തൃശൂർ പൂരം അലങ്കോലമായതിൽ ബാഹ്യശക്തികളുടെ ഇടപെടലോ ഗൂഢാലോചനയോ ഇല്ലെന്ന് എഡിജിപി എം ആർ അജിത് കുമാറിന്റെ റിപ്പോർട്ട്. സംഭവിച്ചത് സിറ്റി പൊലീസ് കമ്മീഷണർ അങ്കിത് അശോകിന് ഏകോപനത്തിൽ ഉണ്ടായ പാളിച്ച മാത്രമാണെന്നാണ് എഡിജിപി സമര്‍പ്പിച്ച റിപ്പോർട്ടിൽ പറയുന്നത്. ദേവസ്വങ്ങൾക്കെതിരെയും റിപ്പോർട്ടിൽ പരാമർശമുണ്ട്. അന്വേഷണ റിപ്പോർട്ട് എഡിജിപി മുഖ്യമന്ത്രിയുടെ ഓഫീസിന് കൈമാറി.

 

തൃശൂര്‍ പൂരം കലക്കിയതില്‍ ഗൂഢാലോചനയുണ്ടെന്ന് വി.എസ്.സുനില്‍കുമാര്‍. ബാഹ്യ ഇടപെടല്‍ ഇല്ലെന്ന റിപ്പോര്‍ട്ട് അംഗീകരിക്കാനാകില്ല ,പൂരം അലങ്കോലമായതില്‍ ബന്ധപ്പെട്ട ആളുകള്‍ക്ക് കൈകഴുകാനാകില്ലെന്നും സുനില്‍ കുമാര്‍ പറഞ്ഞു.

 

എഡിജിപിയുടെ റിപ്പോര്‍ട്ട് അംഗീകരിക്കില്ലെന്ന് കെ.മുരളീധരൻ വ്യക്തമാക്കി. ഇപ്പോള്‍ നല്‍കിയ റിപ്പോര്‍ട്ടിന് വിശ്വാസ്യതയില്ല. ജുഡീഷ്യല്‍ അന്വേഷണം തന്നെയാണ് ആവശ്യമെന്നും എന്തിനാണ് മുഖ്യമന്ത്രിക്ക് ഇത്ര വാശിയെന്നും മുരളീധരന്‍ ചോദിച്ചു.

 

പൂരം അന്വേഷണ റിപ്പോര്‍ട്ട് പ്രതീക്ഷിച്ചതു പോലെ തന്നെ കമ്മീഷണറെ ബലിയാടാക്കി കൈകഴുകിയെന്ന് കോൺഗ്രസ് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തല. ഇതിനപ്പുറം ഒരു റിപ്പോർട്ട് ആരും പ്രതീക്ഷിച്ചിരുന്നില്ല.1300 പേരുള്ള സചിത്ര ലേഖനമാണ് കൊടുത്തത് എന്നാണ് അറിയാൻ കഴിഞ്ഞത്. അതിൻറെ കോപ്പി കിട്ടിയിട്ട് വിശദമായി പ്രതികരിക്കാമെന്നും അദ്ദേഹം പറഞ്ഞു.

തിരുവമ്പാടി ,പാറമേക്കാവ് ദേവസ്വം അധികൃതര്‍ പൂരം കലക്കലിലെ അന്വേഷണ റിപ്പോര്‍ട്ട് തള്ളി. റിപ്പോര്‍ട്ട് ഇങ്ങനെ ഉണ്ടാകുമെന്ന് അരിയാഹാരം കഴിക്കുന്ന എല്ലാവർക്കും അറിയാമെന്ന് തിരുവമ്പാടി ദേവസ്വം സെക്രട്ടറി കെ.ഗിരീഷ് കുമാർ പറഞ്ഞു.വനം വകുപ്പാണ് പൂരം തകർക്കാൻ മുന്നിലുള്ളത്. CBI അന്വേഷണം തന്നെ വേണം.യഥാർത്ഥ കുറ്റക്കാർ പുകമറയുടെ പിന്നിൽ നിന്ന് ചിരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

പി വി അൻവറിനെതിരെ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്. മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ അൻവറിനെതിരെ രൂക്ഷ വിമർശനമുയർത്തിയതിന് പിന്നാലെപാർട്ടിയേയും മുന്നണിയേയും ദുർബലപ്പെടുത്തുന്ന നടപടിയാണ് അൻവറിന്റെ ഭാഗത്ത് നിന്നുമുണ്ടാകുന്നതെന്നും പരസ്യ പ്രതികരണങ്ങളിൽ നിന്ന് പിൻമാറണമെന്നും സിപിഎം അഭ്യർത്ഥിച്ചു. പി വി അൻവറിനോട് ഒരു തരത്തിലും യോജിപ്പില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയിൽ വ്യക്തമാക്കി.

പിവി അന്‍വറിനെ വിമര്‍ശിച്ച് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവൻ. പിവി അന്‍വര്‍ പാര്‍ട്ടിയെയും സര്‍ക്കാരിനെയും ദുര്‍ബലപ്പെടുത്തി. അൻവറിന്റെ പ്രസ്താവനകള്‍ ശത്രുക്കള്‍ക്ക് ആഹ്ലാദിക്കാൻ വകയുണ്ടാക്കിയെന്നും എ വിജയരാഘവൻ വിമര്‍ശിച്ചു.

പി വി അൻവറിനെ ഏറ്റെടുക്കാനില്ലെന്ന് യുഡിഎഫ്. രാഹുലിന്റെ ഡിഎന്‍എ പരിശോധിക്കണമെന്ന് പറഞ്ഞ നേതാവിനെ ഒരിക്കലും വേണ്ടെന്ന് യുഡിഎഫ് കൺവീനർ എം എം ഹസൻ. അൻവറിന് രാഷ്ട്രീയ അഭയം നൽകേണ്ട ആവശ്യം ഇല്ലെന്നും എംഎം ഹസൻ വിശദമാക്കി. അൻവറിനെ സ്വീകരിക്കുമോയെന്ന ചോദ്യം തന്നെ അപ്രസക്തമെന്നാണ് കുഞ്ഞാലിക്കുട്ടി പ്രതികരിച്ചത്.

കുലംകുത്തിയായ പി.വി. അൻവറിന് സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് വധശിക്ഷ വിധിച്ചിരിക്കുകയാണെന്ന് ചെറിയാന്‍ ഫിലിപ് പറഞ്ഞു.പാർട്ടി ആരാചാർ കഴുത്തിൽ കുരുക്കിടുന്നതിനു മുമ്പ് സി.പി.എം എന്ന തടവറയിൽ നിന്നും പുറത്തുചാടുന്നതാണ് ഉചിതം .കോൺഗ്രസോ മുസ്ലീം ലീഗോ അൻവറിനെ സ്വീകരിച്ചാലും ഇല്ലെങ്കിലും സാമ്പത്തിക ശേഷിയുള്ള ബിസിനസുകാരനായ അൻവറിന് പട്ടിണി കിടക്കേണ്ടി വരില്ലെന്നും അദ്ദേഹം പറഞ്ഞു.

മുഴുവൻ സമയ കമ്മ്യൂണിസ്റ്റ് എന്ന് പറഞ്ഞ് നടന്നിട്ട് കാര്യമില്ലെന്നും പറയുന്ന കാര്യം പാര്‍ട്ടിയെ ബാധിക്കുമോയെന്ന് പിവി അൻവര്‍ ആലോചിക്കണമെന്നും ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്‍റ് എഎ റഹീം. ഒരു തെറ്റിനും ഇടതുപക്ഷം കൂട്ടു നിൽക്കില്ല. കേരളത്തിന്‍റെ മുഖ്യമന്ത്രിക്കെതിരെ വരെ തെറ്റിദ്ധാരണയുണ്ടാക്കുന്ന തരത്തിൽ അൻവര്‍ ആരോപണം ഉന്നയിക്കുന്ന രീതി അംഗീകരിക്കാനാകില്ലെന്നും എഎ റഹീം പറഞ്ഞു

പി വി അൻവർ എം എൽ എ പറയുന്ന പല കാര്യങ്ങളും സത്യമാണെന്നും, ഇനിയാണ് സ്വാതന്ത്ര്യ സമര സേനാനിയായ ഷൗക്കത്തലി സാഹിബിൻ്റെ മകൻ പി വി അൻവറിൻ്റെ യഥാർത്ഥ മുഖം പിണറായി കാണേണ്ടതെന്നും മുസ്ലീം ലീഗ് നിലമ്പൂർ മണ്ഡലം പ്രസിഡൻ്റ് ഇക്ബാൽ മുണ്ടേരി ഫേസ്ബുക്കിൽ കുറിച്ചു. എന്നാൽ പോസ്റ്റ് ചര്‍ച്ചയായതിന് പിന്നാലെ ഇക്ബാൽ മുണ്ടേരി പോസ്റ്റ്‌ ഡിലീറ്റ് ചെയ്തു.

തെറ്റ് തിരുത്തി പുറത്ത് വന്നാല്‍ സിപിഐയെ സ്വീകരിക്കുന്നത് ആലോചിക്കുമെന്ന് കെ സുധാകരന്‍ എം പി പറഞ്ഞു. പിണറായിയുടെ അടിമകളായി എല്‍ഡിഎഫില്‍ തുടരണോയെന്ന് സിപിഐ ആലോചിക്കണമെന്നും, സിപിഐ എന്തുകൊണ്ട് സ്വതന്ത്രമായി നിന്നുകൂടായെന്നും അദ്ദേഹം ചോദിച്ചു. സിപിഐ തെറ്റ് തിരുത്തിയാൽ യുഡിഎഫിൽ എടുക്കുന്ന കാര്യം ചർച്ച ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.

അർജുൻ അടക്കം മൂന്ന് പേർക്കായി ഷിരൂരിലെ മണ്ണിടിച്ചിൽ മേഖലയിൽ നടക്കുന്ന ഡ്രഡ്ജിംഗ് ഉപയോഗിച്ചുള്ള പരിശോധ ഉടൻ അവസാനിപ്പിക്കില്ലെന്ന് കാർവാർ എംഎൽഎ സതീശ് സെയ്ൽ. ഡ്രഡ്ജിംഗ് എത്ര ദിവസം വേണമെങ്കിലും തുടരാനാണ് തീരുമാനം. നാളെ റിട്ടയർ മേജർ ജനറൽ ഇന്ദ്രബാൽ ഷിരൂരിൽ എത്തും. തുടർന്ന് തിരച്ചിലിൽ പുരോഗതി ഉണ്ടാകും എന്നും അദ്ദേഹം പറഞ്ഞു.

 

അർജുനടക്കമുള്ളവർക്കായുള്ള തെരച്ചിലിൽ നടക്കുന്ന ഷിരൂരിൽ നിന്ന് മടങ്ങുന്നുവെന്ന് പ്രാദേശിക മുങ്ങൽ വിദഗ്ധൻ ഈശ്വർ മാൽപെ. പൊലീസ് താൻ ഗംഗാവലി പുഴയിലിറങ്ങി പരിശോധിക്കുന്നത് തടയുകയാണെന്നും അതിനാൽ മടങ്ങുകയാണെന്നും അദ്ദേഹം പറഞ്ഞു. അധികം ഹീറോ ആകേണ്ടെന്ന് പൊലീസ് തന്നോട് പറഞ്ഞുവെന്നും, തെരച്ചിൽ വിവരങ്ങൾ ആരോടും പറയരുതെന്നാണ് ആവശ്യപ്പെടുന്നത്. ഇനി ജില്ലാ ഭരണകൂടം കത്തിലൂടെ ആവശ്യപ്പെട്ടാൽ മാത്രമേ വരൂവെന്നും ഈശ്വർ മാൽപെ വ്യക്തമാക്കി.

ഷിരൂരിൽ ഇപ്പോള്‍ നടക്കുന്ന തെരച്ചിലിൽ വിവാദങ്ങള്‍ പാടില്ലെന്നും ഈശ്വര്‍ മല്‍പെയുടെ ജീവന് ഭീഷണിയാകുന്ന തരത്തിലുള്ള തെരച്ചില്‍ വേണ്ടെന്നും അര്‍ജുന്‍റെ സഹോദരി അഞ്ജു. അർജുനടക്കം മൂന്ന് പേർക്കായുളള തെരച്ചിലിൽ നടക്കുന്ന ഷിരൂരിൽ നിന്ന് മടങ്ങുന്നുവെന്ന് പ്രാദേശിക മുങ്ങൽ വിദഗ്ധൻ ഈശ്വർ മാൽപെ വ്യക്തമാക്കിയതിന് പിന്നാലെയാണ് അഞ്ജുവിന്‍റെ പ്രതികരണം.

ഹേമ കമ്മിറ്റി റിപ്പോർട്ടിൽ കൂടുതൽ വിവരങ്ങൾ തേടാൻ ദേശീയ വനിതാ കമ്മീഷൻ കേരളത്തിലെത്തും. കേരളത്തിലെത്തി അതിജീവിതകളുടെ മൊഴിയെടുത്ത ശേഷം തുടർനടപടികൾ ആലോചിക്കുമെന്ന് കമ്മീഷൻ അംഗങ്ങൾ അറിയിച്ചു. വിഷയം പഠിക്കാൻ വനിതാ കമ്മീഷൻ പ്രത്യേക കമ്മിറ്റിയും രൂപീകരിക്കും.

സിനിമാ മേഖലയിലെ അതിക്രമങ്ങൾ അന്വേഷിക്കുന്ന സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീമിന് രണ്ട് കേസുകൾ കൂടി. കൊച്ചി ഇൻഫോ പാർക് സ്റ്റേഷനിലും കോഴിക്കോട് എലത്തൂരിലിൽ രജിസ്റ്റർ ചെയ്ത കേസുകളാണ് സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീമിന് കൈമാറിയത്. ജൂനിയർ ഹെയർ സ്റ്റൈലിസ്റ്റിന്‍റെ പരാതിയിലാണ് പൊലീസ് കേസെടുത്തത്.

 

കേരളത്തിൽ മഴ ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ച് കാലാവസ്ഥ വകുപ്പ്. നാളെയും മറ്റന്നാളും വിവിധ ജില്ലകളിൽ യെല്ലോ അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. രണ്ട് ചക്രവാത ചുഴി രൂപപ്പെട്ട സാഹചര്യത്തിൽ ബംഗാൾ ഉൾകടലിനു മുകളിൽ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യതയുള്ളതാണ് കേരളത്തിലെ മഴ സാഹചര്യം വീണ്ടും ശക്തമാക്കുന്നത്.

ചേലൂരിൽ രണ്ട് വയസ്സുകാരി കാറിടിച്ചു മരിച്ചു. ചേലൂർ സ്വദേശി ബിനോയുടെയും ജിനിയുടെയും മകൾ ഐറിൻ ആണ് മരിച്ചത്. ചേലൂർ പള്ളിയിൽ വച്ചാണ് രാവിലെ അപകടം നടന്നത്. രാവിലെ പള്ളിയിലേക്ക് കയറുന്നതിനിടെ മുന്നോട്ടെടുത്ത കാറിനടിയിൽപ്പെട്ടാണ് അപകടം നടന്നത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മെഡിക്കൽ കോളേജിലേക്ക് മാറ്റി.

നീറ്റ്-യുജി ചോദ്യപേപ്പർ ചോർച്ചയിൽ നാഷണൽ ടെസ്റ്റിംഗ് ഏജൻസിയ്ക്ക് ക്ലീൻ ചിറ്റ് നൽകി സിബിഐ. എൻടിഎയോ അവിടുത്തെ ഉദ്യോഗസ്ഥരോ ചോദ്യപേപ്പർ ചോർച്ചയിൽ ഉൾപ്പെട്ടില്ലെന്ന് സിബിഐ വ്യക്തമാക്കി. ജാർഖണ്ഡ് ഹസാരിബാഗിലെ സ്കൂൾ കേന്ദ്രീകരിച്ചുള്ള സംഘമാണ് പേപ്പർ ചോർത്തിയത്. തട്ടിപ്പിൽ എവിടെയും ഉദ്യോഗസ്ഥരുടെ പങ്കാളിത്തം കണ്ടെത്താനായില്ലെന്നും 150 വിദ്യാർത്ഥികൾക്കാണ് ചോദ്യപേപ്പർ ചോർച്ച കൊണ്ട് ഗുണം ഉണ്ടായതെന്നും സിബിഐ അറിയിച്ചു.

അന്ന സെബാസ്റ്റ്യന്‍റെ മരണത്തിൽ മഹാരാഷ്ട്ര സർക്കാരിനോട് വിവരങ്ങൾ ശേഖരിച്ച് കേന്ദ്ര തൊഴിൽ മന്ത്രാലയം. മുബൈയിലെ ഇ വൈ കമ്പനിയിലെ ജീവനക്കാരിയായിരുന്ന മലയാളി യുവതിയായ അന്നയുടെ മരണത്തെ തുടർന്ന് ഇ വൈ കമ്പനിയിലെ തൊഴിൽ സാഹചര്യങ്ങളെ കുറിച്ച് കേന്ദ്ര തൊഴിൽ മന്ത്രാലയം വിവരങ്ങൾ തേടി. പരിശോധനകൾ തുടരുന്നതായി വ്യക്തമാക്കിയ മന്ത്രാലയം അന്നയുടെ മരണത്തേക്കുറിച്ച് പഠിക്കാൻ കമ്പനി അധിക്യതരെയും വിളിപ്പിക്കുമെന്നും വിശദമാക്കി.

മുബൈയിലെ ഇ വൈ കമ്പനിയിലെ ജീവനക്കാരിയായിരുന്ന മലയാളി യുവതി അന്ന സെബാസ്റ്റ്യന്‍റെ മരണത്തിൽ പ്രതികരണവുമായി കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മല സീതാരാമൻ. മനശക്തി വർധിപ്പിക്കാനുളള വഴികൾ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും കുടുംബങ്ങളിലും പഠിപ്പിച്ചാൽ സമ്മർദ്ദത്തെ അതിജീവിക്കാനാകും. ഈശ്വരചിന്തയും ധ്യാനവും മനശ്ശക്തി വർധിപ്പിക്കാൻ സഹായകരമെന്നും മന്ത്രി പറഞ്ഞു

 

തമിഴ്നാട്ടിലെ ശ്രീപെരുമ്പത്തൂരിലെ സാംസംഗ് ഇന്ത്യ ഫാക്ടറിയിൽ തൊഴിലാളികൾ നടത്തുന്ന സമരം തുടരുന്നു. സെപ്റ്റംബർ ഒമ്പതിനാണ് സാംസങ് ഇന്ത്യയുടെ നിർമ്മാണ യൂണിറ്റിൽ സമരം തുടങ്ങിയത്. സിപിഎമ്മിന്റെ തൊഴിലാളി സംഘടനയായ സിഐടിയുവാണ് സമരത്തിന് പിന്തുണ നൽകുന്നത്. ജോലി സമയം കുറയ്ക്കുക, വേതനം ഉയർത്തുക എന്നിവ ഉൾപ്പെടെയുള്ള നിരവധി ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം.

യൂത്ത് കോണ്‍ഗ്രസിന്റെ പുതിയ ദേശീയ അധ്യക്ഷനായി ഉദയ്ഭാനു ചിബിനെ നിയമിച്ചു. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയാണ് നിയമനം നടത്തിയത്. യൂത്ത് കോൺഗ്രസ് ജനറല്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ച് വരികയായിരുന്നു.

തനിക്ക് പക്ഷാഘാതമുണ്ടായെന്നും ആശുപത്രിയിലായിരുന്നെന്നും വ്യക്തമാക്കി കവിയും ​ഗാനരചയിതാവും സംവിധായകനും സം​ഗീത സംവിധായകനുമായ ശ്രീകുമാരൻ തമ്പി. ഫെയ്സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

 

പച്ചക്കറിയുള്‍പ്പെടെയുള്ള അവശ്യസാധനങ്ങള്‍ കിട്ടാതെ ലക്ഷദ്വീപില്‍ കടുത്ത ക്ഷാമമെന്ന് റിപ്പോർട്ട്. ആവശ്യത്തിന് കപ്പലുകളില്ലാതായതോടെയാണ് കൊച്ചിയില്‍ നിന്നും കോഴിക്കോട് നിന്നും ഭക്ഷ്യവസ്തുക്കള്‍ ദ്വീപുകളില്‍ എത്താതായത്. ലക്ഷദ്വീപ് ഭരണകൂടത്തിന്റെ ആസ്ഥാനമായ കവരത്തിയില്‍പോലും കടകള്‍ കാലിയായി. പരിഹരിച്ച് തുടങ്ങിയെന്ന് അധികൃതര്‍ പറയുമ്പോഴും ദ്വീപുകര്‍ക്ക് അവശ്യസാധനങ്ങള്‍ പലതും കിട്ടുന്നില്ലെന്നും റിപ്പോർട്ടുണ്ട്.

ഇടതുപക്ഷ നേതാവ് അനുര കുമാര ദിസനായകെ ശ്രീലങ്കന്‍ പ്രസിഡന്റായേക്കും. ആദ്യ റൗണ്ട് വോട്ടെണ്ണലില്‍ ദിസനായകെ ബഹുദൂരം മുന്നിലെത്തി. എന്നാല്‍ 50 ശതമാനം വോട്ടുകള്‍ നേടാന്‍ കഴിയാതിരുന്നതോടെ വോട്ടെണ്ണല്‍ രണ്ടാം റൗണ്ടിലേക്ക് കടന്നു.

സ്വന്തമായി വീടില്ലാത്തതിനാല്‍ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതി ഒഴിഞ്ഞശേഷം ജനങ്ങള്‍ക്കൊപ്പം അവരുടെ വീട്ടില്‍ കഴിയുമെന്ന പ്രഖ്യാപനവുമായി അരവിന്ദ് കെജ്‌രിവാള്‍. ജന്തര്‍മന്തറില്‍ നടന്ന ജനതാ കി അദാലത്തില്‍ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

ഭീകരവാദികളേയും കല്ലെറിയുന്നവരേയും ജയില്‍ മോചിതരാക്കില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഭീകരവാദത്തെ പാതാളത്തിലേക്ക് അടക്കം ചെയ്യുമെന്നും ഇത് തുടച്ചുനീക്കപ്പെടുന്നതുവരെ പാകിസ്താനുമായി ഒരു സംഭാഷണത്തിനുമില്ലെന്നും അമിത് ഷാ പറഞ്ഞു. ഞായറാഴ്ച ജമ്മുവിലെ നൗഷേരയിൽ നടന്ന തിരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

 

ചെന്നൈ ടെസ്റ്റില്‍ ബംഗ്ലാദേശിനെ 280 റണ്‍സിന് തകര്‍ത്തിരിക്കുകയാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം.ടെസ്റ്റ് ചരിത്രത്തില്‍ ഇന്ത്യ വിജയിക്കുന്ന 179-ാം മത്സരമായിരുന്നു ബംഗ്ലാദേശിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റ്.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *