മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വി എസ് അച്യുതാനന്ദൻ അന്തരിച്ചു. 101 വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് വൈകിട്ട് 3.20 നായിരുന്നു അന്ത്യം. മൃതദേഹം ഇന്ന് രാത്രി തിരുവനന്തപുരത്തെ വീട്ടിലും നാളെ രാവിലെ 9 മണിക്ക് ദര്‍ബാര്‍ ഹാളിലും പൊതുദർശനത്തിന് വെക്കും. നാളെ ഉച്ചയോടെ മൃതദേഹം ആലപ്പുഴയിലേക്ക് കൊണ്ടുപോകും. സംസ്കാരം മറ്റന്നാള്‍.

അന്തരിച്ച മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വിഎസ് അച്യുതാനന്ദൻ്റെ മൃതദേഹം എകെജി സെന്‍ററിലെത്തിച്ചു. മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം ജനറൽ സെക്രട്ടറി എംഎ ബേബിയും അടക്കം നേതാക്കളാണ് മൃതദേഹം ഏറ്റുവാങ്ങിയത്.പ്രിയ നേതാവിനെ ഒരു നോക്ക് കാണാന്‍ നൂറുകണക്കിന് ആളുകളാണ് എകെജി സെന്‍ററിലെത്തിയിരിക്കുന്നത്. കണ്ണേ കരളേ വിഎസേയെന്ന് ആർത്തുവിളിച്ച ജനസാഗരത്തിന് നടുവിലൂടെയാണ് വിഎസിന്‍റെ മൃതദേഹം ആശുപത്രിയിൽ നിന്നിറക്കി എകെജി സെന്‍ററില്‍ പൊതുദര്‍ശനത്തില്‍ വെച്ചത്. മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം ജനറൽ സെക്രട്ടറി എംഎ ബേബിയും അടക്കമുള്ള പ്രമുഖ നേതാക്കള്‍ വിഎസിന് ആദരാഞ്ജലി അര്‍പ്പിച്ചു.

മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനോടുള്ള ആദര സൂചകമായി സംസ്ഥാനത്ത് 3 ദിവസം ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു. നാളെ സംസ്ഥാനത്ത് പൊതു അവധിയും പ്രഖ്യാപിച്ചുണ്ട്. ജൂലൈ 22 ന് സംസ്ഥാനത്തെ എല്ലാ സർക്കാർ ഓഫീസുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ദിവസങ്ങളിൽ സർക്കാർ കെട്ടിടങ്ങളിൽ ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടും. പരീക്ഷകളടക്കം മാറ്റി വച്ചിട്ടുണ്ട്.

വിഎസ് അച്യുതാനന്ദന്റെ വിയോഗത്തിൽ ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. കേരളത്തിന്റെ പുരോഗതിക്ക് വേണ്ടിയും പൊതുപ്രവർത്തനത്തിനു വേണ്ടിയും ജീവിതം മാറ്റിവെച്ച വ്യക്തിയെന്ന് വിഎസിനെ കുറിച്ച് പ്രധാനമന്ത്രി അനുസ്‌മരിച്ചു. ഇരുവരും മുഖ്യമന്ത്രിമാരായിരുന്ന കാലത്തെ കൂടിക്കാഴ്ചകൾ ഓർത്തെടുത്ത്, അന്നത്തെ ചിത്രം സഹിതമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി അനുസ്മരണ കുറിപ്പ് രേഖപ്പെടുത്തിയത്.

വി എസ് അച്യുതാനന്ദന്‍റെ വേർപാടിൽ വേദന പങ്കുവച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിനും പാർട്ടിക്കും നികത്താനാകാത്ത നഷ്ടമാണ് വി എസിന്‍റെ വിയോഗത്തിലൂടെ സംഭവിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഉജ്വല സമരപാരമ്പര്യത്തിന്റെയും അസാമാന്യമായ നിശ്ചയദാർഢ്യത്തിന്റെയും വിട്ടുവീഴ്ചയില്ലാത്ത പോരാട്ടനിലപാടുകളുടെയും പ്രതീകമായിരുന്നു സഖാവ് വി എസ് അച്യുതാനന്ദൻ. ജനങ്ങളുടെ പ്രശ്‌നങ്ങൾ ഏറ്റെടുത്തുകൊണ്ടു ജനങ്ങൾക്കൊപ്പം നിന്ന അദ്ദേഹത്തിന്റെ നൂറ്റാണ്ടുകടന്ന ജീവിതം കേരളത്തിന്റെ ആധുനിക ചരിത്രവുമായി വേർപെടുത്താനാവാത്ത വിധത്തിൽ കലർന്നുനിൽക്കുന്നുവെന്നും മുഖ്യമന്ത്രി അനുസ്മരിച്ചു.

ഇന്ന് രാത്രി എട്ടിന് തിരുവനന്തപുരത്ത് വിഎസിൻ്റെ വീട്ടിൽ പൊതുദർശനത്തിന് വെക്കും. നാളെ രാവിലെ ദർബാർ ഹാളിൽ പൊതുദർശനം ഉണ്ടാകും. ഉച്ചയ്ക്ക് ശേഷം ആലപ്പുഴയിലേക്ക് കൊണ്ടുപോകും. നാളെ വൈകിട്ട് ആലപ്പുഴയിലെ വേലിക്കകത്ത് വീട്ടിൽ മൃതദേഹം പൊതുദർശനത്തിന് വെക്കും. മറ്റന്നാൾ രാവിലെ സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിലേക്ക് കൊണ്ടുപോകും. അതിന് ശേഷം ആലപ്പുഴ ടൗൺ ഹാളിൽ പൊതുദർശനത്തിന് വെക്കുന്ന മൃതദേഹം ആലപ്പുഴയിൽ വലിയ ചുടുകാട് ശ്‌മശാനത്തിൽ വൈകിട്ടോടെ സംസ്കാരം നടക്കും. പാർട്ടി പതാകകൾ താഴ്ത്തിക്കെട്ടണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ നിർദേശം നൽകി.

രണ്ടക്ഷരം കൊണ്ട് കേരള രാഷ്ട്രീയത്തില്‍ സ്വന്തം സ്ഥാനം കൃത്യമായി അടയാളപ്പെടുത്തിയ നേതാവാണ് വിഎസ് അച്യുതാനന്ദൻ എന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കല്ലും മുള്ളും നിറഞ്ഞ വഴികളിലൂടെ രാഷ്ട്രീയ പ്രവര്‍ത്തനം നടത്തി പ്രതിപക്ഷ നേതാവും മുഖ്യമന്ത്രിയുമായി. പ്രതിപക്ഷ നേതാവായിരുന്നപ്പോഴും മുഖ്യമന്ത്രിയായിരുന്നപ്പോഴും കടിഞ്ഞാണുകളൊക്കെ പൊട്ടിച്ച് പ്രതിപക്ഷമായി തന്നെയാണ് വിഎസ് നിലയുറപ്പിച്ചത്. അത് വിഎസ് ആസ്വദിച്ചതായി തോന്നിയിട്ടുണ്ടെന്ന് വി ഡി സതീശൻ അനുസ്മരിച്ചു.

സമാനതകളില്ലാത്ത ഒരു യുഗത്തിൻ്റെ അവസാനമാണ് വിഎസിൻ്റെ വിയോഗമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. സമരവും ജീവിതവും രണ്ടല്ലെന്നും ഒന്നാണെന്നും സ്വന്തം ജീവിതത്തിലൂടെ തെളിയിച്ച അതുല്യനായ കമ്യൂണിസ്റ്റായിരുന്നു വി എസ്‌. സ്വയം തെളിച്ച വഴിയിലൂടെയാണ്‌ വിഎസ്‌ കേരളത്തെ നയിച്ചത്‌. സഖാവിനൊപ്പമുള്ള അനേകായിരം ഓർമകളാണ്‌ മനസിലേക്ക്‌ ഇരച്ചെത്തുന്നതെന്നും അദ്ദേഹത്തിൻ്റെ വാർത്താക്കുറിപ്പിൽ പറയുന്നു.

വി.എസ് അച്യുതാനന്ദന്റെ നിര്യാണത്തില്‍ എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാല്‍ എംപി അനുശോചിച്ചു. നിലപാടുകളിലെ കാർക്കശ്യം അദ്ദേഹത്തെ വ്യത്യസ്തനാക്കിയെന്നും നികത്താനാവാത്ത നഷ്ടമാണ് ഈ വിയോഗമെന്നും കെസി ചൂണ്ടിക്കാട്ടി. രാഷ്ട്രീയത്തിനതീതമായി പൊതുപ്രവർത്തനത്തിൽ സ്വീകാര്യനായ നേതാവാണ് അദ്ദേഹമെന്ന് ബെന്നി ബഹന്നാൻ എംപി പറഞ്ഞു.

രാഷ്ട്രീയമായി എന്തെല്ലാം അഭിപ്രായ വ്യത്യാസങ്ങളുണ്ടായാലും വ്യക്തിപരമായ സൌഹൃദം സൂക്ഷിച്ചിരുന്ന നേതാവാണ് വിഎസ് അച്യുതാനന്ദനെന്ന് മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി. അതേസമയം രാഷ്ട്രീയ എതിരാളികളോട് അദ്ദേഹം ഒരു ഒത്തുതീർപ്പിനും തയ്യാറാകാതെ പോരാടിയിരുന്നു. അദ്ദേഹത്തിന് അദ്ദേഹത്തിന്‍റേതായ ശൈലിയുണ്ടായിരുന്നു.രാഷ്ട്രീയമായി എന്തെല്ലാം അഭിപ്രായ വ്യത്യാസങ്ങളുണ്ടായാലും വ്യക്തിപരമായ സൌഹൃദം സൂക്ഷിച്ചിരുന്ന നേതാവാണ് വിഎസ് അച്യുതാനന്ദനെന്ന് മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി. അതേസമയം രാഷ്ട്രീയ എതിരാളികളോട് അദ്ദേഹം ഒരു ഒത്തുതീർപ്പിനും തയ്യാറാകാതെ പോരാടിയിരുന്നു. അദ്ദേഹത്തിന് അദ്ദേഹത്തിന്‍റേതായ ശൈലിയുണ്ടായിരുന്നു.

വിഎസ് അച്യുതാനന്ദന്‍റെ വേർപാട് നികത്താനാവാത്തതാണെന്ന് മന്ത്രി മുഹമ്മദ് റിയാസ്. കമ്യൂണിസ്റ്റ് പാർട്ടിയുടെ ഓരോ ഘട്ടത്തിലെ വളർച്ചയുമായി ബന്ധപ്പെട്ട് കിടക്കുന്നതാണ് വി എസിന്റെ ജീവിതം. ഒട്ടേറെ പോരാട്ടങ്ങൾ നയിച്ചു. ഒരുപാട് ത്യാഗോജ്വലമായ പ്രക്ഷോഭങ്ങൾക്ക് നേതൃത്വം കൊടുത്തു. ജയിൽവാസം അനുഭവിച്ചു. ഭീകര മർദനം ഏൽക്കേണ്ടിവന്നു. ഭൂമിയിൽ മനുഷ്യനുള്ള കാലത്തോളം മായാത്ത നാമമാണ് സഖാവ് വിഎസെന്നും മുഹമ്മദ് റിയാസ് പറഞ്ഞു.

മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ നിര്യാണത്തിൽ അനുശോചിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പാർട്ടികളുടെ ഒരു യുഗമാണ് വി. എസിലൂടെ അവസാനിക്കുന്നത്. സാധാരണക്കാർക്ക് എപ്പോഴും സമീപിക്കാവുന്ന ചുരുക്കം ചില കമ്മ്യൂണിസ്റ്റ് നേതാക്കളിൽ ഒരാളായിരുന്നു വി എസ് കേരളത്തിലെ ഭൂമാഫികൾക്കെതിരെ അദ്ദേഹം സ്വീകരിച്ച നിലപാടും നടപടികളും കേരള ജനത ഒരിക്കലും മറക്കില്ല എന്നും അദ്ദേഹം പറഞ്ഞു .

വിഎസ് ഇല്ലാത്തൊരു കേരളത്തെക്കുറിച്ച് ചിന്തിക്കാന്‍ പോലും സാധിക്കാത്ത വിധത്തില്‍ കേരളത്തിലെ ജനങ്ങളുടെ ജീവിതവുമായും സാമൂഹിക ജീവിതവുമായും കെട്ടുപിണഞ്ഞു കിടക്കുന്നതാണ് അദ്ദേഹത്തിന്റെ ജീവിതമെന്ന് കടകംപള്ളി സുരേന്ദ്രന്‍ പരഞ്ഞു. പാവങ്ങള്‍ക്കുവേണ്ടിയും മുതലാളിത്ത ചൂഷണത്തിനെതിരെയും നിലകൊണ്ട നേതാവായിരുന്നു വിഎസെന്ന് വൃന്ദ കാരാട്ട് അനുസ്മരിച്ചു.

കേരള രാഷ്ട്രീയത്തിലെ ഒരു യുഗം അസ്തമിച്ചെന്ന് നിയമസഭാ സ്പീക്കർ എ.എൻ. ഷംസീർ പറഞ്ഞു.സഖാവ് വിഎസിന്റെ സ്മരണയ്ക്ക് മുമ്പിൽ സിപിഐയുടെ പേരിൽ ഞാൻ അഭിവാദ്യം അർപ്പിക്കുന്നു. ആ മഹത്തായ ഓർമ്മയ്ക്ക് മുമ്പിൽ ഞാൻ തലകുനിച്ചു പിടിക്കുന്നുവെന്നും ബിനോയ് വിശ്വം.കേരളത്തിൽ പാർട്ടിയെ മുന്നിൽനിന്ന് നയിച്ച അദ്ദേഹത്തിന്റെ വിയോഗം പുരോഗമന പ്രസ്ഥാനങ്ങൾക്കാകെ തീരാനഷ്ടമാണെന്ന് ശിവൻകുട്ടി പറഞ്ഞു.

മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍റെ വിയോഗത്തില്‍ അനുശോചിച്ച് കെ കെ രമ എംഎല്‍എ. വിഎസിന് പകരം വിഎസ് മാത്രമാണെന്നും സമര രാഷ്ട്രീയത്തിൻ്റെ യുഗം അവസാനിച്ചെന്നും കെ കെ രമ അനുസ്മരിച്ചു. പാർട്ടിക്ക് പുറത്ത് ജനവിരുദ്ധതയ്ക്കെതിരെ സമരം നടത്തുമ്പോഴും പാർട്ടിക്കകത്തെ ജന വിരുദ്ധതയ്ക്കെതിരെയും വിഎസ് സമരം ചെയ്തു. അധികാരത്തിനും സ്ഥാനമാനത്തിനുമപ്പുറം താനെടുത്ത നിലപാടിൽ ഉറച്ച് നിന്ന ആളാണ് വി എസ് അച്യുതാനന്ദനെന്നും കെ കെ രമ അനുസ്മരിച്ചു.

കേരളത്തിന്റെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെയും ഇടതുപക്ഷജനാധിപത്യമുന്നണിയേയും നയിക്കുന്നതിലും സഖാവ് വി.എസിന്റെ പങ്ക് അതുല്യമാണെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ .ടി.പി.രാമകൃഷ്ണന്‍.സഖാവ് വി.എസിന്റെ വേര്‍പാട് കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിനും ഇടതുപക്ഷജനാധിപത്യ പ്രസ്ഥാനത്തിനും തീരാനഷ്ടമാണെന്നും അദ്ദേഹം പറഞ്ഞു.

അന്തരിച്ച മുൻ മുഖ്യമന്ത്രി, മുതിർന്ന സിപിഎം നേതാവ് വിഎസ് അച്യുതാനന്ദനെ അനുസ്മരിച്ച് നേതാക്കൾ. രണരംഗത്തും രാഷ്ട്രീയ രംഗത്തും സമുന്നതനായ നേതാവാണ് വിഎസെന്നും മുഖ്യമന്ത്രിയെന്ന നിലയിലാണ് പരിചയപ്പെട്ടതെന്നും അനുസ്മരിച്ച ശരത് പവാർ, രാജ്യത്തെ ഏറ്റവും മുതിർന്ന നേതാവിന്റെ വിടവാങ്ങൽ സങ്കടകരമെന്നും പറഞ്ഞു.വിഎസുമായി ഒരുപാട് അനുഭവമുണ്ടെന്നും പാർശ്വവത്കരിക്കപ്പെട്ടവർക്ക് വേണ്ടി അദ്ദേഹം ശക്തമായ നിലപാട് സ്വീകരിച്ചുവെന്നും എൻകെ പ്രമചന്ദ്രൻ എംപി അനുസ്മരിച്ചു.

പുതിയ തലമുറയ്ക്ക് പഠിക്കാനുള്ള പാഠപുസ്തകമാണ് വിഎസെന്നും മരണത്തെ പോലും വെല്ലുവിളിച്ച നേതാവാണ് അദ്ദേഹമെന്നും എകെ ബാലൻ പറഞ്ഞു. സമര തീച്ചൂളകളിലൂടെ വളർന്ന വിഎസ് എന്ന രണ്ടക്ഷരം ജനം ഏറ്റെടുത്തുവെന്നും അദ്ദേഹത്തിന് തുല്യം അദ്ദേഹം മാത്രമെന്നും എളമരം കരീം പറഞ്ഞു.വിഎസിൻ്റെ വിയോഗം കേരളത്തിന് മാത്രമല്ല രാജ്യത്തിന് തീരാ നഷ്ടമെന്ന് പശ്ചിമ ബംഗാളിലെ സിപിഎം നേതാവും പിബി അംഗവുമായ നിലോൽപൽ ബസു പ്രതികരിച്ചു.

മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനോടുള്ള ആദര സൂചകമായി സംസ്ഥാനത്ത് പൊതു അവധി പ്രഖ്യാപിച്ചതിനാൽ നാളത്തെ എല്ലാ പരീക്ഷകളും ഇന്റർവ്യൂകളും മാറ്റി വെച്ചെന്ന് പിഎസ്‍സിയുടെ അറിയിപ്പ്. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്നും പി എസ് സി വാർത്താക്കുറിപ്പിലൂടെ അറിയിച്ചു.നാളത്തെ പൊതുഅവധി സംസ്ഥാനത്തെ ബാങ്കുകൾക്കും ബാധകമാണ്. നാളെ സംസ്ഥാനത്തെ ബാങ്കുകൾ പ്രവർത്തിക്കില്ലെന്ന് അറിയിച്ചിട്ടുണ്ട്.

മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍റെ വിയോഗത്തില്‍ അനുശോചനം അറിയിച്ച് നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപി. അവസാന കാലത്ത് പല തവണ കാണാൻ ശ്രമിച്ചെങ്കിലും നടന്നില്ലെന്നും സമാനതകളില്ലാത്ത വിയോഗമാണിതെന്നും സുരേഷ് ഗോപി പറഞ്ഞു. ഇടപെട്ട മേഖലകളെല്ലാം അദ്ദേഹത്തിന് ഫലപ്രാപ്തിയിലെത്തിക്കാൻ കഴിഞ്ഞെന്നും സുരേഷ് ഗോപി പറഞ്ഞു.

വി എസ് അച്യുതാനന്ദന്‍റെ വിയോഗത്തില്‍ അനുശോചിച്ച് നടന്‍ കമല്‍ഹാസന്‍. അവഗണിക്കപ്പെട്ടവരുടെ വഴികാട്ടിയായിരുന്നു അച്യുതാനന്ദനെന്നും കേരളത്തിനും ഇന്ത്യയ്ക്കും നഷ്ടമായത് ഒരു യഥാര്‍ത്ഥ ജനകീയ ചാമ്പ്യനെ ആണെന്നും കമല്‍ഹാസന്‍ എക്സ് പ്ലാറ്റ്ഫോമില്‍ കുറിച്ചു.

ജീവിതം തന്നെ സമരമാക്കിയ ജനനായകന്‍, പ്രിയപ്പെട്ട സഖാവ് വി.എസ്സിന്‌ കണ്ണീരില്‍ കുതിര്‍ന്ന ആദരാഞ്ജലികള്‍ എന്ന് മോഹൻലാൽ . സാധാരണക്കാരുടെ പ്രതീക്ഷയും, പ്രത്യാശയുമായി തിളങ്ങി നിന്ന ആ മഹത് വ്യക്തിത്വവുമായി എക്കാലത്തും സ്നേഹബന്ധം പുലര്‍ത്താനായത് ഭാഗ്യമായി ഞാന്‍ കാണുന്നു. മൂന്ന് തവണ പ്രതിപക്ഷ നേതാവായും, ഒരു തവണ മുഖ്യമന്ത്രിയായും സേവനമനുഷ്ഠിച്ച അദ്ദേഹം നിലപാടുകളിലും ആദര്‍ശത്തിലും എക്കാലവും ഉറച്ചുനിന്നു. മലയാളിയുടെ മനസ്സില്‍ അദ്ദേഹത്തിന്‌ മരണമില്ല’, എന്നായിരുന്നു മോഹന്‍ലാല്‍ കുറിച്ചത്. ‘പ്രിയ സഖാവ് വി.എസ്. അച്യുതാനന്ദന് ആദരാഞ്ജലികൾ’, എന്നായിരുന്നു മമ്മൂട്ടി കുറിച്ചത്.

അന്തരിച്ച മുൻ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന് അനുശോചനം അറിയിച്ച് നടി മഞ്ജു വാര്യർ. പുന്നപ്ര-വയലാർ സമരത്തിൻ്റെ ഓർമയായ ബയണറ്റ് അടയാളമുള്ള കാല്പാദം കൊണ്ടാണ് അദ്ദേഹം ജനഹൃദയങ്ങളിലേക്ക് നടന്നുകയറിയതെന്ന് മഞ്ജു കുറിക്കുന്നു. സ്ത്രീ സുരക്ഷയ്ക്ക് വേണ്ടിയുള്ള വി.എസിൻ്റെ നിലപാടുകൾ കാലത്തിൻ്റെ ആവശ്യകത കൂടിയായിരുന്നുവെന്നും നടി ഓർക്കുന്നു.

വി.എസ് അച്യുതാനന്ദന്റെ വിയോഗത്തിൽ അനുശോചനമറിയിച്ച് മുതിർന്ന സിപിഐഎം നേതാവ് വൈക്കം വിശ്വൻ. അടിമതുല്യമായ ജീവിതം ഉണ്ടായിരുന്ന മനുഷ്യനെ, മനുഷ്യനായി ഉയർത്തികൊണ്ട് വരുന്ന വലിയ പ്രവർത്തനശൈലിയായിരുന്നു വിഎസ് കൈകൊണ്ടത്. പാർട്ടി ചുമതലയേറ്റെടുത്ത് ഓരോ പ്രദേശത്ത് വരുമ്പോഴും ആ പ്രദേശത്തിന്റെ രീതി അനുസരിച്ചുള്ള പ്രവർത്തനങ്ങളിൽ അദ്ദേഹം ഏർപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.

വി.എസ്. അച്യുതാനന്ദന്റെ മരണത്തില്‍ അനുശോചിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍. പ്രിയങ്കരനായ ജനനേതാവും ആജീവനാന്ത കമ്യൂണിസ്റ്റും തത്ത്വാധിഷ്ഠിത രാഷ്ട്രീയത്തിന്റേയും പൊതുസേവനത്തിന്റേയും മൂര്‍ത്തിമദ്ഭാവവുമായിരുന്നു വി.എസ്. എന്ന് സ്റ്റാലിന്‍ അനുസ്മരിച്ചു.

മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ വിയോ​ഗത്തിൽ അനുശോചനം അറിയിച്ച് തിരക്കഥാകൃത്ത് അഭിലാഷ് പിള്ള. ജീവിതത്തിലെ ഏറ്റവും വേദനയോടെ നിന്ന സമയത്ത് കൈപിടിച്ചുയർത്തിയത് വിസിന്റെ ഒരു ഫോൺ കോൾ ആയിരുന്നുവെന്നും അതുകാരണം തിരിച്ചു കിട്ടിയത് തന്റെയും മാതാപിതാക്കളുടെയും ജീവിതമാണെന്നും അഭിലാഷ് പിള്ള പറഞ്ഞു.

ഷാർജയിൽ മരിച്ച വിപഞ്ചികയുടെ മൃതദേഹം നാളെ നാട്ടിലെത്തിക്കും. എമ്പാമിംഗ്‌ നാളെ രാവിലെ 10ന് ഷാർജയിൽ നടക്കും. മൃതദേഹം നാളെ വൈകിട്ട് 5.40നുള്ള വിമാനത്തിൽ നാട്ടിലേക്ക് കൊണ്ടുവരും.ഷാർജയിൽ മരിച്ച വിപഞ്ചികയുടെ മൃതദേഹം നാളെ നാട്ടിലെത്തിക്കും. എമ്പാമിംഗ്‌ നാളെ രാവിലെ 10ന് ഷാർജയിൽ നടക്കും. മൃതദേഹം നാളെ വൈകിട്ട് 5.40നുള്ള വിമാനത്തിൽ നാട്ടിലേക്ക് കൊണ്ടുവരും.

ഷാര്‍ജയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ അതുല്യയുടെ മരണത്തിൽ ഭർത്താവ് സതീഷിനെതിരെ ബന്ധുക്കൾ ഷാർജ പൊലീസിൽ പരാതി നൽകി. മരണത്തിൽ സംശയം ഉണ്ടെന്നും അന്വേഷിക്കണമെന്നും ബന്ധുക്കൾ ആവശ്യപ്പെട്ടു. കേസിൽ തെളിവാകുന്ന രേഖകളും സമർപ്പിച്ചു.കൊല്ലം സ്വദേശിനി അതുല്യ(30)യെ ഷാർജയിലെ ഫ്ലാറ്റിനുള്ളിൽ മരിച്ച നിലയിലാണ് കണ്ടെത്തിയത്.

പാച്ചല്ലൂർ കുളത്തിൻകര ഭദ്രകാളി ദേവീക്ഷേത്രത്തിൽ നിന്ന് മോഷ്ടിച്ച സ്വർണവും വെള്ളി ചിലമ്പും മൂന്ന് പതിറ്റാണ്ടുകൾക്ക് ശേഷം തിരികെയെത്തി. 31 വർഷങ്ങൾ നീണ്ട നിയമ പോരാട്ടത്തിനൊടുവിലാണ് നെയ്യാറ്റിൻകര കോടതിയിൽ നിന്ന് ആഭരങ്ങളും ചിലമ്പും ക്ഷേത്രം അധികൃതർക്ക് കൈമാറിയത്. ഇന്നലെ വൈകിട്ട് തിരുവല്ലം പരശുരാമസ്വാമി ക്ഷേത്രത്തിൽ നിന്നും അലങ്കരിച്ച തുറന്ന വാഹനത്തിൽ വാദ്യമേളങ്ങളുടെ അകടമ്പടിയിൽ ഘോഷയാത്രയായാണ് ക്ഷേത്രത്തിലെത്തിച്ചത്.

സർവകലാശാലകളിലെ കടുത്ത പ്രതിസന്ധിക്കിടെ വീണ്ടും അനുനയത്തിന് സർക്കാർ. ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദുവും നിയമ മന്ത്രി പി രാജീവും ഉടൻ രാജ്ഭവനിലെത്തി ഗവർണറെ കാണും. മുഖ്യമന്ത്രിയുടെ സന്ദർശനത്തിന് പിന്നാലെയാണ് മന്ത്രിമാരും ഗവർണറെ കാണാനെത്തുന്നത്. സർവകലാശാല പ്രശ്നത്തിൽ ഒത്തുതീർപ്പ് നീക്കങ്ങൾ വേഗത്തിലാക്കുകയാണ് സർക്കാർ.

ഡിജിറ്റൽ സർവ്വകലാശാലയിലെ ക്രമക്കേടുകളെ കുറിച്ചുള്ള ആരോപണങ്ങൾ തള്ളി പ്രതിപക്ഷനേതാവിന് മറുപടിയുമായി മുഖ്യമന്ത്രി. മുൻ വിസി സിസ തോമസ് ഗവർണ്ണർക്ക് നൽകിയ റിപ്പോർട്ടിലെ കണ്ടെത്തലുകൾ അടക്കം നിഷേധിച്ചാണ് മുഖ്യമന്ത്രിയുടെ കത്ത്. എന്നാൽ സിസ തോമസിൻറെ ഗുരുതര കണ്ടെത്തലുകൾ അടങ്ങിയ റിപ്പോർട്ട് ഗവർണ്ണർ സിഎജിക്ക് കൈമാറിയതിനാൽ തുടർനടപടികൾ സർക്കാറിന് വലിയ വെല്ലുവിളിയാണ്.

സ്‌കൂളില്‍ ക്യാമറകള്‍ സ്ഥാപിക്കാന്‍ ആവശ്യപ്പെട്ട് സിബിഎസ്ഇ. സ്‌കൂള്‍ പ്രവേശന കവാടങ്ങള്‍, പുറത്തേക്കുള്ള വഴികള്‍, ഇടനാഴികള്‍, ലാബുകള്‍, ക്ലാസ് മുറികള്‍തുടങ്ങിയ പ്രധാന സ്ഥലങ്ങളില്‍ ക്യാമറകള്‍ സ്ഥാപിക്കാനാണ് സിബിഎസ്ഇ ആവശ്യപ്പെട്ടിരിക്കുന്നത്.

വയനാട് പുനരധിവാസ പദ്ധതിയുമായി വയനാട് എംപി പ്രിയങ്കാ ഗാന്ധിയുടെ നേതൃത്വത്തിൽ 100 ഭവനം നിർമിച്ചുകൊടുക്കുന്ന പദ്ധതിയിലേക്ക് ഒഐസിസി കുവൈത്ത് നൽകുന്ന ആദ്യ ഭവനത്തിനുള്ള സഹായം ഓഗസ്റ്റ് 22 ന് നടക്കുന്ന “വേണു പൂർണിമ ” ചടങ്ങിൽ വെച്ച് കെസി വേണു ഗോപാൽ എം.പി , എപി അനിൽ കുമാറിന് കൈമാറുമെന്ന് ഒഐസിസി കുവൈത്ത് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

അഹമ്മദാബാദ് വിമാനാപകടം സംബന്ധിച്ച് പാർലമെന്റിൽ ഉയർന്ന ചോദ്യങ്ങൾക്ക് മറുപടിയുമായി വ്യോമയാനമന്ത്രി കേന്ദ്ര വ്യോമയാന മന്ത്രി രാം മോഹൻ നായിഡു. എല്ലാവർക്കും ഒരുപോലെ സഹായധനം നൽകും. യാത്രക്കാർക്കും ഹോസ്റ്റസുമാർക്കും ഒരേ പ​രി​ഗണന നൽകും. സത്യത്തിനൊപ്പം നിൽക്കണമെന്ന് പറ‍ഞ്ഞ മന്ത്രി അന്തിമ റിപ്പോർട്ട് വരും വരെ നി​ഗമനങ്ങളരുതെന്നും ആവശ്യപ്പെട്ടു.

ബംഗ്ലാദേശ് വ്യോമസേനയുടെ പരിശീലന വിമാനം സ്കൂളിൽ തകർന്നുവീണു. ഒരാൾ മരിച്ചെന്നാണ് പ്രാഥമിക വിവരം. എത്ര പേർക്ക് പരിക്കേറ്റെന്ന് ഇപ്പോൾ വ്യക്തമല്ല. ധാക്കയുടെ വടക്കൻ പ്രദേശത്തുള്ള മൈൽസ്റ്റോൺ സ്കൂൾ ആന്‍റ് കോളേജിന്‍റെ കാമ്പസിൽ ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്ക് ശേഷമാണ് സംഭവം. തകർന്നുവീണത് എഫ്-7 ബിജിഐ വിമാനമാണ്.

മനുഷ്യക്കടത്തും നിയമവിരുദ്ധ വിസ കച്ചവടവും തടയുന്നതിനുള്ള തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമായി, ആഭ്യന്തര മന്ത്രാലയം ജനറൽ ഡിപ്പാർട്ട്‌മെന്‍റ് ഓഫ് റെസിഡൻസ് അഫയേഴ്‌സ് ഇൻവെസ്റ്റിഗേഷനും അതിന്‍റെ ഇൻസ്പെക്ഷൻ ഡിപ്പാർട്ട്‌മെന്‍റും ചേർന്ന് നടത്തിയ അന്വേഷണത്തിൽ നിരവധി പേര്‍ അറസ്റ്റിലായി. 25 കമ്പനികൾക്കും 4 അനുബന്ധ ബിസിനസുകൾക്കും വേണ്ടി ഒപ്പിടാൻ അധികാരമുള്ള ഒരു കുവൈത്ത് പൗരനെക്കുറിച്ച് വകുപ്പിന് സൂചന ലഭിച്ചിരുന്നു.

റിലീസ് ചെയ്യാത്ത ഐഒഎസ് 26 അപ്‌ഡേറ്റിന്‍റെ വിവരങ്ങള്‍ ചോര്‍ത്തി പുറത്തുവിട്ട യൂട്യൂബര്‍ക്കെതിരെ പരാതി നല്‍കി ആപ്പിള്‍ കമ്പനി. പ്രമുഖ യൂട്യൂബറായ Jon Prosser-ന് എതിരെയാണ് ആപ്പിള്‍ കാലിഫോര്‍ണിയയിലെ നോര്‍ത്തേണ്‍ ഡിസ്‌ട്രിക്‌ട് ഫെഡറല്‍ കോര്‍ട്ടില്‍ പരാതി നല്‍കിയത്. പ്രോസ്സറിന് വിവരങ്ങള്‍ ചോര്‍ത്തി നല്‍കി എന്ന് ആരോപിച്ച് Michael Ramacciotti എന്നയാള്‍ക്കെതിരെയും ആപ്പിള്‍ പരാതി നല്‍കിയിട്ടുണ്ട്.

ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് തമിഴ്നാട് മുഖ്യമന്ത്രി എം. കെ സ്റ്റാലിനെ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുഖ്യമന്ത്രിയുടെ രണ്ട് ദിവസത്തെ പരിപാടികൾ റദ്ദാക്കി. അദ്ദേഹത്തിന്റെ ആരോ​ഗ്യനില തൃപ്തികരമാണെന്നാണ് ജലവിഭവ വകുപ്പ് മന്ത്രി ദൊരൈ മുരുകൻ മാധ്യമങ്ങളോട് പറഞ്ഞത്.

മഹാരാഷ്ട്രയിലെ പാല്‍ഘര്‍ ജില്ലയില്‍ ‘ദൃശ്യം മോഡല്‍’ കൊലപാതകം. കാമുകന്റെ സഹായത്തോടെ ഭര്‍ത്താവിനെ കൊലപ്പെടുത്തിയ യുവതി, മൃതദേഹം വീട്ടിനുള്ളില്‍ കുഴിച്ചിട്ടു. 35-കാരനായ വിജയ് ചവാനാണ് മരിച്ചത്. സംഭവത്തില്‍ വിജയ് ചവാന്റെ ഭാര്യ കോമളിനെയും അയല്‍ക്കാരന്‍ മോനുവിനെയും പോലീസ് അന്വേഷിക്കുകയാണ്.

 

Sharing is caring!

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *