Untitled design 20250112 193040 0000 1

 

നടി വിൻസി അലോഷ്യസിന്‍റെ പരാതിയിൽ പൊലീസിനോട് പ്രതികരിച്ച് നടൻ ഷൈൻ ടോം ചാക്കോ. ലഹരിക്കേസിൽ അറസ്റ്റിലായ ഷൈൻ പൊലീസിന്‍റെ ചോദ്യം ചെയ്യലിലാണ് നടിയുടെ പരാതിയിലുള്ള പ്രതികരണം തേടിയത്.വിൻസിയുടെ പരാതി അടിസ്ഥാനമില്ലെന്നും ഈഗോയുടെ പുറത്ത് വന്ന പരാതിയാണെന്നും വിൻസി കുടുംബ സുഹൃത്താണെന്നുമാണ് ഷൈൻ ടോം ചാക്കോ പറഞ്ഞു.

 

ലഹരിക്കേസിൽ അറസ്റ്റിലായ നടൻ ഷൈൻ ടോം ചാക്കോയെ ആന്‍റി ഡോപിങ് ടെസ്റ്റിന് വിധേയമാക്കുന്നതിനുള്ള സാമ്പിളുകളെടുത്തു. ഷൈന്‍റെ മുടി, രക്തം, നഖം എന്നിവയുടെ സാമ്പിളുകളാണ് എടുത്തത്. പൊലീസ് നടപടിയുമായി ഷൈൻ ടോം ചാക്കോ പൂര്‍ണമായും സഹകരിച്ചു. സാമ്പിളുകള്‍ പൊലീസിന്‍റെ തിരുവനന്തപുരത്തെ ഫോറന്‍സിക് ലബോറട്ടറയിലേക്ക് അയക്കും.

 

ലഹരിക്കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട നടൻ ഷൈൻ ടോം ചാക്കോ ജാമ്യം കിട്ടി പുറത്തിറങ്ങി. എൻഡ‍ിപിഎസ് 27 (ബി), 29 വകുപ്പുകളും ഭാരതീയ നിയമ സംഹിതയിലെ 237, 238 പ്രകാരം തെളിവ് നശിപ്പിക്കലും എന്നീ കുറ്റങ്ങളാണ് ഷൈനെതിരെ ചുമത്തിയിട്ടുള്ളത്. ജാമ്യം ലഭിക്കാവുന്ന കുറ്റങ്ങളാണ് ഇത്. മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിനും ശാസ്ത്രീയ വൈദ്യ പരിശോധനകൾക്കും ശേഷമാണ് പുറത്തിറങ്ങിയത്. ഷൈൻ തെളിവ് നൽകാതിരിക്കാൻ രക്ഷപ്പെട്ടെന്നാണ് എഫ്ഐആറില്‍ പറയുന്നത്.

 

പൊലീസിന് മുന്നിൽ കുറ്റസമ്മതവുമായി നടൻ ഷൈൻ ടോം ചാക്കോ. ആലപ്പുഴയിൽ അറസ്റ്റിലായ ലഹരി കച്ചവടക്കാരി തസ്ലിമയുമായി ബന്ധമുണ്ടെന്ന് ഷൈൻ സമ്മതിച്ചു. കൂടാതെ, മെത്താഫിറ്റമിനും കഞ്ചാവും ഉപയോഗിക്കുമെന്നും ഷൈൻ തുറന്ന് പറഞ്ഞു. കഴിഞ്ഞ വർഷം പിതാവ് തന്നെ 12 ദിവസം ഡീ അഡിക്ഷൻ സെന്‍ററിലാക്കിയിരുന്നു. കൂത്താട്ടുകുളത്തെ ലഹരിമുക്ത കേന്ദ്രത്തില്‍ 12 ദിവസമാണ് കഴിഞ്ഞത്. എന്നാൽ താൻ അവിടെ നിന്ന് പാതിവഴിയിൽ ചികിത്സ നിർത്തി മടങ്ങിയെന്നും പൊലീസിനോട് പറഞ്ഞു.

 

സെക്രട്ടറിയേറ്റിന് മുന്നിൽ വനിത സിപിഒ റാങ്ക് ഹോൾഡേഴ്സിൻറെ സമരത്തെ പരിഹസിച്ച് ഇടത് മുന്നണി കൺവീനറും പികെ ശ്രീമതിയും. സമരം തുടങ്ങുന്നവർക്ക് അവസാനിപ്പിക്കാനുള്ള ധാരണയും വേണമെന്നായിരുന്നു ഇടത് മുന്നണി കൺവീനർ ടി.പി രാമകൃഷ്ണൻറെ നിലപാട്. സമരക്കാർക്ക് വാശിയല്ല ദുർവ്വാശിയാണെന്നാണ് ശ്രീമതിയുടെ പ്രതികരണം.

 

 

നിലമ്പൂർ ഉപതെരെഞ്ഞെടുപ്പിൽ പി വി അൻവര്‍ ഫാക്ടര്‍ ഇല്ലെന്ന് ലീഗ് നേതാവ് പി വി അബ്ദുൾ വഹാബ്. നിലമ്പൂരിൽ പി വി അൻവറിന് പ്രസക്തി ഇല്ല. അൻവർ ഈ തെരഞ്ഞെടുപ്പിനെ സ്വാധീനിക്കില്ല. അൻവർ അല്ല യുഡിഎഫിന്‍റെ സ്ഥാനാർഥിയെ തീരുമാനിക്കേണ്ടത്. സ്ഥാനാർഥിയെ കോൺഗ്രസ് തീരുമാനിക്കും. ആരുടേയും ഭീഷണിക്ക് മുന്നിൽ കോൺഗ്രസ് വഴങ്ങരുത്. ആര് സ്ഥാനാർഥി ആയാലും ലീഗ് പിന്തുണക്കും, വിജയിപ്പിക്കുമെന്നും പി വി അബ്ദുൾ വഹാബ് പറഞ്ഞു.

ചിത്രീകരണം പൂര്‍ത്തിയായ സൂത്രവാക്യം എന്ന സിനിമ ഇനി എന്താവുമെന്ന് അറിയില്ലെന്നും സിനിമയെ വെറുതെ വിടണമെന്നും ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍. ചിത്രീകരണത്തിനിടെ താന്‍ നേരിട്ട ദുരനുഭവങ്ങള്‍ പൊതുസമൂഹത്തോട് തുറന്നുപറഞ്ഞ നടി വിന്‍ സി അലോഷ്യസിനെ അഭിനന്ദിക്കുന്നതായും ചിത്രത്തിന്റെ നിര്‍മാതാവ് ശ്രീകാന്ത് കണ്ടര്‍ഗുള പറഞ്ഞു. വിന്‍ സി കാണിച്ച ധൈര്യത്തെ ബഹുമാനിക്കുന്നതായും ശ്രീകാന്ത് പറഞ്ഞു.

ജില്ലാതല ആശുപത്രികളില്‍ ആദ്യമായി ഫാറ്റി ലിവര്‍ ക്ലിനിക്കുകള്‍ സജ്ജമായി വരുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.ആരോഗ്യ വകുപ്പ് ജില്ലകള്‍ക്ക് ഫണ്ട് അനുവദിച്ചിട്ടുണ്ട്. ആദ്യഘട്ടമായി മലപ്പുറം തിരൂര്‍ ജില്ലാ ആശുപത്രിയില്‍ ഫാറ്റി ലിവര്‍ ക്ലിനിക്ക് സജ്ജമാണ്. തിരുവനന്തപുരം ജനറല്‍ ആശുപത്രി, എറണാകുളം ജനറല്‍ ആശുപത്രി എന്നിവിടങ്ങളില്‍ ഫാറ്റി ലിവര്‍ ക്ലിനിക്കുകള്‍ അന്തിമ ഘട്ടത്തിലാണെന്ന് മന്ത്രി അറിയിച്ചു.

നെയ്യാറ്റിൻകര ഗോപന്‍റെ മരണത്തിൽ മൂന്ന് മാസം കഴിഞ്ഞിട്ടും ദുരൂഹത നീക്കാനാകാതെ പൊലീസ്. ആന്തരിക അവയവങ്ങളുടെ ശാസ്ത്രീയ പരിശോധന റിപ്പോർട്ടുകള്‍ ഫൊറൻസിക് സംഘത്തിന് ലഭിച്ചിട്ടും ഇതുവരെ അന്തിമ റിപ്പോർട്ട് കൈമാറിയിട്ടില്ല. മരണ ശേഷം മൃതദേഹം സമാധി സ്ഥലത്ത് കൊണ്ടുവച്ചതാകാമെന്ന നിഗമനത്തിലാണ് ഇതേവരെയുള്ള അന്വേഷണത്തിൽ പൊലീസ് നിഗമനം.

 

സൗദിയില്‍ വാഹനം ഇടിച്ച് കൊല്ലം സ്വദേശിക്ക് ദാരുണാന്ത്യം. കൊട്ടാരക്കര പൂവാറ്റൂര്‍ സ്വദേശി ഗോപി സദനം വീട്ടില്‍ ഗോപകുമാര്‍ (52) ആണ് മരിച്ചത്. തുഖ്ബ സ്ട്രീറ്റ് 20-ല്‍ റോഡ് മുറിച്ച് കടക്കുന്നതിനിടെയാണ് വാഹനമിടിച്ചത്.

 

വനിത സിപിഒ റാങ്ക് പട്ടികയിലുള്ള ഉദ്യോഗാര്‍ത്ഥികള്‍ സെക്രട്ടറിയേറ്റിന് മുന്നിൽ നടത്തിവന്നിരുന്ന സമരം അവസാനിപ്പിച്ചു. നിയമനം വൈകുന്നതിൽ പ്രതിഷേധിച്ച് സെക്രട്ടറിയേറ്റിനു മുന്നിൽ നടത്തിവന്നിരുന്ന സമരമാണ് റാങ്ക് ലിസ്റ്റിന്റെ കാലാവധി ഇന്ന് അവസാനിക്കുന്ന പശ്ചാത്തലത്തിൽ അവസാനിപ്പിച്ചത്. ഹാള്‍ ടിക്കറ്റും റാങ്ക് പട്ടികയും കത്തിച്ചുകൊണ്ടാണ് സമരം അവസാനിപ്പിച്ചത്.

 

ഇംഗ്ലീഷ് മീഡിയത്തിലുള്ളവ ഉൾപ്പെടെ സ്കൂൾ പാഠപുസ്തകങ്ങൾക്ക് ഹിന്ദി പേരുകൾ നൽകാനുള്ള നാഷണൽ കൗൺസിൽ ഓഫ് എഡ്യൂക്കേഷണൽ റിസർച്ച് ആൻഡ് ട്രെയിനിംഗിന്റെ സമീപകാല തീരുമാനങ്ങൾക്കെതിരെ പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി,കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന് കത്തയച്ചു.എൻ‌സി‌ഇആർ‌ടിയുടെ തീരുമാനം തിരുത്താനുള്ള നിർദ്ദേശങ്ങൾ നൽകണമെന്നും കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയ്ക്ക് അയച്ച കത്തിൽ മന്ത്രി വി ശിവൻകുട്ടി ആവശ്യപ്പെട്ടു.

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനും എംഎല്‍എയുമായ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ വധഭീഷണി മുഴക്കിയ ബിജെപിയുടെയും ആര്‍എസ്എസിന്റെയും അക്രമ ഫാസിസ്റ്റ് രാഷ്ട്രീയത്തിനെതിരെയും കൊലവിളി നടത്തുന്ന സംഘപരിവാര്‍ക്കുക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുന്നതില്‍ നിസംഗത പുലര്‍ത്തുന്ന എല്‍ഡിഎഫ് സര്‍ക്കാരിന്റെ നടപടിക്കെതിരെയും ഏപ്രില്‍ 29ന് പാലക്കാട് കെപിസിസിയുടെ നേതൃത്വത്തില്‍ ജനകീയ പ്രതിഷേധ യോഗം സംഘടിപ്പിക്കുമെന്ന് കെപിസിസി സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി എം.ലിജു അറിയിച്ചു.

 

മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയെ തീരുമാനിക്കേണ്ടത് മുഖ്യമന്ത്രി തന്നെയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫിൽ സ്ഥാനാര്‍ത്ഥിയുടെ ക്ഷാമം ഇല്ലെന്നും ഇടതുമുന്നണി സീറ്റ് നിലനിര്‍ത്തുമെന്നും എംവി ഗോവിന്ദൻ പറഞ്ഞു.

 

കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, കോട്ടയം, ഇടുക്കി എന്നീ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.

പശ്ചിമ ബംഗാളിലെ മുർഷിദാബാദിലുണ്ടായ അക്രമത്തിനെതിരായ ബംഗ്ലാദേശ് പരാമർശത്തെ തള്ളി ഇന്ത്യ. മൂന്ന് പേർ കൊല്ലപ്പെട്ട അക്രമത്തേക്കുറിച്ചുള്ള ബംഗ്ലാദേശ് പരാമർശമാണ് ഇന്ത്യ വെളളിയാഴ്ച തള്ളിയത്. തെറ്റായ പരാമർശങ്ങൾ നടത്തുന്നതിന് പകരം ബംഗ്ലാദേശ് സ്വന്തം രാജ്യത്തെ ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കാൻ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നാണ് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയ വക്താവ് രംധീർ ജയ്സ്വാൾ വിശദമാക്കിയത്.

ആശുപത്രികളിൽ നിന്ന് വൻ തുക വില വരുന്ന ഉപകരണങ്ങൾ തെരഞ്ഞുപിടിച്ച് മോഷ്ടിച്ചിരുന്ന എഞ്ചിനിയറിംഗ് ബിരുദധാരി അറസ്റ്റിൽ. ദില്ലി എൻസിആർ, ജയ്പൂർ, മുംബൈ, പൂനെ എന്നിവിടങ്ങളിൽ നിന്ന് ആശുപത്രികളിൽ മാത്രം മോഷണം നടത്തിയിരുന്ന 31കാരനാണ് അറസ്റ്റിലായത്. കൊവിഡ് കാലത്തെ ചികിത്സകൾ ചെയ്ത് വൻ കടക്കെണിയിലായതോടെയാണ് വികാസ് എന്ന എഞ്ചിനിയറിംഗ് ബിരുദധാരി ആശുപത്രികളിൽ വൈരാഗ്യ ബുദ്ധിയോടെ മോഷണം പതിവാക്കിയത്.

ഛത്തീസ്ഡഢിലെ കോർബയിൽ രണ്ട് ഐസ്ക്രീം ഫാക്ടറി തൊഴിലാളികളെ തൊഴിലുടമയും സഹായിയും ചേർന്ന് ക്രൂരപീഡനത്തിന് ഇരയാക്കിയതായി പരാതി. മോഷണക്കുറ്റം ആരോപിച്ച് തൊഴിലാളികളുടെ നഖങ്ങൾ വലിച്ചു കീറിയെടുത്തും,വൈദ്യുതാഘാതമേൽപ്പിച്ചെന്ന് പൊലീസ് പറഞ്ഞു. ഫാക്ടറി ഉടമയും കൂട്ടാളിയും ചേ‍‌ർ‍ന്നാണ് ഇവരെ ഉപദ്രവിച്ചത്.

 

രാഷ്ട്രീയ ഭിന്നതകള്‍ അവസാനിപ്പിക്കാനും ഒരുമിക്കാനും ഒരുങ്ങുന്നെന്ന സൂചനയുമായി ശിവസേന (യുബിടി) നേതാവ് ഉദ്ധവ് താക്കറെയും മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന(എംഎന്‍എസ്) നേതാവ് രാജ് താക്കറെയും. രാഷ്ട്രീയ വൈരത്തിനും മുകളിലാണ് മഹാരാഷ്ട്രയുടെ ഭാഷാ-സാംസ്‌കാരിക താല്‍പര്യങ്ങളെന്ന് ഇരു നേതാക്കളും വ്യക്തമാക്കി.

 

സുപ്രീം കോടതിയെ കടന്നാക്രമിച്ച് ബിജെപി എംപി നിഷികാന്ത് ദൂബേ. സുപ്രീംകോടതി നിയമങ്ങള്‍ ഉണ്ടാക്കുമെങ്കില്‍പിന്നെ പാര്‍ലമെന്റ് മന്ദിരം അടച്ചുപൂട്ടണമെന്ന് അദ്ദേഹം സാമൂഹികമാധ്യമായ എക്‌സില്‍ കുറിച്ചു. ഹിന്ദിയിലാണ് ദൂബേയുടെ കുറിപ്പ്. നേരത്തെ ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍ സുപ്രീം കോടതിയെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു.

 

മുസ്തഫാബാദില്‍ നാലുനില പാര്‍പ്പിട സമുച്ചയം തകര്‍ന്നുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 11 ആയി. ശനിയാഴ്ച പുലര്‍ച്ചെ 2.39-ഓടെയാണ് അപകടം നടന്നത്. കെട്ടിടത്തിന്റെ ഉടമ തെഹ്‌സിനും (60) ദുരന്തത്തില്‍ ജീവന്‍ നഷ്ടമായി. മൂന്നു സ്ത്രീകളും നാല് കുട്ടികളും ഉള്‍പ്പെടെ മരിച്ച 11 പേരില്‍ എട്ടുപേര്‍ കുടുംബത്തിലെ അംഗങ്ങളാണ്.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *