കേരള സർവകലാശാലയിലെ പോര് തുടരുന്നു. റജിസ്ട്രാർക്ക് ഇ-ഫയലുകൾ നൽകരുതെന്ന വൈസ് ചാൻസലർ മോഹൻ കുന്നുമ്മലിൻ്റെ രണ്ടാം നിർദ്ദേശവും നടപ്പായില്ല. ഈ നിർദേശവും സിൻഡിക്കേറ്റ് തള്ളി. അതിനിടെ റസ്ട്രാർ അനിൽകുമാറിനെതിരെ സർവകലാശാല സെക്യൂരിറ്റി സൂപ്രണ്ട് വിസിക്ക് റിപ്പോർട്ട്‌ നൽകി. സസ്പെൻഷനിലുള്ള അനിൽകുമാർ റജിസ്ട്രാറുടെ മുറിയിൽ അതിക്രമിച്ചു കയറിയെന്നാണ് വിസിക്കും ജോയിൻ്റ് റജിസ്ട്രാർക്കും നൽകിയ റിപ്പോർട്ടിൽ പറയുന്നത്.

കീം 2025 റാങ്ക് ലിസ്റ്റ് റദ്ദാക്കിയതിനെതിരെ സംസ്ഥാന സർക്കാർ നൽകിയ അപ്പീൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തള്ളി. സിംഗിൾ ബെഞ്ച് ഉത്തരവ് സ്റ്റേ ചെയ്യണമെന്ന ആവശ്യം നിരാകരിച്ച ഡിവിഷൻ ബെഞ്ച് വിധിയിൽ ഇടപെടാനില്ലെന്ന് വ്യക്തമാക്കി. ഇതോടെ പ്രവേശന നടപടികളുമായി മുന്നോട്ടുപോകാൻ സർക്കാരിന സാധിക്കില്ല.

കീം 2025 റാങ്ക് ലിസ്റ്റിൽ കോടതി നിർദ്ദേശം അംഗീകരിച്ച് പഴയ ഫോർമുലയിലേക്ക് മാറുമെന്ന് ഉന്നത വിദ്യാഭ്യാസമന്ത്രി ആർ ബിന്ദു. പഴയ ഫോർമുല അനുസരിച്ച് പുതുക്കിയ റാങ്ക് പട്ടിക ഇന്ന് തന്നെ ഇറക്കുമെന്നും മന്ത്രി മാധ്യമങ്ങളോട് അറിയിച്ചു. സർക്കാരിന് തിരിച്ചടിയല്ലെന്നും അപ്പീലുമായി മേൽക്കോടതികളിൽ പോയാൽ പ്രവേശന നടപടികള്‍ വൈകുമെന്നത് കൊണ്ടാണ് സുപ്രീംകോടതിയില്‍ അപ്പീൽ പോകാത്തതെന്നും മന്ത്രി കൂട്ടിച്ചേർത്തു.

നിപ ബാധയിൽ മലപ്പുറത്തിന് ആശ്വാസമായി പുതിയ പരിശോധനാഫലം. നിലവിൽ മലപ്പുറത്ത് പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. ഇതിൻ്റെ പശ്ചാത്തലത്തിൽ മലപ്പുറത്ത് വിവിധ പ്രദേശങ്ങളിൽ ഏർപ്പെടുത്തിയിരുന്ന കണ്ടെയ്ൻമെൻ്റ് സോണുകൾ ഒഴിവാക്കി. മലപ്പുറം ജില്ലയിലെ നിപ നിയന്ത്രണങ്ങൾ പൂർണമായും പിൻവലിച്ചതായും അധികൃതർ അറിയിച്ചു. അതേസമയം, സംസ്ഥാനത്ത് നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 499 പേര്‍ ഉള്ളതായി മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു

വർക്കല ഗവ. മോഡൽ ഹയർ സെക്കൻഡറി സ്കൂളിലും പ്ലാവൂർ ഗവ ഹൈസ്കൂളിലും കുട്ടികൾക്കുള്ള ഭക്ഷ്യസാധനങ്ങൾ പണിമുടക്ക് ദിവസം ദുരുപയോഗം ചെയ്‌ത സംഭവം വിദ്യാഭ്യാസ വകുപ്പിന്റെ വിജിലൻസ് വിഭാഗം അന്വേഷിക്കുമെന്ന് വിദ്യഭ്യാസ മന്ത്രി വി ശിവൻകുട്ടി. വർക്കല ഗവൺമെന്റ് മോഡൽ ഹയർ സെക്കൻഡറി സ്‌കൂൾ, പ്ലാവൂർ ഗവ. ഹൈസ്‌കൂൾ എന്നിവിടങ്ങളിലെ അധ്യാപകർക്ക് എതിരെയാണ് പരാതി. രാജ്യമൊട്ടാകെയുള്ള 10 പ്രതിപക്ഷ ട്രേഡ് യൂണിയനുകള്‍ സംയുക്തമായി പ്രഖ്യാപിച്ച ദേശീയ പണിമുടക്ക് ദിവസമാണ് സംഭവം.

ചാരക്കേസിൽ അറസ്റ്റിലായ വ്ലോഗര്‍ ജ്യോതി മൽഹോത്ര കേരളത്തിലെ വന്ദേഭാരത് ട്രെയിന്‍ സര്‍വീസിന്‍റെ ഉദ്ഘാടനത്തിൽ പങ്കെടുത്ത സംഭവത്തിൽ മുൻ കേന്ദ്ര മന്ത്രി വി മുരളീധരനെതിരെ ആരോപണവുമായി കോണ്‍ഗ്രസ് നേതാവ് സന്ദീപ് വാര്യര്‍. ബിജെപിയാണ് ജ്യോതി മൽഹോത്രയ്ക്ക് വന്ദേ ഭാരത ട്രെയിനിൽ യാത്ര ചെയ്യുന്നതിനുള്ള പാസ് നൽകിയത്. വി.മുരളീധരൻ എന്തിനെയാണ് ഭയക്കുന്നത്? അന്വേഷണത്തിന് തയ്യാറാകണമെന്നും വി.മുരളീധരന്‍റെ ഭാര്യയുടെ എൻ.ജി.ഒയിൽ അന്വേഷണം വേണമെന്നും സന്ദീപ് വാര്യര്‍ പറഞ്ഞു.

കേരളത്തിന് 153.20 കോടി അനുവദിച്ച് കേന്ദ്ര സർക്കാർ. പ്രളയ, മണ്ണിടിച്ചിൽ ബാധിത സംസ്ഥാനങ്ങൾക്ക് അനുവദിച്ച ധനസഹായമായാണ് തുക അനുവദിച്ചിരിക്കുന്നത്. പ്രകൃതി ദുരന്തമുണ്ടായ ഹിമാചൽ, ഉത്തരാഖണ്ഡ്, അസം, മണിപ്പൂർ, മേഘാലയ, മിസോറാം എന്നീ സംസ്ഥാനങ്ങൾക്കും തുക അനുവദിച്ചിട്ടുണ്ട്.

യെമനിൽ ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയയുടെ വധശിക്ഷയിൽ അടിയന്തിരമായി ഇടപെടണമെന്നാവശ്യപ്പെട്ട് രാഷ്ട്രീയ നേതാക്കൾ. നിമിഷപ്രിയയുടെ മോചനത്തില്‍ അടിയന്തിരമായി ഇടപെടണമെന്ന് രാഷ്ട്രപതിക്ക് അയച്ച കത്തിൽ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞു. ഇക്കാര്യം ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്കും ജോസ് കെ മാണി എംപി കത്തയച്ചു. നിമിഷ പ്രിയയുടെ ജീവൻ രക്ഷിക്കാൻ കേന്ദ്രസർക്കാർ അടിയന്തര ഇടപെടൽ നടത്തണമെന്ന് ജോസ് കെ മാണി കത്തിൽ ആവശ്യപ്പെട്ടു.

പാലക്കാട് ജില്ലയിലെ അട്ടപ്പാടി ആസ്ഥാനമാക്കി ഒരു ട്രൈബൽ താലൂക്ക് സപ്ലൈ ഓഫീസ് രൂപീകരിക്കാന്‍ സര്‍ക്കാര്‍ തീരുമാനം. താലൂക്ക് സപ്ലൈ ഓഫീസർ, അസിസ്റ്റന്റ് താലൂക്ക് സപ്ലൈ ഓഫീസർ, റേഷനിംഗ് ഇൻസ്പെക്ടർ എന്നിവയുടെ ഓരോ തസ്തികൾ സൃഷ്ടിക്കും. മറ്റ് ജീവനക്കാരെ പൊതുവിതരണ വകുപ്പിൽ നിന്നായിരിക്കും പൂനർവിന്യസിക്കുക.

സർവകലാശാലകളുടെ കാവിവത്കരണത്തിനെതിരെ എസ്എഫ്ഐയുടെ രാജ്ഭവൻ മാർച്ച് അവസാനിച്ചു. ശക്തമായ പ്രതിഷേധമുയർന്ന മാർച്ചിൽ പൊലീസിൻ്റെ ബാരിക്കേഡ് എസ്എഫ്ഐ പ്രവർത്തകർ തകർത്തു.പ്രതിഷേധം അവസാനിപ്പിച്ചുകൊണ്ട് സംസാരിച്ച നേതാക്കൾ ഗവർണർക്കും വിസിക്കും പ്രതിപക്ഷ നേതാവ് വിഡി സതീശനുമെതിരെ രൂക്ഷ വിമർശനം ഉയർത്തി. എസ്എഫ്ഐ നേതാക്കളെയും പ്രവർത്തകരെയും പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.

കോന്നി പാറമടയിൽ ഹിറ്റാച്ചിക്ക് മുകളിലേക്ക് പാറക്കല്ല് വീണ് തൊഴിലാളികൾ മരിച്ച സംഭവത്തിൽ പാറമട ഉടമയ്ക്കെതിരെ കേസെടുക്കും. തൊഴിലാളികൾക്ക് വേണ്ടത്ര സുരക്ഷ ഉണ്ടായിരുന്നില്ലെന്ന തൊഴിൽ വകുപ്പ് കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി. സർക്കാർ ഭൂമി കയ്യേറി പാറ പൊട്ടിച്ചു എന്ന പരാതിയും പരിശോധിക്കും. പാറമടയിൽ സംയുക്ത ഉദ്യോഗസ്ഥ സംഘം പരിശോധന നടത്തും. കോന്നിയിൽ ജില്ലാ കളക്ടർ വിളിച്ചു ചേർത്ത വകുപ്പു മേധാവികളുടെ യോഗത്തിലാണ് തീരുമാനം. ഇതരസംസ്ഥാനക്കാരായ രണ്ടുപേർക്കാണ് അപകടത്തിൽ ജീവൻ നഷ്ടമായത്.

കോട്ടയം മെഡിക്കൽ കോളേജ് കെട്ടിടം തകർന്ന് മരിച്ച ബിന്ദുവിന്‍റെ കുടുംബത്തിന് സര്‍ക്കാര്‍ നല്‍കിയ ധനസഹായ തൃപ്തികരമല്ലെന്ന് കോണ്‍ഗ്രസ് നേതാവ് അടൂര്‍ പ്രകാശ്. ബിന്ദുവിന്‍റെ കുടുംബത്തിന് 25 ലക്ഷം രൂപ നൽകണമെന്നാണ് അടൂർ പ്രകാശ് പറയുന്നത്. സര്‍ക്കാര്‍ നല്‍കിയ 10 ലക്ഷം രൂപ പോരെന്നും മകള്‍ക്കും ജോലി നല്‍കണം എന്നുമാണ് അദ്ദേഹം ആവശ്യപ്പെട്ടത്. ബിന്ദുവിന്‍റെ കുടുംബത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്ന് 10 ലക്ഷം രൂപ ധനസഹായം അനുവദിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചിരുന്നു.

കടുവ കടിച്ചു കൊന്ന മലപ്പുറം ചോക്കാട് സ്വദേശി ഗഫൂർ അലിയുടെ ഭാര്യ ഉള്ളാട്ടിൽ ഹന്നത്ത് വനം വകുപ്പിൽ താൽക്കാലിക ജീവനക്കാരിയായി ജോലിയിൽ പ്രവേശിച്ചു. നിലമ്പൂർ സൗത്ത് ഡിഎഫ്ഒ ഓഫീസിൽ എത്തിയാണ് ജോലിയിൽ പ്രവേശിച്ചത്. കഴിഞ്ഞ മെയ് 15 നാണ് കാളികാവ് അടക്കാക്കുണ്ട് എസ്റ്റേറ്റിൽ വെച്ച് ടാപ്പിംഗിനിടയിൽ ഗഫൂർ അലിയെ കടുവ കടിച്ച് കൊന്നത്.

മൂന്നാറിൽ ബോംബ് ഭീഷണി മുഴക്കിയ ഡൽഹി സ്വദേശി പിടിയിൽ. മൈസൂറിൽ സമാനമായ കേസിൽ അറസ്റ്റിലായ ഖാലിദ് എന്ന നിധിൻ ശർമ്മയാണ് മൂന്നാർ പൊലീസിന്‍റെ പിടിയിലായത്. മോഷ്ടിച്ച ഫോണിൽ നിന്നും മൂന്നാർ പൊലീസിന് ബോംബ് ഭീഷണി മുഴക്കി ഇയാൾ മെയിൽ അയക്കുകയായിരുന്നു. കഴിഞ്ഞ ഏപ്രിൽ 30 നാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. മൂന്നാറിലെ റിസോർട്ടുകളിലും ഹോട്ടലുകളിലും ബോംബ് വെച്ചിട്ടുണ്ടെന്ന് സൂചിപ്പിച്ച് ഖാലിദ് പൊലീസിന് മെയിൽ അയക്കുകയിരുന്നു.

തിരുവനന്തപുരം വഞ്ചിയൂർ കോടതിയിൽ നിന്നും ലഹരി കേസിലെ തൊണ്ടിമുതൽ കാണാതായ സംഭവത്തിൽ കേസെടുത്ത് പൊലീസ്. കഴക്കൂട്ടം പൊലീസ് പിടികൂടി എൽഎസ്‍ഡി സ്റ്റാമ്പും ഹാഷിഷ് ഓയിലും കാണാതായതിലാണ് കേസെടുത്തത്.

പതിനൊന്ന് വയസുകാരി ചികിത്സയിലിരിക്കെ മരിച്ചു. പന്തളം കടയ്ക്കാട് സ്വദേശി ഹന്നാ ഫാത്തിമയാണ് മരിച്ചത്. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. മരണ കാരണം കണ്ടെത്താൻ പെൺകുട്ടിയുടെ സ്രവ സാമ്പിളുകൾ ആരോഗ്യ വകുപ്പ് പരിശോധനക്കയച്ചു.

ഉളിയിൽ ഖദീജ കൊലക്കേസിൽ പ്രതികളായ സഹോദരങ്ങൾക്ക് ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി. ഖദീജയുടെ സഹോദരങ്ങളായ കെഎൻ ഇസ്മായിൽ, കെഎൻ ഫിറോസ് എന്നിവരെയാണ് തലശേരി അഡീഷണൽ സെഷൻസ് കോടതി ശിക്ഷിച്ചത്. ഉളിയിൽ സ്വദേശി ഖദീജയെ കൊലപ്പെടുത്തിയത് രണ്ടാം വിവാഹം കഴിക്കുന്ന വിരോധത്തിലാണെന്ന് കോടതി കണ്ടെത്തിയിരുന്നു.

ഗുരുഗ്രാമിൽ സംസ്ഥാന തല ടെന്നീസ് താരമായ യുവതിയെ പിതാവ് വെടിവെച്ച് കൊലപ്പെടുത്തി.25കാരിയായ രാധിക യാദവ് ആണ് കൊല്ലപ്പെട്ടത്. വ്യാഴാഴ്ച രാവിലെ 10.30ഓടെ ഗുരുഗ്രാമിലെ സെക്ടര്‍ 57ലെ സുശാന്ത് ലോക് രണ്ടാം ഫേയ്സിലെ വീട്ടിൽ വെച്ചാണ് സംഭവം. കൊലപാതകത്തിന്‍റെ കാരണം വ്യക്തമല്ലെന്നും അന്വേഷണം നടക്കുകയാണെന്നും പൊലീസ് അറിയിച്ചു.

താനെ സ്കൂളിലെ ശുചിമുറിയിൽ രക്തക്കറ കണ്ടതിന് പിന്നാലെ 10 വിദ്യാർത്ഥിനികളെ വസ്ത്രമഴിച്ച് ആ‍ർത്തവ പരിശോധന നടത്തി അധ്യാപകർ. മഹാരാഷ്ട്രയിലെ താനെയിലാണ് സംഭവം. സംഭവത്തിൽ 4 വനിതാ അധ്യാപകരും സ്കൂളിലെ രണ്ട് ട്രസ്റ്റിമർക്കുമെതിരെ കേസ്. സ്കൂൾ പ്രിൻസിപ്പലിനെയും സഹായിയെയും പൊലീസ് ബുധനാഴ്ച അറസ്റ്റ് ചെയ്തു. അറസ്റ്റ് ചെയ്ത അധ്യാപകരെ ഇന്ന് കോടതിയിൽ ഹാജരാക്കി.

നടനും സ്റ്റാന്‍ഡ് അപ് കൊമേഡിയനുമായ കപിൽ ശര്‍മയുടെ കാനഡയിലെ ബ്രിട്ടീഷ് കൊളംബിയയിലെ സറേയിലെ കഫേയിൽ വെടിവെപ്പ്. കപിൽ കപ്സ് കഫേ എന്ന കപിൽ ശര്‍മ അടുത്തിടെ തുടങ്ങിയ കഫേക്കുനേരെയാണ് ആക്രമണം ഉണ്ടായത്. ബുധനാഴ്ച രാത്രിയാണ് കഫേക്കുനേരെ വെടിവെപ്പുണ്ടായത്. ആക്രമണത്തിൻ്റെ ഉത്തരവാദിത്തം ഖലിസ്ഥാൻ ഗ്രൂപ്പ് ഏറ്റെടുത്തെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ഗ്രീസിലെ ടാനഗ്രയിൽ റഫാൽ യുദ്ധവിമാനങ്ങളുടെ ചിത്രങ്ങളും ഹെല്ലനിക് എയ്‌റോസ്‌പേസ് ഇൻഡസ്ട്രി (HAI) കേന്ദ്രങ്ങളുടെ ദൃശ്യങ്ങളും പകർത്തിയ നാല് ചൈനീസ് പൗരന്മാരെ അറസ്റ്റ് ചെയ്തു. അറസ്റ്റിലായവരിൽ ഒരു യുവതിയും ഉൾപ്പെടുന്നു. സൈനിക കേന്ദ്രങ്ങളുടെ ചിത്രങ്ങൾ എടുക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ഹെല്ലനിക് വ്യോമസേന പൊലീസ് ഇവരെ അറസ്റ്റ് ചെയ്ത് പ്രാദേശിക പോലീസിന് കൈമാറുകയായിരുന്നു.

അമേരിക്കൻ സംസ്ഥാനമായ ന്യൂ മെക്‌സിക്കോയിലുണ്ടായ മിന്നല്‍ പ്രളയത്തില്‍ വന്‍ നാശനഷ്ടം. വെള്ളപ്പൊക്കത്തിൽ മൂന്ന് പേര്‍ മരണപ്പെട്ടുവെന്നും നിരവധി പേരെ കാണാതായി എന്നുമാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. അപ്രതീക്ഷിതമായി പെയ്ത കനത്ത മഴയിലുണ്ടായ പ്രളയയത്തിൽ നിരവധി വീടുകള്‍ പ്രളയത്തില്‍ ഒലിച്ചുപോയിട്ടുണ്ട്. നേരത്തെ യുഎസിലെ ടെക്‌സസിലുണ്ടായ മിന്നല്‍ പ്രളയത്തില്‍ നൂറോളം പേര്‍ മരണപ്പെട്ടിരുന്നു. അതിനിടയിലാണ് ന്യൂമെക്‌സിക്കോയിലും പ്രളയമുണ്ടായത്‌.

വിയന്നയിൽ നടക്കുന്ന ഒപെകിന്റെ 9-ാമത് അന്താരാഷ്ട്ര സെമിനാറിൽ കുവൈത്ത് എണ്ണ മന്ത്രി താരിഖ് സുലൈമാൻ അൽ-റൂമിയും ഇന്ത്യയുടെ പെട്രോളിയം, പ്രകൃതി വാതക വകുപ്പ് മന്ത്രി ഹർദീപ് സിംഗ് പുരിയും തമ്മിൽ ഉന്നതതല ചർച്ച നടന്നു. ഇന്ത്യ-കുവൈത്ത് ഊർജ മേഖലയിൽ തമ്മിലുള്ള സഹകരണ ബന്ധം കൂടുതൽ ശക്തമാക്കാനാണ് ചർച്ചയിലെ മുഖ്യവിഷയം.

കോയമ്പത്തൂര്‍ ബോംബ് സ്‌ഫോടനക്കേസില്‍ പിടികിട്ടാപ്പുള്ളിയായ രാജ എന്ന ടൈലര്‍ രാജ(48) അറസ്റ്റില്‍. 26 വര്‍ഷമായി ഒളിവിലായിരുന്ന ടൈലര്‍ രാജയെ ബുധനാഴ്ച കര്‍ണാടകയില്‍നിന്നാണ് കോയമ്പത്തൂര്‍ സിറ്റി പോലീസ് അറസ്റ്റ് ചെയ്തത്.

 

Sharing is caring!

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *