കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളുമായുള്ള ഹൈക്കമാന്‍ഡ് ചര്‍ച്ച അവസാനിച്ചു. കേരളത്തിൽ കോണ്‍ഗ്രസ് നേതാക്കള്‍ക്കിടയിൽ സമ്പൂര്‍ണ ഐക്യം വേണമെന്ന് ഹൈക്കമാന്‍ഡ് നിര്‍ദേശം നൽകി.മാധ്യമങ്ങളിൽ വ്യത്യസ്ത അഭിപ്രായം പറയാൻ ആർക്കും അവകാശമില്ലെന്നും ഹൈക്കമാൻഡ് പൂർണ നിരീക്ഷണം നടത്തുമെന്നും യോഗത്തിൽ നേതൃത്വം വ്യക്തമാക്കി. കെപിസിസി അധ്യക്ഷനെ മാറ്റുന്ന കാര്യം ഉള്‍പ്പെടെ യോഗത്തിൽ ചര്‍ച്ചയായില്ല. നേതൃമാറ്റം ചര്‍ച്ചയായില്ല. പരാതിയുള്ള ഡിസിസികളിൽ മാത്രം പുനസംഘടന നടത്താനും യോഗത്തിൽ തീരുമാനിച്ചു.
മുണ്ടക്കൈ – ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തബാധിതരുടെ പുനരധിവാസത്തില്‍ സര്‍ക്കാരിന്‍റെ ഭാഗത്ത് നിന്ന് ഒരു കാലതാമസവും ഉണ്ടായിട്ടില്ലെന്ന് റവന്യു-ഭവന വകുപ്പ് മന്ത്രി കെ രാജന്‍.വീടുകള്‍ നിര്‍മ്മിച്ചുതരാമെന്നേറ്റ ഏജന്‍സികളുമായും, രാഷ്ട്രീയ പ്രസ്ഥാനങ്ങളുമായും സ്‌പോണ്‍സര്‍മാരുമായും മുഖ്യമന്ത്രി ഉള്‍പ്പെടെ ആശയവിനിമയം നടത്തിയിരുന്നതായും മന്ത്രി പറഞ്ഞു. മുണ്ടക്കൈ – ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തബാധിതരുടെ പുനരധിവാസം സംബന്ധിച്ച് തൃശ്ശൂര്‍ രാമനിലയം ഗസ്റ്റ് ഹൗസില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
കേരളത്തിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുടുംബങ്ങള്‍ക്ക് സൗജന്യ അതിവേഗ ഇന്റര്‍നെറ്റ് സേവനം നല്‍കുന്ന കെഫോണ്‍ പദ്ധതിക്കായി ഓണ്‍ലൈന്‍ അപേക്ഷയ്ക്ക് തുടക്കമായെന്ന് അധികൃതർ അറിയിച്ചു. പദ്ധതിയുടെ ഭാഗമായി ബിപിഎല്‍ വിഭാഗത്തിലുള്ള കുടുംബങ്ങളിലേക്ക് കെഫോണ്‍ കണക്ഷനുകള്‍ ലഭ്യമാകുന്നതിനായി ഇപ്പോള്‍ ഓണ്‍ലൈനായി അപേക്ഷിക്കാം.കൂടാതെ 9061604466 എന്ന വാട്‌സാപ്പ് നമ്പറിലേക്ക് ‘KFON BPL’ എന്ന് ടൈപ്പ് ചെയ്ത് അയച്ചാല്‍ തുടര്‍ നടപടികള്‍ വാട്‌സാപ്പിലൂടെയും ലഭ്യമാകും.
എല്ലാ അടിയന്തര സേവനങ്ങളും ഒറ്റ നമ്പറിൽ ലഭിക്കുമെന്ന് കേരള പൊലീസ് അറിയിച്ചു. പൊലീസ്, ഫയർ, ആംബുലൻസ് എന്നിങ്ങനെ എല്ലാ അടിയന്തര സേവനങ്ങൾക്കും 112 എന്ന നമ്പറിൽ വിളിക്കാം. അടിയന്തര സേവനങ്ങൾക്ക് രാജ്യം മുഴുവൻ ഒറ്റ കൺട്രോൾ റൂം നമ്പറിലേക്ക് മാറുന്നതിന്റെ ഭാഗമായുള്ള ERSS സംവിധാനത്തിന്റെ ഭാഗമായാണ് പൊലീസ് സേവനങ്ങൾ 100 ൽ നിന്ന് 112 എന്ന നമ്പറിലേക്ക് മാറ്റിയിരിക്കുന്നത്.
കെഎസ്ആർടിസി എറണാകുളം ബസ് സ്റ്റേഷനിൽ ശീതീകരിച്ച വിശ്രമ കേന്ദ്രം നാളെ ഉദ്ഘാടനം ചെയ്യും. ഉപഭോക്തൃ സൗഹൃദ സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ശീതീകരിച്ച വിശ്രമ കേന്ദ്രങ്ങൾ കെഎസ്ആർടിസി ബസ് സ്‌റ്റേഷനുകളിൽ സ്ഥാപിച്ചു വരികയാണ്. എറണാകുളം എം.എൽ.എ ടി.ജെ വിനോദ് ഉദ്ഘാടനം നിർവഹിക്കും.
കോട്ടയം ഗവമെന്‍റ് നഴ്സിങ് കോളേജിലെ റാഗിങ് കേസിലെ പ്രതികളുടെ ജാമ്യാപേക്ഷയിൽ നാളെ വിധി പറയും. പ്രതികളായ സാമുവൽ ജോൺസൺ, രാഹുൽ രാജ്, എസ്എൻ ജീവ, എൻ വി വിവേക്, റിജിൽ ജിത്ത് എന്നിവരുടെ ജാമ്യാപേക്ഷയിൽ ജില്ലാ സെഷൻസ് കോടതി ഇന്ന് വാദം കേട്ടു.പൊലീസിനോടും കോടതി വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശിച്ചിട്ടുണ്ട്.
ശബരിമലയിലെ പുണ്യം പൂങ്കാവനം പദ്ധതി അവസാനിപ്പിക്കാൻ ഉത്തരവിട്ട് ഹൈക്കോടതി. പദ്ധതിയുടെ പേരിൽ പണം പിരിച്ചെന്ന റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതിയുടെ നടപടി. പൊലീസിന്‍റെ റിപ്പോർട്ടിന്മേൽ നടുക്കം രേഖപ്പെടുത്തിയാണ് ഹൈക്കോടതി ഉത്തരവിട്ടത്. എഡിജിപി എം.ആർ.അജിത് കുമാറാണ് മുദ്രവച്ച കവറിൽ റിപ്പോർട്ട് സമർപ്പിച്ചത്.
പ്രവാസി മലയാളികൾക്ക് പത്തു വിദേശ രാജ്യങ്ങളിൽനിന്ന് കേരളത്തിലെ ഭൂമിയുടെ നികുതി, ഭൂമിയുടെ തരം മാറ്റം, പോക്കുവരവ് , തണ്ടർപേർ എന്നിവ ഇ – ഓഫീസ്, ഇ – ട്രഷറി സംവിധാനങ്ങളിലൂടെ നിർവഹിക്കാനാകുമെന്ന് റവന്യൂ -ഭവന നിർമ്മാണ വകുപ്പ് മന്ത്രി കെ രാജൻ. സർക്കാരിന്‍റെ നൂറുദിന പരിപാടിയിൽ ഉൾപ്പെടുത്തി വയനാട് ജില്ലാ നിർമ്മിതി കേന്ദ്രം മുഖേന നിർമ്മിച്ച മാനന്തവാടി താലുക്കിലെ വെള്ളമുണ്ട സ്മാർട്ട് വില്ലേജ് ഓഫീസ് കെട്ടിടത്തിന്‍റെ ഉദ്ഘാടനം ഓൺലൈനായി നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം .
സംസ്ഥാനത്തെ കെയര്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഗ്രോത്ത് ഹോര്‍മോണ്‍ (ജിഎച്ച്) ചികിത്സ ആരംഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ലോക അപൂര്‍വ രോഗ ദിനത്തില്‍ അപൂര്‍വ രോഗ ചികിത്സയില്‍ മറ്റൊരു നിര്‍ണായക ചുവടുവയ്പ്പാണ് ഇതിലൂടെ നടത്തുന്നത്. ലക്ഷക്കണക്കിന് രൂപ ചെലവുള്ള ഹോര്‍മോണ്‍ ചികിത്സ കെയര്‍ പദ്ധതിയിലൂടെ സൗജന്യമായാണ് നടത്തുന്നതെന്നും മന്ത്രി വ്യക്തമാക്കി.
സംസ്ഥാനത്ത് വരും മണിക്കൂറിൽ 2 ജില്ലകളിലും വരും ദിവസങ്ങളിൽ കേരളത്തിലാകെയും മഴക്ക് സാധ്യതയുണ്ട് . അടുത്ത 3 മണിക്കൂറിൽ തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
വാഴിച്ചൽ ഇമ്മാനുവൽ കോളജിൽ ഒന്നാം വര്‍ഷ ബികോം വിദ്യാര്‍ഥിക്ക് സഹപാഠിയുടെ മര്‍ദ്ദനം. ആദിഷ് എസ് ആര്‍ എന്ന വിദ്യാര്‍ഥിക്കാണ് മര്‍ദ്ദനമേറ്റത്. ബികോം ഫിനാൻസ് വിദ്യാര്‍ഥി ജിതിനാണ് മര്‍ദ്ദിച്ചതെന്ന് ആദിഷിന്‍റെ അച്ഛൻ ആര്യങ്കോട് പൊലീസിൽ പരാതി നൽകി. മര്‍ദ്ദനത്തിന്‍റെ വീഡിയോ ദൃശ്യവും പൊലീസിന് കൈമാറി. ഒരാഴ്ച മുൻപ് കോളജിൽ സംഘര്‍ഷമുണ്ടായിരുന്നു. ഇതിന്‍റെ തുടര്‍ച്ചയായാണ് മര്‍ദ്ദനമെന്നും പൊലീസ് അറിയിച്ചു.
ആശ വര്‍ക്കര്‍മാരുടെ സമര സമിതി നേതാവ് എസ് മിനിക്കെതിരായ അധിക്ഷേപത്തിലുറച്ച് സിഐടിയു നേതാവ്. എസ് മിനി സാംക്രമിക രോഗം പരത്തുന്ന കീടമാണെന്ന പരാമര്‍ശം ബോധപൂര്‍വം പറഞ്ഞതാണെന്ന് സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്‍റ് പിബി ഹര്‍ഷകുമാര്‍ പറഞ്ഞു. മുൻ പ്രസ്താവനയിൽ ഉറച്ച ഹര്‍ഷകുമാര്‍ മിനിക്കെതിരെ അധിക്ഷേപം തുടര്‍ന്നു.
മകനെ വീട്ടിൽ നിന്ന് വിളിച്ചിറക്കി കൊണ്ടുപോയത് കൂട്ടുകാരനാണെന്നും കുട്ടികള്‍ മാത്രമല്ല മുതിര്‍ന്നവരും ക്രൂരമായി മര്‍ദിച്ചുവെന്നും താമരശ്ശേരി സംഘർഷത്തിൽ ഗുരുതരാവസ്ഥയിൽ കഴിയുന്ന കുട്ടിയുടെ പിതാവ്. മര്‍ദനമേറ്റ് തിരിച്ചെത്തിയ മകൻ വീട്ടിലെത്തി ഛർദ്ദിച്ചെന്നും മർദ്ദിച്ചവരെ നിയമത്തിന്‍റെ മുന്നിൽ കൊണ്ടുവരണമെന്നും ഗുരുതരമായി പരിക്കേറ്റ മുഹമ്മദ് ഷഹബാസിന്‍റെ പിതാവ് പറഞ്ഞു.
സീരിയലുകള്‍ക്ക് പിന്നാലെ സിനിമകള്‍ക്കെതിരെയും വിമര്‍ശനവുമായി ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ പ്രേംകുമാര്‍. വര്‍ത്തമാന സിനിമകള്‍ മനുഷ്യരുടെ ഹിംസകളെ ഉണര്‍ത്തുന്നുവെന്നും ഹിംസകളെ കൗതുകകരമായി അവതരിപ്പിക്കാനാണ് സംവിധായകര്‍ ശ്രമിക്കുന്നതെന്നും പ്രേംകുമാര്‍ ആരോപിച്ചു.
പത്താം ക്ലാസ് സെന്‍റ് ഓഫ് പാര്‍ട്ടി ആഘോഷമാക്കാൻ ലഹരി പാര്‍ട്ടി നടത്തി വിദ്യാര്‍ത്ഥികള്‍. സ്കൂളിൽ വെച്ച് വിദ്യാര്‍ത്ഥികള്‍ കഞ്ചാവ് ഉപയോഗിച്ചാണ് സെന്‍റ് ഓഫ് പാര്‍ട്ടി ആഘോഷിച്ചത്. സ്കൂളിൽ കഞ്ചാവ് ലഹരി പാര്‍ട്ടി നടക്കുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്ന് കാസര്‍കോട് പൊലീസ് സ്ഥലത്തെത്തി വിദ്യാര്‍ത്ഥികളിൽ നിന്ന് കഞ്ചാവ് പിടിച്ചെടുക്കുകയായിരുന്നു.വിദ്യാര്‍ത്ഥികള്‍ക്ക് കഞ്ചാവ് വില്‍പ്പന നടത്തിയ കളനാട് സ്വദേശി കെ.കെ സമീറിനെ പൊലീസ് അറസ്റ്റ് ചെയ്തു.
വിദ്വേഷ പരമാര്‍ശ കേസില്‍ ജാമ്യം കിട്ടിയ പിസി ജോര്‍ജിനെ തുടർ ചികിത്സക്കായി പാലായിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.ഭാരതത്തെ നശിപ്പിക്കാനുള്ള രാജ്യദ്രോഹ ശക്തികൾക്ക് എതിരായ പോരാട്ടം തുടരും.തന്റേടത്തോടെ മുന്നോട്ട് പോകുമെന്നും അദ്ദേഹം വ്യക്തമാക്കി.നാല് ദിവസത്തെ റിമാന്‍റിന് ശേഷം ,ആരോഗ്യ പ്രശ്നങ്ങൾ അടക്കം ചൂണ്ടിക്കാട്ടിയതിനെ തുടർന്നാണ് ഈരാറ്റുപേട്ട കോടതി ജാമ്യം അനുവദിച്ചത്.
ശിക്ഷയിളവ് നൽകി വിട്ടയക്കാൻ സർക്കാർ തീരുമാനിച്ച, കാരണവർ വധക്കേസ് പ്രതി ഷെറിൻ മർദിച്ച നൈജീരിയ സ്വദേശിയായ തടവുകാരിയെ ജയിൽ മാറ്റി. കണ്ണൂർ വനിതാ ജയിലിൽ നിന്ന് തിരുവനന്തപുരം വനിതാ ജയിലിലേക്കാണ് കെയ്ൻ ജൂലിയെ മാറ്റിയത്. ജൂലിയെ മർദിച്ചതിന് ഷെറിനെ ഒന്നാം പ്രതിയാക്കി ടൗൺ പൊലീസ് ഇന്നലെ കേസെടുത്തിരുന്നു.
കാറിൽ യാത്ര ചെയ്യുകയായിരുന്ന കോളേജ് അധ്യാപകനെയും മകനേയും വനം വകുപ്പ് ഉദ്യോഗസ്ഥന്‍ മര്‍ദിച്ചെന്ന് പരാതി. പാലോട് റെയ്ഞ്ച് ഓഫീസർ ക്രൂരമായി മർദിച്ചെന്ന അധ്യാപകന്‍റെ പരാതിയിൽ പൊലീസ് കേസെടുത്തു.വനം വകുപ്പ് റെയ്ഞ്ച് ഓഫീസറുടെ പേരിൽ കേസ് എടുത്തതായും അന്വേഷണം പുരോഗമിക്കുന്നതായും പൊലീസ് അറിയിച്ചു. വനംവകുപ്പ് ജീവനക്കാരുടെ മൊഴിയെടുത്തിട്ടുണ്ട്. വീഡിയോ ദൃശ്യങ്ങൾ കൂടി ശേഖരിച്ച ശേഷം തുടർ നടപടികൾ സ്വീകരിക്കുമെന്നും പാലോട് പൊലീസ് അറിയിച്ചു.
പൂനെയില്‍ മഹാരാഷ്ട്ര ആര്‍ടിസി ബസില്‍ 26 കാരി ക്രൂര ബലാത്സംഗത്തിനിരയായ കേസില്‍ പിടിയിലായ പ്രതിയുടെ തിരിച്ചറിയല്‍ പരേഡ് ഉടന്‍ നടത്താനൊരുങ്ങി പൊലീസ്. പ്രതി ദത്താത്രയ രാംദാസ് ഗുഡെ കുറ്റം സമ്മതിച്ചുവെന്നാണ് പൊലീസ് നല്‍കുന്ന വിവരം. ഇന്ന് പുലര്‍ച്ചെയാണ് പ്രതിയെ കരിമ്പിന്‍ തോട്ടത്തില്‍ നിന്നും അന്വേഷണ സംഘം പിടികൂടുന്നത്.കുറ്റകൃത്യം നടത്തിയത് ലഹരിയിലാണെന്നാണ്പ്രതി നല്‍കിയ മൊഴി.
ഉത്തരാഖണ്ഡിലെ ചമോലി ജില്ലയില്‍ ശക്തമായ ഹിമപാതം മൂലം കുടുങ്ങിയ 57 തൊഴിലാളികളില്‍ 32 പേരെ രക്ഷപ്പെടുത്തി. 25 പേര്‍ ഇപ്പോഴും കുടുങ്ങിക്കിടക്കുകയാണെന്നാണ് വിവരം. റോഡ് നിര്‍മാണത്തില്‍ ഏര്‍പ്പെട്ടിരുന്ന തൊഴിലാളികളാണ് മഞ്ഞിനടിയിലകപ്പെട്ടത്. പലരും ഗുരുതരാവസ്ഥയിലാണെന്നും വിവരമുണ്ട്. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്
വടക്കു പടിഞ്ഞാറന്‍ പാകിസ്താനിലെ മദ്രസയില്‍ ജുമ നമസ്‌കാരത്തിനിടെയുണ്ടായ ചാവേര്‍ സ്ഫോടനത്തില്‍ അഞ്ചുപേര്‍ മരിച്ചു. ഇരുപതിലേറെ പേര്‍ക്ക് പരിക്കേറ്റു. ഖൈബര്‍ പഖ്തൂൻഖ്വ പ്രവിശ്യയിലെ ദാറുല്‍ ഉലൂം ഹഖാനിയ മദ്രസയിലാണ് സ്ഫോടനമുണ്ടായത്.
ചാമ്പ്യന്‍സ് ട്രോഫിയില്‍ അഫ്ഗാനിസ്താനോട് തോറ്റ് പുറത്തായതിനു പിന്നാലെ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ സ്ഥാനം രാജിവെച്ച് ജോസ് ബട്‌ലര്‍. ഏകദിന-ടി20 നായകസ്ഥാനമാണ് ഒഴിഞ്ഞത്. ഇംഗ്ലണ്ടിന്റെ നായകസ്ഥാനം രാജിവെയ്ക്കുകയാണെന്ന് ബട്‌ലര്‍ അറിയിച്ചു.