കോടതി മുറിയിലെ തന്റെ അവസാന പ്രവൃത്തിദിനവും പൂർത്തിയാക്കി സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് പടിയിറങ്ങി . ചീഫ് ജസ്റ്റിസ് പദവിയിലിരുന്ന കാലത്ത് ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ ക്ഷമ ചോദിക്കുന്നുവെന്ന് അദ്ദേഹം വിടവാങ്ങൽ പ്രസം​ഗത്തിൽ പറഞ്ഞു. പരിപാടിയിൽ പങ്കെടുത്ത ഓരോരുത്തർക്കും നന്ദി പറഞ്ഞ അദ്ദേഹം ഇടയ്ക്ക് വികാരാധീനനാകുകയും ചെയ്തു. സുപ്രീം കോടതിയുടെ 50-ാമത് ചീഫ് ജസ്റ്റിസ് ആയിരുന്നു ഡി.വൈ ചന്ദ്രചൂഡ്.

 

ഓര്‍ത്തഡോക്‌സ് – യാക്കോബായ സഭാ പള്ളിത്തര്‍ക്കത്തിൽ യാക്കോബായ സഭയുടെ കൈവശമുള്ള ആറ് പള്ളികള്‍ ഏറ്റെടുക്കണമെന്ന ഹൈക്കോടതി ഉത്തരവിനെതിരെ, സര്‍ക്കാര്‍ നൽകിയ അപ്പീൽ കേൾക്കുന്നതിൽ നിന്ന് സുപ്രീം കോടതി ജഡ്ജി കെ.വി. വിശ്വനാഥന്‍ പിന്മാറി. അഭിഭാഷകനായിരുന്നപ്പോള്‍ സഭാതര്‍ക്കവുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ കൈകാര്യം ചെയ്തിരുന്നതു കൊണ്ടാണ് ജസ്റ്റിസ് വിശ്വനാഥന്‍ ഹര്‍ജി കേള്‍ക്കുന്നതില്‍നിന്ന് പിന്മാറിയത്.

 

ട്രോളി വിവാദത്തിൽ പാലക്കാട് സിപിഎമ്മിൽ ഭിന്നത. ജില്ലാ സെക്രട്ടറി വിശദീകരിച്ചിട്ടും നിലപാട് മാറ്റാതെ എൻഎൻ കൃഷ്ണദാസ്. ട്രോളി വിവാദം ട്രാപ്പാണെന്ന് ആവർത്തിക്കുകയാണ് കൃഷ്ണദാസ്. സിപിഎമ്മിന് തെരഞ്ഞെടുപ്പ് രാഷ്ട്രീയ സമരമാണെന്നും എൻഎൻ കൃഷ്ണദാസ് പറഞ്ഞു. ജനകീയ വിഷയങ്ങളും വികസന പ്രശ്നവുമാണ് മുഖ്യചർച്ച. കള്ളപ്പണം വന്നിട്ടുണ്ടെങ്കിൽ അത് പൊലീസ് കണ്ടെത്തട്ടെയെന്നും കൃഷ്ണദാസ് പറഞ്ഞു.

 

പാലക്കാട്ടെ തിരഞ്ഞെടുപ്പ് പ്രചാരണം പെട്ടി പ്രശ്‌നത്തില്‍ മാത്രം ഒതുക്കില്ലെന്ന് ആവര്‍ത്തിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. അദ്ദേഹത്തിന്റെ പ്രസ്താവന കൃഷ്ണദാസിന്റേതിന് സമാനമാണെന്ന് വാര്‍ത്തകള്‍ വന്നതോടെയാണ് പാര്‍ട്ടി സെക്രട്ടറി നയം വ്യക്തമാക്കിയത്.

 

സര്‍ക്കാരിനെതിരെയുള്ള അതിശക്തമായ വികാരം ചര്‍ച്ച ചെയ്യപ്പെടാതിരിക്കാനാണ് അപ്രധാനമായ കാര്യങ്ങള്‍ സിപിഎം കൊണ്ടുവരുന്നതെന്ന് വി ഡി സതീശൻ. സിപിഎം കൊണ്ടുവന്ന വിഷയങ്ങളൊക്കെ അവര്‍ക്കു തന്നെ തിരിച്ചടിയായി.  മന്ത്രി എം ബി രാജേഷും അളിയനും ചേര്‍ന്ന് ഒരുക്കിയ തിരക്കഥയായിരുന്നു പാതിരാ നാടകമെന്ന് എല്ലാവര്‍ക്കും ബോധ്യമായെന്ന് വി ഡി സതീശൻ പറഞ്ഞു. പെട്ടി ചര്‍ച്ച ചെയ്യാന്‍ വന്നവര്‍ക്ക് തന്നെ പെട്ടി ദൂരത്തേക്ക് വലിച്ചെറിയേണ്ടി വരുന്ന വിചിത്രമായ കാഴ്ചയാണ് കാണുന്നത്. സ്വയം പരിഹാസ്യരായി നില്‍ക്കുകയാണ് സിപിഎം നേതാക്കള്‍ എന്നും അദ്ദേഹം പരിഹസിച്ചു .

 

പിപി ദിവ്യയുടെ ജാമ്യഹർജിയുടെ വിധി പകർപ്പ് പുറത്ത്. സ്ത്രീയെന്ന പ്രത്യേക പരിഗണന നൽകിയെന്നും കുടുംബനാഥയുടെ അസാന്നിധ്യം കുടുംബത്തിൽ പ്രയാസം സൃഷ്ടിക്കുമെന്നും വിധി പകർപ്പിൽ പറയുന്നു.  ഇനിയും കസ്റ്റഡിയിൽ വേണമെന്ന് തെളിയിക്കാൻ പ്രോസക്യൂഷന് ആയില്ലെന്നും വിധിയിൽ പറയുന്നു. ഒരു ലക്ഷം രൂപ കെട്ടിവെക്കണമെന്നും രണ്ടു പേരുടെ ആൾ ജാമ്യവും വേണമെന്നാണ് ജാമ്യം നൽകുന്നതിനുള്ള ഉപാധികൾ.

 

എഡിഎം നവീൻ ബാബുവിൻ്റെ മരണത്തിൽ ദുഃഖമുണ്ടെന്ന് ജയിൽ മോചിതയായ പിപി ദിവ്യ. സദുദ്ദേശപരമായിരുന്നു ഇടപെടലെന്നും, തൻറെ നിരപരാധിത്വം തെളിയിക്കുമെന്നും ദിവ്യ പറഞ്ഞു. 11 ദിവസത്തെ ജയിൽ വാസത്തിന് ശേഷമാണ് പിപി ദിവ്യ ജയിൽ മോചിതയാവുന്നത്. വളരെ ചെറിയ വാക്കുകളിലായിരുന്നു ദിവ്യയുടെ പ്രതികരണം.

കണ്ണൂർ ജില്ലാ കളക്ടർ അരുൺ കെ വിജയൻ്റെ മൊഴിയാണ് പി പി ദിവ്യക്ക് ജാമ്യം ലഭിക്കാൻ കാരണമെന്ന് കെ സുരേന്ദ്രൻ. എഡിഎം നവീൻ ബാബുവിനെ അഴിമതിക്കാരനായി ചിത്രീകരിച്ച് കളക്ടർ കള്ളമൊഴി നൽകിയത് കൊണ്ടാണ് ദിവ്യക്ക് ജാമ്യം ലഭിച്ചത് . പാർട്ടി തന്നെയാണ് ദിവ്യയെ സംരക്ഷിച്ചതെന്നും സർക്കാർ അഭിഭാഷകൻ്റെ സഹായം ദിവ്യക്ക് ലഭിച്ചുവെന്നും സുരേന്ദ്രൻ ആരോപിച്ചു.

 

സിപിഎം നേതാവ് പി.പി ദിവ്യയ്ക്ക് ജാമ്യം ലഭിച്ചത് പ്രോസിക്യൂഷൻ – പ്രതിഭാഗം ഒത്തുകളി മൂലമെന്ന് വി.മുരളീധരൻ. സിപിഎം നിയമവ്യവസ്ഥയെ അട്ടിമറിക്കുകയാണ്.  അതിന് അനുസരിച്ച് കേസ് പൊലീസ് ദുർബലമാക്കുകയാണെന്നും ബിജെപി നേതാവ് കൽപ്പറ്റയിൽ മാധ്യമങ്ങളോട് പറഞ്ഞു.

പിപി ദിവ്യക്കെതിരായ സിപിഎം നടപടിയെ സ്വാഗതം ചെയ്ത് സിപിഐ. പിപി ദിവ്യയ്ക്ക് ജാമ്യം അനുവദിച്ചതിനെ പറ്റി നവീൻ ബാബുവിന്‍റെ കുടുംബം പറഞ്ഞ അതേ അഭിപ്രായം തന്നെയാണുള്ളതെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. പിപി ദിവ്യക്കെതിരായ സിപിഎം നടപടി അഭിനന്ദനാര്‍ഹമാണ്. എല്ലാ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കുമുള്ള സന്ദേശമാണിത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

പി പി ദിവ്യ ചെറുപ്പം മുതൽ സമൂഹത്തിനുവേണ്ടി പ്രവർത്തിച്ചുവരുന്നയാളെന്ന് മന്ത്രി ആര്‍ ബിന്ദു. അത് ആർക്കും നിഷേധിക്കാനാകില്ല. പാര്‍ട്ടി നടപടിയെടുക്കുന്നില്ലെന്ന് ചര്‍ച്ച ചെയ്ത മാധ്യമങ്ങള്‍ നടപടിയെടുത്തപ്പോള്‍ അതേക്കുറിച്ച് ചര്‍ച്ച ചെയ്യുന്നു. കുറേകൂടി നിർമാണാത്മകമായി മാധ്യമങ്ങൾ പ്രവർത്തിക്കണമെന്നും മന്ത്രി വിമർശിച്ചു.

 

കാഫിര്‍ സ്ക്രീന്‍ഷോട്ട് കേസിലെ അന്വേഷണ പുരോഗതിയും പിടിച്ചെടുത്ത ഫോണുകളുടെ ഫോറന്‍സിക് പരിശോധനാവിവരങ്ങളും ഹാജരാക്കാന്‍ പൊലീസിന് വടകര ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയുടെ നിര്‍ദേശം. അന്വേഷണം വഴിമുട്ടിയെന്ന് ചൂണ്ടിക്കാട്ടിയും കോടതി മേല്‍നോട്ടം ആവശ്യപ്പെട്ടും പരാതിക്കാരനായ എംഎസ്എഫ് നേതാവ് മുഹമ്മദ് കാസിം സമര്‍പ്പിച്ച ഹര്‍ജിയിലാണ് നിര്‍ദേശം.

 

സംസ്ഥാനത്തെ ത്രിതല പഞ്ചായത്തുകൾക്കും നഗരസഭകൾക്കുമായി 211 കോടി രൂപകൂടി സർക്കാർ സഹായം അനുവദിച്ചതായി മന്ത്രി കെ എൻ ബാലഗോപാൽ . ജനറൽ പർപ്പസ്‌ ഫണ്ട്‌ തുകയാണ്‌ അനുവദിച്ചത്‌. ഗ്രാമ പഞ്ചായത്തുകൾക്ക്‌ 150 കോടി ലഭിക്കും. ജില്ലാ പഞ്ചായത്തുകൾക്ക്‌ ഏഴു കോടിയും, ബ്ലോക്ക്‌ പഞ്ചായത്തുകൾക്ക്‌ 10 കോടിയും അനുവദിച്ചു.

 

പുഴുവരിച്ച അരിയും ഭക്ഷ്യവസ്തുക്കളും വയനാട് മേപ്പാടി പഞ്ചായത്ത് വിതരണം ചെയ്ത സംഭവത്തിൽ വിജിലൻസ് അന്വേഷണത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ ഉത്തരവിട്ടു. ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതർക്ക്  ലഭിച്ച ഭക്ഷ്യവസ്തുക്കൾ പുഴുവരിച്ച നിലയിൽ കണ്ടെത്തിയ വാർത്തയുടെ പശ്ചാത്തലത്തിലാണ് അന്വേഷണം. സംഭവത്തിൽ പ്രാഥമിക അന്വേഷണ റിപ്പോർട്ട് വേഗത്തിൽ സമർപ്പിക്കാനും മുഖ്യമന്ത്രി നിർദ്ദേശിച്ചിട്ടുണ്ട്.

 

വയനാട്ടിലെ ദുരന്തബാധിതർക്ക് പഴകിയ ഭക്ഷണ പദാർത്ഥങ്ങൾ നൽകിയതുമായി ബന്ധപ്പെട്ട് രാഷ്ട്രീയ വിവാദം കത്തുന്നു. കിറ്റ് നൽകിയത് ആരാണ്? ദുരിതാശ്വാസ വസ്തുക്കൾ പുഴുവരിച്ച് നശിക്കാനിടയായത് ആരുടെ വീഴ്ച കാരണമാണ് തുടങ്ങിയ ചോദ്യങ്ങൾക്കൊന്നും ഉത്തരമായിട്ടില്ല. എന്നാൽ കിറ്റ് വിവാദം രാഷ്ട്രീയ പാർട്ടികൾ പരസ്പരം കത്തിക്കുകയാണ്. ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിൽ കിറ്റ് വിവാദം ചർച്ചയാക്കുന്നുണ്ട്.

 

വയനാട് ലോക്‌സഭാ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മലപ്പുറം ജില്ലയിലെ ഏറനാട്, നിലമ്പൂര്‍, വണ്ടൂര്‍ നിയോജകമണ്ഡലങ്ങളിലെ പോളിംഗ് സ്റ്റേഷനുകള്‍ ഉള്‍പ്പെടുന്ന മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി . നവംബര്‍ 12,13 തീയതികളിലാണ് ജില്ലാ കലക്ടർ അവധി പ്രഖ്യാപിച്ചത്.

 

സംസ്ഥാനത്തെ വിനോദസഞ്ചാര മേഖലയില്‍ സീപ്ലെയിന്‍ സര്‍വീസ് നവംബര്‍ 11ന് ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസ് ഫ്ളാഗ് ഓഫ് ചെയ്യും. കൊച്ചി കെടിഡിസി ബോള്‍ഗാട്ടി പാലസ് ഹോട്ടലില്‍ രാവിലെ 9.30 ന് നടക്കുന്ന ചടങ്ങില്‍ വ്യവസായ മന്ത്രി പി. രാജീവ് അധ്യക്ഷത വഹിക്കും. കേന്ദ്ര സര്‍ക്കാരിന്‍റെ ഉഡാന്‍ റീജിയണല്‍ കണക്ടിവിറ്റി സ്കീമിന് കീഴിലുള്ള സീപ്ലെയിന്‍ സര്‍വീസാണ് സംസ്ഥാനത്ത് ആരംഭിക്കുന്നത്.

 

സംവിധായകൻ രഞ്ജിത്തിനെതിരായ പീഡനക്കേസിൽ പരാതിക്കാരനായ യുവാവിന്‍റെ മൊഴിയെടുത്തു. ബംഗളൂരു എയര്‍പോര്‍ട്ട് പൊലീസാണ് യുവാവിന്‍റെ മൊഴിയെടുത്തത്. മൊഴി പരിശോധിച്ചശേഷം രഞ്ജിത്തിനെ ചോദ്യം ചെയ്യലിന് വിളിപ്പിക്കുമെന്നും പൊലീസ് അറിയിച്ചു.

വിതുര ഹൈസ്കൂളിൽ വിദ്യാർഥികൾ തമ്മിൽ സംഘർഷം. പാലോട് സബ് ജില്ലാ കലോത്സവം നടക്കുന്ന പ്രധാന വേദിയുടെ സമീപത്താണ് സംഘർഷം നടന്നത്. വിദ്യാർഥികളുടെ കൂട്ടത്തല്ലിൻ്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. അധ്യാപകർ ഇടപ്പെട്ടാണ് സംഘർഷം അവസാനിപ്പിച്ചത്.രണ്ട് സ്കൂളുകളിലെ വിദ്യാർഥികൾ തമ്മിലുള്ള പ്രശ്നമാകാം സംഘർഷത്തിൽ കലാശിച്ചതെന്ന് പോലീസ് പറയുന്നു.

 

നെയ്യാറ്റിൻകര കോടതിയുടെ മൂന്നാം നിലയിൽ നിന്നും ചാടി പോക്സോ കേസ് പ്രതി ആത്മഹത്യക്ക് ശ്രമിച്ചു. മാരായമുട്ടം സ്വദേശി വിപിനാണ് കെട്ടിടത്തിന്‍റെ മൂന്നാം നിലയിൽ നിന്ന് താഴേക്ക് ചാടി ജീവനൊടുക്കാൻ ശ്രമിച്ചത്. വീഴ്ചയിൽ ഗുരുതര പരിക്കേറ്റ വിപിനെ നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ ആദ്യം പ്രവേശിപ്പിച്ചു.

തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനു മുകളിലായി ചക്രവാതച്ചുഴി സ്ഥിതിചെയ്യുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് മഴ കനക്കുന്നു.  നേരത്തെ മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരുന്നത് നാല് ജില്ലകളാക്കി മാറ്റി. കോട്ടയത്താണ് തീവ്ര മഴ മുന്നറിയിപ്പ് പ്രവചിച്ചത്. അടുത്ത 48 മണിക്കൂറിനുള്ളിൽ ചക്രവാതച്ചുഴി ന്യൂനമർദമായി ശക്തി പ്രാപിക്കാൻ സാധ്യതയുണ്ടെന്നാണ് വിവരം.

 

30,000 രൂപയുടെ കള്ളനോട്ടുകളുകൾ അച്ചടിച്ച സംഘം ഉത്തർപ്രദേശിൽ പിടിയിലായി. 500 രൂപയുടെ നോട്ടുകളാണ് സാധാരണ മുദ്രപത്രത്തിൽ ഇവർ അച്ചടിച്ച് പുറത്തിറക്കിയത്. സോൻഭദ്ര ജില്ലയിൽ നിന്നാണ് വെള്ളിയാഴ്ച ഇവരെ പൊലീസ് കണ്ടെത്തി പിടികൂടിയത്. മിർസാപൂരിൽ നിന്ന് പത്ത് രൂപയുടെ മുദ്രപത്രങ്ങൾ വാങ്ങിയായിരുന്നു നോട്ട് നിർമാണം എന്ന് ഇവർ പറഞ്ഞു.

 

ജമ്മുവിലെ കിഷ്ത്വറിൽ രണ്ട് നാട്ടുകാരെ ഭീകരരർ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി. ഗ്രാമപ്രതിരോധ സേനയിലെ അംഗങ്ങളെയാണ് കൊലപ്പെടുത്തിയത്. സോപാരയിലെ ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ വധിച്ചു. ശ്രീനഗറിലെ ഗ്രേനേഡ് ആക്രമണവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കൊലപാതകത്തിൽ പ്രതിഷേധിച്ച് നാട്ടുകാർ കിഷ്ത്വറിൽ ബന്ദ് ആചരിച്ചു.

 

ദില്ലിയിൽ വായുഗുണനിലവാര സൂചിക ഇന്ന് രേഖപ്പെടുത്തിയത് 383 ആണ് . അലിപ്പൂർ, ഭവാന തുടങ്ങി പലയിടങ്ങളിലും വായുഗുണനിലവാരം 400 നും മുകളിലാണ്. മലിനീകരണം രൂക്ഷമായതോടെ ദില്ലിയിൽ ശ്വാസകോശസംബന്ധമായ അസുഖങ്ങളുമായി ആശുപത്രിയിലെത്തുന്നവരുടെ എണ്ണവും കൂടി എന്നാണ് കണക്കുകൾ.

 

പ്രത്യേക പദവിയുമായി ബന്ധപ്പെട്ട് ജമ്മുകശ്മീര്‍ നിയമസഭയിൽ പ്രതിഷേധം ശക്തമാകുന്നതിനിടെ നിലപാട് വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി. ജമ്മുകശ്മീരിൽ പ്രത്യേക പദവി പുനഃസ്ഥാപിക്കില്ലെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. അംബേദ്കറുടെ ഭരണഘടനയാണ് കശ്മീരില്‍ നടപ്പിലാവുക. ആര്‍ട്ടിക്കിള്‍ 370 പുനഃസ്ഥാപിക്കാന്‍ അനുവദിക്കില്ല. പാക് അജന്‍ഡ നടപ്പാക്കാനുള്ള കോണ്‍ഗ്രസ് ശ്രമം വിജയിക്കില്ലെന്നും മഹാരാഷ്ട്രയിൽ തെരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ മോദി വ്യക്തമാക്കി.

 

ആർട്ടിക്കിൾ 370 പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് ജമ്മു-കശ്മീർ നിയമസഭയിൽ പാസാക്കിയ പ്രമേയത്തിന് മറുപടിയുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി നേതാവ് ശരദ് പവാറിൻ്റെ നാല് തലമുറകൾ കഴിഞ്ഞാലും ഇക്കാര്യം സംഭവിക്കില്ലെന്ന് അമിത് ഷാ വ്യക്തമാക്കി. മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഷിറലയിൽ നടത്തിയ പൊതുസമ്മേളനത്തിലായിരുന്നു അമിത് ഷായുടെ പ്രതികരണം.

 

ജഡ്ജിമാരെ അധിക്ഷേപിച്ചെന്ന കേസിൽ അഭിഭാഷകന് തടവുശിക്ഷ വിധിച്ച് ഡൽഹി ഹൈക്കോടതി. ജഡ്ജിമാർക്കും കോടതിക്കും എതിരെ നിന്ദ്യമായ ഭാഷ ഉപയോഗിച്ച സംഭവത്തിൽ അഭിഭാഷകൻ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. സഞ്ജീവ് കുമാർ എന്ന അഭിഭാഷകനാണ് നാല് മാസത്തെ തടവ് ശിക്ഷ വിധിച്ചത്.

 

ധാരാവി പുനർവികസന പദ്ധതിക്കായി അദാനി ഗ്രൂപ്പിന് നൽകിയ മുഴുവൻ ഭൂമിയും തിരിച്ചെടുക്കുമെന്നും അന്താരാഷ്ട്ര സാമ്പത്തിക സേവന കേന്ദ്രം നിർമ്മിക്കുമെന്നും ശിവസേന ഉദ്ധവ് വിഭാ​ഗത്തിന്റെ പ്രകടനപത്രിക. നാവികസേനയുടെയും മുംബൈ തുറമുഖ അതോറിറ്റിയുടെയും ഭൂമി ഒഴികെ കിഴക്കൻ കടൽത്തീരത്തെ 900 ഏക്കറിൽ സർക്കാർ വിനോദ വിനോദസഞ്ചാര സൗകര്യങ്ങൾ വികസിപ്പിക്കുമെന്നും പ്രകടന പത്രികയിൽ പറയുന്നു.

 

97-ാം ജന്മദിനം ആഘോഷിച്ച് മുതിർന്ന ബിജെപി നേതാവ് ലാൽ കൃഷ്ണ അദ്വാനി. ജന്മദിനാശംസകൾ അർപ്പിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി അദ്വാനിയുടെ വസതിയിൽ നേരിട്ടെത്തി. അദ്വാനിയ്ക്ക് ഒപ്പമുള്ള ചിത്രവും അദ്ദേഹം സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്.

 

പാമ്പുകടിയേല്‍ക്കുന്നതിനെ അതീവ ഗൗരവമായി കാണാനുള്ള നടപടികളുമായി തമിഴ്നാട് സർക്കാർ. പാമ്പുകടിക്കുന്നതിനെ പൊതുജനാരോ​ഗ്യ നിയമത്തിനുകീഴിൽ ഉൾപ്പെടുത്തിയതായിസർക്കാർ അറിയിച്ചു. സമീപകാലത്ത് പാമ്പുകടിയേറ്റുള്ള മരണങ്ങൾ സംസ്ഥാനത്ത് വർധിച്ചതോടെയാണ് നടപടി.

ആഗോളതലത്തില്‍ ക്രൂഡ് ഓയില്‍ വില ഉയരാതിരിക്കാന്‍ വേണ്ടിയാണ് ഇന്ത്യ റഷ്യയില്‍ നിന്ന് എണ്ണ വാങ്ങിയതെന്ന് കേന്ദ്ര പെട്രോളിയം-പ്രകൃതിവാതക വകുപ്പ് മന്ത്രി ഹര്‍ദീപ് സിങ് പുരി. അബുദാബിയില്‍ നടക്കുന്ന വാര്‍ഷിക ഊര്‍ജ-വ്യവസായ പരിപാടിയായ എ.ഡി.ഐ.പി.ഇ.സി.യില്‍ പങ്കെടുക്കവെ സി.എന്‍.എന്നിന് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് കേന്ദ്രമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

 

ഝാർഖണ്ഡിൽ ആദിവാസികളിൽ നിന്ന് കാടും മണ്ണും വെള്ളവും തട്ടിയെടുക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് രാഹുൽ ഗാന്ധി. തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വികസനത്തിന്റെ പേരിൽ ആദിവാസി ഭൂമി തട്ടിയെടുക്കുന്നതിനാണ് ശ്രമം നടത്തുന്നതെന്നും രാഹുൽ ​ഗാന്ധി വിമർശിച്ചു.

 

ഇന്ത്യ-ദക്ഷിണാഫ്രിക്ക ട്വന്റി-20 ക്രിക്കറ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ ടോസ് നേടിയ സൗത്ത് ആഫ്രിക്ക ബൗളിങ് തിരഞ്ഞെടുത്തു. രോഹിത് ശർമയുടെ നേതൃത്വത്തിലുള്ള സീനിയർ ടീം ന്യൂസീലൻഡിനെതിരായ ടെസ്റ്റിൽ സമ്പൂർണ തോൽവി വഴങ്ങിയതിനുപിന്നാലെയാണ് സൂര്യകുമാർ യാദവിന്റെ നേതൃത്വത്തിലുള്ള യുവനിര പരമ്പരയ്ക്ക് ഇറങ്ങുന്നത്.

 

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *