യുജിസിയുടെ കരട് ഭേദഗതി നിർദ്ദേശങ്ങൾ പിൻവലിക്കണമെന്ന് ബിജെപി ഇതര സംസ്ഥാനങ്ങളുമായി കൈകോർത്ത് കേന്ദ്രത്തോടാവശ്യപ്പെട്ട് കേരളം. യജമാനന്മാർക്ക് വേണ്ടി ഗവർണ്ണർമാർ കേരളത്തിലടക്കം രാഷ്ട്രീയ ഇടപെടൽ നടത്തുകയാണെന്ന് സംസ്ഥാനം സംഘടിപ്പിച്ച ദേശീയ കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി വിമർശിച്ചു. ഗവർണ്ണർ ഉടക്കിട്ടതോടെ മലയാള സർവ്വകലാശാല വിസിയൊഴികെ ബാക്കി വിസിമാർ വിട്ടുനിന്നു. ഔചിത്യബോധമുണ്ടെങ്കിൽ വിസിമാർ പങ്കെടുക്കുമായിരുന്നുവെന്ന് ഉന്നത വിദ്യാഭ്യാസമന്ത്രി വിമർശിച്ചു.
ബ്രൂവറി പോലുള്ള കാര്യങ്ങൾ മാധ്യമചർച്ചയാക്കാൻ താത്പര്യപ്പെടുന്നില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. രോമാഞ്ചം ഉണ്ടാക്കുന്നത് പറയാനാകില്ലെന്നായിരുന്നു ബിനോയ് വിശ്വത്തിന്റെ പ്രതികരണം. നിലപാട് സിപിഐ വ്യക്തമാക്കിയിട്ടുണ്ടെന്നും സിപിഐ സംസ്ഥാന സെക്രട്ടറി കൂട്ടിച്ചേർത്തു. നിങ്ങൾക്ക് രോമാഞ്ചം ഉണ്ടാക്കാൻ എന്തെങ്കിലും പറയാൻ ആകില്ലെന്നായിരുന്നു ബിനോയ് വിശ്വത്തിന്റെ പ്രതികരണം.
ചട്ടഭേദഗതി ഏതെങ്കിലും കമ്പനിയ്ക്ക് വേണ്ടിയല്ലെന്ന് മന്ത്രി പി രാജീവ്. എലപ്പുള്ളിയിലെ മദ്യ നിർമാണശാലയ്ക്കുവേണ്ടി ചട്ടം ഭേദഗതി ചെയ്തുവെന്ന ആരോപണത്തിനാണ് മറുപടി. വ്യവസായങ്ങൾക്കായി ചട്ടങ്ങൾ ലഘുവാക്കണമെന്ന സർക്കാരിന്റെ പൊതുനിലപാടിന്റെ ഭാഗമാണിതെന്നും മന്ത്രി പി രാജീവ് പറഞ്ഞു. സണ്ണി കമ്മിറ്റി റിപ്പോർട്ടിന്റെ കൂടി അടിസ്ഥാനത്തിലാണ് തീരുമാനമെടുത്തത്. നിക്ഷേപക സംഗമത്തിന് മുന്നോടിയായി ചട്ടത്തിൽ ഇളവ് വരുത്തിയ തദ്ദേശ വകുപ്പിനോട് വ്യവസായ വകുപ്പ് നന്ദി പറയുകയാണെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് ഒരു ഗഡു ക്ഷേമപെൻഷൻ കൂടി അനുവദിച്ചു. 812 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി പറഞ്ഞു. അടുത്ത ആഴ്ച മുതൽ 1600 രൂപ വീതം ലഭിക്കും. അത് അടുത്ത സാമ്പത്തിക വർഷം കൊടുക്കുമെന്നാണ് സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്.
സംസ്ഥാനത്ത് വ്യവസായങ്ങള്‍ തുടങ്ങാൻ തദ്ദേശ നിയമങ്ങളിൽ ഇളവ് കൊണ്ടുവരാൻ സർക്കാർ. കാറ്റഗറി ഒന്നിലെ രണ്ട് വിഭാഗത്തിൽപെടുന്ന സംരഭങ്ങൾ തുടങ്ങാൻ പഞ്ചായത്തുകളുടെ അനുമതി ആവശ്യമില്ല എന്നതാണ് പ്രധാന തീരുമാനം. എലപ്പുള്ളിയിലെ മദ്യ നിർമ്മാണത്തിനുവേണ്ടിയാണ് ഭേദഗതിയെന്ന് പ്രതിപക്ഷവും പഞ്ചായത്തും ആരോപിച്ചു. ചട്ടഭേദഗതി ഏതെങ്കിലും കമ്പനിക്കുവേണ്ടിയല്ലെന്നാണ് വ്യവസായ മന്ത്രിയുടെ വിശദീകരണം.
സംസ്ഥാന കോണ്‍ഗ്രസിലെ തര്‍ക്കങ്ങള്‍ പരിഹരിക്കാൻ ഇടപെടണമെന്നാവശ്യപ്പെട്ട് ഹൈക്കമാന്‍ഡിനെ സമീപിക്കാൻ മുസ്ലീം ലീഗ് തീരുമാനം. കോണ്‍ഗ്രസിലെ തമ്മിലടി തെരഞ്ഞെടുപ്പ് സാധ്യതകളെ ബാധിക്കുമെന്നാണ് സംസ്ഥാന നേതൃയോഗത്തിന്‍റെ വിലയിരുത്തൽ. അതേസമയം, സംസ്ഥാന കോണ്‍ഗ്രസിലെ തമ്മലടിയെന്ന് പരിഹസിച്ച തരൂരിനെ പ്രതിപക്ഷ നേതാവ് തിരിച്ചും പരിഹസിച്ചു. പാര്‍ട്ടിയിലെയും മുന്നണിയിലെയും നീക്കങ്ങള്‍ നോക്കി പ്രതികരിക്കാമെന്ന നിലപാടിലാണ് തരൂര്‍.
സംസ്ഥാന കോണ്‍ഗ്രസിലെ തര്‍ക്കങ്ങള്‍ പരിഹരിക്കാൻ ഇടപെടണമെന്നാവശ്യപ്പെട്ട് ഹൈക്കമാന്‍ഡിനെ സമീപിക്കാൻ മുസ്ലീം ലീഗ് തീരുമാനം. കോണ്‍ഗ്രസിലെ തമ്മിലടി തെരഞ്ഞെടുപ്പ് സാധ്യതകളെ ബാധിക്കുമെന്നാണ് സംസ്ഥാന നേതൃയോഗത്തിന്‍റെ വിലയിരുത്തൽ. അതേസമയം, സംസ്ഥാന കോണ്‍ഗ്രസിലെ തമ്മലടിയെന്ന് പരിഹസിച്ച തരൂരിനെ പ്രതിപക്ഷ നേതാവ് തിരിച്ചും പരിഹസിച്ചു. പാര്‍ട്ടിയിലെയും മുന്നണിയിലെയും നീക്കങ്ങള്‍ നോക്കി പ്രതികരിക്കാമെന്ന നിലപാടിലാണ് തരൂര്‍.
കടൽ മണൽ ഖനനത്തിനെതിരെ മത്സ്യത്തൊഴിലാളി കോർഡിനേഷൻ കമ്മിറ്റി നടത്തുന്ന ഹർത്താലിന് ലത്തീൻ സഭയുടെ ഐക്യദാർഢ്യം. ഈ മാസം 27നാണ് മത്സ്യത്തൊഴിലാളി കോർഡിനേഷൻ കമ്മിറ്റി പ്രഖ്യാപിച്ച സംസ്ഥാന വ്യാപകമായുള്ള തീരദേശ ഹർത്താലിൽ ലത്തീൻ സഭയും പങ്കുചേരും. കേന്ദ്രത്തിന്റെത് ഏകപക്ഷീയമായ തീരുമാനമാണ്. സംസ്ഥാന സർക്കാരും പ്രതിപക്ഷവും ഒന്നിച്ച് നിന്ന് ഇതിനെതിരെ പോരാടണം എന്നും മെത്രാപോലീത്ത ആഹ്വാനം ചെയ്തു.
കട്ടിപ്പാറയിൽ അധ്യാപിക ആത്മഹത്യ ചെയ്ത സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ കേസ് എടുത്തു. സംഭവത്തിൽ പൊതു വിദ്യാഭ്യാസ ഡയറക്ടർ രണ്ടാഴ്ചയ്ക്കകം റിപ്പോർട്ട് നൽകണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ ബൈജുനാഥ് ഉത്തരവിടുകയായിരുന്നു. അടുത്തമാസം 26ന് കോഴിക്കോട് നടക്കുന്ന സിറ്റിങ്ങിൽ കേസ് പരിഗണിക്കാനാണ് തീരുമാനം.
അനധികൃത പാറ പൊട്ടിക്കലും മണ്ണ് കടത്തും നടത്തിയതില്‍ സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി സി വി വർഗീസിനും മകനും മരുമകനുമെതിരെ അന്വേഷണം. ജില്ലാ കളക്ടറാണ് ഇത് സംബന്ധിച്ച് തഹസിദാർമാർക്ക് നിർദ്ദേശം നല്‍കിയത്. പൊതു പ്രവർത്തകൻ നൽകിയ പരാതിയിലാണ് കളക്ടറുടെ നിർദ്ദേശം. എല്ലാ അനധികൃത ഖനനങ്ങളും പരിശോധിക്കാനാണ് നിര്‍ദേശം. അന്വേഷണത്തിന് സബ് കളക്ടർമാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
സമസ്തക്കകത്തെ അഭിപ്രായ ഭിന്നതകള്‍ പരിഹരിക്കാന്‍ സമസ്ത – ലീഗ് നേതൃത്വം കൂടിക്കാഴ്ച നടത്തി. ഇതുവരെയുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ യോഗത്തില്‍ പൊതുധാരണയായി. ഇത് സംബന്ധിച്ച് തുടര്‍ ചര്‍ച്ചകള്‍ നടത്താനും യോഗം തീരുമാനിച്ചു..സമസ്തയിലെ ലീഗ് അനുകൂല – വിരുദ്ധ വിഭാഗങ്ങള്‍ തമ്മിലുള്ള തര്‍ക്കം തുടരുന്ന പശ്ചാത്തലത്തിലാണ് പ്രശ്‌ന പരിഹാര കൂടിക്കാഴ്ച.
കേരളം കാത്തിരിക്കുന്ന ഇന്‍വസ്റ്റ് കേരള ആഗോള ഉച്ചകോടി(ഐകെജിഎസ്)യ്ക്ക് നാളെ തുടക്കമാകും. ലുലു ബോള്‍ഗാട്ടി ഇന്‍റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്‍ററില്‍ നടക്കുന്ന ഉച്ചകോടി മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. കേന്ദ്ര-സംസ്ഥാന മന്ത്രിമാര്‍, വിദേശരാജ്യ പ്രതിനിധികള്‍ വ്യവസായലോകത്തെ പ്രമുഖര്‍ തുടങ്ങിയവര്‍ സംബന്ധിക്കും.
നേരത്തെ സമ്പത്തിന് നല്‍കിയ ആനുകൂല്യങ്ങൾ തന്നെയാണ് തനിക്കും ലഭിച്ചിരിക്കുന്നതെന്ന് കെവി തോമസ്. യാത്രാബത്ത കാലാനുസൃതമായി കൂട്ടിയിട്ടുണ്ടാകുമെന്നും കെവി തോമസ് പറഞ്ഞു. യാത്രാബത്തക്കുള്ള ബജറ്റ് വിഹിതം ഇരട്ടിയിലധികമാക്കാനുള്ള ശുപാര്‍ശയെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ആലപ്പുഴ അരൂക്കുറ്റിയിൽ വീട് ജപ്തിയിലായതിനെ തുടർന്ന് കുടുംബം 3 ദിവസമായി താമസിക്കുന്നത് വീടിന് പുറത്ത്. അരൂകുറ്റി പുത്തൻ നികർത്തിൽ രാമചന്ദ്രൻ്റെ വീടാണ് ജപ്തി ചെയ്തത്. സ്വകാര്യ ധനകാര്യ സ്ഥാപനം ആണ് വായ്പാ കുടിശികയുടെ പേരിൽ വീട് ജപ്തി ചെയ്തത്. പ്രായമുള്ള മൂന്നു പേരും കുട്ടികളും ഉൾപ്പെടെയാണ് മൂന്ന് ദിവസമായി വീടിന് പുറത്തു കഴിയുന്നത്.
മഹാകുംഭമേളയിൽ സ്ത്രീകൾ കുളിക്കുന്നതിന്റെ വീഡിയോകൾ ചിത്രീകരിച്ച് വില്‍ക്കുന്നവരെയും വാങ്ങുന്നവരെയും അറസ്റ്റ് ചെയ്യുമെന്ന് ഉത്തർപ്രദേശ് പൊലീസ്. ഇതുവരെ 103 സോഷ്യൽ മീഡിയ അക്കൗണ്ടുകൾക്കെതിരെ നടപടിയെടുക്കാൻ തീരുമാനിച്ചെന്നും പൊലീസ് ഉദ്യോഗസ്ഥന്‍ മാധ്യമങ്ങളോട് പറഞ്ഞു. ലോകത്തിലെ ഏറ്റവും വലിയ മതസമ്മേളനമായ കുംഭമേളയിൽ സ്ത്രീകൾ കുളിക്കുന്നതിന്റെയും വസ്ത്രം മാറുന്നതിന്റെയും വീഡിയോകൾ ചില പ്ലാറ്റ്‌ഫോമുകൾ അപ്‌ലോഡ് ചെയ്യുന്നതായി യുപി സോഷ്യൽ മീഡിയ മോണിറ്ററിംഗ് സംഘം കണ്ടെത്തിയതായി പൊലീസ് പ്രസ്താവനയിൽ പറഞ്ഞു.
മഹാകുംഭമേളയിലെ കോളിഫോം ബാക്ടീരിയ വിവാദത്തിൽ ഉത്തർപ്രദേശ് മലിനീകരണ നിയന്ത്രണ ബോർഡിനെ രൂക്ഷമായി വിമർശിച്ച് ദേശീയ ഹരിത ട്രൈബ്യൂണൽ. പ്രയാഗ്‌രാജിലെ സംഗമത്തിൽ നിന്ന് എടുത്ത പഴയ ജല സാമ്പിളുകളുടെ റിപ്പോർട്ട് ട്രൈബ്യൂണലിന് സമർപ്പിച്ചതിനെ തുടർന്നാണ് വിമർശനമുന്നയിച്ചത്. യുപിപിസിബി റിപ്പോർട്ടിനായി എടുത്ത സാമ്പിളുകൾ ജനുവരി 12 മുതലുള്ളതാണെന്ന് എൻജിടി ചൂണ്ടിക്കാട്ടി. ഞങ്ങളുടെ സമയം പാഴാക്കാനാണോ ഇത്രയും വലിയ ഒരു രേഖ സമർപ്പിച്ചത്തെന്ന് ഹരിത ട്രൈബ്യൂണൽ ചോദിച്ചു.
അമേരിക്കയിൽനിന്ന് നാടുകടത്തിയ മുന്നൂറോളം കുടിയേറ്റക്കാർ പാനമയിലെ ഹോട്ടലിൽ തടവിൽ. ഇന്ത്യ, ഇറാൻ, നേപ്പാൾ, ചൈന, ശ്രീലങ്ക, പാകിസ്താൻ, അഫ്ഗാനിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ളവരാണിവർ. ഹോട്ടലിന്റെ ജനാലയ്ക്കരികിൽ വന്ന് സഹായം അഭ്യർത്ഥിക്കുന്ന ഇവരുടെ ദൃശ്യങ്ങൾ വിദേശ മാധ്യമങ്ങളും വാർത്താ ഏജൻസികളും പുറത്തുവിട്ടു.