പഹൽഗാമിൽ ഭീകരാക്രമണം നടത്തിയ ടിആർഎഫിൻ്റെ ചീഫ് ഓപ്പറേറ്റിങ് കമ്മാൻഡർ ഷഹീദ് കൂട്ടെ കൊല്ലപ്പെട്ടു. ജമ്മു കശ്മീരിലെ അതിർത്തി മേഖലയായ ഷോപിയാനിൽ നടന്ന ഏറ്റുമുട്ടലിലാണ് സംഭവം. മറ്റ് രണ്ട് ഭീകരർ കൂടി കൊല്ലപ്പെട്ടിട്ടുണ്ട്.മൂന്ന് ഭീകരരിൽ രണ്ട് പേരെയാണ് തിരിച്ചറിഞ്ഞത്. ഷോപിയാൻ സ്വദേശി അദ്‌നാൻ ഷാഫിയാണ് കൊല്ലപ്പെട്ട രണ്ടാമൻ.
ഇന്ത്യ – പാകിസ്ഥാൻ വെടിനിർത്തലുമായി ബന്ധപ്പെട്ട് തുടർച്ചയായി പല അവകാശവാദങ്ങളും ഉന്നയിച്ച അമേരിക്കൻ പ്രസിഡൻ്റ് ഡോണാൾഡ് ട്രംപിനെ തള്ളി ഇന്ത്യ. ഒപ്പം മുന്നറിയിപ്പും നൽകി. വെടിനിർത്തലിന് പിന്നിൽ ഒരു രാജ്യവും മധ്യസ്ഥം വഹിച്ചിട്ടില്ലെന്ന് പറഞ്ഞ വിദേശകാര്യ വക്താവ്, അമേരിക്കൻ പ്രസിഡൻ്റ് അവകാശപ്പെട്ട നിലയിൽ വ്യാപാര ചർച്ചകളും നടന്നില്ലെന്ന് പറഞ്ഞു. ഒപ്പം പാകിസ്ഥാൻ നടത്തുന്ന ആണവ ബ്ലാക്മെയിലിന് മുന്നിൽ കീഴടങ്ങരുതെന്ന മുന്നറിയിപ്പും ഇന്ത്യൻ വിദേശകാര്യ വക്താവ് ദില്ലിയിൽ വിളിച്ച വാർത്താ സമ്മേളനത്തിൽ മുന്നോട്ടുവച്ചു.
കശ്‌മീർ വിഷയത്തിൽ മൂന്നാം കക്ഷി ഇടപെടൽ അനുവദിക്കില്ലെന്ന് കേന്ദ്ര വിദേശകാര്യ വക്താവ് രൺധീർ ജയ്‌സ്വാൾ. കശ്മീരിലെ ഏക വിഷയം പാക് അധീന കശ്മീർ ഇന്ത്യയ്ക്ക് കൈമാറുകയെന്നതാണ്. ഇന്ത്യയുടെ ശക്തി മനസ്സിലാക്കിയാണ് പാകിസ്ഥാൻ സൈനിക നീക്കം നിർത്തിയത്. ഇരു രാജ്യങ്ങളിലെയും സൈനിക ഡിജിഎംഒമാർ തമ്മിൽ മാത്രമാണ് ചർച്ച നടന്നത്. ഇന്ത്യയുടെ ഈ നയം പല ലോക നേതാക്കളും പാകിസ്ഥാനെ അറിയിച്ചിട്ടുണ്ടാവും. ആരും മധ്യസ്ഥ ചർച്ച നടത്തിയിട്ടില്ല. അമേരിക്ക നടത്തിയ സംഭാഷണത്തിൽ വ്യാപാരം ചർച്ചയായിട്ടില്ലെന്നും രൺധീർ ജയ്‌സ്വാൾ വ്യക്തമാക്കി.
അബദ്ധത്തിൽ അതിര്‍ത്തി കടന്നതിന് പാകിസ്ഥാൻ കസ്റ്റഡിയിലുള്ള ബിഎസ്എഫ് ജവാന്‍റെ മോചനവുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്കും മറുപടി നൽകി വിദേശകാര്യ വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍. വിദേശകാര്യ മന്ത്രാലയം വൈകിട്ട് വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് ബിഎസ്എഫ് ജവാന്‍റെ മോചനവുമായി ബന്ധപ്പെട്ട ചോദ്യമുയര്‍ന്നത്. പാക് കസ്റ്റഡിയിലുള്ള ബിഎസ്എഫ് ജവാവൻ പികെ സാഹുവിനെക്കുറിച്ച് ഇപ്പോള്‍ അപ്ഡേറ്റ് നൽകാനില്ലെന്ന് രണ്‍ധീര്‍ ജയ്സ്വാള്‍ പറഞ്ഞു.
പഹല്‍ഗാം ഭീകരാക്രമണത്തിനു പിന്നാലെ ഇന്ത്യക്കുനേരെ പാകിസ്താൻ ഹാക്കർമാരുടെ 15 ലക്ഷത്തിലധികം സൈബര്‍ ആക്രമണ ശ്രമങ്ങള്‍ ഉണ്ടായതായി മഹാരാഷ്ട്രയിലെ സൈബര്‍ വിദഗ്ധര്‍. പാകിസ്താന്‍, ബംഗ്ലാദേശ്, ഇന്‍ഡൊനീഷ്യ, മൊറോക്കോ, മിഡില്‍ ഈസ്റ്റ് തുടങ്ങിയ കേന്ദ്രങ്ങളില്‍നിന്നാണ് ആക്രമണ ശ്രമമുണ്ടായതെന്നും ഇതിനെയെല്ലാം ഇന്ത്യ വിജയകരമായി അതിജീവിച്ചതായും ഇന്ത്യാ ടുഡേയുടെ റിപ്പോർട്ടിൽ പറയുന്നു.
സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന വിരമിച്ചു. ജുഡീഷ്യറിയില്‍ വിശ്വസിക്കാന്‍ ജനങ്ങളോട് ആജ്ഞാപിക്കാന്‍ കഴിയില്ലെന്ന് വിട വാങ്ങല്‍ പ്രസംഗത്തില്‍ ജസ്റ്റിസ് സഞ്ജീവ് ഖന്ന പറഞ്ഞു. ജനവിശ്വാസം നേടിയെടുക്കേണ്ടതാണെന്നും സഞ്ജീവ് ഖന്ന പറഞ്ഞു.വിരമിച്ച ശേഷം ഒരു തസ്തികയും സ്വീകരിക്കില്ല. നിയമമേഖലയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ സജീവമാകുമെന്നും സഞ്ജീവ് ഖന്ന പറഞ്ഞു.
വന്യജീവി ആക്രമണത്തിൽ കൊല്ലപ്പെടുന്നവരുടെ കുടുംബത്തിന് പത്തു ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ച് സർക്കാർ. നാലു ലക്ഷം രൂപ ദുരന്ത പ്രതികരണനിധിയിൽ നിന്നും ബാക്കി ആറ് ലക്ഷം രൂപ വനം വകുപ്പ് തനത് ഫണ്ടിൽ നിന്നും ആയിരിക്കും ലഭ്യമാക്കുക. ആക്രമണം വനത്തിൽ ആയാലും പുറത്തായാലും സഹായധനം ലഭിക്കും. പാമ്പ്, തേനീച്ച, കടന്നൽ എന്നിവയുടെ ആക്രമണത്തിൽ മരിക്കുന്നവരുടെ കുടുംബത്തിന് നാലു ലക്ഷം രൂപയാണ് സഹായധനമായി ലഭിക്കുക
കോൺഗ്രസിന്റെ മുനമ്പം ഐക്യദാർഢ്യ സദസ് 15ന് നടക്കുമെന്ന് ഡിസിസി അറിയിച്ചു. മുനമ്പം വിഷയം വർഗീയ ചേരിതിരിവിന് ഉപയോഗിക്കുന്ന ബിജെപി, സിപിഎം കൂട്ടുകെട്ടിനെതിരെയും കുടിയൊഴിപ്പിക്കലിനെതിരെയും ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മുനമ്പം ഐക്യദാർഢ്യ സദസ്സ് 15ന് വൈകിട്ട് 5 മണിക്ക് ചെറായി ജംഗ്ഷനിൽ നടക്കുമെന്ന് ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് അറിയിച്ചു.
സംസ്ഥാനത്ത് തെരഞ്ഞെടുപ്പിന് ഒരുങ്ങാൻ ഹൈക്കമാൻഡ് നിർദേശം നൽകിയതായി പുതിയ കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്. ദില്ലിയിൽ കോൺഗ്രസ് ദേശീയ നേതൃത്വവുമായി നടത്തിയ ചർച്ചയ്ക്ക് ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു നേതാക്കൾ. സംസ്ഥാനത്ത് തദ്ദേശ, നിയമസഭ തെരഞ്ഞെടുപ്പുകളിൽ മികച്ച വിജയം നേടുമെന്ന് അദ്ദേഹം പറഞ്ഞു. പുനഃസംഘടനയിലെ തുടർ നടപടികൾ എപ്പോഴെന്നത് നേതൃതലത്തിൽ ചർച്ച തീരുമാനിക്കുമെന്നും സണ്ണി ജോസഫ് വ്യക്തമാക്കി.
മലപ്പുറം ജില്ലയില്‍ നിപ ബാധിച്ച രോഗിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട 7 പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഇതോടെ 56 പേരുടെ പരിശോധനാ ഫലം നെഗറ്റീവായി. ഇന്ന് 14 പേരെയാണ് സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. ഇതോടെ ആകെ 166 പേരാണ് സമ്പര്‍ക്കപ്പട്ടികയിലുള്ളത്.
തിരുവനന്തപുരത്ത് വിവാഹ തട്ടിപ്പ് വീരനെ അറസ്റ്റ് ചെയ്ത് പൊലീസ്. ആനാട് സ്വദേശി വിമൽ (37) നെയാണ് നെടുമങ്ങാട് പോലീസ് അറസ്റ്റ് ചെയ്തത്. നെടുമങ്ങാട് – പുലിപ്പാറ സ്വദേശിനികളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് എടുത്തിരിക്കുന്നത്. രണ്ട് പേരിൽ നിന്നുമായി ആറരലക്ഷം രൂപയും 5 പവൻ സ്വർണ്ണവും വാങ്ങിയ ശേഷം മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ചു. വിവാഹം കഴിക്കുന്നവരെ രജിസ്റ്റർ ചെയ്യുന്നതാണ് ഇയാളുടെ രീതി.
എറണാകുളത്ത് മൂന്ന് ആൺകുട്ടികളെ കാണാതായി. ഫോർട്ടുകൊച്ചി സ്വദേശികളായ മൂന്ന് വിദ്യാർത്ഥികളെയാണ് കാണാതായത്. ഫോർട്ട് കൊച്ചി ചെറളായിക്കടവിലെ അഫ്രീദ്, ഹാഫിസ്, അതീൻ എന്നിവർക്കായാണ് പൊലീസ് തെരച്ചിൽ തുടങ്ങിയത്. മൂവരും ട്രെയിനിൽ കയറി പോയെന്ന് സംശയമുണ്ട്. ഇതിൻ്റെ അടിസ്ഥാനത്തിലാണ് പൊലീസ് അന്വേഷണം പുരോഗമിക്കുന്നത്.
അടുത്ത പത്ത് വര്‍ഷത്തിനുള്ളില്‍ കേരളത്തെ ലോകത്തിലെ തൊഴിലവസരങ്ങളുടെ ഏറ്റവും വലിയ ലക്ഷ്യസ്ഥാനമാക്കി മാറ്റുകയാണ് ലക്ഷ്യമെന്ന് ധനവകുപ്പ് മന്ത്രി കെ എന്‍ ബാലഗോപാല്‍. മന്ത്രി പി രാജീവിന്‍റെ നേതൃത്വത്തില്‍ കളമശ്ശേരി മണ്ഡലത്തിലെ പരാതികള്‍ പരിഹരിക്കുന്നതിനായി സംഘടിപ്പിച്ച പബ്ലിക് സ്‌ക്വയര്‍ – പരാതി പരിഹാര അദാലത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഷവർമ കഴിക്കുന്നതിനെതിരെ ആർഎസ്എസ് മുഖപത്രമായ കേസരി വാരികയുടെ മുഖ്യ പത്രാധിപർ എൻ.ആർ. മധു. കൊല്ലത്ത് നടന്ന പരിപാടിയിലാണ് ഷവർമക്കെതിരെ ആർഎസ്എസ് നേതാവ് രംഗത്തെത്തിയത്. ആഹാരം തൃപ്തി തോന്നണമെങ്കിൽ ഇപ്പോൾ അറേബ്യൻ ഫുഡ് കഴിക്കണമെന്നാണ് ചിന്താഗതിയെന്ന് അദ്ദേഹം പറഞ്ഞു.
കോഴിക്കോട് മുത്തപ്പൻ പുഴയിൽ ശക്തമായ മലവെള്ളപ്പാച്ചിൽ. മലവെള്ളപ്പാച്ചിലിനെ തുടര്‍ന്ന് സ്ഥലത്ത് കുടുങ്ങിയ ആളെ രക്ഷപ്പെടുത്തി. നാരങ്ങാ തോട് പതങ്കയത്ത് കുടുങ്ങിയ ആളെയാണ് രക്ഷപ്പെടുത്തിയത്.
ഭിന്നശേക്ഷിക്കാരിയായ പ്രായപൂർത്തി ആകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു ഗർഭിണി ആക്കിയ കേസിൽ 53 കാരന് ട്രിപ്പിൾ ജീവപര്യന്തം തടവും 535000 രൂപ പിഴയും. ഇടുക്കി കൊന്നത്തടി നെല്ലിക്കുന്നേൽ വീട്ടിൽ കുമാർ എന്ന് വിളിക്കുന്ന ലെനിൻ കുമാറിനെ ആണ് ഇടുക്കി അതിവേഗ കോടതി ജഡ്ജ് ലൈജുമോൾ ഷെരീഫ് ശിക്ഷിച്ചത്. 2020 ലാണ് കേസിനാസ്പദമായ സംഭവം.
ദില്ലിയിൽ നിന്ന് ഭുവനേശ്വറിലേക്ക് പോയ എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലെ എസി പാതിവഴിയിൽ തകരാറിലായെന്ന് യാത്രക്കാരൻ. ദുരിതം പങ്കുവച്ച് യാത്രക്കാരന്റെ കുറിപ്പ് പുറത്തുവന്നതിന് പിന്നാലെ വിശദീകരണവുമായി കമ്പനിയും രംഗത്തെത്തി. എസി കേടായെന്നും യാത്രക്കാർക്ക് അസഹനീയമായ ചൂടിൽ ദുരിതം അനുഭവിക്കേണ്ടി വന്നുവെന്നും ചിത്രങ്ങൾ സഹിതം പങ്കുവയ്ക്കുകയായിരുന്നു.
ഇന്ത്യ-യുഎസ് ഉഭയകക്ഷി വ്യാപാരക്കരാർ ചർച്ചകൾക്ക്, കേന്ദ്ര വാണിജ്യ മന്ത്രി പിയൂഷ് ഗോയലിന്‍റെ നേതൃത്വത്തിലുള്ള സംഘം അമേരിക്കയിലേക്ക്. മെയ് 16 മുതലാണ് കൂടിക്കാഴ്ചകൾക്കായി ഗോയലും സംഘവും അമേരിക്കയിലെത്തുക. ഇന്ത്യ-യുഎസ് വ്യാപാരക്കരാറിന്‍റെ ആദ്യഘട്ടചർച്ചകൾ സന്ദർശനത്തിന്‍റെ പ്രധാന അജണ്ട. പകരം തീരുവയിൽ 90 ദിവസം ഇളവ് നൽകിയ സാഹചര്യത്തിൽ ചർച്ചകൾ നിർണായകമാണ്.
അമേരിക്കൻ പ്രസിഡൻ്റ് ഡോണാൾഡ് ട്രംപുമായി നടത്തിയ ചർച്ചയിൽ തന്ത്രപ്രധാന സാമ്പത്തിക സഹകരണ കരാറും പ്രതിരോധ കരാറുകളിലും ഒപ്പുവെച്ച് സൗദി അറേബ്യ. 142 ബില്യൺ ഡോളറിൻ്റെ പ്രതിരോധ കരാറാണ് സൗദിയും അമേരിക്കയും ഒപ്പുവച്ചത്. നാളെ അമേരിക്കയും ഗൾഫ് രാജ്യങ്ങളുമായുള്ള സുപ്രധാന ഉച്ചകോടി നടക്കും. ഇസ്രയേൽ സന്ദർശിക്കുന്നില്ലെന്നതും പലസ്തീൻ സംബന്ധിച്ച് സുപ്രധാന പ്രഖ്യാപനം ഉണ്ടാകുമോയെന്നതും ലോകശ്രദ്ധയെ ട്രംപിലേക്കെത്തിക്കുന്നുണ്ട്.
ഓപ്പറേഷൻ സിന്ദൂറിന് ശേഷം പാകിസ്ഥാന്‍റെ വടക്കൻ മേഖലയിൽ റേഡിയേഷൻ ചോർച്ചയുണ്ടായെന്ന് വ്യാജ പ്രചാരണം. പാകിസ്ഥാൻ കാലാവസ്ഥാ വ്യതിയാന മന്ത്രാലയത്തിന്‍റേതെന്ന് അവകാശപ്പെടുന്ന ഒരു രേഖയാണ് ഈ പ്രചാരണം നടത്താൻ ഉപയോഗിക്കുന്നത്. എന്നാല്‍, ഈ രേഖ വ്യാജമാണെന്ന് വ്യക്തമായിട്ടുണ്ട്. ചട്ടാർ സമതലത്തിനടുത്തുള്ള ഒരു വ്യാവസായിക കേന്ദ്രത്തിൽ റേഡിയേഷൻ ചോർച്ചയുണ്ടായെന്ന് ഈ രേഖയിൽ പറയുന്നത്.
തമിഴ്‌നാടിന്‍റെ മൊത്തം സംസ്ഥാന ആഭ്യന്തര ഉത്പാദനം (GSDP) 419.74 ബില്യൺ ഡോളറിലെത്തി. 2025ലെ കണക്കുകളാണ് പുറത്ത് വന്നിട്ടുള്ളത്. ഏകദേശം 374 ബില്യൺ ഡോളർ കണക്കാക്കപ്പെടുന്ന പാകിസ്ഥാന്‍റെ മൊത്തം ദേശീയ ആഭ്യന്തര ഉത്പാദനത്തെ (GDP) വരെ മറികടന്നാണ് ഈ കുതിപ്പ്. തമിഴ്‌നാടിന്‍റെ അതിവേഗത്തിലുള്ള സാമ്പത്തിക വളർച്ചയും വ്യാവസായിക മുന്നേറ്റവുമാണ് ഈ നേട്ടം സൂചിപ്പിക്കുന്നത്.
ഇന്ത്യാ -പാക് സംഘര്‍ഷത്തിന് പിന്നാലെ ഇന്ത്യയില്‍ നിന്നുള്ള നിരവധി വിമാന സര്‍വ്വീസുകൾ റദ്ദാക്കപ്പെട്ടിരുന്നു. എന്നാല്‍, ഈ റദ്ദാക്കലിലെ നഷ്ടം നികത്താന്‍ വിമാനക്കമ്പനികൾ യാത്രക്കാരുടെ കൈയില്‍ നിന്നും പണം പിടിക്കുകയാണെന്ന ആരോപണം ഉയരുകയാണ്. ഇന്‍ഡിഗോയ്ക്കെതിരെയാണ് കൂടുതല്‍ ആരോപണങ്ങൾ ഉയന്നത്. നിരവധി പേര്‍ വിമാനം റദ്ദാക്കിയതിന് തങ്ങളുടെ കൈയില്‍ നിന്നും കമ്പനി പണം ഈടാക്കിയെന്ന് ആരോപിച്ച് രംഗത്തെത്തി.
ഖത്തര്‍ ആതിഥേയത്വം വഹിക്കുന്ന ഫിഫ അണ്ടര്‍ 17 ലോകകപ്പിന്റെ ഔദ്യോഗിക ലോഗോ പുറത്തിറക്കി. ടൂര്‍ണമെന്റിന്റെ പേര് സൂചിപ്പിക്കുന്ന പോലെ U17 എന്ന മാതൃകയിലാണ് ലോഗോ തയാറാക്കിയത്. ലോകകപ്പിലെ ജേതാക്കള്‍ക്കായി സമ്മാനിക്കുന്ന ട്രോഫിയുടെ മാതൃകയും ലോഗോയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. നവംബര്‍ മൂന്ന് മുതല്‍ 27 വരെയാണ് കാല്‍പന്തു ലോകത്തെ ഭാവിതാരങ്ങള്‍ മാറ്റുരക്കുന്ന വിശ്വമേളയ്ക്ക് ഖത്തര്‍ വേദിയൊരുക്കുന്നത്.
ഇന്ത്യയും പാകിസ്ഥാനും തമ്മിലുണ്ടായ സംഘർഷത്തിനൊടുവിൽ ഇരു രാജ്യങ്ങളും വെടിനിർത്തൽ പ്രഖ്യാപിച്ചതിനെ കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാെൻറ അധ്യക്ഷതയിൽ ചേർന്ന സൗദി മന്ത്രിസഭായോഗം സ്വാഗതം ചെയ്തു.ഇരുരാജ്യങ്ങളും തമ്മിലുണ്ടായ വെടിനിർത്തൽ കരാർ ശുഭകരമാണ്. ഇരു രാജ്യങ്ങൾക്കുമിടയിൽ ശാശ്വത സമാധാനം കൈവരിക്കുന്നതിന് അന്താരാഷ്ട്ര സമൂഹത്തിലെ പങ്കാളികളുമായി സഹകരിച്ച് സൗദി അറേബ്യ നടത്തുന്ന ശ്രമങ്ങൾ തുടരുമെന്നും മന്ത്രിസഭ ഊന്നിപ്പറഞ്ഞു.
പഞ്ചാബിൽ വ്യാജമദ്യദുരന്തത്തിൽ മരണം 21 ആയി. അമൃത്സറിലെ മജിത ബ്ലോക്കിൽ ഉൾപ്പെടുന്ന ഗ്രാമങ്ങളിലാണ് മദ്യദുരന്തമുണ്ടായത്. മരിച്ചവരിൽ ഭൂരിഭാഗവും ഭംഗാലി, പതൽപുരി, മരാരി കലൻ, തരൈവാൽ പ്രദേശങ്ങളിൽ നിന്നുള്ളവരാണ്. കഴിഞ്ഞ അഞ്ചുവർഷത്തിനിടെ ഉണ്ടായ ഏറ്റവും വലിയ മൂന്നാമത്തെ ദുരന്തമാണ് സംസ്ഥാനത്തേത്.