Screenshot 2024 02 27 20 21 14 990 com.android.chrome edit 8

 

മുണ്ടക്കൈ, ചൂരൽമല ഭാഗത്ത് ഉരുൾപൊട്ടലിൽ ആറ് മണി വരെ 119 പേരുടെ മരണം സ്ഥിരീകരിച്ചു. 48 പേരുടെ മൃതദേഹം മാത്രമാണ് തിരിച്ചറിഞ്ഞത്. മൃതദേഹത്തിൽ ചിലത് ചിന്നിച്ചിതറിയ നിലയിലാണ്. അപകടം ഉണ്ടായ സ്ഥലത്ത് നിന്ന് കിലോ മീറ്റുകൾ അകലെ നിലമ്പൂർ പോത്തുകല്ല് ഭാഗത്ത് ചാലിയാർ പുഴയിലൂടെ മൃതദേഹം ഒഴുകിയെത്തിയ അവസ്ഥയും ഉണ്ടായി. നിലമ്പൂർ ജില്ലാ ആശുപത്രി മോർച്ചറിയിൽ 42 മൃതദേഹമാണുള്ളത്. ഇതിൽ 16 എണ്ണം ശരീരഭാഗമാണ്. 98 പേരെ കാണാതായി. 131 പേർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്.

വയനാട് ജില്ലയിലെ ചൂരല്‍മലയില്‍ താത്കാലിക പാലത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയായി. സൈന്യവും കേരള ഫയര്‍ ഫോഴ്‌സും സംയുക്തമായാണ് പാലം നിര്‍മ്മിച്ചത്. ദുരന്ത ഭൂമിയിൽ കുടുങ്ങിയവരെ വടംകെട്ടി പുഴയ്ക്ക് മുകളിലൂടെ രക്ഷപ്പെടുത്താനാണ് ശ്രമം നടത്തിയിരുന്നു.നേരത്തെ വ്യോമസേനയുടെ ഹെലികോപ്ടർ എത്തി പരിക്കേറ്റവരെയും അടിയന്തര വൈദ്യസഹായം ആവശ്യമുള്ളവരെയും എയർലിഫ്റ്റ് ചെയ്ത് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.

വയനാട് ഉരുൾപൊട്ടലിൽ മരിച്ചവരിൽ 51 മൃതദേഹങ്ങളുടെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂർത്തിയായി. മേപ്പാടിയിലും നിലമ്പൂരിലുമായാണ് മൃതദേഹങ്ങളുടെ പോസ്റ്റുമോര്‍ട്ടം നടത്തിയത്. നടപടി വേഗത്തിലാക്കാന്‍ വയനാടിലുള്ള ഫോറന്‍സിക് സംഘത്തെ കൂടാതെ കോഴിക്കോട് നിന്നുള്ള ഫോറന്‍സിക് ഡോക്ടര്‍മാരുടെ പ്രത്യേക സംഘത്തെ കൂടി നിയോഗിച്ചിട്ടുണ്ട്. തിരിച്ചറിയാനാകാത്ത മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ ജനിതക പരിശോധനകള്‍ നടത്താനുള്ള സംവിധാനമൊരുക്കിയിട്ടുണ്ടെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ് അറിയിച്ചു.

അധിക മോര്‍ച്ചറി സൗകര്യങ്ങളും മൊബൈല്‍ മോര്‍ച്ചറി സൗകര്യങ്ങള്‍ ക്രമീകരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ദുരിത ബാധിത പ്രദേശങ്ങളിൽ താത്ക്കാലിക ആശുപത്രികള്‍ സജ്ജമാക്കി വരുന്നതായി ആരോഗ്യ വകുപ്പ് അറിയിച്ചു. അവധിയിലുളള ആരോഗ്യ പ്രവര്‍ത്തകരോട് അടിയന്തരമായി തിരികെ ജോലിയില്‍ പ്രവേശിക്കാന്‍ നിര്‍ദേശം നല്‍കി. ആവശ്യമായ മരുന്നുകളും മറ്റ് ഉപകരണങ്ങളും അധികമായി എത്തിക്കുന്നുണ്ട്.

ചൂരല്‍മല ടൌണ്‍ വരെ വൈദ്യുതി എത്തിച്ചു, വൈദ്യുതി പുന:സ്ഥാപന പ്രവര്‍‍ത്തനങ്ങള്‍ ഊര്‍‍ജ്ജിതമെന്നും കെഎസ്ഇബി. ചൂരൽമല മുണ്ടക്കൈ ഉരുൾപൊട്ടലിനെത്തുടർന്ന് ദുരന്തഭൂമിയായി മാറിയ മേപ്പാടി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന മേഖലയിൽ മൂന്ന് കിലോമീറ്ററിലേറെ ഹൈ ടെൻഷൻ ലൈനുകളും എട്ടു കിലോമീറ്ററിലേറെ ലോ ടെൻഷൻ ലൈനുകളും പൂർണമായി തകർന്നിട്ടുണ്ട്. ദുരന്തഭൂമിയുടെ സമീപം വരെയുള്ള മേഖലയിലെ വൈദ്യുതി  ബന്ധം പുനഃസ്ഥാപിച്ചിട്ടുണ്ടെന്നും കെഎസ്ഇബി അറിയിക്കുന്നു.

ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി എല്ലാവിധ നടപടികളും സംസ്ഥാന സർക്കാർ  സ്വീകരിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഉറ്റവരെയും ഉടയവരെയും നഷ്ടപ്പെട്ടവർക്ക് മറ്റ് എന്ത് പകരം നൽകിയാലും മതിയാകില്ല. ദുരിതത്തിൽ സർവ്വതും നഷ്ടപ്പെട്ടവരെ കൈപിടിച്ചുയർത്തണം. 2018 ൽ പ്രളയം ഉണ്ടായപ്പോൾ കേരളമൊട്ടാകെ ഒറ്റക്കെട്ടായി ദുരന്തബാധിതരെ സഹായിക്കാൻ  തയ്യാറായി. വയനാട്ടിൽ ഇപ്പോൾ ഉണ്ടായ ഉരുൾപൊട്ടലിൽ ദുരിതമനുഭവിക്കുന്നവരെ എല്ലാവിധത്തിലും സഹായിക്കാൻ നാം ഒരുമിച്ച് ഇറങ്ങേണ്ട സാഹചര്യമാണ് ഉണ്ടായിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

പ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, അമിത് ഷാ, തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ, ബംഗാൾ ഗവര്‍ണര്‍ സിവി ആനന്ദബോസ് എന്നിവര്‍ വിളിച്ച് സഹായം വാഗ്ദാനം ചെയ്തു എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ  . അഞ്ച് മന്ത്രിമാര്‍ വയനാട്ടിൽ പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നു. സൈന്യത്തിൻ്റെ സഹായമടക്കം സാധ്യമായ എല്ലാം ഒരുക്കി രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. ജില്ലയിൽ 45 ക്യാമ്പുകളിലായി 3096 പേരെ പാര്‍പ്പിച്ചിട്ടുണ്ട്.ദുരന്തത്തിൽ നിരവധി പേര്‍ ഒഴുകിപ്പോയി. പോത്തുകല്ലിൽ ചാലിയാറിൽ നിന്ന് 16 മൃതദേഹങ്ങൾ കണ്ടെത്തിയിട്ടുണ്ട് എന്നും അദ്ദേഹം പറഞ്ഞു.

വയനാട്ടിൽ ഉണ്ടായ ഈ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് രണ്ട് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. പൊതു പരിപാടികളും ആഘോഷങ്ങളും മാറ്റിവെച്ചിട്ടുണ്ട്. ദേശീയപതാക താഴ്ത്തിക്കെട്ടി ദുഃഖാചരണത്തിന്റെ ഭാഗമാകണമെന്നും മുഖ്യമന്ത്രി അഭ്യർത്ഥിച്ചു.സി. എം.ഡി.ആർ.ഫിലേക്ക് 50 ലക്ഷം കേരള ബാങ്ക് ഇക്കാര്യത്തിൽ ഇപ്പോൾ തന്നെ നൽകിയിട്ടുണ്ട്. സിയാൽ 2 കോടി രൂപ വാഗ്ദാനം നൽകി. തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ 5 കോടി രൂപ സഹായമായി നൽകുമെന്ന് അറിയിച്ചിട്ടുണ്ട് എന്നും അദ്ദേഹം അറിയിച്ചു .

വയനാട്ടിൽ മേപ്പാടിയിലുണ്ടായ ഉരുൾപൊട്ടലിൽ രക്ഷാപ്രവർത്തനത്തിനായി നാളെ രണ്ട് മെഡിക്കൽ ചെക്ക് പോസ്റ്റ്‌ കൂടി സൈന്യം സ്ഥാപിക്കും. നാളെ അതിരാവിലെ മുതൽ തിരുവനന്തപുരത്ത് നിന്നുള്ള രണ്ട് കോളം സൈനിക സംഘം രക്ഷാപ്രവർത്തനം തുടങ്ങുമെന്നാണ് റിപ്പോർട്ട്. രക്ഷാദൗത്യം നേരിട്ട് ഏകോപിപ്പിക്കാൻ ഉന്നത സൈനിക ഉദ്യോഗസ്ഥരാണ് എത്തുന്നത്. വയനാട്ടിലെ കൺട്രോൾ റൂമിന്റെ ചുമതല നേരിട്ട് അവർ ഏറ്റെടുക്കും.

മദ്രാസ്, മറാത്ത റെജിമെന്റുകളിൽ നിന്ന് 140 പേരാണ് നാളെ വയനാട്ദുരന്തഭൂമിയിൽ എത്തുക. 330 അടി ഉയരമുള്ള താത്കാലിക പാലം നാളെ നിർമ്മാണം തുടങ്ങും. ബെംഗളൂരുവിൽ നിന്ന് നാളെ പുലർച്ചെ പാലത്തിന്റെ ഭാഗങ്ങൾ എത്തിക്കും. ചെറുപാലങ്ങൾ നിർമ്മിക്കാനുള്ള ഉപകരണങ്ങൾ ദില്ലിയിൽ നിന്ന് നാളെ രാവിലെ കണ്ണൂർ വിമാനത്താവളത്തിൽ എത്തും. ഇതോടൊപ്പം മൃതദേഹങ്ങൾ കണ്ടെത്താൻ മൂന്ന് സ്നിഫർ ഡോഗുകളേയും എത്തിക്കുo.

കോഴിക്കോട് വടകര വിലങ്ങാട് മലയങ്ങാട് ഭാഗത്തുണ്ടായ ഉരുള്‍പൊട്ടലില്‍ ഒരാളെ കാണാതായി. എന്‍ഡിആര്‍എഫിന്റെ നേതൃത്വത്തില്‍ തെരച്ചില്‍ തുടരുകയാണ്. ഉരുള്‍പൊട്ടലില്‍ മലയങ്ങാട് പാലം ഒലിച്ചു പോയി. പുഴയുടെ തീരത്തുള്ള നാലു വീടുകള്‍ ഭാഗികമായി തകര്‍ന്നു. ആളപായമുള്ളതായി റിപ്പോര്‍ട്ടില്ല. എന്‍ഡിആര്‍എഫ് സംഘം രക്ഷാ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുകയാണെന്ന് അധികൃതർ അറിയിച്ചു.

സംസ്ഥാനത്ത് അതിതീവ്ര മഴ തുടരുമെന്ന് മുന്നറിയിപ്പ്. അതീവ ജാഗ്രത വേണമെന്നുമാണ് നിർദേശം. ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ സാധ്യതാ പ്രദേശങ്ങളിൽ നിന്നും നദിക്കരകളിലും അണക്കെട്ടുകളുടെ കീഴ്പ്രദേശങ്ങളിലും നിന്നും ആളുകൾ മാറി താമസിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. ദുരന്ത സാധ്യതാ പ്രദേശങ്ങളിൽ ആളുകൾ രാത്രിക്ക് മുമ്പ് ക്യാമ്പുകളിലേക്ക് മാറണമെന്നും നിർദേശമുണ്ട്.

സംസ്ഥാനത്ത് അതിതീവ്ര മഴ നാളെയും തുടരുമെന്നതിനാൽ  ആറ് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. കാസര്‍കോട്, കണ്ണൂര്‍, മലപ്പുറം, തൃശ്ശൂര്‍, പത്തനംതിട്ട, എറണാകുളം ജില്ലകൾക്കാണ് അവധി പ്രഖ്യാപിച്ചത്.  എറണാകുളം ജില്ലയിലെ അങ്കണവാടികൾ, പ്രൊഫഷണൽ കോളജുകൾ, സ്വകാര്യ ട്യൂഷ൯ സെന്ററുകൾ അടക്കമുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജൂലൈ 31 ന് അവധിയായിരിക്കുമെന്ന് കളക്ടര്‍ വ്യക്തമാക്കി. മുൻ നിശ്ചയപ്രകാരമുള്ള പൊതുപരീക്ഷകൾ, യൂണിവേഴ്സിറ്റി പരീക്ഷകൾ എന്നിവയ്ക്ക് മാറ്റം ഉണ്ടായിരിക്കുന്നതല്ല.

നദികളിൽ ജലനിരപ്പ് അപകടകരമായി ഉയരുന്ന സാഹചര്യത്തിൽ കേന്ദ്ര ജല കമ്മീഷൻ മുന്നറിയിപ്പ് പുറപ്പെടുവിച്ചു. എറണാകുളം ജില്ലയിലെ കാളിയാർ, തൃശൂർ ജില്ലയിലെ കീച്ചേരി, പാലക്കാട് ജില്ലയിലെ പുലംതോട് , കോഴിക്കോട് ജില്ലയിലെ കുറ്റിയാടി എന്നീ നദികളിൽ ഓറഞ്ച് അലർട്ട് പുറപ്പെടുവിച്ചു. അതോടൊപ്പം ചാലക്കുടിയിൽ അതീവ ജാഗ്രത നിർദേശം നൽകി. ചാലക്കുടി പുഴയിൽ ഒന്നര മീറ്റർ കൂടി ജലനിരപ്പ് ഉയരുമെന്ന് റിപ്പോർട്ടുണ്ട്.

കാലവര്‍ഷ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ നാളെ മുതല്‍ ഓഗസ്റ്റ് രണ്ട് വരെ പി.എസ്.സി. നടത്താന്‍ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. നേരത്തെ നിശ്ചയിച്ച അഭിമുഖങ്ങള്‍ക്ക് മാറ്റമില്ല. ദുരന്തബാധിത പ്രദേശങ്ങളില്‍നിന്ന് അഭിമുഖത്തില്‍ പങ്കെടുക്കാന്‍ പറ്റാത്തവര്‍ക്ക് മറ്റൊരവസരം നല്‍കുമെന്നും പി.എസ്.സി. വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

വഞ്ചൂരിയൂരിൽ എയര്‍ഗൺ ഉപയോഗിച്ചുള്ള വെടിവയ്പ് കേസിലെ പ്രതി പിടിയിൽ. കൊല്ലത്തെ സ്വകാര്യ മെഡിക്കൽ കൊളജിലെ ഡോക്ടറായ ദീപ്തിയാണ് പിടിയിലായത്. ഷിനിയുടെ ഭർത്താവുമായുള്ള പ്രശ്നമാണ് വെടിവയ്പ്പിന് കാരണമെന്നാണ് വിവരം. ഓൺലൈൻ വഴി വാങ്ങിയ തോക്ക് ഉപയോഗിച്ചാണ് പ്രതി ആക്രമണം നടത്തിയത്.

കോഴിക്കോട് ജില്ലയില്‍  ക്വാറി പ്രവ‍ർത്തനം നിർത്തിവെയ്ക്കാൻ ഉത്തരവ്. കനത്ത മഴ തുടരുന്നതിനാലും റെഡ് അലെര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലുമാണ് ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കളക്ടറുടെ ഉത്തരവ്.   എല്ലാ തരത്തിലുമുള്ള മണ്ണെടുക്കലും ഖനനവും കിണര്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും മണല്‍ എടുക്കലും ഉൾപ്പെടെ നിർത്തിവെയ്ക്കാനാണ് കര്‍ശന നിർദേശം.

സംസ്ഥാനത്തെ സർക്കാർ ജീവനക്കാരോട് അവധി റദ്ദാക്കി ജോലിയിൽ പ്രവേശിക്കാൻ നിർദേശിച്ച് ചീഫ് സെക്രട്ടറി. അവശ്യസര്‍വ്വീസായി പ്രഖ്യാപിച്ചിരിക്കുന്ന പൊലീസ്, ഫയര്‍ ആന്‍ഡ് സേഫ്റ്റി, റവന്യൂ ആരോഗ്യം, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ തുടങ്ങിയ എല്ലാ വകുപ്പുകളിലെയും ജീവനക്കാരുടെ ദീര്‍ഘകാല അവധി ഒഴികെയുള്ള അവധി റദ്ദാക്കി തിരികെ ജോലിയില്‍ പ്രവേശിപ്പിക്കണമെന്നാണ് ചീഫ് സെക്രട്ടറിയുടെ നിര്‍ദേശം.

തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വീണ്ടും രോഗിയും ഒപ്പമുള്ളവരും ലിഫ്റ്റിൽ കുരുങ്ങി. ലിഫ്റ്റ് ഓപ്പറേറ്ററും രോഗിയും ഉള്‍പ്പെടെ ആറ് പേരാണ് ലിഫ്റ്റിൽ കുരുങ്ങിയത്. ഒന്നര മണിക്കൂറിന് ശേഷമാണ് ലിഫ്റ്റിൽ കുരുങ്ങിയവരെ പുറത്തിറങ്ങാൻ കഴിഞ്ഞത്.

ബാബ രാംദേവിന്റെ ഉടമസ്ഥതയിലുള്ള പതഞ്ജലി ആയുർവേദ് ലിമിറ്റഡിന് പിഴ ചുമത്തി മുംബൈ ഹൈക്കോടതി. കർപ്പൂരം ഉൽപ്പന്നങ്ങൾ വിൽക്കുന്നതിൽ നിന്ന് കമ്പനിയെ വിലക്കിക്കൊണ്ടുള്ള 2023 ലെ ഇടക്കാല ഉത്തരവ് ലഘിച്ചതായാണ് കണ്ടെത്തിയത്. ഇതിനെ തുടർന്ന് 4 കോടി രൂപയാണ് പിഴ ചുമത്തിയത്.
 

 

 

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *