ആഗോള കത്തോലിക്ക സഭയുടെ പരമാധ്യക്ഷൻ ഫ്രാൻസിസ് മാർപാപ്പയുടെ വിയോഗത്തിൽ അഗാധ ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ആഗോള കത്തോലിക്ക സഭയുടെ വേദനയിൽ പങ്ക് ചേരുന്നുവെന്ന് മോദി എക്സിൽ കുറിച്ചു. അദ്ദേഹവുമായുളള കൂടിക്കാഴ്ച വലിയ പ്രചോദനമായിരുന്നുവെന്നും ആത്മാവിന് നിത്യശാന്തി ലഭിക്കട്ടെയെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചന സന്ദേശത്തിൽ കുറിച്ചു. ഫ്രാന്‍സിസ് പാപ്പക്കൊപ്പമുള്ള ചിത്രങ്ങളും മോദി എക്സില്‍ പങ്കുവെച്ചിട്ടുണ്ട്.
ക്രൈസ്തവ വിശ്വാസികളുടെ ഹൃദയത്തിൽ വലിയ ദുഖം ഉളവാക്കിക്കൊണ്ടാണ് ഫ്രാൻസിസ് മാർപാപ്പ യാത്രപറയുന്നതെന്ന് ഓർത്തഡോക്സ് സഭാധ്യക്ഷൻ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ. ക്രൈസ്തവ സഭകളുടെ കൈവഴികളിലെ തേജസ്സാർന്ന നേതൃമുഖങ്ങളിലൊന്നാണ് മാർപാപ്പയുടെ വിടവാങ്ങലോടെ അസ്തമിക്കുന്നത്. പക്ഷേ അദ്ദേഹത്തിന്റെ ദർശനങ്ങളുടെ വെളിച്ചം ലോകമെങ്ങും ബാക്കിയാകുക തന്നെ ചെയ്യും എന്നദ്ദേഹം പറഞ്ഞു.
യഥാർത്ഥ ക്രിസ്തു ശിഷ്യനായിരുന്നു ഫ്രാൻസിസ് മാർപ്പാപ്പയെന്ന് താമരശ്ശേരി ബിഷപ്പ് റെമീജിയോസ് ഇഞ്ചനാനിയിൽ. അദ്ദേഹത്തിന്റെ ജീവിതം തന്നെ സന്ദേശമാണ്. ലോകത്ത് യുദ്ധ ധ്വനി മുഴങ്ങിയപ്പോൾ അതിർത്തികൾ തുറന്നിടൂവെന്ന് ആഹ്വാനം ചെയ്ത മാർപ്പാപ്പ മാനവ സ്നേഹത്തിന്റെ വലിയ സന്ദേശം നൽകി. സമൂഹത്തിൽ പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗങ്ങൾക്ക് വേണ്ടി നില കൊണ്ട വ്യക്തിയായിരുന്നു അദ്ദേഹമെന്നും താമരശ്ശേരി ബിഷപ്പ് അനുസ്മരിച്ചു.
ഫ്രാന്‍സിസ് മാര്‍പാപ്പ ലാളിത്യത്തിന്‍റെയും കാരുണ്യത്തിന്‍റെയും വലിയ ഇടയനെന്ന് മലങ്കര മർത്തോമ സുറിയാനി സഭയുടെ പരമാധ്യക്ഷൻ ഡോ. തിയഡോഷ്യസ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്താ അനുശോചനക്കുറിപ്പിൽ പറഞ്ഞു. ഫ്രാന്‍സിസ് മാര്‍പ്പാപ്പായുടെ ദേഹവിയോഗം ക്രൈസ്തവ ലോകത്തിന് തീരാനഷ്ടമാണെന്നും ലോകം മുഴുവന്‍ അറിയപ്പെട്ടതും ആദരിച്ചതുമായ ഒരു ആത്മീയ ഇടയാനായിരുന്നു അദ്ദേഹമെന്നും മെത്രാപ്പോലീത്ത പ്രതികരിച്ചു.
സമാധാനത്തിന്‍റെ പ്രവാചകനും മനുഷ്യ സ്‌നേഹത്തിന്‍റെ പ്രതീകവുമായിരുന്നു ഫ്രാന്‍സിസ് മാര്‍പ്പാപ്പയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ആഗോള കത്തോലിക്കാ സഭയുടെ 266 മത് മാര്‍പ്പാപ്പ, ജനതയെ ഹൃദയത്തോട് ചേര്‍ത്തും സ്‌നേഹം ചൊരിഞ്ഞും ജീവിച്ച മഹാഇടയനായിരുന്നുവെന്ന് സതീശൻ അനുസ്മരിച്ചു.
എല്ലാ മനുഷ്യരെയും സ്നേഹിക്കുകയും എല്ലാ മതങ്ങളെയും ബഹുമാനിക്കുകയും ചെയ്ത ഒരു വലിയ മനസ്സിന്റെ ഉടമയായിരുന്നു പോപ്പ് ഫ്രാൻസിസെന്ന് കേന്ദ്ര മന്ത്രി ജോർജ് കുര്യൻ. ഫ്രാൻസിസ് മാർപാപ്പയുടെ വിയോഗത്തിൽ ദുഃഖം രേഖപ്പെടുത്തിയ ജോർജ് കുര്യൻ, വിയോഗം വളരെ ദുഃഖകരവും നഷ്ടബോധം ഉണ്ടാകുന്നതുമാണെന്നും അനുസ്മരിച്ചു.
ലോകത്തിന് കുലീനനായ ഒരു ആത്മാവിനെയാണ് നഷ്ടപ്പെട്ടതെന്ന് മമ്മൂട്ടി പറഞ്ഞു..സോഷ്യൽ മീഡിയയിലൂടെയാണ് മമ്മൂട്ടി ഫ്രാൻസിസ് മാർപാപ്പയെ അനുസ്മരിച്ചത്.
ക്രൈസ്തവ വിശ്വാസത്തിന്റെ ഏറ്റവും മനോഹരമായ മാതൃക നൽകികൊണ്ടാണ് ഫ്രാൻസിസ് മാർപാപ്പ കടന്നുപോവുന്നതെന്ന് ചങ്ങനാശ്ശേരി ആർച്ച് ബിഷപ്പ് തോമസ് തറയിൽ. അദ്ദേഹത്തിന്റെ വേർപാടിൽ വേദനിക്കുന്നുവെന്നും അദ്ദേഹത്തിനായി പ്രാർഥിക്കുന്നുവെന്നും ഫ്രാൻസിസ് മാർപാപ്പയെ അനുസ്മരിച്ച് ചങ്ങനാശ്ശേരി ആർച്ച് ബിഷപ്പ് പറഞ്ഞു.
ഫ്രാൻസിസ് പാപ്പയുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. പരിശുദ്ധ ഫ്രാൻസിസ് മാർപാപ്പ ഇനിയില്ലെന്നും ഇത് മാനവരാശിക്ക് നികത്താനാകാത്ത നഷ്ടമാണെന്നും രാജീവ് ചന്ദ്രശേഖർ അനുശോചന സന്ദേശത്തിൽ പറഞ്ഞു.
നടൻ ഷൈൻ ടോം ചാക്കോയ്ക്കെതിരായ പരാതിയിൽ സൂത്രവാക്യം സിനിമയുടെ ഐസിസിക്ക് മൊഴി നൽകി നടി വിൻസി അലോഷ്യസ്. നടനെതിരെ നിയമ നടപടിക്ക് ഇല്ലെന്ന നിലപാട് വിൻസി ആവർത്തിച്ചു. മൊഴിയുടെ വിശദാംശങ്ങൾ പുറത്തു പറയാനാകില്ലെന്നും നടി മാധ്യമങ്ങളോട് പ്രതികരിച്ചു. പരാതിയിലെ വിവരങ്ങൾ പുറത്ത് വന്നതിൽ അതൃപ്തിയുണ്ട്. താനും ഷൈനും ഒരുമിച്ചും ഒറ്റയ്ക്കും മൊഴി നൽകിയെന്ന് വിൻസി മാധ്യമങ്ങളോട് പ്രതികരിച്ചു. ഇന്റേണൽ കമ്മിറ്റിയുടെയും ഫിലിം ചേംബറിന്റെയും നടപടികളിൽ തൃപ്തിയുണ്ടെന്നും വിൻസി മാധ്യമങ്ങളോട് പറഞ്ഞു.
ഷൈൻ ടോം ചാക്കോ ഉൾപ്പടെയുള്ള സിനിമ നടന്മാരെ അറിയാമെങ്കിലും ലഹരി ഇടപാടുകൾ നടത്തിയിട്ടില്ലെന്ന് ആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവ് കേസിലെ പ്രതി തസ്ലിമ. പ്രതികളെ കോടതിയിൽ എത്തിച്ചപ്പോഴായിരുന്നു പ്രതികരണം. അതേസമയം പ്രതികളുടെ മൊഴികൾ പൂർണമായും വിശ്വാസത്തിൽ എടുത്തിട്ടില്ലെന്നും വിശദമായി ചോദ്യം ചെയ്യലിന് ശേഷമേ സിനിമ നടൻമാരെ വിളിച്ചുവരുത്തുന്ന കാര്യത്തില്‍ തീരുമാനം എടുക്കുകയുള്ളൂവെന്നും എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ എസ് അശോക് കുമാർ പറഞ്ഞു.
വന്‍കിട കമ്പനികള്‍ ജി എസ് ടിക്ക് പുറമെ വി എസ് ടി -അഥവാ വീണ സര്‍വീസ് ടാക്‌സും അടയ്‌ക്കേണ്ട ഗതികേടിലാണെന്ന് ബി.ജെ പി സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭാ സുരേന്ദ്രന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. വികസിത കേരള കണ്‍വന്‍ഷന്‍ പൂര്‍ത്തിയാകുന്നതോടെ കേന്ദ്രവും കേരളവുമായുള്ള സുവര്‍ണ ഇടനാഴി രൂപപ്പെടുത്തുകയാണ് ബി ജെ പിയുടെ ലക്ഷ്യം ശോഭ സുരേന്ദ്രൻ പറഞ്ഞു .
കൊച്ചി – ബെംഗളൂരു വ്യവസായ ഇടനാഴിക്കായി 220 ഏക്കർ ഭൂമി കൂടി കേരള ഇൻഡസ്ട്രിയൽ കോറിഡോർ ഡെവലപ്മെന്‍റ് കോർപ്പറേഷൻ ലിമിറ്റഡിന് സംസ്ഥാന ഓഹരിയായി കൈമാറി. മന്ത്രിസഭാ യോഗത്തിന്‍റെ തീരുമാന പ്രകാരം അനുമതി ലഭിച്ചതോടെയാണ് ബോർഡ് സ്ഥലം കൈമാറിയതെന്ന് മന്ത്രി പി രാജീവ് അറിയിച്ചു.
കോഴിക്കോട് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ ഹൃദയം, കരള്‍, വൃക്ക തുടങ്ങിയ അവയവങ്ങള്‍ മാറ്റിവയ്ക്കുന്നതിന് ഉള്‍പ്പെടെയുള്ള അത്യാധുനിക ഓപ്പറേഷന്‍ തീയറ്ററുകള്‍ പ്രവര്‍ത്തനസജ്ജമായി. കോഴിക്കോട് മെഡിക്കല്‍ കോളേജ് സര്‍ജിക്കല്‍ സൂപ്പര്‍ സ്പെഷ്യാലിറ്റി ബ്ലോക്കിലാണ് 14 ഓപ്പറേഷന്‍ തീയറ്ററുകള്‍ പ്രവര്‍ത്തനസജ്ജമാക്കിയത്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ യാഥാര്‍ത്ഥ്യമാക്കാനാണ് ലക്ഷ്യമിടുന്നതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.
ഐബി ഉദ്യോഗസ്ഥയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് സുഹൃത്തും ഐബി ഉദ്യോഗസ്ഥനുമായ സുകാന്തിനെതിരെ നടപടി. ഇയാളെ സർവ്വീസിൽ നിന്നും പിരിച്ചുവിട്ടു. കേസിൽ പ്രതിയായ കാര്യം പൊലീസ് ഇൻ്റലിജൻസ് ബ്യൂറോയെ അറിയിച്ചിരുന്നു. കേസിൻ്റെ വിശദാംശങ്ങളടക്കം പരിശോധിച്ച ശേഷമാണ് രഹസ്യാന്വേഷണ ബ്യൂറോയുടെ തീരുമാനം.
മാസപ്പടി കേസിൽ എസ്എഫ്ഐഒയുടെ തുടർ നടപടികൾ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് സിഎംആര്‍എല്‍ നൽകിയ ഹർജി ദില്ലി ഹൈക്കോടതി ഇന്ന് പരിഗണിച്ചില്ല. ഡിവിഷന്‍ ബെഞ്ചിന്‍റെ നടപടികള്‍ നീണ്ടുപോയതിനാല്‍ മറ്റൊരു ദിവസത്തേക്ക് കേസ് മാറ്റിവെക്കുകയാണ് ചെയ്തത്.
സംസ്ഥാനത്ത് ഇന്നും നാളെയും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും 25 വരെ ഇടിമിന്നലോടെ മഴക്കും സാധ്യതയുണ്ട്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, കണ്ണൂർ എന്നീ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
നെഹ്‌റുട്രോഫി വള്ളംകളിയുടെ തിയ്യതി മാറ്റത്തിൽ തീരുമാനം ഉടൻ ഉണ്ടായേക്കും. ഓഗസ്റ്റ് 30ന് വള്ളം കളി നടത്താനുള്ള അനുമതിക്കായി നെഹ്‌റു ട്രോഫി ബോട്ട് റേസ് കമ്മിറ്റി സർക്കാരിന് കത്ത് നൽകി.ഓഗസ്റ്റ് 30 ന് നെഹ്‌റു ട്രോഫി വള്ളംകളി നടത്താൻ ആൻ ടി ബി ആർ സൊസൈറ്റി എക്സിക്യൂട്ടീവ് യോഗത്തിൽ ധാരണയായിട്ടുണ്ട്.
രണ്ടാം പിണറായി സര്‍ക്കാരിന്‍റെ നാലാം വാര്‍ഷികാഘോഷം പൊടിപൊടിക്കാന്‍ വീണ്ടും കോടികള്‍ അനുവദിച്ചു. ഓരോ വകുപ്പിനും പതിനാല് ജില്ലകളിലും ഒരു കോടിയോളം രൂപ കൂടുതൽ ചെലവഴിക്കാം. ആഘോഷത്തിന്‍റെ പേരില്‍ നൂറ് കോടിയാണ് സര്‍ക്കാര്‍ ധൂര്‍ത്തടിക്കുന്നതെന്നും ജനങ്ങളുടെ കണ്ണീരിന് മുകളിലാണ് ആഘോഷമെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ കുറ്റപ്പെടുത്തി. സര്‍ക്കാരിന്‍റെ വികസന നേട്ടങ്ങള്‍ ജനങ്ങളെ അറിയിക്കുന്നത് ആഡംബരമല്ലെന്നാണ് ധനമന്ത്രിയുടെ വിശദീകരണം.
വയനാട് മുണ്ടക്കൈ – ചൂരല്‍മല പുനരധിവാസത്തിനായി ഭൂമി ഏറ്റെടുത്ത നടപടിയുമായി സര്‍ക്കാരിന് മുന്നോട്ടുപോകാം. ഭൂമി ഏറ്റെടുത്തതിനെതിരെ എല്‍സ്റ്റണ്‍ എസ്റ്റേറ്റ് നല്‍കിയ ഹര്‍ജി സുപ്രിംകോടതി തള്ളി. ഭൂമി ഏറ്റെടുക്കാന്‍ അനുമതി നല്‍കിയ ഹൈക്കോടതി ഉത്തരവില്‍ ഇടപെടാനില്ലെന്നും എല്‍സ്റ്റണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കാമെന്നും കോടതി നിര്‍ദേശിച്ചു.
കേരളത്തിലെ രജിസ്‌ട്രേഷൻ ഇടപാടുകൾ സമ്പൂർണ ഇ-സ്റ്റാമ്പിങ്ങിലേക്ക് മാറിയെന്ന് സംസ്ഥാന സര്‍ക്കാര്‍. അഞ്ച് ലക്ഷം രൂപയ്ക്ക് മുകളിലുള്ള മുദ്രപത്രങ്ങൾ 2017 മുതൽ തന്നെ ഇ-സ്റ്റാമ്പിങ്ങിലേക്ക് മാറിയിരുന്നെങ്കിലും അതിനു താഴേക്കുള്ള മുദ്രപത്രങ്ങൾ കൂടി ഇ-സ്റ്റാമ്പിങ്ങിലേക്ക് മാറിയതോടെ രജിസ്ട്രേഷൻ മേഖലയിൽ ഇ-സ്റ്റാമ്പിംഗ് ഏർപ്പെടുത്തുന്ന ആദ്യ സംസ്ഥാനമെന്ന നേട്ടത്തിലാണ് കേരളമെന്നും രജിസ്ട്രേഷൻ വകുപ്പ് അറിയിച്ചു.
ബെംഗളൂരുവിൽ ഇന്ത്യൻ വ്യോമസേന ഉദ്യോഗസ്ഥനും ഭാര്യക്കും നേരെ ആക്രമണം നടന്നതായി പരാതി. വിങ് കമാൻഡർ ആദിത്യ ബോസും ഭാര്യ സ്ക്വാഡ്രൺ ലീഡർ മധുമിതയുമാണ് ആക്രമണത്തിന് ഇരയായത്. ഇരുവരും എയര്‍പോര്‍ട്ടിലേക്കുള്ള വഴിയിലാണ് ആക്രമിക്കപ്പെട്ടതെന്ന് ആദിത്യ ബോസ് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ലൈവ് വീഡിയോയിൽ പറയുന്നു.ഇതിന്റെ അടിസ്ഥാനത്തിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്യുകയും.തുടർന്ന് പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തു.
കോഴിക്കോട് താമരശ്ശേരിയിൽ എട്ടു മാസമായി ജയിലിൽ കഴിയുന്ന യുവതിക്കും യുവാവിനും ഒടുവിൽ ജാമ്യം അനുവദിച്ചു കോടതി. വടകര തച്ചംപൊയിൽ ഇരട്ടകുളങ്ങര സ്വദേശി റെജീന, പരപ്പൻ പൊയിൽ സ്വദേശി തെക്കെപുരയിൽ സനീഷ് കുമാറിനുമാണ് ജാമ്യം നൽകിയത്. 2024 ആഗസ്റ്റ് 28 നാണ് 58.53 ഗ്രാം എം.ഡി.എം.എ യുമായി രണ്ട് പേരേയും താമരശ്ശേരി പോലീസ് പിടികൂടിയത്.
കൊട്ടാരക്കരയിൽ വാഹനാപകടത്തിൽ ബൈക്ക് യാത്രികൻ മരിച്ചു. ഇഞ്ചക്കാട് സ്വദേശി ഷൈൻ (34) ആണ് മരിച്ചത്. നിയന്ത്രണംവിട്ട കാർ ബൈക്കിൽ ഇടിച്ചാണ് അപകടം നടന്നത്. കാർ ഓടിച്ച ടെനി ജോപ്പൻ പൊലീസ് കസ്റ്റഡിയിലാണ്. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ പേഴ്സൺ സ്റ്റാഫ് അംഗമായിരുന്നു ടെനി ജോപ്പൻ.
എറണാകുളം പൂത്തോട്ടയ്ക്കു സമീപം പുത്തന്‍കാവില്‍ സ്വകാര്യ ബസ്സും ബൈക്കും കൂട്ടി ഇടിച്ചുണ്ടായ അപകടത്തില്‍ ബൈക്ക് യാത്രികനായ യുവാവിന് ദാരുണാന്ത്യം. വൈക്കം മറവന്‍തുരുത്ത് വാളം പള്ളിപ്പാലത്തിന് സമീപം നടുവിലേക്കൂറ്റ് വീട്ടില്‍ പരേതരായ ജോയി – ശാന്തമ്മ ദമ്പതികളുടെ മകന്‍ ജിജോ തോമസ് (38) ആണ് മരിച്ചത്.
ട്രെയിനിന് നേരെയുണ്ടായ കല്ലേറിൽ പരിക്കേറ്റ് നാല് വയസ്സുകാരിക്ക് ദാരുണാന്ത്യം. വിജയപുര – റായ്ച്ചൂർ പാസഞ്ചർ ട്രെയിനിന് നേരെയാണ് കല്ലേറുണ്ടായത്. ആരോഹി അജിത് കാംഗ്രെ എന്ന പെൺകുട്ടിയാണ് കൊല്ലപ്പെട്ടത്. കല്ലെറിഞ്ഞയാളെ കണ്ടെത്താൻ അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു.
ചെക്ക് കേസിൽ ശിക്ഷ വിധിച്ചതിന് പിന്നാലെ വനിതാ ജഡ്ജിയെ ഭീഷണിപ്പെടുത്തി പ്രതി. ദ്വാരക ജുഡീഷ്യൽ മജിസ്ട്രേറ്റ് ശിവാംഗി മംഗ്ലയെയാണ് പ്രതിയും അഭിഭാഷകനും ചേർന്ന് ഭീഷണിപ്പെടുത്തിയത്. ദേശീയ വനിതാ കമ്മീഷന് ജഡ്ജി പരാതി നൽകി. അഭിഭാഷകന് ജഡ്ജി കാരണം കാണിക്കൽ നോട്ടീസ് നൽകിയിട്ടുണ്ട്.
ക്രിസ്ത്യന്‍ സഭകളുമായി കൂടുതലടുക്കാന്‍ സജീവ ശ്രമങ്ങളുമായി ബിജെപി. പ്രധാനമന്ത്രി നരേന്ദ്ര മോദി ക്രിസ്ത്യന്‍ സഭാ നേതാക്കളുമായി ഏപ്രില്‍ 25ന് കൂടിക്കാഴ്ച നടത്തും. വഖഫ് ഭേദഗതി നിയമത്തിന്റെയും രാജ്യത്ത് പലയിടത്തും ക്രിസ്ത്യാനികള്‍ക്ക് നേരെ അക്രമങ്ങള്‍ നടക്കുകയും ചെയ്യുന്നതിന്റെയും പശ്ചാത്തലത്തില്‍ കൂടിക്കാഴ്ചയ്ക്ക് വലിയ പ്രാധാന്യമുണ്ട്.
സൂപ്പര്‍ കപ്പ് ഫുട്‌ബോളില്‍ നിന്ന ഗോകുലം കേരള പുറത്ത്. നോക്കൗട്ട് റൗണ്ടിലെ ആദ്യ മത്സരത്തില്‍ കരുത്തരായ എഫ്‌സി ഗോവയോട് തോറ്റാണ് ടീം പുറത്തായത്. ഏകപക്ഷീയമായ മൂന്ന് ഗോളുകള്‍ക്കാണ് ഗോകുലത്തിന്റെ തോല്‍വി. ജയത്തോടെ ഗോവ സൂപ്പര്‍ കപ്പ് ക്വാര്‍ട്ടറിലെത്തി.