വിദ്യഭ്യാസ വകുപ്പിനെതിരെ സോഷ്യൽ മീഡിയ വഴി വ്യാജപ്രചരണം നടത്തുന്നതുമായി ബന്ധപ്പെട്ട് ഡി ജി പിയ്ക്ക് പരാതി നൽകി പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടിയുടെ ഓഫീസ്. വിദ്യാർത്ഥികൾ വെള്ളിയാഴ്ചകളിൽ മതപരമായ ചടങ്ങുകൾക്കായി സ്‌കൂളിന് പുറത്തു പോകുന്നത് കർശനമായി നിരോധിക്കും എന്ന പേരിൽ മന്ത്രിയുടെ ഫോട്ടോ സഹിതം പോസ്റ്ററുകൾ ഫേസ്ബുക്കിൽ പ്രചരിച്ചിരുന്നു. ഇനിതിനെതിരെയാണ് ഡിജിപിക്ക് പരാതി നൽകിയത്.
സംസ്ഥാനത്ത് നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 485 പേര്‍ ഉള്ളതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. മലപ്പുറം ജില്ലയില്‍ 192 പേരും കോഴിക്കോട് 114 പേരും പാലക്കാട് 176 പേരും എറണാകുളത്ത് 2 പേരും, കണ്ണൂരില്‍ ഒരാളുമാണ് സമ്പര്‍ക്കപ്പട്ടികയിലുള്ളത്. മലപ്പുറത്ത് 18 പേരാണ് ചികിത്സയിലുള്ളത്. ഒരാള്‍ ഐസിയു ചികിത്സയിലുണ്ട്.
മലപ്പുറം ജില്ലയിലും നിപ സ്ഥിരീകരിച്ച സാഹചര്യത്തില്‍ വയനാട്ടിലും ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ടി മോഹന്‍ദാസ്.രോഗസാധ്യത ലക്ഷണങ്ങള്‍ നിരീക്ഷിച്ച് റിപ്പോര്‍ട്ട് ചെയ്യാന്‍ എല്ലാ ആരോഗ്യ കേന്ദ്രങ്ങള്‍ക്കും നിര്‍ദ്ദേശം നല്‍കിയതായി മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.
യെമനിൽ വധശിക്ഷയ്ക്ക് വിധിച്ച മലയാളി നഴ്സ് നിമിഷപ്രിയയുടെ ശിക്ഷ ഈ മാസം 16ന് നടത്തുമെന്ന് റിപ്പോർട്ട്. ജയിൽ അധികൃതർക്ക് ഇത് സംബന്ധിച്ച ഉത്തരവ് കിട്ടിയെന്നാണ് വിവരം. യെമനിലെ പബ്ലിക് പ്രോസിക്യൂട്ടർ ഓഫീസിൽ നിന്നാണ് ഉത്തരവ് ലഭിച്ചത്. യമൻ പൗരനെ കൊന്ന കേസിലാണ് മലയാളിയായ നിമിഷപ്രിയ ജയിലിൽ കഴിയുന്നത്.
യെമനിൽ ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയയുടെ വധശിക്ഷ നടപ്പാക്കുമെന്ന വിവരം ഏറെ ദു:ഖകരവും ദൗർഭാഗ്യകരവുമാണെന്ന് സേവ് നിമിഷ പ്രിയ ആക്ഷൻ കമ്മിറ്റി ചെയർമാനും നെന്മാറ എംഎൽഎയുമായ കെ ബാബു. എംബസിയുടെ പ്രവർത്തനങ്ങൾ അവിടെ കാര്യമായില്ല. ഗ്രോത സമുദായങ്ങളാണ് അവിടെ കാര്യങ്ങൾ തീരുമാനിക്കുന്നതെന്നും കെ ബാബു പറഞ്ഞു. നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കുമെന്ന് ഉത്തരവ് വന്നതിന് പിന്നാലെയാണ് എംഎൽഎയുടെ പ്രതികരണം.
ഹിന്ദു പിന്തുടർച്ചാവകാശത്തിൽ നിർണായക ഉത്തരവുമായി ഹൈക്കോടതി. ഹിന്ദു കുടുംബങ്ങളിലെ പൂർവികസ്വത്തിൽ കേരളത്തിലും പെൺമക്കൾക്ക് തുല്യാവകാശം ഉറപ്പിച്ച് സിംഗിൾ ബെഞ്ച്. ജസ്റ്റിസ് ഈശ്വരനാണ് സുപ്രധാന ഉത്തരവിറക്കിയത്. 2004 ഡിസംബർ 20 ന് ശേഷം മരിച്ചവരുടെ സ്വത്തുക്കളിൽ പെൺമക്കൾക്കും തുല്യാവകാശമുണ്ട്. 1975ലെ കേരള കൂട്ടുകുടുംബ വ്യവസ്ഥ നിർത്തലാക്കൽ നിയമം നിലനിൽക്കില്ല എന്ന് കോടതി പറഞ്ഞു.
കെഎസ്ആർടിസിയിൽ ഡയസ്നോൺ പ്രഖ്യാപിച്ച് ഉത്തരവിറക്കി. ജോലിക്ക് ഹാജരായില്ലെങ്കിൽ ശമ്പളം പിടിക്കും. ജൂലൈ മാസത്തെ ശമ്പളത്തിൽ നിന്ന് ഈ തുക ഈടാക്കുമെന്നും ഉത്തരവിൽ പറയുന്നു. പണിമുടക്ക് നേരിടാൻ 10 ഇന നിർദ്ദേശങ്ങളുമായാണ് മെമ്മോറാണ്ടം പ്രഖ്യാപിച്ചിട്ടുള്ളത്. അതേ സമയം, സർക്കാർ ഇത് വരെ ഡയസ്നോൺ പ്രഖ്യാപിച്ചിട്ടില്ല.
പ്രതിപക്ഷ ട്രേഡ് യൂണിയനുകളും സർവീസ് സംഘടനകളും പ്രഖ്യാപിച്ച 24 മണിക്കൂർ ദേശീയ പണിമുടക്ക് ഇന്ന് അർദ്ധരാത്രി മുതൽ. കേന്ദ്ര സർക്കാരിൻ്റെ പുതിയ ലേബർ കോഡുകൾ പിൻവലിക്കണമെന്നതുൾപ്പെടെ 17 ഇന ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. ബിഎംഎസ് ഒഴികെയുള്ള സകല തൊഴിലാളി സംഘടനകളും പണിമുടക്കിൻ്റെ ഭാഗമാകുമെന്ന് സംഘാടകർ അവകാശപ്പെട്ടു.
പാക്കിസ്ഥാന് വേണ്ടി ചാരവൃത്തി നടത്തിയെന്ന കേസിൽ അറസ്റ്റിലായ യൂട്യൂബർ ജ്യോതി മൽഹോത്രയ്ക്ക് ഒപ്പമുള്ള കേരളാ ബിജെപി നേതാക്കളുടെ വീഡിയോ പുറത്ത് വന്നതിന് പിന്നാലെ ബിജെപി നേതാക്കൾക്കെതിരെ ആരോപണവുമായി സന്ദീപ് വാര്യർ. വന്ദേ ഭാരത ട്രെയിനിന്റെ ഉദ്ഘാടന യാത്രയ്ക്കുള്ള പാസുകൾ ബിജെപി ഓഫീസിൽ നിന്നാണ് നേരിട്ട് വിതരണം ചെയ്തെന്നും പാക്കിസ്ഥാൻ ചാരയായ ജ്യോതി മൽഹോത്രക്ക് ബിജെപി ഓഫീസിൽ നിന്ന് ആരാണ് വന്ദേ ഭാരത് പാസ് നൽകിയത് എന്ന് അന്നത്തെ സംസ്ഥാന പ്രസിഡണ്ട് വെളിപ്പെടുത്തണമെന്നും സന്ദീപ് വാര്യർ ആവശ്യപ്പെട്ടു.
വ്ലോഗർ ജ്യോതി മൽഹോത്ര വിവാദവുമായി ബന്ധപ്പെട്ട് പ്രതികരണവുമായി ബിജെപി നേതാവ് വി മുരളീധരൻ. ഇതു പുതിയ വാർത്ത അല്ലെന്നും കഴിഞ്ഞ മെയ് മാസത്തിൽ തന്നെ മലയാളം മാധ്യമങ്ങളിലെല്ലാം ഈ സംഭവം വന്നിട്ടുള്ളതാണെന്നും വി മുരളീധരൻ പ്രതികരിച്ചു. അന്ന് ഈ വിഷയത്തിൽ വിശദമായ പ്രതികരണം നൽകുകയും ചെയ്തിരുന്നു. വ്ലോഗർക്കൊപ്പമുള്ള മുരളീധരൻ്റെ ചിത്രങ്ങൾ പുറത്തുവന്നിരുന്നു. കോഴിക്കോട് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു വി മുരളീധരൻ.
സംസ്ഥാന ജലഗതാഗത വകുപ്പിന്റെ ബജറ്റ് ടൂറിസം പദ്ധതിയുടെ ഭാഗമായി, ഗൾഫ് രാജ്യങ്ങളിലെ ഡെസേർട്ട് സഫാരിക്ക് സമാനമായ ‘കുട്ടനാട് സഫാരി’ ആരംഭിക്കാൻ ഒരുങ്ങുന്നു. ഇതിന്റെ മുന്നോടിയായി ഗതാഗത വകുപ്പ് മന്ത്രി കെ.ബി. ഗണേഷ് കുമാർ മുഹമ്മ ഗ്രാമപഞ്ചായത്തിലെ പാതിരമണൽ ദ്വീപ് സന്ദർശിച്ചു. കുട്ടനാടിന്റെ മുഴുവൻ സൗന്ദര്യവും ഒറ്റ ബോട്ട് യാത്രയിൽ ആസ്വദിക്കാൻ കഴിയുന്ന തരത്തിലായിരിക്കും ഈ പദ്ധതി നടപ്പിലാക്കുകയെന്ന് മന്ത്രി അറിയിച്ചു.
രക്തദാന രംഗത്ത് വർദ്ധിച്ചുവരുന്ന തട്ടിപ്പുകൾക്കെതിരെ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് കേരള പോലീസ് മുന്നറിയിപ്പ് നൽകി. രക്തം ദാനം ചെയ്യാൻ ആളുകളെ എത്തിക്കാമെന്ന് വ്യാജ വാഗ്ദാനം നൽകി, രക്തം ആവശ്യമുള്ളവരിൽ നിന്ന് വലിയ തുക മുൻകൂറായി വാങ്ങി കബളിപ്പിക്കുന്നതാണ് തട്ടിപ്പ് സംഘങ്ങളുടെ പ്രധാന രീതിയെന്ന് പൊലീസ് അറിയിച്ചു.
സംസ്ഥാനത്തെ സർവകലാശാലകളെ കലാപഭൂമിയാക്കാൻ ഗവർണർ ആസൂത്രിതമായി ശ്രമിക്കുകയാണെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. ഓരോ സർവകലാശാലയിലും തങ്ങളുടെ ശിങ്കിടികളെ തിരുകിക്കയറ്റി സമാധാനപരമായ അന്തരീക്ഷം തകർക്കാനാണ് ഗവർണർ ശ്രമിക്കുന്നതെന്നാണ് മന്ത്രിയുടെ ആരോപണം.
സർകലാശാല സമരത്തിൽ എസ്എഐ സംസ്ഥാന സെക്രട്ടറി ഉൾപ്പെടെ 27 പേർക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ്. സമരത്തിനിടെ 10,000 രൂപയുടെ നാശനഷ്ടവും 5 പൊലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേൽക്കുകയും ചെയ്തെന്ന് അധികൃതർ അറിയിച്ചു. സിറ്റി പൊലിസ് കമ്മീഷണറുടെ നിർദ്ദേശപ്രകാരമാണ് ജാമ്യമില്ലാ കുറ്റം ചുമത്തിയത്.
സംസ്ഥാനത്തെ സര്‍വകലാശാലകളില്‍ സര്‍ക്കാര്‍ സ്‌പോണ്‍സേഡ് ഗുണ്ടായിസമാണ് എസ്.എഫ്.ഐയുടെ നേതൃത്വത്തില്‍ നടത്തിയത്. സി.പി.എമ്മിന്റെ റെഡ് വോളന്റിയര്‍മാരെ പോലെ എസ്.എഫ്.ഐ പ്രവര്‍ത്തകരുടെ അക്രമത്തിന് കേരള പൊലീസും കൂട്ടുനിന്നു..പി.എമ്മിന് മുന്നില്‍ നട്ടെല്ല് പണയംവച്ച പൊലീസ് സേനയെയാണ് കേരളം ഇന്ന് കണ്ടത്. ജനം എല്ലാ കണ്ടുകൊണ്ടിരിക്കുകയാണെന്നത് മറക്കരുതെന്ന് മാത്രമെ സര്‍ക്കാരിനോട് പറയാനുള്ളൂ എന്നും അദ്ദേഹം പറഞ്ഞു.
മുന്നണി മാറ്റത്തെക്കുറിച്ചുള്ള വാർത്തകളെ തള്ളുന്നുവെന്ന് കേരള കോൺഗ്രസ് എം നേതാവ് ജോസ് കെ മാണി. ഇടതുമുന്നണിയുടെ അവിഭാജ്യഘടകമായ കേരളാ കോണ്‍ഗ്രസ് (എം) മുന്നണിയെ രാഷ്ട്രീയമായി ശക്തിപ്പെടുത്തുന്നതിനും മുന്നണിയുടെ ജനകീയ അടിത്തറ വിപുലപ്പെടുത്തുന്നതിനുമായി നിരന്തരം പരിശ്രമിക്കുകയാണ്. നേതൃസ്ഥാനത്തിന്റെ പേരില്‍ കലഹിക്കുന്ന യു.ഡി.എഫിനെ രക്ഷിക്കാന്‍ ചില കേന്ദ്രങ്ങള്‍ തുടര്‍ച്ചയായി വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരത്ത് ഹോട്ടലുടമയെ കൊല്ലപ്പെട്ടനിലയിൽ കണ്ടെത്തി. വഴുതക്കാട് കേരള കഫേ ഉടമ ജസ്റ്റിൻ രാജ് ആണ് മരിച്ചത്. ഇടപ്പഴഞ്ഞിയിലെ വീട്ടിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിന് ശേഷം രണ്ട് ഹോട്ടൽ തൊഴിലാളികൾ ഒളിവിൽ പോയെന്ന് പൊലീസ് പറയുന്നു. ഇയാളുടെ വീട്ടിൽ താമസിച്ചിരുന്ന കടയിലെ ജീവനക്കാരായ വിഴിഞ്ഞം സ്വദേശിയും നേപ്പാൾ സ്വദേശിയുമാണ് ഒളിവിലുള്ളത്. പ്രതികൾക്കായി തെരച്ചിൽ നടന്നുവരികയാണ്.
ആരോഗ്യ വകുപ്പിനെതിരെ ആഞ്ഞടിച്ച് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡണ്ട് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. 2018 മുതൽ ഇതുവരെ സർക്കാർ മേഖലയിലെ ആശുപത്രിയിലാണോ നിപ പ്രതിരോധം നടന്നതെന്നും 2018 മുതൽ ഇതുവരെ ഏഴു തവണ നിപ റിപ്പോർട്ട് ചെയ്ത സംഭവങ്ങളിലും രോഗം സ്ഥിരീകരിച്ചത് സ്വകാര്യ ആശുപത്രികളിലാണെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു.നിപ പ്രതിരോധത്തിൽ സർക്കാർ വീഴ്ച വരുത്തിയെന്നും മരണനിരക്ക് സംബന്ധിച്ച് സർക്കാർ കള്ളക്കണക്കുകൾ നൽകുകയാണെന്നും രാഹുൽ ആരോപിച്ചു.
കൊച്ചി അമ്പലമുകളിലെ ഹിന്ദുസ്ഥാന്‍ ഓര്‍ഗാനിക് കെമിക്കല്‍സില്‍ തീപ്പിടിത്തം. പുക ശ്വസിച്ച് കുഴഞ്ഞുവീണ അഞ്ച് ജീവനക്കാരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രദേശത്തുനിന്ന് 30 ലേറെ കുടുംബങ്ങളെ ഒഴിപ്പിച്ചു.
കേരള പൊതുമരാമത്ത് വകുപ്പിന്റെ വെബ് അധിഷ്ഠിത റോഡ് മാനേജ്‌മെന്റ് സംവിധാനത്തിനായി തയ്യാറാക്കിയ ഐറോഡ്‌സ് സോഫ്‌റ്റ് വെയറിന് ഇന്റർനാഷണൽ റോഡ് ഫെഡറേഷന്റെ 2025ലെ ഗ്ലോബൽ റോഡ് അച്ചീവ്‌മെന്റ് പുരസ്‌കാരം ലഭിച്ചു. കാലാവസ്ഥാ വ്യതിയാനത്തെ പ്രതിരോധിക്കാൻ ഉതകും വിധത്തിൽ കേരളത്തിലെ റോഡുകൾ ശക്തിപ്പെടുത്തുന്നതിനുള്ള പ്രവർത്തനങ്ങൾക്കാണ് പുരസ്‌കാരം.
സുൽത്താൻ ബത്തേരി സ്വദേശിയായ ഹേമചന്ദ്രനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി നൗഷാദ് ഇന്ത്യയിലെത്തി. വിസ കാലാവധി കഴിഞ്ഞതോടെ യുഎഇയിലുള്ള ബംഗളൂരു ഇന്റർനാഷണൽ എയർപോർട്ടിൽ ഇറങ്ങിയ പ്രതിയെ ലുക്ക്ഔട്ട് നോട്ടീസുള്ളതിനാൽ വിമാനത്താവള ഉദ്യോഗസ്ഥർ തടഞ്ഞുവച്ചു. കോഴിക്കോട് മെഡിക്കൽ കോളേജ് പൊലീസ് ബംഗളുരുവിലെത്തി പ്രതിയെ വാങ്ങും. മെഡിക്കൽ കോളേജ് പൊലീസ് സംഘം ബാംഗ്ലൂരിലേക്ക് പുറപ്പെട്ടു. യുഎഇയിലായിരുന്ന പ്രതി വിസ കാലാവധി കഴിഞ്ഞതിനെ തുടർന്നാണ് തിരിച്ചു വന്നത്.
കോട്ടയത്ത് ബിന്ദു മരിക്കുന്ന ദിവസം ആരോഗ്യവകുപ്പ് മന്ത്രി കോട്ടയത്ത് ഇല്ലായിരുന്നെങ്കില്‍ അവരുടെ ജീവന്‍ രക്ഷപ്പെടുമായിരുന്നെന്ന് കെ. മുരളീധരന്‍. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് സംഘടിപ്പിച്ച താലൂക്ക് ആശുപത്രികളുടെ മുന്നിലെ ധര്‍ണാസമരത്തിന്റെ ജില്ലാതല ഉദ്ഘാടനം നെയ്യാറ്റിന്‍കരയില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു കെ. മുരളീധരന്‍..
പുതുക്കാട് താലൂക്ക് ആശുപത്രിയിൽ പുതിയതായി നിർമ്മിച്ച ഐസൊലേഷൻ വാർഡിൻ്റെ സീലിംഗ് തകർന്നുവീണു. ചൊവ്വാഴ്ച രാവിലെ 10 മണിക്കായിരുന്നു സംഭവം. വാർഡിൻ്റെ വരാന്തയിലെ പിവിസി ഷീറ്റിൽ തീർത്ത സീലിംഗാണ് തകർന്നുവീണത്.കഴിഞ്ഞ ഫെബ്രുവരിയിലാണ് ഐസൊലേഷൻ വാർഡ് ഉദ്ഘാടനം കഴിഞ്ഞത്.
ബിജെപി നേതാവ് പി സി ജോർജിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ. ഹൈക്കോടതിയിലാണ് സർക്കാർ അപേക്ഷ നൽകിയത്. പാലാരിവട്ടം പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ പി സി ജോർജിന് നേരത്തെ ജാമ്യം നൽകിയിരുന്നു.
സംസ്ഥാനത്തെ സ്കൂൾ സമയമാറ്റത്തിൽ പ്രത്യക്ഷ സമരത്തിലേക്ക് കടക്കുന്നുവെന്ന് സമസ്ത. സർക്കാറിന് നൽകിയ പരാതി പരിഗണിക്കാത്തതിനെ തുടർന്നാണ് സമരത്തിലേക്ക് കടക്കുന്നതെന്ന് സമസ്ത കേരള മദ്രസ മാനേജ്മെന്‍റ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി വാർത്താക്കുറിപ്പിലൂടെ അറിയിച്ചു. സമയമാറ്റം മദ്രസ വിദ്യാഭ്യാസത്തെ ബാധിക്കില്ല എന്ന വാദം തെറ്റാണെന്നും വാർത്താക്കുറിപ്പിൽ വിശദീകരിച്ചിട്ടുണ്ട്.
കേരളത്തിൽ അടുത്ത 5 ദിവസം മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഗംഗാതട പശ്ചിമ ബംഗാളിന് മുകളിലായി ന്യൂനമർദ്ദം സ്ഥിതിചെയ്യുന്നുണ്ട്. കേരളത്തിൽ ജൂലൈ 12 വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ചെങ്കടലിൽ ചൈനീസ് സൈനിക കപ്പൽ ജർമ്മൻ നിരീക്ഷണ വിമാനത്തെ ലേസർ ഉപയോഗിച്ച് ലക്ഷ്യമിട്ടതായി ജർമനിയുടെ ആരോപണം. സംഭവത്തിന് പിന്നാലെ, ബെർലിനിലെ ചൈനീസ് അംബാസഡറെ വിളിച്ചുവരുത്തി. യെമനിലെ ഹൂതി വിമതരുടെ ഭീഷണിയിൽ നിന്ന് സിവിലിയൻ കപ്പലുകളെ സംരക്ഷിക്കുന്ന യൂറോപ്യൻ യൂണിയൻ നേതൃത്വത്തിലുള്ള ആസ്പൈഡ്സ് ദൗത്യത്തിന്റെ ഭാഗമായിരുന്നു വിമാനത്തിന്റെ നിരീക്ഷണം.
ഓപ്പറേഷൻ സിന്ദൂറിനിടെ ഇന്ത്യയുടെ യുദ്ധവിമാനമായ റഫാല്‍ വെടിവെച്ച് വീഴ്ത്തിയെന്ന പാകിസ്ഥാന്റെ അവകാശവാദം തള്ളി വിമാന നിർമാതാക്കളായ ദസ്സോ ഏവിയേഷൻ. കമ്പനി ചെയർമാനും സിഇഒയുമായ എറിക് ട്രാപ്പിയറാണ് പാക് അവകാശവാദത്തിന് മറുപടിയുമായി രംഗത്തെത്തിയത്. ഓപ്പറേഷൻ സിന്ദൂരിനിടെ സാങ്കേതിക തകരാർ മൂലം ഇന്ത്യയുടെ ഒരു റഫാല്‍ യുദ്ധവിമാനം നഷ്ടപ്പെട്ടെന്നും അദ്ദേഹം പറഞ്ഞു.
ഗാസയിൽ നിന്ന് പലസ്തീനികളെ മാറ്റിപ്പാർപ്പിക്കാനുള്ള നീക്കത്തിൽ പുരോഗതിയുണ്ടെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും സൂചന നൽകി. യുദ്ധത്തിൽ തകർന്ന ഗാസയെ മിഡിൽ ഈസ്റ്റിന്റെ റിവിയേര ആക്കി മാറ്റുന്നതിന്റെ ഭാഗമായി ഫെബ്രുവരിയിൽ ഗാസ മുനമ്പ് ഏറ്റെടുക്കാനും ഏകദേശം 2 ദശലക്ഷം പലസ്തീനികളെ അയൽ അറബ് രാജ്യങ്ങളിലേക്ക് മാറ്റാനും ട്രംപ് ആവശ്യപ്പെട്ടിരുന്നു. വൈറ്റ് ഹൗസ് സന്ദർശനത്തിനെത്തിയ നെതന്യാഹു മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് ഇക്കാര്യത്തിൽ സൂചന നൽകിയത്.
ഇന്ത്യയില്‍ മാധ്യമ സെന്‍സര്‍ഷിപ്പുണ്ടെന്നും ഇക്കാര്യത്തില്‍ ആശങ്കയുണ്ടെന്നും സാമൂഹികമാധ്യമമായ ‘എക്‌സ്’. അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സിന്റെ ഔദ്യോഗിക എക്‌സ് അക്കൗണ്ട് ഉള്‍പ്പെടെ ഇന്ത്യയില്‍ തടഞ്ഞെന്ന് ചൂണ്ടിക്കാട്ടിയാണ് രാജ്യത്ത് മാധ്യമ സെന്‍സര്‍ഷിപ്പുണ്ടെന്ന് ആരോപിച്ച് ഇലോണ്‍ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള എക്‌സ് രംഗത്തെത്തിയത്.