Screenshot 2024 02 27 20 21 14 990 com.android.chrome edit 2

 

ഉത്സവങ്ങൾക്ക് ആനയെ എഴുന്നള്ളിക്കുന്നത് മനുഷ്യന്റെ അഹന്തയെന്ന് ഹൈക്കോടതി. മൃഗങ്ങൾക്ക് എതിരായ അതിക്രമങ്ങളുടെ പേരിൽ സ്വമേധയാ എടുത്ത കേസ് പരിഗണിക്കവേയാണ് കോടതിയുടെ പരാമർശം.തിമിംഗിലം കരയിൽ ജീവിക്കുന്ന ജീവിയല്ലാത്തത് ഭാഗ്യം. ഇല്ലെങ്കിൽ തിമിംഗലത്തെയും എഴുന്നള്ളത്തിന് ഉപയോഗിച്ചേനെയെന്നും കോടതി വിമർശിച്ചു.

 

പാലക്കാട്, ചേലക്കര, വയനാട് മണ്ഡലങ്ങളിലേക്ക് നടക്കുന്ന ഉപതെരഞ്ഞെടുപ്പിന്റെ നാമനിര്‍ദ്ദേശ പത്രികാ സമര്‍പ്പണം അവസാനിച്ചു. പാലക്കാട് 16 സ്ഥാനാർത്ഥികളും ചേലക്കരയിൽ 9 സ്ഥാനാർത്ഥികളും വയനാട്ടിൽ 21 സ്ഥാനാർത്ഥികളും മത്സര രം​ഗത്തുണ്ട്. നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന ഒക്ടോബര്‍ 28  ന് നടക്കും. ഒക്ടോബര്‍ 30 ന് വൈകിട്ട് മൂന്നിനകം സ്ഥാനാര്‍ഥികള്‍ക്ക് നാമനിര്‍ദേശ പത്രിക പിന്‍വലിക്കാം.

 

പിവി അൻവറിന്റെ പരിപാടിയെ പരിഹസിച്ച് എംവി ഗോവിന്ദൻ. നിലമ്പൂരിൽ വന്നത് കൂടി പോയാൽ 30 പേരായിരുന്നു. പാർട്ടിയുമായി ഇടഞ്ഞവരും അനുഭാവികളും ഒക്കെയായി അത്ര പേരെ ഉണ്ടാവൂ. ബാക്കിയുള്ളവർ എസ്ഡിപിഐക്കാരും ജമാ അത്തെ ഇസ്ലാമിക്കാരും കോൺഗ്രസുകാരുമാണെന്നും എംവി ഗോവിന്ദൻ പറഞ്ഞു. ശരിയായ പ്രതിപക്ഷം മാധ്യമങ്ങളാണ്. പ്രതിപക്ഷം പരസ്പരം അടിച്ചു കൊണ്ടിരിക്കുന്നു എന്നും അദ്ദേഹം കുറ്റപ്പെടുത്തി.

 

എകെ ഷാനിബിന്റെ മത്സര രംഗത്തുനിന്നുള്ള പിന്മാറ്റം അൻവറിന്റെയും യുഡിഎഫിന്റെയും പോലെ ഒളിച്ചുകളി രാഷ്ട്രീയമല്ലെന്ന് പി സരിൻ. കോൺഗ്രസുകാർ ആർക്കാണ് വോട്ട് ചെയ്യാൻ പോകുന്നത് എന്നതിന്റെ ഉത്തരമാണ് ഷാനിബിന്റെ പിന്മാറ്റം. എൽഡിഎഫ് കൺവെൻഷനിൽ കോൺഗ്രസ്സ് പ്രവർത്തകരും എത്തിയിട്ടുണ്ടെന്നും സരിൻ പറഞ്ഞു.പാലക്കാട്‌ ജനത രാഷ്ട്രീയ വഞ്ചനക്ക് മറുപടി പറയും. പാർട്ടി മാറ്റം രക്തം രക്തത്തെ തിരിച്ചറിഞ്ഞതുപോലെയാണ്. അതിൽ അഭിമാനിക്കുന്നുവെന്നും സരിൻ പറഞ്ഞു.

 

മാധ്യമങ്ങളെ വീണ്ടും അധിക്ഷേപിച്ച്  സിപിഎം സംസ്ഥാന കമ്മിറ്റി അംഗം എൻഎൻ കൃഷ്ണദാസ്. പാലക്കാട്ടെ സിപിഎം നേതാവ് അബ്ദുള്‍ ഷുക്കൂറിനെ അനുനയിപ്പിച്ചതിന് പിന്നാലെയാണ് എൻഎൻ കൃഷ്ണദാസ് മാധ്യമങ്ങളെ അധിക്ഷേപിച്ചത്.ഇറച്ചിക്കടയ്ക്ക് മുന്നിൽ പട്ടികള്‍ നിന്നത് പോലെ ഷുക്കൂറിന്‍റെ വീടിന് മുന്നിൽ രാവിലെ മുതൽ നിന്നവര്‍ ലജ്ജിച്ച് തലതാഴ്ത്തണമെന്നായിരുന്നു പരാമര്‍ശം. ഷുക്കൂറിനെ നിങ്ങള്‍ക്ക് അറിയില്ലെന്നും ഷുക്കൂറിനൊന്നും പറയാനില്ലെന്നും എൻഎൻ കൃഷ്ണദാസ് പറഞ്ഞു.

 

പാർട്ടി വിടുമെന്ന് പ്രഖ്യാപിച്ച പാലക്കാട് സിപിഎം ഏരിയാ കമ്മിറ്റിയംഗം അബ്ദുൾ ഷുക്കൂർ പാർട്ടി വിടില്ല. പാർട്ടി നേതൃത്വത്തിൻ്റെ അനുനയ നീക്കം ഫലം കണ്ടതോടെ ഇന്ന് വൈകിട്ടത്തെ തെരഞ്ഞെടുപ്പ് കൺവൻഷനിൽ പങ്കെടുക്കാൻ അബ്ദുൾ ഷുക്കൂറെത്തി. കൺവൻഷൻ യോഗത്തിലേക്ക് ഷുക്കൂറിനെ തോളിൽ കൈയ്യിട്ട് എൻഎൻ കൃഷ്ണദാസാണ് എത്തിച്ചത്.

 

പിവി അൻവറിന്‍റെ പാ‍ർട്ടിയായ ഡിഎംകെയിൽ പൊട്ടിത്തെറി. പാലക്കാട്ടെ സ്ഥാനാർത്ഥിയെ പിൻവലിച്ചതിൽ പ്രതിഷേധിച്ച് ജില്ലാ സെക്രട്ടറി  ബി ഷമീർ രാജിവെച്ച്  സ്വതന്ത്രനായി മത്സരിക്കാൻ പത്രിക നൽകി. അൻവർ ഏകപക്ഷീയമായി സ്ഥാനാർത്ഥിയെ പിൻവലിച്ചതിൽ പ്രവർത്തകർക്ക് കടുത്ത നിരാശയുണ്ടെന്നും തന്നോടൊപ്പം 100 പേർ പാർട്ടി വിടുമെന്നും ഷമീർ പ്രതികരിച്ചു.

 

തോമസ് കെ തോമസ് 100 കോടി വാഗ്ദാനം ചെയ്തെന്ന ആരോപണത്തിൽ പ്രതികരിച്ച് ആന്റണി രാജു. താൻ മന്ത്രിയാകുന്നത് തടയാൻ ആന്റണി രാജു മുഖ്യമന്ത്രിയെ തെറ്റിദ്ധരിപ്പിച്ചെന്ന തോമസ് കെ തോമസിന്റെ ആരോപണം ആന്റണി രാജു തളളി. തോമസ് കെ തോമസ് പരസ്പര വിരുദ്ധമായ പ്രസ്താവനകൾ നടത്തുകയാണെന്നും ഞാൻ മുഖ്യമന്ത്രിയെ തെറ്റിദ്ധരിപ്പിച്ചിട്ടില്ലെന്നും ആന്റണി രാജു പ്രതികരിച്ചു. ഞാൻ വിചാരിച്ചാൽ തെറ്റിദ്ധരിക്കുന്ന ആളല്ല മുഖ്യമന്ത്രി.അന്വേഷണം നടക്കട്ടേയെന്നും ആന്റണി രാജു വ്യക്തമാക്കി.

 

തനിക്കെതിരായ ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും പിന്നിൽ ആന്‍റണി രാജുവാണെന്നും കുട്ടനാട് എംഎല്‍എ തോമസ് കെ തോമസ്. തോമസ്‌ മന്ത്രിയാകില്ലെന്നും താനൊരു ടോർപിഡോ വെച്ചിട്ടുണ്ടെന്നും ആന്റണി രാജു പലരോടും പറഞ്ഞിട്ടുള്ള കാര്യം അറിയാമെന്നും ഇത് അത്തരത്തിലുള്ള ആന്‍റണി രാജുവിന്‍റെ നീക്കമാണെന്നും തോമസ് കെ തോമസ് ആരോപിച്ചു.എകെ ശശീന്ദ്രൻ നല്ല മന്ത്രി ആണ്. മന്ത്രി മാറ്റം പാർട്ടി തീരുമാനം ആണെന്നും തോമസ് കെ തോമസ് പറഞ്ഞു.

 

വയനാട് ദുരിതാശ്വാസത്തിന് പ്രത്യേക സഹായം കേന്ദ്ര സർക്കാർ നല്‍കിയില്ലെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ഹൈക്കോടതിയിൽ. സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ മൂന്ന് അപേക്ഷകളിലും കേന്ദ്രം തീരുമാനമെടുത്തില്ല. തീവ്ര സ്വഭാവമുള്ള ദുരന്തമെന്ന് വിജ്ഞാപനം ചെയ്യണമെന്ന ആവശ്യം അംഗീകരിച്ചില്ല. ആവശ്യം അംഗീകരിച്ചെങ്കില്‍ പുനര്‍ നിര്‍മ്മാണത്തിനായി ആഗോള സഹായം ലഭിക്കുമായിരുന്നു. ദുരിത ബാധിതരുടെ വായ്പകള്‍ എഴുതിത്തള്ളണമെന്ന ആവശ്യവും കേന്ദ്രം അംഗീകരിച്ചില്ലെന്ന് സർക്കാർ ഹൈക്കോടതിയിൽ പറഞ്ഞു.

എരുമേലിയിലെ ഒരുക്കങ്ങൾ വിലയിരുത്തി സർക്കാർ. ശബരിമല തീർഥാടകർക്ക് എരുമേലിയിൽ കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്തുന്നതിനായി പാർക്കിങ്  വിപുലീകരിക്കും. കെഎസ്ആർടിസി എരുമേലി ഡിപ്പോയിൽ നിന്നുള്ള ശബരിമല സർവീസുകളുടെ എണ്ണം 20 ആയി വർധിപ്പിച്ചു . കഴിഞ്ഞ കാലങ്ങളിലുണ്ടായ പോരായ്മകൾ പരിഹരിക്കുന്നതിന് വിവിധ വകുപ്പുകളുടെ നേതൃത്വത്തിലുള്ള പ്രവർത്തനങ്ങളും യോഗം വിലയിരുത്തി.

വാഷിംഗ്ടണ്‍ ഡിസിയില്‍ നടന്ന വേള്‍ഡ് ബാങ്കിന്റെ വാര്‍ഷിക യോഗങ്ങളില്‍ പങ്കെടുത്ത് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഇന്നലെ സ്ത്രീപക്ഷ വിഷയങ്ങളില്‍ ആശയവിനിമയം നടന്നു. സ്ത്രീകളുടെ സാമ്പത്തിക ശാക്തീകരണത്തിലെ പ്രതിബന്ധങ്ങള്‍ ഇല്ലാതാക്കുക എന്ന വിഷയത്തില്‍ ലോകത്തിലെ വിവിധ സമൂഹങ്ങളില്‍ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്തെന്ന് മന്ത്രി അറിയിച്ചു.

 

പൊന്നാനി ബലാത്സംഗ പരാതിയിൽ മുൻ എസ്പി സുജിത്ത് ദാസടക്കമുള്ള പൊലീസുദ്യോഗസ്ഥർക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുന്നത് താൽക്കാലികമായി തടഞ്ഞ് ഹൈക്കോടതി. നവംബർ ഒന്നിന് ഹർജി വീണ്ടും പരിഗണിക്കും. പൊലീസുദ്യോഗസ്ഥർക്കെതിരെ കേസ് എടുക്കാൻ പൊന്നാനി മജിസ്ട്രേറ്റ് കോടതി ഇന്നലെയാണ് ഉത്തരവിട്ടത്.

തിരുവനന്തപുരത്ത്  കനത്ത മഴ . ശക്തമായ മഴയെ തുടർന്ന് വീടിനു മുൻപിൽ പാർക്ക് ചെയ്തിരുന്ന വാഹനങ്ങളുടെ മേലേക്ക് മതിലിടിഞ്ഞു വീണു. അരുവിക്കര പഞ്ചായത്തിലെ മൈലമൂട് വാർഡിലാണ് സംഭവം.മഴയുടെ പശ്ചാത്തലത്തിൽ മന്ത്രി ശിവൻകുട്ടിയുടെ നേതൃത്വത്തിൽ ഉന്നത തല യോഗം ചേര്‍ന്നു.തിരുവനന്തപുരത്ത് കണ്‍ട്രോള്‍ റൂം തുറന്നിട്ടുണ്ട്. ക്യാമ്പുകള്‍ സജ്ജമാണെന്നും ആരെയും ഇതുവരെ മാറ്റിപാര്‍പ്പിച്ചിട്ടില്ലെന്നും മന്ത്രി അറിയിച്ചു.

തിരുവനന്തപുരത്ത് കനത്ത മഴയിലും ജില്ലാ സ്കൂൾ കായിക മേള നടത്തി സംഘാടകർ. തിരുവനന്തപുരത്ത് എൽഎൻസിപിഇയിൽ ആണ് മത്സരങ്ങൾ നടന്നത്. രണ്ടു ദിവസമായി പെയ്യുന്ന കനത്ത മഴയിൽ ട്രാക്കും ഫീൽഡും വെള്ളം നിറഞ്ഞിട്ടും കായികമേള നിർത്തിവെച്ചിരുന്നില്ല.മഴ മുന്നറിയിപ്പ് ലഭിച്ചിട്ടും കുട്ടികൾക്കും അധ്യാപകർക്കും രക്ഷകർത്താക്കൾക്കും മഴ നനയാതെ നിൽക്കാനുള്ള സൗകര്യവും ഒരുക്കിയിരുന്നില്ല.

 

നോക്കുകൂലി വാങ്ങിയ കയറ്റിറക്ക് തൊഴിലാളികൾക്കെതിരെ നടപടി. സ്റ്റാച്യു -കന്‍റോണ്‍മെന്‍റ് പരിധിയിലെ യൂണിയനിൽപ്പെട്ട 10 പേരെയാണ് സസ്പെൻഡ് ചെയ്തത്. സെൻട്രൽ സ്റ്റേഡിയത്തിൽ കൊണ്ടുവന്ന സാധനങ്ങള്‍ ലോറിയിൽ നിന്നും ഇറക്കാതെ കരാറുകാരൻനിന്നും 15,000 രൂപ നോക്കു കൂലി വാങ്ങിയതിനാണ് നടപടി.

പട്ടാളപുഴുവിന്റെ ലാർവെ ഉപയോഗിച്ച് പ്രകൃതിസൗഹൃദ മത്സ്യത്തീറ്റയുമായി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം . മത്സ്യത്തീറ്റക്കായി ഫിഷ്മീലിനെ ആശ്രയിക്കുന്ന നിലവിലെ രീതി ഒഴിവാക്കി മത്സ്യകൃഷിയെ സുസ്ഥിരമാക്കാൻ സഹായിക്കുന്നതാണ് ഈ നേട്ടം. മീനുകളുടെ വളർച്ചക്ക് സഹായകരമാകുന്നവിധം പോഷകമൃദ്ധമാണ് ഈ തീറ്റ.ഒരേ സമയം, മാലിന്യ സംസ്‌കരണവും തീറ്റനിർമാണവും സാധ്യമാക്കുന്നതാണ് സിഎംഎഫ്ആർഐയുടെ സാങ്കേതികവിദ്യ.

 

ആക്രമിക്കാൻ വന്ന തെരുവ് നായയെ കല്ലെറിഞ്ഞതിന് ബെംഗളൂരുവിൽ മലയാളി യുവതിക്ക് നേരെ മർദ്ദനവും ലൈംഗിക അതിക്രമവും നേരിട്ടെന്ന് പരാതി. ഇന്നലെ രാമമൂർത്തി നഗറിൽ എൻ ആർ ഐ ലെ ഔട്ടിൽ വെച്ചാണ് സംഭവമുണ്ടായത്. യതീഷ് എന്ന ആൾക്കെതിരെ പരാതി നൽകിയിട്ടും പൊലീസ് എഫ്ഐആറിൽ പേര് വച്ചില്ല. യുവതി ബെംഗളൂരു സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി അയച്ചു.

 

ദിബ്രുഗഡ്-കന്യാകുമാരി വിവേക് ​​എക്‌സ്‌പ്രസിൻ്റെ എഞ്ചിൻ കോച്ചുകളിൽ നിന്ന് വേർപെട്ടു. തമിഴ്‌നാട്ടിലെ വെല്ലൂർ ജില്ലയിലെ തിരുവാലത്തിന് സമീപമാണ് സംഭവമുണ്ടായത്. അസമിലെ ദിബ്രുഗഡിൽ നിന്ന് തമിഴ്‌നാട്ടിലെ കന്യാകുമാരിയിലേക്ക് വരികയായിരുന്ന ട്രെയിനിലാണ് സംഭവമുണ്ടായത്. സംഭവത്തിൽ ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല.

 

പൊതു-സ്വകാര്യമേഖല സുരക്ഷാ സഹകരണം പരിപോഷിപ്പിക്കാൻ ചെന്നൈയിൽ നടന്ന ഒസാക് വാർഷിക സമ്മേളനം കോൺസുൽ ജനറലും  ക്രിസ് ഹോഡ്‌ജസും തമിഴ്‌നാട് ഐടി മന്ത്രി ഡോ. പളനിവേൽ ത്യാഗരാജനും ചേർന്ന് ഉത്‌ഘാടനം ചെയ്തു. യുണൈറ്റഡ് സ്റ്റേറ്റ്സ് ഗവൺമെന്റും ഇന്ത്യയിൽ പ്രവർത്തിക്കുന്ന യുഎസ് സ്വകാര്യ കമ്പനികളിലെ സുരക്ഷാ ഉദ്യോഗസ്ഥരും തമ്മിലുള്ള സഹകരണം പരിപോഷിക്കാൻ ലക്ഷ്യമിട്ടാണ് ചെന്നൈയിൽ ഓവർസീസ് സെക്യൂരിറ്റി അഡ്വൈസറി കൌൺസിൽ ഇന്ത്യ വാർഷിക പൊതുസമ്മേളനം നടന്നത്.

 

ഇന്ത്യ-ചൈന അതിര്‍ത്തി തര്‍ക്കത്തില്‍ നിര്‍ണ്ണായക പുരോഗതിക്കായി കിഴക്കന്‍ ലഡാക്കില്‍ സേനാ പിന്മാറ്റത്തിന് തീരുമാനം. ദെപ്സാംഗ് ദംചോക്ക് മേഖലകളില്‍ നിന്ന് ഇരുസേനകളും അടുത്ത ബുധനാഴ്ചയോടെ പിന്മാറുമെന്ന് കരസേന അറിയിച്ചു. തര്‍ക്കം നിലനില്‍ക്കുന്ന മറ്റ് മേഖലകള്‍ക്ക്  തീരുമാനം ബാധകമല്ലെന്നും സേനാ വൃത്തങ്ങള്‍ വ്യക്തമാക്കി.

25 വിമാനങ്ങൾക്ക് ഇന്ന് വ്യാജ ബോംബ് ഭീഷണി ലഭിച്ചു. ഇൻഡി​ഗോ, വിസ്താര, സ്പൈസ് ജെറ്റ് വിമാനങ്ങൾക്കാണ് ഭീഷണി സന്ദേശം ലഭിച്ചത്. ഇതോടെ കഴിഞ്ഞ രണ്ടാഴ്ചക്കിടെ ഭീഷണി ലഭിച്ച വിമാനങ്ങളുടെ എണ്ണം 275 ആയി.വ്യാജ ബോംബ് ഭീഷണികൾ യാത്രക്കാർക്ക് അസൗകര്യവും വിമാനക്കമ്പനികൾക്ക് വൻ സാമ്പത്തിക നഷ്ടവുമാണ് ഉണ്ടാക്കുന്നത്. ഇതേ തുടർന്ന് സൈബർ കമാൻഡോകളുടെ പ്രത്യേക വിഭാഗം രൂപീകരിക്കുന്നത് സംബന്ധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം എല്ലാ സംസ്ഥാനങ്ങൾക്കും നിർദ്ദേശം നൽകിയിരുന്നു.

 

ഗ്യാൻവാപി മസ്ജിദിൽ കൂടുതൽ ഇടങ്ങളിൽ സർവേ നടത്തണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജി വാരാണസി ജില്ലാകോടതി തള്ളി. അംഗശുദ്ധി വരുത്തുന്നയിടത്തും താഴികക്കുടത്തിലും ആർക്കിയോളജി സർവേ നടത്തണമെന്നായിരുന്നു ആവശ്യം. അംഗശുദ്ധി വരുത്തുന്നയിടത്ത്,ശിവലിംഗം കണ്ടെത്തിയെന്ന് അവകാശപ്പെട്ടത്തിനെ തുടർന്ന് ഈ ഭാഗം സുപ്രീംകോടതി സീൽ ചെയ്തിരിക്കുകയാണ്.

തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിന് ഒന്നര വര്‍ഷം ബാക്കിയുള്ളപ്പോള്‍ തന്നെ തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ ആരംഭിച്ച് ഭരണകക്ഷിയായ ഡിഎംകെ. ഇതിന്റെ ആദ്യപടിയെന്നോണം പാര്‍ട്ടി മേധാവിയും മുഖ്യമന്ത്രിയുമായ എം.കെ സ്റ്റാലിന്‍ തിങ്കളാഴ്ച ചെന്നൈയില്‍ മണ്ഡലം നിരീക്ഷകരുടെ യോഗം വിളിച്ചിട്ടുണ്ട്.

 

കാനഡയിലെ വാള്‍മാര്‍ട്ട് സ്റ്റോറിലെ വാക്ക് ഇന്‍ ഓവനില്‍ 19 വയസ്സുകാരി ഗുര്‍സിമ്രാന്‍ കൗര്‍ എന്ന ഇന്ത്യന്‍ യുവതി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ യുവതിയുടെ കുടുംബത്തിനായി ഒരു കോടി രൂപ സമാഹരിച്ച് കാനഡയിലെ സിഖ് സംഘടനയായ മാരിടൈം സിഖ് സൊസൈറ്റി. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ടെങ്കിലും കൗറിന്റെ മരണകാരണം ഇതുവരെ വ്യക്തമല്ല.

പ്രധാനമന്ത്രി മുദ്ര യോജന പ്രകാരമുള്ള വായ്പാ പരിധി 10 ലക്ഷത്തില്‍ നിന്നും 20 ലക്ഷമായി വര്‍ധിപ്പിച്ച പ്രഖ്യാപനം നിലവിൽ വന്നു. ഈ വര്‍ഷം ജൂലൈ 23 ന് 2024-202ലെ കേന്ദ്ര ബജറ്റില്‍ ധനമന്ത്രി നിര്‍മ്മല സീതാരാമനാണ് മുദ്ര വായ്പകളുടെ വര്‍ധിപ്പിച്ച പരിധി പ്രഖ്യാപിച്ചത്.

ഇന്ത്യയും ജര്‍മനിയും തമ്മിലുള്ള സൗഹൃദം എല്ലാ മേഖലയിലും കൂടുതല്‍ ദൃഢമായിക്കൊണ്ടിരിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇരുരാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തം 25 വര്‍ഷം പൂര്‍ത്തിയാക്കുകയാണ്. അടുത്ത 25 വര്‍ഷങ്ങളില്‍ ഇത് പുതിയ ഉയരങ്ങള്‍ കീഴടക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. 18-ാമത് ഏഷ്യ-പെസഫിക് കോണ്‍ഫറന്‍സ് ഓഫ് ജര്‍മന്‍ ബിസിനസ് 2024 ല്‍ സംസാരിക്കവെയാണ് പ്രധാനമന്ത്രി മോദി ഇക്കാര്യങ്ങള്‍ പറഞ്ഞത്.

ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി കമല ഹാരിസിനെ പരിഹസിച്ച് റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപ്. വൈറ്റ് ഹൌസിലേക്ക് കമലയെ തിരഞ്ഞെടുത്താല്‍ ചൈന അവരെ അവരെ കൊച്ചുകുട്ടിയെപ്പോലെയേ കാണൂവെന്നായിരുന്നു ട്രംപിന്റെ പരിഹാസം. ഒരു റേഡിയോ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ട്രംപ്.

 

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *