നൂറാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന വേളയില്‍ ഇന്ത്യ വികസിതരാജ്യമാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഈ സ്വപ്നം യാഥാര്‍ത്ഥ്യമാക്കാന്‍ ഇന്ത്യക്കാര്‍ പ്രചോദിതരാണ്. രാജ്യം മൂന്നാമത്തെ സാമ്പത്തിക ശക്തിയാകുമെന്നും അദ്ദേഹം പറഞ്ഞു. ലോക്സഭയില്‍ ‘ഇന്ത്യന്‍ ഭരണഘടനയുടെ 75 വര്‍ഷത്തെ മഹത്തായ യാത്ര’ എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
വയനാട്ടിലെ അടക്കം ദുരന്ത ബാധിതരെ എയര്‍ലിഫ്റ്റ് ചെയ്തതിന് 132 കോടി 62 ലക്ഷം രൂപ ആവശ്യപ്പെട്ട കേന്ദ്ര നടപടിയിൽ കടുത്ത പ്രതിഷേധവുമായി കേരളം. തുക ഒഴിവാക്കിത്തരാൻ കേന്ദ്രത്തിന് സംസ്ഥാനം കത്തയക്കും. കേന്ദ്രത്തിനെതിരെ രാഷ്ട്രീയ പ്രതിരോധമായി പ്രശ്നം ഉയര്‍ത്തിക്കൊണ്ട് വരാനും സർക്കാർ നീക്കമുണ്ട്.
വിഴിഞ്ഞം അന്താരാഷ്ട്ര തുറുമുഖത്തിന് കേന്ദ്ര സർക്കാർ അനുവദിക്കാൻ ഉദ്ദേശിക്കുന്ന വയബിലിറ്റി ഗ്യാപ്പ് ഫണ്ട് പലമടങ്ങായി തിരിച്ചടയ്ക്കണമെന്ന കേന്ദ്ര ധനകാര്യ മന്ത്രാലയത്തിൻ്റെ തീരുമാനത്തിനെതിരെ പ്രധാനമന്ത്രിക്ക് കത്തെഴുതി മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്ര സർക്കാർ വിജിഎഫ് ഗ്രാൻ്റിൻ്റെ കാര്യത്തിൽ പുലർത്തി വന്ന പൊതുനയത്തിൽ നിന്നുള്ള വ്യതിയാനമാണ് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിൻ്റെ കാര്യത്തിൽ മാത്രം കേന്ദ്ര ധനകാര്യ മന്ത്രാലയം സ്വീകരിച്ചിരിക്കുന്ന നിലപാടെന്ന് മുഖ്യമന്ത്രി കത്തിൽ ചൂണ്ടികാട്ടി . വിജിഎഫ് ഗ്രാന്റായി തന്നെ അനുവദിക്കുന്നതിന് പ്രധാനമന്ത്രി ഇടപെടണമെന്നും മുഖ്യമന്ത്രി അഭ്യർത്ഥിച്ചു.
പനയമ്പാടത്തെ അപകടയിടത്ത് അടിയന്തര പരിഷ്കരണം നിർദേശിച്ചു ഗതാഗത മന്ത്രി കെബി ഗണേശ് കുമാർ. നിലവിലെ ഓട്ടോ സ്റ്റാൻഡ് മറുവശത്തേക്ക് മാറ്റിയും റോഡിൽ ഡിവൈഡർ ഒരുക്കിയും സുരക്ഷകൂട്ടുമെന്ന് മന്ത്രി പറഞ്ഞു. റോഡ് നവീകരണം നടത്താൻ ഹൈവേ അതോറിറ്റിയോട് ആവശ്യപ്പെടുമെന്നും നിരസിച്ചാൽ, സംസ്ഥാനം തന്നെ ചെയ്യുമെന്നും കെബി ഗണേഷ് കുമാർ കരിമ്പയിൽ പറഞ്ഞു.
വൈദ്യുതി നിരക്കിന്‍റെ പേരില്‍ വസ്തുതകളോട് യാതൊരു ബന്ധവുമില്ലാത്ത നിരവധി വ്യാജവാർത്തകൾ ചിലർ നവമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയാണെന്ന് കെഎസ്ഇബി. മഹാരാഷ്ട്രയിൽ വൈദ്യുതി വിതരണം നടത്തുന്ന അദാനി പവർ ലിമിറ്റഡിന്‍റെ ഗാർഹിക വൈദ്യുതി നിരക്കുകൾ കേരളത്തിനേക്കാൾ വളരെ കുറവാണെന്നും പ്രചാരണം നടക്കുന്നുണ്ട്. ഇത് തികച്ചും തെറ്റായ പ്രചാരണമാണെന്ന് കെഎസ്ഇബി വ്യക്തമാക്കി.
തൃശൂര്‍ പൂരം അലങ്കോലമാക്കിയതിന് പിന്നിലെ ബിജെപി- -ആര്‍എസ് എസ്-സുരേഷ് ഗോപി, പങ്കാളിത്തം അന്വേഷിക്കണമെന്ന് സിപിഐ നേതാവ് വിഎസ് സുനില്‍ കുമാര്‍ അന്വേഷണ സംഘത്തോട് ആവശ്യപ്പെട്ടു. സ്വരാജ് റൗണ്ടില്‍ എഴുന്നെള്ളിപ്പുകള്‍ വരെ ബാരിക്കേഡ് വച്ച് തടഞ്ഞ നേരത്ത് സുരേഷ് ഗോപിയുടെ ആംബുലന്‍സ് കടത്തിവിട്ടത് പൊലീസ് ഒത്താശയോടെയാണ് അദ്ദേഹം കുറ്റപ്പെടുത്തി.
ക്രിസ്മസ് പരീക്ഷാ ചോദ്യപേപ്പർ ചോർച്ച വിവാദത്തിൽ വിശദീകരണവുമായി എം എസ് സൊല്യൂഷൻസ് യൂ ട്യൂബ് ചാനൽ അധികൃതർ രംഗത്ത്. കേസ് അന്വേഷണവുമായി സഹകരിക്കുമെന്ന് എം എസ് സൊല്യൂഷൻസ് സി ഇ ഒ ഷുഹൈബ് വ്യക്തമാക്കി. ആരോപണങ്ങൾക്ക് പിന്നിൽ മറ്റ് ലേണിങ് പ്ലാറ്റ്ഫോമുകളാണെന്നും തന്‍റെ യൂ ട്യൂബ് ചാനലിന്‍റെ വിശ്വാസ്യതതകർക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നുമാണ് യൂ ട്യൂബ് ചാനലിലൂടെ, സി ഇ ഒ നൽകിയിരിക്കുന്ന വിശദീകരണം.
ക്രിസ്മസ് ചോദ്യപ്പേപ്പർ ചോർന്ന വിഷയത്തിൽ അന്വേഷണം വേണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. കുറ്റക്കാർ ആരായാലും ശിക്ഷിക്കപ്പെടണം. പതിനായിരക്കണക്കിന് വിദ്യാർഥികളുടെ പരീക്ഷാഫലത്തിന്റ നിർണായക രേഖയാണ്. ചോർന്നു പോകാൻ പാടില്ല. ചോർച്ച എങ്ങനെ ഉണ്ടായെന്ന് അന്വേഷിച്ചേ തീരൂ. പരീക്ഷാ രീതിയിൽ മാറ്റം വരണമെന്നും ബിനോയ് വിശ്വം ആവശ്യപ്പെട്ടു.
കൊച്ചി മുൻസിപ്പൽ കോർപ്പറേഷന് വേണ്ടി കൊച്ചിൻ സ്മാർട്ട് മിഷൻ ലിമിറ്റഡ് ആധുനിക നിലവാരത്തിൽ ഒരുക്കിയ എറണാകുളം മാർക്കറ്റിന്‍റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിര്‍വഹിച്ചു. കോർപ്പറേഷന്റെ ഉടമസ്ഥതയിലുള്ള 1.63 ഏക്കർ സ്ഥലത്ത് 72 കോടി ചെലവിൽ 19,990 ചതുരശ്ര മീറ്റർ വിസ്തീർണത്തിൽ നാല് നിലകളിലായാണ് മാർക്കറ്റ് കോംപ്ലക്സ് നിർമ്മിച്ചത്.
കുടുംബസമേതമുള്ള യാത്രക്കാരെ കൂടുതലായി കെഎസ്ആർടിസിയിലേക്ക് ആകർഷിക്കാനുള്ള പദ്ധതികൾ ആവിഷ്കരിക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാര്‍. ഇതിനായി കെഎസ്ആർടിസിയിൽ സുരക്ഷിതത്വത്തിനും ശുചിത്വത്തിനും മികച്ച ഭക്ഷണത്തിനും പ്രാധാന്യം നൽകുമെന്നും അദ്ദേഹം പറഞ്ഞു. പാലക്കാട് കെഎസ്ആർടിസി ബസ് ടെർമിനലിൽ ശീതീകരിച്ച ഓഫീസ് മുറികളുടെയും ജീവനക്കാരുടെ ശീതികരിച്ച വിശ്രമ മുറികളുടെയും ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
വയനാട് പുനരധിവാസത്തിൽ സംസ്ഥാന സർക്കാരിനെതിരെ കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. എൻ.ജി.ഓകളും വിവിധ വ്യക്തികളും വയനാട് പുനരധിവാസത്തിന് വലിയ സഹായങ്ങൾ വാഗ്ദാനം ചെയ്തുവെന്നും അവർക്ക് വേണ്ട സ്ഥലം അനുവദിക്കാൻ പോലും സംസ്ഥാന സർക്കാരിന് കഴിഞ്ഞില്ലെന്നും ഗവര്‍ണര്‍ ആരോപിച്ചു.
ദുരന്ത ബാധിതരെ എയര്‍ലിഫ്റ്റ് ചെയ്തതിന് 132.62 കോടി ആവശ്യപ്പെട്ട കേന്ദ്ര നടപടി ദൗർഭാഗ്യകരമെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കേരളത്തോട് കേന്ദ്രം ശത്രുതാപരമായ നിലപാടാണ് സ്വീകരിക്കുന്നത്. വയനാടിന് വേണ്ടി കേന്ദ്രം എന്ത് സഹായം ചെയ്തുവെന്നതാണ് പ്രധാനം. ഹെലികോപ്റ്റർ ഉപയോഗിച്ചതിന് പണം ചോദിച്ചത് ഒരിക്കലും അംഗീകരിക്കാൻ പറ്റില്ല. ആ തീരുമാനം തിരിച്ചെടുക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
വയനാട്ടിലെ അടക്കം ദുരന്ത ബാധിതരെ എയര്‍ലിഫ്റ്റ് ചെയ്തതിന് 132 കോടി 62 ലക്ഷം രൂപ ആവശ്യപ്പെട്ട കേന്ദ്ര നടപടിയിൽ പ്രതികരണവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ഹെലികോപ്റ്റർ ഇറക്കിയതിന് പൈസ ചോദിച്ചത് വ്യാജ കഥയാണെന്ന് കെ സുരേന്ദ്രൻ പറഞ്ഞു. കാല കാലങ്ങളായി നടക്കുന്ന പ്രവണതയാണ്. പത്ര വാർത്തകൾ വസ്തുത വിരുദ്ധമാണെന്നും സുരേന്ദ്രൻ പറഞ്ഞു.
മലബാറില്‍ വലിയ പ്രചാരണം നേടിയ ‘മെക് സെവന്‍’ വ്യായാമ കൂട്ടായ്മയില്‍ സംശയമുണ്ടെന്ന് മുന്‍വിദേശകാര്യ സഹമന്ത്രിയും ബി.ജെ.പി. നേതാവുമായ വി. മുരളീധരന്‍. ജമാഅത്തെ ഇസ്ലാമി, പോപ്പുലര്‍ ഫ്രണ്ട് പോലുള്ള സംഘടനകള്‍ മെക് സെവന് പിന്നിലുണ്ടെന്നു സംശയിക്കാന്‍ നിരവധി കാരണങ്ങളുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ബംഗാൾ ഉൾക്കടലിൽ വീണ്ടും ന്യൂന മർദ്ദ സാധ്യത ശക്തമായ പശ്ചിത്തലത്തിൽ കേരളത്തിലും മഴ ശക്തമായേക്കുമെന്ന് കാലാവസ്ഥ പ്രവചനം. ഈ സാഹചര്യത്തിൽ സംസ്ഥാനത്തെ 3 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
പാർലമെന്‍റിലെ ഭരണഘടന ചര്‍ച്ചയിൽ സംസാരിക്കവെ സവർക്കർക്കെതിരെ രാഹുൽ ഗാന്ധിയുടെ രൂക്ഷ വിമർശനം. ഭരണഘടനയുടെ ചെറുപതിപ്പ് ഉയർത്തിപ്പിടിച്ചുള്ള പ്രസംഗത്തിനിടെ മനു സ്മൃതിയും ഉയർത്തിക്കാട്ടിയാണ് രാഹുൽ, സവർക്കറെയും ബി ജെ പിയെയും വിമർശിച്ചത്. കുട്ടിയായിരുന്നപ്പോൾ താൻ സവർക്കറെ കുറിച്ച് മുത്തശിയോട് ചോദിച്ചിട്ടുണ്ടന്നും രാഹുൽ ഗാന്ധി പാർലമെന്‍റിൽ വിവരിച്ചു. ബ്രീട്ടീഷുകാരോട് മാപ്പിരന്നയാളാണ് സവർക്കർ എന്നാണ് ഇന്ദിര ഗാന്ധി തനിക്ക് പറഞ്ഞുതന്നതെന്നും രാഹുൽ കൂട്ടിച്ചേർത്തു.
ഭരണഘടനയിന്മേൽ ലോക്സഭയിൽ നടന്ന ചർച്ചയിൽ ഗാന്ധി കുടുംബത്തെ കടന്നാക്രമിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി. കോൺഗ്രസ് ഭരണകാലത്ത് ജനാധിപത്യത്തിനേറ്റ കറുത്ത പാടാണ് അടിയന്തരാവസ്ഥയെന്നും ആ പാപത്തിൽ നിന്ന് കോൺഗ്രസിന് മോചനമില്ലെന്നും മോദി വിമര്‍ശിച്ചു.
വയനാട് പാക്കേജിൽ കേന്ദ്രസർക്കാർ രാഷ്ട്രീയം കളിക്കുന്നുവെന്ന് പ്രിയങ്ക ഗാന്ധി. കേരളത്തോടുള്ള വിവേചനം രാഷ്ട്രീയ അടിസ്ഥാനത്തിലാണെന്ന് പ്രിയങ്ക ഗാന്ധി ആരോപിച്ചു. വയനാട് സഹായപാക്കേജ് വൈകുന്നതിൽ യുഡിഎഫ് എൽഡിഎഫ് എംപിമാർ സംയുക്തമായി നടത്തിയ പ്രതിഷേധത്തിന് ശേഷമാണ് പ്രിയങ്ക ഈക്കാര്യം മാധ്യമങ്ങളോട് പറഞ്ഞത്.
ഉത്തരേന്ത്യയിൽ ശൈത്യകാലം കഠിനമാകുന്നു. 4.5 ഡിഗ്രി സെൽഷ്യസാണ് ഇന്ന് രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ താപനില.താപനില ഇനിയും കുറയാൻ സാധ്യത ഉണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ദില്ലിയുടെ അയൽ സംസ്ഥാനങ്ങളിലും തണുപ്പ് കൂടിയിട്ടുണ്ട്.
രാഷ്ട്രീയ സംഘർഷങ്ങൾ തുടരുന്ന സിറിയയിൽ നിന്ന് നാല് ഇന്ത്യക്കാർ കൂടി തിരിച്ചെത്തി. ദില്ലിയിൽ എത്തിയതിന് പിന്നാലെ ഇവർ ഇന്ത്യൻ എംബസിയ്ക്ക് നന്ദി പറഞ്ഞു. തങ്ങളെ സുരക്ഷിതരായി നാട്ടിൽ തിരിച്ചെത്തിക്കാനായി ഇന്ത്യൻ എംബസി നടത്തിയ ശ്രമങ്ങളെ അവർ പ്രശംസിക്കുകയും ചെയ്തു.
കര്‍ഷകരുടെ ‘ദില്ലി ചലോ’ മാര്‍ച്ചില്‍ സംഘര്‍ഷം. ജലപീരങ്കിയും കണ്ണീര്‍വാതകവും പ്രയോഗിച്ച് പോലീസ് മാര്‍ച്ച് തടഞ്ഞു.. ഉച്ചയ്ക്ക് 12 മണിയോടെയാണ് മാര്‍ച്ച് ആരംഭിച്ചത്. 101 കര്‍ഷകര്‍ അടങ്ങുന്ന സംഘത്തെ ഹരിയാണ-പഞ്ചാബ് അതിര്‍ത്തിയായ ശംഭുവില്‍ പോലീസ് തടഞ്ഞതോടെ സംഘര്‍ഷമുണ്ടായി.
പുഷ്പ 2 പ്രദര്‍ശനത്തിനിടെ തിക്കിലും തിരക്കിലുംപെട്ട് യുവതി മരിച്ച സംഭവവുമായി തനിക്ക് നേരിട്ട് ബന്ധമില്ലെന്ന് നടന്‍ അല്ലു അര്‍ജുന്‍. ജയില്‍ മോചിതനായ ശേഷം ഹൈദരാബാദിലെ ജൂബിലി ഹില്‍സിലെ തന്റെ വസതിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിനിടെയായിരുന്നു നടന്റെ പ്രതികരണം..മരിച്ച യുവതിയുടെ കുടുംബത്തിനൊപ്പം നില്‍ക്കുമെന്നും വ്യക്തിപരമായി അവര്‍ക്ക് വേണ്ട സഹായങ്ങള്‍ നല്‍കുമെന്നും അല്ലു അര്‍ജുന്‍ പറഞ്ഞു.