Untitled design 20250112 193040 0000 1

 

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബില്ലിനെ റിപ്പബ്ലിക്ക് ദിന സന്ദേശത്തിൽ പിന്താങ്ങി രാഷ്ട്രപതി ദ്രൗപദി മുർമു. തെരഞ്ഞെടുപ്പുകളെ ഒന്നിപ്പിക്കുന്ന നടപടി ഭരണസ്ഥിരത ഉറപ്പാക്കുമെന്ന് പറഞ്ഞ രാഷ്ട്രപതി സാമ്പത്തിക ബാധ്യത കുറയ്ക്കുമെന്നും വ്യക്തമാക്കി. നാളെ നടക്കാനിരിക്കുന്ന റിപ്പബ്ലിക്ക് ദിനപരേഡിൽ ഇന്തോനേഷ്യൻ പ്രസിഡന്റ് പ്രബോവോ സുബിയാന്തോ മുഖ്യാത്ഥിയാകും.

 

സൈന്യത്തിലെ വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ സേന മെഡലുകള്‍ പ്രഖ്യാപിച്ചു. വ്യോമസേനയിൽ രണ്ട് മലയാളികള്‍ രാഷ്ട്രപതിയുടെ പരം വിശിഷ്ട സേവാ മെഡലിന് അര്‍ഹരായി.സതേൺ എയർ കമാൻഡ് മേധാവി എയർ മാർഷൽ ബി മണികണ്ഠൻ, അന്തമാൻ നിക്കോബാർ കമാൻഡ് ഇൻ ചീഫ് എയർ മാർഷൽ   സാജു ബാലകൃഷ്ണനും എന്നിവരാണ് പരം വിശിഷ്ട സേവാ മെഡലിന് അര്‍ഹരായത്.

 

ഭരണഘടനയ്ക്കും ജനാധിപത്യത്തിനും എതിരെ ഉയരുന്ന വെല്ലുവിളികളെ പ്രതിരോധിക്കുന്നത് ഓരോരുത്തരുടെയും കർത്തവ്യമാണ് എന്ന ബോധം നമ്മെ നയിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. റിപ്പബ്ളിക് ദിനാശംസയിലാണ് മുഖ്യമന്ത്രി ഇക്കാര്യം ഓർമ്മപ്പെടുത്തിയത്. ഇന്ത്യയുടെ ആത്മാവ് തുടിക്കുന്ന ഭരണഘടന നിലവിൽ വന്നിട്ട് 75 വർഷം തികയുകയാണ്. നാടിൻ്റെ നന്മയ്ക്കും ശോഭനമായ ഭാവിക്കുമായി ഒറ്റക്കെട്ടായി നിൽക്കാമെന്നും മുഖ്യമന്ത്രി റിപ്പബ്ളിക് ദിനാശംസയിൽ കൂട്ടിച്ചേർത്തു.

 

പത്മശ്രീ പുരസ്കാരത്തിന്‍റെ ആദ്യ ഘട്ട പട്ടിക പ്രഖ്യാപിച്ചു. ആദ്യഘട്ടത്തിൽ പത്മശ്രീ പുരസ്കാരം നേടിയ 31 പേരുടെ പട്ടികയാണ് ഇന്ന് പുറത്തുവന്നത്. തമിഴ്നാട്ടിൽ നിന്നുള്ള വാദ്യ സംഗീതഞ്ജൻ വേലു ആശാൻ,പാരാ അതലറ്റ് ഹർവീന്ദ്രർ സിങ്ങ്,കുവൈത്തിലെ യോഗ പരിശീലക ഷെയ്ക എ ജെ അൽ സഭാഹാ, നടോടി ഗായിക ബാട്ടുൽ ബീഗം,സ്വാതന്ത്രസമര സേനാനി ലീബാ ലോ ബോ സർദേശായി എന്നിവര്‍ ഉള്‍പ്പെടെ 31 പേരാണ് പത്മശ്രീ പുരസ്കാരത്തിന് അര്‍ഹരായത്. രാഷ്ട്രപതിയുടെ സേനാ മെഡലുകളും പ്രഖ്യാപിച്ചു.

 

എഴുപത്തിയാറാം റിപ്പബ്ലിക് ദിനാഘോഷത്തിന് ഒരുങ്ങി രാജ്യം. നാളത്തെ പരേഡിൽ ഇന്തോനേഷ്യൻ പ്രസിഡന്‍റ് പ്രബോവോ സുബിയാന്തോയാണ് മുഖ്യാതിഥി. കരവ്യോമനാവികസേനകളുടെ പ്രകടനത്തിനൊപ്പം വിവിധ സംസ്ഥാനങ്ങളുടെയടക്കം 31 നിശ്ചലദൃശ്യങ്ങൾ പരേഡിനൊപ്പം അണിനിരക്കും. ഇക്കുറി പരേഡിന് ഇന്തോന്യേഷൻ കരസേനയും അണിനിരക്കുമെന്നതാണ് ശ്രദ്ധേയമായ മറ്റൊരു കാര്യം.

 

പഞ്ചാരക്കൊല്ലിയിലെ ജനവാസ മേഖലയിൽ വീണ്ടും കടുവയെ കണ്ടുവെന്ന് നാട്ടുകാർ. പ്രദേശത്ത് വനംവകുപ്പ് പരിശോധന ആരംഭിച്ചു.  തേയിലത്തോട്ടത്തിൽ ഡ്രോൺ അടക്കം ഉപയോഗിച്ചുള്ള പരിശോധനയാണ് പുരോഗമിക്കുന്നത്. പ്രദേശത്ത് പൊലീസ് ജാഗ്രത നിർദ്ദേശം നൽകി. കടുവയുടെ സാന്നിധ്യം വീണ്ടും സ്ഥിരീകരിച്ച സാഹചര്യത്തിൽ എല്ലാവരും വീടുകളിൽ കഴിയണമെന്നാണ് ജനങ്ങൾക്കുളള നിർദ്ദേശം.

 

മാനന്തവാടിയിലെ പഞ്ചാരക്കൊല്ലിയിൽ ആദിവാസി സ്ത്രീയെ ആക്രമിച്ച് കൊന്ന കടുവയെ കണ്ടെത്തായായി ശ്രമം തുടരുന്നു. 10 ടീം അംഗങ്ങളെ നിരീക്ഷണത്തിന് ഏർപ്പെടുത്തിയിട്ടുണ്ടെന്ന് സർവകക്ഷിയോഗത്തിന് ശേഷം വയനാട് എഡിഎം അറിയിച്ചു. കടുവ കൂട്ടിൽ കുടുങ്ങിയാൽ മൃഗശാലയിലേക്ക് മാറ്റും. പൊലീസും ആർആർടിയും രാത്രി ഉൾപ്പടെ പരിശോധന നടത്തും എന്നും അറിയിച്ചിട്ടുണ്ട്.

മാനന്തവാടിയിലെ പഞ്ചാരക്കൊല്ലിയിൽ നടന്ന കടുവ ആക്രമണത്തിൽ കൊല്ലപ്പെട്ട രാധയുടെ കുടുംബത്തിലെ ഒരാൾക്ക് ഫെബ്രുവരി 1 മുതൽ താത്കാലിക ജോലി നൽകും. കുടുംബത്തിനുള്ള ബാക്കി നഷ്ടപരിഹാരം ഉടൻ നൽകും. സമരക്കാർ ഉന്നയിച്ച ആവശ്യങ്ങൾ അംഗീകരിച്ചുവെന്നും ഇത് വരെ പ്രദേശവാസികൾ നടത്തിയ സമരത്തിൽ കേസെടുക്കില്ലെന്നും എഡിഎം അറിയിച്ചു.

കോഴിക്കോട് ജില്ലയില്‍ രാത്രികാലങ്ങളില്‍ പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്കും മത്സ്യസമ്പത്തിനും ഭീഷണിയായി നടക്കുന്ന അനധികൃത മത്സ്യബന്ധന രീതികള്‍ തടയുന്നതിന് ശക്തമായ നടപടികളുമായി ഫിഷറീസ് വകുപ്പ്. ജില്ലയില്‍ സമുദ്ര മത്സ്യബന്ധന നിയന്ത്രണ നിയമം ലംഘിച്ച് രാത്രികാല ട്രോളിംഗ് നടത്തിയ തണല്‍ എന്ന ബോട്ടും, ധനലക്ഷ്മി എന്ന ബോട്ടും ഫിഷറീസ് വകുപ്പ് കസ്റ്റഡിയില്‍ എടുത്തു.

 

എലപ്പുള്ളിയിൽ മദ്യനിർമ്മാണ ശാല തുടങ്ങാൻ ഒയാസിസ് കമ്പനിക്ക് നൽകിയ അനുമതി സർക്കാർ റദ്ദാക്കണമെന്ന് പാലക്കാട് സിപിഐ എക്സിക്യൂട്ടീവ് യോഗം. ഇക്കാര്യം സിപിഎം സംസ്ഥാന നേതൃത്വത്തെ അറിയിക്കും. ജനങ്ങളുടെ ആശങ്ക പരിഹരിക്കാതെ പദ്ധതി നടപ്പാക്കരുതെന്നും യോഗത്തിൽ ആവശ്യം ഉയർന്നു. മദ്യനിർമ്മാണ ശാലക്കെതിരെ ശക്തമായ എതിർപ്പാണ് മലമ്പുഴ മണ്ഡലം കമ്മിറ്റി ഉയർത്തിയത്.

 

ബ്രൂവറി വിവാദത്തില്‍ കോണ്‍ഗ്രസിനെതിരേ രൂക്ഷവിമര്‍ശനവുമായി മന്ത്രി എം.ബി രാജേഷ്. ബെംഗളൂരുവില്‍ നിന്ന് കേരളത്തിലേക്ക് സ്പിരിറ്റ് കൊണ്ടുവരുന്ന കമ്പനി ഉടമ.കര്‍ണാടകയിലെ മന്ത്രിയാണെന്ന് എം.ബി രാജേഷ് ആരോപിച്ചു. കര്‍ണാടക യൂത്ത് കോണ്‍ഗ്രസിന്റെ വൈസ് പ്രസിഡന്റ് ഈ കമ്പനിയുടെ ഡയറക്ടറാണെന്നും എം.ബി രാജേഷ് പറഞ്ഞു.

 

സര്‍ക്കാര്‍ ആരോഗ്യ സ്ഥാപനങ്ങളില്‍ രോഗികള്‍ക്ക് ക്യൂവില്‍ നില്‍ക്കാതെ യുഎച്ച്‌ഐഡി കാര്‍ഡ് നമ്പറും ആധാര്‍ നമ്പറും ഉപയോഗിച്ച് ഒപി ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള മൊബൈല്‍ ആപ്ലിക്കേഷന്‍ ഇ-ഹെല്‍ത്ത് കേരള എന്ന പേരില്‍ ജനകീയമാക്കാനുള്ള നടപടികള്‍ ആരോഗ്യവകുപ്പ് ആരംഭിച്ചു. നിലവില്‍ മലപ്പുറം ജില്ലയില്‍ 60 ഓളം ആരോഗ്യ സ്ഥാപനങ്ങളിലാണ് ഇ-ഹെല്‍ത്ത് സേവനം നടപ്പിലാക്കിയത്.

 

കാന്‍സര്‍ ചികിത്സ ഏകോപിപ്പിക്കുന്നതിന് സംസ്ഥാനത്തെ കാന്‍സര്‍ സെന്ററുകള്‍, ജില്ലാ ജനറല്‍ ആശുപത്രികള്‍, താലൂക്ക് ആശുപത്രികള്‍ എന്നിവയെ ഉള്‍പ്പെടുത്തി കാന്‍സര്‍ ഗ്രിഡ് രൂപീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ . തലശ്ശേരി മലബാര്‍ കാന്‍സര്‍ സെന്റര്‍ പി ജി ഇന്‍സ്റ്റിറ്റ്യൂട്ടായി വികസിപ്പിക്കുന്നതിന്റെ ഭാഗമായി ട്രീറ്റ്മെന്റ് ആന്‍ഡ് അക്കാദമിക് ബ്ലോക്ക് കെട്ടിടസമുച്ചയം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

 

നെയ്യാറ്റിൻകര ജില്ല ജനറൽ ആശുപത്രിയിൽ കുട്ടികളുടെ വാർഡിൽ ഭക്ഷ്യവിഷബാധ. കുട്ടികളുടെ സ്പെഷ്യൽ വാർഡിലാണ് ഭക്ഷ്യവിഷബാധ ഉണ്ടായിരിക്കുന്നത്. ഛർദ്ദിയും മറ്റ് ശാരീരിക അസ്വസ്ഥതകളും അനുഭവപ്പട്ടതിനെ തുടർന്ന് 7 കുട്ടികളെ ചികിത്സയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. വാർഡിൽ ഡിഎംഒയുടെ സംഘം പരിശോധന നടത്തി.

 

ചെക്ക് കേസിൽ എം കെ മുനീർ എംഎൽഎ രണ്ടു കോടി 60 ലക്ഷം രൂപ നൽകാൻ കോടതി  വിധി. കോഴിക്കോട് സ്വദേശി അഡ്വക്കേറ്റ് മുനീറിന്റെ പരാതിയിലാണ് ഇന്ത്യാവിഷൻ ചാനൽ ഒരു ലക്ഷം രൂപയും എം കെ മുനീർ, ഭാര്യ നഫീസ  സഹപ്രവർത്തകനായിരുന്ന ജമാലുദ്ദീൻ ഫാറൂഖി എന്നിവർ ചേർന്ന് രണ്ടുകോടി 60 ലക്ഷം രൂപ തിരികെ നൽകാനും വിധിയായത്.2012-13  ൽ ഇന്ത്യാവിഷന്‍റെ നടത്തിപ്പിലേക്കായി വാങ്ങിയ ഒരു കോടി 34 കാൽ ലക്ഷം രൂപ തിരിച്ചുനൽക്കാത്തതിനെ തുടര്‍ന്നാണ്  പരാതിക്കാരൻ മുനീർ അഹമ്മദ് കോടതിയെ സമീപിച്ചത്.

 

കണ്ണൂർ എഡിഎമ്മായിരുന്ന നവീൻ ബാബുവിൻ്റെ മരണത്തെ കുറിച്ചുള്ള പ്രതിപക്ഷത്തിൻ്റെ ചോദ്യങ്ങള്‍ക്ക് കൃത്യമായ മറുപടി നൽകാതെ മുഖ്യമന്ത്രി. നവീൻബാബുവിനെതിരായ അഴിമതി പരാതി, പോസ്റ്റുമോർട്ടം, അന്വേഷണം, വീട്ടുകാരുടെ ആരോപണം തുടങ്ങിയ നിരവധി ചോദ്യങ്ങളാണ് സണ്ണി ജോസഫ് എംഎൽഎ ചോദിച്ചത്. പരിയാരം മെഡിക്കൽ കോളിജിൽ പോസ്റ്റുമോർട്ടം നടത്തരുതെന്ന് കുടുംബം ആവശ്യപ്പെട്ടിരുന്നില്ലെ. വിജിലൻസ് കേസിലെ അന്വേഷണം തുടരുന്നതിനാൽ പോസ്റ്റുമോർട്ടം റിപ്പോർട്ട് കൈമാറാൻ സാധിക്കില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു.

 

എഴുത്തുകാരൻ എം മുകുന്ദനെ പരോക്ഷമായി വിമർശിച്ച് കഥാകൃത്ത് ടി പദ്മനാഭൻ. എഴുത്തുകാർ സർക്കാരിനെ ഒപ്പം നിൽക്കണമെന്ന പ്രസ്താവനയിലാണ് വിമർശനം. എഴുത്തുകാർക്ക് അങ്ങനെയൊരു കടമയില്ലെന്നും സത്യത്തിന് ഒപ്പം നിൽക്കുകയും സത്യം വിളിച്ചു പറയുകയുമാണ് കടമയെന്നും പദ്മനാഭൻ പറഞ്ഞു.

 

സംസ്ഥാനത്തെ പ്രമേഹ രോഗികളുടെ എണ്ണം പകുതിയായി കുറയ്ക്കുക എന്ന ലക്ഷ്യം വച്ചാണ് ആരോഗ്യ വകുപ്പ് പ്രവര്‍ത്തിക്കുന്നതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. പ്രമേഹ തലസ്ഥാനമാണ് കേരളം എന്നത് ഘട്ടം ഘട്ടമായി മാറ്റിയെടുക്കാനുള്ള പ്രവര്‍ത്തനങ്ങളാണ് ആവിഷ്‌ക്കരിച്ചിട്ടുള്ളത്. രോഗാതുരത കുറഞ്ഞ, പ്രമേഹം ഉള്‍പ്പെടെയുള്ള ജീവിതശൈലി രോഗങ്ങള്‍ കുറഞ്ഞ സംസ്ഥാനമാക്കി മാറ്റാനാണ് പരിശ്രമിക്കുന്നത് എന്നും മന്ത്രി പറഞ്ഞു.

 

തൊടുപുഴ പെരുമാങ്കണ്ടത്ത് കാർ കത്തി ഒരാൾ മരിച്ച സംഭവത്തിൽ പ്രതികരണവുമായി പൊലീസ്. നിർത്തിയിട്ട കാറിൽ തീകൊളുത്തി ആത്മഹത്യ ചെയ്തതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കുമാരമംഗലം സ്വദേശി സിബിയാണ് മരിച്ചത്. അസ്വാഭാവിക മരണത്തിന് കേസെടുത്ത് കല്ലൂർക്കാട് പൊലീസ് അന്വേഷണം തുടങ്ങി.

 

താമരശ്ശേരി പുതുപ്പാടി സുബൈദ കൊലക്കേസിൽ പ്രതിയായ മകൻ ആഷിഖിന്റെ മാനസികാരോഗ്യം സാധാരണ നിലയിലായിട്ടില്ലെന്ന് റിപ്പോർട്ട്. കുതിരവട്ടം മാനസിക ആരോഗ്യ കേന്ദ്രമാണ് താമരശ്ശേരി കോടതിയിൽ റിപ്പോർട്ട് നൽകിയത്. കസ്റ്റഡിയിൽ മാനസിക വിഭ്രാന്തി കാണിച്ചതിനെ തുടർന്നാണ് ആഷിഖിനെ കുതിരവട്ടം മാനസികാരോഘ്യ കേന്ദ്രത്തിലേക്ക് മാറ്റിയത്. കഴിഞ്ഞ ശനിയാഴ്ചയാണ് ലഹരിക്ക് അടിമയായ ആഷിഖ് സ്വന്തം ഉമ്മയെ വെട്ടിക്കൊലപ്പെടുത്തിയത്.

 

സംസ്ഥാന ബിജെപിയിൽ വൻ അഴിച്ചുപണി. സംസ്ഥാന ഭാരവാഹികൾ സംഘടനാ ജില്ലാ അധ്യക്ഷൻമാരാകും. സംസ്ഥാന സെക്രട്ടറി കരമന ജയന് തിരുവനന്തപുരം സെൻട്രലിന്റെ ചുമതല നൽകും. സംസ്ഥാന വക്താവ് സന്ദീപ് വാചസ്പതിക്കാണ് ആലപ്പുഴ സൗത്തിന്റെ ചുമതല. മഹിള മോർച്ച അധ്യക്ഷ നിവേദിത സുബ്രഹ്മണ്യത്തിനാണ് തൃശൂർ വെസ്റ്റ് ചുമതല നൽകിയിരിക്കുന്നത്.നേരത്തെ ബിജെപി 14 ജില്ലകളെ വിഭജിച്ച് മുപ്പത് സംഘടനാ ജില്ലകളാക്കിയിരുന്നു. മറ്റന്നാളാണ് പ്രഖ്യാപനം.

 

നിലമ്പൂർ മുന്‍ എം എല്‍ എ പിവി അന്‍വറിനെതിരായ നടപടികളുടെ വേഗം കൂട്ടി വിജിലന്‍സ്. ആലുവ എടത്തലയില്‍ പാട്ടഭൂമി അനധികൃതമായി പോക്കുവരവ് ചെയ്തെന്ന പരാതി അന്വേഷിക്കുന്ന വിജിലന്‍സ് സംഘം വിവാദ ഭൂമിയിലെത്തി വിശദമായ പരിശോധന നടത്തി. ഒരാഴ്ചയ്ക്കകം പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ച് തുടര്‍ നടപടികളിലേക്ക് കടക്കാനാണ് വിജിലന്‍സ് നീക്കം.

 

കേരള സര്‍വകലാശാല ആസ്ഥാനത്ത് എസ്എഫ്ഐയുടെ സമരപ്പന്തൽ പൊളിച്ച് നീക്കാൻ ആവശ്യപ്പെട്ട് രജിസ്ട്രാർ ഡിജിപിക്ക് കത്ത് നല്‍കി. ചട്ടങ്ങൾ ലംഘിച്ച് കാംപസിനകത്ത് പന്തൽ കെട്ടിയത് അംഗീകരിക്കാന്‍ കഴിയില്ലെന്നും ജീവനക്കാരുടെ ജോലിയെ ഇത് തടസ്സപ്പെടുത്തുന്നുവെന്നും ചൂണ്ടികാട്ടിയാണ് കത്ത് നൽകിയിരിക്കുന്നത്.തെരഞ്ഞെടുപ്പ് നടന്ന നാല് മാസം കഴിഞ്ഞിട്ടും യൂണിയന് ഭാരവാഹികളെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കാൻ വൈസ് ചാൻസലർ ഡോക്ടർ മോഹൻ കുന്നുമ്മൽ അനുവദിക്കാത്തതിൽ പ്രതിഷേധിച്ചാണ് പന്തൽ കെട്ടിയുള്ള സമരം.

 

റേഷൻ വാതിൽപ്പടി വിതരണക്കാരുടെ സമരം ഒത്തുതീർപ്പായി. മൂന്നാഴ്ചയായി തുടരുന്ന സമരമാണ് ഭക്ഷ്യമന്ത്രിയുമായി നടത്തിയ ചർച്ചയിൽ ഒത്തുതീർപ്പായത്. കുടിശ്ശികയുള്ള തുക ഭാഗികമായി കൊടുത്തു തീർക്കാനാണ് സർക്കാരിൻ്റെ തീരുമാനം.

 

തൃശ്ശൂർ മാളയിൽ പടക്ക നിർമ്മാണത്തിനിടെ പൊട്ടിത്തെറി. രണ്ട് പേർക്ക് പൊള്ളലേറ്റു. ഓലപ്പടക്കം  മാലയാക്കി കെട്ടുന്നതിനിടെ പൊട്ടിത്തെറിച്ചത്. തൃശ്ശൂർ പൊയ്യ സ്വദേശികളായ ഉണ്ണിക്കൃഷ്ണൻ, അനൂപ് ദാസ് എന്നിവർക്കാണ് പൊള്ളലേറ്റത്.ലൈസൻസില്ലാതെ വൻ പടക്കശേഖരമാണ് ഉണ്ണിക്കൃഷ്ണന്റെ വീട്ടിൽ പൊലീസ് കണ്ടെത്തിയത്. മാള പൊലീസ് ഇയാൾക്കതിരെ കേസെടുത്തിട്ടുണ്ട്.

 

ജമ്മു കശ്മീരിലെ റെയിൽ ​ഗതാ​ഗതത്തിന് കരുത്ത് പകരാൻ വന്ദേ ഭാരത് എക്സ്പ്രസ്. ജമ്മു കശ്മീരിന് വേണ്ടി പ്രത്യേകം രൂപകൽപ്പന ചെയ്ത വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനിൻ്റെ ആദ്യ ട്രയൽ റൺ വിജയകരമായി പൂർത്തിയായി. ശ്രീ മാതാ വൈഷ്ണോ ദേവി കത്ര റെയിൽവേ സ്റ്റേഷനിൽ നിന്ന് ശ്രീനഗർ റെയിൽവേ സ്റ്റേഷനിലേക്കായിരുന്നു ട്രയൽ റൺ നടത്തിയത്. ലോകത്തിലെ ഏറ്റവും ഉയരമുള്ള റെയിൽ പാലമായ ചെനാബ് പാലത്തിലൂടെയായിരുന്നു വന്ദേ ഭാരതിന്റെ പരീക്ഷണയോട്ടം.

 

ജമ്മു കശ്മീരിൽ സൈന്യവും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. ജമ്മു കശ്മീരിലെ കത്വ മേഖലയിൽ സൈന്യത്തിന് നേരെ ഭീകരർ വെടിയുതിർത്തു. തുടർന്ന് സൈന്യവും ശക്തമായി തിരിച്ചടിച്ചു. വെടിവെയ്പ്പിൽ ആരും മരിച്ചതായി റിപ്പോർട്ട് ചെയ്യപ്പിട്ടിട്ടില്ല. മേഖലയിൽ ഭീകരർക്ക് വേണ്ടിയുള്ള സൈന്യത്തിന്റെ ശക്തമായ തെരച്ചിൽ പുരോഗമിക്കുകയാണെന്ന് അധികൃതർ അറിയിച്ചു.

 

റിപ്പബ്ലിക്ക് ദിനത്തിൽ ദില്ലി മെട്രോ സേവനങ്ങൾ പുലർച്ചെ മൂന്ന് മണി മുതൽ. റിപ്പബ്ലിക്ക് പരിപാടികൾക്ക് പങ്കെടുക്കാൻ എത്തുന്നവർക്ക് വേണ്ടിയാണ് ദില്ലി മെട്രോ പ്രത്യേക സംവിധാനം ഒരുക്കി പുലർച്ചെ സേവനങ്ങൾ ആരംഭിക്കുന്നത്.  പരിപാടിയിൽ പങ്കെടുക്കാൻ എത്തുന്നവർക്ക് തടസമില്ലാത്ത യാത്ര സൗകര്യത്തിന് പുലർച്ചെ ആറ് മണിവരെ അര മണിക്കൂർ ഇടവിട്ട് മെട്രോ സർവീസ് ഉണ്ടായിരിക്കുമെന്നും ദില്ലി മെട്രോ റെയിൽ കോർപറേഷൻ ഡയറക്ടര്‍ അനുജ് ദയാൽ അറിയിച്ചു.

 

ഇംഗ്ലണ്ടിനെതിരായ രണ്ടാം ടിട്വന്റി ക്രിക്കറ്റില്‍ ജയിക്കാന്‍ ഇന്ത്യയ്ക്കുവേണ്ടത് 166 റണ്‍സ്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യേണ്ടിവന്ന ഇംഗ്ലണ്ടിന് ഇരുപത് ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 165 റണ്‍സ് മാത്രമാണ് നേടാനായത്.

 

 

 

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *