മുഖ്യമന്ത്രി ചികിത്സക്കായി അമേരിക്കയിലേക്ക് പോയ സംഭവത്തിൽ പ്രതികരണവുമായി എൽഡിഎഫ് കൺവീനർ ടിപി രാമകൃഷ്ണൻ. ചില പ്രത്യേക രോഗങ്ങൾക്ക് മറ്റു രാജ്യങ്ങളിൽ പോയി ചികിത്സ തേടേണ്ടി വരുമെന്ന് ടിപി രാമകൃഷ്ണൻ പറഞ്ഞു. സാധാരണ ജനങ്ങൾക്ക് ഇത്തരം അവസരം കിട്ടുന്നില്ല എന്നതിൽ യാഥാർത്ഥ്യമുണ്ട്. ഇതൊരു മുതലാളിത്ത വ്യവസ്ഥിതി അല്ലേ, സോഷ്യലിസ്റ്റ് വ്യവസ്ഥിതി അല്ലല്ലോ എന്നും ടിപി രാമകൃഷ്ണൻ ചോദിച്ചു.
കോണ്‍ഗ്രസ് സമര സംഗമ വേദിയില്‍ റീല്‍സ് രാഷ്ട്രീയത്തെ വിമര്‍ശിച്ച് എംകെ രാഘവന്‍ എംപി. സാമൂഹ്യ മാധ്യമങ്ങളില്‍ മാത്രം നിറഞ്ഞു നിന്നാല്‍ തെരഞ്ഞെടുപ്പില്‍ വിജയിക്കില്ലെന്ന് എംകെ രാഘവന്‍ എംപി പറഞ്ഞു. എല്ലാവരേയും ഒരുമിച്ച് കൊണ്ടുപോകാന്‍ സാധിച്ചാല്‍ യുഡിഎഫിന് തിരിച്ചു വരാന്‍ കഴിയുമെന്നും എംകെ രാഘവന്‍ എംപി പറഞ്ഞു.
ദേശീയ വിദ്യാഭ്യാസ പദ്ധതി പ്രകാരം 1444 കോടി രൂപ കേന്ദ്ര സർക്കാർ നൽകാനുണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. പലതവണ ആവശ്യപ്പെട്ടിട്ടും പണം നൽകിയില്ല. ഇതിനായി ഇനി കോടതിയെ സമീപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി പറഞ്ഞു. തൻ്റെ പേരിൽ വ്യാജ ഫേസ്ബുക്ക് പോസ്റ്റ് പ്രചരിപ്പിക്കുന്നതായും വി ശിവൻകുട്ടി ആരോപിച്ചു.
കോട്ടയം മെഡിക്കൽ കോളേജിലെ അപകടത്തിൽ മന്ത്രി വീണ ജോർജിനെതിരെ വിമർശനം ശക്തമാവുന്നതിനിടെ വിവാദ പരാമർശവുമായി മന്ത്രി സജി ചെറിയാൻ. സ്വകാര്യ ആശുപത്രികളിൽ മന്ത്രിമാർ ചികിത്സ തേടുന്നത് പുതുമയല്ലെന്ന് മന്ത്രി പറഞ്ഞു. സർക്കാർ ആശുപത്രിയിലെ ചികിത്സയിൽ മരിക്കാൻ തുടങ്ങിയ താൻ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. അങ്ങനെയാണ് ജീവൻ നിലനിർത്തിയതെന്നും പത്തനംതിട്ടയിൽ മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ മന്ത്രി പറഞ്ഞു. വീണ ജോർജിനെ പിന്തുണച്ചും പ്രതിപക്ഷ സമരത്തെ വിമർശിച്ചുമായിരുന്നു മന്ത്രി സംസാരിച്ചത്.
മന്ത്രി സജി ചെറിയാൻ കേരളത്തിലെ സ്വകാര്യ ആശുപത്രികൾക്കെതിരെ സംസാരിക്കാനാണ് സാധ്യതയെന്നും സ്വകാര്യ ആശുപത്രികളെ പിന്തുണച്ച് സംസാരിക്കില്ലെന്നും മന്ത്രി വീണ ജോർജ്ജ്. കേരളത്തിലെ ആശുപത്രികളെല്ലാം വൻ കോർപ്പറേറ്റുകൾ വാങ്ങുകയാണ്. സജി ചെറിയാൻ പറഞ്ഞത് അതിനെക്കുറിച്ചാവുമെന്നും വീണ ജോർജ് മലപ്പുറത്ത് മാധ്യമപ്രവർത്തകരോട് പറഞ്ഞു.
നിപ വ്യാപനം ഒഴിവാക്കാനുള്ള കര്‍ശനവും സൂക്ഷ്മവുമായ നിരിക്ഷണ നടപടികള്‍ സ്വീകരിക്കുന്നുണ്ടെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്.പാലക്കാട് ഗവ.മെഡിക്കല്‍ കോളേജില്‍ നടന്ന അവലോകന യോഗത്തില്‍ സംസാരിക്കുന്നതിനിടെയാണ് കര്‍ശന നടപടികൾ സ്വീകരിക്കുന്നതിനെ കുറിച്ച് മന്ത്രി വ്യക്തമാക്കിയത്.
ആരോഗ്യ മന്ത്രിക്കെതിരായ സമരങ്ങളിൽ രൂക്ഷ വിമർശനവുമായി ധനമന്ത്രി കെ.എൻ.ബാലഗോപാൽ. യൂത്ത് കോൺഗ്രസും ബിജെപിയും ഒരു മരണത്തെ ആഘോഷമാക്കുന്നുവെന്നും അപകടം ഉണ്ടാകുന്ന സമയത്ത്, അതിന്റെ പേരിൽ ധിക്കാരവും ഗുണ്ടായിസവും കാണിക്കുന്നത് ശരിയല്ലെന്നും ധനമന്ത്രി പ്രതികരിച്ചു. ഞങ്ങൾ ചെയ്ത അത്രയും സമരങ്ങൾ കോൺഗ്രസും ബിജെപിയും ചെയ്തിട്ടുണ്ടാകില്ല. ആരെങ്കിലും ആശുപത്രിയിൽ ചികിത്സയ്ക്ക് എത്തിയാൽ അവരെ ആക്രമിക്കുന്ന രീതിയിലേക്ക് പോകുന്നതാണോ സമരങ്ങളെന്നും നിലവാരമില്ലാത്ത സമരങ്ങൾ നടത്തരുതെന്നും അദ്ദേഹം കൂടിച്ചേർത്തു
കേരളത്തിന്റെ അഭിമാനമായിരുന്ന ഉന്നത വിദാഭ്യാസരംഗത്തെയും ഈ സര്‍ക്കാര്‍ തകര്‍ത്ത് തരിപ്പണമാക്കിയെന്ന് പ്രതിപക്ഷനേതാവ് വിഡി സതീശൻ. സര്‍ക്കാരും രാജ്ഭവനും തമ്മില്‍ കുറേക്കാലമായി ആരംഭിച്ച അധികാര തര്‍ക്കങ്ങള്‍ സര്‍വകലാശാലകളുടെ പ്രവര്‍ത്തനത്തെ അനിശ്ചിതത്വലാക്കി. ഉന്നത വിദ്യാഭ്യാസരംഗത്തെ തകര്‍ത്തതില്‍ സര്‍ക്കാരിനും രാജ്ഭവനും ഒരു പോലെ പങ്കുണ്ടെന്നും അദ്ദേഹം പറഞ്ഞു.
നെടുമ്പാശ്ശേരിയിൽ ഉപരാഷ്ട്രപതിയുടെ സന്ദർശനത്തിനിടെ സുരക്ഷാ വീഴ്ച. സുരക്ഷാ ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥൻ മദ്യപിച്ചെത്തുകയായിരുന്നു. കെഎപി രണ്ടാം ബറ്റാലിയനിലെ ഉദ്യോഗസ്ഥനാണ് മദ്യപിച്ചെത്തിയത്. ഈ ഉദ്യോഗസ്ഥനെതിരെ നടപടിയെടുക്കുമെന്നാണ് വിവരം.
നിര്‍മ്മാതാവ് സാന്ദ്ര തോമസിനെതിരെ മാനനഷ്ട കേസ് ഫയല്‍ ചെയ്ത് നിര്‍മ്മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന്‍. അപകീര്‍ത്തികരമായ പരാമര്‍ശം സാന്ദ്രയുടെ ഭാഗത്തുനിന്ന് ഉണ്ടായെന്ന് ചൂണ്ടിക്കാട്ടിയാണ് കേസ്. രണ്ട് കോടി രൂപ ആവശ്യപ്പെട്ടാണ് കേസ്. സമൂഹമാധ്യമങ്ങളിലൂടെ തന്നെ അപമാനിച്ചെന്ന് ചൂണ്ടിക്കാട്ടി എറണാകുളം മജിസ്ട്രേറ്റ് കോടതിയിലാണ് കേസ് നല്‍കിയിരിക്കുന്നത്.
കോന്നിപയ്യനാമൺ ചെങ്കുളത്ത് പാറമടയിൽ അപകടം. ഹിറ്റാച്ചിക്ക് മുകളിൽ പാറ വീണാണ് അപകടം ഉണ്ടായത്. തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നതായാണ് പ്രാഥമിക വിവരം. ഇവരെ പുറത്തെടുക്കാൻ ശ്രമം തുടങ്ങി. പണി നടക്കുന്നതിനിടെ പാറ വാഹനത്തിന് മുകളിലേക്ക് വീഴുകയായിരുന്നു. കൂടുതൽ ആളുകൾ കുടുങ്ങിയോയെന്ന കാര്യവും പരിശോധിക്കുന്നുണ്ട്.
പയ്യനാമൺ ചെങ്കുളത്ത് പാറമടയിലുണ്ടായ അപകടത്തിൽ ഒരു മൃതദേഹം കണ്ടെത്തി. മണിക്കൂറുകൾ നീണ്ട രക്ഷാപ്രവർത്തനത്തിന് ശേഷമാണ് ഒരാളുടെ മൃതദേഹം കണ്ടെത്തിയത്. എന്നാൽ മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. രണ്ടു ഇതരസംസ്ഥാന തൊഴിലാളികളാണ് പാറമടയിൽ അപകടത്തിൽ പെട്ടത്. പ്രദേശത്ത് രക്ഷാപ്രവർത്തനം ഏറെ ദുഷ്കരമായി തുടരുകയാണ്.
വനിതാ ബറ്റാലിയനിൽ നവമാധ്യമ ഉപയോഗത്തിന് നിയന്ത്രണമേർപ്പെടുത്തി ഉത്തരവ്. പൊലീസ് ചട്ടങ്ങൾ മറികടന്ന് നവമാധ്യമങ്ങൾ ഉപയോഗിക്കുന്നതായി ബറ്റാലിയൻ കമാണ്ടൻ്റ് പറയുന്നു. പൊലീസ് യൂണിഫോമിൽ വ്യക്തിഗത അക്കൗണ്ടിൽ ചിത്രം പങ്കുവയ്ക്കാൻ പാടില്ലെന്ന് ഡിജിപി ഉത്തരവുണ്ട്. ഇത് മറികടന്ന് റീലുകൾ ചിത്രീകരിച്ച സാഹചര്യത്തിലാണ് സർക്കുലർ. നവമാധ്യമ നിയന്ത്രണങ്ങൾ പാലിക്കുമെന്ന് ഓരോ അംഗങ്ങളും സത്യവാങ്മൂലം നൽകണമെന്നും കമാണ്ടൻ്റ് അറിയിച്ചു.
വയനാട് സിപിഎമ്മിൽ വീണ്ടും പൊട്ടിത്തെറി. വിഭാഗീയത ആരോപിച്ച് കോട്ടത്തറ എരിയ കമ്മിറ്റിയിലെ ലോക്കൽ, ബ്രാഞ്ച് അംഗങ്ങൾ രംഗത്ത് വന്നു. കണിയാമ്പറ്റ ലോക്കൽ കമ്മിറ്റി രണ്ടായി വിഭജിച്ചതടക്കം ജില്ലാ കമ്മിറ്റി പിടിക്കാൻ വേണ്ടി നടത്തുന്ന നീക്കമെന്ന ആരോപണമാണ് പാർട്ടിയുടെ പ്രാദേശിക നേതാക്കളുടെയും അംഗങ്ങളുടെയും ഭാഗത്ത് നിന്നുണ്ടാകുന്നത്. സിപിഎമ്മിൽ പതിവില്ലാത്ത പരസ്യ പ്രതിഷേധത്തിനാണ് വയനാട്ടിൽ വഴിതുറന്നിരിക്കുന്നത്.
മഞ്ഞുമ്മൽ ബോയ്സ് സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസിൽ നടൻ സൗബിൻ ഷാഹിറിന്റെ ചോദ്യം ചെയ്യൽ പൂർത്തിയായി. ആവശ്യമെങ്കിൽ സൗബിനെ വീണ്ടും വിളിപ്പിക്കുമെന്നും പൊലീസ് അറിയിച്ചു.
കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപി ധരിച്ച മാലയില്‍ പുലിപ്പല്ലുണ്ടെന്ന പരാതിയില്‍ വനംവകുപ്പ് നോട്ടീസ് നല്‍കും. സുരേഷ് ഗോപി ധരിച്ചതായി കണ്ട മാല ഹാജരാക്കണമെന്ന് ആവശ്യപ്പെട്ടാകും നോട്ടീസ് നല്‍കുക.
കോഴിക്കോട് സുന്നത്ത് കർമ്മത്തിനിടെ രണ്ട് മാസം പ്രായമായ കുഞ്ഞ് മരിച്ച സംഭവത്തിൽ സ്വമേധയാ കേസെടുത്ത് ബാലാവകാശ കമ്മീഷൻ. ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസർ, ജില്ലാ മെഡിക്കൽ ഓഫീസർ, എസ്എച്ച്ഒ എന്നിവർ റിപ്പോർട്ട് നൽകണമെന്ന് ബാലാവകാശ കമ്മീഷൻ ആവശ്യപ്പെട്ടു. പത്ത് ദിവസത്തിനകം റിപ്പോർട്ട് നൽകാനാണ് നിർദേശം. ഇന്നലെയാണ് സുന്നത്ത് കര്‍മത്തിനായി സ്വകാര്യ ക്ലിനിക്കിൽ പ്രവേശിപ്പിച്ച രണ്ട് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചത്.
കോഴിക്കോട് കാക്കൂരിൽ ചേലാ കർമ്മത്തിനിടെ രണ്ട് മാസം പ്രായമായ കുഞ്ഞ് മരിച്ച സംഭവത്തിൽ ചികിത്സാ പിഴവില്ലെന്ന് ആശുപത്രി അധികൃതർ. മാസം തികയാതെ പ്രസവിച്ച വിവരം കുടുംബം അറിയിച്ചിരുന്നില്ലെന്നാണ് വിശദീകരണം. സംഭവത്തിൽ ആരോഗ്യ വകുപ്പും അന്വേഷണം തുടങ്ങി. അതിനിടെ, പോസ്റ്റ്മോർട്ടത്തിന് ശേഷം കുഞ്ഞിന്റെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി.
തെലുങ്ക് സൂപ്പർതാരം മഹേഷ് ബാബുവിന് തെലങ്കാന ഉപഭോക്തൃകമ്മീഷന്‍ നോട്ടീസ് അയച്ചു. സായ് സൂര്യ ഡെവലപ്പേഴ്സ് എന്ന റിയൽ എസ്റ്റേറ്റ് കമ്പനിയുടെ ബ്രാൻഡ് അംബാസിഡറായിരുന്നു മഹേഷ് ബാബു. രേഖകളില്ലാത്ത ഭൂമിയിൽ വില്ലകളും ഫ്ലാറ്റുകളും പണിയാമെന്ന വ്യാജവാഗ്ദാനം നൽകി ഈ കമ്പനി പണം തട്ടിയതായി കണ്ടെത്തിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് മഹേഷ് ബാബുവിന് ഉപഭോക്തൃകമ്മീഷന്‍റെ നോട്ടീസ് അയച്ചത്.
പാലക്കാട് ജില്ലയിൽ നിപ സ്ഥിരീകരിച്ച യുവതിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. 9 പേരുടെ സാമ്പിൾ പരിശോധന ഫലം നെഗറ്റീവാണ്. യുവതിയുടെ ബന്ധുവായ ഒരു കുട്ടിയ്ക്ക് കൂടി പനി ബാധിച്ചു. യുവതിയുടെ സമ്പർക്ക പട്ടികയിൽ നിലവിൽ 208 പേരാണുള്ളത്. നിപയുടെ സാഹചര്യത്തിൽ ആരോഗ്യ മന്ത്രിയുടെ നേതൃത്വത്തിൽ മെഡിക്കൽ കോളേജിൽ അവലോകന യോഗം ചേർന്നു.
നിപയുമായി ബന്ധപ്പെട്ട് വ്യാജ പ്രചാരണങ്ങൾ നടക്കുന്നുണ്ടെന്നും ഇത് സൈബർ പൊലീസിന് കൈമാറുമെന്നും ആരോഗ്യ മന്ത്രി വീണ ജോർജ്ജ്. രണ്ട് ജില്ലകളിലും ഒരേ സമയം നിപ റിപ്പോർട്ട് ചെയ്യുന്നത് ഇത് ആദ്യമാണ്. അഞ്ചു ജില്ലകളിലായി ഇതുവരെ പരിശോധിച്ച 46 പേരുടെ സാമ്പിളുകൾ നെഗറ്റീവ് ആണെന്നും മന്ത്രി അറിയിച്ചു. മലപ്പുറത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.
കൊച്ചി പുറങ്കടലിൽ ചരക്ക് കപ്പൽ എംഎസ്‍സി എൽസ മുങ്ങിയ സംഭവത്തിൽ നഷ്ടപരിഹാരത്തിനായി സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ. 9000 കോടിയോളം രൂപയുടെ നഷ്ടമുണ്ടായെന്നാണ് സർക്കാർ കോടതിയെ അറിയിച്ചിരിക്കുന്നത്. ഹൈക്കോടതിയിൽ അഡ്മിറാലിറ്റി സ്യൂട്ട് ഫയൽ ചെയ്തിരിക്കുകയാണ്.
വര്‍ധിച്ചുവരുന്ന ആഗോള സംഘര്‍ഷങ്ങളില്‍ ഗൗരവമായ ഉത്കണ്ഠ രേഖപ്പെടുത്തി കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി. ഇത്തരത്തില്‍ മുന്നോട്ടുപോകുകയാണെങ്കില്‍ മൂന്നാം ലോകമഹായുദ്ധത്തിലേക്കാണ് ലോകം നീങ്ങുന്നതെന്ന് ഗഡ്കരി മുന്നറിയിപ്പ് നല്‍കി. നാഗ്പുരില്‍ ബിയോണ്ട് ബോര്‍ഡേഴ്‌സ് എന്ന പുസ്തകപ്രകാശനച്ചടങ്ങില്‍ സംസാരിക്കുകയായിരുന്നു ഗഡ്കരി.
ഒമാനിൽ വാഹനാപകടത്തിൽ മലയാളി പെൺകുട്ടി മരിച്ചു. കണ്ണൂർ മട്ടന്നൂർ സ്വദേശിയായ നാലു വയസ്സുകാരി ജസാ ഹയറയാണ് മരിച്ചത്. ഒമാനിലെ ആദം-ഹൈമ പാതയിലാണ് അപകടം ഉണ്ടായത്. ചുഴലിക്കാറ്റിൽപ്പെട്ട് വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. തുടർന്ന് വാഹനത്തിൽ നിന്നും പെൺകുട്ടി പുറത്തേക്ക് തെറിച്ചുവീഴുകയായിരുന്നു. ഇന്ന് പുലർച്ചെ ഒരു മണിയോടെയായിരുന്നു അപകടം ഉണ്ടായത്.
അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപുമായുള്ള കൂടിക്കാഴ്ചയ്ക്കായി വാഷിങ്ടണിലേക്ക് പുറപ്പെട്ട ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ വിമാനം വൈകി.ഇസ്രയേലിലെ തീവ്ര യാഥാസ്ഥിതിക വിഭാഗക്കാരായ ഹരേദി ജൂതരുടെ പ്രതിഷേധത്തെത്തുടർന്നായിരുന്നു വിമാനം വൈകിയതെന്ന് ടൈംസ് ഓഫ് ഇസ്രയേൽ റിപ്പോർട്ട് ചെയ്യുന്നു.
ബ്രിക്‌സ് കൂട്ടായ്മയുടെ അമേരിക്കന്‍ വിരുദ്ധ നയങ്ങളോട് സഹകരിക്കുന്ന രാജ്യങ്ങള്‍ക്കുമേല്‍ പത്തുശതമാനം അധികനികുതി ചുമത്തുമെന്ന യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭീഷണിയോട് പ്രതികരിച്ച് ചൈന. വ്യാപാര-തീരുവ യുദ്ധങ്ങളില്‍ ആരും വിജയിക്കുന്നില്ലെന്നും പ്രൊട്ടക്ഷനിസം കൊണ്ട് ഒരു വഴിയും തുറക്കുന്നില്ലെന്നും ചൈനീസ് വിദേശകാര്യമന്ത്രാലയ വക്താവ് മാവോ നിങ് പറഞ്ഞു.
റഷ്യയുടെ മുന്‍ ഗതാഗതമന്ത്രി റൊമാന്‍ സ്റ്ററോവോയിറ്റിനെ കാറിനുള്ളില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. മോസ്‌കോ നഗരപരിസരത്ത് സ്വന്തം കാറിനുള്ളില്‍ സ്വയം വെടിയുതിര്‍ത്ത് മരിച്ചുവെന്നാണ് വിവരം. പ്രസിഡന്റ് വ്‌ലാദിമിര്‍ പുതിന്‍, റൊമാനെ മന്ത്രിസ്ഥാനത്തുനിന്ന് നീക്കുന്നതായി പ്രഖ്യാപിച്ച് മണിക്കൂറുകള്‍ക്കകമാണ് അദ്ദേഹത്തെആത്മഹത്യ ചെയ്തനിലയില്‍ കണ്ടെത്തിയതെന്ന് റഷ്യന്‍ വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.