വയനാട് എംപി എന്നത് വലിയ ബഹുമതിയായി കാണുന്നുവെന്നും, വയനാട്ടിലെ വന്യമൃഗ ശല്യം അടക്കമുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ എന്നും ഒപ്പമുണ്ടാകുമെന്നും രാഹുൽ ഗാന്ധി.രാഷ്ട്രീയം പറയാതെ ഇടത് ഐക്യമുന്നണികളിലെ പ്രവർത്തകരെ കുടുംബാംഗങ്ങൾ എന്ന് വിശേഷിപ്പിച്ചായിരുന്നു വയനാട്ടിൽ എത്തിയ രാഹുലിന്റെ പ്രസംഗം. പ്രിയങ്ക ഗാന്ധി, കെ സി വേണുഗോപാല്‍, വി ഡി സതീശന്‍ അടക്കമുള്ളവരും രാഹുല്‍ ഗാന്ധിയെ അനുഗമിച്ചു.
കേരളത്തിലാണ് ഇന്ത്യയിൽ ഏറ്റവും കുറവ് ദരിദ്രരുള്ളതെന്നും ഇടതു ഭരണമാണ് അതിന് കാരണം എന്നും മുഖ്യമന്ത്രി പിണറായി വിജയൻ. 2025ൽ കേരളപ്പിറവി ആഘോഷിക്കുമ്പോൾ പരമ ദരിദ്രരായി ആരും ഇല്ലാത്ത സംസ്ഥാനമായി കേരളം മാറുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ബിജെപി രാജ്യം ഭരിക്കാൻ തുടങ്ങിയതോടെ രാജ്യത്ത് പട്ടിണിപ്പാവങ്ങളുടെ എണ്ണം വര്‍ധിച്ചുവെന്നും പിണറായി കുറ്റപ്പെടുത്തി.
തിരുവനന്തപുരം മണ്ണന്തലയിൽ നാടൻ ബോംബ് നിർമാണത്തിനിടെ പൊട്ടിത്തെറിച്ച് 17 വയസുകാരൻ്റെ രണ്ട് കൈപ്പത്തിയും നഷ്ടപ്പെട്ടു, നാല് പേർക്ക് പരുക്കേറ്റു. പരുക്കേറ്റവരെ തിരുവനന്തപുരം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. രണ്ട് പേരെ കസ്റ്റഡിയിലെടുത്തു.പൊട്ടിയത് മാരക ശേഷിയുള്ള അമിട്ടാണെന്ന് പൊലീസ് അറിയിച്ചു.
ലോക്സഭാ തെരഞ്ഞെടുപ്പ് ഭാരതത്തിന്റെ ഭാവിയെ തീരുമാനിക്കാനുള്ള തെരഞ്ഞെടുപ്പാണെന്ന് ഡോ ശശി തരൂർ. ബഹുസ്വരത സംരക്ഷിക്കാനുള്ള തെരഞ്ഞെടുപ്പാണിത്. ജയിക്കാൻ തന്നെയാണ് ഇന്ത്യാ മുന്നണിയും കോൺഗ്രസും മത്സരിക്കുന്നതെന്നും വർഗീയതയും ഭരണഘടനാ ലംഘനവുമാണ് കേന്ദ്രം ചെയ്യുന്നതെന്നും ശശി തരൂർ പറഞ്ഞു. തിരുവനന്തപുരത്ത് ത്രികോണമത്സരം അല്ല നടക്കുന്നത്, ബിജെപിയും കോൺഗ്രസും തമ്മിലുള്ള മത്സരമാണ് തിരുവനന്തപുരത്ത്നടക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഔദ്യോഗിക കൃത്യനിര്‍വഹണത്തിടെയാണ് ടിടിഇ കെ.വിനോദ് ദാരുണമായി കൊല്ലപ്പെട്ടതെന്നും, കൊലയാളിയെ നിയമത്തിന് മുന്നില്‍ കൊണ്ടുവന്ന് മാതൃകാപരമായ ശിക്ഷ ഉറപ്പാക്കണമെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ ആവശ്യപ്പെട്ടു. ട്രെയിന്‍ യാത്രയില്‍ ഒരു സുരക്ഷാ സംവിധാനങ്ങളും ഇല്ലെന്നു വ്യക്തമാക്കുന്നതാണ് ഈ സംഭവം. സുരക്ഷ ഒരുക്കേണ്ട റെയില്‍വെ പൊലീസിനും കൊലപാതകത്തിന്റെ ഉത്തരവാദിത്തത്തില്‍ നിന്നും ഒഴിഞ്ഞു മാറാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വീഴ്ചയിൽ തലയ്ക്കേറ്റ ഗുരുതര പരിക്കും കാലുകൾ അറ്റുപോയതും മരണകാരണമായി എന്ന് ടിടിഇ വിനോദിന്റെ പോസ്റ്റ്മോർട്ടo റിപ്പോർട്ട്. തൃശ്ശൂർ വെളപ്പായയിൽ ഇന്നലെയാണ്അന്യസംസ്ഥാന തൊഴിലാളി ട്രെയിനിൽ നിന്ന് ടിടിഇ വിനോദിനെ തള്ളിയിട്ട് കൊലപ്പെടുത്തിയത്. ടിടിഇ വിനോദ് ടിക്കറ്റ് ചോദിച്ചതിനുള്ള പക കൊണ്ടാണ്, ഒഡിഷ സ്വദേശി രജനീകാന്ത അദ്ദേഹത്തെ ട്രെയിനിൽ നിന്നും തള്ളിയിട്ടത്.
ടിടിഇ വിനോദിന് അന്ത്യോപചാരമര്‍പ്പിച്ച് ആയിരങ്ങൾ. മൃതദേഹം മഞ്ഞുമ്മലിലെ വീട്ടിലെത്തിച്ചപ്പോൾ അവസാനമായി വിനോദിനെ ഒന്ന് കാണാനും അന്തിമോപചാരം അർപ്പിക്കാനും നിരവധിപ്പേര്‍ വീട്ടിലേക്ക് എത്തിയിരുന്നു. അന്തിമോപചാരത്തിന് ശേഷം മൃതദേഹം ഏലൂർ പൊതുശ്മശാനത്തിൽ സംസ്കരിച്ചു.
ടിടിഇ വിനോദിനെ യാത്രക്കാരൻ തള്ളിയിട്ട് കൊലപ്പെടുത്തിയ സംഭവം വേദനാജനകമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രതിക്ക് അർഹമായ ശിക്ഷ വാങ്ങിക്കൊടുക്കുന്നതിന് നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
കേരളത്തിന് ദ്രോഹമോ ദോഷമോ സംഭവിച്ചു എന്നു കേൾക്കുമ്പോൾ പ്രതിപക്ഷ നേതാവ് വിഡി സതീശന് ആനന്ദമാണെന്ന് തോമസ് ഐസക് പറഞ്ഞു.കേരളം ദ്രോഹിക്കപ്പെടുമ്പോൾ ഒരുതരം ക്രൂരമായ സംതൃപ്തിയാണ് അദ്ദേഹത്തിന്. അത്രയും പക അദ്ദേഹത്തിന് കേരളീയരോട് തോന്നാൻ എന്താണ് കാരണമെന്നും തോമസ് ഐസക് ചോദിച്ചു.
എസ്ഡിപിഐ ലോക്സഭ തിരഞ്ഞെടുപ്പിൽ യുഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചതിനെ പറ്റി രാഹുൽ ഗാന്ധി പ്രതികരിക്കാത്തത് അപകടകരമാണെന്ന് കെ.സുരേന്ദ്രൻ. വോട്ട് ബാങ്കിന് വേണ്ടി രാജ്യത്തിൻ്റെ താത്പര്യങ്ങൾ കോൺഗ്രസ് ബലി കഴിക്കുകയാണ്. ഇത് ആത്മഹത്യപരമാണെന്ന് രാഹുൽ മനസിലാക്കണമെന്നും, കോൺഗ്രസിൻ്റെയും രാഹുലിൻ്റെയും നിലപാട് നാടിനെതിരെയുള്ളതാണ്. അപക്വമായ ഈ നിലപാടിൽ നിന്നും രാഹുൽഗാന്ധി പിൻമാറണമെന്നാണ് ബിജെപിയുടെ ആവശ്യമെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.
മനുഷ്യാവകാശ കമ്മീഷൻ ചെയർമാനായി ഹൈക്കോടതി മുൻ ചീഫ് ജസ്റ്റിസ് എസ്. മണികുമാറിനെ നിയമിച്ചു. സംസ്ഥാന സർക്കാരിന്റെ ശുപാർശയിൽ ഗവർണർ ഒപ്പുവച്ചു. തെരഞ്ഞെടുപ്പ് കമ്മീഷൻെറ അംഗീകാരത്തോടെ നിയമന ഉത്തരവ് സർക്കാർ പുറത്തിറക്കും.
കോൺഗ്രസിന്‍റെ തീവ്രവാദ സംഘടനകളുമായുള്ള ബന്ധം രാജ്യവും കേരളത്തിലെ വോട്ടർമാരും ഞെട്ടലോടെയാണ് കാണുന്നതെന്ന് പ്രകാശ് ജാവദേക്കർ. നിയമം മൂലം നിരോധിച്ച തീവ്രവാദ സംഘടനയായ പിഎഫ്ഐയുടെ രാഷ്ട്രീയ മുഖമാണ് എസ്ഡിപിഐ. തീവ്രവാദ ബന്ധമുള്ള എസ്ഡിപിഐയുടെ സഹായം സ്വീകരിക്കുകയാണ് കേരളത്തിലെ ഇരുമുന്നണികളുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
2019 ൽ തന്നെ സഹായിച്ച ബിജെപിയെ 2023ൽ താൻ തിരികെ സഹായിച്ചുവെന്നും, ഇനിയും മോദിക്ക് പിന്തുണയുണ്ടാകും, ജെഡിഎസ്- ബിജെപി സഖ്യത്തിനും പിന്തുണയെന്നും നടിയും എംപിയുമായ സുമലത. മാണ്ഡ്യയില്‍ അനുയായികളുടെ യോഗത്തില്‍ ആണ് സുമലതയുടെ പ്രഖ്യാപനം.മാണ്ഡ്യയില്‍ കുമാരസ്വാമിക്കായി പ്രചാരണത്തിന് ഇറങ്ങുമെന്നും സുമലത അറിയിച്ചു.
എസ് ഡി പി ഐയുടെ പിന്തുണ കോൺഗ്രസും യു ഡി എഫും ആവശ്യപ്പെട്ടിട്ടില്ലെന്ന് കെ സുധാകരൻ. ഇലക്ഷന് ആര് വോട്ട് ചെയ്താലും വോട്ട് വാങ്ങുമെന്നും, എസ് ഡി പി ഐ എന്നല്ല സി പി എം വോട്ട് ചെയ്താലും വാങ്ങുമെന്നും അദ്ദേഹം പറഞ്ഞു. വോട്ട് വാങ്ങുന്നത് സ്ഥാനാർത്ഥിയുടെ മിടുക്കാണെന്നും, പിന്തുണ വേണ്ടെന്ന് ഒരു സ്ഥാനാർത്ഥിയും പറയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
സുഗന്ധഗിരി മരംമുറി കേസിലെ പ്രതികളുടെ മുൻകൂർ ജാമ്യം നിഷേധിച്ച് കോടതി. തെളിവ് നശിപ്പിക്കാൻ സാധ്യതയുണ്ടെന്ന പ്രൊസിക്യൂഷൻ വാദം കോടതി ശരി വെച്ചു. വീടിന് മുകളിലേക്ക് ചരിഞ്ഞു നിൽക്കുന്ന 20 മരംമുറിക്കാൻ കിട്ടിയ അനുമതിയുടെ മറവിൽ കൂടുതൽ മരം മുറിച്ചു കടത്തിയെന്നാണ് കേസ്.
അരുണാചലിൽ മരിച്ച മൂന്ന് മലയാളികളുടെ മരണത്തിൽ ബ്ലാക്ക് മാജിക്ക് സാധ്യത തള്ളാതെ പൊലീസ്. കേസന്വേഷണത്തിന് 5 പേരടങ്ങുന്ന പ്രത്യേക സംഘത്തെ രൂപീകരിച്ചെന്നും, കേരള പോലീസുമായി സഹകരിച്ച് അന്വേഷണം മുന്നോട്ടു കൊണ്ടുപോകുമെന്നും അരുണാചൽ പ്രദേശ് എസ് പി കെനി ബാഗ്ര വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
സംസ്ഥാനത്ത് വേനൽ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. തിരുവനന്തപുരം മുതൽ പാലക്കാട് വരെയുള്ള ജില്ലകളിൽ മഴയ്ക്ക് സാധ്യതയുണ്ട്. മധ്യകേരളത്തിലെയും തെക്കൻ കേരളത്തിലെയും മലയോര മേഖലയിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്കാണ് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. സംസ്ഥാനത്ത് ശനിയാഴ്ച്ച വരെ ഉയർന്ന താപനില തുടരാൻ സാധ്യതയെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പു നൽകി.
ഏപ്രിൽ രണ്ടിന് സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം 106.8882 ദശലക്ഷം യൂണിറ്റായി. ഏപ്രില്‍ ഒന്നിന് 104.82 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് സംസ്ഥാനത്ത് ഉപയോഗിച്ചത്. വൈദ്യുതിയുടെ ആവശ്യം ക്രമാതീതമായ ഉയർന്ന സാഹചര്യത്തിൽ ഉപഭോക്താത്തൾ വൈദ്യുതി പാഴാക്കാതിരിക്കാൻ ശ്രദ്ധിക്കണമെന്ന് മന്ത്രി കെ കൃഷ്ണൻകുട്ടി അറിയിച്ചു.
തൃശ്ശൂര്‍ പാവറട്ടി സെന്‍റ് ജോസഫ് പാരിഷ് ദേവാലയത്തിലെ വെടിക്കെട്ട് പ്രദർശനത്തിനുള്ള അപേക്ഷ നിരസിച്ച് എ.ഡി.എം ടി.മുരളി . വെടിക്കെട്ട് നടത്താന്‍ ഉദ്ദേശിക്കുന്ന സ്ഥലത്തിന് 100 മീറ്റര്‍ ചുറ്റളവില്‍ പള്ളിയും അനുബന്ധകെട്ടിടങ്ങളും വീടുകളും സ്‌കൂളുകളും നഴ്‌സിങ് സ്‌കൂളുകളും കച്ചവടസ്ഥാപനങ്ങളും സ്ഥിതിചെയ്യുന്നതിനാല്‍ നിരാക്ഷേപ പത്രം അനുവദിക്കാന്‍ കഴിയില്ലെന്ന് ജില്ലാ ഫയര്‍ ഓഫീസര്‍ അറിയിച്ചു. വേണ്ടത്ര സൗകര്യവും സുരക്ഷിതവുമല്ലാത്ത സ്ഥലത്ത് ജനങ്ങള്‍ തിക്കും തിരക്കും കൂട്ടാന്‍ സാധ്യത കൂടുതലാണെന്ന് ജില്ലാ പൊലീസ് മേധാവിയും അറിയിച്ചു.
മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ കൊലപാതകത്തിൽ ശിക്ഷിക്കപ്പെട്ട മുരുകൻ, റോബർട്ട് പയസ്, ജയകുമാർ എന്നിവർ കൊളംബോയിലേക്ക് തിരിച്ചുപോയി. ആറുപേരെ 2022 നവംബറിൽ സുപ്രീം കോടതി മോചിപ്പിച്ചിരുന്നു. ജയിൽ മോചിതരായ ശേഷം തിരുച്ചിറപ്പള്ളിയിലെ പ്രത്യേക ക്യാമ്പിൽ നിന്ന് മൂന്ന് പേരെയും പൊലീസ് ഉദ്യോഗസ്ഥരുടെ സംഘം ഇന്ന് രാവിലെ ചെന്നൈ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് കൊണ്ടുപോകുകയായിരുന്നു.
കഴിഞ്ഞ നാലു വർഷത്തെ കണക്ക് പ്രകാരം ഇന്ത്യൻ റെയിൽവേയുടെ അധികലാഭം 5800 കോടി രൂപ. മുതിർന്ന പൌരന്മാർക്കും ട്രാൻസ്ജെൻഡർ വിഭാഗത്തിൽപ്പെട്ടവർക്കുമുള്ള ആനുകൂല്യങ്ങള്‍ പിൻവലിച്ചതോടെയാണ് അധിക ലാഭം ലഭിച്ചത്. കൊവിഡ് കാലത്താണ് റെയിൽവേ മന്ത്രാലയം മുതിർന്ന പൗരന്മാർക്കുള്ള ട്രെയിൻ ടിക്കറ്റ് നിരക്കുകളിലെ ഇളവുകൾ പിൻവലിച്ചത്.
ബോക്സർ വിജേന്ദർ സിങ് കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നു. ഡൽഹിയിൽ നടന്ന ചടങ്ങിലാണ് വിജേന്ദർ ബിജെപി അംഗത്വം സ്വീകരിച്ചത്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ സൗത്ത് ദില്ലിയിൽ കോൺഗ്രസിനായി മത്സരിച്ചെങ്കിലും ബിജെപിയുടെ രമേഷ് ബിധൂരിയോട് പരാജയപ്പെട്ടു.