Screenshot 2024 02 27 20 21 14 990 com.android.chrome edit

 

സംസ്ഥാന സർക്കാരിന് വീണ്ടും ഹൈക്കോടതിയുടെ വിമർശനം.അനധികൃത ഫ്ലെക്സ് ബോർഡുകൾ നീക്കുന്നതുമായി ബന്ധപ്പെട്ട് ആണ് ഹൈക്കോടതി സർക്കാരിനെ വിമർശിച്ചത്.എത്ര ബോർഡുകൾ നീക്കം ചെയ്തെന്ന കണക്കുകൾ ഹാജരാക്കാൻ കൂടുതൽ സമയം തേടിയതിൽ സിംഗിൾ ബെഞ്ച് കടുത്ത അതൃപ്തി രേഖപ്പെടുത്തി. രാഷ്ടീയ പാർടികളുടെ ബോർഡുകൾ നീക്കം ചെയ്തതിന്‍റെ കണക്കുകൾ പ്രത്യേകം വേണമെന്നും എത്ര രൂപ പിഴ ഈടാക്കിയെന്ന് അറിയിക്കണമെന്നും ഇന്ന് ഹൈക്കോടതി ആവശ്യപ്പെട്ടു.

 

തൃപ്പൂണിത്തുറ പൂർണത്രയീശ ക്ഷേത്രത്തിൽ ആനകളെ എഴുന്നള്ളിച്ചതിൽ ഹൈക്കോടതി കോടതിയലക്ഷ്യ നടപടികൾ തുടങ്ങി.കോടതി നിർദേശങ്ങൾ ലംഘിച്ചതിന് ദേവസ്വം ഓഫീസർ അടക്കമുളളവർക്ക് നോട്ടീസ് അയക്കാൻ ഡിവിഷൻ ബെഞ്ച് നിർദേശിച്ചു. നാട്ടാന എഴുന്നള്ളത്തുമായി ബന്ധപ്പെട്ട് ഹൈക്കോടതി പുറപ്പെടുവിച്ച മാർഗ നിർദേശങ്ങൾ പാലിക്കാതിരിക്കാൻ മനഃപൂർവമായ ശ്രമമുണ്ടായെന്ന് കരുതേണ്ടി വരുമെന്ന് കോടതി പറ‍ഞ്ഞു.മാനദണ്ഡങ്ങൾ ലംഘിച്ച് തൃപ്പൂണിത്തുറ പൂർണത്രയീശ ക്ഷേത്രത്തിൽ ആനകളെ എഴുന്നള്ളിച്ചതിന് വനം വകുപ്പ് കേസെടുത്തിരുന്നു.

 

ജിഫ്രി മുത്തുകോയ തങ്ങൾ സമസ്ത മുശാവറ യോഗത്തിൽ നിന്ന് ഇറങ്ങിപ്പോയി. സമസ്തയിലെ ലീഗ് വിരുദ്ധ ചേരിക്കാരനായ ഉമർ ഫൈസി മുക്കം നടത്തിയ അധിക്ഷേപ പരാമർശത്തെ തുടർന്നാണ് ജിഫ്രി മുത്തുക്കോയ തങ്ങൾ കുപിതനായത്. അധ്യക്ഷൻ ഇറങ്ങിപ്പോയതിന് പിന്നാലെ ഉപാധ്യക്ഷൻ മുശാവറ യോഗം പിരിച്ചുവിട്ടു. ഇന്ന് ചേർന്ന യോഗത്തിൽ ഉമർ ഫൈസി മുക്കവുമായി ബന്ധപ്പെട്ട പരാതികൾ ചർച്ചക്ക് വന്നപ്പോഴാണ് സംഭവം.

 

ചക്കുളത്തുകാവ് പൊങ്കാലയോടനുബന്ധിച്ച് ആലപ്പുഴ ജില്ലയിലെ കുട്ടനാട്, ചെങ്ങന്നൂർ, മാവേലിക്കര, അമ്പലപ്പുഴ താലൂക്കിലെ എല്ലാ സർക്കാർ ഓഫീസുകൾക്കും, വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഡിസംബർ 13 ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. പൊതുപരീക്ഷകൾ മുൻ നിശ്ചയപ്രകാരം നടത്തും.

 

തദ്ദേശ സ്വയംഭരണ വാര്‍ഡുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിന്‍റെ ഫലം എല്‍ ഡി എഫ് ഭരണത്തെ ജനം വെറുത്തതിന്‍റെ തെളിവാണെന്ന് കെ പി സി സി അധ്യക്ഷൻ കെ സുധാകരന്‍ എം പി. മുഖ്യമന്ത്രി പിണറായി വിജയനും എല്‍ ഡി എഫ് ദുര്‍ഭരണത്തിനുമെതിരായ ശക്തമായ രോഷം സമൂഹത്തിന്റെ അടിത്തട്ടില്‍ പ്രതിഫലിച്ചതിന്റെ തെളിവാണ് തദ്ദേശ ഉപതിരഞ്ഞെടുപ്പ് ഫലമെന്നും സുധാകരന്‍ കൂട്ടിച്ചേർത്തു.

 

കേന്ദ്രസർക്കാരിനെ നിശിതമായി വിമർശിച്ച് ശശി തരൂർ. ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായി അവതരിപ്പിച്ച ദുരന്ത നിവാരണ ഭേദഗതി ബില്ലിലെ ചർച്ചക്കിടെ വയനാട് വിഷയം അടക്കം ഉയർത്തിയാണ് കോൺഗ്രസ് എംപി അതിരൂക്ഷ വിമർശനം ഉന്നയിച്ചത്. പുതിയ ബില്ല് തന്നെ ദുരന്തമെന്നായിരുന്നു ശശി തരൂരിൻ്റെ മറുപടി.കേരളം പോലെ പ്രളയ സാഹചര്യം ആവർത്തിക്കുന്ന സംസ്ഥാനങ്ങൾക്ക് പ്രത്യേക ശ്രദ്ധ നൽകുന്ന ഒന്നും പുതിയ ബില്ലിലില്ലെന്നും ദുരന്ത നിവാരണത്തിന് നിയമ പരിരക്ഷ ഉറപ്പ് വരുത്തുന്നില്ല, എംപിമാരെ കേൾക്കാൻ അവസരം നൽകുന്നില്ല, ബിൽ തിരികെ വയ്ക്കുന്നതാകും നല്ലതെന്നും തരൂർ പറഞ്ഞു.

 

കാര്‍ഷിക, കാര്‍ഷികേതര നിര്‍മാണ രംഗത്തെ തൊഴിലാളികള്‍ക്ക് ഏറ്റവും കൂടുതല്‍ വേതനം ലഭിക്കുന്ന സംസ്ഥാനമെന്ന നേട്ടം നിലനിര്‍ത്തി കേരളം. കേരളത്തിലെ ഒരു ഗ്രാമീണ തൊഴിലാളി ദേശീയ ശരാശരിയേക്കാള്‍ ഇരട്ടി വരുമാനം നേടിയതായി ഇന്ത്യന്‍ സംസ്ഥാനങ്ങളെക്കുറിച്ചുള്ള ആര്‍ബിഐയുടെ ഹാന്‍ഡ്ബുക്ക് ഓഫ് സ്റ്റാറ്റിസ്റ്റിക്സ് കണക്കുകള്‍ വ്യക്തമാക്കുന്നു. കേരളത്തിലെ നിര്‍മാണ രംഗത്തെ ഒരു തൊഴിലാളിക്ക് പ്രതിദിനം 894 രൂപ വേതനമായി നല്‍കുമ്പോള്‍ മധ്യപ്രദേശ് ആണ് ഏറ്റവും കുറഞ്ഞ വേതനം നല്‍കുന്നത് വെറും 292 രൂപയാണ് .

സിനിമാ മേഖലയിലെ സ്ത്രീകളുടെ പ്രശ്നങ്ങൾ പഠിച്ച ഹേമ കമ്മിറ്റിയിലെ മൊഴിയുടെ അടിസ്ഥാനത്തിലുള്ള അന്വേഷണം ചോദ്യം ചെയ്ത് സുപ്രീംകോടതിയിലുള്ള ഹർജിയിൽ കക്ഷി ചേരാൻ മറ്റൊരു നടി കൂടി അപേക്ഷ നൽകി. മൊഴിയിൽ കൃത്രിമത്വം നടന്നതായി സംശയിക്കുന്നുവെന്നും എസ്ഐടി ഇതുവരെയും തന്നെ സമീപിച്ചിട്ടില്ലെന്നും നടി ഹർജിയിൽ പറയുന്നു. നേരത്തെ നടി മാലാ പാർവ്വതിയും ഹേമ കമ്മിറ്റി അന്വേഷണത്തിനെതിരെ കോടതിയെ സമീപിച്ചിരുന്നു.

 

കിഴക്കഞ്ചേരി സ്വദേശിയും ബി.ജെ.പി പ്രാദേശിക നേതാവുമായ പ്രസാദ് സി നായരും ഡ്രൈവർ പ്രശാന്തും യാത്ര ചെയ്ത കാറിൽ നിന്ന് രേഖകളില്ലാതെ കടത്താൻ ശ്രമിച്ച ഒരു കോടി രൂപ പിടിച്ചു. വാളയാറിലെ പൊലീസ് പരിശോധനയിൽ കാറിൽ ഒരു കാ‍ർഡ്ബോ‌ർഡ് പെട്ടിയിൽ 500 രൂപയുടെ 100 നോട്ടുകളടങ്ങിയ കെട്ടുകൾ അടുക്കി വെച്ച നിലയിലാണ് കണ്ടെത്തിയത്.

ക്രിസ്മസ് -പുതുവത്സര അവധിയിലെ യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് മുബൈയിൽ നിന്ന് കേരളത്തിലേക്ക് സ്പെഷ്യല്‍ ട്രെയിൻ പ്രഖ്യാപിച്ചു. നാട്ടിലെത്താൻ ടിക്കറ്റ് കിട്ടാതെ വലയുന്ന മുബൈയിലെ മലയാളികള്‍ക്ക് സ്പെഷ്യല്‍ ട്രെയിൻ സഹായകരമാകും. മുബൈ എൽടിടിയിൽ നിന്നും കൊച്ചുവേളിയിലേക്കാണ് പ്രത്യേക പ്രതിവാര ട്രെയിൻ പ്രഖ്യാപിച്ചത്.

 

സെക്രട്ടറിയേറ്റിന് മുന്നിലെ റോഡ് കയ്യേറി സമര പന്തൽ കെട്ടിയ സംഭവത്തിൽ സിപിഐയുടെ സര്‍വീസ് സംഘടനയായ ജോയിന്‍റ് കൗണ്‍സിൽ ഓഫീസ് സ്റ്റേറ്റ് സര്‍വീസ് ഓര്‍ഗനൈസേഷന്‍റെ നേതാക്കള്‍ അടക്കം 150പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു.പൊതുവഴിയിലുള്ള ഗതാഗതം തടസപ്പെടുത്തിയതിനും നടപ്പാത കയ്യേറി കാല്‍നട യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കിയതിനുമാണ് കേസ്.

 

ഉള്ളൂർ തുറുവിയ്ക്കൽ ക്ഷേത്രക്കുളത്തിൽ രണ്ട് ഓട്ടോറിക്ഷാ ഡ്രൈവർമാർ മുങ്ങിമരിച്ചു. ഒരാൾ രക്ഷപ്പെട്ടു. പറോട്ടുകോണം സ്വദേശികളായ ജയൻ, പ്രകാശൻ എന്നിവരാണ് മരിച്ചത്.മൃതദേഹങ്ങൾ തിരുവനന്തപുരം മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. സംഭവത്തിൽ മെഡിക്കൽ കോളേജ് പൊലീസ് കേസെടുത്തിട്ടുണ്ട്.

 

ഗതാഗത നിയമങ്ങൾ നഗ്നമായി ലംഘിച്ച് സ്വന്തം ജീവനും മറ്റുള്ളവരുടെ ജീവനും അപകടത്തിലാക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് സംസ്ഥാന പോലീസ് മേധാവിക്ക് നിർദ്ദേശം നൽകി. ബീച്ച് റോഡിൽ പ്രമോഷൻ റീൽ ചിത്രീകരിക്കുന്നതിനിടയിൽ വീഡിയോഗ്രാഫർ കാറിടിച്ച് മരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി.

 

സ്ത്രീധന നിരോധന നിയമം ദുരുപയോഗം ചെയ്യുന്നതിനെതിരെ ആഞ്ഞടിച്ച് സുപ്രീംകോടതി. വ്യക്തിപരമായ പകപോക്കലിന് നിയമം ഉപയോഗിക്കുന്നുവെന്നും ഭർത്താവിനും ഭർത്താവിൻറെ കുടുംബാംഗങ്ങൾക്ക് എതിരെ ഇതിലൂടെ കള്ള കേസുകൾ നൽകുന്നുവെന്നുമാണ് സുപ്രീം കോടതി വിമർശനം. പ്രതികാരമായി നിയമം ഉപയോഗിക്കുന്നതിനെതിരെ ജാഗ്രത വേണമെന്ന് കോടതി നിര്‍ദേശിച്ചു.

 

പ്രതിപക്ഷം തെറ്റായ പ്രചാരണം നടത്തുകയാണെന്നും റയിൽവേ സ്വകാര്യവത്കരണമെന്നത് സർക്കാർ അജണ്ടയിലില്ലെന്നും മന്ത്രി അശ്വിനി വൈഷ്ണവ്. ഇത്തരം നുണകൾ പ്രചരിപ്പിക്കരുതെന്ന് കൂപ്പുകൈകളോടെ പറയുകയാണെന്നും അദ്ദേഹം ലോക്സഭയില്‍ ആവശ്യപ്പെട്ടു. 3000 റയിൽവേ സ്റ്റേഷനുകൾ മോദിയുടെ കാലത്ത് ഡിജിറ്റൽ സ്റ്റേഷനുകളായെന്നും കൂട്ടി ഇടി ഒഴിവാക്കാനുള്ള കവച് കൊണ്ടുവന്നുവെന്നും 2026 ജൂലൈയോടെ കവച് സംവിധാനം എല്ലായിടത്തും ലഭ്യമാകും പുതിയ വേർഷനാണ് എല്ലായിടത്തും ലഭ്യമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

 

ഗുജറാത്തിൽ 5 ആശുപത്രികളെ ഡീബാർ ചെയ്തു.ഇൻഷ്വുറൻസ് തുക തട്ടിയെടുക്കാനായി രോഗമില്ലാത്തവർക്ക് ആൻജിയോപ്ലാസ്റ്റി സർജറിയടക്കം നടത്തുകയും 2 പേർ മരണപ്പെടുകയും ചെയ്ത സംഭവത്തിന് പിന്നാലെയാണ്ആശുപത്രികളെ ഡീബാർ ചെയ്തത്.പ്രധാനമന്ത്രി ജൻ ആരോഗ്യ യോജന, മാ യോജന പദ്ധതികളിലടക്കം നിരവധി ക്രമക്കേടുകൾ കണ്ടെത്തിയതിന് പിന്നാലെയാണ് നടപടി. രണ്ട് ഡോക്ടർമാരെയും ഡീബാർ ചെയ്തിട്ടുണ്ട്.

 

റഷ്യയുടെ മുൻകൂർ മുന്നറിയിപ്പ് റഡാർ സംവിധാനം വൊറോനെഷ് സ്വന്തമാക്കാനൊരുങ്ങി ഇന്ത്യ. പ്രതിരോധ മേഖല കൂടുതൽ ശക്തിപ്പെടുത്തുകയെന്ന ലക്ഷ്യമാണ് ഇതിനുപിന്നിൽ. വൊറോനെഷ് റഡാറുകൾ വാങ്ങാനുള്ള സുപ്രധാന കരാറിൽ ഇന്ത്യ ഒപ്പുവെക്കാൻ തയ്യാറെടുക്കുന്നത് ഈ ലക്ഷ്യത്തിലേക്ക് എത്താൻ വേണ്ടിയാണ് . റഷ്യയുടെ റഡാർ സംവിധാനം സ്വന്തമാക്കാൻ 4 ബില്യൺ ഡോളറാണ് ഇന്ത്യ ചെലവിടുന്നതെന്ന് വിവിധ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

 

ഭർത്താവിന്റെ വായ്പകൾ അടച്ചുതീർക്കുന്നതിനായി നവജാതശിശുവിനെ ഒന്നരലക്ഷം രൂപയ്ക്ക് വിറ്റ യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. ബെം​ഗളൂരുവിലെ രാമ​ന​ഗരയിലാണ് സംഭവം. കുട്ടിയെ വിൽക്കാൻ സഹായിച്ച രണ്ടുപേരെയും കുട്ടിയെ വാങ്ങിയ ആളെയും പോലീസ് അറസ്റ്റ് ചെയ്തു.

അഫ്ഗാനിസ്താന്‍ തലസ്ഥാനമായ കാബൂളില്‍ ചാവേര്‍ ബോംബ് സ്‌ഫോടനത്തില്‍ താലിബാന്‍ മന്ത്രിയടക്കം കൊല്ലപ്പെട്ടു. ബുധനാഴ്ച കാബൂളിലെ അഭയാര്‍ത്ഥി മന്ത്രാലയ കോമ്പൗണ്ടിലുണ്ടായ സ്ഫോടനത്തില്‍ താലിബാന്റെ അഭയാര്‍ത്ഥി മന്ത്രി ഖലീല്‍ റഹ്‌മാന്‍ ഹഖാനി കൊല്ലപ്പെട്ടതായി സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.

 

ഇന്ത്യൻ ഗ്രാൻഡ്മാസ്റ്റർ ഡി. ഗുകേഷും ചൈനയുടെ ഡിങ് ലിറനും തമ്മിലുള്ള ലോക ചെസ് ചാമ്പ്യന്‍ഷിപ്പിലെ 13-ാം റൗണ്ട് മത്സരം സമനിലയിൽ. അഞ്ചു മണിക്കൂർ നീണ്ട നീണ്ട മത്സരം സമനില ആയതോടെ, 6.5 വീതം പോയിന്റുമായി ഇരുവരും ഒപ്പത്തിനൊപ്പമാണുള്ളത്.

 

 

 

 

 

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *