സിന്ധുനദീജല കരാര്‍ മരവിപ്പിച്ച തീരുമാനം പുനഃപരിശോധിക്കണമെന്ന ആവശ്യവുമായി പാകിസ്താന്‍ രംഗത്തെത്തിയതായി റിപ്പോര്‍ട്ട്. ഇക്കാര്യം ആവശ്യപ്പെട്ട് പാകിസ്താന്‍ ജലവിഭവ മന്ത്രാലയം സെക്രട്ടറി സയ്യിദ് അലി മുര്‍താസ ഇന്ത്യയുടെ ജലവിഭവ മന്ത്രാലയ സെക്രട്ടറിക്ക് കത്തെഴുതിയാതായി ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.
ഓപ്പറേഷൻ സിന്ദൂര്‍ ദൗത്യത്തിന്‍റെ കൂടുതൽ വിശദാംശങ്ങള്‍ പുറത്തുവിട്ട് കേന്ദ്രം. നിയന്ത്രണരേഖയോ അതിർത്തിയോ കടക്കാതെയാണ് ഇന്ത്യ പ്രത്യാക്രമണം നടത്തിയതെന്ന് കേന്ദ്രസർക്കാർ വാര്‍ത്താക്കുറിപ്പിൽ വ്യക്തമാക്കി. പരമ്പരാഗത വ്യോമപ്രതിരോധ സംവിധാനങ്ങളായ പെച്ചോര മിസൈൽ, OSA – AK, LLAD എന്നീ ലോവര്‍ എയര്‍ ഡിഫന്‍സ് തോക്കുകൾ എന്നിവ ഉപയോഗിച്ചുവെന്നും കേന്ദ്രം വ്യക്തമാക്കി. പത്ത് ഉപഗ്രഹങ്ങളാണ് ഓപ്പറേഷൻ സിന്ദൂര്‍ ദൗത്യം ആസൂത്രണം ചെയ്യാൻ ഉപയോഗിച്ചത്. പാകിസ്ഥാന്‍റെ ചൈനീസ് നിർമിത പ്രതിരോധ സംവിധാനങ്ങളെ അടക്കം ബൈ പാസ് ചെയ്യാൻ ഇന്ത്യയ്ക്കായി. 23 മിനിറ്റ് കൊണ്ട് ആക്രമണം പൂർത്തിയാക്കാൻ ഇന്ത്യയ്ക്ക് കഴിഞ്ഞുവെന്നും വാര്‍ത്താക്കുറിപ്പിൽ വ്യക്തമാക്കി.
പഹൽഗാം ഭീകരാക്രമണത്തിന് മറുപടിയായി മെയ് ഏഴിന് പാകിസ്ഥാനിലെയും പാക് അധിനിവേശ കശ്മീരിലെയും ഒമ്പത് ഭീകര ക്യാമ്പുകളെ ലക്ഷ്യം വച്ചായിരുന്നു ഇന്ത്യ ഓപ്പറേഷൻ സിന്ദൂർ നടപ്പിലാക്കിയത്. തുർക്കിയുമായും അസർബൈജാനുമായും ഉള്ള നയതന്ത്ര, വ്യാപാര ബന്ധങ്ങളെയും ഇന്ത്യ-പാക് സംഘര്‍ഷം ബാധിച്ചിരിക്കുന്നു. ഇപ്പോൾ വ്യാപാരം, ടൂറിസം, ജനങ്ങൾ തമ്മിലുള്ള ബന്ധങ്ങൾ എന്നിവയിലെല്ലാം വലിയ തിരിച്ചടിയാണ് തുര്‍ക്കിക്കും അസര്‍ബൈജാനും നേരിടുന്നത്.
ഓപ്പറേഷൻ സിന്ദൂറിന്‍റെ പശ്ചാത്തലത്തിൽ പുതിയ ഡ്രോൺ പ്രതിരോധ സംവിധാനം പരീക്ഷിച്ച് ഇന്ത്യയിലെ സ്വകാര്യ പ്രതിരോധ കമ്പനി. ഹാർഡ് കിൽ മോഡിൽ ഡ്രോൺ ആക്രമണങ്ങളെ ചെറുക്കുന്ന ‘ഭാർഗവാസ്ത്ര’ എന്ന ഡ്രോൺ പ്രതിരോധ സംവിധാനമാണ് പരീക്ഷിച്ചത്. നാഗ്പൂർ ആസ്ഥാനമായ സോളാർ ഡിഫൻസ് & എയ്റോസ്പേസ് ലിമിറ്റഡ് ആണ് പരീക്ഷണം നടത്തിയത്. സൈന്യത്തിലെ ഉന്നത ഉദ്യോഗസ്ഥരും പരീക്ഷണം പരിശോധിക്കാൻ എത്തി.
ഓപ്പറേഷൻ സിന്ദൂര്‍ ദൗത്യത്തിന് പിന്നാലെ പാകിസ്ഥാൻ നടത്തിയ ആക്രമണങ്ങള്‍ക്ക് തിരിച്ചടിയായി ഇന്ത്യ നടത്തിയ പ്രത്യാക്രമണങ്ങളിൽ കൊല്ലപ്പെട്ടത് 13 സൈനികരെന്ന് പാകിസ്ഥാൻ. ആറിടങ്ങളിലായി 24 ആക്രമണങ്ങള്‍ നടന്നുവെന്നും പാക് സൈനിക വക്താവ് വാര്‍ത്താസമ്മേളനത്തിൽ പറഞ്ഞു. നേരത്തെ 11 പാക് സൈനികര്‍ കൊല്ലപ്പെട്ടവെന്നാണ് പാക് സൈന്യം പറഞ്ഞിരുന്നത്. 40 പാക് പൗരന്മാരും കൊല്ലപ്പെട്ടുവെന്നും വാര്‍ത്താസമ്മേളനത്തിൽ പാക് സൈനിക വക്താവ് അവകാശപ്പെട്ടു.
കേണൽ സോഫിയ ഖുറേഷിയെക്കുറിച്ച് നടത്തിയ അപകീർത്തികരവും സ്ത്രീവിരുദ്ധവുമായ പരാമർശങ്ങളിൽ കേസെടുക്കാൻ പൊലീസിന് ഹൈക്കോടതി നിര്‍ദേശം. മധ്യപ്രദേശ് മന്ത്രി വിജയ് ഷാക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യാനാണ് മധ്യപ്രദേശ് ഹൈക്കോടതി ഉത്തരവിട്ടത്. വ്യാപകമായ പ്രതിഷേധത്തിന് കാരണമായ വിഷയത്തിൽ സ്വമേധയാ കേസെടുത്ത കോടതി, വിജയ് ഷായ്ക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ പൊലീസ് മേധാവിക്ക് നിർദ്ദേശം നൽകുകയായിരുന്നു.
ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ആകാശ് വ്യോമപ്രതിരോധ സംവിധാനം പാക് ആക്രമണത്തെ വിജയകരമായി ചെറുത്തെന്ന് ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ്. ഗ്രൗണ്ട് പ്രതിരോധ സംവിധാനങ്ങൾക്ക് ഒപ്പം ആകാശ്‍തീർ മികച്ച രീതിയിൽ ഉപയോഗിക്കാൻ കഴിഞ്ഞു. വ്യോമാക്രമണം നടത്തിയ പാകിസ്ഥാന് നേരെ നരകം പോലെ ആക്രമണം നടത്താൻ ആകാശ്‍തീറിന് കഴിഞ്ഞു. മുൻനിര പ്രതിരോധ സംവിധാനങ്ങളെ ശക്തിപ്പെടുത്താനും പെട്ടെന്ന് തന്നെ പ്രതിരോധസംവിധാനങ്ങളെ തയ്യാറാക്കാനും കഴിയുന്ന വ്യോമപ്രതിരോധ സംവിധാനമാണ് ആകാശ്‍തീർ എന്നും ബെൽ വ്യക്തമാക്കി.
പാകിസ്താന് തന്ത്രപ്രധാനമായ വിവരങ്ങള്‍ ചോര്‍ത്തിനല്‍കിയതിന് ഹരിയാണയില്‍ യുവാവ് അറസ്റ്റില്‍. ഹരിയാണയിലെ പാനിപ്പത്തിലെ വ്യവസായശാലയില്‍ സെക്യൂരിറ്റി ഗാര്‍ഡായി ജോലിചെയ്യുന്ന നൗമാന്‍ ഇലാഹി(24)യെയാണ് പാനിപ്പത്ത് പോലീസ് ബുധനാഴ്ച അറസ്റ്റ് ചെയ്തത്. ഇയാള്‍ ഉത്തര്‍പ്രദേശിലെ കൈരാന സ്വദേശിയാണെന്ന് പോലീസ് പറഞ്ഞു.
ഇന്ത്യയുടെ കടുത്ത എതിര്‍പ്പിനിടെ അന്താരാഷ്ട്ര നാണയ നിധിയില്‍ (ഐഎംഎഫ്) നിന്ന് പാകിസ്താന് വീണ്ടും സാമ്പത്തിക സഹായം. ദീര്‍ഘകാല വായ്പാ പദ്ധതിയായ എക്സ്റ്റന്‍ഡഡ് ഫണ്ട് ഫെസിലിറ്റി (ഇഎഫ്എഫ്) പ്രകാരം രണ്ടാം ഗഡുവായ 8,700 കോടി രൂപ (1.02 ബില്യണ്‍ ഡോളര്‍) ആണ് ഐഎംഎഫ്, പാകിസ്താന് നല്‍കിയത്.
നിപ സമ്പര്‍ക്കപ്പട്ടികയിലുള്ളവര്‍ ഐസൊലേഷന്‍ മാര്‍ഗനിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. പരിശോധനാ ഫലം നെഗറ്റീവ് ആയാലും 21 ദിവസം ഐസൊലേഷനില്‍ തന്നെ തുടരണം. മലപ്പുറം ജില്ലയില്‍ നിപ ബാധയുമായി ബന്ധപ്പെട്ട് ഇന്ന് ആരും സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടിട്ടില്ല.പുതുതായി കേസ് റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെങ്കിലും ഒരു തരത്തിലുള്ള വിട്ടുവീഴ്ചയും പാടില്ലെന്ന് മന്ത്രി നിര്‍ദേശം നല്‍കി.
വൈദ്യുതി ബില്ലിൽ രേഖപ്പെടുത്തുന്ന ബിൽ തുകയും മറ്റ് അത്യാവശ്യ വിവരങ്ങളും മാഞ്ഞുപോകാതെ നോക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ അംഗം വി. ഗീത. ഇലക്ട്രിസിറ്റി ബോർഡ് കമ്പ്യൂട്ടർ വഴി പ്രിന്റ് ചെയ്ത് നൽകുന്ന ബില്ലിലെ അക്ഷരങ്ങൾ വളരെ വേഗം മാഞ്ഞു പോകുന്നതായി ആരോപിച്ച് പെരുമൺ സ്വദേശി ഡി. ദേബാർ എന്നയാൾ സമർപ്പിച്ച പരാതിയിലാണ് നടപടി.
വഞ്ചിയൂരില്‍ ജൂനിയർ അഭിഭാഷകയെ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ പ്രതിയായ സീനിയർ അഭിഭാഷകൻ ബെയിലിൻ ദാസിനെതിരെ ബാർ കൗൺസിൽ നടപടി. അഡ്വ. ബെയ്ലിൻ ദാസിനെ ഇന്ന് മുതൽ പ്രാക്റ്റീസ് ചെയ്യുന്നത് ബാർ കൗൺസിൽ വിലക്കി. അച്ചടക്കനടപടി കഴിയുന്നതുവരെയാണ് വിലക്ക്. ബെയ്ലിൻ കാരണം കാണിക്കൽ ദാസിന് നോട്ടീസ് നൽകുമെന്നും ബാർ കൗൺസിൽ അറിയിച്ചു.
സീനിയര്‍ അഭിഭാഷകൻ ബെയ്ലിൻ ദാസിന്‍റെ മര്‍ദനത്തിനിരയായ ജൂനിയര്‍ അഭിഭാഷക ശ്യാമിലിയെ സന്ദര്‍ശിച്ച് നിയമമന്ത്രി പി രാജീവ്. വൈകിട്ട് 3.30ഓടെയാണ് വഞ്ചിയൂര്‍ കോടതിക്ക് മുന്നിലുള്ള ഓഫീസിലെത്തി അഭിഭാഷകയെ കണ്ടത്. എല്ലാ പിന്തുണയും സര്‍ക്കാര്‍ അഭിഭാഷകക്ക് വാഗ്ദാനം ചെയ്തിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. ഗൗരവമേറിയ സംഭവമാണെന്ന് മന്ത്രി പി രാജീവ് പറഞ്ഞു.
വന്ദേഭാരത് ഉള്‍പ്പടെയുള്ള ട്രെയിനുകളില്‍ വിതരണംചെയ്യുന്ന ബ്രിന്ദാവന്‍ ഫുഡ് പ്രോഡക്ട്‌സില്‍നിന്ന് പഴകിയ ഭക്ഷണം പിടികൂടിയതില്‍ നടപടി. സ്ഥാപനത്തിനെതിരേ റെയില്‍വേ ഒരുലക്ഷംരൂപ പിഴചുമത്തി. അന്വേഷണത്തിനായി റെയില്‍വേ ഉന്നതതല സമിതി രൂപവത്കരിച്ചു. കോര്‍പ്പറേഷന്റെ ലൈസന്‍സില്ലാതെ എറണാകുളം കടവന്ത്രയില്‍ പ്രവര്‍ത്തിച്ച സ്ഥാപനത്തിലാണ് പരിശോധന നടത്തിയത്.
സമസ്തക്കും ലീഗിനുടയിലെ സമവായചര്‍ച്ചകള്‍ പാളുന്നു. മുശാവറ യോഗത്തിനു മുന്‍പായി ലീഗ് വിരുദ്ധ പക്ഷം രഹസ്യ യോഗം ചേര്‍ന്നെന്നാണ് പുതിയ ആരോപണം. യോഗത്തിന് നേതൃത്വം നല്‍കിയ ഉമര്‍ ഫൈസിക്കെതിരെ ശക്തമായ നടപടി ആവശ്യപെട്ട് മുശാവറ അംഗം ബഹാവുദ്ദീന്‍ നദ്വി പരസ്യമായി രംഗത്തെത്തി.
കോൺഗ്രസ് ഭരിക്കുന്ന തൃക്കാക്കര നഗരസഭയിൽ കണക്കുകളിൽ 7.5 കോടി രൂപയുടെ ക്രമക്കേടെന്ന ഓഡിറ്റ് റിപ്പോർട്ട് തള്ളി ചെയർപേഴ്‌സൺ രാധാമണി പിള്ള. തിരഞ്ഞെടുപ്പ് വരാനിരിക്കെ മനപ്പൂർവം നഗരസഭയെ താഴ്ത്തിക്കെട്ടാനുള്ള നീക്കമാണിതെന്ന് സംശയിക്കുന്നതായും നഗരസഭ ഭരണസമിതി അഴിമതി നടത്തിയിട്ടില്ലെന്നും അവർ പറഞ്ഞു. കൊച്ചിയിൽ വാർത്താ സമ്മേളനം വിളിച്ചുചേർത്താണ് പ്രതികരണം.
സംസ്ഥാനത്ത് ഇന്നും പരക്കെ മഴയ്ക്ക് സാധ്യത. തിരുവനന്തപുരം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ എന്നീ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഈ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ഇടിയോടും കാറ്റോടും കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. കാലവർഷത്തോട് അനുബന്ധിച്ചുള്ള മഴ ഈ ദിവസങ്ങളിൽ പ്രതീക്ഷിക്കാം.
കൈക്കൂലിക്കേസിൽ കൊച്ചി കോർപറേഷനിലെ ബിൽഡിങ് ഇൻസ്‌പെക്ടർ സ്വപ്‌നക്ക് ജാമ്യം. മൂവാറ്റുപുഴ വിജിലൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്. കൈക്കൂലിക്കേസിൽ ഏപ്രിൽ 30 നാണ് സ്വപ്നയെ വിജിലൻസ് അറസ്റ്റ് ചെയ്‌തത്.
കണ്ണൂര്‍ മലപ്പട്ടത്ത് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിലിന്‍റെ നേതൃത്വത്തിൽ നടത്തിയ കാൽനട യാത്രയ്ക്കിടെ യൂത്ത് കോണ്‍ഗ്രസ് – ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ തമ്മില്‍ സംഘർഷം. സിപിഎം മലപ്പട്ടം ലോക്കല്‍ കമ്മിറ്റി ഓഫീസിനു മുന്നിലാണ് ബുധനാഴ്ച വൈകുന്നേരത്തോടെ സംഘര്‍ഷമുണ്ടായത്. പ്രവർത്തകർതമ്മിൽ കുപ്പിയും കല്ലും പരസ്പരം എറിഞ്ഞു.
വനംവകുപ്പ് ഓഫീസിലെത്തി ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ ജനീഷ് കുമാര്‍ എംഎല്‍എയെ വിമര്‍ശിച്ച് സിപിഎം നേതാവ് ജി. സുധാകരന്‍. ഇടതുപക്ഷ സര്‍ക്കാരില്‍നിന്ന് ജനം അഹങ്കാരം പ്രതീക്ഷിക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. ആലപ്പുഴയില്‍ എന്‍.ജി.ഒ യൂണിയന്‍ പൂര്‍വകാല നേതൃസംഗമത്തിലായിരുന്നു സുധാകരന്റെപരസ്യവിമര്‍ശനം.
കോട്ടയം അയർക്കുന്നത്ത് പെൺമക്കളുമായി യുവ അഭിഭാഷക ആത്മഹത്യ ചെയ്ത കേസിലെ പ്രതികളുടെ ജാമ്യാപേക്ഷ തള്ളി. മരിച്ച ജിസ്മോളുടെ ഭർത്താവ് ജിമ്മിയുടെയും ഭർതൃപിതാവ് ജോസഫിന്റെയും ജാമ്യമാണ് തള്ളിയത്. കോട്ടയം ജില്ലാ സെഷൻസ് കോടതിയുടെതാണ് നടപടി. മുൻപ് ഏറ്റുമാനൂർ മാജിസ്‌ട്രേറ്റ് കോടതിയും ഇവരുടെ ജാമ്യാപേക്ഷ തള്ളിയിരുന്നു.
റിയാദിൽ നടന്ന അമേരിക്ക- അറബ് ഉച്ചകോടിക്ക് സമാപനം. ചരിത്ര പ്രധാനമായ മിഡിൽ ഈസ്റ്റ് സന്ദർശനത്തിന്റെ ഭാഗമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇന്നലെയാണ് റിയാദിലെത്തിയത്. കൂടാതെ ഉച്ചകോടിയിൽ പങ്കെടുക്കാൻ സൗദി രാജാവ് സൽമാൻ ബിൻ അബ്ദുൽ അസീസ് അൽ സൗദിന്റെയും കിരീടാവകാശി മുഹമ്മദി ബിൻ സൽമാന്റെയും ക്ഷണപ്രകാരം അറബ് രാജ്യങ്ങളിലെ നേതാക്കളും സൗദിയിലെത്തിയിരുന്നു.
ഔദ്യോഗിക സന്ദർശനത്തിനായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഖത്തറിലെത്തി. ബുധനാഴ്ച രാവിലെ റിയാദിൽ നടന്ന ജി.സി.സി ഉച്ചകോടിയിൽ പങ്കെടുത്തതിനു പിന്നാലെ പ്രാദേശിക സമയം ഉച്ചക്ക് 2.20ഓടെ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ അമേരിക്കൻ പ്രസിഡന്റിനെ ഖത്തർ അമീർ ശൈയ്ഖ് തമീം ബിൻ ഹമദ് ആൽഥാനി നേരിട്ടെത്തി സ്വീകരിച്ചു. 22 വർഷത്തിനു ശേഷം ഒരു അമേരിക്കൻ പ്രസിഡന്റിന്റെ സന്ദർശനത്തിന് വേദിയാകുന്ന ഖത്തർ വൻ വരവേൽപാണ് അമേരിക്കൻ പ്രസിഡന്റിനായി ഒരുക്കിയത്.
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും സിറിയൻ പ്രസിഡന്റ് അഹമ്മദ് അൽ ഷറായും കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ചയിൽ സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനും തുർക്കി പ്രസിഡന്റ് റജബ്ബ് തയ്യിബ് എർദോഗാനും പങ്കെടുത്തു. തുർക്കി പ്രസിഡന്റ് ഫോൺ വഴിയാണ് പങ്കെടുത്തത്. 33 മിനിട്ട് ദൈർഘ്യമേറിയതായിരുന്നു കൂടിക്കാഴ്ച. 25 വർഷത്തിന് ശേഷമാണ് ഇരു രാജ്യങ്ങളിലെയും പ്രസിഡന്റുമാർ കൂടിക്കാഴ്ച നടത്തുന്നത്.
ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള വെടിനിര്‍ത്തൽ കരാറിനായി അമേരിക്ക ഇടപെട്ടുവെന്ന് ആവര്‍ത്തിച്ച് യുഎസ് പ്രസിഡന്‍റ് ഡോണാള്‍ഡ് ട്രംപ്. ഇന്ത്യയുടെ നിലപാടിന് വിരുദ്ധമായിട്ടാണ് ഇന്ത്യ-പാക് സംഘര്‍ഷത്തിൽ ഇടപെട്ടുവെന്ന് അവകാശപ്പെട്ടുള്ള പഴയ വാദങ്ങൾ ട്രംപ് ആവര്‍ത്തിച്ചത്.താൻ നന്നായി അവരോട് സംസാരിച്ചുവെന്നും ജെ ഡി വാൻസും മാർക്കോ റൂബിയോയും സംസാരിച്ചുവെന്നും ട്രംപ് അവകാശപ്പെട്ടു.
റിയാദിനെ ഒരു പ്രധാന ലോക ബിസിനസ് കേന്ദ്രമാക്കിയതിന് സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനെ പ്രശംസിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. റിയാദിൽ ബിസിനസ് ഉന്നതരുടെ സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കവെയാണ് സൗദി രാജകുമാരനെ പ്രശംസിച്ചത്. നിങ്ങൾ രാത്രിയിൽ ഉറങ്ങാറുണ്ടോ എന്നാണ് ട്രംപ് ചോദിച്ചത്. വിമർശനങ്ങളെ മറികടന്ന് തന്റെ രാജ്യത്തെ ശക്തമായ ഒബിസിനസ് കേന്ദ്രമാക്കി വളർത്തിയതിന് രാജകുമാരനെ ട്രംപ് പ്രശംസിച്ചു.
അരുണാചൽ പ്രദേശിലെ നിരവധി സ്ഥലങ്ങളുടെ പേര് മാറ്റാനുള്ള ചൈനയുടെ നീക്കത്തെ തള്ളിക്കളഞ്ഞ് ഇന്ത്യ. വടക്കുകിഴക്കൻ സംസ്ഥാനം എല്ലായ്പ്പോഴും ഇന്ത്യയുടെ അവിഭാജ്യ ഘടകമായി തുടരുമെന്ന യാഥാർഥ്യത്തെ ചൈനയുടെ ഇത്തരം ബുദ്ധിശൂന്യമായ നീക്കങ്ങളാൽ തടയാനാകില്ലെന്ന് ഇന്ത്യ പറഞ്ഞു.ചൈന അവകാശവാദം ഉന്നയിക്കുന്ന അരുണാചൽ പ്രദേശിലെ സ്ഥലങ്ങളുടെ ചൈനീസ് പേരുകളുടെ പട്ടിക ബീജിംഗ് വീണ്ടും പുറത്തിറക്കിയതിന് പിന്നാലെയാണ് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം പ്രസ്താവന ഇറക്കിയത്.
രണ്ട് തവണ ഒളിമ്പിക് മെഡല്‍ ജേതാവായ നീരജ് ചോപ്രയെ ടെറിട്ടോറിയല്‍ ആര്‍മിയില്‍ ലെഫ്റ്റനന്റ് കേണല്‍ പദവി നല്‍കി ആദരിച്ചു. പ്രതിരോധ മന്ത്രാലയം ഇന്ന് പുറത്തുവിട്ട പ്രസ്താവനയിലരാണ് ഇക്കാര്യം അറിയിച്ചത്.
കുവൈത്ത് അമീറിന്‍റെ അധികാരത്തെയും അവകാശങ്ങളെയും പരസ്യമായി ചോദ്യം ചെയ്തതിന് ‘സാൾട്ടി ചീസ്’ എന്നറിയപ്പെടുന്ന ഒരു ബ്ലോഗർക്ക് രണ്ട് വർഷത്തെ കഠിന് തടവ് ശിക്ഷ വിധിച്ച അപ്പീൽ കോടതിയുടെ വിധി കാസേഷൻ കോടതി ശരിവച്ചു. പ്രതി ‘എക്സ്’ പ്ലാറ്റ്‌ഫോമിൽ അമീറിനെ അപകീർത്തിപ്പെടുത്തുകയും അവഹേളിക്കുകയും ചെയ്യുന്ന പ്രസ്താവനകൾ എഴുതുകയും പ്രസിദ്ധീകരിക്കുകയും ചെയ്തതിന് കുറ്റക്കാരനാണെന്ന് കണ്ടെത്തിയാണ് നടപടി.
തുർക്കിയിലെ ഇനോനു സർവകലാശാലയുമായുള്ള ധാരണാപത്രം റദ്ദാക്കിയതായി ജവഹർലാൽ നെഹ്‌റു സർവകലാശാല (ജെഎൻയു). രാജ്യസുരക്ഷ പരിഗണിച്ചാണ് ഈ തീരുമാനമെന്ന് ജെഎൻയു അറിയിച്ചു. ജെഎൻയു രാജ്യത്തിനൊപ്പം എന്നും സമൂഹ മാധ്യമത്തിലൂടെ അറിയിച്ചു.