ഗോകുലം ഗോപാലന്‍റെ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളിൽ ഇഡി റെയ്ഡ് നടക്കുന്നതിനിടെ ഗോകുലം ഗോപാലനെ ചോദ്യം ചെയ്ത് ഇഡി. ചെന്നൈയിലെ കോടമ്പാക്കത്തെ ഗോകുലം ചിറ്റ്സ് ആന്‍ഡ് ഫിനാന്‍സിന്‍റെ കോര്‍പ്പറേറ്റ് ഓഫീസിൽ വെച്ചാണ് ഗോകുലം ഗോപാലനെ ഇഡി ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്യുന്നത്. റെയ്ഡുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ശേഖരിക്കാൻ ഗോകുലം ഗോപാലനെ ചെന്നൈയിലേക്ക് ഇഡി ഉദ്യോഗസ്ഥര്‍ വിളിപ്പിച്ചിരുന്നു.
മധുരയിൽ നടക്കുന്ന സിപിഎം 24ാം പാർട്ടി കോൺഗ്രസിൽ രാഷ്ട്രീയ പ്രമേയം അംഗീകരിച്ചു. ദേശീയ സഖ്യത്തിലും വിവാദമായ നവ ഫാസിസത്തിലും രാഷ്ട്രീയ ലൈൻ മാറാതെയാണ് പൊളിറ്റിക്കൽ ലൈൻ. കേരള സർക്കാർ നയങ്ങൾക്കെതിരെ പൊതുചർച്ചയിൽ ഉയർന്ന വിമർശനങ്ങൾക്കും ചോദ്യങ്ങൾക്കും കാരാട്ടിന്‍റെ മറുപടിക്ക് മുമ്പേ കേരളം തന്നെ ചർച്ചയിൽ വ്യക്തത വരുത്തിയതും ശ്രദ്ധേയമായി.
കെഎസ്ആർടിസി കൊറിയർ ആൻഡ് ലോജിസ്റ്റിക്സ് സർവീസ് പുറംകരാറിലേക്ക് എന്ന വാർത്ത വസ്തുതാവിരുദ്ധമെന്ന് കെഎസ്ആർടിസി ചെയർമാൻ പി.എസ് പ്രമോജ് ശങ്കർ ഐ ഒ എഫ് എസ് അറിയിച്ചു. വിജയകരമായി ലോജിസ്റ്റിക്സ് സർവീസുകൾ നടത്തിവരുന്ന അന്യസംസ്ഥാന ട്രാൻസ്‌പോർട്ട് കോർപ്പറേഷനുകളുടെ മാതൃക പിന്തുടർന്നാണ് അടിസ്ഥാനസൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിലേക്കായി നിയമപരമായി ടെണ്ടർ ക്ഷണിച്ചിട്ടുള്ളതെന്നും വാർത്താക്കുറിപ്പിലൂടെ അറിയിച്ചു.
തെക്കേ ഇന്ത്യയില്‍ ക്രൈസ്തവരെ പ്രീണിപ്പിക്കാന്‍ ശ്രമിക്കുകയും വടക്കേ ഇന്ത്യയില്‍ അവരെ മാരകമായി ആക്രമിക്കുകയും ചെയ്യുന്ന ആട്ടിന്‍ തോലിട്ട ചെന്നായകളാണ് ബി ജെ പിയും സംഘപരിവാറുമെന്ന് ന്യൂനപക്ഷങ്ങള്‍ തിരിച്ചറിയണമെന്ന് കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല. ജബല്‍പൂരില്‍ മലയാളി വൈദികര്‍ക്കുനേരെ സംഘ പരിവാര്‍ സംഘടനകള്‍ നടത്തിയ അതിക്രമം അങ്ങേയറ്റം അപലപനീയമാണെന്നും ചെന്നിത്തല പറഞ്ഞു.
മാസപ്പടി കേസിലെ എസ്എഫ്ഐഒ കുറ്റപത്രം കൊച്ചിയിലെ വിചാരണ കോടതിക്ക് കൈമാറി. എറണാകുളം ജില്ലാ കോടതിയുടെതാണ് നടപടി. സാമ്പത്തിക കുറ്റകൃത്യങ്ങള്‍ക്കായുള്ള കേസുകള്‍ പരിഗണിക്കുന്ന ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതി ഏഴിനാണ് ഫയൽ കൈമാറിയത്. മാസപ്പടി കേസിൽ മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയനെ പ്രതിചേർത്തുകൊണ്ടാണ് എസ്എഫ്ഐഒ കൊച്ചിയിലെ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്.
മാസപ്പടിക്കേസിലെ എസ്എഫ്ഐഒ കുറ്റപത്രത്തിൽ മുഖ്യമന്ത്രിയുടെ മകൾ വീണ അടക്കമുളളവർക്ക് ഉടൻ സമൻസ് അയക്കും. എറണാകുളം ജില്ലാ കോടതിയിൽ സമർപ്പിച്ച റിപ്പോർട്ട് വിചാരണക്കോടതിയായ എറണാകുളം അഡീഷണൽ സെഷൻസ് കോടതിയ്ക്ക് കൈമാറി. കുറ്റപത്രത്തിനൊപ്പം കരിമണൽ കമ്പനിയായ ശശിധരൻ കർത്തയുടെ വിവാദ ഡയറിയും ഉൾപ്പെടുത്തിയിട്ടുണ്ടെന്നാണ് വിവരം.
സംസ്ഥാനത്തിന്റെ പീക്ക് ടൈം വൈദ്യുത ഉപഭോഗം 2027 സാമ്പത്തിക വർഷത്തോടെ 7,000 മെഗാവാട്ട് കവിയുമെന്ന് എനർജി മാനേജ്മെന്റ് സെന്ററിന്റെ ഊർജ സംഭരണത്തിന്റെ പ്രായോഗികതയെക്കുറിച്ചുള്ള പഠന റിപ്പോർട്ട്. വൈകുന്നേരം 6 മണി മുതൽ രാത്രി 12 വരെയാണ് പീക്ക് ടൈമായി കണക്കാക്കുന്നത്.
ജബൽപൂരിൽ മലയാളി വൈദികരെ വിശ്വ ഹിന്ദു പരിഷത്ത് പ്രവർത്തകർ മർദിച്ച സംഭവത്തിൽ നാല് ദിവസത്തിന് ശേഷം മധ്യപ്രദേശ് പൊലീസ് കേസെടുത്തു. എഫ്ഐആർ രജിസ്റ്റർ ചെയ്തെന്നും, കേസിൽ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും ജബൽപൂർ എസ്പി അറിയിച്ചു. കേസെടുത്തില്ലെങ്കിൽ കോടതിയെ സമീപിക്കുമെന്ന് വൈദികർ മുന്നറിയിപ്പ് നൽകിയതിന് പിന്നാലെയാണ് നടപടി.
വഖഫ് ബില്ലിൽ നിയമ രാഷ്ട്രീയ പോരാട്ടത്തിനൊരുങ്ങി മുസ്ലിം ലീഗ്. 16 ന് കോഴിക്കോട്ട് വഖഫ് സംരക്ഷണ പ്രതിഷേധ മഹാറാലി സംഘടിപ്പിക്കാനാണ് തീരുമാനം. പാണക്കാട് ചേർന്ന അടിയന്തിര ഓൺലൈൻ നേതൃയോഗത്തിലാണ് തീരുമാനം. ബില്ലിനെതിരെ ദേശീയ തലത്തിൽ പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കാനും ബില്ലിൻ്റെ ഭരണഘടനാ വിരുദ്ധത ചൂണ്ടിക്കാട്ടി സുപ്രിം കോടതിയെ സമീപിക്കാനും യോഗം തീരുമാനമെടുത്തിട്ടുണ്ട്.
വഖഫ് ഭേദഗതി ബില്ലിലെ രണ്ടു വകുപ്പുകളെ അനുകൂലിച്ച് രാജ്യസഭയിൽ ജോസ് കെ മാണിയുടെ വോട്ട്. എൽഡിഎഫിനെ മറ്റ് അംഗങ്ങൾക്കൊപ്പം പൊതു വോട്ടെടുപ്പിൽ ബില്ലിനെ എതിർത്ത ജോസ് കെ മാണി വകുപ്പ് തിരിച്ചു നടത്തിയ ശബ്ദ വോട്ടെടുപ്പിലാണ് മുന്നണിയിലെ സഹ എംപിമാരെ ഞെട്ടിച്ച് ബി ജെ പിക്കൊപ്പം വോട്ട് ചെയ്‌തത്.വഖഫ് തർക്കങ്ങളിൽ ട്രൈബ്യൂണൽ തീർപ്പിനെ ചോദ്യം ചെയ്ത് കോടതിയെ സമീപിക്കാമെന്ന വകുപ്പിനെയാണ് ആദ്യം ജോസ് കെ മാണി അനുകൂലിച്ചത്.
അഴിമതി വീരന്‍ പിണറായി വിജയനെ സംരക്ഷിച്ച പാര്‍ട്ടി കോണ്‍ഗ്രസിന്റെ നടപടി മൂലം സിപിഎം ദേശീയതലത്തില്‍ പോലും ലജ്ജിച്ചു തലതാഴ്ത്തി നിൽക്കുകയാണെന്ന് കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍ എം പി. പാര്‍ട്ടി കോണ്‍ഗ്രസില്‍ ബോംബ് വീണിട്ടും ആളനക്കമില്ല. ഒരക്ഷരം പോലും എതിര്‍ത്തു പറയാന്‍ നട്ടെല്ലുള്ള ഒരു നേതാവുപോലും ആ പാർട്ടിയില്‍ ഇല്ലാതായി. അഴിമതിയില്‍ മുങ്ങിയ സി പി എമ്മിന്റെ അന്തകനും ആരാച്ചാരുമായി പിണറായി വിജയന്‍ മാറിയെന്നും സുധാകരന്‍ അഭിപ്രായപ്പെട്ടു.
വിഷുവിനു മുന്നോടിയായി ഒരു ഗഡു ക്ഷേമ പെൻഷൻകൂടി അനുവദിച്ചതായി ധനകാര്യ മന്ത്രിയുടെ ഓഫീസ് അറിയിച്ചു. സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കൾക്ക് ഏപ്രിൽ മാസത്തെ പെൻഷനാണ് വിഷുവിനു മുമ്പ് വിതരണം ചെയ്യുന്നത്. ഇതിനായി 820 കോടി രൂപ അനുവദിച്ചതായി ധനകാര്യമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു.
മുനമ്പം ജുഡീഷ്യൽ കമ്മീഷനെ അസാധുവാക്കിയ സിംഗിൾ ബെഞ്ച് നടപടി സ്റ്റേ ചെയ്യണമെന്ന സർക്കാരിന്‍റെ ആവശ്യത്തിൽ ഇടക്കാല ഉത്തരവ് തിങ്കളാഴ്ച. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ചാണ് ഹൈക്കോടതിയിൽ പ്രാഥമിക വാദം കേട്ടത്.ജുഡീഷ്യൽ കമ്മീഷൻ പ്രവർത്തനം തൽക്കാലത്തേക്ക് തുടരാൻ അനുവദിക്കണമെന്നാണ് സർക്കാരിന്‍റെ ആവശ്യം.
കേരളത്തിൽ ഏപ്രിൽ 6 വരെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇന്ന് 7 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ ജില്ലകളിൽ ഇന്ന് (04/04/2025) യെല്ലോ അലർട്ട് ആണ്.
കേരള സർക്കാരിന് പ്രതിരോധം തീർക്കണമെന്ന പ്രമേയം മധുരയിൽ നടക്കുന്ന സിപിഎമ്മിൻ്റെ 24ാം പാർട്ടി കോൺഗ്രസ് പാസാക്കി. പിബി അംഗം മുഹമ്മദ് സലീമാണ് പ്രമേയം അവതരിപ്പിച്ചത്. വീണ വിജയനെതിരായ കേസ് പ്രമേയത്തിൽ ഉൾപ്പെടുത്തിയിരുന്നില്ല. കേന്ദ്ര ഏജൻസികൾ കേരള മുഖ്യമന്ത്രിയെയും കുടുംബത്തെയും ലക്ഷ്യം വയ്ക്കുന്നുവെന്ന് പ്രമേയത്തിൽ മുഹമ്മദ് സലീം ചൂണ്ടിക്കാട്ടി.
അനധികൃത സ്വത്ത് സമ്പാദനത്തിന് സസ്പെൻഷനിലായിരുന്ന ബെവ്കോ ഉദ്യോഗസ്ഥയെ തിരിച്ചെടുത്തു. ബെവ്കോ റീജിയണൽ മാനേജര്‍ ആയിരുന്ന കെ റാഷയെയാണ് തിരിച്ചെടുത്തത്. വിജിലൻസ് അനുമതി നൽകിയത് കൊണ്ടാണ് തിരിച്ചെടുത്തതെന്നാണ് ബെവ്കോയുടെ വിശദീകരണം. 65 ലക്ഷം രൂപയുടെ അനധികൃത സ്വത്ത് കണ്ടെത്തിയതിനെത്തുടർന്നാണാണ് ബെവ്കോ റീജിയണൽ മാനേജർ കെ റാഷയെ കഴിഞ്ഞ വർഷം സസ്പെൻഡ് ചെയ്തത്
തിരുവനന്തപുരത്ത് ഐബി ഉദ്യോഗസ്ഥ ജീവനൊടുക്കിയ സംഭവത്തില്‍ യുവതിയുടെ സുഹൃത്തായിരുന്ന സുകാന്ത് സുരേഷിനെതിരെ ബലാത്സംഗ കുറ്റം ചുമത്തി. ലൈംഗിക പീഡനത്തിന് തെളിവുകൾ ലഭിച്ച സാഹചര്യത്തിലാണ് നടപടി. സുകാന്ത് സുരേഷിനെ കഴിഞ്ഞ ദിവസം കേസിൽ പ്രതി ചേര്‍ത്തിരുന്നു. ഒളിവിലുള്ള സുകാന്ത് സുരേഷിനെതിരെ പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയിട്ടുമുണ്ട്.
കർണാടകയിലെ ദാവണഗരെയിൽ സ്വകാര്യ ബസിൽ യുവതി കൂട്ടബലാത്സംഗത്തിനിരയായി. യുവതിയുടെ മക്കൾ നോക്കി നിൽക്കെയാണ് ഈ ദാരുണമായ സംഭവമുണ്ടായത്. കേസുമായി ബന്ധപ്പെട്ട് മൂന്ന് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. ഹാരപ്പനഹള്ളിയിലുള്ള ഉച്ചാങ്കിദുർഗ ക്ഷേത്രം സന്ദർശിച്ച ശേഷം കുട്ടികളുമായി ബസിൽ വീട്ടിലേക്ക് മടങ്ങുകയായിരുന്നു യുവതി.
ആദിവാസി യുവാവായ ഗോകുലിന്റെ മരണത്തിൽ ആദിവാസി സംഘടനകൾ സമര രംഗത്തേക്ക്. സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് സമരം നടത്താനാണ് നീക്കം. പോലീസ് സ്റ്റേഷനിലെ മരണത്തിൽ ഹൈക്കോടതിയിൽ ഹർജി സമർപ്പിക്കാനും തീരുമാനിച്ചു.
ഹൃദയാഘാതത്തെ തുടർന്ന് മധുരയിലെ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ച സിപിഎം നേതാവും മുൻ മന്ത്രിയുമായിരുന്ന എം.എം മണിയുടെ ആരോഗ്യനില മെച്ചപ്പെട്ടു. വെൻ്റിലേറ്ററിൽ സഹായം മാറ്റിയ എം.എം മണി രണ്ടു ദിവസം കൂടി തീവ്ര പരിചരണ വിഭാഗത്തിൽ തുടരും. ഇന്നലെ വൈകുന്നേരം നാലു മണിയോടെ മധുരയിൽ നടക്കുന്ന 24-ാം പാർട്ടി കോൺഗ്രസിനിടെയാണ് എംഎം മണിക്ക് ദേഹാസ്വാസ്ഥ്യമുണ്ടായത്.
സൗദിയിലെ വാഹനാപകടത്തിൽ മരിച്ച മലയാളി നഴ്സിന്റെയും പ്രതിശ്രുത വരന്റെയും മൃതദേഹം നാട്ടിലെത്തിക്കാൻ ശ്രമം. ഈദ് അവധി കഴിഞ്ഞ് ഓഫീസുകൾ തുറന്നാലുടൻ നടപടികൾ പൂർത്തിയാക്കാനാണ് സാമൂഹ്യപ്രവർത്തകർ ശ്രമിക്കുന്നത്. അമ്പലവയൽ സ്വദേശി അഖിൽ അലക്സ്, നടവയൽ സ്വദേശി ടീന ബൈജു എന്നിവരാണ് കഴിഞ്ഞ ദിവസമുണ്ടായ അപകടത്തിൽ മരിച്ചത്. വാഹനങ്ങൾ കൂട്ടിയിടിച്ച് കത്തി മൃതദേഹങ്ങൾ കത്തിയതിനാൽ തിരിച്ചറിയലിന് വിശദമായ പരിശോധനകൾ വേണ്ടി വരും.
താമരശ്ശേരി കോരങ്ങോട്ട് കരീം കൊലക്കേസിൽ 11 വർഷത്തിന് ശേഷം ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചു. കരീമിന്‍റെ ഭാര്യ, രണ്ട് മക്കൾ, മകന്‍റെ സുഹൃത്ത് എന്നിവരെ പ്രതിചേർത്താണ് കുറ്റപത്രം തയ്യാറാക്കിയത്. മൃതദേഹം പോലും കണ്ടെത്താൻ കഴിയാത്ത വിധം തെളിവ് നശിപ്പിച്ച കേസിൽ താമരശ്ശേരി കോടതിയിലാണ് കുറ്റപത്രം നൽകിയത്.
ആലപ്പുഴയിൽ കോടികൾ വിലമതിക്കുന്ന ഹൈബ്രിഡ് കഞ്ചാവുമായി യുവതിയടക്കം രണ്ടു പേർ പിടിയിലായ കേസിൽ കൂടുതൽ പ്രതികൾ ഉടൻ അറസ്റ്റിലാകും. തസ്ലിമ സുൽത്താനയ്ക്ക് ഹൈബ്രിഡ് കഞ്ചാവ് നൽകിയവരെ കുറിച്ച് എക്സൈസിന് വിവരം ലഭിച്ചു. അതേസമയം പ്രതികൾ വെളിപ്പെടുത്തിയ സിനിമ താരങ്ങളെ വിളിച്ചു വരുത്തുന്നത് വൈകും.
വ്യത്യസ്തമായ പ്രതിഷേധത്തിന് വേദിയായി സിപിഎം പാർട്ടി കോൺഗ്രസ്. സുഭാഷിണി അലി ഉയർത്തിയ പലസ്‌തീൻ ഐക്യദാർഢ്യ മുദ്രാവാക്യങ്ങൾ പ്രതിനിധികൾ ഏറ്റുചൊല്ലി. എം എ ബേബി പലസ്‌തീൻ ഐക്യദാർഢ്യ പ്രമേയം അവതരിപ്പിച്ചു. കേരള മുഖ്യമന്ത്രി പിണറായി വിജയനും, തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനും, പിബി അംഗം ബൃന്ദ കാരാട്ടും അടക്കമുള്ളയാളുകൾ കഫിയ ധരിച്ചാണ് പലസ്തീൻ ജനതക്ക് ഐക്യദാർഡ്യമറിയിച്ചത്. മുഖ്യമന്ത്രി പിണറായി വിജയൻ ഇതുമായി ബന്ധപ്പെട്ട് ഒരു പോസ്റ്റ് ഫേസ്ബുക്കിൽ പങ്കുവച്ചിട്ടുണ്ട്.
വഖഫ് നിയമ ഭേദഗതി ബില്ലിനെതിരെ കോൺഗ്രസ് സുപ്രീം കോടതിയിൽ ഹർജി സമർപ്പിച്ചു. എംപിയും ലോക്സഭയിലെ കോൺഗ്രസ് വിപ്പുമായ മുഹമ്മദ് ജാവേദാണ് ഹർജി ഫയൽ ചെയ്തത്. ഭരണഘടന നൽകുന്ന അവകാശങ്ങൾ ലംഘിക്കപ്പെടുന്നു എന്നാരോപിച്ചാണ് ഹർജി ഫയൽ ചെയ്തത്. ഭരണഘടനയുടെ ആർട്ടിക്കിൾ 14, 25, 26, 29, 300എ എന്നിവ ബിൽ ലംഘിക്കുന്നുവെന്ന് ഹർജിയിൽ ആരോപിക്കുന്നു.
തമിഴ്നാട് ബിജെപി പ്രസിഡന്‍റ് സ്ഥാനം കെ അണ്ണാമലൈ ഒഴിയുന്നു. വീണ്ടും പ്രസിഡന്‍റ് ആകാൻ ഇല്ലെന്ന് അണ്ണാമലൈ അറിയിച്ചു. പുതിയ പ്രസിഡന്‍റിന് എല്ലാ ആശംസകളും അറിയിക്കുന്നു. പ്രസിഡന്‍റാകാനുള്ള മത്സരത്തിനില്ലെന്നും അണ്ണാമലൈ നാടകീയമായി പ്രഖ്യാപിച്ചു. പാർട്ടിയിൽ തർക്കമില്ലെന്നും ഒറ്റക്കെട്ടായി നേതാവിനെ തീരുമാനിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വിവിധരാജ്യങ്ങള്‍ക്ക് പകരച്ചുങ്കം പ്രഖ്യാപിച്ചതിന് പിന്നാലെ ലോകത്തെ ധനികരുടെ സമ്പത്തിലുണ്ടായത് വന്‍ ഇടിവ്. ട്രംപിന്റെ പകരച്ചുങ്ക പ്രഖ്യാപനത്തിന് പിന്നാലെ ഓഹരിവിപണികൾ കൂപ്പുകുത്തിയതോടെയാണ് ലോകത്തെ അഞ്ഞൂറോളം കോടീശ്വരന്മാരുടെ സമ്പത്തില്‍ ഇടിവ് രേഖപ്പെടുത്തിയത്.
മധ്യപ്രദേശിലെ ജബല്‍പുരില്‍ രണ്ട് കത്തോലിക്കാ പുരോഹിതര്‍ക്ക് നേരെയുണ്ടായ ആക്രമണത്തില്‍ കേസെടുത്ത് പോലീസ്. സംഭവം നടന്ന നാലുദിവസങ്ങള്‍ക്ക് ശേഷമാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. ഭാരതീയ ന്യായസംഹിതയുടെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് കേസ്.
യുഎസ് ഉത്പന്നങ്ങള്‍ക്കുമേല്‍ 34 ശതമാനം തീരുവ ചുമത്തിയ ചൈനീസ് നിലപാടിനെതിരേ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ചൈന സ്വീകരിച്ചത് ശരിയായ സമീപനമല്ല..അവര്‍ ഭയന്നെന്നും ഒരിക്കലും അത് അവര്‍ക്ക് താങ്ങാനാവുന്ന കാര്യമല്ലെന്നും തന്റെ സാമൂഹികമാധ്യമമായ ട്രൂത്ത് സോഷ്യലില്‍ ട്രംപ് കുറിച്ചു.