Untitled design 20250112 193040 0000

 

വരും ദിവസങ്ങളിൽ കനത്ത മഴയും ശക്തമായ കാറ്റും ഉണ്ടാകുമെന്ന ഐഎംഡിയുടെ പ്രവചനത്തിന്റെ അടിസ്ഥാനത്തിൽ, ഇടുക്കിയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ (25.07.2025) അവധിയായിരിക്കുമെന്ന് ജില്ലാ കലക്ടര്‍. വിദ്യാർത്ഥികളുടെ സുരക്ഷയെ മുൻനിർത്തിയാണ് തീരുമാനം.

സംസ്ഥാനത്ത് കാലാവസ്ഥാ മുന്നറിയിപ്പിൽ മാറ്റം. വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചു. ഇന്ന് പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. നാളെ ആറ് ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് മുന്നറിയിപ്പ്.

കാസർകോട് ജില്ലയിൽ നാളെ പ്രാദേശിക അവധി പ്രഖ്യാപിച്ചു. കാഞ്ഞങ്ങാട് സൗത്ത് മുതൽ ഐങ്ങൊത്ത് വരെയുള്ള 18, 19, 26 വാർഡുകളിലാണ് അവധി. കാഞ്ഞങ്ങാട് സൗത്ത് ടാങ്കർ ലോറി മറിഞ്ഞതിൻ്റെ പശ്ചാത്തലത്തിലാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. സ്‌കൂൾ, അംഗനവാടി, കടകൾ ഉൾപ്പടെ മുഴുവൻ സ്ഥാപനങ്ങൾക്കും അവധി ബാധകമായിരിക്കും.

തിരുവനന്തപുരത്ത് മലയോരങ്ങളിൽ കനത്തമഴ തുടരുന്നു. ശക്തമായ മഴയിലും കാറ്റിലും മരം വീണ് ബോണക്കാട് റൂട്ടിൽ ഗതാഗതതടസമുണ്ടായി. ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. കാണിത്തടത്ത് നിന്നും ബോണക്കാട് പോകുന്ന വഴിയിലാണ് വന്മരം റോഡിലേക്ക് പതിച്ചത്. തിരുവനന്തപുരത്തെ മലയോര മേഖലയിലെ മറ്റിടങ്ങളിലും കനത്ത മഴയിൽ നാശനഷ്ടമുണ്ടായിട്ടുണ്ട്.

സ്കൂൾ സമയമാറ്റത്തില്‍ മതസംഘടനകൾക്ക് വഴങ്ങരുത് ബിജെപി. ചർച്ച നടത്തുന്നത് തന്നെ തെറ്റാണ്. സംസ്ഥാന സര്‍ക്കാർ നിലപാട് മാറ്റിയാൽ ശക്തമായ പ്രതിഷേധം ഉണ്ടാകുമെന്നും ബിജെപി അറിയിച്ചു. സ്കൂളുകളുടെ സമയം നിശ്ചയിക്കേണ്ടത് മതസംഘടനകൾ അല്ലെന്നും ബിജെപി പ്രതികരിച്ചു.

സംസ്ഥാനത്ത് ഐപിഎസ് ഉദ്യോഗസ്ഥർ തലത്തിൽ വൻ അഴിച്ചു പണിയുമായി സർക്കാർ. ഇഡി ഉദ്യോഗസ്ഥനെ അഴിമതി കേസിൽ കുരുക്കിയ എസ് ശശിധരനെ വിജിലൻസിൽ നിന്നും പോലീസ് അക്കാദമിയിലേക്ക് മാറ്റി. പോക്സോ കേസ് വിവാദത്തിൽപെട്ട പത്തനംതിട്ട എസ്‌പിക്ക് സുപ്രധാന ചുമതലയും നൽകി.പത്തനംതിട്ട എസ്പി വിനോദ് കുമാറിനെ ക്രമസമാധാന ചുമതലയുള്ള എഡിജിപിയുടെ ഓഫീസിലെ അസിസ്റ്റന്റ് ഐജി ആയാണ് നിയമിച്ചത്. പകരം ആർ ആനന്ദ് പത്തനംതിട്ട എസ്പി ആകും. കൊല്ലം റൂറൽ പോലീസ് സൂപ്രണ്ട് സാബു മാത്യുവിനെ ഇടുക്കിയിലേക്ക് മാറ്റി. പകരം വിഷ്ണുപ്രദീപ് കൊല്ലം റൂറൽ പോലീസ് സൂപ്രണ്ടായി ചുമതലയേക്കും. അരുൾ ആര്‍ ബി കൃഷ്ണയെ പോലീസ് ബറ്റാലിയൻ ഡിഐജി ചുമതലയിലേക്കും മാറ്റിയിട്ടുണ്ട്.

മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദൻ്റെ നിര്യാണത്തിൽ മന്ത്രിസഭായോഗം അഗാധമായ ദുഃഖം രേഖപ്പെടുത്തി. ഉജ്ജ്വല സമരപാരമ്പര്യത്തിൻ്റെയും അസാമാന്യമായ നിശ്ചയദാർഢ്യത്തിന്റെയും വിട്ടുവീഴ്‌ചയില്ലാത്ത പോരാട്ട നിലപാടുകളുടെയും പ്രതീകമായിരുന്നു വി എസ് അച്യുതാനന്ദനെന്ന് യോഗം അനുശോചിച്ചു. ദേശീയ സ്വാതന്ത്ര്യ സമരഘട്ടത്തെ വർത്തമാനകാല രാഷ്ട്രീയവുമായി ഇണക്കി നിർത്തിയ മൂല്യവത്തായ ഒരു രാഷ്ട്രീയ സാന്നിദ്ധ്യമാണ് അസ്‌തമിച്ചതെന്നും അനുശോചന യോഗത്തെ കുറിച്ചുള്ള വാർത്താക്കുറിപ്പിൽ പറയുന്നു.

മുൻ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പിപി ദിവ്യയെ സാമൂഹ്യ മാധ്യമങ്ങളിലൂടെ അപമാനിച്ച ഇരിക്കൂർ സ്വദേശി പിടിയിൽ. ഇരിക്കൂർ ചെറുവണ്ണികുന്നുമ്മൽ സ്വദേശി ടി കെ ആഷിഫിനെ (34) യാണ് പൊലീസ് അറസ്റ്റ് ചെയ്തത്. 2018 ൽ കണ്ണൂർ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്‍റായിരുന്ന പി പി ദിവ്യയെ സമൂഹ മാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചതാണ് കേസ്.

മലപ്പുറം ജില്ലാ പഞ്ചായത്ത് അംഗം ടി.പി ഹാരിസിനെതിരെ മുസ്ലീം ലീഗ് നടപടി. ഇദ്ദേഹത്തെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്പെൻഡ് ചെയ്‌തു. മലപ്പുറം ജില്ലാ പഞ്ചായത്തിൻ്റെ പദ്ധതികളിൽ ലാഭവിഹിതം വാഗ്ദാനം ചെയ്ത് പലരിൽ നിന്നായി പണം തട്ടിയെന്ന പരാതിയിലാണ് നടപടി.

ഷാർജയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച കൊല്ലം ചവറ സ്വദേശി അതുല്യയുടെ മൃതദേഹം നാട്ടിലെത്തിക്കുന്നത് വൈകും. ഫോറൻസിക് ഫലം ഇന്നും ലഭിച്ചിട്ടില്ല. വാരാന്ത്യ അവധി കഴിഞ്ഞ് തുടർ നടപടികൾ തീരാൻ തിങ്കളാഴ്ച ആയേക്കും എന്നാണ് വിവരം. മൃതദേഹത്തിലെ പാടുകൾ വിശദമായി പരിശോധിക്കും. മരണത്തെ കുറിച്ച് അന്വേഷണം ആവശ്യപ്പെട്ട് അതുല്യയുടെ സഹോ​ദരി അഖില ഷാർജ പൊലീസിന് പരാതി നൽകിയിട്ടുണ്ട്.

ഇടുക്കി കരിമ്പനിൽ തെരുവ് നായ ആക്രമണം. കടയിലും റോഡിലുമായി നിന്നിരുന്ന നാല് പേർക്കാണ് കടിയേറ്റത്. ആക്രമിച്ച നായയെ പിന്നീട് ചത്ത നിലയിൽ കണ്ടെത്തി. പരിക്കേറ്റവർ ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടിയിട്ടുണ്ട്.

വാളയാർ എക്സൈസ് ചെക്ക്പോസ്റ്റിൽ നടന്ന വാഹന പരിശോധനയിൽ സ്വകാര്യ ബസ്സിലെ യാത്രക്കാരനിൽ നിന്നും 7 കിലോഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. മലപ്പുറം താണലൂർ സ്വദേശി അരുൺ.സി.പി (28 ) ആണ് കഞ്ചാവുമായി പിടിയിലായത്. മലപ്പുറത്തെത്തിച്ച് ചില്ലറ വിൽപ്പന നടത്തുന്നതിനായി കൊണ്ടുവന്നതാണ്  കഞ്ചാവെന്നാണ് വിവരം.

കാസര്‍കോട് ചെറുവത്തൂരിൽ വീരമലകുന്നിലെ മണ്ണിടിച്ചിൽ വിഷയത്തിൽ രാജ്മോഹൻ ഉണ്ണിത്താൻ എംപി കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരിയോട് പരാതി പറഞ്ഞു. മേഘ കൺസ്ട്രക്ഷൻ കമ്പനിക്ക് ആത്മാര്‍ത്ഥതയില്ലെന്നും 1.75 കോടി രൂപയുടെ മണ്ണ് കമ്പനി കടത്തിയെന്നും എംപി ആരോപിച്ചു. കമ്പനിക്ക് എതിരെ നടപടിയെടുക്കുമെന്ന് മന്ത്രി ഉറപ്പുനൽകിയെന്നും എം പി പറഞ്ഞു.

വടക്കഞ്ചേരി കാരപ്പറ്റ സ്വദേശിനി നേഘ സുബ്രഹ്മണ്യനെ ഭർതൃവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്. യുവതി തൂങ്ങി മരിച്ചതാണെന്നാണ് പ്രാഥമിക റിപ്പോര്‍ട്ടിൽ പറയുന്നത്. കൂടുതൽ കാര്യങ്ങൾ പരിശോധിക്കുന്നതായി ആലത്തൂ൪ പൊലീസ് അറിയിച്ചു. യുവതിയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ബന്ധുക്കൾ ആരോപിച്ചിരുന്നു. ഭ൪ത്താവ് ആലത്തൂ൪ പൊലീസ് കസ്റ്റഡിയിൽ തുടരുകയാണ്.

കോഴിക്കോട് കുറ്റ്യാടി ചൂരണിയിൽ നാട്ടുകാർക്കരികിലേക്ക് പാഞ്ഞടുത്ത് കാട്ടാന. സ്ഥലത്ത് പ്രതിഷേധിക്കുന്ന ആളുകൾക്കിടയിലേക്കാണ് ആന പാഞ്ഞുവന്നത്. പ്രദേശവാസികൾ തലനാരിഴയ്ക്ക് രക്ഷപ്പെടുകയായിരുന്നു.സ്ഥലത്ത് തുടർച്ചയായി കാട്ടാന ശല്ല്യം അനുഭവപ്പെടുന്നതിനാൽ നാട്ടുകാർ പ്രതിഷേധം ശക്തമാക്കിയിരുന്നു. രാവിലെ സംഭവ സ്ഥലത്തെത്തിയ വനം വകുപ്പ് ഉദ്യോഗസ്ഥരെയും നാട്ടുകാർ തടഞ്ഞിരുന്നു.

യെമനിലെ ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയയുടെ വധശിക്ഷ ഒഴിവാക്കാൻ ശ്രമങ്ങൾ തുടരുമ്പോൾ, അവകാശവാദങ്ങളും വിവാദങ്ങളും നിറയുകയാണ്. താൻ യെമനില്‍ ആരുടെയും തടവിലല്ലെന്ന് നിമിഷ പ്രിയയുടെ അമ്മ വ്യക്തമാക്കുന്നു. മകളെ യെമനിൽ വിട്ടിട്ട് നാട്ടിലേക്ക് വരാൻ കഴിയില്ല. ആരും നിർബന്ധിച്ച് യെമനിൽ പിടിച്ച് വെച്ചിട്ടില്ലെന്നും, അനാവശ്യ പ്രചാരണങ്ങൾ നടത്തരുതെന്നും ഫേസ്ബുക്ക് വീഡിയോയിലൂടെ അമ്മ പ്രേമകുമാരി ആവശ്യപ്പെട്ടു.

സർക്കാർ അംഗീകൃതമെന്ന അവകാശവാദം ഉന്നയിച്ച് ഓണ്‍ലൈന്‍ ട്രേഡിംഗിന്‍റെ പരസ്യം യൂട്യൂബ് വഴി പ്രചരിപ്പിച്ച് പണം തട്ടിയ ദില്ലി സ്വദേശി അറസ്റ്റിൽ. നോര്‍ത്ത് വെസ്റ്റ് ദില്ലി പിതംപുര സ്വദേശി ഇന്ദർ പ്രീത് സിംഗ് (42) ആണ് അറസ്റ്റിലായത്. ട്രേഡിംഗ് നടത്തിയാൽ മികച്ച ലാഭം നൽകാമെന്നും കേന്ദ്ര സർക്കാർ അംഗീകൃത വെബ് സൈറ്റാണെന്നും യൂട്യൂബിലൂടെ കാഴ്ചക്കാരെ വിശ്വസിപ്പിച്ച് അക്കൗണ്ടുകളിൽ പണം നിക്ഷേപിപ്പിച്ച് തട്ടിപ്പ് നടത്തുകയായിരുന്നു.

സർക്കാർ അംഗീകൃതമെന്ന അവകാശവാദം ഉന്നയിച്ച് ഓണ്‍ലൈന്‍ ട്രേഡിംഗിന്‍റെ പരസ്യം യൂട്യൂബ് വഴി പ്രചരിപ്പിച്ച് പണം തട്ടിയ ദില്ലി സ്വദേശി അറസ്റ്റിൽ. നോര്‍ത്ത് വെസ്റ്റ് ദില്ലി പിതംപുര സ്വദേശി ഇന്ദർ പ്രീത് സിംഗ് (42) ആണ് അറസ്റ്റിലായത്. ട്രേഡിംഗ് നടത്തിയാൽ മികച്ച ലാഭം നൽകാമെന്നും കേന്ദ്ര സർക്കാർ അംഗീകൃത വെബ് സൈറ്റാണെന്നും യൂട്യൂബിലൂടെ കാഴ്ചക്കാരെ വിശ്വസിപ്പിച്ച് അക്കൗണ്ടുകളിൽ പണം നിക്ഷേപിപ്പിച്ച് തട്ടിപ്പ് നടത്തുകയായിരുന്നു.

അന്തരിച്ച മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന് അഭിവാദ്യമര്‍പ്പിച്ചതിന് പിന്നാലെ ഉയർന്ന വിമർശനങ്ങളിൽ പ്രതികരണവുമായി നടൻ വിനായകൻ. മുന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ ഉൾപ്പെടെ അന്തരിച്ച ഒട്ടേറെ രാഷട്രീയ പ്രമുഖരുടെ പേരു പറഞ്ഞാണ് വിനായകൻ മോശം ഭാഷയിൽ വീണ്ടും വിവാദ കുറിപ്പിട്ടത്.നേരത്തെ, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അന്തരിച്ച സമയത്ത് അധിക്ഷേപ പരാമർശവുമായി വിനായകൻ രംഗത്തെത്തിയിരുന്നു.

കാഞ്ഞങ്ങാട് പ്രായപൂർത്തിയാകാത്ത പെൺകുട്ടി പ്രസവിച്ചു. പത്താം ക്ലാസിൽ പഠിക്കുന്ന കുട്ടിയാണ് പ്രസവിച്ചത്. കുട്ടിയെ പീഡിപ്പിച്ചത് ആരാണെന്ന് തിരിച്ചറി‍ഞ്ഞിട്ടില്ല. ഇതിനായി ഡിഎൻഎ പരിശോധന നടത്തുമെന്ന് പൊലീസ് അറിയിച്ചു. പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തും. പെൺകുട്ടിയുടെ മാതാവിന്റെ മൊഴി എടുത്തിട്ടുണ്ട്. പ്രതി ഇവരുടെ ഒരു ബന്ധുവാണെന്ന് സംശിയിക്കുന്നതായി അന്വേഷണ സംഘം അറിയിച്ചു.

ഇടുക്കി പീരുമേട്ടിൽ വനത്തിനുള്ളിൽ വെച്ച് ആദിവാസി സ്ത്രീ സീത മരിച്ചത് കാട്ടാന ആക്രമണം തന്നെയെന്ന് പൊലീസ് നിഗമനം. ശരീരത്തിലെ പരിക്കുകൾ കാട്ടാന ആക്രമണത്തിലുണ്ടായതെന്നാണ് പൊലീസിൻ്റെ കണ്ടെത്തൽ.വാരിയെല്ലുകൾ ഒടിഞ്ഞത് കാട്ടാന ആക്രമണത്തിലും തോളിലിട്ട് ചുമന്ന് കൊണ്ട് വരുമ്പോഴുമുണ്ടായത് ആകാമെന്നാണ് പൊലീന്‍റെ നിഗമനം.

താരസംഘടനയായ അമ്മയുടെ ഓഗസ്റ്റ് 15 ന് നടക്കാനിരിക്കുന്ന ഭരണസമിതി തെരഞ്ഞെടുപ്പിലേക്കുള്ള പത്രികാ സമര്‍പ്പണം അവസാനിച്ചപ്പോള്‍ ആകെ ലഭിച്ചത് 93 പത്രികകള്‍. സംഘടനാ തെരഞ്ഞെടുപ്പില്‍ ആരോപണ വിധേയര്‍ക്കും മത്സരിക്കാമെന്ന് നടി സരയൂ അഭിപ്രായപ്പെട്ടു. തങ്ങള്‍ കോടതിയല്ലെന്നും 500 പേര്‍ മാത്രമുള്ള സംഘടനയാണെന്നും സരയൂ മാധ്യമങ്ങളോട് അഭിപ്രായപ്പെട്ടു. പ്രസിഡന്റ് സ്ഥാനത്തേക്ക് വനിതകൾ മത്സരിക്കുന്നതിനെ സ്വാഗതം ചെയ്യുന്നുവെന്നും സരയൂ പ്രതികരിച്ചു.

പ്രായമായ മാതാപിതാക്കളെ പരിചരിക്കുന്നത് ഉൾപ്പെടെയുള്ള വ്യക്തിപരമായ ആവശ്യങ്ങൾക്കായി കേന്ദ്ര സർക്കാർ ജീവനക്കാർക്ക് 30 ദിവസം വരെ അവധിയെടുക്കാമെന്ന് കേന്ദ്ര പേഴ്‌സണൽ സഹമന്ത്രി ജിതേന്ദ്ര സിംഗ് വ്യാഴാഴ്ച രാജ്യസഭയിൽ പറഞ്ഞു. സർവീസ് നിയമങ്ങൾ അനുസരിച്ച്, സർക്കാർ ജീവനക്കാർക്ക് 30 ദിവസത്തെ അവധിക്ക് അർഹതയുണ്ട്. ഈ അവധി പ്രായമായ മാതാപിതാക്കളെ പരിപാലിക്കുന്നത് പോലുള്ള വ്യക്തിപരമായ ആവശ്യങ്ങൾക്ക് ഉപയോഗിക്കാമെന്നും മന്ത്രി വ്യക്തമാക്കി.

കേരളത്തിലെ ദേശീയപാത 66ൽ 15 ഇടങ്ങളിൽ തകരാറുകൾ കണ്ടെത്തിയതായി കേന്ദ്രം. കൂരിയാട് ദേശീയപാത തകർച്ചക്ക് ശേഷം നിയോഗിച്ച ആദ്യ സമിതി സർക്കാരിന് നൽകിയ റിപ്പോർട്ടിലാണ് കണ്ടെത്തൽ. കൂരിയാട് സംരക്ഷണഭിത്തി തകർന്നതടക്കം 15 തകരാറുകളാണ് സർക്കാർ പാർലമെൻ്റിനെ അറിയിച്ചത്.

കേരളത്തിൽ നിർമാണത്തിലിരിക്കുന്ന ദേശീയപാത തകർച്ചയുടെ കാരണങ്ങൾ കണ്ടെത്തുന്നതിനായി കഴിഞ്ഞ അഞ്ച് വർഷമായി ഒരു ശാസ്ത്രീയ പഠനമോ സാങ്കേതിക വിലയിരുത്തലോ നടത്തിയിട്ടില്ലെന്ന് കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിൻ ഗഡ്കരി പാർലമെന്റിൽ സ്ഥിരീകരിച്ചു. ദേശീയപാതയിൽ ഉണ്ടാകുന്ന ഏതെങ്കിലും നാശനഷ്ടങ്ങൾ അതത് കൺസെഷനർമാരോ കരാറുകാരോ സ്വന്തം ചെലവിൽ പരിഹരിക്കണമെന്നും ഗഡ്കരി ഇന്ന് സ്ഥിരീകരിച്ചു.

അൽഖ്വയ്ദയുമായി ബന്ധമുണ്ടെന്നാരോപിച്ച് നാല് യുവാക്കളെ അറസ്റ്റ് ചെയ്ത് ​ഗുജറാത്ത് എടിഎസ്. ഗുജറാത്ത്, ദില്ലി, ഉത്തർപ്രദേശ് എന്നീ മൂന്ന് സംസ്ഥാനങ്ങളിലെ നാല് നഗരങ്ങളിൽ നിന്നാണ് ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ അൽ ഖ്വയ്ദയുടെ നാല് അംഗങ്ങളെ ബുധനാഴ്ച അറസ്റ്റ് ചെയ്തതെന്ന് ഗുജറാത്ത് ഭീകരവിരുദ്ധ സ്ക്വാഡ് (എടിഎസ്) അറിയിച്ചു.

അഹമ്മദാബാദിൽ ബോയിംഗ് 787-ഡ്രീംലൈനർ വിമാനം തകർന്നുവീണതിന് പിന്നാലെ, നാല് ദിവസത്തിന് ശേഷം 100-ലധികം എയർ ഇന്ത്യ പൈലറ്റുമാർ മെഡിക്കൽ അവധിയിൽ പ്രവേശിച്ചതായി ജൂനിയർ വ്യോമയാന മന്ത്രി മുരളീധർ മൊഹോൾ പാർലമെന്റിൽ വ്യക്തമാക്കി. പൈലറ്റുമാരുടെ മാനസികാരോഗ്യം, പ്രത്യേകിച്ച് അപകടത്തിന് ശേഷം, തിരിച്ചറിയുകയും കൈകാര്യം ചെയ്യുകയും ചെയ്യേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം പറഞ്ഞു. 51 കമാൻഡർമാരും 61 ഫ്ലൈറ്റ് ഓഫീസർമാരും ആ ദിവസം അവധിക്ക് അപേക്ഷിച്ചതായി മന്ത്രി വ്യക്തമാക്കി.

ബിഹാർ വോട്ടർ പട്ടിക പരിഷ്ക്കരണത്തിനെതിരായ പ്രതിപക്ഷ പ്രതിഷേധത്തിൽ പുക‌ഞ്ഞ് പാർലമെൻറ്. ചർച്ച വേണമെന്ന ആവശ്യം തള്ളിയതിലെ പ്രതിഷേധത്തിൽ സ്തംഭിച്ച ലോക്സഭ രണ്ട് മണി വരെ നിർത്തിവച്ചു. കള്ളവോട്ട് പ്രോത്സാഹിപ്പിക്കണമെന്നാണോ ഉദ്ദേശിക്കുന്നതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ ചോദിച്ചു. ജഗദീപ് ധൻകറിൻറെ രാജിയിൽ ചർച്ചയില്ലെന്ന സർക്കാർ നിലപാട് രാജ്യസഭയിൽ ഉപാധ്യക്ഷൻ വ്യക്തമാക്കി.

മുസ്ലീം മത നേതാക്കളുമായും മത പണ്ഡിതരുമായും ആർഎസ്എസ് മേധാവി മോഹൻ ഭാ​ഗവത് കൂടികാഴ്ച നടത്തി. ദില്ലിയിലെ ഹരിയാന ഭവനിലായിരുന്നു കൂടികാഴ്ച നടന്നത്. ഇരു വിഭാ​ഗവും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്താനാണ് കൂടികാഴ്ചയെന്ന് ആർഎസ്എസ് വൃത്തങ്ങൾ പറയുന്നു.

തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ്റെ ആരോഗ്യനില തൃപ്തികരമാണെന്നും രണ്ട് ദിവസത്തിനകം സാധാരണനിലയിൽ ഔദ്യോഗിക ചുമതലകൾ നിർവ്വഹിച്ച് തുടങ്ങാനാകുമെന്നും ഡോക്ടർമാർ അറിയിച്ചു.ആശുപത്രിയിൽ ഇരുന്നും വീഡിയോ കോൺഫറൻസ് വഴി അവലോകന യോഗങ്ങളിൽ സ്റ്റാലിൻ പങ്കെടുത്തിരുന്നു.

ദക്ഷിണാഫ്രിക്കയിലെ ഏറ്റവും വലിയ വന്യജീവി സങ്കേതങ്ങളിലൊന്നിന്റെ ഉടമയായ കോടീശ്വരനെ കാട്ടാന ചവിട്ടിക്കൊന്നു. സങ്കേതത്തിന്റെ ഉടമ ഫ്രാങ്കോയിസ് ക്രിസ്റ്റ്യൻ കോൺറാഡിയാണ് (39) മരിച്ചത്. ജൂലൈ 22 ന് രാവിലെ 8 മണിക്ക് ഗോണ്ട്വാന പ്രൈവറ്റ് ഗെയിം റിസർവിലാണ് കാട്ടാന ആക്രമണമുണ്ടായത്. ടൂറിസ്റ്റ് സ്പോട്ടിലിറങ്ങിയ ആനക്കൂട്ടത്തെ തുരത്താൻ ശ്രമിക്കുന്നതിനിടെയാണ് സങ്കേതത്തിന്റെ ഉടമ ഫ്രാങ്കോയിസ് ക്രിസ്റ്റ്യൻ കോൺറാഡിയെ ആന ആക്രമിച്ചത്.

സൗദി തലസ്ഥാന നഗരത്തിൽ ഡ്രൈവറില്ലാതെ ഓടും ടാക്സി സർവിസിന് തുടക്കം. റിയാദ് നഗരത്തിലെ ആദ്യത്തെ ‘സെൽഫ് ഡ്രൈവിങ് ടാക്സി’ സർവിസ് ഗതാഗത, ലോജിസ്റ്റിക്സ് മന്ത്രി എൻജി. സ്വാലിഹ് അൽജാസർ ഉദ്ഘാടനം ചെയ്തു. തുടക്കത്തിൽ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ രണ്ട്, അഞ്ച് ടെർമിനലുകൾ, റോഷൻ ബിസിനസ് ഫ്രൻറ് എന്നിവിടങ്ങളടക്കം നഗരത്തിലെ ഏഴിടങ്ങളിലാണ് സെൽഫ് ഡ്രൈവിങ് ടാക്സി കാർ സർവിസ് ലഭ്യമാക്കിയിരിക്കുന്നത്.

ഇന്ത്യയും യുകെയും തമ്മിൽ ഒപ്പുവച്ച പുതിയ സ്വതന്ത്ര വ്യാപാര കരാർ ഇന്ത്യൻ കയറ്റുമതി വിപണിക്ക് കാര്യമായ ​ഗുണം ചെയ്യും. ഇന്ത്യയുടെ കാർഷിക ഉത്പന്നങ്ങൾക്കടക്കം യുകെയിലെ വിപണി തുറന്നു നല്കുന്നതാണ് ഇന്ത്യ-യുകെ സ്വതന്ത്ര വ്യാപാര കരാർ. രാസവസ്തുക്കൾ, നിർമ്മാണങ്ങൾ മുതൽ ഫാർമസ്യൂട്ടിക്കൽസ്, സോഫ്റ്റ്‌വെയർ സേവനങ്ങൾ വരെയുള്ള വൈവിധ്യമാർന്ന ഉൽപ്പന്നങ്ങൾക്ക് തീരുവ നൽകേണ്ടതില്ല. അതേസമയം, സ്കോച്ച് വിസ്കി, ഇലക്ട്രിക് വാഹനങ്ങൾ, ചോക്ലേറ്റുകൾ, സൗന്ദര്യവർദ്ധക വസ്തുക്കൾ തുടങ്ങിയ യുകെ ഇറക്കുമതികൾക്ക് ഇന്ത്യയിൽ ഇനി വില കുറയുകയും ചെയ്യും.

അമേരിക്കയിലെ ഇലോണ്‍ മസ്‌കിന്റെ കമ്പനികളെ നശിപ്പിക്കുമെന്ന് താന്‍ പ്രഖ്യാപിച്ചെന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ നിഷേധിച്ച് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇലോണ്‍ മസ്‌കിന്റെ കമ്പനികള്‍ക്കുള്ള ഫെഡറല്‍ സബ്സിഡികള്‍ നിര്‍ത്തലാക്കുമെന്ന വാദങ്ങള്‍ ട്രംപ് നിഷേധിച്ചു.

അതിര്‍ത്തി തര്‍ക്കത്തെത്തുടര്‍ന്നുള്ള തായ്‌ലാന്‍ഡ്-കംബോഡിയ സംഘര്‍ഷം രൂക്ഷം. ഇരുരാജ്യങ്ങളും പരസ്പരം ആക്രമണം കടുപ്പിച്ചതോടെ ആകെ 12 പേര്‍ ഇതുവരെ കൊല്ലപ്പെട്ടതായാണ് അന്താരാഷ്ട്ര മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. ജനവാസമേഖലകളെ ലക്ഷ്യമിട്ട് കംബോഡിയ വ്യാഴാഴ്ചയും ആക്രമണം നടത്തിയെന്നാണ് തായ്‌ലാന്‍ഡിന്റെ ആരോപണം.

ഇന്ത്യയും യുകെയും തമ്മിലുള്ള സ്വതന്ത്രവ്യാപാര കരാറിന് അംഗീകാരം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യുകെ സന്ദർശനത്തിനിടെയാണ് പ്രധാനമന്ത്രിമാർ കരാറിൽ ഒപ്പുവെച്ചത്. ‘ചരിത്രപരമായ ദിവസം, ഏറെ നാളത്തെ പ്രയത്നത്തിന്‍റെ ഫലമാണിതെ’ന്ന് മോദി പ്രതികരിച്ചു. ഇരു രാജ്യങ്ങൾക്കും ഗുണംചെയ്യുന്ന കരാറാണ് ഇതെന്ന് ബ്രിട്ടൺ പ്രധാനമന്ത്രി കെയ്ർ സ്റ്റാർമർ പറഞ്ഞു.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *