വയനാട്ദുരന്ത പുനരധിവാസത്തിനായി എല്‍സ്റ്റണ്‍ എസ്റ്റേറ്റിലെ ഭൂമിയിലെ കുഴിക്കൂര്‍ വിലനിര്‍ണ്ണയ സര്‍വ്വെ അഞ്ച് ദിവസത്തിനകം പൂര്‍ത്തീകരിക്കും.10 ടീമുകളായി തിരിഞ്ഞാണ് സര്‍വ്വെ പുരോഗമിക്കുന്നത്. പുനരധിവാസത്തിനും നിര്‍മ്മാണത്തിനും അനുയോജ്യമല്ലാത്ത ഭാഗം ഒഴിവാക്കിയതിന് ശേഷമുള്ള സ്ഥലമാണ് ടൗണ്‍ഷിപ്പിനായി ഏറ്റെടുക്കുക. പുനരധിവാസ പ്രവൃത്തിക്കായി ഏറ്റെടുക്കാത്ത ഭൂമിയില്‍ പ്ലാന്റേഷന്‍ മുന്നോട്ടു കൊണ്ടുപോകാന്‍ അനുമതി നല്‍കും.
വയനാട് ദുരന്ത ബാധിതരുടെ കടങ്ങൾ എഴുതിത്തള്ളണമെന്നുള്ള കേരളത്തിന്‍റെ ആവശ്യം വീണ്ടും കേന്ദ്ര സര്‍ക്കാരിന് മുന്നിൽ ഉന്നയിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ചൂരല്‍മല, മുണ്ടക്കൈ ദുരന്തത്തെ അതി തീവ്ര ദുരന്തമായി കേന്ദ്രം അംഗീകരിച്ച ഔദ്യോഗിക അറിയിപ്പ് ഇക്കഴിഞ്ഞ ദിവസം ലഭിച്ചിട്ടുണ്ട്. ഇന്‍റര്‍ മിനിസ്റ്റീരിയല്‍ സെന്‍ട്രല്‍ ടീം ദുരന്തത്തെ എല്‍ 3 ആയി അംഗീകരിച്ചു എന്നാണ് കേന്ദ്ര അഭ്യന്തര ജോയിന്‍റ് സെക്രട്ടറി കത്തില്‍ പറയുന്നത്.
വയനാട് ദുരന്ത ബാധിതരുടെ പുനരധിവാസത്തിന് സര്‍ക്കാര്‍ തയ്യാറാക്കുന്ന ടൗൺഷിപ്പിന്‍റെ നിര്‍മ്മാണ ചുമതല ഊരാളുങ്കലിന് നല്‍കാന്‍ മന്ത്രിസഭ തീരുമാനം. കിഫ്കോണിനായിരിക്കും നിർമ്മാണ മേൽനോട്ടം. 2 ടൗൺഷിപ്പുകള്‍ നിര്‍മിക്കാനാണ് ഇന്ന് ചേര്‍ന്ന മന്ത്രിസഭ യോഗം തീരുമാനിച്ചത്.
സംസ്ഥാനത്ത് ക്രിസ്മസ് – പുതുവത്സര മദ്യ വിൽപ്പനയിൽ വൻ വർധനയെന്ന് റിപ്പോർട്ട്. 712. 96 കോടിയുടെ മദ്യമാണ് ഇന്നലെ വരെ വിറ്റത്. കഴിഞ്ഞ വർഷം ഈ സീസണിൽ വിറ്റത് 697. 05 കോടിയുടെ മദ്യമാണ്. ഇതിനെ മറികടന്നുകൊണ്ടുള്ള മദ്യവിൽപ്പനയാണ് ഇത്തവണയുണ്ടായത്. അതേസമയം, സംസ്ഥാനത്ത് ഏറ്റവും കൂടുതൽ മദ്യം വിറ്റത് പാലാരിവട്ടം ഔട്ട്ലെറ്റിലാണ്. പവർ ഹൗസ് റോഡ് ഔട്ട് ലെറ്റിനാണ് രണ്ടാം സ്ഥാനം.
വയനാട് പുനരധിവാസത്തിൻ്റെ ഭാഗമായി രണ്ട് എസ്റ്റേറ്റുകളിലായി മോഡൽ ടൗൺഷിപ്പ് നിർമ്മിക്കാൻ മന്ത്രിസഭാ യോഗത്തിൽ തീരുമാനം. കൽപ്പറ്റയിലെ എസ്റ്റേറ്റിൽ അഞ്ച് സെന്റിലായിരിക്കും വീട് നിർമാണം. റോഡ്- അടിസ്ഥാന സൗകര്യങ്ങളെല്ലാം നടപ്പാക്കും. നെടുമ്പാലയിലെ ടൗൺഷിപ്പിൽ 10 സെന്റിലെ വീടുകളായിരിക്കുമെന്നും ഭാവിയിൽ മുകളിൽ നില കെട്ടാവുന്ന വിധത്തിലുള്ള വീടുകളാവുമെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു.
ജലാശയങ്ങളിലും പൊതുസ്ഥലങ്ങളിലും മാലിന്യം വലിച്ചെറിയുന്നവരിൽ നിന്ന് കനത്ത പിഴയീടാക്കുമെന്നു മന്ത്രി എം ബി രാജേഷ്. ഇതിനായുള്ള ക്യാമറാനിരീക്ഷണവും മറ്റു പരിശോധനകളും കർശനമാക്കാൻ തദ്ദേശഭരണ സ്ഥാപനങ്ങളുൾപ്പെടെ ബന്ധപ്പെട്ട എല്ലാവർക്കും നിർദേശം നല്കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. വലിച്ചെറിയൽ വിരുദ്ധവാരാചരണത്തിൻ്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം പാളയം സാഫല്യം കോംപ്ലക്സിൽ നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങളുടെ വേല വെടിക്കെട്ടിന് ഹൈക്കോടതിയുടെ അനുമതി. കേന്ദ്ര വിജ്ഞാപന പ്രകാരം എഡിഎം വേലയുടെ ഭാഗമായുള്ള വെടിക്കെട്ടിന് അനുമതി നിഷേധിച്ചിരുന്നു. തുടര്‍ന്ന് തിരുവമ്പാടി ദേവസ്വവും പാറമേക്കാവ് ദേവസ്വവും ഹൈക്കോടതിയിൽ അപ്പീൽ നൽകുകയായിരുന്നു. തുടര്‍ന്നാണ് ഹൈക്കോടതിയുടെ അനുകൂലമായ വിധി. വെടിക്കെട്ട് നടക്കുമ്പോള്‍ വെടിക്കെട്ട് പുരയിൽ സ്ഫോടക വസ്തുക്കള്‍ ഇല്ലെന്ന് ഉറപ്പാക്കണമെന്ന് നിര്‍ദേശിച്ചുകൊണ്ടാണ് ഹൈക്കോടതി അനുമതി നൽകിയത്.
അമിത നിരക്ക് ഒഴിവാക്കി, കേരളത്തിലെ ഹജ്ജ് എമ്പാര്‍ക്കേഷന്‍ പോയിന്റുകളില്‍ നിന്നുള്ള വിമാന യാത്രാനിരക്ക് ഏകീകരിക്കണം എന്നാവശ്യപ്പെട്ട് കേന്ദ്ര ന്യൂനപക്ഷ കാര്യ മന്ത്രി കിരണ്‍ റിജിജുവിനും, കേന്ദ്ര വ്യോമയാന മന്ത്രി റാം മോഹന്‍ നായിഡുവിനും മന്ത്രി വി. അബ്ദുറഹിമാന്‍ കത്ത് അയച്ചു. ടെണ്ടര്‍ ഉറപ്പിക്കുന്നതിന് മുന്‍പ് യാത്രാനിരക്ക് സംബന്ധിച്ച് ഇടപെടല്‍ നടത്താനും കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
കേരളത്തിൽ പച്ച വെള്ളത്തിനു തീ പിടിപ്പിക്കുന്ന വർഗീയതയാണ് വിഡി സതീശൻ. ഒരു വാക്ക് വീണു കിട്ടാൻ കാത്തിരിക്കുകയാണെന്നും പിണറായിയുടെ സനാതന പരാമർശത്തിൽ മുഖ്യമന്ത്രിയോട് വിയോജിക്കുകയാണെന്നും സതീശൻ പറഞ്ഞു. ശിവഗിരി സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു സതീശൻ.
കലൂര്‍ നടന്ന ഗിന്നസ് റെക്കോര്‍ഡ് നൃത്ത പരിപാടിയിൽ പങ്കെടുപ്പിക്കുന്ന ഒരോ കുട്ടിക്കും 900 രൂപ വീതം കമ്മീഷൻ നൽകാമെന്ന് വാഗ്ദാനം ചെയ്തിരുന്നതായി നൃത്താധ്യാപിക . മൃദംഗവിഷനുമായി ബന്ധപ്പെട്ട് തങ്ങളെ ആദ്യം വിളിച്ചവരാണ് കമ്മീഷൻ വാഗ്ദാനം ചെയ്തതെന്നും നൃത്താധ്യാപിക പറഞ്ഞു. 100 കുട്ടികളെ പങ്കെടുപ്പിച്ചാൽ അനുമോദനത്തിനും സര്‍ട്ടിഫിക്കറ്റിനും പുറമെ സ്വര്‍ണ നാണയവും നൽകുമെന്ന് പറഞ്ഞിരുന്നുവെന്നും അധ്യാപിക പറഞ്ഞു.
ഗിന്നസ് റിക്കാർഡിന്‍റെ പേരിൽ നടന്ന കൊച്ചിയിലെ നൃത്തപരിപാടിക്കിടെ ഉമ തോമസ് എംഎൽഎയ്ക്ക് പരിക്ക് പറ്റിയ സംഭവവുമായി ബന്ധപ്പെട്ട് നഗരസഭ ഹെൽത്ത് ഇൻസ്പെക്ടർക്ക് സസ്പെൻഷൻ. ഹെൽത്ത് ഇൻസ്പെക്ടർ എം.എൻ നിതയ്ക്കെതിരെയാണ് നടപടി. വീഴ്ചയിൽ അന്വേഷണത്തിന് സെക്രട്ടറിക്ക് നിർദേശവും നൽകിയിട്ടുണ്ട്.
കണ്ണൂരിൽ സ്കൂള്‍ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് വിദ്യാര്‍ത്ഥിനി മരിച്ചു. കണ്ണൂര്‍ തളിപ്പറമ്പിന് സമീപമുള്ള കുറുമാത്തൂര്‍ പഞ്ചായത്തിലെ ചിന്മയ സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനിയും ചൊറുക്കള സ്വദേശിനിയുമായ നേദ്യ എസ് രാജേഷ് ആണ് മരിച്ചത്. ബസിലുണ്ടായിരുന്ന 18 കുട്ടികള്‍ക്ക് പരിക്കേറ്റു.കുട്ടിയുടെ മൃതദേഹം പരിയാരം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി. ബസ് ഡ്രൈവര്‍ക്കും പരിക്കേറ്റിട്ടുണ്ട്.
കണ്ണൂരിലെ വളക്കൈയിൽ സ്കൂള്‍ ബസ് ഇറക്കത്തിൽ നിയന്ത്രണം നഷ്ടപ്പെട്ട് റോഡിലേക്ക് മറിഞ്ഞ് അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനി മരിക്കുകയും 18 കുട്ടികള്‍ക്ക് പരിക്കേൽക്കുകയും ചെയ്ത സംഭവത്തിൽ ഗുരുതര ആരോപണവുമായി ബസ് ഓടിച്ച ഡ്രൈവര്‍. സ്കൂള്‍ ബസിന് ഫിറ്റ്നസ് ഉണ്ടായിരുന്നില്ലെന്നും ഡിസംബറിൽ തീര്‍ന്നതാണെന്നും ഡ്രൈവര്‍ നിസാം പറഞ്ഞു. അപകടത്തിൽ കാലിന് ഉള്‍പ്പെടെ പരിക്കേറ്റ ഡ്രൈവര്‍ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അപകടത്തിന്‍റെ കാരണം ഉള്‍പ്പെടെ വെളിപ്പെടുത്തിയത്.
എറണാകുളം ജില്ലാ ആയുർവേദ ആശുപത്രി ഇ – ഹോസ്പിറ്റൽ സംവിധാനം പ്രാവർത്തികമാക്കുന്നു . കേന്ദ്ര സർക്കാരിന്റെ ആയുഷ്മാൻ ഭാരത് ഡിജിറ്റൽ മിഷൻ്റെ സേവനങ്ങൾ എറണാകുളം സർക്കാർ ആയുർവേദ ആശുപത്രിയിലും ലഭ്യമാകും. ആദ്യഘട്ടത്തിൽ ആശുപത്രിയിലെ ഒ.പി രജിസ്ട്രേഷനാണ് ഓൺലൈനാക്കുന്നത്.
കേരളത്തിലെത്തുന്ന സഞ്ചാരികൾക്ക് ശ്രീനാരായണ ഗുരുവിന്റെ ആശയങ്ങള്‍ പകര്‍ന്നു നല്‍കാൻ മൈക്രോസൈറ്റ് രൂപീകരിക്കുമെന്ന് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. ശിവഗിരി തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട വിദ്യാര്‍ത്ഥി യുവജന സമ്മേളനത്തിലാണ് മന്ത്രിയുടെ പ്രഖ്യാപനം.
രാജ്ഭവനിലേക്ക് രണ്ട് വാഹനങ്ങൾ വാങ്ങാൻ ഇന്ന് നടന്ന മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി. സംസ്ഥാനത്തിന്റെ പുതിയ ഗവർണർ രാജേന്ദ്ര അർലേക്കർ ഇന്ന് 5.30 യോടെ കേരളത്തിൽ എത്തിച്ചേർന്നിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനാണ് ഗവർണറെ സ്വീകരിച്ചത്. ജനുവരി 2 ന് രാവിലെ 10 മണിയ്ക്കാണ് സത്യപ്രതിജ്ഞാ ചടങ്ങുകൾ നടക്കുന്നത്.
തൃശൂരിൽ 30 വയസുള്ള യുവാവിനെ 14കാരൻ കൊലപ്പെടുത്തിയ സംഭവത്തിൽ പൊലീസ് എഫ്ഐആറിന്‍റെ പകര്‍പ്പ് പുറത്ത്. പ്രായപൂര്‍ത്തിയാകാത്ത രണ്ടു പ്രതികള്‍ക്കെതിരെയും കൊലക്കുറ്റമാണ് പൊലീസ് ചുമത്തിയിരിക്കുന്നത്. കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തോടെയാണ് 14കാരൻ ലിവിനെ ആക്രമിച്ചതെന്നും എഫ്ഐആറിലുണ്ട്.
സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ് നൽകി കാലാവസ്ഥ വിഭാഗം. കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും നാളെയും സാധാരണയെക്കാൾ രണ്ട് മുതൽ മൂന്ന് ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്.
തമിഴ്നാട്ടിൽ പുതിയ കുടുംബ റേഷൻ കാർഡിനായി നൽകിയ 1.36 ലക്ഷം അപേക്ഷ തള്ളി സർക്കാർ. 2023 ജൂലൈ മാസം മുതൽ തീരുമാനം ആവാതെ കിടന്ന 2.65 ലക്ഷം അപേക്ഷകളിൽ പാതിയോളമാണ് സർക്കാർ തള്ളിയത്. ഒരേ വിലാസത്തിൽ താമസിക്കുന്ന വിവിധ കുടുംബങ്ങളിൽ നിന്നുള്ള വ്യത്യസ്ത അപേക്ഷകളാണ് തള്ളിയതെന്നാണ് സംസ്ഥാന സിവിൽ സപ്ലൈസ് വകുപ്പ് വിശദമാക്കുന്നത്.
അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രക്കാരൻ കുഴഞ്ഞു വീണ് മരിച്ചു. റിയാദിൽ നിന്നും സൗദി എയർലൈൻസ് വിമാനത്തിലെത്തിയ ഉത്തർപ്രദേശ് സ്വദേശി ഷാവേജ് ആണ് മരിച്ചത്. 35 വയസായിരുന്നു.
പുതുവർഷ ആഘോഷത്തിനെന്ന വ്യാജേന വിദ്യാർഥിനിയെ ഫോർട്ട് കൊച്ചിയിൽ കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ. പേഴയ്ക്കാപ്പിള്ളി പ്ലാകുടി കുടിയിൽ അഷ്കറിനെ (21) ആണ് മൂവാറ്റുപുഴ പൊലീസ് പോക്സോ ചുമത്തി അറസ്റ്റ് ചെയ്തത്. ഇയാള്‍ക്കെതിരെ നേരത്തെ കാഞ്ഞാര്‍ പൊലീസ് സ്റ്റേഷനിലും സമാന രീതിയിലുള്ള കേസുണ്ട്.
ഡിസംബര്‍ 31 മുതല്‍ പുതുവര്‍ഷ പുലര്‍ച്ചെ വരെ കൊച്ചി മെട്രോയില്‍ യാത്രചെയ്തവരുടെ എണ്ണം 1.30 ലക്ഷം കടന്നു. ഡിസംബര്‍ മാസത്തില്‍ മാത്രം 32,35,027 പേര്‍ യാത്ര ചെയ്തതോടെ പ്രതിമാസ യാത്രക്കാരുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ധന നേടി. ഡിസംബറില്‍ യാത്രാടിക്കറ്റ് ഇനത്തില്‍ 10.15 കോടി രൂപ വരുമാനം നേടി മറ്റൊരു നേട്ടവും മെട്രോ കൈവരിച്ചു.
ഇന്ത്യക്കെതിരെ ഗുരുതരമായ ആരോപണവുമായി അമേരിക്കന്‍ പത്രം വാഷിങ്ടണ്‍ പോസ്റ്റ്. മാലദ്വീപില്‍ ഭരണ അട്ടിമറിക്ക് ഇന്ത്യ ശ്രമിച്ചുവെന്നും ഇതിന്റെ ഭാഗമായുള്ള ഗൂഢാലോചനയില്‍ പ്രതിപക്ഷമായ മാലദ്വീപ് ഡെമോക്രാറ്റിക് പാര്‍ട്ടിയിലെ നേതാക്കള്‍ ഇന്ത്യയോടെ ആറ് മില്ല്യണ്‍ ഡോളര്‍ ആവശ്യപ്പെട്ടുവെന്നും വാഷിങ്ടണ്‍ പോസ്റ്റ് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.