മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതർക്ക് വീടുകളൊരുങ്ങുന്നു. മാതൃകാ ടൗൺഷിപ്പിന്റെ ശിലാസ്ഥാപനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. 7 സെൻറ് ഭൂമിയിൽ ആയിരം ചതുരശ്ര അടി വിസ്തീർണ്ണമുള്ള വീടുകളാണ് ദുരന്തബാധിതർക്കായി നിർമ്മിക്കുന്നത്. പുനരധിവാസത്തിനായി 402 ഗുണഭോക്താക്കളെയാണ് സർക്കാർ തെരഞ്ഞെടുത്തിരിക്കുന്നത്. ടൗൺഷിപ്പ് നിർമ്മിക്കുന്ന കൽപ്പറ്റയിലെ എൽസ്റ്റൺ എസ്റ്റേറ്റിലാണ് മുഖ്യമന്ത്രി പദ്ധതിക്ക് തറക്കല്ലിട്ടത്.
വയനാട് പുനരധിവാസം ലോകത്തിന് മാതൃകയായിരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വീട് നിർമാണം കൊണ്ട് മാത്രം പുനരധിവാസം അവസാനിക്കില്ല. ചരിത്രത്തിൽ രേഖപ്പെടുത്തുന്ന വിധത്തിൽ പദ്ധതി പൂർത്തീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. മേപ്പാടിയിൽ പുനരധിവാസ പദ്ധതിയടെ പ്രതീകാത്മക തറക്കല്ലിടൽ ചടങ്ങ് ഉദ്ഘാടനം ചെയ്ത ശേഷമാണ് കേന്ദ്ര സർക്കാരിനെ വിമർശിച്ചുകൊണ്ടുള്ള മുഖ്യമന്ത്രിയുടെ പ്രസംഗം.
അടുത്ത മാസവും സംസ്ഥാനത്തെ ഉപഭോക്താക്കളിൽ നിന്ന് സർചാർജ് പിരിക്കുമെന്ന് കെഎസ്ഇബി. യൂണിറ്റിന് ഏഴ് പൈസ നിരക്കിലാണ് സർചാർജ് പിരിക്കുക. ഫെബ്രുവരിയിൽ 14.83 കോടിയുടെ അധിക ബാധ്യതയുണ്ടായ സാഹചര്യത്തിലാണിതെന്ന് കെഎസ്ഇബി വിശദീകരിക്കുന്നു.
സംസ്ഥാനത്തെ 5 ആശുപത്രികള്‍ക്ക് കൂടി നാഷണല്‍ ക്വാളിറ്റി അഷുറന്‍സ് സ്റ്റാന്‍ഡേര്‍ഡ്‌സ് (എന്‍.ക്യു.എ.എസ്.) അംഗീകാരം ലഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. 4 ആശുപത്രികള്‍ക്ക് പുതുതായി അംഗീകാരവും ഒരു ആശുപത്രിയ്ക്ക് പുന:അംഗീകാരവുമാണ് ലഭിച്ചത്. ഇതോടെ സംസ്ഥാനത്ത് ആകെ 216 ആരോഗ്യ സ്ഥാപനങ്ങള്‍ക്കാണ് എന്‍.ക്യു.എ.എസ്. സര്‍ട്ടിഫിക്കേഷന്‍ ലഭിച്ചത്.
സംസ്ഥാനത്തെ സ്‌കൂൾ ഉച്ച ഭക്ഷണ പാചക തൊഴിലാളികൾക്ക് വേതന വിതരണത്തിനായി 14.29 കോടി രൂപ അനുവദിച്ചു. 13,560 തൊഴിലാളികളുടെ ഫെബ്രുവരിയിലെ വേതനം നൽകുന്നതിനായാണ് സംസ്ഥാനം അധിക സഹായമായി തുക ലഭ്യമാക്കിയതെന്ന് ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു.
സർക്കാറിനെതിരായ സമരം തുടരുന്നതിനിടെ ആശാ വർക്കർമാർക്ക് അധിക വേതനം പ്രഖ്യാപിച്ച് യുഡിഎഫ് ഭരിക്കുന്ന കൂടുതൽ തദ്ദേശ സ്ഥാപനങ്ങൾ. കണ്ണൂർ കോർപറേഷനും ആറ് നഗരസഭകളും എലപ്പുള്ളി പഞ്ചായത്തുമാണ് ആശാ വർക്കർമാർക്കാണ് ബജറ്റിൽ തുക വകയിരുത്തിയത്. പ്രതിമാസം 7000 രൂപ അധികം നൽകാൻ ബിജെപി ഭരിക്കുന്ന മുത്തോലി ഗ്രാമ പഞ്ചായത്തും തീരുമാനിച്ചിട്ടുണ്ട്. തുച്ഛമായ ഓണറേറിയം കൂട്ടണമെന്നാവശ്യപ്പെട്ട് ഒന്നര മാസമായി സമരം ചെയ്തിട്ടും സർക്കാർ മുഖം തിരിച്ച് നിന്നതോടെയാണ് യുഡിഎഫ് ഭരണത്തിലുള്ള തദ്ദേശ സ്ഥാപനങ്ങളിൽ അധിക വേതനം നൽകാൻ തീരുമാനമെടുത്തത്.
പത്താം ക്ലാസ് പരീക്ഷയ്ക്ക് മദ്യവുമായി എത്തിയ നാല് വിദ്യാർഥികൾക്ക് കൗൺസിലിങ് നൽകാൻ ആറന്മുള പോലീസ് തീരുമാനിച്ചു. പത്തനംതിട്ട കോഴഞ്ചേരി നഗരത്തിലെ സ്കൂളിലാണ് ഇന്നലെ വിദ്യാർത്ഥികൾ മദ്യവുമായി എത്തിയത്. പരീക്ഷ കഴിഞ്ഞ് ആഘോഷിക്കാനാണ് മദ്യം കൊണ്ടുവന്നത്. ഒരാളുടെ ബാഗില്‍ നിന്നു അമ്മൂമ്മയുടെ മോതിരം മോഷ്ടിച്ചു വിറ്റ 10,000 രൂപയും കണ്ടെത്തിയിരുന്നു. വിദ്യാർത്ഥികൾക്ക് മദ്യം ആര് വാങ്ങി നൽകി എന്നതിലടക്കം വിശദമായ പൊലീസ് അന്വേഷണം ഉണ്ടാകും.
ജനന സർട്ടിഫിക്കറ്റിലെ പേരുമാറ്റാനുള്ള സങ്കീർണതകള്‍ മാറ്റി സർക്കാർ ഉത്തരവിറക്കി.മറ്റ് സംസ്ഥാനങ്ങളിലും വിദേശത്തും പഠനം നടത്തിയവർക്ക് ഇങ്ങനെ രേഖകളിൽ മാറ്റം വരുത്തുന്നത് വലിയ ബുദ്ധിമുട്ടാണെന്ന് മനസിലാക്കിയതിനെ തുടർന്നാണ് നടപടി ക്രമങ്ങള്‍ ലഘൂകരിച്ചത്. ഇതിനുള്ള സൗകര്യം കെ-സ്മാർട്ടിലും ഒരുക്കുമെന്ന് തദ്ദേശ വകുപ്പ് മന്ത്രി എം.ബി.രാജേഷ് അറിയിച്ചു.
മാസപ്പടി കേസിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടുളള റിവിഷൻ ഹർജിയിൽ ഹൈക്കോടതി നാളെ വിധി പറയും. എക്സാലോജിക്, സിഎം ആർ എൽ ഇടപാടിൽ അന്വേഷണം വേണമെന്നാണ് ആവശ്യം. മുഖ്യമന്ത്രിയുടെ മകൾ എന്ന സ്ഥാനം ഉപയോഗിച്ചാണ് വീണയുടെ ഉടമസ്ഥതയിലുളള എക്സാലോജിക് കമ്പനി സി എംആർ എല്ലിൽ നിന്ന് പണം ഈടാക്കിയതെന്നായിരുന്നു വാദം.വിജിലൻസ് കോടതി ഉത്തരവിനെതിരായ റിവിഷൻ പെറ്റീഷനിലാണ് ഉത്തരവ്. വാദം കേട്ടശേഷം ഉത്തരവിനായി മാറ്റിയിരിക്കുകയായിരുന്നു.
കേരളത്തിലെ 82ശതമാനം പൊതുജലാശയങ്ങളിലും 78 ശതമാനം വീട്ടുകിണറുകളും മനുഷ്യവിസർജ്യത്തിൽനിന്നുള്ള കോളിഫോം ബാക്ടീരിയ അപകടകരമായ അളവിലാണെന്ന് മന്ത്രി എംബി.രാജേഷ്. ശുചിമുറി മാലിന്യം പുഴയിലും കായലിലും മറ്റു ജലസ്രോതസുകളിലും തള്ളുകയാണെന്നും കരിമീനൊക്കെ കഴിക്കുമ്പോൾ ഇത് ഓർമയിൽ വേണമെന്നും മന്ത്രി പറഞ്ഞു.മാലിന്യമുക്ത നവകേരളം പദ്ധതിയുടെ ഭാഗമായി ശുചിത്വ മിഷനും കേരള പത്രപ്രവർത്തക യൂണിയനുമായി സഹകരിച്ചു നടത്തിയ മാധ്യമശിൽപശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു.
തൃക്കാക്കര നഗരസഭയെ മാലിന്യമുക്ത നഗരസഭയായി പ്രഖ്യാപിക്കുന്ന ചടങ്ങ് മാറ്റിവച്ച് എറണാകുളം കളക്ടര്‍. നഗരസഭയ്ക്ക് പിന്നില്‍ മാലിന്യം കെട്ടികിടക്കുന്നവെന്ന വാര്‍ത്തയ്ക്ക് പിന്നാലെയാണ് കളക്ടര്‍ ഇടപെട്ടത്. മാലിന്യം പൂര്‍ണമായും നീക്കം ചെയ്യാന്‍ നഗരസഭയ്ക്ക് നിര്‍ദേശം നല്‍കി. ജൈവ, അജൈവ മാലിന്യം നഗരസഭയ്ക്ക് പിന്നില്‍ കൂന കൂടി കിടക്കുന്നതിനെതിരെ പ്രതിപക്ഷവും രംഗത്തുവന്നിരുന്നു.
ഓപ്പറേഷന്‍ ഡി-ഹണ്ടിന്‍റെ ഭാഗമായി ഇന്നലെ (മാര്‍ച്ച് 26) സംസ്ഥാനവ്യാപകമായി നടത്തിയ സ്പെഷ്യല്‍ ഡ്രൈവില്‍ മയക്കുമരുന്ന് വില്‍പ്പനയില്‍ ഏര്‍പ്പെടുന്നതായി സംശയിക്കുന്ന 8159 പേരെ പരിശോധനയ്ക്ക് വിധേയമാക്കി. വിവിധതരത്തിലുള്ള നിരോധിത മയക്കുമരുന്ന് കൈവശം വച്ചതിന് 605 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 612 പേരാണ് അറസ്റ്റിലായത്.
കണ്ണൂർ കൂട്ടുപുഴ ചെക്പോസ്റ്റിൽ സ്വകാര്യ ബസിൽ നിന്ന് നൂറ്റിയൻപത് തോക്കിൻ തിരകൾ കണ്ടെത്തി. വിരാജ്പേട്ടയിൽ നിന്ന് കണ്ണൂരിലേക്ക് വരികയായിരുന്ന ബസിൽ ബർത്തിനുളളിൽ ബാഗിൽ പൊതിഞ്ഞ നിലയിലാണ് മൂന്ന് പെട്ടികളിലായി തിരകൾ കണ്ടെത്തിയത്. നാടൻ തോക്കിൽ ഉപയോഗിക്കുന്നവയാണ്. എക്സൈസ് പരിശോധനയിലാണ് കണ്ടെത്തിയത്. പിന്നീട് പൊലീസിന് കൈമാറി. കൊണ്ടുവന്നത് ആരെന്ന് വ്യക്തമായിട്ടില്ല. യാത്രക്കാരെ ഇരിട്ടി സ്റ്റേഷനിലെത്തിച്ച് പൊലീസ് പരിശോധിക്കുകയാണ്.
തൊടുപുഴ ബിജു ജോസഫ് കൊലപാതക കേസിലെ തെളിവെടുപ്പിൽ കുത്താനുപയോഗിച്ച കത്തി കണ്ടെത്തി. രണ്ടാം പ്രതി ആഷിക് ജോൺസണുമായി നടത്തിയ തെളിവെടുപ്പിലാണ് നിർണായക കണ്ടെത്തൽ. തൊടുപുഴ ബിജു കൊലക്കേസിലെ രണ്ടാം പ്രതിയായ ആഷിക് ജോൺസന്റെ അറസ്റ്റ് അന്വേഷണം സംഘം ജയിലിലെത്തി രേഖപ്പെടുത്തിയിരുന്നു.
കണിച്ചുകുളങ്ങര കൊലപാതക കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുന്ന സജിത്തിന്റെ ജാമ്യാപേക്ഷ സുപ്രീംകോടതി മാറ്റിവച്ചു. ഭാര്യയുടെ ആരോഗ്യസ്ഥിതി മോശമാണെന്നതടക്കം കാരണം ചൂണ്ടിക്കാട്ടിയാണ് സജിത്ത് സുപ്രീംകോടതിയിൽ ജാമ്യാപേക്ഷ സമർപ്പിച്ചത്. 17 വർഷമായി ജയിലാണെന്നും പ്രതി ഹർജിയിൽ ആവശ്യപ്പെട്ടു. ജസ്‌റ്റിസ് വിക്രംനാഥിന്റെ അധ്യക്ഷതയിലുള്ള മൂന്നംഗ ബെഞ്ചാണ് ഹർജി പരിഗണിച്ചത്.
പ്രതീക്ഷ ഉയർത്തി ശ്രീലങ്കയിൽ ചർച്ച ഇന്ത്യൻ മത്സ്യത്തൊഴിലാളികളും ശ്രീലങ്കൻ മത്സ്യത്തൊഴിലാളികളും ചർച്ച നടത്തി. 9 വർഷത്തിന് ശേഷമാണ് ഇരു രാജ്യത്തെയും മത്സ്യത്തൊഴിലാളികൾ ചർച്ച നടത്തുന്നത്. ഇന്ത്യയിൽ നിന്നുള്ള 5 അംഗ സംഘം ലങ്കയിലെ വടക്കൻ മേഖലയിലെ മത്സ്യത്തോഴിലാളികളുമായാണ് ചർച്ച നടത്തിയത്. മേഖലയിലെ പ്രശ്നങ്ങൾ സർക്കാരുകൾ ഇടപെട്ട് പരിഹരിക്കണമെന്ന് ഇരുകൂട്ടരും പറഞ്ഞു. ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ ലങ്കൻ നാവിക സേന അറസ്റ്റ് ചെയുന്നതിൽ ഇന്ത്യൻ സംഘം ആശങ്ക അറിയിച്ചു.
രാജ്യത്ത് അനധികൃത കുടിയേറ്റം നിയന്ത്രിക്കുന്നതിനായി കേന്ദ്രസര്‍ക്കാര്‍ അവതരിപ്പിച്ച ഇമിഗ്രേഷന്‍ ആന്‍ഡ് ഫോറിനേഴ്‌സ് ബില്‍, 2025 ലോക്‌സഭ അംഗീകരിച്ചു. മതിയായ രേഖകളില്ലാതെ രാജ്യത്ത് തുടരുന്നവര്‍ക്ക് കര്‍ശനശിക്ഷയും പിഴയും വ്യവസ്ഥ ചെയ്യുന്ന നിയമമാണിത്. വിനോദസഞ്ചാരിയായോ വിദ്യാര്‍ഥിയായോ ഇന്ത്യയിലെത്തുന്നവര്‍ക്ക് സ്വാഗതമരുളാന്‍ എല്ലായ്‌പോഴും ഇന്ത്യ ഒരുക്കമാണെന്നും അതേസമയം രാജ്യസുരക്ഷയ്ക്ക് ഭീഷണി ഉയര്‍ത്തുന്നവരെ കര്‍ശനമായി തന്നെ കൈകാര്യം ചെയ്യുമെന്നും ബില്‍ അവതരണവേളയില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു.
ഗാസയില്‍ ഹമാസ് ഭരണകൂടത്തിനും യുദ്ധത്തിനെതിരേയും ജനങ്ങള്‍ നടത്തുന്ന പ്രതിഷേധങ്ങളില്‍ പ്രതികരണവുമായി ഹമാസ്. ചില സ്ഥാപിത താല്‍പ്പര്യക്കാര്‍ ജനപ്രക്ഷോഭത്തെ ഹമാസിനെതിരായി ചിത്രീകരിച്ചതാണെന്നും വാസ്തവത്തില്‍ ഇസ്രയേലിന്റെ യുദ്ധത്തിനും അധിനിവേശത്തിനും എതിരെയാണ് ജനങ്ങള്‍ പ്രതിഷേധിക്കുന്നതെന്നും ഹാമസ് വക്താവ് ബാസിം നയിം അല്‍-അറബി ടെലിവിഷന്‍ നെറ്റ്‌വര്‍ക്കിനോട് പറഞ്ഞു.
ത്രിഭാഷ വിഷയത്തിൽ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വിമർശനത്തിന് മറുപടിയുമായി തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ. യോഗിയുടെ പരാമർശങ്ങൾ പൊളിറ്റിക്കൽ ബ്ലാക്ക് കോമഡിയാണെന്ന് അദ്ദേഹം വിമർശിച്ചു. തമിഴ്‌നാട് ഒരു ഭാഷയെയും എതിർക്കുന്നില്ല. സംസ്ഥാനം അടിച്ചേൽപ്പിക്കലിനും വർഗീയതയ്ക്കും എതിരാണെന്നും സ്റ്റാലിൻ വ്യക്തമാക്കി.
പാകിസ്താനിലെ ബലൂചിസ്താനില്‍ രണ്ടിടങ്ങളിലായി നടന്ന ഭീകരാക്രമണത്തില്‍ എട്ടുപേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ടുകള്‍. ബലൂചികളല്ലാത്തവരെയും സുരക്ഷാ ഉദ്യോഗസ്ഥരെയും ലക്ഷ്യമിട്ടുള്ള ആക്രമണമാണ് നടന്നതെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ പ്രതികരിച്ചു.
റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുതിന്റെ ആരോഗ്യസ്ഥിതി സംബന്ധിച്ച അഭ്യൂഹങ്ങൾക്കിടയിൽ വിവാദ പരാമർശവുമായി യുക്രൈൻ പ്രസിഡന്റ് വൊളോദിമിർ സെലെൻസ്കി. പുതിന്റെ മരണം ഉടൻ സംഭവിക്കുമെന്നും റഷ്യ യുക്രൈൻ യുദ്ധം അങ്ങനെമാത്രമേ അവസാനിക്കുകയുള്ളൂവെന്നും സെലെൻസ്കി പറഞ്ഞതായി കീവ് ഇൻഡിപെൻഡന്റ് റിപ്പോർട്ട് ചെയ്യുന്നു.