Untitled design 20250112 193040 0000 1

 

ഡാമുകളിലൂടെയുള്ള സീ പ്ലെയിൻ സാധ്യതയിൽ ആദ്യ പരിഗണന നൽകുന്നത് മലമ്പുഴക്കെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. ഈ സാധ്യത ഫലപ്രദമായി നടത്താൻ സാധിച്ചാൽ പ്രദേശത്ത് വലിയ മാറ്റമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. മലമ്പുഴയിൽ ആരംഭിച്ച കേരളത്തിലെ ആദ്യത്തെ ഇന്‍റഗ്രേറ്റഡ് കാരവൻ പാർക്കിന്‍റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചാലക്കുടിയിലെ ഫെഡറൽ ബാങ്ക് പോട്ട ശാഖയിൽ നിന്നും 15 ലക്ഷം രൂപ കവർന്ന കേസിലെ പ്രതി റിജോ ആന്റണിയെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു. ചാലക്കുടി ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടേതാണ് നടപടി. പ്രതിക്കായി പൊലീസ് അഞ്ച് ദിവസത്തെ കസ്റ്റഡി അപേക്ഷ നൽകിയിട്ടുണ്ട്. പ്രതിക്ക് ജാമ്യം നൽകിയാൽ കുറ്റം ആവർത്തിക്കാൻ സാധ്യത എന്ന് പോലീസ് റിമാൻഡ് റിപ്പോർട്ടിൽ പരാമർശിച്ചിട്ടുണ്ട്.

കേരളത്തിലെ തദ്ദേശ സ്വയംഭരണ വകുപ്പ് ലൈഫ് ഭവന പദ്ധതി, ഡിജിറ്റൽ സാക്ഷരത, നഗര നയത്തിലെ ഇടപെടലുകൾ എന്നിവ വഴി രാജ്യത്തിന് തന്നെ മാതൃകയായ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയാണെന്ന് മന്ത്രി എം ബി രാജേഷ്. തദ്ദേശ ദിനാഘോഷത്തിൻ്റെ ഭാഗമായി സ്വരാജ് ട്രോഫി പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു നടത്തിയ വാ‍ര്‍ത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിവിധ പദ്ധതികളിൽ വകുപ്പ് നേടിയ നേട്ടങ്ങൾ മന്ത്രി വിശദീകരിച്ചു.

പാലക്കാട് അഹല്യ ക്യാമ്പസിലെ മഴവെള്ള സംഭരണികൾ സന്ദർശിച്ച് മന്ത്രി എംബി രാജേഷ്. എലപ്പുള്ളിയിൽ മദ്യ നിർമാണ കമ്പനി മഴവെള്ള സംഭരണി നിർമ്മിക്കുമെന്ന് പറഞ്ഞതിനെ പരിഹസിച്ചവർ അഹല്യയിൽ വന്ന് പരിശോധിക്കണമെന്ന് മന്ത്രി പറഞ്ഞു. ഒയാസിസ് കമ്പനിയുടെ വക്താവല്ലെന്നും സർക്കാരിനെതിരെ ആരോപണം വന്നത് കൊണ്ടാണ് മറുപടി പറയുന്നതെന്നും മന്ത്രി പറഞ്ഞു.

 

സമരം കടുപ്പിക്കാൻ ആശാവർക്കർമാർ. ഈ മാസം 20 ന് സെക്രട്ടറിയേറ്റിന് മുന്നിൽ ആശാവർക്കർമാരുടെ മഹാസം​ഗമം സംഘടിപ്പിക്കാനാണ് തീരുമാനം. സംസ്ഥാനത്തെ മുഴുവൻ ആശാപ്രവർത്തകരോടും എത്താനാണ് നിർദേശം. ആവശ്യങ്ങൾ നേടാതെ സമരം അവസാനിപ്പിക്കില്ലെന്ന നിലപാടിലാണ് ആശാവർക്കർമാർ.അതേ സമയം, സെക്രട്ടറിയേറ്റിന്  മുന്നിൽ സമരം ചെയ്യുന്ന ആശ വർക്കർമാർക്ക് പൊലിസ് നോട്ടീസ് നല്‍കിയിരിക്കുകയാണ്. ഗതാഗത തടസ്സമുണ്ടാക്കി അന്യായമായി സംഘം ചേർന്ന് നടത്തുന്ന സമരം നിർത്തമെന്നാവശ്യപ്പെട്ടാണ് കന്‍റോണ്‍മെന്‍റ് പൊലീസ് നോട്ടീസ് നൽകിയത്.

പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സമഗ്ര ഗുണമേന്മാ വിദ്യാഭ്യാസ പദ്ധതിക്ക് നാളെ തുടക്കം. മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരം ജഗതിയിലെ ജവഹർ സഹകരണ ഓഡിറ്റോറിയത്തിൽ രാവിലെ 10:30ന് ഉദ്ഘാടനം നിർവഹിക്കും. പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി അധ്യക്ഷനും ധനകാര്യ വകുപ്പ് മന്ത്രി കെഎൻ ബാലഗോപാൽ മുഖ്യാതിഥിയും ആയിരിക്കും.

 

സിപിഎം അക്രമ രാഷ്ട്രീയത്തെ വിമർശിച്ച് കൊണ്ടുള്ള ഫേസ്ബുക്ക് പോസ്റ്റില്‍ മാറ്റം വരുത്തി ശശി തരൂർ എം പി. പെരിയയിൽ കൊല്ലപ്പെട്ട ശരത് ലാലിനും കൃപേഷിനും പ്രണാമം അർപ്പിച്ച് എഫ്ബി പോസ്റ്റിലെ നരഭോജി പ്രയോഗമാണ് തരൂർ മുക്കിയത്. സിപിഎം നരഭോജികൾ കൊലപ്പെടുത്തിയ കൂടപ്പിറപ്പുകൾ എന്നായിരുന്നു പോസ്റ്റ്.

 

ശശി തരൂരിന്‍റേത് പാർട്ടി നിലപാടല്ലെന്ന് കെപിസിസി പ്രസിഡന്‍റ്  കെ സുധാകരൻ. ശശി തരൂരിന്‍റേത് വ്യക്തിപരമായ അഭിപ്രായം മാത്രമാണ്. അദ്ദേഹത്തിന് ഞാൻ നല്ല ഉപദേശം കൊടുത്തിട്ടുണ്ട്. പാർട്ടി തീരുമാനമാണ് ഔദ്യോഗികമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പെരിയ കേസിലെ പരോൾ വിഷയത്തില്‍ സിപിഎം ഭരിക്കുന്ന കാലത്തോളം ഇതൊക്കെ തുടരുമെന്നാണ് കെപിസിസി അധ്യക്ഷന്‍റെ പ്രതികരണം.

ശശി തരൂർ വിവാദത്തിലെ ച‍ർച്ച കേരളീയരും കേരള വിരുദ്ധരുമെന്ന നിലയിലേക്ക് മാറിയെന്ന് മന്ത്രി പി രാജീവ്. സഭയിലെ പ്രതിപക്ഷം കേരളത്തിലെ ജനങ്ങളുടെ പ്രതിപക്ഷമാകരുത്. കോൺഗ്രസിനുള്ളിലെ പ്രശ്നങ്ങളുടെ മറുപടിയാണ് പ്രതിപക്ഷ നേതാവ് പറഞ്ഞത്. സർക്കാരിനുള്ള മറുപടി അല്ല. വിഡി സതീശന് വീഡിയോ ഇട്ട് മറുപടി പറയാമെന്നും വ്യവസായ മന്ത്രി പി രാജീവ്‌ എറണാകുളത്ത് മാധ്യമപ്രവർത്തകരോട് പറഞ്ഞു.

 

മാനന്തവാടി പിലാക്കാവ് കമ്പമലയിൽ കാട്ടുതീ. പുൽമേടുകൾ നിറഞ്ഞ കമ്പമലയുടെ ഒരു ഭാഗം  കത്തിനശിച്ചു. വനം വകുപ്പ്, ഫയർ ഫോഴ്സ് സംഘങ്ങൾ തീ അണക്കാൻ ശ്രമിക്കുന്നുണ്ട്. ചൂട് കൂടിയതാണ് തീപിടിക്കാൻ കാരണമെന്നാണ് കരുതുന്നത്. കമ്പമലയിൽ പല ഭാഗത്തായി പുക ഉയരുന്നുണ്ട്.

കൊയിലാണ്ടിയിൽ ആന ഇടഞ്ഞ് മൂന്ന് പേർ മരിച്ച സംഭവത്തിൽ ​ഗുരുവായൂർ ദേവസ്വംബോർഡിനെതിരേ വിമർശനവുമായി ഹൈക്കോടതി. ഇടഞ്ഞോടിയ ആനകളുടെ സുരക്ഷിതത്വം ഉറപ്പാക്കേണ്ടിയിരുന്നത് ​ഗുരുവായൂർ ദേവസ്വം ബോർഡാണെന്നും ആനകളെ നൂറ് കിലോമീറ്ററിൽ കൂടുതൽ യാത്ര ചെയ്യിപ്പിച്ചത് എന്ത് അടിസ്ഥാനത്തിലാണെന്നും കോടതി ചോദിച്ചു.

 

പരമാവധി മരുന്ന് സംഭരിച്ച് ഹീമോഫീലിയ ചികിത്സ സാധ്യമായ രീതിയില്‍ വികേന്ദ്രീകരിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.ഹീമോഫീലിയ രോഗികളുടെ പ്രശ്‌നങ്ങള്‍ ഉന്നതതല യോഗത്തിൽ ചര്‍ച്ച ചെയ്തശേഷം പ്രതികരിക്കുകയായിരുന്നു മന്ത്രി.

കണ്ണൂരിൽ സിപിഎം നിയന്ത്രണത്തിലുളള എകെജി പഠന ഗവേഷണ കേന്ദ്രം സംഘടിപ്പിച്ച പരിപാടിയിൽ  ജില്ലാ കളക്ടർ പങ്കെടുത്തതിനെതിരെ വിമർശനവുമായി കോൺഗ്രസ്. അന്താരാഷ്ട്ര പഠന കോൺഗ്രസിനോട് അനുബന്ധിച്ച് നടത്തിയ മോർണിങ് വാക്ക് പരിപാടി കളക്ടർ അരുൺ കെ വിജയൻ ഫ്ലാഗ് ഓഫ് ചെയ്തിരുന്നു. ഇത് സർവീസ് ചട്ടങ്ങളുടെ ലംഘനമെന്നാണ് കോൺഗ്രസ് ആരോപണം. സിപിഎം പരിപാടിക്ക് കളക്ടർ ഔദ്യോഗിക സ്വഭാവം നൽകിയെന്നും ചീഫ് സെക്രട്ടറിക്ക് പരാതി നൽകുമെന്നും ഡിസിസി പ്രസിഡന്‍റ് മാർട്ടിൻ ജോർജ് പറഞ്ഞു.

കൊയിലാണ്ടി കുറുവാങ്ങാട് ക്ഷേത്രത്തിൽ ആന ഇടഞ്ഞതുമായി ബന്ധപ്പെട്ട കേസ് പരിഗണിച്ച് ഹൈക്കോടതി. ആനകളുടെ പരിപാലനവും സുരക്ഷയും ഉടമയെന്ന നിലയില്‍ ദേവസ്വത്തിന്റെ കടമയാണെന്ന് ഹൈക്കോടതി പറഞ്ഞു. പടക്കം പൊട്ടിക്കുന്ന സ്ഥലത്ത് എന്തിനാണ് ആനകളെ നിര്‍ത്തിയതെന്നും ആനകളെ തുടര്‍ച്ചയായി യാത്ര ചെയ്യിക്കുന്നതെന്തിനാണെന്നും കോടതി ചോദിച്ചു. ഈ വിഷയത്തിൽ കേസെടുത്ത് അന്വേഷണം നടത്തുകയാണെന്നും സര്‍ക്കാര്‍ കോടതിയിൽ പറഞ്ഞു.

 

കോഴിക്കോട് നഗരത്തിലെ ഖരമാലിന്യസംസ്‌കരണത്തിനായി ഞെളിയൻപറമ്പിൽ ബി.പി.സി.എല്ലിന്റെ വാതക പ്ലാന്റ്(കംപ്രസ്ഡ് ബയോഗ്യാസ് പ്ലാന്റ്) തുടങ്ങും. പ്ലാന്‍റിനായി എട്ട് ഏക്കർ വരെ സ്ഥലം 20 വർഷത്തേക്ക് പാട്ടത്തിന് കൊടുക്കാൻ തീരുമാനമായി. മേയർ ഡോ. ബീനാ ഫിലിപ്പിന്റെ അധ്യക്ഷതയിൽ ചേർന്ന കോര്‍പറേഷന്‍ കൗൺസിൽ യോഗത്തിലാണ് തീരുമാനം.

 

തോമസ് കെ തോമസ് എൻസിപി അധ്യക്ഷനായേക്കും. ഇതിന് ശരദ് പവാർ തത്വത്തിൽ അം​ഗീകാരം നൽകുകയായിരുന്നു. എകെ ശശീന്ദ്രൻ തോമസിനെ പിന്തുണച്ചപ്പോൾ പിസി ചാക്കോയും എതിർത്തില്ല. എന്നാൽ തോമസ് കെ തോമസിനെ അധ്യക്ഷ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കുന്നത് സംസ്ഥാന നേതൃത്വം വഴിയാകട്ടെയെന്നും ശരദ് പവാർ പ്രതികരിച്ചു.

 

സംസ്ഥാനത്ത് ഇൻഡി സഖ്യം യാഥാർത്ഥ്യമായിരിക്കുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ പരിഹസിച്ചു. പ്രതിപക്ഷം ഭരണപക്ഷത്തിന്‍റെ  ബി ടീമായി മാറിയെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന സർക്കാർ അഭ്യർത്ഥിച്ചതിന്‍റെ  അടിസ്ഥാനത്തിലാണ് മുണ്ടക്കൈ – ചൂരൽമല പുനർനിർമ്മാണത്തിന് കേന്ദ്ര സർക്കാർ നിക്ഷേപമൂലധന വായ്പ അനുവദിച്ചത്. എന്നാൽ അത് കേന്ദ്ര അവഗണനയാണെന്നും പറഞ്ഞ് എൽഡിഎഫിനൊപ്പം യോജിച്ച സമരം നടത്തുമെന്നാണ് വിഡി സതീശനും കെ.സുധാകരനും പറയുന്നത് എന്നും അദ്ദേഹം വിമർശിച്ചു.

ഇഡി ഉദ്യോ​ഗസ്ഥൻ ചമഞ്ഞ് കർണാടകയിലെ വ്യവസായിയിൽ നിന്നും 4 കോടി തട്ടിയ കേസിൽ കർണാടക പൊലീസ് അറസ്റ്റ് ചെയ്ത കൊടുങ്ങല്ലൂർ പൊലീസ് സ്റ്റേഷനിലെ എഎസ്ഐ  ഷഫീർ ബാബുവിനെ സസ്പെൻഡ് ചെയ്തു. ഷഫീറിനെ സസ്പെൻഡ് ചെയ്ത് തൃശ്ശൂർ റൂറൽ ജില്ലാ പൊലീസ് മേധാവിയാണ് ഉത്തരവിറക്കിയിരിക്കുന്നത്. കേസിലെ പ്രധാന പ്രതിയാണ് ഷഫീര്‍ ബാബു.

ബസിൽ കടത്തിക്കൊണ്ട് വന്ന 25.9 ഗ്രാം എംഡിഎംഎയുമായി പഴ കച്ചവടക്കാരൻ പിടിയിലായി. കാസർകോട് ജില്ലയിലെ ഉപ്പള റെയിൽവേ സ്റ്റേഷൻ റോഡ് ബിസ്മില്ല മൻസിലിൽ മുഹമ്മദ് ഷമീർ (28) ആണ് അറസ്റ്റിലായത്. കാസർകോട് പഴയ ബസ്സ്റ്റാൻഡിൽ പഴ കച്ചവടക്കാരനാണ് ഇയാൾ.

 

പെരുനാട് സിഐടിയു പ്രവർത്തകൻ ജിതിന്റേത് രാഷ്ട്രീയ കൊലപാതകമല്ലെന്ന് പ്രതിയായ നിഖിലേഷിൻ്റെ അമ്മ മിനി. പ്രതികളിൽ ഒരാളായ നിഖിലേഷ് സിഐടിയു പ്രവർത്തകനാണ് . ടിപ്പർ ലോറി ഉടമയായ മകൻ ബിസിനസ് ആവശ്യത്തിനായാണ് സിഐടിയുവിൽ ചേർന്നത്. കൊല്ലപ്പെട്ട ജിതിൻ മുൻപ് വീട്ടിൽ  വന്നു ഭക്ഷണം കഴിച്ചിട്ടുള്ള ആളാണ്. കൊലപാതകത്തിന് രാഷ്ട്രീയ ബന്ധമില്ലെന്നും മിനി പറഞ്ഞു.

 

മുസ്ലിം വിഭാഗത്തിൽ നിന്നുള്ള സർക്കാർ ജീവനക്കാർക്ക് റംസാൻ മാസം ജോലി സമയത്തിൽ ഇളവ് നൽകി തെലങ്കാന സംസ്ഥാന സർക്കാർ. മാർച്ച് 2 മുതൽ 31 വരെയുള്ള ദിവസങ്ങളിലാണ് ഇളവ്. ജോലി സമയം വൈകിട്ട് നാല് മണി വരെയാക്കിയാണ് ഇളവ് ചെയ്തത്. സർക്കാർ വകുപ്പിലെ ജീവനക്കാർ അധ്യാപകർ, കരാറുകാർ, കോർപ്പറേഷൻ, പൊതുമേഖലാ ജീവനക്കാർ എന്നിവിടങ്ങളിലെ മുസ്‌ലിം വിഭാഗക്കാർക്ക് ഇളവ് പ്രഖ്യാപിച്ചത്.

വിമാനത്തിലെ ശുചിമുറിയിൽ നിന്ന് ദുർഗന്ധം വമിച്ചതിനെ തുടർന്ന് യാത്ര ദുസ്സഹമായെന്ന പരാതിയിൽ നഷ്ടപരിഹാരം നൽകാൻ വിധി. വിസ്താര വിമാനത്തിൽ മുംബൈയിൽ നിന്ന് ചെന്നൈയിലേക്ക് യാത്ര ചെയ്ത ചെന്നൈ സ്വദേശികളായ ബാലസുബ്രമണ്യം -ലോബ മുദ്ര ദമ്പതികളുടെ പരാതിയിൽ ഉപഭോക്തൃ കമ്മീഷനാണ് വിധി പ്രസ്താവിച്ചത്. ദമ്പതികൾക്ക് 2.6 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നാണ് വിധിയിൽ ഉപഭോക്തൃ കമ്മീഷൻ വ്യക്തമാക്കിയത്.

 

കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെ ചിലർ ബലിയാടാക്കുന്നുവെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാർ. യാത്രയയപ്പ് യോഗത്തിലാണ് രാജീവ് കുമാറിൻ്റെ പ്രസ്താവന. ഗൂഢോദ്ദേശ്യത്തോടെ ചിലർ കമ്മീഷനെതിരെ കള്ളപ്രചാരണം നടത്തുന്നു. തോൽക്കുന്നവർ ഇതംഗീകരിക്കാതെ കമ്മീഷനെ കുറ്റം പറയുന്ന പ്രവണത അവസാനിപ്പിക്കണം. ഓരോ പോളിംഗ് സ്റ്റേഷനിലെയും വോട്ട് മനസ്സിലാകാത്ത രീതിയിൽ വോട്ടെണ്ണൽ ക്രമീകരിക്കണമെന്നും യാത്രയയപ്പ് യോഗത്തിൽ അദ്ദേഹം പറഞ്ഞു.

 

സ്റ്റാന്റപ് കോമഡിയിലെ വിവാദ പരാമർശത്തിൽ ദേശീയ വനിത കമ്മീഷന് മുന്നിൽ ഹാജരാകാതെ റൺവീർ അലഹബാദിയ. വധഭീഷണി നേരിടുന്ന സാഹചര്യത്തിലാണ് കമ്മീഷന് മുന്നിൽ ഹാജരാകാതിരുന്നത് എന്നാണ് വിശദീകരണം. മാർച്ച് 6 ന് ഹാജരാകാൻ കമ്മീഷൻ നിർദേശം നൽകിയിട്ടുണ്ട്.

ആന്ധ്രാപ്രദേശിലെ കേന്ദ്രസർവകലാശാലയിൽ വിദ്യാർത്ഥി സമരം. മലയാളി വിദ്യാർത്ഥികളടക്കം എഴുന്നൂറോളം വിദ്യാർത്ഥികളാണ് സർവകലാശാലയിലെ അഡ്മിനിസ്ട്രേഷൻ കെട്ടിടത്തിന് മുന്നിൽ ഇന്നലെ രാത്രി മുതൽ സമരം തുടരുന്നത്. ലേഡീസ് ഹോസ്റ്റലിലെ സുരക്ഷാ വീഴ്ചയിൽ പ്രതിഷേധിച്ചാണ് സമരം. ഹോസ്റ്റലിനകത്തും പരിസരത്തും രാത്രി അടക്കം പുരുഷൻമാരെ കണ്ടതായി വിദ്യാർത്ഥികൾ പരാതിപ്പെടുന്നു. ലേഡീസ് ഹോസ്റ്റലിന് കൃത്യം സുരക്ഷ ഉറപ്പ് നൽകാതെ സമരം അവസാനിപ്പിക്കില്ലെന്നാണ് വിദ്യാർത്ഥികളുടെ നിലപാട്.

റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ ചുവട് മാറ്റവുമായി അമേരിക്ക. യുക്രൈന്‍ യുദ്ധം അതിവേഗം അവസാനിപ്പിക്കാനുള്ള നീക്കങ്ങളുമായി ട്രംപ് ഭരണകൂടം രംഗത്തിറങ്ങി. ചര്‍ച്ചകളുടെ ഭാഗമായി ഉന്നത യു.എസ്. ഉദ്യോഗസ്ഥര്‍ ചൊവ്വാഴ്ച സൗദി അറേബ്യയില്‍ റഷ്യന്‍ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തും..

 

ഡല്‍ഹി റെയില്‍വെ സ്‌റ്റേഷനിലുണ്ടായ അപകടത്തെ തുടര്‍ന്ന് ആള്‍ക്കൂട്ട നിയന്ത്രണ ചട്ടങ്ങള്‍ നടപ്പിലാക്കാന്‍ റെയില്‍വേ മന്ത്രാലയം. 18 പേരുടെ ജീവനെടുത്ത അപകടമുണ്ടായി 48 മണിക്കൂറിനു ശേഷമാണ് റെയില്‍വേ മന്ത്രാലയത്തിൻ്റെ നടപടി.

 

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *