Screenshot 2024 02 27 20 21 14 990 com.android.chrome edit

 

സ്പേഡെക്‌സ് ദൗത്യത്തിലെ രണ്ട് സാറ്റ്‌ലൈറ്റുകളില്‍ ഒന്നായ ചേസര്‍ ഉപഗ്രഹം പകര്‍ത്തിയ സെല്‍ഫി ഇസ്രൊ സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവെച്ചു. ബഹിരാകാശത്ത് വച്ച് ചേസര്‍ ഉപഗ്രഹം പകര്‍ത്തിയ ആദ്യ വീഡിയോയില്‍ നീലഗോളമായ ഭൂമിയെ വ്യക്തമായി കാണാം. ഭൂമിയിലെ മഹാസമുദ്രങ്ങളും മീതെയുള്ള മേഘങ്ങളും കാണുന്ന തരത്തിലാണ് ചേസറിന്‍റെ സെല്‍ഫി വീഡിയോ. ബഹിരാകാശ ഡോക്കിംഗിനുള്ള ടാര്‍ഗറ്റ് ഉപഗ്രഹത്തെ പിന്തുടരുന്നതിനിടെ ചേസര്‍ കൃത്രിമ ഉപഗ്രഹത്തിലെ വീഡിയോ മോണിറ്റര്‍ ക്യാമറ 4.8കിലോമീറ്റര്‍ അകലെ വച്ചാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്.

 

63ാം സ്കൂൾ കലോത്സവത്തിന്റെ രണ്ടാം ദിനമായ ഇന്ന് വേദിയിലെത്തിയത് ജനപ്രിയ മത്സരങ്ങൾ. 249 ഇനങ്ങളിൽ 57 ഇനങ്ങളാണ് ഇന്നലെ പൂർത്തിയായത്. രണ്ടാം ദിനമായ ഇന്നും വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി ഉച്ചക്ക് കുട്ടികൾക്കൊപ്പം ഭക്ഷണം കഴിക്കാനെത്തിയിരുന്നു. ഇതുവരെ കലോത്സവം സംബന്ധിച്ച് പരാതികളൊന്നും എത്തിയിട്ടില്ലെന്ന് മന്ത്രി പറഞ്ഞു.

 

സംസ്ഥാന സ്കൂൾ കലോത്സവത്തിന് സൗജന്യ യാത്രാ സൗകര്യം ഒരുക്കി കെഎസ്ആർടിസി. പത്ത് ഇലക്ട്രിക്ക് ബസുകളാണ് കലോത്സവത്തിനായി സർവീസ് നടത്തുന്നത്. വിവിധ വേദികളെ ബന്ധിപ്പിച്ച് രാവിലെ എട്ട് മണി മുതൽ രാത്രി ഒമ്പത് മണി വരെയാണ് കെഎസ്ആർടിസി ബസ് സർവീസ് നടത്തുന്നത്. വേദികളിൽ നിന്നും പുത്തരിക്കണ്ടം മൈതാനത്തെ ഭക്ഷണ കേന്ദ്രത്തിലേക്കാണ് പ്രധാനമായും ബസ് സർവീസ്.

 

സാമ്പത്തികമായി പിന്നാക്കം ആയതിനാൽ കലാപരമായി ഉയർന്ന നിലവാരം പുലർത്തുന്ന കുട്ടികൾ ഒരുതരത്തിലും വിവേചനം അനുഭവിക്കാൻ പാടില്ലെന്ന് മന്ത്രി വി. ശിവൻകുട്ടി. ഓരോ സ്‌കൂളും മത്സരബുദ്ധിയോടെയാണ് വിദ്യാര്‍ത്ഥികളെ ഇതിനായി തയ്യാറെടുപ്പിക്കുന്നത്. അത്തരം ഘട്ടങ്ങളില്‍ ചില കുട്ടികള്‍ക്കെങ്കിലും അത് സാമ്പത്തിക ബാധ്യതയായി തീരുന്നുണ്ട്. അത്തരം സാഹചര്യങ്ങള്‍ ഒഴിവാക്കുന്നതിനും അനാവശ്യ ധാരാളിത്തം ഒരിടത്തും ഇല്ലാതിരിക്കാനും അധ്യാപകര്‍ മുന്‍കൈ എടുക്കണമെന്നും മന്ത്രി പറഞ്ഞു.

 

മന്ത്രിയെ മാറ്റണമെന്ന ആവശ്യത്തിൽ നിന്ന് പിന്നോട്ട് പോയി എൻസിപി. എ കെ ശശീന്ദ്രനെ മാറ്റി തോമസ് കെ തോമസിനെ മന്ത്രിയാക്കാനാകില്ലെന്ന് മുഖ്യമന്ത്രി വീണ്ടും എൻസിപി സംസ്ഥാന പ്രസിഡന്‍റ് പി സി ചാക്കോയോട് വ്യക്തമാക്കിയതോടെയാണ് എൻസിപി വഴങ്ങിയത്. ഇനി അവകാശവാദം ഉന്നയിക്കില്ലെന്ന് പിസി ചാക്കോ ഭാരവാഹിയോഗത്തെ അറിയിച്ചു

 

മലപ്പുറം കരുളായിയിൽ ഇന്നലെ രാത്രിയുണ്ടായ കാട്ടാന ആക്രമണത്തിൽ മരിച്ച ആദിവാസി യുവാവ് മണിയുടെ കുടുംബത്തെ ഏറ്റെടുക്കുമെന്ന് വനംവകുപ്പ്. മണിയുടെ ഭാര്യയ്ക്ക് വനംവകുപ്പിൽ താത്ക്കാലിക ജോലി നൽകുമെന്നും, ഭിന്നശേഷിക്കാരിയായ മൂത്ത മകളുടെ ചികിത്സ വനംവകുപ്പ് ഏറ്റെടുക്കുമെന്നും ഡിഎഫ്ഒ അറിയിച്ചു. മണിയുടെ കുടുംബത്തിനുള്ള 10 ലക്ഷം രൂപ ധനസഹായം ഉടൻ നൽകുമെന്ന് സൗത്ത് വയനാട് ഡിഎഫ്ഒ അറിയിച്ചു.

 

നിലമ്പൂര്‍ കരുളായി വനത്തിൽ കാട്ടാന ആക്രമണത്തിൽ മാഞ്ചീരി പൂച്ചപ്പാറ കോളനിയിലെ മണി കൊല്ലപ്പെട്ട സംഭവത്തിൽ പി വി അൻവർ എംഎൽഎയുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധത്തിൽ നിലമ്പൂർ ഫോറസ്റ്റ് ഓഫീസ് അടിച്ചുതകർത്തു. ഇത് വനം വകുപ്പ് നടത്തിയ കൊലപാതകമാണെന്ന് പി വി അൻവർ വിമർശിച്ചു. മണി എന്ന യുവാവ് രണ്ടര മണിക്കൂർ രക്തം വാർന്ന് കിടന്നുവെന്നും ഇൻക്വസ്റ്റ്, പോസ്റ്റ്മോർട്ടം നടപടികൾ വൈകിയെന്നും തെരുവ് പട്ടിയുടെ വില പോലും മനുഷ്യ ജീവന് നൽകുന്നില്ലെന്നും എംഎൽഎ പ്രതികരിച്ചു.

 

കേരള ഫിനാൻഷ്യൽ കോർപ്പറേഷനുമായി ബന്ധപ്പെട്ട അഴിമതിയിൽ സര്‍ക്കാരിനോട് അഞ്ചു ചോദ്യങ്ങള്‍ ഉന്നയിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. അനില്‍ അംബാനിയുടെ കമ്പനികള്‍ സാമ്പത്തികമായി തകര്‍ന്നു കൊണ്ടിരിക്കുന്ന കാലത്ത് ആര്‍.സി.എഫ്.എല്ലില്‍ കേരള ഫിനാന്‍ഷ്യല്‍ കോര്‍പറേഷന്‍ 60.80 കോടി രൂപ നിക്ഷേപിച്ച് സംസ്ഥാന ഖജനാവിന് 101 കോടി രൂപയുടെ നഷ്ടമാണ് ഇതുവരെ ഉണ്ടാക്കിയതെന്നും അദ്ദേഹം പറഞ്ഞു.

 

രമേശ് ചെന്നിത്തലയെ പുകഴ്ത്തി പാണക്കാട് സാദിഖലി തങ്ങളുടെ ഫേസ്ബുക്ക് പോസ്റ്റ്. പട്ടിക്കാട് ജാമിഅ സമ്മേളനത്തില്‍ മുഖ്യാതിഥിയായി രമേശ് ചെന്നിത്തല പങ്കെടുത്തിരുന്നു. അദ്ദേഹത്തിന്റെ പ്രസംഗം സമകാലിക രാഷ്ട്രീയ കാലാവസ്ഥയെ വരച്ചുകാട്ടുന്നതും, ഭാവി ഇന്ത്യയെ കുറിച്ചുള്ള പ്രതീക്ഷയുമെല്ലാമടങ്ങിയതായിരുന്നുവെന്നും വിവിധ മത കേന്ദ്രങ്ങളും ആരാധനാലയങ്ങളും സന്ദര്‍ശിച്ചതിന്റെ അനുഭവങ്ങളും അദ്ദേഹത്തിന് പറയാനുണ്ടായിരുന്നുവെന്നും തങ്ങളുടെ പോസ്റ്റിലുണ്ട്.

 

മുഖ്യമന്ത്രി സ്ഥാനത്തേക്കുറിച്ചുള്ള ചർച്ച അനാവശ്യമെന്നും ചർച്ച ചെയ്യേണ്ട സമയം ഇതല്ലെന്നും യുഡിഎഫ് കൺവീനർ എംഎം ഹസൻ. പങ്കെടുക്കുന്ന പരിപാടിയുടെ എണ്ണം നോക്കിയല്ല മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുഖ്യമന്ത്രിപദവി യേക്കുറിച്ച് ചർച്ച ചെയ്യേണ്ട സമയമല്ല ഇതെന്നും ആരെയെങ്കിലും പുകഴ്ത്തിയത് കൊണ്ട് തീരുമാനത്തിൽ എത്തി എന്ന് പറയാൻ ആകില്ലെന്നും ലീഗ് നേതാവ് എം കെ മുനീർ പറഞ്ഞു. മുഖ്യമന്ത്രിയെ മുസ്ലിം ലീഗ് നിശ്ചയിച്ച് നൽകാറില്ല അങ്ങനെ ഒരു കീഴ്‌വഴക്കം ലീഗിനില്ല തിരഞ്ഞെടുപ്പിലേക്ക് ഇനി ഒരു വർഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

 

ആരെങ്കിലും ആരെയെങ്കിലും പുകഴ്ത്തിയാൽ മുഖ്യമന്ത്രി ആവില്ലെന്നും എല്ലാവരും എല്ലാവരെയും പുകഴ്ത്താറുണ്ട്, ആരെയും ഇകഴ്ത്താറില്ലെന്നും കെ മുരളീധരൻ. എല്ലാ സമുദായങ്ങളും കോൺഗ്രസുകാരെ സ്വീകരിക്കുന്നത് നല്ല കാര്യമാണെന്നും മുഖ്യമന്ത്രി ആരെന്ന് ചർച്ച ചെയ്യാനുള്ള സമയമല്ല ഇതെന്നും മുരളീധരൻ പറഞ്ഞു. രാഹുൽ ഗാന്ധിയും മല്ലികാർജുൻ ഖാർഗേയുമുള്ളപ്പോൾ മുഖ്യമന്ത്രി കാര്യം ഇവിടെ ചർച്ച ചെയ്യേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.

 

പെരിയ ഇരട്ടകൊലക്കേസിലെ കുറ്റവാളികളായ ഒൻപതു പേരെ വിയ്യൂർ അതീവ സുരക്ഷാ ജയിലിൽ നിന്ന് കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മാറ്റിയത്. കുറ്റവാളികളായ രജ്ഞിത്ത്, സുധീഷ് ശ്രീരാഗ്, അനിൽ കുമാർ, സജി, അശ്വിൻ, പീതാംബരൻ, സുബീഷ്, സുരേഷ് എന്നിവരെയാണ് ജയിൽ മാറ്റിയത്. കോടതി നിർദേശപ്രകാരമാണ് മാറ്റിയതെന്ന് ജയിൽ അധികൃതർ പറഞ്ഞു. തങ്ങളെ കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മാറ്റണമെന്ന് പ്രതികൾ തന്നെ ആവശ്യപ്പെട്ടിരുന്നു, ബന്ധുക്കൾക്കടക്കം വന്നുകാണാൻ ഇതാണ് നല്ലതെന്നും പ്രതികൾ പറഞ്ഞിരുന്നു,

 

കണ്ണൂർ സെൻട്രൽ ജയിലിലെത്തിച്ച പെരിയ ഇരട്ടക്കൊലക്കേസിൽ ശിക്ഷിക്കപ്പെട്ട പ്രതികളെ പി ജയരാജൻ ഉൾപ്പെടെയുള്ള സിപിഎം നേതാക്കൾ സന്ദർശിച്ചു. കോടതിവിധി അന്തിമമല്ലെന്നും കമ്യൂണിസ്റ്റുകാരെ തടവറ കാണിച്ച് പേടിപ്പിക്കണ്ട എന്നു മായിരുന്നു ജയരാജന്റെ പ്രതികരണം. സിപിഎംകാർ കൊല്ലപ്പെടുമ്പോൾ ധാർമിക ബോധം കാശിക്കുപോയോ എന്നും കമ്യൂണിസ്റ്റുകാർ കൊല്ലപ്പെടേണ്ടവരാണന്നാണോ ധാരണയെന്നും ജയരാജൻ ചോദിച്ചു.

 

അന്തർദേശീയ നിലവാരത്തിലുള്ള കെട്ടിടങ്ങളും അതിനനുയോജ്യമായ സൗകര്യങ്ങളും പൊതുവിദ്യാലയങ്ങളെ മികവിൻ്റെ കേന്ദ്രങ്ങളാക്കി മാറ്റുവാനുള്ള കേരള സർക്കാരിൻ്റെ ലക്ഷ്യത്തിൻ്റെ ഭാഗമാണെന്ന് ഉന്നത വിദ്യാഭ്യാസ സാമൂഹിക നീതി മന്ത്രി ഡോ. ആർ. ബിന്ദു പറഞ്ഞു. അടാട്ട് ഗ്രാമ പഞ്ചായത്തിലെ ചൂരക്കാട്ടുക്കര ഗവ. യു.പി. സ്കൂളിൽ വിദ്യാകിരണം പദ്ധതിയുടെ ഭാഗമായി നിർമ്മിച്ച പുതിയ കെട്ടിടത്തിൻ്റെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

 

ഉമാ തോമസിന് പരുക്കേറ്റ കൊച്ചിയിലെ പരിപാടിയെപ്പറ്റി ഗിന്നസ് ബുക്ക് അധികൃതരോട് വിവരം തേടാൻ കൊച്ചി സിറ്റി പൊലീസ്. ഗിന്നസുമായി മൃദംഗവിഷൻ ഒപ്പിട്ട കരാർ രേഖകൾ കൈമാറണമെന്നാവശ്യപ്പെട്ട് കത്തയക്കുമെന്നും അറിയിച്ചു. സാമ്പത്തിക ചൂഷണവുമായി ബന്ധപ്പെട്ട കേസിലാണ് തീരുമാനം. അതേ സമയം അപകടത്തിൽപ്പെട്ട ഉമതോമസ് എംഎൽഎയുടെ ആരോഗ്യനിലയിൽ കൂടുതൽ പുരോഗതിയെന്ന് അധികൃതർ അറിയിച്ചു.

 

കലൂർ സ്റ്റേഡിയത്തിലെ നൃത്ത പരിപാടിക്കിടെ ഉണ്ടായ അപകടത്തിനു കാരണം ജിസിഡിഎയും കോർപ്പറേഷനും തമ്മിൽ ആശയവിനിമയം ഉണ്ടാകാതിരുന്നതാണെന്ന് കോൺഗ്രസ് നേതാവ് ദീപ്തി മേരി വർഗീസ്. 29 ആം തീയതിയിലെ പരിപാടിക്ക് കോർപ്പറേഷനിൽ അപേക്ഷ നൽകിയത് 28ന് വൈകിട്ടാണെന്നും ദീപ്തി മേരി വർഗീസ് ആരോപിച്ചു.

 

വയനാട്ടിലെ ഡിസിസി ട്രഷററുടെയും മകന്റെയും മരണം കൊലപാതകം തന്നെയെന്ന് വിമർശനവുമായി എൽഡിഎഫ് മുൻ കൺവീനർ ഇ പി ജയരാജൻ. വെട്ട് നോക്കി നടക്കുന്നവർ ഇതേക്കുറിച്ച് പറയുന്നുണ്ടോയെന്നും, വെട്ടിന്റെ കണക്ക് നോക്കി സിദ്ധാന്തം എഴുതാനാണ് പലർക്കും താത്പര്യമെന്നും ജയരാജൻ കുറ്റപ്പെടുത്തി.

 

തൃശൂര്‍ പൂരം കലക്കൽ വിവാദവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ പ്രഖ്യാപിച്ച ത്രിതല അന്വേഷണത്തിലെ വകുപ്പുകളുടെ വീഴ്ച സംബന്ധിച്ച അന്വേഷണ റിപ്പോര്‍ട്ട് എഡിജിപി മനോജ് എബ്രഹാം സര്‍ക്കാരിന് കൈമാറി. വനം, തദ്ദേശം, ഫയർഫോഴ്സ്, ജില്ലാ ഭരണ കൂടം, എക്സ്പ്ലോസീവ് തുടങ്ങിയ വകുപ്പുകളുടെ വീഴ്ചയാണ് എഡിജിപി മനോജ് എബ്രഹാം അന്വേഷിച്ചത്. ഇതിലാണ് പൊലീസ് ഒഴികെ മറ്റു വകുപ്പുകള്‍ക്ക് വീഴ്ചയുണ്ടായിട്ടില്ലെന്ന് കണ്ടെത്തിയത്.

പന്നിയങ്കര ടോൾ പ്ലാസയിൽ പ്രദേശവാസികളിൽ നിന്ന് ടോൾ പിരിക്കാനുള്ള നീക്കം താൽക്കാലികമായി നിർത്തിവെച്ചു. തൽസ്ഥിതി ഒരു മാസം വരെ തുടരാൻ ഇന്നത്തെ യോഗത്തിൽ തീരുമാനമായി. വിദഗ്ധ സമിതിയെ തീരുമാനിച്ച് ഒരു മാസത്തിനകം വാഹനങ്ങളുടെ കണക്കെടുപ്പ് നടത്തും. അടുത്ത ഫെബ്രുവരി 5 വരെ പ്രദേശവാസികളിൽ നിന്നും ടോൾ പിരിക്കില്ല.

 

കഴിഞ്ഞ ഒരു വര്‍ഷം കേരളത്തിൽ നടന്ന അപകടങ്ങളെ കുറിച്ചും അതിൽ മരണം സംഭവിച്ചവരെ കുറിച്ചുമുള്ള കണക്ക് പുറത്തുവിട്ട് മോട്ടോര്‍ വാഹന വകുപ്പ്. 2023-ൽ സംസ്ഥാനത്ത് ഉണ്ടായ 48091 അപകടങ്ങളിൽ 4080 പേർ കൊല്ലപ്പെട്ടിരുന്നു. എന്നാൽ കഴിഞ്ഞ വർഷം 48836 അപകടങ്ങൾ ഉണ്ടായെങ്കിലും മരണപ്പെട്ടവരുടെ എണ്ണം 3714 ആണ്. ചെറുതല്ല ആശ്വാസമെന്ന തലക്കെട്ടോടെയാണ് അപകട മരണനിരക്ക് കുറഞ്ഞ കണക്ക് എംവിഡി പങ്കുവച്ചത്.

 

മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിനിന്റെ ഭാഗമായി സംസ്ഥാനത്തെ മുഴുവൻ വീടുകളിലെയും സ്ഥാപനങ്ങളിലെയും ജൈവമാലിന്യ സംസ്കരണ സംവിധാനങ്ങളുടെ ഗുണനിലവാരം വിലയിരുത്താനായി സർവ്വേ നടത്തുമെന്ന് സംസ്ഥാന സർക്കാർ. ഇതിനായുള്ള സർവേ ജനുവരി 6 മുതൽ 12 വരെ നടക്കുമെന്ന് സർക്കാർ അറിയിച്ചു.

 

എറണാകുളം പറവൂർ ചാലാക്കയിൽ ഹോസ്റ്റലിൽ നിന്ന് വീണ് എംബിബിഎസ് വിദ്യാർത്ഥിനി മരിച്ച സംഭവത്തിൽ വിശദീകരണവുമായി കോളേജ് മാനേജ്മെന്റ്. കൈവരിക്ക് മുകളിൽ ഇരുന്നു ഫോൺ ചെയ്തപ്പോൾ അപ്രതീക്ഷിതമായി താഴെ വീഴുകയായിരുന്നു എന്നാണ് കോളേജ് മാനേജ്‍മെന്റ് വാർത്താ കുറിപ്പിലൂടെ നൽകുന്ന വിശദീകരണം. കോളേജിലെ രണ്ടാം വര്‍ഷ മെഡ‍ിക്കൽ വിദ്യാര്‍ത്ഥിനിയായ കണ്ണൂര്‍ സ്വദേശിനി ഫാത്തിമത് ഷഹാന കെ ആണ് മരിച്ചത്.

 

പുൽപ്പള്ളി പാതിരിയിൽ മകൻ അമ്മയെ ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തിൽ പൊലീസ് കേസെടുത്തില്ല. മര്‍ദ്ദിക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ പ്രചരിച്ചതിന് പിന്നാലെ മെൽബിൻ ഒളിവിൽ പോയിരുന്നു. തുടര്‍ന്ന് അന്വേഷണവുമായി പൊലീസ് മുന്നോട്ടുപോകുന്നതിനിടെയാണ് അമ്മ മൊഴി നൽകില്ലെന്ന് പൊലീസിനെ അറിയിച്ചത്. തനിക്ക് പരാതിയില്ലെന്ന് അമ്മ വത്സല അറിയിക്കുകയായിരുന്നു.

 

ദില്ലിയിൽ തെരഞ്ഞെടുപ്പ് റാലിയിൽ പങ്കെടുത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. ദില്ലിയുടെ ദുരന്തമാണ് എഎപി എന്നും ഇത്തവണ ദില്ലിയിൽ സർക്കാർ രൂപീകരിക്കാൻ ബിജെപിക്ക് ജനങ്ങൾ അവസരം നൽകണമെന്നും മോദി അഭ്യര്‍ത്ഥിച്ചു. ദില്ലിയിൽ എല്ലാ വികസനവും നടപ്പാക്കുന്നതും, ചേരി പ്രദേശത്തുള്ള ആളുകൾക്ക് വീടുകൾ നൽകുന്നതും കേന്ദ്രമാണെന്നും ഇക്കാര്യം ജനങ്ങളെ ബോധ്യപ്പെടുത്തണമെന്നും ബിജെപി പ്രവർത്തകരോട് മോദി ആഹ്വാനം ചെയ്തു. കേന്ദ്രത്തിലേത് പോലെ സംസ്ഥാനത്തും ബിജെപി അധികാരത്തിൽ എത്തണമെന്നും മോദി കൂട്ടിച്ചേർത്തു.

 

വരാനിരിക്കുന്ന ബജറ്റില്‍ ധനമന്ത്രി നിര്‍മല സീതാരാമന്‍ കൂടുതല്‍ പ്രാധാന്യം നല്‍കുക ആളുകളുടെ ഉപഭോഗം വര്‍ധിപ്പിക്കുന്നതിനായിരിക്കുമെന്ന് സൂചന. രാജ്യത്തിന്‍റെ മൊത്ത ആഭ്യന്തര ഉല്‍പാദനം കുറയുക കൂടി ചെയ്തതിനാല്‍ ആദായനികുതി സ്ലാബ് പരിഷ്കരിച്ചിട്ടാണെങ്കിലും ഉപഭോഗം കൂട്ടുന്നതിനായിരിക്കും ധനമന്ത്രി ശ്രമിക്കുക എന്നാണ് റിപ്പോർട്ടുകൾ.

 

ഡൽഹിയിലും മറ്റുമുള്ള കനത്ത മൂടൽ മഞ്ഞ് വിമാനങ്ങളുടെ പ്രവർത്തനങ്ങളെ കാര്യമായി ബാധിച്ചുവെന്ന് റിപ്പോർട്ട്. നിരവധി വിമാനങ്ങൾ വഴിതിരിച്ചുവിടുകയും റദ്ദാക്കുകയും ചെയ്തു. ഇൻഡിഗോ, തങ്ങളുടെ പ്രവർത്തനം താൽക്കാലികമായി നിർത്തിവച്ചു. എയർ ഇന്ത്യ ഉൾപ്പടെയുള്ള മറ്റ് എയർലൈനുകൾ സമയം പുനഃക്രമീകരിച്ചു.

 

പുരിയിലെ ജഗന്നാഥ ക്ഷേത്രത്തിന് മുകളിലൂടെ ഡ്രോൺ പറക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെ പൊലീസ് അന്വേഷണം ആരംഭിച്ചു. പുലർച്ചെ 4.10 നാണ് ക്ഷേത്രത്തിന് മുകളിലൂടെ ഡ്രോണുകൾ ചുറ്റിക്കറങ്ങുന്നതാണ് ശ്രദ്ധയില്‍പ്പെട്ടത്. ഏകദേശം 30 മിനിറ്റോളം ആകാശത്ത് ഡ്രോണ്‍ സാന്നിധ്യം ഉണ്ടായിരുന്നു. ഡ്രോണ്‍ പറത്താൻ പാടില്ലാത്ത മേഖലയിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.

 

 

മലേഷ്യയിലേക്ക് പോകേണ്ട യാത്രക്കാര്‍ പൈലറ്റിന്‍റെ ഡ്യൂട്ടി സമയം കഴിഞ്ഞതിനെതുടര്‍ന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ കുടുങ്ങി. ഇന്നലെ രാത്രി 11 ന് മലേഷ്യയിലേക്ക് മലിൻഡോ വിമാനത്തിൽ പോകേണ്ടിയിരുന്ന 140 യാത്രക്കാരാണ് കുടുങ്ങിയത്. ഇതേ തുടര്‍ന്ന് യാത്രക്കാരെ ഹോട്ടലുകളിലേക്ക് മാറ്റി. മറ്റൊരു പൈലറ്റ് എത്തി ഇന്ന് വൈകിട്ട് മാത്രമേ യാത്രക്കാരെ മലേഷ്യയിലേക്ക് കൊണ്ടുപോകുകയുള്ളു. ഒരു പൈലറ്റിന് നിശ്ചിത സമയം മാത്രമാണ് വിമാനം പറത്താൻ അനുമതിയുള്ളത്.

 

 

ഇന്ത്യയില്‍ ആപ്ലിക്കേഷന്‍ സ്റ്റോറുകളില്‍ നിന്ന് ആറ് വിപിഎന്‍ (Virtual Private Network) ആപ്പുകള്‍ പിന്‍വലിച്ച് ആപ്പിളും ഗൂഗിളും. ഇന്ത്യയുടെ 2022ലെ സൈബര്‍ സുരക്ഷാ ചട്ടം പ്രകാരമാണ് ഈ ആപ്പുകള്‍ പ്ലേ സ്റ്റോറില്‍ നിന്ന് ഗൂഗിളും ആപ്പ് സ്റ്റോറില്‍ നിന്ന് ആപ്പിളും പിന്‍വലിച്ചത് എന്നാണ് ദേശീയ മാധ്യമമായ ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ട്.

 

കെഎസ്ആർടിസി കർണാടകയിലേക്ക് നടത്തുന്ന സർവീസുകളിൽ ടിക്കറ്റ് നിരക്കിൽ വർധന ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നു. കർണാടക സ്റ്റേറ്റ് ട്രാൻസ്‌പോർട് കോർപറേഷൻ ടിക്കറ്റ് നിരക്ക് വർധിപ്പിച്ച സാഹചര്യത്തിലാണ് നടപടി. ബസ് നിരക്ക് 15 ശതമാനം വർധിപ്പിക്കാൻ കർണാടക സർക്കാർ തീരുമാനിച്ചതായി നിയമ, പാർലമെന്‍ററി കാര്യ മന്ത്രി എച്ച്‌ കെ പാട്ടീലാണ് അറിയിച്ചത്. മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ നേതൃത്വത്തിൽ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം.

 

ഗാന്ധിനഗറിലെ ഏകതാ പ്രതിമയ്ക്ക് സമീപം (സ്റ്റാച്യു ഓഫ് യൂണിറ്റി) കൃഷ്ണമൃഗത്തെ പുള്ളിപ്പുലി ആക്രമിച്ച് കൊന്നു. മറ്റ് 7 കൃഷ്ണമൃഗങ്ങൾ പുള്ളിപ്പുലിയുടെ ആക്രമണത്തെ തുടർന്നുണ്ടായ ഞെട്ടലും പരിഭ്രാന്തിയും കാരണം ഓടിയപ്പോൾ ഷോക്കേറ്റ് ചത്തെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ട്. സംഭവത്തെ തുടർന്ന് പാർക്ക് 48 മണിക്കൂർ താൽക്കാലികമായി അടച്ചിട്ടു.

 

 

ഒമാനില്‍ പൊതു അവധി പ്രഖ്യാപിച്ചു. പൊതു, സ്വകാര്യ മേഖലയ്ക്ക് ജനുവരി 12ന് അവധി ആയിരിക്കും. ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖിന്‍റെ സ്ഥാനാരോഹണ വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായാണ് രാജ്യത്ത് ഔദ്യോഗിക അവധി പ്രഖ്യാപിച്ചത്.

 

ഗുജറാത്തിലെ പോർബന്തറിൽ കോസ്റ്റ് ഗാർഡിന്‍റെ ഹെലികോപ്റ്റർ തകർന്ന് മൂന്നു പേർ മരിച്ചു. കോസ്റ്റ് ഗാർഡ് വിമാനത്താവളത്തിന് സമീപമാണ് സംഭവം. ഇന്ത്യൻ കോസ്റ്റുകാർഡിന്‍റെ എ എല്‍ എച്ച് ധ്രുവ് എന്ന ഹെലികോപ്റ്റർ ആണ് തകർന്നത്. പതിവ് പരിശീലന പറക്കലിനിടെയായിരുന്നു അപകടം.

 

 

ഛത്തീസ്‌ഗഡിൽ കാണാതായ മാധ്യമപ്രവർത്തകന്റെ മൃതദേഹം ബസ്തറിലെ പ്രമുഖ കരാറുകാന്‍റെ വീട്ടിലെ സെപ്റ്റിക് ടാങ്കിൽ കണ്ടെത്തിയ സംഭവത്തിൽ 3 പേർ അറസ്റ്റിൽ. ബസ്തർ കേന്ദ്രീകരിച്ച് പ്രവർത്തിച്ച പ്രമുഖ മാധ്യമപ്രവർത്തകനും യൂട്യൂബറുമാണ് കൊല്ലപ്പെട്ട മുകേഷ് ചന്ദ്രകാർ. മുകേഷിന്റെ യൂട്യൂബ് ചാനലിലൂടെ സുരേഷ് ചന്ദ്രകാറെന്ന കരാറുകാരൻ കോടികൾ ചിലവിട്ട് റോഡ് നിർമ്മിച്ചതിലെ അഴിമതി ചൂണ്ടിക്കാട്ടി ചെയ്ത റിപ്പോർട്ട് വലിയ ചർച്ചയായിരുന്നു. സംഭവത്തിൽ സർക്കാർ അന്വേഷണത്തിനും ഉത്തരവിട്ടിരുന്നു.

 

2024 ഡിസംബര്‍ 30 നു കെനിയയിലെ മുകുകു ഗ്രാമത്തിൽ ഏകദേശം 2.5 മീറ്റര്‍ വ്യാസവും 500 കിലോഗ്രാം ഭാരവുമുള്ള കൂറ്റന്‍ ലോഹവളയം ആകാശത്ത് നിന്ന് പതിച്ചതായി കെനിയ സ്പേസ് ഏജന്‍സി സ്ഥിരീകരിച്ചു. ഇതൊരു ബഹിരാകാശ വിക്ഷേപണ വാഹനത്തിന്‍റെ സെപ്പറേഷന്‍ റിങ് ആണെന്നാണ് കെനിയ ബഹിരാകാശ ഏജന്‍സിയുടെ പ്രാഥമിക നിഗമനം. ഇത് അസാധാരണ സംഭവമാണെന്നും രാജ്യാന്തര ബഹിരാകാശ നിയമങ്ങളുടെ ചട്ടക്കൂട് അനുസരിച്ച് ഈ സംഭവം അന്വേഷിക്കുമെന്നും ഏജന്‍സി വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു.

 

കരിങ്കടലിൽ എണ്ണ ചോർച്ചയെ തുടർന്നുണ്ടായ മാലിന്യങ്ങൾ നീക്കം ചെയ്യാൻ ക്രിമിയയിൽ റഷ്യ പ്രാദേശിക അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. കഴിഞ്ഞ വർഷം യുക്രൈനിൽ നിന്ന് റഷ്യ പിടിച്ചെടുത്ത സ്ഥലമാണിത്. കെർച്ച് കടലിടുക്കിന്‍റെ ഇരുവശത്തുമുള്ള ടൺ കണക്കിന് മണലും മണ്ണും നീക്കം ചെയ്യുന്ന പ്രക്രിയയാണ് ഇപ്പോൾ നടക്കുന്നത്.

 

ഓസ്ട്രേലിയയിലെ മെൽബണ്‍ എയര്‍പോര്‍ട്ടിൽ ഏകദേശം 300 യാത്രക്കാരുമായി പറന്നുയരാൻ തുടങ്ങുന്നതിനിടെ വിമാനത്തിന്‍റെ ലാൻഡിംഗ് ഗിയറിന് തീപിടിച്ച് രണ്ട് ചക്രങ്ങൾ പൊട്ടിത്തെറിച്ചു. മെൽബൺ വിമാനത്താവളത്തിൽ നിന്ന് അബുദാബിയിലേക്കുള്ള ഇത്തിഹാദ് എയർവേയ്‌സിന്‍റെ ഇ വൈ 461 വിമാനം ടേക്ക് ഓഫ് ചെയ്‌ത നിമിഷങ്ങളിലാണ് സംഭവം.

 

ഫെബ്രുവരിയില്‍ നടക്കാനിരിക്കുന്ന ഐസിസി ചാംപ്യന്‍സ് ട്രോഫിക്ക് മുന്നോടിയായി ബിസിസിഐ നാളെ യോഗം ചേരും. ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫി നഷ്ടമായതിന് പിന്നാലെയാണ് പെട്ടെന്ന് യോഗം ചേരാന്‍ ബിസിസിഐ തീരുമാനിച്ചത്. രോഹിത് ശര്‍മ തന്നെയായിരിക്കും ടീമിനെ നയിക്കുക. നേരത്തെ രോഹിത്തിനെ ഒഴിവാക്കുമെന്നും ഹാര്‍ദിക് പാണ്ഡ്യ നായകനായേക്കുമെന്നുള്ള വാര്‍ത്തകള്‍ വന്നിരുന്നു.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *