പത്തു വർഷം പൂർത്തിയാക്കിയ മൻ കി ബാത്ത് പരിപാടിയിൽ, തന്റെ പത്ത് വർഷത്തെ നേട്ടങ്ങൾ എടുത്തുപറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി. അതോടൊപ്പം കോഴിക്കോട് സ്വദേശിയായ സുബ്രഹ്മണ്യനെ മൻ കി ബാത്തിൽ പ്രധാനമന്ത്രി അഭിനന്ദിച്ചു. കോഴിക്കോട് സിവില്‍ സ്റ്റേഷന്‍, പി ഡബ്ല്യൂ ഡി, എല്‍ ഐ സി ഓഫീസുകള്‍ എന്നിവിടങ്ങളിലടക്കം സുബ്രഹ്മണ്യന്‍റെ സേവനം പ്രയോജനപ്പെടുത്തിയിട്ടുണ്ടെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

 

സിപിഎം പൊളിറ്റ് ബ്യൂറോയുടെയും കേന്ദ്ര കമ്മിറ്റിയുടെയും കോർഡിനേറ്ററായി മുൻ ജനറൽ സെക്രട്ടറി പ്രകാശ് കാരാട്ടിനെ നിയമിക്കാൻ ഇന്ന് ചേർന്ന കേന്ദ്ര കമ്മിറ്റിയിൽ തീരുമാനിച്ചു. സീതാറാം യെച്ചൂരിക്ക് പകരം ജനറൽ സെക്രട്ടറി പദത്തിൽ ആർക്കും താത്കാലിക ചുമതലയില്ല. 24ാം പാർട്ടി കോൺഗ്രസ് വരെയാണ് നിയമനം. പാർട്ടി കോൺഗ്രസിൽ പുതിയ ജനറൽ സെക്രട്ടറിയെ തെരഞ്ഞെടുക്കും. സ്ഥിരം ജനറൽ സെക്രട്ടറിയെ പാർട്ടി കോൺഗ്രസിൽ തെരഞ്ഞെടുക്കുമെന്നാണ് സൂചന.

 

കേരളത്തിൽ സർക്കാരും പാർട്ടിയും സംഘപരിവാറുമായി സന്ധി ചെയ്യുന്നു എന്ന പ്രചാരണം രാഷ്ട്രീയമായി ചെറുക്കാൻ സിപിഎം നിര്‍ദേശം. ഗവർണ്ണറെ ഉപയോഗിച്ച് സർവ്വകലാശാലകളെ വരെ കേന്ദ്രം പ്രതിസന്ധിയിലാക്കുന്നതും ദുരന്ത നിവാരണത്തിന് പണം നല്കാത്തതും ഉന്നയിച്ചുള്ള രാഷ്ട്രീയ പ്രചാരണത്തിനാണ് നിർദ്ദേശം നൽകിയിരിക്കുന്നതെന്നാണ് റിപ്പോർട്ട്.

 

സംസ്ഥാനത്തെ ഉന്നതരുടെ ഫോൺ വിവരങ്ങൾ ചോർത്തിയെന്ന് സ്വയം വെളിപ്പെടുത്തിയ പി വി അൻവർ എം എൽ എയ്ക്കെതിരെ പൊലീസ് കേസെടുത്തു. സൈബർ ക്രൈം നിയമപ്രകാരം രജിസ്റ്റർ ചെയ്ത കേസിൽ സമൂഹത്തിൽ കലാപത്തിന് ശ്രമിച്ചെന്നും എഫ് ഐ ആറിലുണ്ട്. കോട്ടയം നെടുങ്കുന്നം സ്വദേശിയായ തോമസ് പീലിയാനിക്കലിന്‍റെ പരാതിയിൽ കോട്ടയം കറുകച്ചാൽ പൊലീസ് ആണ് കേസ് രജിസ്റ്റർ ചെയ്തത്.

 

പൊലീസ് ഉദ്യോഗസ്ഥരുടെ ഫോണ്‍ ചോര്‍ത്തിയതുമായി ബന്ധപ്പെട്ട പരാതിയിൽ പൊലീസ് കേസെടുത്തതിന് പിന്നാലെ ജയിലില്‍ അടയ്ക്കട്ടെയെന്നും നോക്കാമെന്നും പിവി അൻവര്‍ പറഞ്ഞു. താൻ വിളിച്ചാൽ ആയിരക്കണക്കിന് സഖാക്കൾ വരുമെന്ന് ഉറപ്പാണ് എന്നാൽ അങ്ങനെ വിളിക്കാൻ സമയമായിട്ടില്ലെന്ന് എം എൽ എ പിവി അൻവർ പറഞ്ഞു . താൻ തനിക്കെതിരെ ഇനിയും കേസുകൾ വരുമെന്നും അറസ്റ്റ് ചെയ്യപ്പെടാനും സാധ്യതയുണ്ടെന്നും അദ്ദേഹം മലപ്പുറത്ത് പറഞ്ഞു.

 

പിവി അൻവർ എംഎൽഎയുടെ വീടിന് സുരക്ഷയൊരുക്കി മലപ്പുറം ജില്ലാ പൊലീസ് മേധാവി. അൻവർ ഡിജിപിക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് തീരുമാനം. സുരക്ഷക്കായി വീടിന് സമീപം പൊലീസ് പിക്കറ്റ് പോസ്റ്റ് ഒരുക്കും. ജീവനും സ്വത്തിനും ഭീഷണിയുണ്ടെന്നും പൊലീസ് സംരക്ഷണം വേണമെന്നും ആവശ്യപ്പെട്ട് അൻവർ അപേക്ഷ നൽകിയിരുന്നു.

 

എൻസിപി ദേശീയ നേതൃത്വം പറഞ്ഞത് നടപ്പിലാക്കണമെന്നേ തനിക്കുള്ളൂവെന്ന് തോമസ് കെ തോമസ് എംഎൽഎ. അതല്ലാതെ തനിക്ക് മന്ത്രിയാവണമെന്നില്ല. മന്ത്രിസ്ഥാനം വേണമെന്ന് ആരോടും ആവശ്യപ്പെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. മന്ത്രി സ്ഥാനം നൽകിയില്ലെങ്കിൽ എംഎൽഎ സ്ഥാനം രാജി വെയ്ക്കുമെന്ന് എവിടെയും പറഞ്ഞിട്ടില്ലെന്നും തോമസ് കെ തോമസ് പറഞ്ഞു.

കേന്ദ്രസർക്കാരിൻ്റെ അമൃത് ഫണ്ട് ഉപയോഗപ്പെടുത്തി നിർമ്മിച്ച തൃശൂരിലെ ശക്തൻ നഗറിലെ ആകാശപാത ഉദ്ഘാടനത്തിനു തുശൂർ എംപിയും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപിയെ ക്ഷണിച്ചില്ലെന്ന് പരാതി. കേന്ദ്ര സർക്കാരിൻ്റെ പ്രോട്ടോകോൾ പ്രകാരം സംസ്ഥാന മന്ത്രിയേക്കാൾ മുകളിലാണ് കേന്ദ്ര മന്ത്രിയുടെ സ്ഥാനമെന്നും ബിജെപി ജില്ലാ പ്രസിഡന്റ് കെ.കെ. അനീഷ് കുമാർ പറഞ്ഞു.

പി.വി.അൻവർ എം.എൽ.എയുടെ രാഷ്ട്രീയ വിശദീകരണ യോഗത്തിൽ വൻ ജനാവലി. 50 പേർ പോലുമെത്തില്ലെന്ന് സിപിഎം പരിഹസിച്ചിടത്ത് വിവിധ രാഷ്ട്രീയ പാർട്ടികളിൽ നിന്നായി വൻ ജനാവലിയാണ് നിലമ്പൂരിലെ ചന്തക്കുന്നിലെത്തിയത്. സിപിഎം പ്രവർത്തകരും ലീഗ് പ്രവർത്തകരും കോൺഗ്രസ് പ്രവർത്തകരും സമ്മേളനത്തിയവരിലുണ്ട്.

 

പി.വി അന്‍വര്‍ എംഎൽഎയോട് ചോദ്യം ചോദിച്ചതിന് പാലക്കാട് അലനല്ലൂരിൽ മാധ്യമപ്രവർത്തകരെ കയ്യേറ്റം ചെയ്ത സംഭവത്തിൽ രണ്ടു പേ൪ക്കെതിരെ പൊലീസ് കേസെടുത്തു. അലനല്ലൂർ സ്വദേശികളായ മജീദ്, അൻവർ എന്ന മാണിക്കൻ എന്നിവ൪ക്കെതിരെയാണ് നാട്ടുകൽ പൊലീസ് കേസെടുത്തത്.

 

സിദ്ദിഖിൻ്റെ കേസ് അന്വേഷിക്കുന്ന എസ്ഐടി സിദ്ദിഖിൻ്റെ മകൻ ഷഹീൻ്റെ സുഹൃത്തുക്കളെ ഇന്ന് രാവിലെ കസ്റ്റഡിയിലെടുത്തു. സിദ്ദിഖിനെ ഒളിവിൽ സഹായിച്ചെന്ന വിവരം ലഭിച്ചതിനെ തുടർന്നാണ് സിദ്ദിഖിൻ്റെ മകൻ്റെ സുഹൃത്തുക്കളെ കസ്റ്റഡിയിലെടുത്തതെന്നും സിദ്ദിഖിന് സിം കാർഡും ഡോങ്കിളും എത്തിച്ചത് ഇവരാണെന്നും അന്വേഷണ സംഘം പ്രതികരിച്ചു.

 

നഗരഭരണ സ്ഥാപനങ്ങളുടെ പ്രവർത്തനമികവിൽ രാജ്യത്ത് കേരളം ഒന്നാം സ്ഥാനം നേടിയ വിവരം അറിയിച്ച് എം ബി രാജേഷ്. നഗരഭരണ സ്ഥാപനങ്ങളുടെ പ്രവർത്തന മികവിനെ അടിസ്ഥാനമാക്കിയുള്ള അർബൻ ഗവേണൻസ് ഇൻഡക്സിലാണ് കേരളം ഒന്നാം സ്ഥാനത്തെത്തിയതെന്നും മന്ത്രി അറിയിച്ചു.

കണ്ണൂരിലെ കൂത്തുപറമ്പ് വെടിവെപ്പിൽ പരിക്കേറ്റ് 30 വർഷമായി കിടപ്പിലായിരുന്ന സിപിഎം പ്രവർത്തകൻ പുഷ്പന് അന്ത്യാഭിവാദ്യമർപ്പിച്ച് നേതാക്കൾ. തലശ്ശേരിയിലും തുടർന്ന് ചൊക്ലിയിലും മൃതദേഹം പൊതുദർശനത്തിന് വെച്ചു. വൈകിട്ട് 5 മണിക്ക് ചൊക്ലിയിലെ വീട്ടിൽ സംസ്കാര ചടങ്ങുകൾ നടത്തി.

ഇന്നലെ നടന്ന നെഹ്‌റു ട്രോഫി വള്ളംകളിയുടെ ഫലനിർണയത്തിലെ തർക്കവുമായി ബന്ധപ്പെട്ട് കണ്ടാലറിയാവുന്ന 100 പേർക്കെതിരെ ആലപ്പുഴ നോർത്ത് പൊലീസ് കേസെടുത്തു. ഇന്നലെ നെഹ്‌റു പവലിയനിൽ വച്ചുണ്ടായ സംഭവത്തിലാണ് കേസ്. അന്യായമായി സംഘം ചേരൽ, സഞ്ചാര സ്വാതന്ത്ര്യം തടയൽ, അസഭ്യം പറയൽ തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

 

തിരുവനന്തപുരത്ത് വീണ്ടും അമീബിക്ക് മസ്തിഷ്കജ്വരം. രണ്ട് പേർക്ക് കൂടി ജില്ലയിൽ രോഗം സ്ഥിരീകരിച്ചു. ഇരുവർക്കും രോഗം പിടിപ്പെട്ടത് എങ്ങനെയെന്നതിൽ വ്യക്തതയില്ല.സാധാരണ അമിബീക് മസ്തിഷ്ക ജ്വരം പിടിപെടുന്ന സാഹചര്യമൊന്നുമില്ലാത്തവർക്കാണ് രോഗബാധ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

 

കണ്ണൂർ മാടായിക്കാവിൽ എഡിജിപി എംആർ അജിത് കുമാറിന്റെ ശത്രുസംഹാര പൂജ. ഇന്ന് രാവിലെയാണ് ക്രമസമാധാന ചുമതലയുള്ള എഡിജിപി ക്ഷേത്രത്തിൽ സ്വന്തം പേരിൽ ശത്രുസംഹാര പൂജ നടത്തിയത്. പൂരം കലക്കലിലും പി വി അൻവർ ഉന്നയിച്ച ആരോപണങ്ങളിലും എഡിജിപിക്കെതിരെ അന്വേഷണം തുടരുമ്പോഴാണ് കണ്ണൂരിലെ ക്ഷേത്ര സന്ദർശനം.

 

എഡിജിപി എം ആർ അജിത് കുമാറുമായുള്ള കൂടിക്കാഴ്ചയിൽ വിശദീകരണവുമായി ആര്‍എസ്എസ് നേതാവ് എ ജയകുമാര്‍. സ്വകാര്യ സന്ദർശനങ്ങൾ പതിവാണെന്നും, സന്ദര്‍ശനത്തില്‍ അസ്വാവാഭാവികത ഇല്ല എന്നും അദ്ദേഹം വ്യക്തമാക്കി . കൂടാതെ ഇത് വരെ കണ്ടവരുടെ എണ്ണം നോക്കി നോട്ടീസ് അയച്ചാൽ അതിനായി പുതിയ വകുപ്പ് തുടങ്ങേണ്ടി വരുമെന്നും അദ്ദേഹം സമൂഹ മാധ്യമ പോസ്റ്റില്‍ പരിഹസിച്ചു.

 

മാലിന്യമുക്തം നവകേരളം സ്വച്ഛതാ ഹി സേവാ ക്യാമ്പയിനിൻ്റെ ഭാഗമായി ഇരുവഴിഞ്ഞിപ്പുഴയെ മാലിന്യ മുക്തമാക്കാൻ മുക്കം നഗരസഭ. കോഴിക്കോട് ജില്ലാ ശുചിത്വ മിഷനും മുക്കം നഗരസഭയും അൽ ഇർഷാദ് വിമൻസ് കോളേജ് നാഷണൽ സർവ്വീസ് സ്കീം യൂണിറ്റും സംയുക്തമായാണ് ഇരുവഴിഞ്ഞിപ്പുഴ ശുചീകരിച്ചത്.

ഇന്ന് മുതൽ ഒക്ടോബർ 1 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. തിരുവനന്തപുരം, പത്തനംതിട്ട, ഇടുക്കി, എറണാകുളം,കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ എട്ട് ജില്ലകളിൽ യെല്ലോ അലർട്ടാണുള്ളത്.

 

ദേശീയപാത ഉദിയൻകുളങ്ങരയിൽ ഹോൺ മുഴക്കിയതിനെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് മധ്യവയസ്കനെ നാലുപേർ ചേർന്നു മർദ്ദിച്ചു അവശനാക്കി. ചെങ്കൽ സ്വദേശിയായ പ്രഭു കുമാറിനെയാണ് നാലാംഗ സംഘം ക്രൂരമായി മർദ്ദിച്ചു അവശനാക്കിയത്. ബാലരാമപുരം, നെല്ലിവിള സ്വദേശികളായ സച്ചിൻ , അഖിൽ, ബാലരാമപുരം തേരി വിളവീട്ടിൽ വിജിത്ത് ഉച്ചക്കട രേവതി നിവാസിൽ ശ്യാം ലാൽ എന്നിവരെ പാറശ്ശാല പോലീസ് പിടികൂടി.

റഷ്യയിൽ ഉക്രൈൻ ഷെല്ലാക്രമണത്തിൽ കൊല്ലപ്പെട്ട തൃശ്ശൂർ കല്ലൂർ സ്വദേശി സന്ദീപൻ്റെ മൃതദേഹം നാട്ടിലെത്തിച്ചു. സൈനിക കാന്റീനിൽ ജോലിക്കായി പോയ സന്ദീപ് പിന്നീട് റഷ്യയിൽ നടന്ന ഉക്രൈൻ ആക്രമണത്തിൽ കൊല്ലപ്പെടുകയായിരുന്നു. സന്ദീപിനൊപ്പം പോയവരിൽ മറ്റു രണ്ടുപേർ ഇപ്പോഴും റഷ്യയിൽ തുടരുകയാണ്.

കോഴിക്കോട് കുറ്റിയാടിപുഴയിൽ കുളിക്കാനിറങ്ങിയപ്പോൾ ഒഴുക്കിൽപെട്ട രണ്ട് കുട്ടികൾ മരിച്ചു. 13ഉം14ഉം വയസുള്ള പാറക്കടവ് സ്വദേശികളായ റിസ്വാന്‍, സിനാന്‍ എന്നിവരാണ് മരിച്ചത്. പത്താം ക്ലാസ് വിദ്യാര്‍ത്ഥികളാണ് ഇവര്‍. നാട്ടുകാര്‍ ഉടന്‍ തന്നെ രക്ഷാപ്രവർത്തനം നടത്തിയെങ്കിലും. കുട്ടികളെ രക്ഷിക്കാൻ സാധിച്ചില്ല.

ഓൺലൈൻ ട്രേഡിങ്ങിലൂടെ ലക്ഷങ്ങൾ വാഗ്ദാനം ചെയ്ത് എറണാകുളം സ്വദേശിയിൽ നിന്ന് പണം തട്ടിയ കേസിൽ കർണാടക സ്വദേശിയെ അറസ്റ്റ് ചെയ്തു. ഗുൽബർഗ എൻജിഒ കോളനിയിലെ പ്രകാശ് ഈരപ്പയെ ആണ് തടിയിട്ടപ്പറന്പ് പൊലീസ് അറസ്റ്റ് ചെയ്തത്.

 

പരോളിൽ ഇറങ്ങിയ കൊലക്കേസ് പ്രതിയെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പത്തനംതിട്ട ഏഴംകുളത്ത് പുതുമല പാറയിൽ മേലേതിൽ മനോജ് (39) ആണ് മരിച്ചത്. മനോജിന്റെ പരോൾ കാലാവധി ഇന്ന് അവസാനിക്കുമെന്നിരിക്കെയാണ് 39കാരനെ മരിച്ച നിലയിൽ കണ്ടെത്തിയത്.

കാണ്‍പൂര്‍ ഗ്രീന്‍ പാര്‍ക്ക് സ്റ്റേഡിയത്തില്‍ നടക്കുന്ന ഇന്ത്യ-ബംഗ്ലാദേശ് രണ്ടാം ടെസ്റ്റിനിടെ ഇന്ത്യൻ ആരാധകര്‍ മര്‍ദ്ദിച്ചുവെന്ന വ്യാജ ആരോപണം ഉന്നയിച്ച ബംഗ്ലാദേശ് ആരാധകന്‍ ടൈഗര്‍ റോബിയെ നാട്ടിലേക്ക് തിരിച്ചയച്ചു. റോബിയുടെ തന്നെ ആവശ്യപ്രകാരമാണ് നാട്ടിലേക്ക് തിരിച്ചയച്ചതെന്ന് പൊലീസ് വ്യക്തമാക്കി.

നേപ്പാളിൽ കനത്തമഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും കഴിഞ്ഞ 24 മണിക്കൂറിൽ മാത്രം 129 പേർ മരിച്ചതായി റിപ്പോര്‍ട്ട്. 69 പേരെ കാണാതായി. മരിച്ചവരിൽ 34 പേർ കാഠ്മണ്ഡു താഴ്‌വരയിൽ നിന്നുള്ളവരാണ്. വെള്ളക്കെട്ടിൽ കുടുങ്ങിക്കിടന്ന ആയിരത്തിലധികം പേരെ രക്ഷിക്കാനായെന്ന് സ‍ർക്കാർ അറിയിച്ചു. മോശം കാലാവസ്ഥ റോഡ് വ്യോമ ഗതാഗതത്തെയും ബാധിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്.

 

ജമ്മുവിൽ നിയമസഭാ തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുന്നതിനിടെ എഐസിസി അധ്യക്ഷൻ മല്ലികാർജ്ജുൻ ഖർഗെയ്ക്ക് ദേഹാസ്വാസ്ഥ്യം. ഇദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റി. രക്തസമ്മർദ്ദം താഴ്ന്നതാണ് കാരണമെന്നും ആരോഗ്യനില തൃപ്തികരമാണെന്നും ഖർഗെയുടെ മകൻ പ്രിയങ്ക് ഖർഗെ പറഞ്ഞു. എന്നാൽ അത്ര പെട്ടെന്നൊന്നും താന്‍ മരിക്കില്ലെന്നും. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അധികാരത്തില്‍ നിന്ന് താഴെ ഇറക്കും വരെ ഞാന്‍ ജീവിച്ചിരിക്കുമെന്നും ഖാര്‍ഗെ പറഞ്ഞു.

 

ദില്ലിയിൽ അമിത വേഗതയിലെത്തിയ കാറിന്‍റെ വേഗത കുറയ്ക്കാൻ ആവശ്യപ്പെട്ടതിന് പൊലീസുകാരനെ വാഹനമിടിച്ച് കൊലപ്പെടുത്തി. ദില്ലി പൊലീസിൽ കോൺസ്റ്റബിളായ സന്ദീപാണ് കൊല്ലപ്പെട്ടത്. ബൈക്കിൽ പട്രോളിംഗ് ഡ്യൂട്ടിക്കിറങ്ങിയപ്പോഴാണ് ദാരുണമായ ആക്രമണമുണ്ടായത്.

 

ജിദ്ദയിലെ ഇൻറർനാഷണൽ ഷോപ്പിംഗ് സെൻററിൽ വൻ അഗ്നിബാധ. ഇന്ന് രാവിലെ എട്ട് മണിക്കുണ്ടായ തീപിടുത്തത്തിൽ ഷോപ്പിംഗ് സെൻററിനകത്തുള്ള സൂപ്പർ മാർക്കറ്റ് ഉൾപ്പെടെ നിരവധി ഷോപ്പുകൾ കത്തിയമർന്നതായാണ് വിവരം. നിരവധി മലയാളികൾ ജോലിചെയ്യുന്ന വിവിധ ഷോപ്പുകൾ അഗ്നിക്കിരയായിട്ടുണ്ട്. അഗ്‌നിശമന രക്ഷാസേനയുടെ നിരവധി യൂണീറ്റുകൾ എത്തി തീ നിയന്ത്രണ വിധേയമാക്കി.

 

സ്ത്രീകളുടെയും പെൺകുട്ടികളുടെയും സുരക്ഷയ്ക്കും സ്വാശ്രയത്വത്തിനുമായുള്ള ഉത്തർപ്രദേശ് സർക്കാരിന്‍റെ മിഷൻ ശക്തിയുടെ അഞ്ചാം ഘട്ടം ആരംഭിക്കുന്നു. 10 ലക്ഷം പെൺകുട്ടികൾക്ക് സ്വയം പ്രതിരോധത്തിന് പരിശീലനം നൽകുമെന്നും 36,772 പെൺകുട്ടികൾക്ക് സ്ഥിരമായി സാനിറ്ററി പാഡുകൾ വിതരണം ചെയ്യുമെന്നും സർക്കാർ അറിയിച്ചു.

 

ഐക്യരാഷ്ട്രസഭയുടെ 79-ാമത് ജനറൽ അസംബ്ലി സമ്മേളനത്തിൽ പാകിസ്ഥാനെതിരെ ആഞ്ഞടിച്ച് ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. പാകിസ്ഥാൻ്റെ പതിറ്റാണ്ടുകൾ പഴക്കമുള്ള ഭീകരവാദ നയത്തെക്കുറിച്ചാണ് മന്ത്രി സംസാരിച്ചത്. പാകിസ്ഥാന്റെ പ്രവർത്തനങ്ങൾക്ക് തീർച്ചയായും അനന്തരഫലങ്ങൾ ഉണ്ടാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

 

ഇന്ത്യയുമായി നല്ല ബന്ധം പാകിസ്താന്‍ നിലനിര്‍ത്തിയിരുന്നെങ്കില്‍ ഐഎംഎഫില്‍ നിന്ന് ആവശ്യപ്പെടുന്നതിനെക്കാള്‍ കൂടുതല്‍ തുക ഇന്ത്യ പാകിസ്താന് സഹായമായി നല്‍കുമായിരുന്നുവെന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്. ജമ്മു കശ്മീരിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

 

ഹിസ്ബുല്ല നേതാവ് സയ്യിദ് ഹസൻ നസ്‌റല്ലയെ കൊലപ്പെടുത്താൻ ഇസ്രായേലിന് സഹായകമായ എല്ലാ വിവരവും നൽകിയത് ഇറാനിലെ ചാരനെന്ന് റിപ്പോർട്ട്. ലെബനനിലെ ബെയ്‌റൂട്ടിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിലാണ് ഹസൻ നസ്‌റല്ല കൊല്ലപ്പെട്ടത്. കൊല്ലപ്പെടുന്നതിന് മണിക്കൂറുകൾക്ക് മുമ്പ്, ഇറാനിയൻ ചാരൻ നസ്റല്ല എവിടെയാണെന്ന് കൃത്യമായി ഇസ്രയേലിനെ അറിയിച്ചതായാണ് റിപ്പോർട്ട്.

ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട ഹിബ്സുല്ല തലവൻ നസ്‌റല്ലക്ക് പകരം സംഘടനെ തലവനായി ഹാഷിം സഫീദ്ദീനെ നിയമിക്കുമെന്ന് റിപ്പോർട്ട്. 32 വർഷമായി ഹിസ്ബുല്ലയുടെ നേതാവായ നസ്രല്ലയുടെ ബന്ധുവാണ് സഫീദ്ദീൻ. ലെബനനിൽ ഇസ്രായേൽ നടത്തിയ ബോംബാക്രമണത്തിൽ സഫീദ്ദീനും കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.

 

ഇസ്രയേലിന് എത്താൻ കഴിയാത്ത ഒരു സ്ഥലവും ഇല്ലെന്ന് ഇറാന് മുന്നറിയിപ്പ് നൽകി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഹിസ്ബുല്ല തലവൻ ഹസൻ നസ്റല്ലയെ വധിക്കാനായത് ചരിത്രപരമായ വഴിത്തിരിവെന്ന് നെതന്യാഹു അവകാശപ്പെട്ടു. ഹിസ്ബുല്ല തലവനെ കൊലപ്പെടുത്തിയ ശേഷവും ലെബനനിൽ കനത്ത ആക്രമണം തുടരുകയാണ് ഇസ്രയേൽ.

തമിഴ്നാട്ടിൽ എം കെ സ്റ്റാലിൻ മന്ത്രിസഭയിൽ മകൻ ഉദയനിധി സ്റ്റാലിൻ ഉപ മുഖ്യമന്ത്രിയായി ചുമതലയേറ്റപ്പോൾ 4 പുതിയ മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരവുമേറ്റു. വി സെന്തിൽ ബാലാജി മന്ത്രിസഭയിൽ തിരിച്ചെത്തിയതാണ് മന്ത്രിസഭയിലെ ഏറ്റവും വലിയ സവിശേഷത. ആർ രാജേന്ദ്രൻ, ദളിത്‌ നേതാവായ ഡോ. ഗോവി സെഴിയൻ, എസ്‌ എം നാസർ എന്നിവരും മന്ത്രിമാരായി.

താന്‍ ഏകാധിപത്യപരമായി പെരുമാറുന്നുവെന്ന് ആരോപിച്ച 12 എക്‌സിക്യുട്ടീവ് കമ്മിറ്റി അംഗങ്ങള്‍ക്കെതിരേ കടുത്ത വിമര്‍ശനവുമായി ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷൻ അധ്യക്ഷ പി.ടി. ഉഷ.ഇത്തരം ആരോപണങ്ങള്‍ തന്റെ നേതൃത്വത്തെയും ഇന്ത്യന്‍ കായികരംഗത്തിന്റെ ഉന്നമനത്തിനായി മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്നവരുടെ ശ്രമങ്ങളെയും അപകീര്‍ത്തിപ്പെടുത്താന്‍ ഉദ്ദേശിച്ചുള്ളതാണെന്ന് ഉഷ പറയുന്നു.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *