Screenshot 2024 02 27 20 21 14 990 com.android.chrome edit 5

സിപിഐഎം തൃശൂര്‍ ജില്ലാ കമ്മിറ്റിയുടെ അക്കൗണ്ട്‌ മരവിപ്പിച്ച നടപടി അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്ന്‌ സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ്‌.വരവ്‌ – ചെലവ്‌ കണക്കുകള്‍ കൃത്യമായി ആദായ നികുതി വകുപ്പിനും, തെരഞ്ഞെടുപ്പ്‌ കമ്മീഷനും ഓരോ വര്‍ഷവും സമര്‍പ്പിക്കാറുണ്ട് . തൃശൂര്‍ ജില്ലാ കമ്മിറ്റിയുടെ കണക്കുകളെല്ലാം സമർപ്പിച്ചിട്ടുള്ളതാണ്  . തെരഞ്ഞെടുപ്പ്‌ ഘട്ടത്തില്‍ കേന്ദ്ര ഏജന്‍സികളെ ഉപയോഗപ്പെടുത്തി രാഷ്‌ട്രീയ പക തീര്‍ക്കുകയെന്ന ബി.ജെ.പി സര്‍ക്കാരിന്റെ തീരുമാനത്തിന്റെ ഭാഗമായാണ്‌ ഇപ്പോള്‍ അക്കൗണ്ട്‌ മരവിപ്പിക്കുന്ന നടപടിയുണ്ടായിട്ടുള്ളത്‌ എന്നും അവർ വ്യക്തമാക്കി.

അഭിഭാഷകരുടെയും ന്യായാധിപന്‍മാരുടെയും കൂറ് ഭരണഘടനയോടായിരിക്കണമെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്. ഇവരുടെ പ്രതിബദ്ധത ഏതെങ്കിലും പ്രത്യേക രാഷ്ട്രീയ കക്ഷികളോട് ആകരുത്. നാഗ്പുർ ഹൈക്കോടതി ബാർ അസോസിയേഷൻ്റെ ശതാബ്ദി ആഘോഷത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഡോ ശശി തരൂരിന്റെ ആരോപണത്തിന് മറുപടിയുമായി ബിജെപി സ്ഥാനാര്‍ത്ഥി രാജീവ് ചന്ദ്രശേഖര്‍. പണം നല്‍കി വോട്ട് നേടുന്നുവെന്ന യുഡിഎഫ് സ്ഥാനാര്‍ത്ഥി ശശി തരൂരിന്റെ ആരോപണത്തിനെതിരെ  നിയമനടപടി സ്വീകരിക്കുമെന്നും  അദ്ദേഹം പറഞ്ഞു. തരൂരിനെതിരെ മാനഷ്ടക്കേസ് ഫയല്‍ ചെയ്ത്, നടപടിക്കായി തെരഞ്ഞെടുപ്പ് കമ്മിഷനെയും സമീപിക്കും. ഡോ ശശി തരൂര്‍ മത സാമുദായിക സംഘടനകളെ അപമാനിക്കുകയാണ് ചെയ്യുന്നതെന്നും രാജീവ് ചന്ദ്രശേഖര്‍  പറഞ്ഞു.

എന്‍സിഇആര്‍ടി പാഠഭാഗങ്ങള്‍ മാറ്റുന്നതിനെതിരായ നിലപാടില്‍ കേരളം ഉറച്ചുനില്‍ക്കുന്നുവെന്ന് മന്ത്രി വി ശിവന്‍കുട്ടി. അയോധ്യയിലെ ബാബറി മസ്ജിദ് തകര്‍ത്തതും, ഗുജറാത്ത് കലാപത്തില്‍ മുസ്ലിം വിഭാഗക്കാരെ കൊലപ്പെടുത്തിയതുമായ  ചരിത്ര വസ്തുതകള്‍ പാഠപുസ്തകങ്ങളില്‍ നിന്ന് മായ്ക്കാന്‍ എന്‍സിഇആര്‍ടി ശ്രമിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. കുട്ടികള്‍ യാഥാര്‍ത്ഥ്യം പഠനത്തിലൂടെ മനസിലാക്കണം. വളച്ചൊടിക്കപ്പെട്ട ചരിത്രമോ വികലമാക്കപ്പെട്ട ശാസ്ത്ര നിലപാടുകളോ സംസ്ഥാനം അംഗീകരിക്കില്ല. മുൻ നിലപാടുകളിൽ സംസ്ഥാനം ഉറച്ചുനിൽക്കുമെന്നും മന്ത്രി വ്യക്തമാക്കി.

പൂക്കോട് വെറ്ററിനറി കോളേജിലെ സിദ്ധാർത്ഥിന്റെ മരണവുമായി ബന്ധപ്പെട്ട് ഡൽഹിയിൽ നിന്നുള്ള സിബിഐ സംഘം  വയനാട്ടിൽ എത്തി പ്രാഥമിക അന്വേഷണം തുടങ്ങി.  മൊഴി എടുക്കാനായി സിദ്ധാര്‍ത്ഥന്‍റെ അച്ഛൻ ജയപ്രകാശിനോട് ചൊവ്വാഴ്ച വരാനാണ് സിബിഐ നിര്‍ദേശിച്ചിരിക്കുന്നത്. കല്‍പ്പറ്റ പൊലീസ് വഴി ഇക്കാര്യം സിദ്ധാര്‍ത്ഥന്‍റെ കുടുംബത്തെ അറിയിച്ചിട്ടുണ്ട് . സിദ്ധാർത്ഥന്റെ മരണം അന്വേഷിച്ച പോലീസ് ഉദ്യോഗസ്ഥരുമായി സിബിഐ ഇന്ന് സംസാരിച്ചിരുന്നു. അന്വേഷണവുമായി ബന്ധപ്പെട്ട സിബിഐയുടെ ടീം ഒരാഴ്ച വയനാട്ടിൽ ഉണ്ടാകുമെന്നാണ്  സൂചന.

സംസ്ഥാനത്ത് അഞ്ച് ദിവസം വേനൽ മഴ ലഭിക്കാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് . ഇന്ന് ഒൻപത് ജില്ലകളിൽ മഴയ്ക്ക് സാധ്യതയുണ്ട്. നാളെ പത്തനംതിട്ട, കോട്ടയം, എറണാകുളം, വയനാട് ജില്ലകളിലാണ് മഴ സാധ്യതയുള്ളത്.

ഇടതുമുന്നണിയുടെ വിജയം സുനിശ്ചിതമായതിനാൽ യുഡിഎഫില്‍ നിന്ന് കൂടുതല്‍ ആളുകള്‍ പുറത്തേക്ക് വരും എന്ന് വി എൻ വാസവൻ . ബിജെപിയെ പ്രതിരോധിക്കാന്‍ കോണ്‍ഗ്രസിനോ, യുഡിഎഫിനോ സാധിക്കുകയില്ല. കോണ്‍ഗ്രസ് കൂടാരത്തില്‍ നിന്ന് ഒരോ ദിവസവും നേതാക്കളെ ബിജെപിക്ക് സംഭാവന നല്‍കികൊണ്ടിരിക്കുകയാണെന്നും വാസവന്‍ പറഞ്ഞു.

മൂവാറ്റുപുഴയിൽ അരുണാചൽ പ്രദേശ് സ്വദേശി അശോക് ദാസിനെ മർദ്ദിച്ചു കൊലപ്പെടുത്തിയ കേസിൽ പ്രതികളെ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. സംഭവത്തില്‍ അന്വേഷണം ശക്തമാക്കിയ പ്രതികള്‍ക്കെതിരെ പരമാവധി തെളിവ് ശേഖരിക്കും. കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടെന്ന് കണ്ടെത്തിയാല്‍ കൂടുതല്‍ അറസ്റ്റുണ്ടാകുമെന്നും എറണാകുളം റൂറല്‍ എസ്‍പി വൈഭവ് സക്സേന പറഞ്ഞു.

സി പി എം തൃശൂർ ജില്ലാ കമ്മിറ്റിയുടെ ബാങ്ക് അക്കൗണ്ട് ആദായ നികുതി വകുപ്പ് മരവിപ്പിച്ചതിൽ പ്രതികരിച്ച് സീതാറാം യെച്ചൂരി . ആദായ നികുതി വകുപ്പ് നടപടിക്ക് പിന്നിൽ രാഷ്ട്രീയമാണുള്ളത്. നടപടി ദുരൂഹമാണെന്നും തെരഞ്ഞെടുപ്പിൽ പാർട്ടിയെ വേട്ടയാടുകയാണ് ഉദ്ദേശമെന്നും അദ്ദേഹം.

കോണ്‍ഗ്രസ് പുറത്തിറക്കിയ പ്രകടന പത്രിക മുസ്ലീംലീഗിൻ്റെ വിചാരധാരകൾ നിറഞ്ഞതാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാഷ്ട്ര നിർമ്മാണത്തിനുള്ള ഒരു നിർദ്ദേശവും കോൺഗ്രസിന് സ്വന്തമായി ഇല്ലെന്നും, ഈ പ്രകടനപത്രികയുമായി രക്ഷപ്പെടാൻ കോൺഗ്രസിനാകില്ലെന്നും മോദി പറഞ്ഞു. സ്വാതന്ത്ര്യ സമര കാലത്ത് ലീഗിൽ നിലനിന്നിരുന്ന ചിന്താഗതിയാണ് പ്രകടനപത്രികയിൽ പ്രതിഫലിക്കുന്നതെന്നും അവശേഷിക്കുന്ന ഭാഗം ഇടത് പക്ഷത്തിൻ്റെ നിലപാടുകളാണെന്നും മോദി വിമർശിച്ചു.

ഡൽഹിയില്‍ നടന്ന ചടങ്ങിൽ സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ പ്രകടന പത്രിക പുറത്തിറക്കി. ഗ്രാമീണ തൊഴില്‍ ഉറപ്പ് പദ്ധതി വേതനം 700 രൂപയായി ഉയര്‍ത്തും, രാഷ്ട്രപതി ഭരണം നിര്‍ത്തലാക്കും, സിഎഎ റദ്ദാക്കും, ജാതി സെന്‍സസ് നടപ്പാക്കും, പഴയ പെന്‍ഷൻ സ്കീം നടപ്പാക്കും തുടങ്ങിയ നിരവധി വാഗ്ദാനങ്ങളാണ് പ്രകടന പത്രികയിലുള്ളത്. നീതി ആയോഗിന് പകരം ആസൂത്രണ കമ്മീഷനെ തിരികെ കൊണ്ടു വരുമെന്നും, പാഠപുസ്തകത്തിലെ കാവിൽക്കരണം അവസാനിപ്പിക്കുമെന്നും അഗ്നിപഥ് സ്കീം റദ്ദാക്കുമെന്നുമുള്ള വാഗ്ദാനങ്ങളും പ്രകടന പത്രികയിലുണ്ട്.

കണ്ണൂർ ബോംബ് സ്ഫോടനവുമായി ബന്ധപ്പെട്ട്സംസ്ഥാന വ്യാപകമായി പരിശോധന നടത്താനുള്ള തീരുമാനവുമായി പൊലീസ്. എഡിജിപി എംആര്‍ അജിത് കുമാര്‍ പൊലീസിന് നിര്‍ദേശം നല്‍കിട്ടിയിട്ടുണ്ട്. ബോംബ് നിർമാണ കേസുകളിൽപ്പെട്ടവരെ നിരീക്ഷിക്കും. ബോംബ് നിർമിക്കാൻ സാധ്യതയുള്ള കേന്ദ്രങ്ങളിൽ വ്യാപകമായി പരിശോധന നടത്തും. പാനൂരിലെ സ്ഫോടനവും മണ്ണന്തല സ്ഫോടനവും കണക്കിലെടുത്താണ് പരിശോധന നടത്തുന്നത്.

കുഞ്ഞിന്റെ ജനന രജിസ്‌ട്രേഷന് ഇനി മാതാപിതാക്കളുടെ മതം രേഖപ്പെടുത്തണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ഇതുമായി ബന്ധപ്പെട്ട കരട് ചട്ടം കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കി. പിതാവിന്റെയും മാതാവിന്റെയും മതം രേഖപ്പെടുത്തുന്നതിന് ഇനി മുതല്‍ കോളങ്ങള്‍ ഉണ്ടാകും.കുട്ടിയെ ദത്തെടുക്കലിലും ഈ നിയമം ബാധകമാണ്.

മെഡിക്കല്‍ കോളേജ് ഐസിയു പീഡനക്കേസില്‍ അതിജീവിതയ്‌ക്കൊപ്പം നിന്ന സീനിയര്‍ നഴ്സിങ് ഓഫീസര്‍ പി ബി അനിതയുടെ സ്ഥലം മാറ്റം റദ്ദാക്കി പുനർനിയമനം നൽകാനുള്ള ഹൈക്കോടതി ഉത്തരവിനെതിരെ സർക്കാർ പുനഃപരിശോധന ഹർജി നൽകി. നിലവിൽ നഴ്സിംഗ് ഓഫീസർ തസ്തികയിൽ നിയമനത്തിന് യോഗ്യതയുള്ള 18 പേരുണ്ടെന്നും ഇതിൽ കൂടുതൽ പേരും ദീർഘകാലമായി കോഴിക്കോടിന് പുറത്ത് ജോലി ചെയ്തവരാണെന്നും അവർക്കാണ് മുൻഗണന നൽകേണ്ടതെന്നും ഹർജിയിൽ വ്യക്തമാക്കുന്നു.

 

അയൽരാജ്യങ്ങളുമായി ആരോഗ്യകരമായ ബന്ധമാണ് ഇന്ത്യ ആഗ്രഹിക്കുന്നതെന്ന് പ്രതിരോധമന്ത്രി രാജ്നാഥ്‌ സിംഗ്. ഇന്ത്യയിൽ വന്ന കുറ്റകൃത്യം ചെയ്ത് പാക്കിസ്ഥാനിലേക്ക് കടക്കുന്നവരെ വധിക്കാൻ ഇന്ത്യയ്ക്ക് മടിയില്ലെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യക്കെതിരായി തീവ്രവാദ പ്രവർത്തനങ്ങൾ നടത്തുന്നവരെ വെറുതെ വിടില്ല. അന്യ രാജ്യങ്ങളുടെ ഒരിഞ്ചു ഭൂമി പോലും കൈവശപ്പെടുത്താൻ ഇന്ത്യ ശ്രമിച്ചിട്ടില്ല. എന്നാൽ ഇങ്ങോട്ട് ഉപദ്രവിക്കാൻ വന്നാൽ ആരെയും വെറുതെ വിടില്ലെന്നും അദ്ദേഹം പറഞ്ഞു.

2022 ലെ സ്ഫോടനക്കേസുമായി ബന്ധപ്പെട്ട് പശ്ചിമ ബംഗാളിൽ അന്വേഷിക്കാനെത്തിയ എൻഐഎ സംഘത്തിന് നേരെ ആക്രമണം. ഭൂപതിനഗറില്‍ വച്ച് സ്ത്രീകളും പുരുഷൻമാരും അടങ്ങുന്ന സംഘം എൻഐഎയുടെ വാഹനത്തിന് നേരെ കല്ലെറിയുകയായിരുന്നു. സംഭവത്തില്‍ വാഹനത്തിന്‍റെ ചില്ല് തകരുകയും രണ്ട് ഉദ്യോഗസ്ഥർക്ക് നേരിയ പരിക്കേല്‍ക്കുകയും ചെയ്തു. കേന്ദ്രസേന ഇടപെട്ട് വലിയ സംഘർഷങ്ങളിലേക്ക് പോവാതെ ആള്‍ക്കൂട്ടത്തെ പിരിച്ചുവിട്ടു.

മോദി സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി സോണിയ ഗാന്ധി . മോദി ഭരണത്തിൽ രാജ്യം കടുത്ത നിരാശയിലാണ്, ജനാധിപത്യത്തെ ബി ജെ പി തകർത്തു. മോദിയുടെ ഏകാധിപത്യം അവസാനിപ്പിക്കാനായി ഒറ്റക്കെട്ടായി ഒരുമിച്ചു നിൽക്കണമെന്നും സോണിയ ഗാന്ധി പറഞ്ഞു. ജയ്പൂരിൽ കോൺഗ്രസ് നടത്തിയ പൊതുസമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു സോണിയ ഗാന്ധി. ഇന്ത്യൻ ഭരണഘടന മാറ്റി എഴുതാനുള്ള ഗൂഢാലോചന വരെ നടക്കുന്നുണ്ട് എന്നും സോണിയ ഗാന്ധി വിമർശിച്ചു.

മോദിക്ക് ചരിത്രമറിയില്ലെന്നും ബി.ജെ.പി പയറ്റുന്നത് ഭിന്നിപ്പിന്റെ രാഷ്ട്രീയമാണെന്നും ജയറാം രമേശ്. ലീഗിന്റെ മുദ്രപേറുന്നതെന്നതാണ് കോൺഗ്രസിന്‍റെ പ്രകടനപത്രികയെന്ന, പ്രധാനമന്ത്രിയുടെ വിമര്‍ശനത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *