Screenshot 2024 02 27 20 21 14 990 com.android.chrome edit 2

 

 

സംസ്ഥാനത്തെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറായി പ്രണബ് ജ്യോതി നാഥ് ചുമതലയേറ്റു. കേന്ദ്ര ഡെപ്യൂട്ടേഷനുള്ള അപേക്ഷ പരിഗണിക്കാതെ തെരഞ്ഞെടുപ്പ് ഓഫീസര്‍മാരെ നിയമിക്കുന്നതിനുള്ള പാനലിൽ പ്രണബ് ജ്യോതിനാഥിന്‍റെ പേരു കൂടി ഉൾപ്പെടുത്തിയതാണ് ആശയക്കുഴപ്പത്തിന് ഇടയാക്കിയത്.കേന്ദ്ര തസ്തികയിൽ തിരിച്ചെത്താൻ സംസ്ഥാന സര്‍ക്കാര്‍ സാവകാശം ആവശ്യപ്പെടും.

ലീഗിന് വർഗീയ ശക്തികളുമായി കൂട്ടു കൂടാൻ കഴിയില്ലെന്ന് പറയാൻ സാധിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മലപ്പുറം ജില്ലയിലെ കേസുകളുമായി ബന്ധപ്പെട്ട് ലീഗ് അസത്യം പ്രചരിപ്പിക്കുകയാണ് . ശരി അല്ലാത്തത് പ്രചരിപ്പിച്ചു മലപ്പുറത്തെ അപകീർത്തിപ്പെടുത്തുകയാണ് ലീഗ് ചെയ്യുന്നതെന്നും മുഖ്യമന്ത്രിപറഞ്ഞു. അതുപോലെ തന്നെ തൃശൂര്‍ പൂരം കലങ്ങിയിട്ടില്ല ആകെ സംഭവിച്ചത് വെടിക്കെട്ട് അല്‍പം വൈകി എന്നതാണ്. ഇതിന്റെ പേരാണോ പൂരം കലക്കല്‍ എന്നും അദ്ദേഹം ചോദിച്ചു. പി ജയരാജൻ്റെ ‘കേരളം, മുസ്ലിം രാഷ്ട്രീയം, രാഷ്ട്രീയ ഇസ്ലാം’ എന്ന പുസ്തകം പ്രകാശനം ചെയ്തു സംസാരിക്കുകയായിരുന്നു പിണറായി വിജയൻ.

 

ദി ഹിന്ദു ദിനപ്പത്രത്തിൽ പ്രസിദ്ധീകരിച്ച മുഖ്യമന്ത്രി പിണറായി വിജയന്റെ അഭിമുഖത്തിൽ ദില്ലി പൊലീസിനും ഗവർണർക്കും എച്ച്.ആർ.ഡിഎസ് പരാതി നൽകി. മുഖ്യമന്ത്രി, മാധ്യമപ്രവർത്തക, ദ് ഹിന്ദു, പിആർ ഏജൻസി എന്നിവർക്കെതിരെ അന്വേഷണം വേണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. പരാതികളിൽ നടപടി ഉണ്ടായില്ലെങ്കിൽ കോടതിയെ സമീപിക്കുമെന്ന് എച്ച്ആ‍‍ർഡിഎസ് സെക്രട്ടറി അജി കൃഷ്ണൻ വ്യക്തമാക്കി.

 

ആര്‍എസ്എസുമായുള്ള ബന്ധം സിപിഎം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമാണ് ന്യൂനപക്ഷ സംഘടനകളോട് മുഖ്യമന്ത്രി അയിത്തം കല്‍പ്പിക്കുന്നതെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍.ജമാഅത്ത് ഇസ്ലാമിയെയും, പിഡിപിയെയും സിപിഎമ്മും മുഖ്യമന്ത്രിയും  തള്ളിപ്പറയുന്നത് സംഘപരിവാര്‍ നേതൃത്വത്തെ തൃപ്തിപ്പെടുത്താനാണ്. കേരളത്തിന്റെ വികസനത്തിന് ലീഗിന്റെ  നേതാക്കള്‍ നല്‍കിയ സംഭാവനങ്ങള്‍ വിസ്മരിക്കപ്പെടാന്‍ കഴിയാത്തവയാണെന്നും അതിന് മുഖ്യമന്ത്രിയുടെ സര്‍ട്ടിഫിക്കറ്റ് വേണ്ടെന്നും കെ.സുധാകരന്‍ പറഞ്ഞു.

 

പിണറായി സര്‍ക്കാര്‍ കഴിഞ്ഞ എട്ടുവര്‍ഷത്തിനിടെ 1.8 ലക്ഷം പാര്‍ട്ടി ബന്ധുക്കള്‍ക്ക് പിന്‍വാതില്‍ നിയമനം നല്‍കിയെന്ന വാര്‍ത്ത ഞെട്ടിക്കുന്നതായി രമേശ് ചെന്നിത്തല . ഇത് കേരളത്തിലെ യുവജനങ്ങളോടുള്ള ചതിയാണ്. ഇത്തരത്തില്‍ അനധികൃത നിയമനം ലഭിച്ച മുഴുവന്‍ പേരെയും ഒഴിവാക്കി എംപ്ളോയ്മെന്റ് എക്സ്ചേഞ്ച് വഴി അര്‍ഹരാവയവര്‍ക്ക് നിയമനം നല്‍കണം. ഇത്അടിയന്തിരമായി നടപ്പാക്കണം എന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

 

സി​പി​എം നേ​താ​വും മു​ന്‍ എം​പി​യു​മാ​യ എ​ന്‍.​എ​ന്‍. കൃ​ഷ്ണ​ദാ​സി​ന്‍റെ ന​ട​പ​ടി അ​ങ്ങേ​യ​റ്റം അപലപനീ​യ​മെ​ന്ന് കേ​ര​ള പ​ത്ര​പ്ര​വ​ര്‍ത്ത​ക യൂ​ണി​യ​ന്‍. ഹീ​ന​മാ​യ പ്ര​സ്താ​വ​ന പി​ന്‍വ​ലി​ച്ച് മാ​പ്പു​പറയാ​ന്‍ കൃ​ഷ്ണ​ദാ​സ് ത​യാ​റാ​ക​ണ​മെ​ന്ന് യൂ​ണി​യ​ന്‍ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് കെ.​പി. റ​ജി​യും ജനറല്‍ സെ​ക്ര​ട്ട​റി സു​രേ​ഷ് എ​ട​പ്പാ​ളും ആ​വ​ശ്യ​പ്പെ​ട്ടു. മാ​ധ്യ​മ പ്ര​വ​ര്‍ത്ത​ക​രെ അധിക്ഷേപിക്കു​ക​യും ത​ട്ടി​ക്ക​യ​റു​ക​യും, സാ​ക്ഷ​ര കേ​ര​ള​ത്തി​നു നി​ര​ക്കാ​ത്ത രീതി​യി​ല്‍ മുതിര്‍ന്ന രാ​ഷ്‌​ട്രീ​യ നേ​താ​വ് ന​ട​ത്തി​യ നി​ല​വാ​രം കു​റ​ഞ്ഞ​തും അ​സ​ഭ്യം കലര്‍ന്നതു​മാ​യ പ്രസ്താവനയിലും പെ​രു​മാ​റ്റ​ത്തി​ലും യൂ​ണി​യ​ന്‍ സം​സ്ഥാ​ന ക​മ്മി​റ്റി ശക്തമായി പ്ര​തി​ഷേ​ധി​ച്ചു.

മാധ്യമങ്ങളെ വിമര്‍ശിച്ച എന്‍.എന്‍. കൃഷ്ണദാസിനെ ഒടുവില്‍ തള്ളിപ്പറഞ്ഞ്‌ പാര്‍ട്ടി. തിരഞ്ഞെടുപ്പ് സമയത്ത് ഇത്തരം പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതായിരുന്നെന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയേറ്റില്‍ വിലയിരുത്തല്‍.കൃഷ്ണദാസിന്റെ നിലപാട് തിരിച്ചടിയാവുമെന്ന് മനസ്സിലാക്കിയതോടെയാണ് പാര്‍ട്ടി നിലപാട്‌ വ്യക്തമാക്കിയത്.

 

100 കോടി കോഴ വാഗ്ദാനം ചെയ്തെന്ന ആരോപണത്തിൽ അടിയന്തരമായി വിജിലൻസ് അന്വേഷണം നടത്തണമെന്ന് കോൺഗ്രസ് നേതാവ് കെ മുരളീധരൻ ആവശ്യപ്പെട്ടു . തോമസ് കെ തോമസിനെതിരെയുള്ള കുറ്റം എന്താണെന്നും , മന്ത്രിസഭയിൽ എടുക്കാൻ പറ്റാത്ത ആളാണ് തോമസ് കെ തോമസ് എന്നു മുഖ്യമന്ത്രി പറയുന്നതിലെ കാര്യമെന്താണെന്നും ഇതെല്ലാം കൃത്യമായി പുറത്ത് വരണമെന്നും തോമസ് കെ തോമസിനെ ചോദ്യം ചെയ്യണമെന്നും മുരളീധരൻ ആവശ്യപ്പെട്ടു.

 

എഡിഎം നവീൻ ബാബുവിനെതിരായ കൈക്കൂലി ആരോപണത്തിലെ പരാതിക്കാരനായ പ്രശാന്തിനെ സസ്പെൻ്റ് ചെയ്തു. പരിയാരം മെഡിക്കൽ കോളേജിലെ സർവീസിലിരിക്കെ ബിസിനസ് നടത്തിയതും അനധികൃത അവധിയെടുത്തതും അടക്കം ചൂണ്ടിക്കാട്ടിയാണ് സസ്പെൻ്റ്ചെയ്തത് . പ്രശാന്തിനെ ജോലിയിൽ നിന്ന് പിരിച്ചുവിടുമെന്ന് നേരത്തെ ആരോഗ്യമന്ത്രി പറഞ്ഞിരുന്നു.

 

എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ പിപി ദിവ്യയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ജില്ലാ വികസന സമിതിയിൽ പ്രമേയം. കോൺഗ്രസ് അംഗങ്ങളുടെ പ്രതിഷേധത്തെ തുടർന്നായിരുന്നു കളക്ടർ പ്രമേയം അംഗീകരിച്ചത്. യാത്രയയപ്പ് ചടങ്ങിലേക്ക് ദിവ്യ എത്തുമെന്ന കാര്യം കളക്ടർക്ക് അറിയാമായിരുന്നു എന്ന പ്രോസിക്യൂഷൻ വാദത്തെക്കുറിച്ച് പ്രതികരിക്കാനില്ലെന്നും താൻ തുടരണോ എന്ന കാര്യം സർക്കാർ തീരുമാനിക്കട്ടെയെന്നും കളക്ടർ അരുൺ കെ വിജയൻ പറഞ്ഞു.

 

സുരേഷ് ഗോപി പാർട്ടി പരിപാടിയിൽ അപമാനിച്ചെന്ന് ചങ്ങനാശ്ശേരി മണ്ഡലം ജനറല്‍ സെക്രട്ടറി കണ്ണൻ പായിപ്പാട് പ്രധാനമന്ത്രിക്കു പരാതി നൽകി. വെളളിയാഴ്ച ചങ്ങനാശേരിയിൽ നടന്ന പരിപാടിയിൽ സുരേഷ് ഗോപി ഒരു മണിക്കൂർ നേരത്തെ എത്തിയിരുന്നെങ്കിലും വേദിയിൽ ഇരിക്കാൻ കൂട്ടാക്കിയില്ലെന്നും, അതോടൊപ്പം നിവേദനം നൽകാൻ എത്തിയവരെ ഞാൻ നിങ്ങളുടെ എംപി അല്ലെന്ന് പറഞ്ഞ് അധിക്ഷേപിച്ചുവെന്നും കണ്ണൻ ആരോപിക്കുന്നു.

പി. ജയരാജന്റെ ‘കേരളം മുസ്ലിം രാഷ്ട്രീയം, രാഷ്ട്രീയ ഇസ്ലാം’ എന്ന പുസ്തകം മുഖ്യമന്ത്രി പിണറായി വിജയൻ പ്രകാശനം ചെയ്തു. പുസ്തകത്തിലെ എല്ലാ നിലപാടുകളും പാർട്ടിനിലപാടുകളല്ലെന്നും ജയരാജന്റെ വ്യക്തിപരമായ വിലയിരുത്തൽ പുസ്തകത്തിൽ ഉണ്ടെന്നും അതിനെ അങ്ങനെത്തന്നെ ആയി കാണണമെന്നും മുഖ്യമന്ത്രി പുസ്തകപ്രകാശനം നിർവ്വഹിച്ച ശേഷം സംസാരിച്ചു.

 

ആർഎസ്എസിനെതിരെ മദനി 90 കളിൽ പറഞ്ഞതാണ് ഇന്ന് സിപിഎമ്മും കോൺഗ്രസും ആവർത്തിക്കുന്നതെന്ന് പിഡിപി സംസ്ഥാന ജനറൽ സെക്രട്ടറി വി.എം അലിയാർ. പി ജയരാജനെ മദനിക്കെതിരായ ആരോപണത്തിൽ സംവാദത്തിന് വെല്ലുവിളിക്കുന്നു. മദനിക്ക് പി ജയരാജൻ്റെ ഗുഡ് സർട്ടിഫിക്കറ്റ് വേണ്ട. സിപിഎം നിലപാട് ഇത് തന്നെയാണോയെന്ന് എംവി ഗോവിന്ദൻ വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.ധാരണക്കുറവ് കൊണ്ടാകാം ബിനോയ്‌ വിശ്വത്തിന്റെ പ്രതികരണമെന്നും അലിയാർ പറഞ്ഞു.

മദനിയുമായി ബന്ധപ്പെട്ട് വസ്തുതകൾക്ക് നിരക്കാത്ത ഒന്നും എഴുതിയിട്ടില്ലെന്ന്  പി ജയരാജൻ. മദനിയുടെ പ്രസംഗത്തിൽ വിമർശനം ഉണ്ടായിരുന്നു. പിൽക്കാലത്തു മദനി നിലപാടിൽ മാറ്റം വരുത്തി. ഇതൊക്കെയാണ് പുസ്തകത്തിൽ ഉള്ളത്. ‘കേരളം, മുസ്ലിം രാഷ്ട്രീയം, രാഷ്ട്രീയ ഇസ്ലാം’ എന്ന തൻ്റെ പുസ്തകത്തിലെ വിവാദ പരാമർശങ്ങളിൽ പ്രതികരിക്കുകയായിരുന്നു ജയരാജൻ.മദനിയിലൂടെ യുവാക്കാൾ തീവ്രവാദത്തിലേക്ക് ആകർഷിക്കപ്പെട്ടു‌. ബാബറി മസ്ജിദിന്റെ തകർച്ചക്ക് ശേഷമുളള മദനിയുടെ പ്രഭാഷണ പര്യടനത്തിന് ഇതിൽ പ്രധാന പങ്കുണ്ടെന്നും പി.ജയരാജൻ ആരോപിച്ചിരുന്നു.

ഒരു പിഎച്ച്ഡി പ്രബന്ധമാകാനുള്ള എല്ലാ യോ​ഗ്യതയും പി. ജയരാജന്റെ ‘കേരള മുസ്ലിം രാഷ്ട്രീയം, രാഷ്ട്രീയ ഇസ്ലാം’ എന്ന പുസ്തകത്തിനുണ്ടെന്ന് വായിക്കുന്ന ഏതൊരാൾക്കും നിസംശയം പറയാനാകുമെന്ന് കെ.ടി.ജലീൽ. കേരളത്തിലെ മുസ്ലീം മതസംഘടനകളെ കുറിച്ച് അറിയാൻ ആ​ഗ്രഹമുള്ളവർക്ക് തീർച്ചയായും ഈ ​ഗ്രന്ഥം പ്രയോജനപ്പെടും എന്നും അദ്ദേഹം പറഞ്ഞു.

 

സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന് മറുപടിയുമായി സിപിഎം നേതാവ് ഇ.പി. ജയരാജൻ. ബിനോയ് വിശ്വം പുസ്തകം കണ്ടിട്ടുണ്ടാവില്ല. ചരിത്ര പഠനത്തിന് സഹായകരമാകുന്ന പുസ്തകമാണ് പി. ജയരാജന്റേതെന്ന് എന്നാണ് ബിനോയ് വിശ്വത്തിനുള്ള മറുപടിയായി ഇ.പി പറഞ്ഞത്. പി. ജയരാജന്റെ പരാമര്‍ശം സ്വയം വിമര്‍ശനമായി കാണുന്നുവെന്ന് ബിനോയ് വിശ്വം പറഞ്ഞിരുന്നു. പി.ഡി.പിയുമായി സഹകരിക്കരുതെന്ന് സി.പി.ഐ നേരത്തേ പറഞ്ഞിരുന്നുവെന്നും ബിനോയ് വിശ്വം ചൂണ്ടിക്കാട്ടിയിരുന്നു.

പി. ജയരാജന്റെ ‘കേരള മുസ്ലിം രാഷ്ട്രീയം, രാഷ്ട്രീയ ഇസ്ലാം’ എന്ന പുസ്തകം കത്തിച്ച് പി.ഡി.പി. പ്രവർത്തകരുടെ പ്രതിഷേധം. പുസ്തക പ്രകാശനം നടന്ന വേദിക്ക് സമീപമാണ് പ്രതിഷേധം നടന്നത്. പുസ്തക പ്രകാശനം കഴിഞ്ഞ് മുഖ്യമന്ത്രി മടങ്ങിയതിന് ശേഷമായിരുന്നു പ്രതിഷേധം.

 

1991-ൽ പാലക്കാട് മുൻസിപ്പൽ ചെയർമാൻ എം.എസ് ​ഗോപാലകൃഷ്ണൻ ബിജെപി ജില്ലാ അധ്യക്ഷന് പിന്തുണ അഭ്യർഥിച്ച് അയച്ച കത്ത് പുറത്തുവിട്ട് സന്ദീപ് വാര്യർ. സിപിഎം നേതാവ് നിതിൻ കണിച്ചേരിക്കുള്ള മറുപടിയായാണ് കത്ത് പുറത്തുവിട്ടത്.ഇക്കാലത്ത് സി.പി.എമ്മിന് പിന്തുണ നൽകിയിരുന്നതായി അന്നത്തെ ബിജെപി കൗൺസിലറായ ശിവരാജനും പറഞ്ഞു.

 

കാരാട്ട് റസാഖിന് ഡിഎംകെയിലേക്ക് വരേണ്ടി വരുമെന്ന് പിവി അൻവർ എംഎൽഎ. നാല് എംഎൽഎമാരെങ്കിലും തെര‍ഞ്ഞെടുപ്പ് കഴിഞ്ഞാലുടൻ ഒപ്പം വരുമെന്നും അൻവർ പ്രതികരിച്ചു. ഇന്നലെ നടന്ന കൂടിക്കാഴ്ച്ചയിൽ കാര്യങ്ങൾ സംസാരിച്ചു. ഒരാഴ്ച്ചക്കുള്ളിൽ തീരുമാനം പറയാമെന്ന് കാരാട്ട് റസാഖ് അറിയിച്ചതായും അൻവർ പറഞ്ഞു.

 

കേരളത്തിൽ ഖനനമേഖലയുടെ സർവ്വേയ്ക്കും ഇനി ഡ്രോൺ. മൈനിങ്ങ് ആൻഡ് ജിയോളജി വകുപ്പ് കെൽട്രോണിന്‍റെ സഹായത്തോടെ വികസിപ്പിച്ചെടുത്ത ഡ്രോൺ ലിഡാർ സർവ്വേ പ്രവർത്തനമാരംഭിച്ചു.മൈനിങ്ങ് ആൻഡ് ജിയോളജി മേഖലയിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരാൻ സാധിച്ചിട്ടുണ്ടെന്നും മന്ത്രി പി രാജീവ് പറഞ്ഞു.

 

സംസ്ഥാനത്ത് ഇന്ന് വിവിധ ജില്ലകളിൽ ഇടിമിന്നലോടുകൂടിയ മഴക്ക് സാധ്യത. കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടി മഴയുണ്ടാകുമെന്നാണ് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.

 

ഫിലിപ്പീൻസിൽ ട്രാമി ഉഷ്ണമേഖലാ കൊടുങ്കാറ്റിൽ വൻ നാശനഷ്ടം. മണ്ണിടിച്ചിലിലും വെള്ളപ്പൊക്കത്തിലുമായി ഇതുവരെ 81 പേർ മരിച്ചു. 3,20,000 പേരെ കൊടുങ്കാറ്റിനെ തുടർന്ന് മാറ്റിത്താമസിപ്പിച്ചു. മധ്യ ഫിലിപ്പീൻസിലെ ബിക്കോൾ മേഖലയിലാണ് വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും കൂടുതൽ മരണമുണ്ടായത്. ചിലയിടത്ത് 24 മണിക്കൂറിനുള്ളിൽ പെയ്തത് ഒന്നോ രണ്ടോ മാസം പെയ്യേണ്ട മഴയാണ് ഇത് മിന്നൽ പ്രളയത്തിന് കാരണമായതെന്നാണ് റിപ്പോർട്ടുകൾ.

 

മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പില്‍ ബാന്ദ്ര വെസ്റ്റ് മണ്ഡലത്തിലെ സ്ഥാനാര്‍ഥിയായി ലോറന്‍സ് ബിഷ്‌ണോയിയെ സ്ഥാനാര്‍ഥിയാക്കി നാമനിര്‍ദേശ പത്രിക നല്‍കാന്‍ ഉത്തര്‍ ഭാരതീയ വികാസ് സേന. നോമിനേഷന്‍ നല്‍കുന്നതിനായി റിട്ടേണിങ് ഓഫീസറുടെ പക്കല്‍നിന്നും ഫോം ആവശ്യപ്പെട്ടു. പാര്‍ട്ടി നേതാവായ സുനില്‍ ശുക്ലയാണ് ലോറൻസ് ബിഷ്‌ണോയിക്കായി നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുമെന്ന് അറിയിച്ചിരിക്കുന്നത്.

സമൂഹത്തിലെ വിവിധ മേഖലകളിലുള്ളവരുമായി നടത്തുന്ന കൂടികാഴ്ചകൾ സാധാരണ നടപടി മാത്രമെന്ന് ആർഎസ്എസ് മേധാവി ദത്താത്രേയ ഹൊസബലേ. രാഷ്ട്ര നന്മയിൽ വിശ്വസിക്കുന്ന ആരുമായും കൂടികാഴ്ചകൾ നടത്തും, ആരോടും വിദ്വേഷമില്ല. ആരേയും അകറ്റി നിർത്തില്ലെന്നും  ഹൊസബലേ ഉത്തർപ്രദേശിൽ പറഞ്ഞു. യുപിയിലെ മധുരയിൽ ആർഎസ്എസ് ദേശീയ നിർവാഹക സമിതി യോ​ഗം ചേർന്ന ശേഷം നടത്തിയ വാർത്താ സമ്മേളനത്തിലാണ് പ്രതികരണം.

 

പ്രിയങ്ക ​ഗാന്ധിക്കെതിരെ വീണ്ടും ബിജെപി. പ്രിയങ്കയുടെ ഭർത്താവ് റോബർട്ട് വദ്രക്കെതിരായ കേസുകളുടെ വിവരങ്ങൾ സത്യവാങ്മൂലത്തിൽ  പ്രിയങ്ക മറച്ചു വച്ചുവെന്ന് ബിജെപി ആരോപിച്ചു. ക്രിമിനൽ പശ്ചാത്തലം വ്യക്തമാക്കണമെന്ന സുപ്രീം കോടതി നിർദ്ദേശം അട്ടിമറിച്ചെന്നും അതിനാൽ പ്രിയങ്കയുടെ പത്രിക തള്ളണമെന്നും ബിജെപി ദേശീയ വക്താവ് ഗൗരവ് ഭാട്യ ആവശ്യപ്പെട്ടു.

 

വിമാനങ്ങള്‍ക്കു നേരെയുള്ള വ്യാജബോംബ് ഭീഷണിയില്‍ സാമൂഹികമാധ്യമങ്ങള്‍ക്ക് കര്‍ശനനിര്‍ദേശവുമായി കേന്ദ്രം. വ്യാജസന്ദേശങ്ങള്‍ നിയന്ത്രിക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നാണ് ഐടി മന്ത്രാലയത്തിന്റെ ഉത്തരവ്.തെറ്റായ സന്ദേശങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ 72 മണിക്കൂറിനുള്ളില്‍ അധികാരികളെ അറിയിക്കണമെന്നാണ് നിര്‍ദേശം. അത് അറിയിക്കാത്ത പക്ഷം ഐടി ആക്ട് പ്രകാരം കുറ്റകൃത്യമായി കണക്കാക്കുമെന്ന മുന്നറിയിപ്പും ഐടിമന്ത്രാലയം കമ്പനികള്‍ക്ക് നല്‍കിയിട്ടുണ്ട്.

 

വിക്കിപീഡിയ നിയന്ത്രിക്കുന്നത് തീവ്രഇടതുപക്ഷക്കാരാണെന്നും അവര്‍ക്ക് സംഭാവന നല്‍കുന്നത് നിര്‍ത്തണമെന്നും ടെസ്‌ല, സ്‌പേസ് എക്‌സ് സി.ഇ.ഒ ഇലോണ്‍ മസ്‌ക്. എക്‌സില്‍ പങ്കുവെച്ച പോസ്റ്റിലാണ് മസ്‌കിന്റെ വിമര്‍ശനം.

ശനിയാഴ്ച പുലർച്ചെ ഇറാനെ ലക്ഷ്യമിട്ട് ഇസ്രയേൽ നടത്തിയ ആക്രമണത്തെ അപലപിച്ച് പാകിസ്താൻ. മിഡിൽ ഈസ്റ്റിൽ സംഘർഷം രൂക്ഷമാക്കുന്നതിന്റെ പൂർണ ഉത്തരവാദിത്വം ഇസ്രയേലിനാണെന്ന് പാകിസ്താൻ വിദേശകാര്യമന്ത്രാലയം ആരോപിച്ചു.

 

ന്യൂസീലന്‍ഡിനു മുന്നില്‍ ഇന്ത്യയ്ക്ക് പരമ്പര തോല്‍വി. 113 റണ്‍സിനാണ് പുണെ ടെസ്റ്റില്‍ ഇന്ത്യ അടിയറവ് പറഞ്ഞത്. രണ്ടാം ഇന്നിങ്‌സില്‍ കിവീസ് ഉയര്‍ത്തിയ 359 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത ഇന്ത്യ 245 റണ്‍സിന് പുറത്തായി. ഒന്നാം ഇന്നിങ്‌സില്‍ ഏഴു വിക്കറ്റ് വീഴ്ത്തിയതിനു പിന്നാലെ രണ്ടാം ഇന്നിങ്‌സിലും ആറു വിക്കറ്റ് നേടിയ മിച്ചല്‍ സാന്റ്‌നറാണ് ഇന്ത്യയെ തകര്‍ത്തത്.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *