Screenshot 2024 02 27 20 21 14 990 com.android.chrome edit

 

 

ആഭ്യന്തരമന്ത്രി അമിത് ഷാ  അംബേദ്ക്കറെ അപമാനിച്ചതിൽ പ്രതിഷേധം ശക്തമാകുന്നതിനിടെ  സമ്മേളനം ഇന്ന് അവസാനിപ്പിക്കാനായില്ല. ലോക്സഭ നാളെ വരേയ്ക്ക് പിരിഞ്ഞു. അദ്ധ്യക്ഷ ഡയസിൽ കയറി കോൺഗ്രസ് പ്രതിഷേധിച്ചു. രാജ്യസഭയും ഇന്ന് ബഹള മയമായി. അതോടൊപ്പം രാഹുൽ ഗാന്ധി മോശമായി പെരുമാറിയെന്ന് നാഗാലൻഡിൽ നിന്നുള്ള വനിതാ എംപി ഫാംഗ് നോൻ കൊന്യാക് പറഞ്ഞു.എന്നാൽ രാഹുൽ ഗാന്ധിയെ അപമാനിക്കാനുള്ള നീക്കമാണ് നടക്കുന്നതെന്ന്  പ്രിയങ്ക ഗാന്ധി പറഞ്ഞു

 

ആഭ്യന്തരമന്ത്രി അമിത് ഷാ ബി ആർ അംബേദ്ക്കറെ അപമാനിച്ചതുമായി ബന്ധപ്പെട്ട് പ്രതിപക്ഷം നടത്തിയ പ്രതിഷേധങ്ങൾക്കിടെയുണ്ടായ സംഭവങ്ങളിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ പൊലീസിൽ പരാതി നൽകി ബി ജെ പി. രാഹുൽ ഗാന്ധി, എം പിമാരെ കൈയേറ്റം ചെയ്തുവെന്നും വനിത എം പിയെ അപമാനിച്ചെന്നുമടക്കം ചൂണ്ടികാട്ടി വധശ്രമത്തിനാണ് കേസ് നൽകിയതെന്ന് കേന്ദ്രമന്ത്രി അനുരാഗ് താക്കൂർ വ്യക്തമാക്കി.

ലോക്സഭയിൽ അദാനിയുമായി ബന്ധപ്പെട്ട ചർച്ച തടഞ്ഞുെവെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി.അംബേദ്കർ വിരുദ്ധമാണ് ബിജെപിയുടെയും ആർഎസ്എസിൻ്റെയും നിലപാട് . അംബേ​ദ്കർ വിരുദ്ധ നിലപാടിൽ  ആഭ്യന്തരമന്ത്രി അമിത് ഷാ മാപ്പ് പറയണമെന്നും, രാജിവയ്ക്കണമെന്നും രാഹുൽ​ഗാന്ധി പറഞ്ഞു. പാർലമെൻ്റിന് ഉള്ളിലേക്ക് പോകണമെന്നാവശ്യപ്പെട്ടപ്പോൾ തടഞ്ഞു. അദാനിയാണ് മോദിക്ക് എല്ലാം. അത് ചോദ്യം ചെയ്യാനാവില്ലെന്നും രാഹുൽ ​ഗാന്ധി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

 

വീണാ വിജയന്‍റെ എക്‌സാലോജിക്  കമ്പനിയുമായി ബന്ധപ്പെട്ട എസ്എഫ്ഐഒ അന്വേഷണത്തിലെ പുതിയ സംഭവവികാസങ്ങളില്‍ പ്രതികരണവുമായി മാത്യൂ കുഴല്‍നാടൻ എംഎല്‍എ. എക്‌സാലോജിക്  കമ്പനിക്ക് കോടികള്‍ നല്‍കിയത് ഒരു രാഷ്ട്രീയ നേതാവിനെ സ്വാധീനിക്കാനാണെന്നാണ് എസ്എഫ്ഐഒയക്ക് വേണ്ടി ഹാജരായ കേന്ദ്ര സര്‍ക്കാരിന്‍റെ അഭിഭാഷകന്‍ ഡല്‍ഹി ഹൈക്കോടതിയില്‍ വ്യക്തമാക്കി. ഈ സാഹചര്യത്തില്‍ ആ രാഷ്ട്രീയ നേതാവ്  ആരാണെന്ന് പറയാനുള്ള ബാധ്യത മുഖ്യമന്ത്രി പിണറായി വിജയനും സിപിഎമ്മിനുമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

 

കേരളത്തിലെ ആശുപത്രി മാലിന്യം തമിഴ്നാട്ടിൽ തള്ളിയ സംഭവത്തില്‍ രണ്ട് പേർ അറസ്റ്റിൽ. മാലിന്യം തമിഴ്നാട്ടിൽ എത്തിച്ച തിരുനെൽവേലി സ്വദേശികളായ ഏജന്റുമാരാണ് അറസ്റ്റിലായത്.  തമിഴ്നാട്ടില്‍ തള്ളിയ മാലിന്യം തിരിച്ചുകൊണ്ടുപോകണമെന്ന് ദേശീയ ഹരിത ട്രൈബ്യൂണൽ കേരളത്തോട് നിലപാട് കടുപ്പിച്ചു. തമിഴ്നാടിൻ്റെ സഹകരണത്തോടെ അംഗീകൃത പ്ലാന്റിൽ മാലിന്യം എത്തിച്ച് സംസ്കരിക്കണമെന്നും മൂന്ന് ദിവസത്തിനകം നടപടി പൂർത്തിയാക്കണമെന്നുമാണ് ദേശീയ ഹരിത ട്രൈബ്യൂണലിന്‍റെ നിര്‍ദേശം.

 

വണ്ടിപ്പെരിയാറില്‍ 6 വയസുകാരിയെ കൊലപ്പെടുത്തിയ  കേസിലെ പ്രതി അര്‍ജുനോട് നാട് വിട്ടു പോകരുതെന്ന് ഹൈക്കോടതി. ആറു വയസ്സുകാരിയെ ബലാൽസംഗം ചെയ്തു കൊലപ്പെടുത്തിയ കേസിൽ അര്‍ജുനെ നേരത്തെ വിചാരണ കോടതി കുറ്റവിമുക്തനാക്കിയിരുന്നു. ഇതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയിരുന്നു. ഈ പശ്ചാത്തലത്തില്‍ ഹൈക്കോടതി അര്‍ജുന് ജാമ്യം അനുവദിച്ചു.

 

വയനാട്ടിൽ ഓട്ടോറിക്ഷയിൽ ആദിവാസി സ്ത്രീയുടെ മൃതദേഹം കൊണ്ടുപോയ സംഭവത്തിൽ വീണ്ടും നടപടി. മാനന്തവാടി ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസർ നൗഷാദിനെ സസ്പെൻഡ് ചെയ്തു. ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസർക്ക് വീഴ്ച പറ്റിയെന്ന് ട്രൈബൽ ഡെവലപ്മെൻ്റ് ഓഫീസർ റിപ്പോർട്ട് നൽകി. മൃതദേഹം ഓട്ടോറിക്ഷയിൽ കൊണ്ടുപോയത് വകുപ്പിനും സർക്കാരിനും അവമതിപ്പുണ്ടാക്കി എന്നും റിപ്പോർട്ട് പറയുന്നു.സംഭവത്തിൽ വിശദമായ റിപ്പോർട്ട് ഒരാഴ്ചയ്ക്കുള്ളിൽ ലഭ്യമാക്കാനാണ് മാന്തവാടി ട്രൈബൽ ഡെവലപ്മെന്റ് ഓഫീസർക്ക് കമ്മീഷൻ നിർദേശം നൽകിയിരിക്കുന്നത്.

ബി ജെ പി മുൻ ജില്ലാ പ്രസിഡണ്ട് കെ പി മധു കോൺഗ്രസിൽ ചേര്‍ന്നു. ദീര്‍ഘ കാലമായി ബി ജ പിയില്‍ നിന്ന് നേരിട്ട അവഗണനയെത്തുടര്‍ന്നാണ് താന്‍ കോണ്‍ഗ്രസിലേക്ക് വന്നതെന്ന് കെ പി മധു പറഞ്ഞു. കൽപ്പറ്റയിലെ ജില്ലാ കോൺഗ്രസ് കമ്മിറ്റി ഓഫീസിൽ ടി സിദ്ദീഖ് എം എൽ എ, ഐ സി ബാലകൃഷ്ണ എം.എൽ എ, മുൻമന്ത്രി പി കെ ജയലക്ഷ്മി എന്നിവരുടെ സാന്നിധ്യത്തിലാണ് കെ പി മധു കോൺഗ്രസ് അംഗത്വം സ്വീകരിച്ചത്.

വയനാട് ദുരന്ത പ്രദേശത്ത് വൈദ്യുതി എത്തിച്ച വകയിൽ 9 കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് കൈപ്പറ്റിയെന്ന ആരോപണം തെറ്റെന്ന് കെഎസ്ഇബി. പൊതുമേഖലാ സ്ഥാപനത്തിനെതിരെ തികച്ചും അവാസ്തവവും നികൃഷ്ടവുമായ പ്രചാരണങ്ങളാണ് ചില വ്യക്തികൾ നടത്തുന്നത്. അതിലൊന്നാണ് വയനാട് ദുരന്തമേഖലയിലെ വൈദ്യുതി പുന:സ്ഥാപന പ്രവർത്തനങ്ങളുടെ പ്രതിഫലമായി 9 കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് കൈപ്പറ്റി എന്ന വ്യാജ പ്രചാരണമെന്നും കെഎസ്ഇബി വാര്‍ത്താക്കുറിപ്പിൽ വ്യക്തമാക്കി.

ചോദ്യ പേപ്പർ ഒരിക്കൽ പോലും ചോർത്തിയിട്ടില്ലെന്ന് എം എസ് സൊല്യൂഷൻസിന്റെ സിഇഒ  എം ഷുഹൈബ്. ചോദ്യങ്ങൾ പ്രവചിക്കുകയാണ് ചെയ്യുന്നതെന്നും ഈ മേഖലയിൽ പ്രവർത്തിക്കുന്ന ഏതൊരാൾക്കും ചോദ്യങ്ങൾ പ്രവചിക്കാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. എസ്‌എസ്‌‌എൽ‌സി കെമിസ്ട്രി പരീക്ഷയിൽ താൻ പ്രവചിച്ച നാലു ചോദ്യങ്ങൾ മാത്രമാണ് വന്നതെന്നും ഷുഹൈബ് പ്രതികരിച്ചു.

സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കൾക്ക്‌ ഒരു ഗഡു പെൻഷൻ അനുവദിച്ചു. ക്രിസ്‌തുമസ് പ്രമാണിച്ച്‌ 62 ലക്ഷത്തോളം പേർക്കാണ്‌ 1600 രൂപവീതം ലഭിക്കുന്നത്‌. തിങ്കളാഴ്‌ച മുതൽ തുക പെൻഷൻകാർക്ക്‌ കിട്ടിത്തുടങ്ങുമെന്ന്‌ ധനകാര്യമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു.

മില്‍മ തിരുവനന്തപുരം മേഖല യൂണിയന്‍ ക്ഷീര കര്‍ഷകര്‍ക്ക് 15 രൂപ അധിക പാല്‍വിലയും 200 രൂപ കാലിത്തീറ്റ സബ്സിഡിയും പ്രഖ്യാപിച്ചു. നവംബര്‍ മാസത്തില്‍ ക്ഷീര സഹകരണ സംഘങ്ങളില്‍ നിന്നും സംഭരിച്ച പാലിന് ലിറ്ററൊന്നിനാണ് 15 രൂപ അധിക പാല്‍വില പ്രഖ്യാപിച്ചത്. യൂണിയന്‍റെ 38-ാമത് വാര്‍ഷിക പൊതുയോഗത്തിലാണ് ചെയര്‍മാന്‍ മണി വിശ്വനാഥ് പ്രഖ്യാപനം നടത്തിയത്.

കണ്ണൂർ സർവകലാശാലയുടെ ഡിഗ്രി രണ്ടാം സെമസ്റ്റർ പരീക്ഷ ഫലം ‌ ചോർന്നുവെന്ന് ആരോപണം. കെഎസ്‌യു സംസ്ഥാന വൈസ് പ്രസിഡന്റ് മുഹമ്മദ് ഷമ്മാസിന്റേതാണ് ആരോപണം. രണ്ടാം സെമസ്റ്റ‍ർ പരീക്ഷാ ഫലം വാട്സ്ആപ്പ് ഗ്രൂപുകളിൽ പ്രചരിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

മന്ത്രിമാറ്റ നീക്കത്തിൻ്റെ സാധ്യത വീണ്ടും മങ്ങിയതോടെ സംസ്ഥാന എൻസിപി നേതൃത്വം കടുത്ത അമർഷത്തിൽ. അധ്യക്ഷ സ്ഥാനം ഒഴിയാമെന്ന് പി സി ചാക്കോ നേതാക്കളെ അറിയിച്ചു. മുഖ്യമന്ത്രിയുടെ അനിഷ്ടം തുടരുമ്പോൾ തോമസ് കെ തോമസിന് മന്ത്രിയാകാൻ കഴിയില്ലെന്ന് എ കെ ശശീന്ദ്രൻ വ്യക്തമാക്കി.

ഹേമ കമ്മറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് 50 കേസുകള്‍ രജിസ്റ്റര്‍ ചെയ്തെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. നാല് കേസുകളില്‍ അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിച്ചെന്നും കോടതിയെ അറയിച്ചു. ഹൈക്കോടതി നിര്‍ദേശപ്രകാരം സര്‍ക്കാര്‍ നിയമിക്കുന്ന നോഡല്‍ ഓഫീസര്‍മാര്‍ സിനിമാ മേഖലയിലെ ചൂഷണങ്ങള്‍ക്കെതിരായ പരാതികളും സ്വീകരിക്കണമെന്ന് ഡിവിഷന്‍ ബെഞ്ച് നിര്‍ദേശിച്ചു.

 

പയ്യമ്പള്ളി ചെമ്മാട് ഉന്നതിയിലെ മാതനെ കൂടല്‍ക്കടവിന് സമീപം റോഡില്‍ വലിച്ചിഴച്ച സംഭവത്തില്‍ പ്രതികള്‍ക്കെതിരെ നിലവില്‍ ചാര്‍ത്തിയിരിക്കുന്ന കുറ്റങ്ങള്‍ ദുര്‍ബലമെന്ന് ആദിവാസി ഗോത്രമഹാസഭ സംസ്ഥാന കണ്‍വീനര്‍ എം. ഗീതാനന്ദന്‍. ബോധപൂര്‍വ്വമല്ലാത്ത നരഹത്യ ചെയ്യാന്‍ മുതിര്‍ന്നു എന്ന കുറ്റത്തിന് മൂന്ന് വര്‍ഷം മാത്രം തടവുശിക്ഷ കിട്ടാവുന്ന വകുപ്പ് മാത്രമാണിതെന്നും ഗീതാനന്ദന്‍ കല്‍പ്പറ്റയില്‍ വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു.

 

പത്തനംതിട്ട മുറിഞ്ഞകൽ വാഹനാപകടത്തിൽ മരിച്ച നാല് പേർക്കും വിട നൽകി ജന്മനാട്. പൂങ്കാവ് സെന്റ് മേരീസ് കത്തോലിക്ക പള്ളി സെമിത്തേരിയിൽ രണ്ട് കുടുംബ കല്ലറകളിലായി സംസ്കാരം നടന്നു. സെൻ്റ് മേരീസ് പള്ളി ഹാളിൽ നടന്ന പൊതുദർശനത്തിൽ നൂറുകണക്കിനാളുകളാണ് അന്ത്യാഞ്ജലി അർപ്പിച്ചത്. ആരോഗ്യ മന്ത്രി വീണാ ജോർജ് പള്ളിയിലെത്തി അന്ത്യോപചാരം അർപ്പിച്ചു.

കൊച്ചി മെട്രോയുടെ കാക്കനാട് ഭാഗത്തെ  നിർമ്മാണത്തിനിടെ നടന്ന അപകടത്തിൽ തൊഴിലാളിക്ക് ദാരുണാന്ത്യം. ആലുവ സ്വദേശിയായ അഹമ്മദ് നൂർ എന്ന 28 കാരനാണ് കൊല്ലപ്പെട്ടത്. മണ്ണ് കൊണ്ടുവന്ന ടിപ്പർ ലോറിക്കും മണ്ണുമാന്തി യന്ത്രത്തിനും ഇടയിൽ പെട്ടായിരുന്നു മരണം. വൈകിട്ട് മൂന്നരയോടെയാണ് അപകടം ഉണ്ടായത്. മൃതദേഹം കളമശേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി. സംഭവത്തിൽ പൊലീസ് കേസെടുത്തു.

 

മന്നം ജയന്തി ആഘോഷത്തിൽ മുഖ്യപ്രഭാഷണം നടത്താൻ രമേശ് ചെന്നിത്തലയെ ക്ഷണിച്ച്  എൻഎസ്എസ്.  എട്ടു വർഷമായി എൻഎസ്എസും ചെന്നിത്തലയും തമ്മിൽ അകൽച്ചയിലായിരുന്നു. എൻഎസ്എസ് ജനറൽ സെക്രട്ടറിയുടെ താക്കോൽ സ്ഥാന പരാമർശവും ചെന്നിത്തല അത് തള്ളിപ്പറഞ്ഞതും ആയിരുന്നു അകൽച്ചക്ക് കാരണം.

 

എറണാകുളം വെണ്ണലയില്‍ മകന്‍ അമ്മയുടെ മൃതദേഹം കുഴിച്ചിട്ട സംഭവത്തില്‍ ദുരൂഹതയില്ലെന്ന് പോലീസ്. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ അസ്വാഭാവികമായി ഒന്നും കണ്ടെത്താനായില്ലെന്നും അതുകൊണ്ടുതന്നെ കസ്റ്റഡിയില്‍ എടുത്ത മകനെ തത്കാലം വിട്ടയയ്ക്കുമെന്നും പാലാരിവട്ടം പോലീസ് അറിയിച്ചു.

 

സിറിയ ഒരിക്കലും ലോക സമാധാനത്തിന് ഭീഷണി ആകില്ലെന്ന് വിമത നേതാവ് അബു മുഹമ്മദ് അൽ ജൂലാനി. എച്ച്‌ടിഎസിനെ തീവ്രവാദ പട്ടികയിൽ നിന്ന് ഒഴിവാക്കണമെന്നും  സിറിയയെ  ഒരിക്കലും അഫ്ഗാനിസ്ഥാൻ പോലെ ആക്കില്ലെന്നും ജൂലാനി പറഞ്ഞു.

 

രാജ്യം വിടും മുമ്പ് സിറിയന്‍ പ്രസിഡന്റ് ബാഷര്‍ അല്‍-അസദ് സിറിയയുടെ മുഴുവന്‍ സൈനിക രഹസ്യങ്ങളും ഇസ്രയേലിന് ചോര്‍ത്തി നല്‍കിയതായി റിപ്പോര്‍ട്ട്. പകരം സുരക്ഷിതമായി രാജ്യം വിടാന്‍ ഇസ്രയേല്‍ അസദിനെ സഹായിച്ചുവെന്നും ഡെയ്‌ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്തു. അസദ് നല്‍കിയ വിവരങ്ങള്‍ ഉപയോഗിച്ചാണ് ഇസ്രയേല്‍ സിറിയയ്‌ക്കെതിരെ ആക്രമണങ്ങള്‍ നടത്തിയത് എന്നാണ് പുറത്തുവരുന്ന വിവരം.

തമിഴ്നാട്ടിലെ സേലത്തിനടുത്ത് മെട്ടൂരിലെ താപവൈദ്യുത നിലയത്തിൽ വൻ തീപിടിത്തം. അപകടത്തിൽ രണ്ട് കരാർ തൊഴിലാളികൾ മരിച്ചതായാണ് വിവരം. പളനിചാമി, വെങ്കിടേശൻ എന്നിവരാണ് മരിച്ചത്. പരുക്കേറ്റ 5 തൊഴിലാളികളെ ആശുപത്രിയിലേക്ക് മാറ്റി. ഇന്ന് വൈകീട്ടാണ് സംഭവം നടന്നത്. വിശദമായ അന്വേഷണത്തിന് ശേഷമേ അപകടത്തിൻ്റെ കാരണം പറയാനാകൂവെന്ന് തമിഴ്‌നാട് വൈദ്യുത ബോർഡ് പ്രതിനിധികൾ പറഞ്ഞു.

 

മഹാ കുംഭമേളയിൽ പൊലീസ് ഉദ്യോഗസ്ഥർ അഭിമുഖീകരിക്കുന്ന വെല്ലുവിളികൾ നേരിടാൻ മൊബൈൽ ആപ്പ് സജ്ജമാകുന്നു. വിശദമായ റൂട്ടുകൾ, പ്രധാന ലാൻഡ്‌മാർക്കുകൾ, പോലീസ് ഉദ്യോഗസ്ഥരുടെ മൊബൈൽ നമ്പർ പോലെയുള്ള വിശദാംശങ്ങൾ എന്നിവയുൾപ്പെടെ സമഗ്രമായ വിവരങ്ങൾ ഈ ആപ്പിൽ ഉണ്ടാകും. അടിയന്തര ഘട്ടങ്ങളിൽ അതിവേ​ഗത്തിലുള്ള പ്രതികരണം സാധ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ആപ്പ് വികസിപ്പിക്കുന്നത്.

 

 

 

 

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *