Screenshot 2024 02 27 20 21 14 990 com.android.chrome edit

 

രാഷ്ട്രീയ പാർട്ടിക്ക് പകരം സാമൂഹിക കൂട്ടായ്മ പ്രഖ്യാപിച്ച് പി. വി അൻവര്‍ എംഎൽഎ. ‘ഡെമോക്രാറ്റിക് മൂവ്മെന്‍റ് ഓഫ് കേരള’ എന്ന പേരിലാണ് കൂട്ടായ്മ. നയപരിപാടികൾ മഞ്ചേരിയിലെ പൊതുസമ്മേളനത്തിൽ അവതരിപ്പിച്ചു. യോഗത്തിൽ പങ്കെടുക്കാനും അൻവറിന്റെ വാക്കുകൾ കേൾക്കാനും വലിയ ജനക്കൂട്ടമാണ് മഞ്ചേരിയിലെത്തിയത്.

നയം പ്രഖ്യാപിച്ച് പി.വി.അൻവറിന്റെ ഡെമോക്രാറ്റിക് മൂവ്മെന്റ് ഓഫ് കേരള.മലപ്പുറം, കോഴിക്കോട് ജില്ലകളെ വിഭജിച്ച് കേരളത്തിൽ പതിനഞ്ചാമത് ജില്ലകൂടി രൂപീകരിക്കണം.രാഷ്ട്രീയ സാമ്പത്തിക സാമൂഹിക നീതി, ജനാധിപത്യത്തിന് ജാ​ഗ്രതയുള്ള കാവൽ, കുട്ടികൾക്കും സ്ത്രീകൾക്കും സുരക്ഷ, പ്രവാസി വോട്ടവകാശം ഉറപ്പുവരുത്തണം, സ്റ്റാർട്ടപ്പുകളെ പ്രോത്സാഹിപ്പിക്കണം, സംരംഭക സംരക്ഷണ നിയമം നടപ്പിലാക്കണം, സ്കൂൾ സമയം എട്ടുമുതൽ ഒരുമണി വരെയാക്കണം, ആരാധനയ്ക്കും വിശ്വാസത്തിനും സ്വാതന്ത്ര്യം, സാമൂഹ്യനീതി ജാതി സെൻസസിലൂടെ തുടങ്ങിയവയാണ് നയരേഖയിലെ പ്രധാന കാര്യങ്ങൾ.

 

മുഖ്യമന്ത്രിയുടെ പൊളിറ്റിൽ സെക്രട്ടറി പി ശശി, അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രൻ, കെകെ രാകേഷ് എന്നിവർ മുഖ്യമന്ത്രിയുമായി ക്ലിഫ് ഹൗസിൽ നടത്തിയ കൂടിക്കാഴ്ച്ചയിൽ വിശദീകരണവുമായി മുഖ്യമന്ത്രിയുടെ ഓഫീസ്. ക്ലിഫ് ഹൗസിലെ കൂടിക്കാഴ്ച പതിവ് ഉള്ളതാണെന്നും ദൈനംദിന ഓഫീസ് നിർവഹണത്തിന്റെ ഭാഗമാണെന്നും പുറത്തിറക്കിയ വാർത്താ കുറിപ്പിൽ പറയുന്നു. കൂടിക്കാഴ്ച പ്രത്യേക കാര്യത്തിന് വേണ്ടി എന്നത് വ്യാജ വാർത്തയാണെന്നും ഇത് മാധ്യമ ധാർമികതയ്ക്ക് നിരക്കാത്തതാണെന്നും വാർത്താകുറിപ്പിൽ വ്യക്തമാക്കുന്നു.

 

തൻ്റെ വാക്കുകൾ വളച്ചൊടിച്ചുവെന്ന് എംഎൽഎ കെടി ജലീൽ. വളരെ സദുപദേശപരമായി താൻ നടത്തിയ പ്രസ്താവനയെ വളരെ വികൃതമായിട്ടാണ് പിഎംഎ സലാം പറഞ്ഞത്. താൻ മലപ്പുറം വിരുദ്ധത പറഞ്ഞു എന്ന നിലയിൽ വരുത്തി തീർത്തുവെന്നും ഇതിനെ ചൊല്ലി സൈബർ ഇടങ്ങളിൽ വലിയ വിമർശനങ്ങൾ ഉയരുന്നുവെന്നും കെടി ജലീൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു .

കെ ടി ജലീൽ എം എൽ എയുടെ ‘മലപ്പുറം’ പരാമർശത്തിൽ വിമർശനവുമായി വണ്ടൂർ എം എൽ എ, എ പി അനിൽകുമാർ. പിണറായി ഭക്തി പ്രകടിപ്പിക്കാനുള്ള ആയുധമാക്കി മലപ്പുറം ജില്ലയെയും, ജനങ്ങളെയും മാറ്റി എന്നുള്ളത് അങ്ങേയറ്റം പ്രതിഷേധാർഹമാണെന്ന് അനിൽകുമാർ ഫേസ്ബുക്ക് കുറിപ്പിലൂടെ പറഞ്ഞു.

സ്വർണക്കടത്തുമായി ബന്ധപ്പെട്ട് കെടി ജലീൽ നടത്തിയ പ്രസ്താവന നികൃഷ്ടവും അപകടകരവുമാണെന്നും ഒരു സമുദായത്തെ മുഴുവൻ കുറ്റവാളികളായി ചിത്രീകരിക്കുകയാണ് ചെയ്തതെന്നും മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി പിഎംഎ സലാം. എന്തെങ്കിലും നേട്ടത്തിന് വേണ്ടി ഒരു സമുദായത്തെ ഇരയാക്കരുത്. ഇതാണോ സിപിഎം നിലപാട് എന്ന് എം വി ഗോവിന്ദൻ വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

 

സ്വർണ്ണം കടത്തുന്നത് ഒരു സമുദായമാണെന്ന് കെടി ജലീൽ എംഎൽഎ പറഞ്ഞിട്ടുണ്ടെങ്കിൽ അദ്ദേഹത്തിൻ്റെ പൊതുജീവിതത്തിലെ ഏറ്റവും മോശപ്പെട്ട കാര്യമാണെന്ന് പി വി അൻവർ എം എൽ എ പറഞ്ഞു. ജലീൽ അത്രക്ക് തരം താഴുമോയെന്നും അൻവർ ചോദിച്ചു.

സ്വർണക്കടത്തുമായി ബന്ധപ്പെട്ട് കെടി ജലീൽ എംഎൽഎ നടത്തിയ പ്രസ്താവന ദുരുദ്ദേശപരമാണെന്ന് എസ് വൈഎസ് നേതാവ് നാസർ ഫൈസി കൂടത്തായി പറഞ്ഞു. മതപണ്ഡിതന്മാരെ അനാവശ്യമായി വലിച്ചിഴക്കുകയാണ് ജലീലെന്നും, ജലീൽ പിണറായിയുടെ ഉപകരണമാണെന്നും നാസർ ഫൈസി കൂടത്തായി പറഞ്ഞു. മുസ്ലിം പണ്ഡിതൻമാരെയും ഖാളിമാരേയും പാണക്കാട് തങ്ങൻമാരേയും കുറിച്ചുള്ള ജലീലിൻ്റെ പ്രസ്താവനകൾ ദുരുദ്ദേശപരമാണെന്നും അദ്ദേഹം പറഞ്ഞു.

 

കെടി ജലീൽ എംഎൽഎയുടെ മുസ്ലിം വിരുദ്ധ പ്രസ്താവന വിദ്വേഷം ഉണ്ടാക്കുന്നതെന്ന് യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി പി കെ ഫിറോസ്. മുഖ്യമന്ത്രിയുടെ കൈ പൊള്ളിയപ്പോൾ പി ആർ ഏജൻസി ഏൽപിച്ച ദൗത്യമാണ് ജലീൽ ഇപ്പോൾ ചെയ്യുന്നതെന്നും, ജലീൽ ഏറ്റെടുത്തത് ബിജെപിയുടെ പ്രചാരണമാണെന്നും പ്രസ്താവന പിൻവലിക്കണമെന്നും ഫിറോസ് ആവശ്യപ്പെട്ടു. മലപ്പുറത്തെ ഒറ്റുകൊടുത്തത് ജലീലാണെന്നും പ്രസ്താവന പിൻവലിച്ച് നാടിനോട് മാപ്പ് പറയണമെന്നും ഫിറോസ് ആവശ്യപ്പെട്ടു.

 

പി വി അൻവറിനെ പാർട്ടിയിലോ മുന്നണിയിലോ എടുക്കില്ലെന്ന നിലപാടിൽ ഡിഎംകെ നേതൃത്വം. കേരളത്തിലെ എൽഡിഎഫ് പാർലമെന്ററി പാർട്ടിയിൽ നിന്ന് പുറത്താക്കിയ ആളെ എടുക്കുന്നത് മുന്നണി മര്യാദയ്ക്ക് വിരുദ്ധമെന്ന് ഡിഎംകെ വക്താവ് പ്രതികരിച്ചു. വിഷയത്തിൽ അന്തിമ തീരുമാനം മുഖ്യമന്ത്രി സ്റ്റാലിൻ എടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

നിലമ്പൂർ എംഎൽഎ പിവി അൻവറിനെ ഡിഎംകെയിൽ എടുക്കാൻ സാധ്യതയില്ലെന്ന ഡിഎംകെ വക്താവ് ടികെഎസ് ഇളങ്കോവന്റെ പ്രസ്താവനയോട് പ്രതികരിച്ച് അൻവറിന്റെ സഹപ്രവർത്തകൻ‌ ഇ എ സുകു. ഇളങ്കോവൻ അല്ല ഡിഎംകെയുടെ അവസാന വാക്കെന്ന് സുകു പറഞ്ഞു.

 

പി .വി അൻവറിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ് സെക്രട്ടറി പി എം മനോജ്. പാർട്ടി വേറെ ലെവലാണെന്നും അൻവർ തരത്തിൽ പോയി കളിക്കണമെന്നുമാണ് അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പ് . എംവി രാഘവന് സാധ്യമല്ലാത്തത് പുതിയകാലത്ത് സാധ്യമാകുമെന്ന് ആർക്കും സ്വപ്നം കാണാമെന്നും പിഎം മനോജ് പരിഹസിക്കുന്നു. ഇത് വേറെ പാർട്ടിയാണെന്നും മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി ഫേസ്ബുക്കിൽ കുറിക്കുന്നു.

 

ശബരിമല ദർശനത്തിനായി ബുക്കിംഗ് നടത്താതെ തീർത്ഥാടകർ എത്തിയാൽ അത് പരിശോധിക്കുമെന്ന് ദേവസ്വം മന്ത്രി വി എൻ വാസവൻ. നിലയ്ക്കലിലും എരുമേലിയിലും കൂടുതൽ പാർക്കിംഗ് സൗകര്യം ഏർപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.

 

ശബരിമലയിലെത്തുന്ന ഭക്തരുടെ ആധികാരികമായ രേഖ ആവശ്യമാണെന്നും അതിന് ഓൺലൈൻ ബുക്കിങ്ങാണ് ഉചിതമെന്നും ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് . തിരുപ്പതിയിൽ ഫലപ്രദമായി നടക്കുന്ന ഓൺലൈൻ ബുക്കിങ്ങിൽ പരാതികളില്ലാത്ത സാഹചര്യത്തിൽ ശബരിമലയിൽ മാത്രം എന്താണ് തർക്കമെന്നും അദ്ദേഹം ചോദിച്ചു. ശബരിമലയിലെത്തുന്ന ഒരു ഭക്തനും ഭഗവാനെ കാണാതെ തിരിച്ചുപോകേണ്ടിവരുന്ന സാഹചര്യമുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു.

 

ശബരിമല ക്ഷേത്രത്തിലേക്ക് ഭക്തരെ പ്രവേശിപ്പിക്കുന്നത് പൂര്‍ണമായും ഓണ്‍ലൈന്‍ ആക്കുന്നതിന് പകരം പത്ത് ശതമാനം പേരെ സ്‌പോട്ട് എന്‍ട്രി വഴി കടത്തി വിടണമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ് കെ.സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്യാന്‍ പല കാരണങ്ങള്‍ കൊണ്ടും കഴിയാത്ത ഭക്തരെ ക്യൂവഴി പ്രവേശിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.

 

എഡിജിപി എംആർ അജിത് കുമാറിന് കസേര മാറ്റമല്ല നൽകേണ്ടത് സ്പെൻഡ് ചെയ്യുകയാണ് വേണ്ടതെന്ന് പിവി അൻവർ എംഎൽഎ. അജിത് കുമാർ ഫ്ലാറ്റ് വാങ്ങിയതും വിറ്റതും കള്ളപ്പണമിടപാടിലൂടെയാണ് . കൈവിടാതെ പൊതു സമൂഹത്തെ പച്ചയായി കബളിപ്പിക്കുകയാണെന്നും അൻവർ പറഞ്ഞു. തനിക്കെതിരെ ഇനിയും കേസുകൾ വരാം. ചിലപ്പോൾ ഇന്നത്തെ പരിപാടികൾ കഴിഞ്ഞാൽ അറസ്റ്റ് ചെയ്യപ്പെട്ടേക്കാമെന്നും അൻവർ പറഞ്ഞു .

 

മഞ്ചേശ്വരം തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സി.പി.എം. തന്നെ കള്ളക്കേസിൽ കുടുക്കി വേട്ടയാടാൻ ശ്രമിച്ചു, എന്നാൽ സത്യം ജയിച്ചുവെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ. തനിക്കെതിരെ നടപടി സ്വീകരിക്കുന്ന സർക്കാർ പക്ഷേ, പ്രതിപക്ഷ നേതാവിനെതിരെ നടപടി എടുക്കുന്നില്ല. വി.ഡി.സതീശന്റെ പുനർജനി തട്ടിപ്പ് അന്വേഷിക്കുന്നില്ല. പൂരം കലക്കലിൽ മാത്രമല്ല അന്വേഷണം വേണ്ടത്. യുവതികളെ ശബരിമലയിൽ പ്രവേശിപ്പിച്ചത് പോലീസിന്റെ ഗൂഢാലോചനയിലൂടെയാണെന്നും സുരേന്ദ്രൻ പറഞ്ഞു.

 

മട്ടന്നൂരിൽ ദേശാഭിമാനി ലേഖകനെയും സിപിഎം ലോക്കൽ കമ്മിറ്റി ഓഫീസ് സെക്രട്ടറിയെയും പൊലീസ് മർദിച്ചെന്ന് പരാതി. മട്ടന്നൂർ പോളിടെക്നിക് കോളേജിലെ തെരഞ്ഞെടുപ്പിന് പിന്നാലെയുണ്ടായ സംഘർഷം റിപ്പോർട്ട് ചെയ്യുന്നതിനിടെ പൊലീസ് അകാരണമായി പിടികൂടി മർദിച്ചെന്നാണ് ദേശാഭിമാനി ലേഖകൻ ശരതിന്‍റെ ആരോപണം.

 

സംസ്ഥാനത്ത് പരക്കെ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇടുക്കി, മലപ്പുറം, വയനാട് എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലർട്ട് ആണ് പുറപ്പെടുവിച്ചിരിക്കുന്നത്. 7 ജില്ലകളിൽ യെല്ലോ അലർട്ടും പുറപ്പെടുവിച്ചിട്ടുണ്ട്. മലയോര മേഖലയിലും വനത്തിലും കൂടുതൽ മഴ സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ് നൽകി.

 

കേരള ലക്ഷദ്വീപ് തീരങ്ങളിൽ അഞ്ച് ദിവസത്തേക്ക് മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ അറിയിപ്പ്. ഇന്നുമുതൽ ഈ മാസം പത്താം തിയതിവരെ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്നാണ് അറിയിപ്പ്. അതേസമയം കർണാടക തീരത്ത് ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.

 

സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട് മുസ്ലിം ലീഗ് നേതൃത്വത്തിനെതിരെ ഗുരുതര ആരോപണവുമായി ഡി വൈ എഫ് ഐ സംസ്ഥാന പ്രസിഡന്‍റ് വി വസീഫ്. ഉന്നത ലീഗ് നേതാവായ എം കെ മുനീറിന് സ്വർണ്ണകടത്തുമായി ബന്ധമുണ്ടെന്നും ഇതിന് ലീഗ് നേതൃത്വം മറുപടി പറയണമെന്നും വസീഫ് കോഴിക്കോട് നടത്തിയ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. മുനീറിന്റെ വിദേശ യാത്ര പരിശോധിക്കണമെന്നും സ്വർണ കടത്തുമായി ബന്ധപ്പെട്ട വലിയ ബന്ധം തെളിയുമെന്നും ഡി വൈ എഫ് ഐ സംസ്ഥാന പ്രസിഡന്‍റ് കൂട്ടിച്ചേർത്തു.

 

സാഹിത്യകാരൻ എംടി വാസുദേവൻ നായരുടെ കോഴിക്കോട് നടക്കാവ് കൊട്ടാരം റോഡിലെ വീട്ടിൽ നടന്ന മോഷണത്തിൽ ജോലിക്കാരിയടക്കം അറസ്റ്റിലായതിന് പിന്നാലെ കൂടുതൽ വിവരങ്ങൾ പുറത്ത്. പ്രതികൾ കഴിഞ്ഞ നാല് വർഷമായി വീട്ടിൽ നിന്നും ആഭരണങ്ങൾ കവർന്നിരുന്നുവെന്നാണ് കണ്ടെത്തൽ. വീടിന്റെ പൂട്ട് പൊട്ടിക്കുകയോ അലമാരയുടെ പൂട്ട് പൊട്ടിക്കുകയോ ചെയ്തിട്ടില്ല. ഇതാണ് വീട്ടുകാരിൽ സംശയം ജനിപ്പിച്ചതെന്നും പൊലീസ് അറിയിച്ചു.

 

എഡിജിപി എം ആർ അജിത്കുമാറിന്‍റെ കുടുംബക്ഷേത്രത്തിൽ നിന്ന് തിരുവാഭരണങ്ങള്‍ കവര്‍ന്ന കേസിൽ പിടിയിലായ ക്ഷേത്ര പൂജാരിയുമായി പൊലീസ് തെളിവെടുപ്പ് നടത്തി. മണക്കാട് മുത്തുമാരിയമ്മൻ കോവിലിൽ നടന്ന കവര്‍ച്ചയിലാണ് ക്ഷേത്രത്തിലെ പൂജാരിയായ മംഗലപുരം സ്വദേശി അരുണിനെ ഫോര്‍ട്ട് പൊലീസ് പിടികൂടിയത്. സ്വര്‍ണാഭരണങ്ങള്‍ പണയപ്പെടുത്തിയതായി തെളിവെടുപ്പിൽ തിരിച്ചറിഞ്ഞു.

 

വ്യവസായിയുടെ സ്വകാര്യ ഫോട്ടോകള്‍ ഉപയോഗിച്ചും വധഭീഷണി മുഴക്കിയും 10ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തില്‍ കുപ്രസിദ്ധ കുറ്റവാളി കാക്ക രഞ്ജിത്ത് ഉള്‍പ്പെടെ മൂന്ന് പേരെ പോലീസ് പിടികൂടി. കാക്ക രഞ്ജിത്തിനെ കൂടാതെ പരാതിക്കാരനായ വ്യവസായിയുടെ സഹായിയായി പ്രവര്‍ത്തിച്ചിരുന്ന അബ്ദുല്‍ അക്ബര്‍, കൂട്ടാളി അന്‍സാര്‍ എന്നിവരാണ് കൊടുവള്ളി പോലീസിന്റെ പിടിയിലായത്.

പി എസ് സി ചോദ്യ പേപ്പർ തലേ ദിവസം വെബ്സൈറ്റിൽ എന്ന വാർത്ത വസ്തുതാ വിരുദ്ധമാണെന്ന് പബ്ലിക് സര്‍വീസ് കമ്മീഷൻ. ഇത് സംബന്ധിച്ച് കേരളകൗമുദി പത്രത്തിൽ വന്ന വാര്‍ത്തയിൽ പിഎസ്സി പരീക്ഷയ്ക്ക് മുമ്പ് ചോദ്യ പേപ്പര്‍ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു എന്നാണ് വ്യക്തമാക്കുന്നത്. എന്നാൽ വസ്തുത മറ്റൊന്നാണെന്ന് പിഎസ്സി വാര്‍ത്താ കുറിപ്പിൽ പറയുന്നു.

റഷ്യയിലെ കിനോബ്രാവോ അന്തര്‍ദേശീയ ചലച്ചിത്രമേളയില്‍ തിളങ്ങി മഞ്ഞുമ്മല്‍ ബോയ്‌സ്. മികച്ച സംഗീതത്തിനുള്ള പുരസ്‌കാരം ചിത്രം സ്വന്തമാക്കി. ബെസ്റ്റ് ഫിലിം മ്യൂസിക് വിഭാഗത്തില്‍ സുഷിന്‍ ശ്യാമിനാണ് പുരസ്‌കാരം. അവാര്‍ഡ് ചിത്രത്തിന്റെ സംവിധായകന്‍ ചിദംബരം ഏറ്റുവാങ്ങി.

 

മലയാളി വൈദികനെ കർദിനാൾ പദവിയിലേക്ക് പ്രഖ്യാപിച്ച് ഫ്രാൻസിസ് മാർപാപ്പ. സിറോ മലബാർ സഭാ ചങ്ങനാശേരി രൂപതാംഗമായ മോൺസി‌ഞ്ഞോർ ജോർജ് കൂവക്കാടിനെയാണ് കർദിനാളായി വത്തിക്കാനിൽ നടന്ന ചടങ്ങിൽ ഫ്രാൻസിസ് മാർപ്പാപ്പ പ്രഖ്യാപിച്ചത്. സ്ഥാനാരോഹണം ഡിസംബർ 8ന് നടക്കും. 20 പുതിയ കർദിനാൾമാരെയാണ് വത്തിക്കാൻ പ്രഖ്യാപിച്ചത്. നിലവിലെ വത്തിക്കാനിൽ മാർപ്പാപ്പയുടെ ഔദ്യോഗിക സംഘത്തിൽ അംഗമാണ് നിയുക്ത കർദിനാൾ. ചങ്ങനാശേരി മാമ്മൂട് ലൂർദ് മാതാ പളളി ഇടവകാംഗമാണ് മോൺസിഞ്ഞോർ ജോർജ് കൂവക്കാട്.

 

പ്രമുഖ വ്യവസായി മുംതാസ് അലിയെ കർണാടകയിൽ കാണാതായി. ജനതാദൾ(എസ്) എംഎൽഎ ബിഎം ഫാറൂഖിന്റെയും മുൻ കോൺഗ്രസ് എംഎൽഎ മൊഹിയുദ്ദീൻ ബാവയുടേയും സഹോദരനും കർണാടകയിലെ പ്രമുഖ വ്യവസായിയുമാണ് കാണാതായ മുംതാസ് അലി. ഇദ്ദേഹത്തിന്റെ കാർ കേടുപാടുകളോടെ മംഗളൂരുവിലെ കുളൂർ പാലത്തിന് സമീപം ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയിട്ടുണ്ട്.

 

ലഹരിക്കടത്ത് ശൃംഖലയുമായി ബന്ധമെന്ന് വിവരം ലഭിച്ചതിനെ തുടർന്ന് കുപ്രസിദ്ധ ഗുണ്ട ഓംപ്രകാശിനെ കസ്റ്റഡിയിലെടുത്ത് കൊച്ചി മരട് പൊലീസ്. ഓംപ്രകാശിന്റെ ചോദ്യം ചെയ്യൽ തുടരുകയാണ്. കൊച്ചിയിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ നിന്നാണ് ഓംപ്രകാശിനെ കസ്റ്റഡിയിലെടുത്തത്.

 

വൻതോതിൽ രാസ ലഹരി പദാർത്ഥങ്ങൾ ഉത്പാദിപ്പിച്ചിരുന്ന ഫാക്ടറി മദ്ധ്യപ്രദേശിൽ കണ്ടെത്തി. സംസ്ഥാന തലസ്ഥാനമായ ഭോപ്പാലിന് സമീപത്താണ് കോടികളുടെ ലഹരി പദാർത്ഥങ്ങൾ ഉത്പാദിപ്പിക്കുന്ന കേന്ദ്രം പ്രവർത്തിച്ചിരുന്നത്. 1814 കോടി രൂപ വിലവരുന്ന അസംസ്കൃത പദാർത്ഥങ്ങളും ഇവിടെ നിന്ന് കണ്ടെടുത്തു. രണ്ട് പേരെ പിടികൂടിയിട്ടുമുണ്ട്.

 

ഇസ്രയേൽ ആക്രമണത്തിൽ നിരവധി ആരോഗ്യ പ്രവർത്തകർ കൊല്ലപ്പെട്ടെന്ന് ലെബനൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഏഴ് പാരാമെഡിക്കൽ ജീവനക്കാർ കൊല്ലപ്പെട്ടുവെന്നും വ്യോമാക്രമണത്തിൽ ആശുപത്രിക്ക് കേടുപാട് സംഭവിച്ചതോടെ ആശുപത്രി അടച്ചുപൂട്ടിയെന്നും അധികൃതർ അറിയിച്ചു. ഭയം കാരണം പ്രദേശത്തെ ആംബുലൻസ് ജീവനക്കാർ സർവീസ് നിർത്തിവെച്ചതോടെ പരിക്കേറ്റവരെ ആശുപത്രികളിൽ എത്തിക്കാനാവാത്ത സാഹചര്യമാണെന്ന് ആശുപത്രി ഡയറക്ടർ പറഞ്ഞു.

 

ഇംഗ്ലീഷ് ചാനൽ മുറിച്ച് കടക്കാനുള്ള ശ്രമത്തിനിടെ നാല് അനധികൃത അഭയാർത്ഥികൾ കൊല്ലപ്പെട്ടു. രണ്ട് വയസ് പ്രായമുള്ള ആൺകുഞ്ഞ് അടക്കം നാല് പേരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയതെന്നാണ് ഫ്രെഞ്ച് അധികൃതർ വിശദമാക്കുന്നത്. എൻജിൻ തകരാറിലായ രണ്ട് ബോട്ടുകളിൽ തിക്കിലും തിരക്കിലും പെട്ട് ഒപ്പമുണ്ടായിരുന്നവരിൽ നിന്ന് ചവിട്ടേറ്റ് അബോധാവസ്ഥയിലാണ് ഇവരെ കണ്ടെത്തിയതെന്നാണ് ഫ്രെഞ്ച് അധികൃതർ വിശദമാക്കുന്നത്.

ഇസ്രയേൽ ബീർഷെബയിലെ സെൻട്രൽ ബസ് സ്റ്റേഷനിൽ വെടിവെപ്പ്. അക്രമിയെ പോലീസ് വെടിവെച്ചുകൊന്നു. ഒൻപതുപേർക്ക് പരിക്കേറ്റു. ഇസ്രയേലി പോലീസാണ് ഇതുസംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടത്. ഒരാഴ്ചയ്ക്കിടെ ഇസ്രയേലിൽ സാധാരണക്കാർക്കുനേരെ നടക്കുന്ന രണ്ടാമത്തെ വെടിവെപ്പാണിത്.

 

വനിതകളുടെ ടി 20 ക്രിക്കറ്റ് ലോകകപ്പിൽ നിർണായക മത്സരത്തിൽ ഇന്ത്യക്ക് ജയം. പാകിസ്താനെതിരേ ആറ് വിക്കറ്റിനാണ് ഇന്ത്യയുടെ ജയം.ഇന്ത്യക്കായി അരുദ്ധതി റെഡ്ഡി മൂന്ന് വിക്കറ്റുകൾ നേടി. ശ്രേയങ്ക പാട്ടീൽ രണ്ടും രേണുക താക്കൂർ സിങ്, ദീപ്തി ശർമ്മ, ആശ ശോഭന എന്നിവർ ഓരോ വിക്കറ്റും നേടി.

 

നയതന്ത്ര ചര്‍ച്ചകളുടെ ഭാഗമായി മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസു ഇന്ത്യയിലെത്തി. ഇന്ത്യന്‍ പ്രസിഡന്റ് ദ്രൗപതി മുര്‍മുവുമായും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തും.

ജനങ്ങള്‍ക്ക് സൗജന്യ വൈദ്യുതി നല്‍കാന്‍ എന്‍.ഡി.എ സഖ്യത്തെ വെല്ലുവിളിച്ച് അരവിന്ദ് കെജ്‌രിവാള്‍. ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പിനു മുമ്പ് ബി.ജെ.പി ഭരിക്കുന്ന 22 സംസ്ഥനങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി സൗജന്യ വൈദ്യുതി ലഭ്യമാക്കിയാല്‍ താന്‍ ബി.ജെ.പിക്കുവേണ്ടി തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങുമെന്ന് അദ്ദേഹം വ്യക്തമാക്കി.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *