത്ഥമായി ജന സേവനം നടത്തുന്ന മുഴുവൻ ആരോഗ്യ പ്രവർത്തകരുടെയും ആത്മവീര്യത്തെ തന്നെ തകർക്കുമെന്ന് ഐഎംഎ പ്രതികരിച്ചു.

 

കന്യാസ്ത്രീ മോചനത്തില്‍ സംസ്ഥാന ബിജെപി നേതൃത്വത്തിനെതിരെ സ്വാമി ചിദാനന്ദ പൂരി. നമുക്കിനി പോലീസും വേണ്ട കോടതിയും വേണ്ട കുറ്റവാളി ആരെന്നും അല്ലെന്നും വോട്ട് പ്രതീക്ഷിക്കുന്ന രാഷ്ട്രീയക്കാർ തീരുമാനിക്കും എന്ന് അദ്ദേഹം സമൂഹമാധ്യമത്തില്‍ കുറിച്ചു. കന്യാസ്ത്രീകള്‍ക്ക് ജാമ്യം ലഭിച്ചത് ബിജെപി നേട്ടമായി കാണുമ്പോൾ സംഘ പരിവാർ വിഭാഗങ്ങളിൽ അതൃപ്‌തി തുടരുകയാണ്.

 

ഛത്തീസ്​ഗഡിലെ ദുർ​ഗിൽ മലയാളി കന്യാസ്ത്രീകൾ അറസ്റ്റിലായ സംഭവത്തിൽ നിര്‍ണായക വെളിപ്പെടുത്തലുമായി പെൺകുട്ടികളില്‍ ഒരാള്‍. കന്യാസ്ത്രീകൾക്കെതിരെ പൊലീസ് ബലമായി മൊഴി ഒപ്പിട്ട് വാങ്ങിയെന്ന് കന്യാസ്ത്രീകൾക്ക് ഒപ്പമുണ്ടായിരുന്ന പെൺകുട്ടി കമലേശ്വരി പ്രധാൻ വെളിപ്പെടുത്തി. ആരുയെടും നിര്‍ബന്ധപ്രകാരമല്ല ആഗ്രയിലേക്ക് പോകാനിറങ്ങിയതെന്നും പെൺകുട്ടി പ്രതികരിച്ചു. താനും സുഹൃത്തുക്കളും ആത്മഹത്യയുടെ വക്കിലാണെന്നും പെൺകുട്ടി കൂട്ടിച്ചേര്‍ത്തു.

 

ഛത്തീസ്ഗഢില്‍ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകള്‍ക്ക് ജാമ്യം കിട്ടുന്നതില്‍ രാഷ്ട്രീയ ഇടപെടലുണ്ടായിട്ടുണ്ടെങ്കില്‍ അത് തെറ്റാണെന്ന് ഹിന്ദു ഐക്യ വേദി. ആഭ്യന്തര മന്ത്രി അമിത് ഷാ ഇടപെടല്‍ നടത്തിയെന്ന് പറഞ്ഞ് കേള്‍ക്കുന്നുണ്ടെന്നും അങ്ങനെ ചെയ്തിട്ടുണ്ടെങ്കില്‍ തെറ്റായ കീഴ്‌വഴക്കം സൃഷ്ടിക്കുമെന്നും ഹന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷന്‍ ആര്‍.വി.ബാബു പറഞ്ഞു.

 

തലശേരി ബിഷപ്പ് ജോസഫ് പാംപ്ലാനിയുടെ പ്രതികരണം തള്ളി ഇരിങ്ങാലക്കുട രൂപത അധ്യക്ഷൻ. കന്യാസ്ത്രീകളുടെ അറസ്റ്റുമായി ബന്ധപ്പെട്ട് കേന്ദ്ര ഗവൺമെൻ്റിനെതിരെ ഇടയ ലേഖനത്തിൽ മെത്രാൻ നിലപാട് വ്യക്തമാക്കിയതാണെന്ന് ബിഷപ്പ് മാർ പോളി കണ്ണൂകാടൻ പ്രതികരിച്ചു. കന്യാസ്ത്രീകൾക്കെതിരായ കുറ്റപത്രം റദ്ദാക്കുകയും കേസ് പിൻവലിക്കുകയും ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

 

കന്യാസ്ത്രീകളെ കുടുക്കിയ കേസിൽ മതപരിവർത്തനം നിലനിൽക്കില്ലെന്ന് മനസിലാക്കിയപ്പോഴാണ് മനുഷ്യക്കടത്ത് ചേർത്തതെന്ന് എഎസ്ഐ പ്രൊവിൻഷ്യൽ സിസ്റ്റർ നിത്യ ഫ്രാൻസിസ് പറഞ്ഞു. കന്യാസ്ത്രീകള്‍ക്കെതിരെ മതപരിവർത്തന കുറ്റമാണ് ആദ്യം ആരോപിച്ചത് എന്നാൽ, പെണ്‍കുട്ടികള്‍ ക്രിസ്ത്യാനികൾ ആണെന്ന് ബോധ്യപ്പെട്ടതോടെ മനുഷ്യക്കടത്ത് ചുമത്തുകയായിരുന്നു.

 

കേരള സര്‍വ്വകലാശാല സിൻഡിക്കേറ്റ് അംഗങ്ങൾക്കെതിരെ രജിസ്ട്രാർ ഇൻ ചാർജ് മിനി കാപ്പന്‍റെ സർക്കുലർ. സർവകലാശാലയുടെ ഭരണപരമായ കാര്യങ്ങളിൽ ഇടപെടാൻ അധികാരമില്ല. വൈസ് ചാൻസിലർ വിളിക്കുന്നതോ അധികാരപ്പെടുത്തുന്നതോ ആയ യോഗത്തിന് മാത്രമേ അതിന് അധികാരം ഉള്ളൂ എന്നെല്ലാം സർക്കുലറിലുണ്ട്. എന്നാൽസർക്കുലർ നിയമവിരുദ്ധമെന്ന് ഇടത് സിൻഡിക്കേറ്റ് അംഗങ്ങൾ പ്രതികരിച്ചു.

 

താത്ക്കാലിക വിസി നിയമനവുമായി ബന്ധപ്പെട്ട് ഗവർണറും സർക്കാരും തമ്മിലുള്ള പോര് തുടരുന്നതിനിടെ രാജ്ഭവനിലെത്തി മന്ത്രിമാർ. മന്ത്രിമാരായ പി രാജീവും ആർ ബിന്ദുവുമാണ് രാവിലെ രാജ്ഭവനിലെത്തിയത്. വിസി നിയമനവുമായി ബന്ധപ്പെട്ട് അനുനയത്തിലെത്താനാണ് മന്ത്രിമാർ എത്തിയിരിക്കുന്നത്. വിസി നിയമനത്തിൽ സമവായം വേണമെന്ന് ഗവർണറോട് മന്ത്രിമാർ ആവശ്യപ്പെട്ടു.

 

 

അതിര് വിടുന്ന നേതാക്കൾക്ക് മുന്നറിയിപ്പുമായി കെ സി വേണുഗോപാല്‍ എംപി. അണികളല്ല നേതാക്കളാണ് പ്രശ്നം. വിമർശനം പാർട്ടി ഫോറത്തില്‍ മാത്രം മതി. മാധ്യമങ്ങളുടെ മുമ്പില്‍ കലക്കിയാല്‍ അത്തരക്കാരെ കോൺഗ്രസിന് വേണ്ടെന്നും കെസി വ്യക്തമാക്കി. പുനസംഘടനയുടെ ഏക മാനദണ്ഡം വോട്ടർ പട്ടികയില്‍ പേര് ചേർത്തവരാണോ എന്നത് മാത്രമായിരിക്കും. മാധ്യമങ്ങൾക്ക് ചോർത്തി നല്‍കുന്നവരെ കുറിച്ച് എഐസിസിയോട് പറയണമെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു.

 

പൊലീസിനെ കാവൽ നിർത്തി കൊടുംകുറ്റവാളികളുടെ വിലസൽ. ടി പി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതി കൊടി സുനിയും സംഘവും മദ്യപിക്കുന്ന ദൃശ്യങ്ങൾ പുറത്ത് വന്നു. തലശ്ശേരിയിലെ ഹോട്ടലിന്റെ മുറ്റത്ത് വെച്ചായിരുന്നു പരസ്യ മദ്യപാനം. കോടതിയിൽ നിന്ന് മടങ്ങുമ്പോഴാണ് കുറ്റവാളികൾക്ക് മദ്യവുമായി സുഹൃത്തുക്കൾ എത്തിയത്. സംഘത്തിൽ ടി പി കേസിലെ കൊലയാളികളായ മുഹമ്മദ് ഷാഫിയും ഷിനോജും ഉണ്ടായിരുന്നു.സംഭവം പുറത്തുവന്നതോടെ പൊലീസുകാർക്കെതിരെ നടപടിയെടുക്കുകയായിരുന്നു.

 

ഫിലിം കോൺക്ലേവ് സമാപന ചടങ്ങിൽ പട്ടികജാതി വിഭാഗത്തിനും സ്ത്രീകള്‍ക്കുമെതിരെ അധിക്ഷേപ പരാമര്‍ശവുമായി അടൂര്‍ ഗോപാലകൃഷ്ണന്‍. പട്ടികജാതി വിഭാഗത്തില്‍ നിന്ന് സിനിമയെടുക്കാന്‍ വരുന്നവര്‍ക്ക് പരിശീലനം നല്‍കണമെന്നായിരുന്നു അടൂര്‍ ഗോപാലകൃഷ്ണന്റെ വിവാദ പരാമര്‍ശം. ചലച്ചിത്ര കോര്‍പ്പറേഷന്‍ വെറുതെ പണം നല്‍കരുതെന്നും ഒന്നര കോടി നല്‍കിയത് വളരെ കൂടുതലാണെന്നും അടൂര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞു. സ്ത്രീകളായത് കൊണ്ട് മാത്രം അവസരം കൊടുക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

തലമുറകളുടെ ഗുരുനാഥന് യാത്രമൊഴി ചൊല്ലി മലയാളം. ഇന്നലെ അന്തരിച്ച എഴുത്തുകാരും അധ്യാപകനും സാമൂഹ്യ രാഷ്ട്രീയ പ്രവര്‍ത്തകനുമായ എം കെ സാനുവിന്‍റെ സംസ്കാരം എറണാകുളം രവിപുരം ശ്മശാനത്തില്‍ പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ നടന്നു. രാഷ്ട്രീയ സാംസ്കാരിക സാമൂഹിക രംഗത്തെ പ്രമുഖർ പ്രിയ ഗുരുനാഥന് വിട നൽകാനെത്തി.സംസ്ഥാന സര്‍ക്കാരിന്‍റെ പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ ആയിരുന്നു സംസ്കാര ചടങ്ങുകൾ നടന്നത്.

 

കേരള സ്റ്റോറി വിവാദത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ദി കേരള സ്റ്റോറി സിനിമയുടെ സംവിധായകൻ സുദീപ്തോ സെൻ. മുഖ്യമന്ത്രിയുടെ ലക്ഷ്യം മുസ്ലിം വോട്ട് ബാങ്കാണെന്നും അദ്ദേഹം പറഞ്ഞു. ദി കേരള സ്റ്റോറി സിനിമയ്ക്ക് ദേശീയ ചലച്ചിത്ര പുരസ്കാരത്തിൽ അംഗീകാരം ലഭിച്ചതിൽ പിണറായി വിജയൻ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. ഇതിനെതിരെയാണ് സിനിമയുടെ സംവിധായകൻ സുദീപ്തോ സെൻ പ്രതികരിച്ചത്.

 

ചക്രവാതച്ചുഴി രൂപപ്പെട്ട സാഹചര്യത്തിൽ കേരളത്തിൽ വിവിധ ജില്ലകളിൽ അതിശക്ത മഴ തുടങ്ങി. തലസ്ഥാനവും കൊച്ചിയുമടക്കം 7 ജില്ലകളിലാണ് ഇന്ന് അതിശക്ത മഴ മുന്നറിയിപ്പ്. മൂന്ന് ദിവസത്തേക്ക് എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പുറപ്പെടുവിച്ചു. നാളെ ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

 

ദേശീയ ചലച്ചിത്ര അവാർഡിന്റെ പരിശുദ്ധിയെ കളങ്കപ്പെടുത്തി കൊണ്ട് വ്യാജ കഥയ്ക്ക് രണ്ട് പുരസ്കാരങ്ങൾ നൽകിയെന്നും എന്തൊരു നാണക്കേടാണിതെന്നും നടി രഞ്ജിനി വിമർശിച്ചു. സോഷ്യൽ മീഡിയിയിലൂടെ ആയിരുന്നു നടിയുടെ പ്രതികരണം. ഇന്ത്യൻ ചലച്ചിത്രമേഖലയിലെ മികവിന് നൽകുന്ന, കലാപരവും സാങ്കേതികവുമായ മികവിനുള്ള പരമോന്നത പുരസ്കാരത്തിൻ്റെ പരിശുദ്ധിയെ കളങ്കപ്പെടുത്തി കൊണ്ട് വ്യാജ കഥയ്ക്ക് രണ്ട് ദേശീയ ചലച്ചിത്ര അവാർഡുകൾ കൊടുത്തിരിക്കുന്നു. എന്തൊരു നാണക്കേട് ആണിത് എന്നായിരുന്നു രഞ്ജിനി കുറിച്ചത്.

 

പികെ ബുജൈർ ലഹരി കേസിൽ അറസ്റ്റിലായ സാഹചര്യത്തിൽ പികെ ഫിറോസ് യൂത്ത് ലീഗ് അധ്യക്ഷ സ്ഥാനം രാജിവച്ച് മാതൃക കാണിക്കുമോ എന്ന് ബിനീഷ് കൊടിയേരി. കേസിൽ പികെ ഫിറോസിന്റെ പങ്കും അന്വേഷിക്കണമെന്നും പികെ ബുജൈറിന് കിട്ടുന്ന സാമ്പത്തിക സ്രോതസ്സ് അന്വേഷിക്കണമെന്നും ബിനീഷ് കൊടിയേരി ആവശ്യപ്പെട്ടു.

 

ലഹരി ഇടപാടുമായി ബന്ധപ്പെട്ട് സഹോദരൻ പികെ ബുജൈറിനെ അറസ്റ്റ് ചെയ്ത സംഭവത്തിൽ പ്രതികരണവുമായി യൂത്ത് ലീഗ് ജനറൽ സെക്രട്ടറി പികെ ഫിറോസ്. സഹോദരൻ്റെ അറസ്റ്റുമായി ബന്ധപ്പെട്ട കേസിൽ ഇടപെടില്ലെന്നും തെറ്റ് ചെയ്തെങ്കിൽ ശിക്ഷിക്കപ്പെടണമെന്നും പികെ ഫിറോസ് പറഞ്ഞു. പൊലീസ് പിടികൂടിയ റിയാസ് സിപിഎം പ്രവർത്തകനാണെന്നും ഇയാളെ പ്രാദേശിക നേതാക്കൾ ഇറക്കി കൊണ്ടുപോയെന്നും പികെ ഫിറോസ് ആരോപിച്ചു.

 

കണ്ണൂർ സെൻട്രൽ ജയിലിലെ ഒന്നാം ബ്ലോക്കിൽ നിന്ന് മൊബൈൽ ഫോൺ കണ്ടെത്തി. ബ്ലോക്കിന് സമീപത്തായി കല്ലിനടിയിൽ ഒളിപ്പിച്ച നിലയിലായിരുന്നു മൊബൈൽ ഫോൺ കണ്ടെടുത്തത്. സംഭവത്തിൽ കണ്ണൂർ ടൗൺ പൊലീസ് കേസെടുത്തു.

 

ഛത്തീസ്ഗഡിലെ ദുർഗിൽ മലയാളി കന്യാസ്ത്രീകൾ അറസ്റ്റിലായ സംഭവത്തിൽ വെളിപ്പെടുത്തലുമായി പെൺകുട്ടികളിൽ ഒരാളുടെ അമ്മ. വീട്ടുകാരുടെ അനുവാദത്തോടെയാണ് മകൾ കന്യാസ്ത്രീകൾക്കൊപ്പം പോയതെന്ന് പെൺകുട്ടികളിൽ ഒരാളായ കമലേശ്വരി പ്രധാൻ്റെ അമ്മ ബുദ്ദിയ പ്രധാൻ പറഞ്ഞു. കന്യാസ്ത്രീകൾ അറസ്റ്റിലായതിന് ശേഷം കുടുംബത്തിൽ ബജ്റംഗ്ദൾ പ്രവർത്തകരുടെ ഭീഷണിയുണ്ടായെന്നും ഇവർ പറഞ്ഞു.

 

 

വീട്ടമ്മയെ പീഡിപ്പിച്ച കേസിൽ ബിജെപി മണ്ഡലം പ്രസിഡൻ്റിനെതിരെ കേസെടുത്ത് പൊലീസ്. കണ്ണൂർ പെരിങ്ങോം മണ്ഡലം പ്രസിഡന്റ് സന്തോഷ്‌കുമാർ കൊട്ടാരത്തിലിനെതിരെയാണ് കേസെടുത്തിരിക്കുന്നത്. അതേസമയം, കേസിന് പിന്നാലെ സന്തോഷ്‌ കുമാർ ഒളിവിലാണെന്ന് പൊലീസ് പറയുന്നു. ഇയാൾക്കായി പൊലീസ് അന്വേഷണം നടത്തിവരികയാണ്‌.

 

ശ്രീകൃഷ്ണപുരം സെയ്ന്റ് ഡൊമിനിക്സ് സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിനി ആശിർ നന്ദയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് മുൻ പ്രിൻസിപ്പാൾ ഉൾപ്പെടെ മൂന്ന് പേർക്കെതിരെ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തണമെന്ന് അച്ഛൻ പ്രശാന്ത്. പ്രിൻസിപ്പാൾ ജോയ്‌സി, അധ്യാപകരായ സ്റ്റെല്ലാ ബാബു, അർച്ചന എന്നിവർക്കെതിരെയാണ് കഴിഞ്ഞ ദിവസം കേസ് എടുത്തത്.

 

മൂന്നാറിൽ തെരുവ് നായ്ക്കളെ കൂട്ടത്തോടെ പിടികൂടി കൊന്നെന്ന പരാതിയിൽ മൂന്നാർ പഞ്ചായത്തിനെതിരെ പൊലീസ് നടപടി. ഇടുക്കി അനിമൽ റെസ്ക്യൂ ടീം നൽകിയ പരാതിയിൽ മൂന്നാർ പൊലീസ് കേസെടുത്തു. മൂന്നാർ പഞ്ചായത്തിന്‍റെ വാഹനം ഓടിക്കുന്ന ഡ്രൈവർക്കെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ഈ വാഹനത്തിൽ തെരുവ് നായ്ക്കളെ കൊണ്ടുപോകുന്ന ദൃശ്യങ്ങൾ സഹിതം ആയിരുന്നു ഇടുക്കി അനിമൽ റെസ്ക്യൂ ടീം പരാതി നൽകിയത്.

 

ഉത്തർപ്രദേശിലെ ഗോണ്ടയിൽ കാർ കനാലിലേക്ക് മറിഞ്ഞ് 11 മരണം. നാലുപേർക്ക് പരിക്കേറ്റു. ക്ഷേത്രദർശനത്തിന് പോയവരാണ് അപകടത്തിൽ പെട്ടത്. കനത്ത മഴയിൽ അമിതവേഗതയിലെത്തിയ കാർ നിയന്ത്രണം വിട്ട് കനാലിലേക്ക് മറിയുകയായിരുന്നു. മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് ഉത്തർപ്രദേശ് സർക്കാർ 5 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു.

 

ഛത്തീസ്ഗഡിൽ തെരുവുനായ നക്കിയ ഭക്ഷണം കുട്ടികൾക്ക് നൽകിയതിനെ തുടർന്ന് 78 വിദ്യാർത്ഥികൾക്ക് ആന്റി റാബീസ് വാക്സിൻ നൽകി. ബലോദബസാർ ജില്ലയിലെ സർക്കാർ സ്കൂളിൽ കഴിഞ്ഞ ജൂലൈ 29 നാണ് സംഭവമുണ്ടായത്. നായ ഉച്ച ഭക്ഷണത്തിന് ഒപ്പമുള്ള കറിയിൽ നക്കിയ വിവരം വിദ്യാർത്ഥികൾ അധ്യാപകരെ അറിയിച്ചിരുന്നു. അധ്യാപകർ മുന്നറിയിപ്പ് നൽകിയിട്ടും ഇത് അവഗണിച്ച് പാചക തൊഴിലാളികൾ നായ നക്കിയ ഭക്ഷണം വിദ്യാർത്ഥികൾക്ക് നൽകുകയായിരുന്നുവെന്നാണ് വിവരം.

 

ഓപ്പറേഷൻ മഹാദേവിൽ കൊല്ലപ്പെട്ട പാക് ഭീകരന്‍റെ സംസ്കാരത്തിനിടെ സംഘർഷം. പാക് അധീന കശ്മീർ സ്വദേശിയും ലഷ്കർ ഭീകരനുമായ താഹിർ ഹബീബിന്‍റെ സംസ്കാര ചടങ്ങിൽ ലഷ്കർ കമാൻഡർ പങ്കെടുത്തതാണ് കാരണം. ലഷ്കർ കമാൻഡർ റിസ് വാൻ ഹനീഫ് പങ്കെടുക്കുന്നതിനെ നാട്ടുകാരും ബന്ധുക്കളും എതിർത്തു. ഭീകരനൊപ്പം ഉണ്ടായിരുന്നവർ നാട്ടുകാർക്ക് നേരെ തോക്ക് ചൂണ്ടിയതായും റിപ്പോർട്ടുണ്ട്.

 

യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിനോട് പരസ്യ ഏറ്റുമുട്ടൽ വേണ്ടെന്ന് കേന്ദ്ര സർക്കാർ തീരുമാനം. വ്യാപാര കരാറിൽ ഇന്ത്യ സംയമനം പാലിക്കുമെന്നാണ് സർക്കാർ വൃത്തങ്ങൾ നൽകുന്ന സൂചന. ഇളവ് നൽകാവുന്ന കൂടുതൽ ഉത്പന്നങ്ങളുടെ പട്ടിക തയ്യാറാക്കാൻ വിവിധ മന്ത്രാലയങ്ങൾക്ക് നിർദേശം നൽകി.

 

വൈറ്റ്ഹൗസ് പ്രസ് സെക്രട്ടറി കരോലിന്‍ ലീവിറ്റിനെ വാനോളം പുകഴ്ത്തി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ‘ന്യൂസ്മാക്‌സ്’ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ട്രംപ് വൈറ്റ്ഹൗസ് പ്രസ് സെക്രട്ടറിയെ പ്രശംസിച്ചത്.എന്നാല്‍, ഇത് സാമൂഹികമാധ്യമങ്ങളില്‍ വിവാദമായി…കരോലിനെക്കുറിച്ച് പറഞ്ഞപ്പോള്‍ ട്രംപ് ഉപയോഗിച്ച ഭാഷ തീര്‍ത്തും അസ്വസ്ഥതയുണ്ടാക്കുന്നതാണെന്ന വിമര്‍ശനവും ഉയര്‍ന്നിട്ടുണ്ട്.

 

യുക്രൈന്‍ ആക്രമണത്തെത്തുടര്‍ന്ന് റഷ്യയിലെ എണ്ണ സംഭരണശാലയില്‍ വന്‍ തീപ്പിടിത്തം. സോച്ചിയിലെ എണ്ണസംഭരണശാലയിലാണ് തീപ്പിടിത്തമുണ്ടായത്. യുക്രൈന്‍ നടത്തിയ ഡ്രോണ്‍ ആക്രമണത്തെത്തുടര്‍ന്നാണ് തീപ്പിടിത്തമുണ്ടായതെന്നും തീയണയ്ക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും റീജണല്‍ ഗവര്‍ണര്‍ വെന്യാമിന്‍ കോന്ദ്രാതിയേവ് ഞായറാഴ്ച പറഞ്ഞു.

 

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *