ഭരണഘടനയുടെ ആമുഖത്തിൽ സോഷ്യലിസവും മതേതരത്വവും ഉള്‍പ്പെടുത്തിയതിനെതിരായ ഹര്‍ജികള്‍ സുപ്രീം കോടതി തള്ളി. 1976ലെ 42–ാം ഭേദഗതി പ്രകാരം സോഷ്യലിസ്റ്റ് സെക്യുലർ എന്നീ വാക്കുകൾ ഉൾപ്പെടുത്തിയത് ചോദ്യം ചെയ്ത് ബി.ജെ.പി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമിയുള്‍പ്പെടെ നല്‍കിയ ഹര്‍ജികള്‍ സുപ്രീം കോടതി തള്ളി. ആമുഖം ഭേദഗതി ചെയ്യാന്‍ പാർലമെൻ്റിന് അധികാരമുണ്ടെന്ന് ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. ഒരുപാട് വർഷങ്ങൾ കഴിഞ്ഞിരിക്കെ എന്തിനാണ് ഇപ്പോൾ പ്രശ്നം ഉന്നയിക്കുന്നതെന്ന് ഹര്‍ജിക്കാരോട് ചീഫ് ജസ്റ്റിസ് ചോദിച്ചു.
വയനാട് ദുരന്തത്തിൽ കേന്ദ്രസർക്കാരിനെ അതിരൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കോടതിയിൽ കേന്ദ്രം ആളുകളെ പറ്റിക്കുന്ന നിലപാട് സ്വീകരിക്കുകയാണെന്നും വീണ്ടും ദില്ലിയിലെത്തി പ്രധാനമന്ത്രിയെ കാണുമെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂരിൽ കൂത്തുപറമ്പ് രക്തസാക്ഷി അനുസ്മരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.ഇടതുപക്ഷവും ജമാഅത്തെ ഇസ്ലാമിയും തമ്മിൽ ഒരിക്കലും തെരഞ്ഞെടുപ്പ് ധാരണ ഉണ്ടായിരുന്നില്ലെന്നും അദ്ദേഹംപറഞ്ഞു.
മുണ്ടക്കൈ, ചൂരല്‍മല ദുരന്തത്തില്‍ കേന്ദ്രത്തിന്റെ പ്രത്യേക പാക്കേജ് പ്രഖ്യാപനത്തില്‍ ഇനി കാലതാമസമുണ്ടാകില്ലെന്ന് ഡല്‍ഹിയിലെ കേരളത്തിന്റെ പ്രത്യേക പ്രതിനിധി കെ.വി. തോമസ്…വയനാട്ടിലെ പ്രകൃതിദുരന്തവുമായി ബന്ധപ്പെട്ട് കേന്ദ്രസംഘത്തിന്റെയും സംസ്ഥാന സര്‍ക്കാരിന്റെയും റിപ്പോര്‍ട്ട് ധനമന്ത്രിക്ക് ലഭിച്ചുകഴിഞ്ഞെന്നും കെ.വി. തോമസ് പറഞ്ഞു.
ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് ഇനിയില്ലെന്ന് വി മുരളീധരൻ. പറയാനുള്ളത് പറയേണ്ട വേദിയിൽ പറയുo. മാധ്യമപ്രവർത്തകർക്ക് ബിജെപിയോടുള്ള സ്നേഹം തനിക്ക് മനസിലാകും. അമ്മയെ തല്ലുന്നത് നിർത്തിയോ എന്നതു പോലത്തെ ചോദ്യങ്ങളാണ് മാധ്യമങ്ങൾ ചോദിക്കുന്നത്. പാർട്ടി പറഞ്ഞാൽ അധ്യക്ഷ സ്ഥാനം ഏറ്റെടുക്കുമോ എന്ന ചോദ്യത്തിന് നല്ല ചോദ്യമാണെന്നായിരുന്നു മുരളീധരൻ്റെ മറുപടി. പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ സി കൃഷ്ണകുമാർ തോറ്റതുമായി ബന്ധപ്പെട്ട് ഉയർന്ന വിമർശനങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു മുരളീധരൻ്റെ പ്രതികരണം.
പാലക്കാട് നഗരസഭയിലെ ബിജെപി കൗണ്‍സിലര്‍മാരെ സ്വാഗതം ചെയ്ത് കോണ്‍ഗ്രസ്. ബിജെപി നേതൃത്വവുമായി പിണങ്ങി നിൽക്കുന്ന പാലക്കാട്ടെ ബിജെപിയുടെ 18 കൗണ്‍സിലര്‍മാരെയും കോണ്‍ഗ്രസിലേക്ക് സ്വാഗതം ചെയ്യുകയാണെന്ന് ഡിസിസി പ്രസിഡന്‍റ് എ തങ്കപ്പനും വികെ ശ്രീകണ്ഠൻ എംപിയും വ്യക്തമാക്കി.അതൃപ്തരായ മുഴുവൻ കൗൺസിലർമാർക്കും സ്വാഗതമെന്നും നഗരസഭാധ്യക്ഷയെ അടക്കം കോൺഗ്രസ് സ്വാഗതം ചെയ്യുകയാണെന്നും ജനപ്രതിനിധികൾക്ക് ബി ജെ പിയിൽ തുടരാൻ കഴിയാത്ത സാഹചര്യമാണെന്നും വികെ ശ്രീകണ്ഠൻ എംപി പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഭൂരിപക്ഷ വര്‍ഗീയതയെ മുഖ്യമന്ത്രി പ്രോത്സാഹിപ്പിക്കുകയാണെന്ന് വിഡി സതീശൻ ആരോപിച്ചു. ലോക്സഭ തെരഞ്ഞെടുപ്പ് സമയത്ത് ന്യൂനപക്ഷ വര്‍ഗീയതയെയായിരുന്നു മുഖ്യമന്ത്രി പ്രോത്സാഹിപ്പിച്ചിരുന്നത്. ഇപ്പോള്‍ ഓന്തിനെ പോലെ നിറം മാറിയെന്നും വിഡി സതീശൻ ആരോപിച്ചു.
ഇപി ജയരാജന്‍റെ ആത്മകഥ വിവാദത്തിൽ ഡിസി രവിയുടെ മൊഴിയുമായി ബന്ധപ്പെട്ട വാര്‍ത്തകളിൽ വിശദീകരണവുമായി ഡിസി ബുക്സ് . കരാര്‍ ഇല്ലെന്ന് മൊഴി നൽകിയെന്ന തരത്തിലുള്ള വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്ന് ഡിസി ബുക്സ് വ്യക്തമാക്കി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് വിശദീകരണം. പുസതകം പ്രസിദ്ധീകരിക്കാൻ ഇപിയുമായി ധാരണയുണ്ടെന്ന സൂചനയാണ് പുതിയ വിശദീകരണത്തിലൂടെ ഡിസി ബുക്സ് നൽകുന്നത്.
മുതിര്‍ന്ന സി.പി.എം നേതാവ് ഇ.പി ജയരാജന്റെ ആത്മകഥയുമായി ബന്ധപ്പെട്ട വിവാദത്തില്‍ നടപടിയുമായി ഡി.സി ബുക്‌സ്. സംഭവത്തില്‍ പബ്ലിക്കേഷന്‍സ് വിഭാഗം മാനേജർ എ.വി ശ്രീകുമാറിനെ ഡി.സി.ബുക്സ് സസ്‌പെന്‍ഡ് ചെയ്തു. പുസ്തകം പ്രസിദ്ധീകരിക്കുന്നതുമായി ബന്ധപ്പെട്ട കരാര്‍ നടപടികളില്‍ വീഴ്ചയുണ്ടായെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടിയെടുത്തിരിക്കുന്നത്.
ബലാത്സംഗക്കേസില്‍ നടന്‍ ബാബുരാജിന് മുന്‍കൂര്‍ ജാമ്യം. കര്‍ശന ഉപാധികളോടെയാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. അന്വേഷണവുമായി സഹകരിക്കാനും പത്തുദിവസത്തിനകം അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ കീഴടങ്ങാനും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.
ചേവായൂര്‍ സഹകരണ ബാങ്ക് തിരഞ്ഞെടുപ്പ് ഇടക്കാല ഉത്തരവിലൂടെ റദ്ദാക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി. നവംബര്‍ 16 ന് നടന്ന തിരഞ്ഞെടുപ്പില്‍ മത്സരിച്ച് പരാജയപ്പെട്ട പതിനൊന്ന് കോണ്‍ഗ്രസ് നേതാക്കള്‍ സമര്‍പ്പിച്ച ഹര്‍ജിയാണ് കോടതി തള്ളിയത്.
ആർഎസ്എസും മുസ്ലിം ലീഗും തമ്മിൽ വ്യത്യാസമില്ലാതായെന്ന് മന്ത്രി സജി ചെറിയാൻ. മതനിരപേക്ഷ നിലപാട് ലീഗ് മറന്നുവെന്നും മുസ്ലിം ഏകീകരണം കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെ സംഘടിതമായി മുന്നോട്ട് പോവുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മുസ്ലീം ഏകോപനം നടത്താൻ ലീഗ് ശ്രമിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.മതനിരപേക്ഷത പറഞ്ഞ ശേഷം വർഗീയ സംഘടനകളുമായി ചേർന്നു പ്രവർത്തിക്കുകയാണ് മുസ്ലിം ലീഗെന്ന് അദ്ദേഹം പറഞ്ഞു.
വടകര കാഫിര്‍ സ്ക്രീന്‍ഷോട്ട് കേസില്‍ പൊലീസ് അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് വടകര ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ചു. അന്വേഷണം പുരോഗമിക്കുന്നെന്നും ഇതുവരെ 24 പേരുടെ മൊഴി രേഖപ്പെടുത്തിയെന്നും പൊലീസ് അറിയിച്ചു. സ്ക്രീന്‍ ഷോട്ടിന്റെ ഉറവിടം കണ്ടെത്താനായി കസ്റ്റഡിയിലെടുത്ത ഫോണുകളുടെ ഫോറന്‍സിക് പരിശോധന റിപ്പോര്‍ട്ട് ഇതുവരെ ലഭിച്ചിട്ടില്ല. മെറ്റ കമ്പനിയില്‍ നിന്നും ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ലഭിക്കേണ്ടതുണ്ടെന്നും പൊലീസ് കോടതിയെ അറിയിച്ചു.
ഓർത്തോഡോക്സ്- യാക്കോബായ സഭാ പള്ളി തർക്കവുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ കേസിൽ സംസ്ഥാനത്തെ ചീഫ് സെക്രട്ടറിയടക്കം ഇരുപതോളം ഉദ്യോഗസ്ഥർ നേരിട്ട് ഹാജരാകണമെന്ന കേരള ഹൈക്കോടതി ഉത്തരവ് ഒഴിവാക്കി സുപ്രീംകോടതി. ഈ മാസം 29ന് നേരിട്ട് ഹാജരാകണമെന്നായിരുന്നു ഹൈക്കോടതിയുടെ നിർദ്ദേശം.
തിരുവനന്തപുരത്തെ കാരക്കോണം മെഡിക്കൽ കോളേജിൽ കർണ്ണാടക പൊലീസ്റെയ്ഡ്. കോളേജ് ഡയറക്ടർ ബെനറ്റ് എബ്രഹാമിനെ തേടിയാണ് പൊലീസ് എത്തിയത്. കർണ്ണാടക സ്വദേശികളിൽ നിന്നും ഏഴരകോടിയോളം രൂപ വാങ്ങി തിരികെ നൽകാത്തതിൽ കർണ്ണാടക മല്ലേശ്വരം പൊലീസ് റജിസ്റ്റർ ചെയ്ത കേസിൽ ഒന്നാം പ്രതിയാണ് ഇയാൾ. എംബിബിഎസ് സീറ്റ് വാഗ്ദാനം ചെയ്താണ് ഇയാൾ കാശ് തട്ടിയത്. അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിൽ ഹാജരാകാത്തതിനാൽ കോടതി ഉത്തരവ് പ്രകാരമാണ് റെയ്ഡുമായി പൊലീസ് എത്തിയത്.
ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം തീവ്ര ന്യൂനമർദ്ദമായി ശക്തി പ്രാപിച്ചെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിനു മുകളിലെ ന്യൂനമർദ്ദം തെക്കൻ ബംഗാൾ ഉൾക്കടലിനു മുകളിൽ തീവ്ര ന്യൂനമർദ്ദമായി ശക്തി പ്രാപിച്ചു. അടുത്ത 24 മണിക്കൂറിനുള്ളിൽ അതിതീവ്ര ന്യൂനമർദ്ദമായി ശക്തി പ്രാപിച്ച് തുടർന്നുള്ള രണ്ട് ദിവസത്തിൽ തമിഴ്നാട് – ശ്രീലങ്ക തീരത്തേക്ക് നീങ്ങാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
ആദിവാസി വിഭാഗക്കാർ താമസിച്ചിരുന്ന കുടിലുകൾ വനം വകുപ്പ് പൊളിച്ചുമാറ്റി. വയനാട് തോൽപ്പെട്ടി റേഞ്ചിലെ കൊല്ലിമൂല കോളനിയിലെ 3 കുടിലുകളാണ് പൊളിച്ചു മാറ്റിയത്. 16 വർഷമായി താമസിക്കുന്ന കുടുംബങ്ങളുടെ കുടിലുകളാണ് പൊളിച്ചു നീക്കിയത്. പകരം സംവിധാനം ഒരുക്കാമെന്ന് അറിയിച്ചെങ്കിലും ഇതുവരെയും നടപടി ഉണ്ടായില്ലെന്ന് കുടിയൊഴിപ്പിക്കപ്പെട്ടവര്‍ പരാതിപ്പെട്ടു.
ആശുപത്രി ക്യാന്റീനിൽ നിന്ന് നിന്ന് വാങ്ങിയ ആഹാരപ്പൊതിക്ക് ഉള്ളിൽ അട്ടയുണ്ടായിരുന്നെന്ന് പരാതി. തിരുവനന്തപുരം പാങ്ങപ്പാറ മെഡിക്കൽ കോളേജ് ഹെൽത്ത് സെന്ററിലെ രോഗി വാങ്ങിയ ഭക്ഷണ പൊതിയിലാണ് അട്ട ഉണ്ടായിരുന്നത്. ആശുപത്രി സൂപ്രണ്ടിന് പരാതി നൽകി. ക്യാൻ്റീൻ വൃത്തിഹീനമായ സാഹചര്യത്തിലാണ് പ്രവർത്തിക്കുന്നതെന്നും പരാതിയുണ്ട്.
ആൻഡമാൻ കടലിൽ ഇന്ത്യൻ കോസ്റ്റ് ഗാർഡിന്റെ മയക്കുമരുന്ന് വേട്ട. മത്സ്യബന്ധന ബോട്ടിൽ നിന്ന് ഏകദേശം അഞ്ച് ടണ്ണോളം മയക്കുമരുന്ന് ഇന്ത്യൻ കോസ്റ്റ് ഗാർഡ് പിടികൂടിയതായി പ്രതിരോധ ഉദ്യോഗസ്ഥർ അറിയിച്ചു. ഇന്ത്യൻ കോസ്റ്റ് ഗാർഡിൻ്റെ എക്കാലത്തെയും വലിയ മയക്കുമരുന്ന് വേട്ടയാണ് ഇതെന്നും പ്രതിരോധ ഉദ്യോഗസ്ഥർ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
ഝാൻസിയിലെ മഹാറാണി ലക്ഷ്മിഭായി മെഡിക്കൽ കോളേജിലെ ശിശു സംരക്ഷണ കേന്ദ്രത്തിലുണ്ടായ അഗ്നിബാധയേ തുടർന്ന കൊല്ലപ്പെട്ട പിഞ്ചുകുഞ്ഞുങ്ങളുടെ എണ്ണം 17ായി. നവംബർ 14നുണ്ടായ അഗ്നിബാധയിൽ 39 നവജാത ശിശുക്കളേയാണ് മെഡിക്കഷ കോളേജിലെ നിയോനാറ്റൽ വിഭാഗത്തിൽ നിന്ന് രക്ഷിച്ചത്. ഇവരിൽ രണ്ട് പേരാണ് ശനിയാഴ്ച മരണത്തിന് കീഴടങ്ങിയതെന്നാണ് മെഡിക്കൽ കോളേജ് പ്രിൻസിപ്പിൽ ഡോ നരേന്ദ്ര സിംഗ് സെൻഗാർ വിശദമാക്കുന്നത്.
രഹസ്യമായി കടത്തിക്കൊണ്ടുവന്ന സ്വർണം മുംബൈ വിമാനത്താവളത്തിൽ പിടികൂടി. 2.714 കോടി രൂപ വിലവരുന്ന നാല് കിലോഗ്രാമോളം സ്വർണമാണ് പരിശോധനയ്ക്കിടെ പിടികൂടിയത്. സ്വർണക്കടത്ത് തടയാൻ ലക്ഷ്യമിട്ട് എയർ ഇന്റലിജൻസ് യൂണിറ്റ് സ്വീകരിച്ചുവരികയായിരുന്ന നടപടികളുടെ ഭാഗമായി യാത്രക്കാരുടെ വിവരങ്ങൾ പരിശോധിച്ച് നിരീക്ഷണം നടത്തുന്നുണ്ടായിരുന്നു.
തെലങ്കാനയിലെ യങ് ഇന്ത്യ സ്‌കില്‍സ് യൂണിവേഴ്‌സിറ്റിക്ക് അദാനി ഗ്രൂപ്പ് വാഗ്ദാനം ചെയ്ത 100 കോടി രൂപ നിരസിച്ച് സംസ്ഥാന സര്‍ക്കാര്‍. ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലി നല്‍കിയെന്ന ആരോപണത്തില്‍ യു.എസ്. കോടതിയിലെ കുറ്റപത്രത്തില്‍ ഗൗതം അദാനിയുടെയും മറ്റും പേര് ഉള്‍പ്പെട്ട പശ്ചാത്തലത്തിലാണിത്.
അദാനി ഗ്രൂപ്പിന്റെ ഗ്രീന്‍ എനര്‍ജിക്കെതിരേ അമേരിക്കയില്‍ നടപടി തുടങ്ങിയതിന് പിന്നാലെ നിക്ഷേപത്തില്‍നിന്ന് പിന്‍മാറി കൂടുതല്‍ കമ്പനികള്‍. രാജ്യത്തിന്റെ പ്രധാന വിമാനത്താവളത്തിന്റെ വികസനത്തിനായി അദാനി ഗ്രൂപ്പുമായുണ്ടാക്കിയ കരാറുകള്‍ നേരത്തെ കെനിയ റദ്ദാക്കിയതിന് പിന്നാലെ ഗ്രീന്‍ എനര്‍ജിയുമായുള്ള നിക്ഷേപത്തില്‍നിന്ന് ഫ്രാന്‍സിന്റെ ടോട്ടല്‍ എനര്‍ജീസും പിന്‍മാറി.
ലോക ചെസ് ചാമ്പ്യന്‍ഷിപ്പിന്റെ ആദ്യ മത്സരത്തില്‍ ഇന്ത്യന്‍താരം ഡി. ഗുകേഷിന് തോല്‍വി. നിലവിലെ ചാമ്പ്യനും ചൈനീസ് താരവുമായ ഡിങ് ലിറനോടാണ് ഗുകേഷ് പരാജയപ്പെട്ടത്. പതിന്നാലു മത്സരങ്ങള്‍ നീളുന്ന പോരാട്ടത്തിലെ ആദ്യഗെയിം സിങ്കപ്പുരിലെ റിസോര്‍ട്ട് വേള്‍ഡ് സെന്റോസയിലാണ് നടന്നത്.