Untitled design 20250112 193040 0000 2

 

 

സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ് തുടരുന്നു. കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും നാളെയും സാധാരണയെക്കാൾ 2 ഡിഗ്രി സെൽഷ്യസ് മുതൽ 3 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. അതുകൊണ്ട് പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.

ചർച്ച ലഹരിയിൽ മാത്രം ഒതുക്കേണ്ടതല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ലഹരിവ്യാപനം തടയാൻ കൈക്കൊണ്ട നടപടികളും മുഖ്യമന്ത്രി വിശദീകരിച്ചു. സംസ്ഥാനത്ത് വര്‍ധിച്ചു വരുന്ന അതിക്രമങ്ങളെക്കുറിച്ച് സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്ത സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. കേരളത്തിലെ എൻഫോഴ്സ്മെന്റ് ഏജൻസികൾ കാര്യക്ഷമമായി പ്രവർത്തിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

 

സംസ്ഥാന സർക്കാരിൻ്റെ സ്വകാര്യ സർവ്വകലാശാല ബിൽ നിയമസഭാ സബ്‌ജക്‌ട് കമ്മിറ്റിക്ക് വിട്ടു. സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന പ്രതിപക്ഷ ആവശ്യം സർക്കാർ പരിഗണിച്ചില്ല. ഇത്ര മോശമായി തയ്യാറാക്കിയ ബിൽ നിയമസഭയിൽ ഇതിന് മുമ്പ് അവതരിപ്പിച്ചില്ലെന്നായിരുന്നു പ്രതിപക്ഷ വിമർശനം. യുജിസി മാർഗ്ഗ നിർദ്ദേശങ്ങൾ പാലിച്ചാണ് ബില്ലെന്നായിരുന്നു മന്ത്രി ആർ ബിന്ദുവിൻറെ മറുപടി. പ്രോ ചാൻസ്‌ലർ എന്ന നിലക്ക് ഉന്നത വിദ്യാഭ്യാസമന്ത്രിക്ക് നിലവിൽ തന്നെ അധികാരങ്ങളുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

 

കേരളത്തിൽ ലഹരി വ്യാപകമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ലഹരി തടയുന്നതിൽ സർക്കാരിന് വീഴ്ചയുണ്ടായതായും സംസ്ഥാനത്ത് വർധിക്കുന്ന അതിക്രമങ്ങളും ലഹരി ഉപയോഗവും എന്ന വിഷയത്തിൽ നിയമ സഭയിൽ നടന്ന അടിയന്തരപ്രമേയ ചർച്ചയിൽ സംസാരിച്ച് വിഡി സതീശൻ ആരോപിച്ചു.

കേരള പബ്ലിക് സർവീസ് കമ്മീഷൻ രാജ്യത്തെ ഏറ്റവും മികച്ച പബ്ലിക് സർവീസ് കമ്മീഷനാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 2.75 ലക്ഷം നിയമനങ്ങൾ എട്ടു വർഷത്തിനുള്ളിൽ സംസ്ഥാനത്ത് പി എസ് സി വഴി നടന്നു. ഇത് രാജ്യത്തിന്റെയാകെ ശ്രദ്ധ ആകർഷിച്ചതാണ്. നിയമനങ്ങൾ വെട്ടിക്കുറയ്ക്കണമെന്ന് മുറവിളിയുണ്ടാകുന്ന കാലത്താണ് കേരള പിഎസ്‌സിയുടെ മികച്ച പ്രവർത്തനമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

എഡിഎം നവീൻ ബാബുവിന്‍റെ മരണത്തിൽ സിബിഐയ്ക്ക് കേസ് കൈമാറാത്തതിന്‍റെ കാരണങ്ങൾ നിരത്തി കോടതി. സുതാര്യമായ അന്വേഷണം നടക്കില്ലെന്ന ആശങ്ക മാത്രം കണക്കിലെടുത്ത് കേസ് സിബിഐക്ക് കൈമാറാനാകില്ല. പരാതിക്കാരിയുടെ ആശങ്കയ്ക്ക് കഴമ്പുണ്ടാകണം. സംസ്ഥാന പൊലീസ് അന്വേഷണം വഴിതെറ്റിയെന്ന് വസ്തുതകളുടെ അടിസ്ഥാനത്തിൽ സ്ഥാപിക്കാനായില്ല. ഹർജിക്കാരിക്ക് എതെങ്കിലും അന്വേഷണ ഉദ്യോഗസ്ഥരെപ്പറ്റി പരാതിയില്ലെന്നും സിബിഐ അന്വേഷണം ആവശ്യപ്പെട്ട് എഡിമ്മിന്‍റെ ഭാര്യ നൽകിയ ഹർജി തള്ളിക്കൊണ്ടുള്ള ഉത്തരവിൽ ചൂണ്ടിക്കാട്ടുന്നു.

 

പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറെ ബലിയാടാക്കി സ്വര്‍ണക്കടത്തുകേസ്, ലൈഫ് മിഷന്‍ കേസ് തുടങ്ങിയവയില്‍നിന്നു രക്ഷപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയന്‍ ഇപ്പോള്‍ അദ്ദേഹത്തിന് വേണ്ടി ഒഴുക്കുന്നത് മുതലക്കണ്ണീരാണെന്ന് കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍ എം പി. ഡി വൈ എഫ് ഐയുടെ സ്റ്റാര്‍ട്ടപ്പ് ഫെസ്റ്റിവലില്‍ സ്റ്റാര്‍ട്ടപ്പ് വളര്‍ച്ചയ്ക്ക് നേതൃത്വം കൊടുത്ത ഉദ്യോഗസ്ഥനെ വേട്ടയാടിയെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു സുധാകരൻ.

 

വിഴിഞ്ഞം തുറമുഖത്തിന് ചരിത്ര നേട്ടം. ഇന്ത്യയിലെ തെക്ക്, കിഴക്കൻ തുറമുഖങ്ങളിൽ ചരക്ക് നീക്കത്തിൽ ഫെബ്രുവരി മാസം ഒന്നാം സ്ഥാനമെന്ന നേട്ടമാണ് വിഴിഞ്ഞം സ്വന്തമാക്കിയത്. മുഖ്യമന്ത്രി പിണറായി വിജയൻ തന്നെയാണ് ഇക്കാര്യം ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചത്.

നെന്മാറ ഇരട്ടക്കൊലപാതക കേസിൽ സാക്ഷികളുടെ രഹസ്യമൊഴി രേഖപ്പെടുത്തി. ചിറ്റൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് മൊഴി രേഖപ്പെടുത്തിയത് സാക്ഷികൾ കുറുമാറാതിരിക്കാനാണ് രഹസ്യ മൊഴി രേഖപ്പെടുത്തിയത്. മൊഴിയിൽ ഉറച്ചു നിൽക്കുന്നതായി സാക്ഷികൾ പറയുന്നു. ആരും കൂറുമാറില്ലെന്നും കേസിനൊപ്പം നിൽക്കുമെന്നും കോടതിയിൽ എത്തിയ സാക്ഷികൾ വ്യക്തമാക്കി.

 

വയനാട് ഉരുൾപ്പൊട്ടൽ ദുരന്തബാധിതരുടെ പുനരധിവാസത്തിന് വേണ്ടിയുള്ള മൂന്നാം ഘട്ട ലിസ്റ്റ് പ്രസിദ്ധീകരിച്ചു. 2 ബി ലിസ്റ്റാണ് പുറത്തുവന്നത്. 70 കുടുംബങ്ങളാണ് ഗുണഭോക്താക്കളുടെ മൂന്നാമത്തെ പട്ടികയിലുൾപ്പെട്ടിട്ടുള്ളത്. പുനരധിവാസത്തിനുള്ള അവസാന കരട് പട്ടികയാണ് ഇന്ന് പുറത്ത് വിട്ടത്. പട്ടികയിൽ ആക്ഷേപവും പരാതികളുമുണ്ടെങ്കിൽ 10 ദിവസത്തിനുള്ളിൽ അറിയിക്കാം.

 

യൂട്യൂബ് ചാനലുകളിലേതടക്കം സോഷ്യൽ മീഡിയ ഉള്ളടക്കങ്ങള്‍ നിയന്ത്രിക്കാൻ നടപടി വേണമെന്ന് കേന്ദ്രത്തോട് സുപ്രീം കോടതി. മൗലികാവകാശങ്ങളെ ബാധിക്കാത്ത രീതിയിൽ ഫലപ്രദമായ നടപടിയുണ്ടാകണം. രൺബീർ അലബാദിയ കേസിലാണ് കോടതിയുടെ നിർദ്ദേശം. മാന്യതയുടെയും ധാർമ്മികതയുടെയും മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് രൺബീർ അലബാദിയക്ക് തൻ്റെ പോഡ്കാസ്റ്റ് തുടരാമെന്നും സുപ്രീം കോടതി പറഞ്ഞു.

സംസ്ഥാനത്ത് സിപിഎമ്മിന് അംഗബലം കൂടിയെന്ന് എംവി ഗോവിന്ദൻ. കൊല്ലത്ത് നടക്കുന്ന പാർട്ടി സംസ്ഥാന സമ്മേളനത്തോട് അനുബന്ധിച്ച് വിളിച്ചുചേർത്ത വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിൽ പാർട്ടിക്കും സർക്കാരിനുമെതിരെ പ്രതിപക്ഷത്തിൻ്റെ ശക്തി കമ്യൂണിസ്റ്റ് വിരുദ്ധ മാധ്യമങ്ങളാണ്. ലഹരിക്കെതിരാണ് പാർട്ടി നിലപാട്. മദ്യപിക്കുന്നവരെ പാർട്ടിയിൽ നിന്ന് പുറത്താക്കുമെന്നും എംവി ഗോവിന്ദൻ പറഞ്ഞു.

 

വഞ്ചിയൂരിൽ അടക്കം റോഡ് തടഞ്ഞ് പാർട്ടി സമ്മേളനങ്ങൾ നടത്തിയവർക്കെതിരെ എന്തൊക്കെ കുറ്റങ്ങൾ ചുമത്തിയാണ് കേസ് എടുത്തതെന്ന് അറിയിക്കാൻ സംസ്ഥാന സർക്കാരിന് ഹൈക്കോടതി നിർദേശം. കേസ് നടപടികളുടെ പുരോഗതി ഒരാഴ്ചക്കകം അറിയിക്കണമെന്നാണ് നിർദ്ദേശം.

കൊല്ലം ഇടമുളയ്ക്കല്‍ സഹകരണ ബാങ്ക് ക്രമക്കേട് കേസിൽ ഇ.ഡി അന്വേഷണം റദ്ദാക്കി സുപ്രീംകോടതി. ബാങ്ക് മുന്‍ സെക്രട്ടറി ആര്‍.മാധവന്‍ പിള്ളയുടെ അപ്പീലിലാണ് സുപ്രീം കോടതി ഉത്തരവ്. കേരള ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരമായിരുന്നു ക്രമക്കേടിൽ ഇഡി കേസ് എടുത്തത്. എന്നാൽ ഹൈക്കോടതിക്ക് ഇ.ഡിയോട് കേസെടുക്കാന്‍ നിര്‍ദേശിക്കാന്‍ കാരണമില്ലെന്ന് വ്യക്തമാക്കിയാണ് ജസ്റ്റിസ് അഭയ് എസ് ഓകാ അധ്യക്ഷനായ ബെഞ്ചിന്റെ ഉത്തരവ്.

 

വെഞ്ഞാറമൂട് കൂട്ടക്കൊലപാതക കേസിലെ പ്രതി അഫാന് മാനസിക പ്രശ്നങ്ങളില്ലെന്ന് മെഡിക്കൽ ബോർഡ്. പൂർണ ബോധത്തോടെയാണ് പ്രതി കുറ്റകൃത്യം ചെയ്തിരിക്കുന്നത്. ശാരീരിക പ്രശ്നങ്ങൾ മാറിയാൽ രണ്ട് ദിവസത്തിനകം ആശുപത്രി വിടാമെന്നും മെഡിക്കൽ ബോർഡ് അറിയിച്ചു. വെഞാറമൂട് പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാകും പ്രതിയെ പൊലീസ് കസ്റ്റഡിയിൽ വാങ്ങുക.

 

 

 

 

പെരുമണ്ണ ടൗണിലെ ജെന്‍റ്സ് റെഡിമെയ്ഡ് ഷോപ്പില്‍ നിന്ന് രാസലഹരിയായ എം.‍ഡി.എം.എ പിടികൂടി. സവാദ് (29) എന്നയാളുടെ കടയില്‍ നിന്നാണ് രാസ ലഹരി പിടികൂടിയത്. പൊലീസ് സവാദിനെ കസ്റ്റഡിയിലെടുത്തു. ബെംഗളൂരുവില്‍ നിന്നാണ് ഇയാള്‍ രാസലഹരി എത്തിക്കുന്നതെന്നാണ് വിവരം. പിടികൂടിയ എം.ഡി.എം.എയുടെ തൂക്കം കണക്കാക്കി വരുന്നതേയുള്ളൂവെന്ന് പൊലീസ് അറിയിച്ചു. കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടോയെന്നും പൊലീസ് പരിശോധിച്ച് വരികയാണ്.

 

കോട്ടയം ഏറ്റുമാനൂരിൽ അമ്മയും മക്കളും ട്രെയിൻ മുന്നിൽ ചാടി മരിച്ച സംഭവത്തിൽ വിശദമായി അന്വേഷണം നടത്തണമെന്ന് നിർദേശിച്ച് മനുഷ്യാവകാശ കമ്മീഷൻ. അന്വേഷണം നടത്തി രണ്ടാഴ്ചക്കകം റിപ്പോർട്ട് നൽകാൻ കോട്ടയം ജില്ലാ പോലീസ് മേധാവിയോട് നിർദേശം നൽകി. ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് പാറോലിക്കൽ സ്വദേശി ഷൈനിയും മക്കളായ അലീനയും ഇവാനെയും ട്രെയിനിന് മുന്നിൽ ചാടി മരിച്ചത്.

 

കാപ്പ നിയമപ്രകാരം ഗുണ്ടയെ അറസ്റ്റ് ചെയ്ത് കരുതൽ തടങ്കലിലാക്കി. കായംകുളം സ്വദേശി അദിനാനെയാണ് അറസ്റ്റ് ചെയ്ത് തിരുവനന്തപുരം സെൻട്രൽ ജയിലിലടച്ചത്. ഇയാള്‍ 2024 ൽ മൂന്ന് കൊലപാതക ശ്രമ കേസുകളിൽ പ്രതിയാണ്. ഒളിവിലിരിക്കെയാണ് അറസ്റ്റ്. കൊയമ്പത്തൂരിൽ നിന്നുമാണ് പിടികൂടിയത്.

ലഹരി മരുന്നിന് അടിമയായ ജേഷ്ഠൻ വാളുപയോഗിച്ച് അനുജൻ്റെ തലക്ക് വെട്ടിപ്പരുക്കേൽപ്പിച്ചു. കോഴിക്കോട് താമരശ്ശേരി ചമലിലാണ് സംഭവം. ചമൽ സ്വദേശി അഭിനന്ദി(23)നാണ് വെട്ടേറ്റത്. ലഹരിക്കടിമയായ സഹോദരൻ അർജുനാണ് വെട്ടിയത്. ഇന്ന് വൈകീട്ട് 5.15 ഓടെയായിരുന്നു സംഭവം. ലഹരിക്കടിമയായ അർജുനെ വിമുക്തി കേന്ദ്രത്തിൽ അയച്ചതിൻ്റെ പ്രതികാരമായിട്ടാണ് ആക്രമിച്ചതെന്നാണ് നാട്ടുകാർ പറയുന്നത്.

 

മയക്കുമരുന്നിനെതിരെ സംസ്ഥാന വ്യാപകമായി നടത്തിയ ഓപ്പറേഷന്‍ ഡി-ഹണ്ടിന്റെ ഭാ​ഗമായി 2854 പേരെ അറസ്റ്റ് ചെയ്തതായി റിപ്പോർട്ട്. 1.312 കി.ഗ്രാം എം.ഡി.എം.എയും മറ്റു മയക്കുമരുന്നുകളും പിടിച്ചെടുത്തു. വിവിധതരത്തിലുള്ള നിരോധിത മയക്കുമരുന്ന് കൈവശം വച്ചതിന് 2,762 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ഫെബ്രുവരി 22 മുതൽ മാർച്ച് ഒന്ന് വരെയുള്ള ഡി ഹണ്ടിന്റെ കണക്കാണിത്.

 

വീട്ടമ്മയെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ച കേസില്‍ പ്രതിക്ക് 6 വര്‍ഷം കഠിന തടവ് വിധിച്ച് കോടതി. 2020 ല്‍ ബീന എന്ന യുവതിയെ വാക്കത്തികൊണ്ട് വെട്ടി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലാണ് അരൂര്‍ സ്വദേശി മനാഫ് (35) ന് കോടതി തടവ് ശിക്ഷ വിധിച്ചത്. 6 വര്‍ഷം കഠിന തടവ് കൂടാതെ ഒരു മാസം സാധാരണ തടവും 35,000 രൂപ പിഴയും വിധിച്ചിട്ടുണ്ട്.

 

കൊച്ചിയിൽ ഡാർക്ക്‌ വെബ് ഉപയോഗിച്ച് രാസ ലഹരി എത്തിച്ച യുവാവ് പിടിയിൽ. കോഴിക്കോട് കുതിരവട്ടം സ്വദേശി മിർസാബ് (29) ആണ് പിടിയിലായത്. 20 ​ഗ്രാം എംഡിഎംഎയാണ് പിടിച്ചെടുത്തത്. ക്രിപ്റ്റോ കറൻസി ഉപയോഗിച്ചായിരുന്നു ഇടപാട്. ജർമ്മനിയിൽ നിന്നാണ് രാസലഹരി എത്തിച്ചത്.പ്രതിയുടെ ലാപ്ടോപ്പും മൊബൈൽ ഫോണും ഫോറൻസിക് പരിശോധനയ്ക്ക് വിധേയമാക്കും. പ്രതിയെ ഉടൻ കോടതിയിൽ ഹാജരാക്കും.

 

മുന്‍ ഐപിഎസ് ഉദ്യോഗസ്ഥന്‍ ജേക്കബ് തോമസിനെതിരായ ഡ്രജര്‍ അഴിമതിക്കേസ് അന്വേഷണത്തോട് നെതര്‍ലന്‍ഡ് സഹകരിക്കുമെന്ന് അറിയിച്ചതായി സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍. കേസിലെ പ്രതിയായ ഐഎച്ച്‌സി ബീവര്‍ കമ്പനിയെക്കുറിച്ചാണ് നെതര്‍ലന്‍ഡിനോട് വിവരം തേടിയത്. കേസുമായി ബന്ധപ്പെട്ടവരില്‍നിന്ന് മൊഴിയെടുക്കാന്‍ നെതര്‍ലന്‍ഡ് സര്‍ക്കാര്‍ സഹകരിക്കുമെന്ന് അറിയിച്ചതായും സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.

 

ഹരിയാണയിലെ റോഹ്ത്തക്കില്‍ കോണ്‍ഗ്രസ് വനിതാ നേതാവിനെ സുഹൃത്തായ യുവാവ് കൊലപ്പെടുത്തിയത് മൊബൈല്‍ ചാര്‍ജര്‍ കേബിള്‍ കഴുത്തില്‍ക്കുരുക്കിയെന്ന് പോലീസ്. സംഭവത്തില്‍ പ്രതിയായ ഝജ്ജര്‍ സ്വദേശി സച്ചിനെ അറസ്റ്റ് ചെയ്തതായും ഇയാള്‍ കുറ്റം സമ്മതിച്ചതായും പോലീസ് അറിയിച്ചു.

 

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *