Screenshot 2024 02 27 20 21 14 990 com.android.chrome edit

 

വയനാട്  ഉരുൾപൊട്ടലിൽ മരിച്ചവരിൽ തിരിച്ചറിയാത്തവർക്കായി  പുത്തുമലയിൽ കൂട്ടക്കുഴിമാടങ്ങൾ.      200 കുഴിമാടങ്ങളാണ് ഇതിനായി തയ്യാറാക്കിയത്. 27 മൃതദേഹങ്ങളും, 154 ശരീരഭാ​ഗങ്ങളുo ഇന്ന് സംസ്കരിച്ചു. വിവിധ ഘട്ടങ്ങളിലായിട്ടാണ് മൃതദേഹങ്ങൾ പുത്തുമലയിലേക്ക് എത്തിച്ചത്.    സർവമത പ്രാർത്ഥനയോടെയായിരുന്നു സംസ്കാര ചടങ്ങുകൾ നടത്തിയത് . ഓരോ ശരീരഭാ​ഗങ്ങളെയും ഓരോ മൃതശരീരങ്ങളായി പരി​ഗണിച്ചാണ് സംസ്കാരം പൂർത്തിയാക്കിയത്.

വയനാട്ടിൽ സൈന്യം തീരുമാനിക്കും വരെ തെരച്ചിൽ തുടരണമെന്ന് മന്ത്രിസഭാ ഉപസമിതി തീരുമാനം. ദുരന്തഭൂമിയായ മുണ്ടക്കൈയിലെ തെരച്ചിലിൽ സൈന്യം അന്തിമ തീരുമാനമെടുക്കട്ടെ എന്നാണ് സംസ്ഥാന സർക്കാർ നിലപാട്.പുനരധിവാസത്തിനായി ബൃഹദ് പാക്കേജ് തയ്യാറാക്കും. ദുരന്ത നിവാരണ നിധിയിൽ നിന്ന് കൂടുതൽ തുക പുനരധിവാസത്തിന് ഉറപ്പാക്കാൻ എൽ ത്രീ നിലയിലുള്ള ദുരന്തമായി പ്രഖ്യാപിക്കണമെന്ന് കേന്ദ്രത്തോട് സംസ്ഥാന സർക്കാർ വീണ്ടും ആവശ്യപ്പെടും.

 

ആരോഗ്യ വകുപ്പിന്‍റെ നേതൃത്വത്തിൽ വയനാട് ഉരുള്‍പൊട്ടൽ ദുരന്തത്തിന് ഇരയായവരുടെ മാനസികാഘാതം ലഘൂകരിക്കുന്നതിൻ്റെ ഭാഗമായി 121 പേരടങ്ങിയ പ്രത്യേക സംഘത്തിന് രൂപം നൽകി. ദുരന്തബാധിതരെ കേള്‍ക്കുകയും അവര്‍ക്ക് ആശ്വാസം നല്‍കുകയുമാണ് ഇവരുടെ ചുമതല. മാനസിക സാമൂഹിക ഇടപെടലുകള്‍ ഊര്‍ജിതമാക്കി സാധാരണനിലയിലേക്ക് ദുരിതബാധിതരെ തിരിച്ചു കൊണ്ടുവരാനാണ് ശ്രമം.ആരോഗ്യ വകുപ്പിൻ്റ തിരിച്ചറിയൽ കാര്‍ഡുള്ളവര്‍ക്കാണ് സേവനത്തിന് അനുവാദമുള്ളത്.

വയനാടിന്റെ പുനർ നിർമ്മാണത്തിനായി സർക്കാർ ജീവനക്കാരിൽ നിന്നും സാലറി ചലഞ്ച് എന്ന സംസ്ഥാന സർക്കാരിന്റെ നിർദ്ദേശത്തെ സ്വാഗതം ചെയ്ത് ഫെറ്റോ. ഫെഡറേഷൻ ഒഫ് എംപ്ലോയിസ് ആൻഡ് ടീച്ചേഴ്‌സ് ഓർഗനൈസേഷൻ ആണ് സർക്കാരിന്റെ ഈ നിർദ്ദേശത്തെ സ്വാഗതം ചെയ്തത് . ജീവനക്കാർക്ക് ലഭ്യമാകേണ്ട ആനുകൂല്യങ്ങളിൽ നിന്ന് തവണകളായി നൽകാൻ സർക്കാർ ഓപ്ഷൻ നൽകണമെന്ന് സംഘടനയുടെ സംസ്ഥാന പ്രസിഡൻ്റ്  ആവശ്യപ്പെട്ടു.

കേരള ടൂറിസം ഡെവലപ്പ്മെന്റ് കോർപ്പറേഷൻ അമ്പത് ലക്ഷം രൂപ      മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി.കെ.ടി.ഡി.സി ചെയർമാൻ പി. കെ ശശി, മാനേജിങ് ഡയറക്ടർ ശിഖ സുരേന്ദ്രൻ ഐ.എ.എസിന്റെ സാന്നിദ്ധ്യത്തിൽ,മുഖ്യമന്ത്രിയുടെ ഓഫീസിൽ വച്ച്  മുഖ്യമന്ത്രി പിണറായി വിജയന് തുക കൈമാറി .

ഉരുള്‍പ്പൊട്ടല്‍ ദുരന്തത്തില്‍ കെടുതികള്‍ അനുഭവിയ്ക്കുന്ന വയനാടിന് കൈത്താങ്ങുമായി ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അഞ്ച് കോടി രൂപ എം എ യൂസഫലി കൈമാറി. ദുരന്തത്തില്‍ തകര്‍ന്ന മുണ്ടക്കൈ, ചൂരല്‍മല മേഖലകളിലെ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കായാണ് സഹായം.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ലഭിക്കുന്ന സംഭാവനകളുമായി ബന്ധപ്പെട്ട് പൊതുജനങ്ങളിൽ നിന്നുയരുന്ന അന്വേഷണങ്ങൾക്ക് മറുപടി നൽകുന്നതിന് ധനവകുപ്പിൽ ഒരു താൽക്കാലിക പരാതിപരിഹാര സെൽ രൂപീകരിച്ച് സർക്കാർ ഉത്തരവിട്ടു. പരാതികൾക്കും സംശയങ്ങൾക്കും 8330091573 എന്ന മൊബൈൽ നമ്പറിലും cmdrf.cell@gmail.com എന്ന ഇ മെയിലിലും സെല്ലിനെ ബന്ധപ്പെടാം.

മൂന്ന് മാസത്തെ  റേഷൻ വ്യാപാരി കമീഷൻ വിതരണത്തിനുളള  മുൻകൂർ തുക അനുവദിച്ചു. ജൂലൈ, ആഗസ്‌ത്‌, സെപ്‌തംബർ മാസങ്ങളിലെ കമീഷൻ വിതരണത്തിന്‌, 51.26 കോടി രൂപയാണ് അനുവദിച്ചതെന്ന് ധനമന്ത്രി കെഎം ബാലഗോപാൽ അറിയിച്ചു. കേന്ദ്ര വിഹിതമായി ലഭിക്കേണ്ട 92 കോടി രൂപ കുടിശികയായ സാഹചര്യത്തിലാണ്‌ കമീഷൻ വിതരണത്തിനുള്ള തുക മുൻകൂറായി ലഭ്യമാക്കുന്നത്‌ എന്നും അദ്ദേഹം അറിയിച്ചു.

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ള മൂന്നുപേർക്കും അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചതിന്റെ പശ്ചാത്തലത്തിൽ ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകി. പായൽ പിടിച്ചു കിടക്കുന്നതോ മൃഗങ്ങളെ കുളിപ്പിക്കുന്നതോ ആയ വെള്ളം ഉപയോഗിക്കുന്നവർ മുൻകരുതൽ എടുക്കണമെന്നും കെട്ടിക്കിടക്കുന്ന മലിനമായ വെള്ളത്തിൽ കുളിക്കരുതെന്നും നിർദേശം നൽകി.

തൃശൂര്‍ തിരുവില്വാമയിലെ ദേവി ലാറ്റക്സ് കമ്പനിക്കെതിരെ പരാതി. ലാറ്റക്സ് കമ്പനിയിൽ നിന്നും ആസിഡ് അടങ്ങിയ മലിന ജലമൊഴുകി ഏക്കറുകണക്കിന് കൃഷി നശിച്ചതായാണ് നാട്ടുകാരുടെ പരാതി. ആസിഡ് അടങ്ങിയ വെള്ളം കുഴികളിലാണ് ശേഖരിച്ചിരുന്നത്. മഴ കനത്തതോടെ ഇത് കരകവിഞ്ഞ് കൃഷി സ്ഥലത്തേക്ക് ഒഴുകിയതിനെ തുടര്‍ന്ന് പാടശേഖരത്തിന് സമീപത്തെ വെള്ളച്ചാലുകളില്‍ മീനുകള്‍ ഉള്‍പ്പെടെ ചത്തുപൊങ്ങുകയായിരുന്നു. എന്നാൽ മഴ വെള്ളം കെട്ടിനിന്നാണ് കൃഷിനശിച്ചതെന്ന് ലാറ്റക്സ് കമ്പനി ഡയറക്ടര്‍ വിശദീകരിച്ചു.

കനത്തമഴയിൽ വെള്ളം മുങ്ങിപ്പോയ പട്ടാമ്പി പാലം നാളെ മുതൽ തുറന്നുകൊടുക്കും. നിബന്ധനകൾക്ക് വിധേയമായി വാഹന ഗതാഗതത്തിന് തുറന്നു കൊടുക്കാനാണ് ജില്ലാ കളക്ടറുടെ ഉത്തരവ്. ഒരു സമയം ഒരു ഭാഗത്തേക്കുള്ള വാഹനങ്ങൾ മാത്രം കടത്തി വിടണമെന്നും പാലത്തിന് മുകളിൽ ആവശ്യമായ സുരക്ഷയും ഒരുക്കാനും നിർദേശം നൽകിയിട്ടുണ്ട്.

കേരള പത്രപ്രവർത്തക യൂണിയൻ പ്രസിഡന്റായി കെ.പി. റെജിയെയും ജനറൽ സെക്രട്ടറിയായി സുരേഷ് എടപ്പാളിനെയും തെരഞ്ഞെടുത്തു. നിലവിലെ ജനറൽ സെക്രട്ടറിയായ കിരൺ ബാബുവിനെ 30 വോട്ടുകൾക്കാണ് സുരേഷ് എടപ്പാൾ പരാജയപ്പെടുത്തിയത്.

സംസ്ഥാന സര്‍ക്കാരിനെതിരെ വയനാട് ദുരന്തത്തില്‍ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയ കേന്ദ്ര മന്ത്രി ഭൂപേന്ദ്ര യാദവിനെതിരെ മറുപടിയുമായി റവന്യു മന്ത്രി കെ രാജൻ.മനുഷ്യത്വ രഹിതമായ പ്രസ്താവനയാണ് കേന്ദ്ര മന്ത്രിയുടേതെന്നും ഇത്തരം ദുരന്തമുഖത്ത് നടത്തേണ്ട പ്രസ്താവന അല്ലെന്നും അനുചിത പ്രസ്താവന നടത്തുന്നവര്‍ ആത്മപരിശോധന നടത്തണമെന്നും റവന്യു മന്ത്രി കെ രാജൻ പറ‍ഞ്ഞു.

ബംഗ്ലാദേശില്‍ കലാപം പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജിവെച്ചു. രാജ്യത്ത് കലാപം കത്തിപ്പടരുന്ന പശ്ചാത്തലത്തിലാണ് ഷെയ്ഖ് ഹസീന രാജിവെച്ചത്. സഹോദരിക്കൊപ്പം ഇവര്‍ രഹസ്യ കേന്ദ്രത്തിലേക്ക് മാറി എന്നാണ് സൂചന. അതേസമയം, ഷെയ്ക് ഹസീനയ്ക്ക് ഇന്ത്യയിൽ അഭയം നൽകില്ലെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു.

 

പ്രധാനമന്ത്രി സ്ഥാനം രാജി വെച്ച്  ബംഗ്ലദേശ് വിട്ട ഷെയ്ഖ് ഹസീന ദില്ലിയിലെത്തി. സൈനിക ഹെലികോപ്റ്ററിൽ ഹിൻഡൻ വ്യോമസേനത്താവളത്തിലാണ് ഷെയ്ഖ് ഹസീന വന്നിറങ്ങിയത്. ഇന്ത്യൻ എയർഫോഴ്സിലെ മുതിർന്ന ഉദ്യോഗസ്ഥർ ചേര്‍ന്ന് ഷെയ്ഖ് ഹസീനയെ സ്വീകരിച്ചു. ദില്ലിയിൽ നിന്ന് ഇവര്‍ ലണ്ടനിലേക്ക് പോകുമെന്നാണ് സൂചന.

ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്l സിബിഐ രജിസ്റ്റർ ചെയ്ത കേസിൽ ദില്ലി ഹൈക്കോടതി ജാമ്യം അനുവദിച്ചില്ല. വിചാരണ കോടതിയെ സമീപിക്കാൻ കോടതി നിർദേശം നൽകി. അറസ്റ്റ് നിയമവിരുദ്ധമാണെന്ന് പറയാൻ കഴിയില്ലെന്നും കോടതി വിലയിരുത്തി.

ലൗ ജിഹാദ് കേസിലെ പ്രതികൾക്ക് കടുത്ത ശിക്ഷ ഉറപ്പാക്കാൻ നിയമ നിർമ്മാണത്തിന് നടപടി തുടങ്ങിയെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ പറഞ്ഞു. ഗുവാഹത്തിയിൽ നടന്ന ബിജെപി സംസ്ഥാന എക്സിക്യൂട്ടീവ് യോഗത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ലഖ്‌നൗവിൽ കൽക്കരി ഉപയോഗിച്ചുള്ള തന്തൂരുകൾ ഒഴിവാക്കണമെന്ന് അധികൃതർ. കൽക്കരി ഉപയോ​ഗിച്ചുള്ള തന്തൂരി അടുപ്പുകൾക്ക് പകരം വാതകത്തിൽ പ്രവർത്തിക്കുന്നവയിലേക്ക് മാറാൻ ലഖ്നൗ സിറ്റി സിവിൽ ബോഡി നിർദ്ദേശിച്ചു.  ഉത്തർപ്രദേശ് തലസ്ഥാനത്തെ അന്തരീക്ഷ മലിനീകരണം തടയാനാണ് നടപടിയെന്നാണ് വിശദീകരണം.

ബംഗ്ലാദേശിലെ ആഭ്യന്തര കലാപത്തിന്റെ പശ്ചാത്തലത്തില്‍ ധാക്കയിലേക്കും അവിടെനിന്നുമുള്ള മുഴുവന്‍ വിമാന സര്‍വീസുകളും റദ്ദാക്കി എയര്‍ ഇന്ത്യ. ബംഗ്ലാദേശില്‍ രൂപംകൊണ്ടിരിക്കുന്ന സാഹചര്യത്തിന്റെ പശ്ചാത്തലത്തില്‍ ധാക്കയിലേക്കും അവിടെനിന്നുമുള്ള മുഴുവന്‍ സര്‍വീസുകളും അടിയന്തരമായി റദ്ദാക്കിയെന്നും സാഹചര്യം തുടര്‍ച്ചയായി നിരീക്ഷിച്ചു കൊണ്ടിരിക്കുകയാണെന്നും വിമാനക്കമ്പനി വ്യക്തമാക്കുന്നു.

നിരാശപ്പെടുത്തി ഇന്ത്യന്‍ ബാഡ്മിന്റണ്‍ താരം ലക്ഷ്യ സെന്‍. ഒളിമ്പിക്‌സിലെ ബാഡ്മിന്റണ്‍ പുരുഷ സിംഗിള്‍സ് വെങ്കല മെഡല്‍ പോരാട്ടത്തില്‍ മലേഷ്യയുടെ ലീ സി ജിയക്കെതിരേ ആദ്യ ഗെയിം ആധികാരികമായി സ്വന്തമാക്കിയ ശേഷം പിന്നീടുള്ള രണ്ട് ഗെയിമുകളും നഷ്ടപ്പെടുത്തി ഇന്ത്യന്‍ താരം മത്സരം കൈവിട്ടു .

ഒളിമ്പിക്സ് ഷൂട്ടിങ്ങില്‍ സ്‌കീറ്റ് മിക്സഡ് ടീം ഇനത്തില്‍ ഇന്ത്യയ്ക്ക് മെഡല്‍ നഷ്ടം. തിങ്കളാഴ്ച നടന്ന വെങ്കല മെഡല്‍ പോരാട്ടത്തില്‍ ഇന്ത്യന്‍ ജോഡികളായ മഹേശ്വരി ചൗഹാനും അനന്ദ്ജീത് സിങ്ങും ചൈനയുടെ ജിയാങ് യിറ്റിങ് – ല്യു ജിയാന്‍ലിന്‍ സഖ്യത്തോട് പരാജയപ്പെടുകയായിരുന്നു.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *