Screenshot 2024 02 27 20 21 14 990 com.android.chrome edit 8

 

 

കനത്ത മഴ തുടരുന്നതിനാൽ രണ്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു. തൃശൂർ, വയനാട് ജില്ലകളിലാണ് നാളെ അവധി . ജില്ലയിൽ മഴ ശക്തമായ സാഹചര്യത്തിലാണ്  ട്യൂഷൻ സെൻ്ററുകൾ, അങ്കണവാടികൾ, പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി നല്‍കിയിരിക്കുന്നത്.

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ഇടിമിന്നലോടെ ശക്തമായ മഴയ്ക്ക് സാധ്യത. കേരള തീരം മുതൽ തെക്കൻ ഗുജറാത്ത്‌ തീരം വരെ ന്യൂന മർദ്ദ പാത്തി സജീവമായി സ്ഥിതിചെയ്യുന്നുണ്ട്. തെക്കു കിഴക്കൻ മധ്യ പ്രദേശിന്‌ മുകളിൽ ചക്രവാതച്ചഴിയും നിലനിൽക്കുന്നുണ്ട്.  കേരളത്തിൽ അടുത്ത 5 ദിവസം വ്യാപകമായി  ഇടി മിന്നലോട്  കൂടിയ മഴക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്.വിവിധ തീരങ്ങളിൽ കടലാക്രമണം ശക്തമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണം.

കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ് തിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് ഒമ്പത് സീറ്റുകളില്‍ വിജയിച്ചു. ബിജെപി രണ്ടും കോൺ​ഗ്രസ് ഒരു സീറ്റും നേടി. സ്വകാര്യ കോളേജ്അധ്യാപക സീറ്റുകളും ഗവ.കോളേജ് അധ്യാപക സീറ്റിലുമാണ് എല്‍.ഡി.എഫ് സ്ഥാനാര്‍ഥികള്‍ ജയിച്ചത്.വോട്ടെണ്ണലിന്റെ പേരില്‍ സര്‍വകലാശാലയില്‍ ഇടത് അംഗങ്ങളും വിസിയും തമ്മില്‍ തര്‍ക്കം ഉടലെടുത്തിരുന്നു.ഹൈക്കോടതിയുടെ അനുമതിയോടെയാണ് പിന്നീട് വോട്ട് എണ്ണാന്‍ തീരുമാനിച്ചത്.

വിദേശത്തുനിന്നും കേരളത്തിലേക്ക്     അമീബിക് മസ്തിഷ്കജ്വരത്തിന്  മരുന്നെത്തിച്ചു. ജീവൻരക്ഷാ മരുന്നായ മിൽറ്റിഫോസിൻ ജർമ്മനിയിൽ നിന്നാണ് എത്തിച്ചത്. കേരളത്തിൽ അമീബിക് മസ്തിഷ്ക ജ്വരം ബാധിക്കുന്നവരുടെ എണ്ണം കൂടിവരുന്ന സാഹചര്യത്തിലാണ് മരുന്ന് എത്തിക്കാനുള്ള ശ്രമം തുടങ്ങിയത്.  56 മരുന്നുകളുള്ള ഒരു ബോക്സിന് 3,19,000 രൂപയാണ് വില.രോഗികളുടെ എണ്ണം കൂടി വരുന്ന സാഹചര്യത്തിൽ  കൂടുതൽ മരുന്നുകൾ വരുംദിവസങ്ങളിൽ എത്തിക്കുന്നതിനുള്ള നടപടികളും  ശക്തമാക്കി.

കോഴിക്കോട് ഒരു കുട്ടിക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം . കോഴിക്കോട് സ്വദേശിയായ നാലുവയസുകാരന്‍റെ പരിശോധനാ ഫലമാണ് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചുകൊണ്ട്  പോണ്ടിച്ചേരി വൈറോളജി ലാബില്‍ നിന്നും വന്നത്. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലുള്ള കുട്ടിയുടെ നില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. നാലു ദിവസം മുമ്പ് തന്നെ കുട്ടിയെ മുറിയിലേക്ക് മാറ്റിയിരുന്നു.

കൊല്ലം ഓയൂരിൽ ആറുവയസുകാരിയെ തട്ടിക്കൊണ്ടു പോയ കേസിലെ പ്രതി അനുപമ പത്മന്  ഉപാധികളോടെ ജാമ്യം അനുവദിച്ച് ഹൈക്കോടതി . പഠനാവശ്യത്തിനായി ജാമ്യം അനുവദിക്കണമെന്നായിരുന്നു അനുപമയുടെ വാദം. ഇതേ ആവശ്യമുന്നയിച്ച് അനുപമ കൊല്ലം ഒന്നാം അഡീഷണൽ സെഷൻസ് കോടതിയിൽ സമർപ്പിച്ച ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു.ഒരു കുടുംബം മുഴുവന്‍ കൃത്യമായ ആസൂത്രണത്തോടെ നടത്തിയ കുറ്റകൃത്യമായിരുന്നു ഓയൂരിലെ തട്ടിക്കൊണ്ടുപോകല്‍.

തലയോലപ്പറമ്പിലുണ്ടായ ബസ് അപകടം അമിതവേഗതയെ തുടർന്നുണ്ടായതാണെന്ന് ആർ.ടി.ഒ സ്ഥിരീകരിച്ചു . ഇത് സംബന്ധിച്ച്  ഗതാഗത വകുപ്പ് മന്ത്രിക്ക് ആർ.ടി.ഒ റിപ്പോർട്ട് സമർപ്പിച്ചു. ബസ്സിന്റെ ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കുന്നത് അടക്കമുള്ള നടപടികളും എടുത്തേക്കും. കോട്ടയം – എറണാകുളം റൂട്ടിലോടുന്ന സ്വകാര്യ ബസ്സുകളെ പരിശോധിക്കാനും മോട്ടോർ വാഹന വകുപ്പ് തീരുമാനിച്ചു. എറണാകുളത്ത് നിന്നും പാലായിലേക്ക് പോയ ആവേ മരിയ എന്ന സ്വകാര്യ ബസ്സാണ്  അമിതവേഗതയിൽ നിയന്ത്രണം വിട്ട് തല കീഴായി മറിഞ്ഞ് അപകടത്തിൽപ്പെട്ടത്.

കൊച്ചിയിൽ സിനിമ ഷൂട്ടിംഗിനിടെ ഉണ്ടായ അപകടത്തിൽ മനുഷ്യവകാശ കമ്മിഷൻ കേസ് എടുത്തു.കലാകാരൻമാർ അപകടമുണ്ടാക്കുന്നത് തെറ്റായ പ്രവണതയാണ്.അപകടത്തെ കുറിച്ച് കൊച്ചി സിറ്റി പോലീസ് കമ്മീഷണർ അന്വേഷണം നടത്തി 15 ദിവസത്തിനകം റിപ്പോർട്ട്  സമർപ്പിക്കണമെന്ന് കമ്മീഷൻ നിര്‍ദേശം നല്‍കി.

മാലിന്യ മുക്തം നവകേരളം ക്യാമ്പയിന് ആവശ്യമായ മുന്നൊരുക്കങ്ങള്‍ നടത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ജില്ലാ കളക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കി.  ജില്ലാ കളക്ടര്‍മാരുടെ ഓൺലൈൻ യോഗത്തിലാണ് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം.   വാര്‍ഡ് തലം മുതല്‍ ജില്ലാ തലം വരെയുള്ള തദ്ദേശ സമിതികള്‍ കൃത്യസമയത്ത് രൂപീകരിക്കണം. നിര്‍ദ്ദേശിച്ച പ്രവര്‍ത്തനങ്ങള്‍ അതാത് സമയം നടക്കുന്നുവെന്ന് ഉറപ്പാക്കണം എന്നും മുഖ്യമന്ത്രി നിർദ്ദേശിച്ചു .

വടകരയിലെ വ്യാജ കാഫിർ സ്ക്രീൻഷോട്ട് വിവാദവുമായി ബന്ധപ്പെട്ട കേസിൽ, ഹൈക്കോടതി കേസ് ഡയറി ഹാജരാക്കാൻ നിർദേശം നൽകി . വടകര പൊലീസ് ഇൻസ്പെക്ടർക്ക് ഓഗസ്റ്റ് 12ന് മുൻപ് കേസ് ഡയറി ഹാജരാക്കണമെന്നാണ് നിര്‍ദേശം നൽകിയിരിക്കുന്നത്.ഈ സ്ക്രീന്‍ ഷോട്ട് പ്രചരിപ്പിച്ച അമ്പാടി മുക്ക് സഖാക്കള്‍, പോരാളി ഷാജി തുടങ്ങിയ സമൂഹ മാധ്യമ ഗ്രൂപ്പുകളെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തുകുകയാണെന്നും പൊലീസ് കോടതിയെ അറിയിച്ചിരുന്നു.

ഗർഭിണിയായ കുതിരയെ ആക്രമിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. കൊട്ടിയം പറക്കുളം സ്വദേശി അൽഅമീൻ ആണ് അറസ്റ്റിലായത്. 3 ക്രിമിനൽ കേസുകളിൽ പ്രതിയാണ് അൽഅമീൻ. സംഭവത്തിലെ മറ്റ് പ്രതികൾ ഒളിവിലാണെന്നും, പ്രതികൾക്കായി അന്വേഷണം തുടരുന്നതായും ഇരവിപുരം പൊലീസ് അറിയിച്ചു.

തമിഴ്നാട് കൃഷ്ണ​ഗിരിയിൽ മലയാളി കുത്തേറ്റ് മരിച്ചു. എറണാകുളം നെടുമ്പാശ്ശേരി സ്വദേശി എം ടി ഏലിയാസ് ആണ് മരിച്ചത്. ചെന്നൈ – ബംഗളുരു ഹൈവെയിൽ മഹാരാജാകാട് എന്ന സ്ഥലത്ത് ഇന്നലെ പുലർച്ചെ 2 മണിക്കാണ് സംഭവം. ഹൈവേയിൽ നടന്ന കൊള്ളയുടെ ഭാ​ഗമായിരിക്കാം കൊലപാതകമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

ഡൽഹി ആർ എം എൽ ആശുപ്രതിയിൽ നിന്നു പിരിച്ചുവിട്ട നഴ്സുമാരെ തിരികെ നിയമിക്കാൻ ഉത്തരവ്. എട്ട് മലയാളികൾ ഉൾപ്പെടെ 42 നഴ്സുമാരെ തിരികെ നിയമിക്കണമെന്നാണ് ദില്ലി ഹൈക്കോടതിയുടെ ഉത്തരവ്.  സ്ഥിര നിയമനം നൽകണമെന്നാണ് ആരോഗ്യ മന്ത്രാലയത്തിന് ഹൈക്കോടതിയുടെ നിർദ്ദേശം. ആർഎംഎല്ലിൽ ഒഴിവില്ലെങ്കിൽ സഫ്ദർജംഗ്, ലേഡി ഹാർഡിംഗ് ഉൾപ്പെടെയുള്ള ആശുപത്രികളിൽ നിയമിക്കണമെന്നും കോടതി ഉത്തരവിട്ടു.

പ്രധാനമന്ത്രിയെ മറ്റ് മന്ത്രിമാർക്ക് ഭയമെന്ന് രാഹുൽ ​ഗാന്ധി. ലോക്സഭയിലെ ബജറ്റ് ചർച്ചയിൽ സംസാരിക്കവേ ആയിരുന്നു രാഹുൽ​ ​ഗാന്ധിയുടെ പരാമർശം. ഈ ഭയം വകുപ്പുകളുടെ പ്രവർത്തനത്തെ ബാധിക്കുന്നു, രാജ്യത്തിന്റേത് ചക്രവ്യൂഹത്തിൽ പെട്ട അഭിമന്യുവിന്റെ അവസ്ഥയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ചക്രവ്യൂഹത്തിന്റെ മധ്യഭാ​ഗം നിയന്ത്രിക്കുന്നത് 6 പേരാണ്. മോദി, അമിത് ഷാ, മോഹൻ ഭാഗവത്, അജിത് ഡോവൽ, അദാനി, അംബാനി എന്നിവരാണെന്നും രാഹുൽ ​ഗാന്ധി വിമർശിച്ചു.

മഹാരാഷ്ട്രയിലെ സിന്ധുദുർഗ് വനമേഖലയിൽ വിദേശ വനിതയെ മരത്തിൽ ചങ്ങല കൊണ്ട് കെട്ടിയിട്ട നിലയിൽ കണ്ടെത്തി. മാനസിക പ്രശ്നങ്ങൾ കാണിക്കുന്ന ഇവരെ വിദഗ്ധ ചികിൽസക്കായി ഗോവ മെഡിക്കൽ കോളേജിലേക്ക് മാറ്റി. തമിഴ്നാട് സ്വദേശിയായ ഭർത്താവിനെയും ബന്ധുക്കളെയും കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം തുടങ്ങി.

കൊലക്കേസില്‍ സമാജ്‌വാദി പാര്‍ട്ടി എം.പി അഫ്‌സല്‍ അന്‍സാരിക്ക് തടവുശിക്ഷ വിധിച്ച ഗാസിപുര്‍ പ്രത്യേക കോടതിയുടെ ശിക്ഷ റദ്ദാക്കി അലഹാബാദ് ഹൈക്കോടതി. ബി.ജെ.പി. എം.എല്‍.എയായിരുന്ന കൃഷ്ണാനന്ദ് റായിയുടെ കൊലപാതകവുമായി ബന്ധപ്പെട്ടാണ് അന്‍സാരിക്ക് നാലുവര്‍ഷം തടവ് വിധിച്ചത്.ശിക്ഷയ്‌ക്കെതിരേ ഹൈക്കോടതിയില്‍നിന്ന് അനുകൂലവിധി ലഭിച്ചതോടെ അന്‍സാരിക്ക് പാര്‍ലമെന്റ് അംഗമായി തുടരാം.

കോടതിയില്‍ വീണ്ടും തിരിച്ചടി നേരിട്ട് ബാബാ രാംദേവ്. ആധുനിക വൈദ്യശാസ്ത്രം പ്രാക്ടീസ് ചെയ്യുന്ന ഡോക്ടര്‍മാരാണ് കോവിഡ്-19 മഹാമാരിയെ തുടര്‍ന്നുണ്ടായ മരണങ്ങള്‍ക്ക് ഉത്തരവാദികള്‍ എന്ന പരാമര്‍ശം പിന്‍വലിക്കണമെന്ന് ഡല്‍ഹി ഹൈക്കോടതി നിര്‍ദേശിച്ചു. എയിംസിലെ റെസിഡന്റ് ഡോക്ടര്‍മാരുടെ സംഘടന സമര്‍പ്പിച്ച ഹര്‍ജിയിലാണ്ഇടക്കാല ഉത്തരവ്.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *