Screenshot 2024 02 27 20 21 14 990 com.android.chrome edit 2

എഡിജിപി എം ആര്‍ അജിത്ത് കുമാറിനെ മാറ്റാത്ത മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാടിൽ അതൃപ്തി പരസ്യമാക്കി സിപിഐ. ആർഎസ്എസ് നേതാക്കളെ കണ്ട എഡിജിപിക്കെതിരെ അന്വേഷണം പോലും പ്രഖ്യാപിക്കാത്തതിലാണ് സിപിഐക്ക് അമര്‍ഷം. ആർഎസ്എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ചയിൽ വിശദീകരണം പോലും ഇല്ലെന്നിരിക്കെ എഡിജിപിയെ പുറത്താക്കണമെന്ന് ജനയുഗത്തിൽ ലേഖനമെഴുതിയ പ്രകാശ് ബാബു തുറന്നടിച്ചു.

 

അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ കുറ്റപത്രം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സി.പി.എം നേതാക്കളായ പി.ജയരാജനും ടി.വി. രാജേഷും സമര്‍പ്പിച്ച വിടുതല്‍ ഹര്‍ജി തള്ളിയ സി.ബി.ഐ കോടതി വിധി സ്വാഗതം ചെയ്യുന്നുവെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. കൊലയാളികളും കൊലപാതകത്തിന് ഗൂഡാലോചന നടത്തിയവരും ഉള്‍പ്പെടെയുള്ള എല്ലാ ക്രിമിനലുകളും ശിക്ഷിക്കപ്പെടണം എന്നും അദ്ദേഹം പറഞ്ഞു.

കോഴിക്കോട് ചേവായൂർ സഹകരണ ബാങ്കിനെതിരെ സമരവുമായി കോൺഗ്രസ് പ്രവർത്തകർ. അനധികൃത നിയമനമാരോപിച്ച് ബാങ്കിനെതിരെ സമരവുമായി മുന്നോട്ടു പോവുകയാണ് കോൺഗ്രസ് പ്രവർത്തകർ. കോൺഗ്രസ് ഭരണത്തിന് കീഴിലുള്ള ബാങ്കിനെ സിപിഎമ്മിന്റെ കയ്യിലെത്തിക്കാൻ നീക്കം നടത്തിയെന്നാണ് നിലവിലെ ഭരണ സമിതിക്കെതിരായ ആരോപണം.

ഖാദി ബോർഡ് വൈസ് ചെയർമാൻ സ്ഥാനത്തു നിന്ന് പി ജയരാജനെ പുറത്താക്കണമെന്ന് കെപിസിസി വൈസ് പ്രസിഡന്‍റ് ബൽറാം ആവശ്യപ്പെട്ടു. അരിയിൽ ഷുക്കൂർ എന്ന ചെറുപ്പക്കാരനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ വിചാരണ നേരിടുന്ന ജയരാജന് ആ പദവിയിലിരിക്കാൻ അർഹതയില്ലെന്ന് ബൽറാം ഫേസ്ബുക്കിൽ കുറിച്ചു.

 

മലപ്പുറത്ത് 7 പേർക്ക് നിപ രോഗലക്ഷണങ്ങളെന്ന് മന്ത്രി വീണാ ജോർജ്. സമ്പർക്ക പട്ടികയിൽ 267 പേരാണുളളത്. ഇതിൽ 37 സാമ്പിളുകൾ നെഗറ്റീവാണ്. മറ്റുളള സാമ്പിളുകൾ ഉടൻ പരിശോധനക്ക് അയക്കും. നിപ ഇനി രണ്ടാമതൊരാൾക്കില്ലെന്ന് ഉറപ്പിക്കാനാണ് ജാഗ്രത പാലിക്കുന്നതെന്നും മന്ത്രി വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

കഥാകൃത്തിന് നേരെ ലൈംഗികാതിക്രമം നടത്തിയെന്ന കേസിൽ സംവിധായകൻ വി.കെ പ്രകാശിന്റെ അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തിൽ വിട്ടു. കൊല്ലം പള്ളിത്തോട്ടം പൊലീസാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കേസിൽ ഹൈക്കോടതി വി.കെ പ്രകാശിന് മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു.

വൈദ്യുതി ബില്ല് മലയാളത്തിലാക്കണമെന്ന് റഗുലേറ്ററി കമ്മീഷൻ അദാലത്തിൽ ആവശ്യം ഉയർന്നതിനെ തുടർന്ന് സംസ്ഥാനത്ത് ബില്ലുകൾ മലയാളത്തിൽ നൽകിത്തുടങ്ങി. ഇംഗ്ലീഷിലെ ബില്ലുകൾ വായിക്കാൻ ബുദ്ധിമുട്ടുണ്ടെന്ന പരാതിയെ തുടർന്നാണ് നടപടി. മീറ്റർ റീഡിംഗ് മെഷീനിൽ തന്നെ ഉപഭോക്താക്കൾ ആവശ്യപ്പെടുന്നത് അനുസരിച്ച് മലയാളത്തിലോ ഇംഗ്ളീഷിലോ നൽകും.

ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുനായുള്ള തിരച്ചിലിന് ഗോവയിൽനിന്നുള്ള ഡ്രഡ്ജർ ​ഗം​ഗാവലി പുഴയിലെത്തി. വ്യാഴാഴ്ച വൈകീട്ട് 4.45-ഓടെയാണ് ഡ്രഡ്ജർ എത്തിച്ചത്.വെള്ളിയാഴ്ച രാവിലെ തിരച്ചിൽ പുനരാരംഭിക്കാനാകുമെന്നാണ് ജില്ലാ ഭരണകൂടം അറിയിക്കുന്നത്.

വാക്ക് പറഞ്ഞ് പറ്റിച്ചെന്ന പരാതിയിൽ ടൂർ ഏജൻസിക്കെതിരായ പരാതിയിൽ നടപടി. ട്രാവൽ വിഷൻ ഹോളിഡേയ്‌സ് എന്ന സ്ഥാപനത്തിനോട് 75000 രൂപ പരാതിക്കാരന് നഷ്ടപരിഹാരം നൽകാനും 3000 രൂപ കോടതി ചെലവായി നൽകാനും എറണാകുളം ഉപഭോക്തൃ തർക്കപരിഹാര ഫോറം വിധിച്ചു.

ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലെ തീപിടിത്തത്തിൽ മലയാളി യുവാവ് മരിച്ചു. കൊല്ലം പുനലൂർ സ്വദേശി സൂരജ് പണിക്കർ (34) ആണ് മരിച്ചത്. മത്തിക്കരെയിലെ എം.എസ് രാമയ്യ മെഡിക്കൽ കോളേജിൽ ഉച്ചയോടെ ആണ് തീപിടിത്തം ഉണ്ടായത്.തീപിടിത്തം ഉണ്ടായ ഇടത്ത് നിന്ന് മാറ്റി സൂരജിനെ രക്ഷപ്പെടുത്തുന്നതിൽ ആശുപത്രിക്ക് വീഴ്ച ഉണ്ടായെന്ന് ബന്ധുക്കൾ ആരോപിക്കുന്നു.

ആലപ്പുഴയിലെ സുഭദ്ര കൊലപാതകത്തിൽ പ്രതികളുമായി പൊലീസ്തെളിവെടുപ്പ് നടത്തി . ശര്‍മിളയെയും മാത്യൂസിനെയും ഒറ്റയ്ക്കൊറ്റയ്ക്ക് എത്തിച്ചാണ് പൊലീസ് തെളിവെടുപ്പ് നടത്തിയത്. വീടിന് പിറക് വശത്ത് അൽപം മാറി ചതുപ്പിൽ നിന്ന് സുഭദ്ര ഉപയോഗിച്ച തലയണ പൊലീസ് കണ്ടെത്തി. കൊലയ്ക്കിടെ രക്ത പുരണ്ടതിനാല്‍ തലയണ ഉപേക്ഷിച്ചുവെന്ന് പ്രതികള്‍ പൊലീസിനോട് സമ്മതിച്ചു.

കുഴഞ്ഞുവീണ് മരിച്ച ഇ.വൈ. (ഏണസ്റ്റ് ആന്‍ഡ് യങ്) ജീവനക്കാരി അന്ന സെബാസ്റ്റ്യന്റെ വീട്ടിൽ കമ്പനി അധികൃതരെത്തി. അമിതജോലിഭാരം മൂലമാണ് അന്നയുടെ മരണമെന്ന ആരോപണം നിലനിൽക്കെയാണ് ഇ.വൈ. കമ്പനി അധികൃതർ അന്നയുടെ കൊച്ചിയിലെ വീട്ടിലെത്തിയത്.അന്വേഷണം ആവശ്യപ്പെട്ടെങ്കിലും കമ്പനി ഉറപ്പൊന്നും നല്‍കിയില്ല.

 

ഇന്ത്യൻ എംബസി ഉദ്യോഗസ്ഥൻ തോമസ് കെ തോമസ് അമേരിക്കയിൽ നിര്യാതനായി. വാഷിങ്ടൺ ഇന്ത്യൻ എംബസിയിൽ ബുധനാഴ്ച രാത്രിയാണ് മരിച്ചത്. അമേരിക്കയിലെ ഇന്ത്യൻ എംബസിയിലെ അറ്റാഷേ ആയിരുന്നു. രാജ്യസഭാംഗം ജോൺ ബ്രിട്ടാസിന്റെ ഭാര്യാ സഹോദരനാണ് മരിച്ച തോമസ് കെ തോമസ്.

ഒരു കാലത്ത് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് നേരെ കല്ലെറിഞ്ഞിരുന്ന ജമ്മു കശ്മീര്‍ ജനതയുടെ കയ്യില്‍ ഇപ്പോള്‍ പുസ്തകങ്ങളും പേനകളുമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജമ്മു കശ്മീര്‍ തെരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ടത്തിലെ റെക്കോര്‍ഡ് വോട്ടിംഗ് ശതമാനത്തെ പ്രശംസിച്ച് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.പത്ത് വര്‍ഷത്തിനിടെ ആദ്യമായി നടന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ റെക്കോര്‍ഡ് പോളിംഗാണ് ജമ്മു കശ്മീരില്‍ രേഖപ്പെടുത്തിയത്.

രാഹുൽ ഗാന്ധിക്കെതിരായ തീവ്രവാദി പരാമർശത്തിൽ കർണാടക പിസിസി ഭാരവാഹികളുടെ പരാതി പ്രകാരം കേന്ദ്രമന്ത്രി റവ്നീത് സിങ് ബിട്ടുവിനെതിരെ കേസെടുത്തു. കലാപാഹ്വാനം അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് ബംഗളൂരു പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. രാഹുൽ ഒന്നാം നമ്പർ തീവ്രവാദിയാണെന്നായിരുന്നു കേന്ദ്രമന്ത്രിയുടെ പരാമർശം.

ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഉള്‍പ്പെടെയുള്ള ഉന്നതരെ വധിക്കാന്‍ ഇറാന്റെ പിന്തുണയോടെ ഗൂഢാലോചന നടത്തിയെന്ന് സംശയിക്കുന്ന ഇസ്രയേലി പൗരന്‍ അറസ്റ്റില്‍. തുര്‍ക്കിയുമായി ബന്ധമുള്ള വ്യവസായിയെയാണ് ഇസ്രയേലി സുരക്ഷാ സേന അറസ്റ്റ് ചെയ്തത്.

ക​ര്‍​ണാ​ട​ക ബി​ജെ​പി എം​എ​ല്‍​എ​യും മു​ന്‍ മ​ന്ത്രി​യു​മാ​യ മു​നി​ര​ത്ന ഉ​ള്‍​പ്പെ​ടെ ഏ​ഴ് പേ​ര്‍​ക്കെ​തി​രേ ബ​ലാ​ത്സം​ഗ​ക്കേ​സ്. രാ​മ​ന​ഗ​ര ജി​ല്ല​യി​ലെ ക​ഗ്ഗ​ലി​യ​പു​ര പൊ​ലീ​സ് സ്റ്റേ​ഷ​ന്‍ പ​രി​ധി​യി​ലെ ഒ​രു സ്വ​കാ​ര്യ റി​സോ​ര്‍​ട്ടി​ല്‍​വ​ച്ച് 40 കാ​രി​യെ പീ​ഡി​പ്പി​ച്ചെന്ന പരാതിയിലാണ് കേസ് രജിസ്റ്റർ ചെയ്തത്. ഒ​രു മാ​സ​ത്തി​നി​ടെ മു​നി​ര​ത്ന​യ്‌​ക്കെ​തി​രേ​യു​ള്ള മൂ​ന്നാ​മ​ത്തെ എ​ഫ്‌​ഐ​ആ​റാ​ണി​ത്.

രാജസ്ഥാനിലെ അസിസ്റ്റന്റ് കളക്ടർ മരിച്ച സംഭവത്തിൽ ചികിത്സാ പിഴവ് ആരോപിച്ച് കുടുംബം. ജോധ്പൂരിലെ ആശുപത്രിയിൽ നടത്തിയ ശസ്ത്രക്രിയയിൽ അപാകതയുണ്ടെന്ന് ബന്ധുക്കൾ ആരോപിച്ചതിനെ തുടർന്ന് അന്വേഷണത്തിന് ഉത്തരവിട്ടു.

 

മോശമായ റോഡുകളുടെ പേരിൽ ഏജൻസികളേയും കരാറുകാരെയും രൂക്ഷമായി വിമർശിച്ച് കേന്ദ്രമന്ത്രി നിതിൻ ​ഗഡ്കരി. മോശമായി പ്രവർത്തിക്കുന്നവരുടെ ബാങ്ക് ​ഗ്യാരണ്ടി കണ്ടുകെട്ടും. പുതിയ ടെൻഡറുകൾക്ക് അപേക്ഷിക്കാൻ ഇവരെ അനുവദിക്കില്ലെന്നും കേന്ദ്രമന്ത്രി പറഞ്ഞു.

ആര്‍.ജി. കര്‍ മെഡിക്കല്‍ കോളേജിലെ മുന്‍ പ്രിന്‍സിപ്പല്‍ സന്ദീപ് ഘോഷിന്റെ ഡോക്ടര്‍ രജിസ്‌ട്രേഷന്‍ റദ്ദാക്കി. പശ്ചിമ ബംഗാള്‍ മെഡിക്കല്‍ കൗണ്‍സിലിന്റേതാണ് നടപടി. ഡോക്ടറുടെ കൊലപാതകവുമായി ബന്ധപ്പെട്ടും സാമ്പത്തിക ക്രമക്കേടുകളിലും സന്ദീപ് ഘോഷിനെ സി.ബി.ഐ. അറസ്റ്റ് ചെയ്ത് ദിവസങ്ങള്‍ക്കുള്ളിലാണ് കൗണ്‍സിലിന്റെ നടപടി.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമേരിക്കൻ സന്ദർശനത്തിൽ റഷ്യ-യുക്രെയിൻ സംഘർഷം അവസാനിപ്പിക്കാനുള്ള തുടർചർച്ചകൾ നടക്കുമെന്ന് സ്ഥിരീകരിച്ച് വിദേശകാര്യ മന്ത്രാലയം. അമേരിക്കൻ പ്രസിഡൻറ് ജോ ബൈഡനുമായി പ്രധാനമന്ത്രി ഇക്കാര്യം ചർച്ച ചെയ്യുമെന്ന് വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രി അറിയിച്ചു. സമവായത്തിന് ശ്രമിക്കുമെന്നും എന്ത് ഫലം ഉണ്ടാകുമെന്ന് ഇപ്പോൾ പറയാനാവില്ലെന്നും വിദേശകാര്യ സെക്രട്ടറി വ്യക്തമാക്കി.

 

ജമ്മു കശ്മീരില്‍ സജീവമായി പ്രവര്‍ത്തിക്കുന്ന ഭീകര ഗ്രൂപ്പുകളില്‍ നിന്ന് ഇന്ത്യ വലിയ ഭീഷണിയാണ് നേരിടുന്നതെന്ന് ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്‌സിന്റെ റിപ്പോര്‍ട്ട്. ഇന്ത്യയില്‍ കള്ളംപ്പണം വെളുപ്പിക്കുന്നിനുള്ള പ്രധാന സ്രോതസ്സുകള്‍ രാജ്യത്തിനുള്ളില്‍ തന്നെയാണെന്നും നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളിലൂടെയാണ് ഇത് സാധ്യമാകുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *