സംസ്ഥാനത്ത് വീണ്ടും നിപ മരണം. നിപ ബാധിച്ച് കോഴിക്കോട് ചികിത്സയിലായിരുന്ന മലപ്പുറം പാണ്ടിക്കാട് സ്വദേശി മരിച്ചു. ഇന്ന് രാവിലെ 11.30 തോടെ കോഴിക്കോട് മെഡിക്കൽ കോളേജിൽ വെച്ചാണ് മരണം സ്ഥിരീകരിച്ചു . നിപ പ്രോട്ടോക്കോൾ അനുസരിച്ചായിരിക്കും സംസ്കാരച്ചടങ്ങളുകൾ നടത്തുക. മരിച്ച 14കാരനുമായി സമ്പര്‍ക്കം ഉണ്ടായ 4 പേർ രോഗ ലക്ഷണങ്ങളുമായി ചികിത്സയിലാണ്. ഇവരുടെ സ്രവം പരിശോധനക്ക് അയച്ചു.
നിപ രോഗലക്ഷണവുമായി മലപ്പുറം മഞ്ചേരി മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ള ഒരാളെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. നിപ ബാധിച്ച് മരിച്ച 14 വയസുകാരന്റെ വീടിന് രണ്ട് കിലോമീറ്റർ അകലെ താമസിക്കുന്ന 68 കാരനെയാണ് കോഴിക്കോട്ടേക്ക് മാറ്റിയത്. നിപ ലക്ഷണങ്ങളുണ്ടെന്ന കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.
നിപ ബാധിതനെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച സാഹചര്യത്തിൽ ആശുപത്രിയിൽ നിയന്ത്രണമേർപ്പെടുത്തി അധികൃതർ. അത്യാവശ്യമുള്ളവർ മാത്രം ഒപി പരിശോധനക്ക് എത്തിയാൽ മതിയെന്നാണ് നിർദേശം. ആശുപത്രിയിൽ സന്ദർശകർക്കും കർശന നിയന്ത്രണo. അതേസമയം, അത്യാഹിത വിഭാഗം സാധാരണ പോലെ പ്രവൃത്തിക്കുമെന്നും അധികൃതർ അറിയിച്ചു.
കേരളത്തിൽ ഒരു നിപ മരണം കൂടി റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് നിർദേശങ്ങളുമായി കേന്ദ്രം. രോഗബാധിതരുടെ 12 ദിവസത്തെ സമ്പർക്കങ്ങൾ കണ്ടെത്തണമെന്ന് കേന്ദ്രം നിർദ്ദേശിച്ചു. ആരോഗ്യ മന്ത്രാലയത്തിന്റെ പ്രത്യേക സംഘത്തെ സംസ്ഥാന സർക്കാരിനെ സഹായിക്കാൻ നിയോഗിക്കും. സമ്പർക്കത്തിൽ വന്നവരെ അടിയന്തരമായി ക്വാറൻ്റീനിലേക്ക് മാറ്റണം. സാമ്പിൾ പരിശോധനയ്ക്ക് അയക്കണമെന്നും നിർദ്ദേശമുണ്ട്. മൊബൈൽ ബിഎസ്എൽ 3 ലബോറട്ടറി കോഴിക്കോട് എത്തിച്ചുവെന്നും കേന്ദ്രം വിശദീകരിച്ചു.
മലപ്പുറത്ത് നിപ സംശയിച്ച് നിരീക്ഷണത്തിൽ കഴിയുന്ന 7 പേരുടെ സാമ്പിളുകൾ നെഗറ്റീവ്. ആറ് പേർ മഞ്ചേരി മെഡിക്കൽ കോളേജിലും ഒരാൾ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലുമാണ് ചികിത്സയിലുളളത്. നിപ ബാധിച്ച് മരിച്ച 14 വയസുകാരന്റെ ബന്ധുക്കൾക്കും രോഗലക്ഷണമില്ല. സമ്പർക്ക പട്ടികയിൽ ഉള്ളവരിൽ 101 പേരെ ഹൈറിസ്ക്ക് വിഭാഗത്തിലാണ് ഉൾപ്പെടുത്തിയിട്ടുളളത്. 68 പേർ ആരോഗ്യ പ്രവർത്തകരാണ്.
മലപ്പുറത്ത് നിപ ബാധിച്ച് മരണമടഞ്ഞ കുട്ടിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ആദരാഞ്ജലികള്‍ അർപ്പിച്ചു. കുടുംബത്തിന്റെ ദു:ഖത്തില്‍ പങ്കുചേരുന്നുവെന്നും, കുട്ടിയുടെ ജീവന്‍ രക്ഷിക്കാന്‍ സാധ്യമായ എല്ലാ ശ്രമങ്ങളും നടത്തിയിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം ആരംഭിച്ചിട്ടുണ്ട്. മഞ്ചേരി മെഡിക്കല്‍ കോളേജില്‍ 30 ഐസൊലേഷന്‍ റൂമുകളും കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ആവശ്യമായ അതിതീവ്ര പരിചരണ സംവിധാനങ്ങളും ക്രമീകരിച്ചിട്ടുണ്ട്.
വയനാട് ദുരിതാശ്വാസ ക്യാമ്പുകളായി പ്രവർത്തിക്കുന്ന സ്കൂളുകൾക്ക് നാളെ അവധി പ്രഖ്യാപിച്ചു. ജില്ലാ കളക്ടർ ഡിആർ മേഘശ്രീയാണ് അവധി പ്രഖ്യാപിച്ചത്.കേരളത്തിൽ കനത്ത മഴയ്ക്ക് ശമനം. ഇന്നും നാളെയും കണ്ണൂർ, കാസർകോട് ജില്ലകളിലാണ് മഞ്ഞ അലർട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് പ്രവചിച്ചിരിക്കുന്നത്.
കർണാടകയിലെ ഷിരൂരിലെ മണ്ണിടിച്ചിലിനെ തുടർന്ന് കാണാതായ അർജുന് വേണ്ടി റോഡിലുളള തെരച്ചിൽ തുടർന്നേക്കില്ല. റോഡിലേക്ക് വീണ 90% മണ്ണും നീക്കിയെന്നും, ഇത്രയും തെരഞ്ഞിട്ടും വലിയൊരു ട്രക്കിന്റെ ഒരു സൂചനയുമില്ലെന്നും കർണാടക റവന്യൂ മിനിസ്റ്റർ വ്യക്തമാക്കി. ജിപിഎസ് സിഗ്നൽ കിട്ടിയ ഭാഗത്ത് ലോറിയില്ലെന്ന വിവരമാണ് തെരച്ചിലിന് ഉണ്ടായിരുന്നവർ നൽകുന്നത്. അതിനാൽ കരയിൽ ട്രക്ക് ഉണ്ടാവാൻ സാധ്യത വളരെ കുറവാണെന്നും കർണാടക റവന്യു മന്ത്രി വിശദീകരിച്ചു. വ്യക്തമാകുന്ന സാഹചര്യത്തിൽ ഇനി തെരച്ചിൽ പുഴയിലേക്ക് മാറ്റിയേക്കുമെന്നാണ് സൂചന.
അർജുന് വേണ്ടിയുളള തെരച്ചിലിന് വേണ്ടി കൂടുതൽ അത്യന്താധുനിക സംവിധാനങ്ങൾ എത്തിക്കാനുള്ള തീരുമാനവുമായി സൈന്യം. പുനെയിൽ നിന്നും ചെന്നൈയിൽ നിന്നും കൂടുതൽ റഡാറുകൾ എത്തിക്കുമെന്ന് കർണാടക -കേരള സബ് ഏരിയ കമാൻഡർ വ്യക്തമാക്കി. ഇത് നാളെയോടെ സ്ഥലത്ത് എത്തിക്കും. കരയിലും വെള്ളത്തിലും തെരച്ചിൽ നടത്താനാകുന്ന തരം സംവിധാനങ്ങളാണ് കൊണ്ട് വരികയെന്നും മേജർ ജനറൽ പറഞ്ഞു.
എഐവൈഎഫ് പത്തനംതിട്ട ജില്ലാ ശില്‍പശാലയിൽ മുഖ്യമന്ത്രിക്ക് നേരെ വിമര്‍ശനം.തെരഞ്ഞെടുപ്പ് തോൽവിയിൽ ആണ് മുഖ്യമന്ത്രിക്ക് നേരെ വിമര്‍ശനം ഉയർന്നത്. മുഖ്യമന്ത്രിയുടെ ഏകാധിപത്യ ശൈലിയും ധാഷ്ട്യവും ജനവികാരം എതിരാക്കി. മുഖ്യമന്ത്രിയുടെ ‘രക്ഷാപ്രവര്‍ത്തന’ പരാമര്‍ശം സര്‍ക്കാരിന്റെ പ്രതിഛായയെത്തന്നെ ബാധിച്ചുവെന്നും ശിൽപശാലയിൽ അഭിപ്രായമുയർന്നു.
സാമൂഹ്യസുരക്ഷ, ക്ഷേമ നിധി പെൻഷൻ വിതരണം ജൂലൈ 24 ന് തുടങ്ങുമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ . 1600 രൂപ വീതo ഗുണഭോക്താക്കൾക്ക് ലഭിക്കുന്നതിനുവേണ്ടി 900 കോടി രൂപ അനുവദിച്ചു. ബാങ്ക് അക്കൗണ്ട് നമ്പർ നൽകിയിട്ടുള്ളവർക്ക് അക്കൗണ്ട് വഴിയും, മറ്റുള്ളവർക്ക് സഹകരണ സംഘങ്ങൾ വഴി വീട്ടിലും പെൻഷൻ എത്തിക്കും
സിപിഎം സംസ്ഥാന സെക്രട്ടറി എംവിഗോവിന്ദനെതിരെ വിമര്‍ശനവുമായി വെള്ളാപ്പള്ളി നടേശന്‍. വള്ളം മുങ്ങാൻ നേരം കിളവിയെ വെള്ളത്തിലിടുന്നത് പോലെ എസ് എൻ സി പി യെ വെള്ളത്തിലിടാൻ നോക്കണ്ടെന്നും, എസ് എൻ സിയുടെ പാരമ്പര്യം മലബാറിലെ ചില നേതാക്കൾക്ക് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. ഗോവിന്ദൻ മാഷ് ആരൂ പറഞ്ഞാലും തിരുത്തില്ല, അറിയാത്ത പിള്ള ചൊറിയുമ്പോൾ അറിയുമെന്നും, ന്യൂനപക്ഷ പ്രീണനമാണ് എൽഡിഎഫിന്‍റെ വലിയ പരാജയത്തിന് കാരണം. കാലഘട്ടത്തിന്‍റെ മാറ്റം എൽഡിഎഫ് തിരിച്ചറിഞ്ഞ് പ്രായോഗികമായി പ്രവർത്തിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മലബാറിലെ പ്ലസ് വൺ സീറ്റുകളുടെ കുറവ് പരിഹരിക്കണം എന്നാവശ്യപ്പെട്ട് ഡോ. എം കെ മുനീർ നടത്തിയ സത്യഗ്രഹം പ്രകടനം മാത്രമാണെന്ന പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയുടെ പ്രസ്താവന അങ്ങേയറ്റം നിലവാരമില്ലാത്തതാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. മുസ്ലിം ലീഗിന്‍റെ സമുന്നത നേതാവും മുൻ മന്ത്രിയുമായ എം കെ മുനീറിനെ അപമാനിക്കുകയാണ് മന്ത്രി ചെയ്തത്. നിരുത്തരവാദപരവും അപഹാസ്യവുമായ പ്രതികരണമാണ് വി ശിവൻകുട്ടിയുടെ ഭാഗത്ത് നിന്നുണ്ടായതെന്നും വിഡി സതീശൻ കൂട്ടിച്ചേർത്തു.
വിവരം നൽകാൻ 50 ദിവസം വൈകിപ്പിച്ച ഉദ്യോഗസ്ഥന് 12500 രൂപ പിഴ ചുമത്തി വിവരാവകാശ കമ്മിഷൻ. വടകര ജില്ലാ വിദ്യാഭ്യാസ ഓഫീസിലെ പബ്ലിക് ഓഫീസർ ആരിഫ് അഹമ്മദാണ് സംസ്ഥാന വിവരാവകാശ കമ്മിഷന്‍റെ ഉത്തരവുണ്ടായിട്ടും വിവരം വൈകിച്ചത്. പുതുപ്പണം മന്തരത്തൂർ ശ്രീമംഗലത്ത് വിനോദ് കുമാറിന് ആവശ്യപ്പെട്ട വിവരങ്ങൾ അപേക്ഷയിലും അപ്പീലിലും നിഷേധിച്ചതിനെ തുടർന്നാണ് അദ്ദേഹം കമ്മിഷനെ സമീപിച്ചത്.
ഉമ്മന്‍ചാണ്ടി അനുസ്മരണത്തിനിടെ മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്ത്തിയതിന്‍റെ പേരില്‍ കോൺഗ്രസ് പാര്‍ട്ടിക്കുള്ളില്‍ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി ചാണ്ടി ഉമ്മന്‍. ചടങ്ങിൽ പറഞ്ഞത് വ്യക്തിപരമായ കാര്യമാണെന്നും അതൊരു രാഷ്ട്രീയവേദിയായിരുന്നില്ലെന്നും ചാണ്ടി ഉമ്മൻ മറുപടി നൽകി. ഉമ്മന്‍ചാണ്ടിയുടെ ചികിത്സയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ നല്‍കിയ സഹായങ്ങള്‍ എടുത്തു പറഞ്ഞായിരുന്നു ചാണ്ടി ഉമ്മന്‍ അനുസ്മരണ വേദിയിൽ പ്രസംഗിച്ചത്.
മരം വീണ് മനുഷ്യ ജീവൻ നഷ്ടപ്പെട്ടാൽ ഉത്തരവാദി മൂന്നാർ ഡി എഫ് ഒ ആണെന്ന് കളക്ടർ ഉത്തരവിൽ പറയുന്നു. ദേശീയ പാതയോരത്തെ മരങ്ങൾ മുറിച്ച് നീക്കാനുള്ള നിർദ്ദേശം നടപ്പിലായില്ലെന്നാണ് ഇടുക്കി കളക്ടർ ഷീബ ജോർജ് വ്യക്തമാക്കിയത്. പ്രദേശത്തെ മരങ്ങൾ നീക്കം ചെയ്യുന്നതിന് നിരവധി തവണ നിർദേശം നൽകിയിട്ടും പൊതുജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷ ഉറപ്പു വരുത്തുന്നതിനുള്ള നടപടികൾ മൂന്നാർ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറുടെ ഭാഗത്തു നിന്നും ഉണ്ടായിട്ടില്ലെന്നാണ് കളക്ടർ ഉത്തരവിൽ പറയുന്നത്.
മുക്കം നഗരസഭയിലെ കാതിയോട് മുണ്ടുപാറയിൽ തോട്ടില്‍ രാസമാലിന്യം തള്ളിയതിന് സ്ഥാപന ഉടമക്ക് 50,000 രൂപ പിഴയും ചുമത്തി. കാതിയോട് പ്രവര്‍ത്തിക്കുന്ന വണ്ടര്‍സ്റ്റോണ്‍ മാര്‍ക്കറ്റിങ് എന്ന സ്ഥാപനത്തിന്‍റെ പെയിന്‍റ് ഗോഡൗണില്‍ നിന്നാണ് രാസമാലിന്യം തോട്ടിലേക്ക് ഒഴുക്കിയത്. തുടര്‍ന്ന് വെള്ളം കാണാത്ത തരത്തില്‍ കിലോമീറ്ററുകളോളം ഭാഗത്ത് പത ഉയര്‍ന്നുവരികയായിരുന്നു. രൂക്ഷമായ ഗന്ധവും അനുഭവപ്പെട്ടു. പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് നഗരസഭ ആരോഗ്യ വിഭാഗം അധികൃതര്‍ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ സ്ഥാപനം അടച്ചുപൂട്ടാൻ നിര്‍ദേശം നല്‍കി.
പെരിന്തൽമണ്ണയിൽ ഷോക്കേറ്റ് അച്ഛനും മകനും ദാരുണാന്ത്യം. പറക്കണ്ണി കാവുണ്ടത്ത് മുഹമ്മദ് അശ്റഫ്, മകൻ മുഹമ്മദ് അമീൻ എന്നിവരാണ് മരിച്ചത്. കൃഷിക്ക് വെള്ളം പമ്പു ചെയ്യുന്ന മോട്ടോർ പുരയിലാണ് ഇരുവരുടേയും മൃതദേഹം കണ്ടത്. അച്ഛന് ഷോക്കേറ്റപ്പോൾ രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് മകനും മരിച്ചതെന്നാണ് വിവരം. രണ്ടു പേരുടേയും മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.
മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ഓർമ്മയ്ക്കായി ഉമ്മൻചാണ്ടി ഫൗണ്ടേഷൻ ഏർപ്പെടുത്തിയ പ്രഥമ ഉമ്മൻചാണ്ടി പൊതുപ്രവർത്തക പുരസ്കാരം രാഹുൽഗാന്ധിക്ക്. ഒരുലക്ഷം രൂപയും നേമം പുഷ്പരാജ് രൂപകല്പന ചെയ്ത ശില്പവുമാണ് പുരസ്കാരം. ഡോ. ശശി തരൂർ എംപി ചെയർമാനും പെരുമ്പടവം ശ്രീധരൻ, ഡോ.എം.ആർ. തമ്പാൻ, ഡോ.അച്ചുത് ശങ്കർ,ജോൺ മുണ്ടക്കയം എന്നിവർ അംഗങ്ങളുമായുള്ള ജഡ്ജിങ് കമ്മിറ്റിയാണ് പുരസ്കാര ജേതാവിനെ തിരഞ്ഞെടുത്തത്. ഭാരത് ജോഡോ യാത്ര നടത്തി ജനങ്ങളുടെ പ്രശ്നങ്ങൾ കേൾക്കുകയും അവയ്ക്ക് പരിഹാരം കണ്ടെത്തുകയും ചെയ്ത രാഹുൽ ഗാന്ധിക്ക് പുരസ്കാരം നൽകാൻ തീരുമാനിക്കുകയായിരുന്നു.
കുത്തിവയ്പ്പിന് പിന്നാലെ അബോധാവസ്ഥയിലായ യുവതി മരിച്ച സംഭവത്തിൽ വിശദീകരണവുമായി കെജിഎംഒഎ. ചികിത്സാ പിഴവ് ഉണ്ടായിട്ടില്ലെന്നാണ് സർക്കാർ ഡോക്ടർമാരുടെ സംഘടനയായ കെജിഎംഒഎ യുടെ വിശദീകരണം. ഉദര സംബന്ധമായ അസുഖങ്ങൾക്ക് സാധാരണഗതിയിൽ നൽകുന്ന പാന്റോപ്രസോള്‍ എന്ന മരുന്ന് മാത്രമാണ് രോഗിക്ക് നൽകിയിട്ടുള്ളത്. ഏതൊരു മരുന്നിനും സംഭവിക്കാവുന്ന ദ്രുതഗതിയിൽ ഉണ്ടാകുന്ന മാരകമായ അലർജി പ്രക്രിയ അഥവാ അനാഫൈലാക്സിസ് ആകാം രോഗിക്ക് സംഭവിച്ചിട്ടുള്ളതെന്നാണ് കെജിഎംഒയുടെ വിശദീകരണം.
കുത്തിവെയ്പിനു പിന്നാലെ അബോധാവസ്ഥയിലായ യുവതി മരിച്ച സംഭവത്തിൽ പ്രതിഷേധം. യുവതിയുടെ മൃതദേഹവുമായി നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയുടെ മുന്നിലാണ് ബന്ധുക്കളുടേയും പൊതുപ്രവർത്തകരുടേയും പ്രതിഷേധം. ആശുപത്രിയുടെ അനാസ്ഥമൂലമാണ് യുവതി മരിച്ചതെന്നാണ് ഉയർത്തുന്ന ആരോപണം. പ്രതിഷേധക്കാർ നെയ്യാറ്റിൻകര റോഡ് ഉപരോധിക്കുകയാണ്. നിലവിൽ ആശുപത്രിയുടെ മുന്നിൽ സംഘർഷാവസ്ഥ നിലനിൽക്കുകയാണ്.
ലാത്വിയയിൽ ഒഴുക്കിൽ പെട്ട് കാണാതായ മലയാളി വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി. ആൽബിൻ അകപ്പെട്ട സ്ഥലത്ത് നിന്ന് 150 മീറ്റർ അകലെയായിരുന്നു മൃതദേഹം. ആൽബിൻ ഷിൻറോയ്ക്കായി കൂട്ടുകാർ തെരച്ചിലിനു തയ്യാറെടുത്ത് തടാകക്കരയിൽ എത്തിയപ്പോഴാണ് മൃതദേഹം കണ്ടത്. തുടർന്ന് ലാത്വിയൻ പൊലീസ് ശരീരം കരയ്ക്കെത്തിച്ച് തുടർ നടപടികൾക്കായി ആശുപത്രിയിലേക്ക് മാറ്റി.
തൃശ്ശൂരിൽ വരന്തരപ്പള്ളി പഞ്ചായത്തിലെ പത്തൊമ്പതാം വാർഡ് ഉൾപ്പെടുന്ന തെക്കേ നന്തിപുരത്ത് ചുഴലി കൊടുങ്കാറ്റ്. ചുഴലിയിൽ നിരവധി നാശനഷ്ടങ്ങൾ ഉണ്ടായി. എറിയക്കാട് ഗിരീഷിന്റെ മുന്നൂറിലധികം കുലച്ച ഏത്ത വാഴകൾ ഒടിഞ്ഞുവീണു. നിരവധി വീടുകളിൽ ജാതി മരങ്ങൾ കടപുഴകി. വൻമരങ്ങളും കടപുഴകി വീണു. തോട്ടത്തിൽ മോഹനൻ എന്നയാളുടെ വീടിന്റെ ഷീറ്റിട്ട ടെറസ് പറന്നു പോയി. വൈദ്യുതി ലൈനുകളും വ്യാപകമായി നശിച്ചു.
ആമയിഴഞ്ചാൻ തോട്ടിലേക്ക് മാലിന്യം ഒഴുക്കി വിട്ടതിനെ തുടർന്ന് തമ്പാനൂരിൽ പ്രവർത്തിക്കുന്ന പോത്തീസ് സ്വർണ്ണ മഹൽ പൂട്ടിച്ചു. ലൈസൻസില്ലാതെയാണ് സ്ഥാപനം പ്രവർത്തിച്ചതെന്നും കണ്ടത്തി. പൊലീസും നഗരസഭയുടെ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥരും സ്ഥാപനത്തിലെത്തിയാണ് പൂട്ടിച്ചത്. പോത്തീസ് സ്വർണ്ണമഹലിൽ നിന്നും മാലിനും ഓടയിലേക്ക് ഒഴുക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ നഗരസഭയ്ക്ക് ഇന്നലെ ലഭിച്ചിരുന്നു.
ദുബൈ മറീനയിലെ വാട്ടര്‍ ടൂറിസം കമ്പനി ഡി3 എന്ന ആഡംബര നൗകയ്ക്ക് നടന്‍ ആസിഫ് അലിയുടെ പേര് നല്‍കി. രജിസ്ട്രേഷന്‍ ലൈസന്‍സിലും പേര് മാറ്റും. സംഗീത സംവിധായകന്‍ രമേശ് നാരായണനുമായി ബന്ധപ്പെട്ട വിവാദം ആസിഫ് അലി കൈകാര്യം ചെയ്ത രീതിയോടുള്ള ആദരവും പിന്തുണയും അറിയിച്ചാണ് ഈ പേരുമാറ്റമെന്ന് ഡി3 ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ ഷെഫീഖ് മുഹമ്മദ് അലി പറഞ്ഞു. പല നിലയിൽ വഷളാകുമായിരുന്ന വിഷയം പക്വതയോടെ കൈകാര്യം ചെയ്ത ആസിഫ് അലി എല്ലാവർക്കും മാതൃകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഗുജറാത്തില്‍ ചാന്ദിപുര വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 24ആയി. സർക്കാർ പുറത്തുവിട്ട കണക്കുകൾ പ്രകാരം ചാന്ദിപുര വൈറസ് ബാധിച്ച് ആശുപത്രിയില്‍ ചികിൽസയിലുള്ളവരുടെ എണ്ണം 65 ആയി. 12 ജില്ലകളിലെ വിവിധ ഗ്രാമങ്ങളിലും അഹമ്മദാബാദ്, വഡോദര, രാജ്കോട്ട് തുടങ്ങിയ നഗരങ്ങളിലുമാണ് രോഗബാധിതരുള്ളത്. ചാന്ദിപുര വൈറസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ക്കായി സർക്കാർ കണ്‍ട്രോള്‍ റൂം ആരംഭിച്ചു.
ഹൈന്ദവ മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് മുൻ കോൺഗ്രസ് നേതാവും കൽക്കി ധാം പീതാധീശ്വർ ആചാര്യനുമായ പ്രമോദ് കൃഷ്ണം കല്‍ക്കി എഡി 2898 ചിത്രത്തിന്‍റെ നിർമ്മാതാക്കൾക്കും അഭിനേതാക്കൾക്കും വക്കീൽ നോട്ടീസ് അയച്ചു. ഹിന്ദു മതഗ്രന്ഥങ്ങളിൽ വിവരിച്ചിരിക്കുന്ന ദൈവങ്ങളെ തെറ്റായി ചിത്രീകരിക്കുകയാണ് നിർമ്മാതാക്കൾ ചെയ്തതെന്നാണ് ആരോപണം.
കൻവർ തീർത്ഥാടകർ യാത്ര ചെയ്യുന്ന മുസഫർ ജില്ലയിലെ വഴികളിലെ ഭക്ഷണ ശാലകളിൽ ഉടമകളുടെ പേര് പ്രദർശിപ്പിക്കണമെന്ന യുപി സര്‍ക്കാരിന്‍റെ ഉത്തരവിനെതിരെ പ്രതിഷേധം ശക്തമായതോടെ ഉത്തർ പ്രദേശിൽ ജാഗ്രത കർശനമാക്കി. കൻവർ യാത്ര വിവാദം പ്രതിപക്ഷം പാര്‍ലമെന്‍റില്‍ ഉന്നയിക്കും.
മദ്യനയക്കേസിൽ ജയിലിൽ കഴിയുന്ന ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ വധിക്കാൻ ഗൂഡാലോചനയെന്ന ആരോപണവുമായി ആം ആദ്മി പാർട്ടി. ജയിലിലിട്ട് പീഡിപ്പിച്ച് കെജ്രിവാളിന്റെ ആരോഗ്യം തകർക്കുകയാണ് ബിജെപി ലക്ഷ്യമെന്നും എഎപി എംപി സജ്ഞയ് സിംഗ് ആരോപിച്ചു. കെജ്രിവാൾ കൃത്യമായി മരുന്നും ഭക്ഷണവും കഴിക്കുന്നില്ലെന്നും ഇതിന്റെ കാരണം കണ്ടെത്തണമെന്നും ആവശ്യപ്പെട്ട് ദില്ലി ലെഫ്. ഗവർണർ ചീഫ് സെക്രട്ടറിക്ക് കത്തയച്ചതിന് പിന്നാലെയാണ് എഎപിയുടെ പുതിയ ആരോപണം.
ബംഗ്ലാദേശിൽ സംവരണ വിരുദ്ധ പ്രക്ഷോഭവുമായി ബന്ധപ്പെട്ട് നിയമം ലംഘിക്കുന്നവരെ കണ്ടാൽ വെടിവെയ്ക്കാനാണ് പൊലീസിന് സർക്കാർ നൽകിയിരിക്കുന്ന നിർദേശം. ബംഗ്ലാദേശ് സ്വദേശികളും സർവ്വകലാശാല വിദ്യാർത്ഥികളുമാണ് തെരുവുകളിലേക്ക് പ്രതിഷേധവുമായി എത്തുന്നത്. സർക്കാർ ജോലികളിലെ ക്വാട്ട നയത്തിനെതിരെയാണ് പ്രതിഷേധം. ശനിയാഴ്ച ധാക്കയിൽ പ്രതിഷേധവുമായി എത്തിയ വിദ്യാർത്ഥികൾക്ക് നേരെ അഞ്ച് റൗണ്ടാണ് പൊലീസ് വെടിവയ്പു നടത്തിയത്.
ഭക്ഷണ ചലഞ്ച് നടത്തുന്നതിനിടെ ചൈനയിലെ 24-കാരിയായ ഇൻഫ്ലുവൻസർക്ക് ദാരുണാന്ത്യം. തുടർച്ചയായി 10 മണിക്കൂറിലധികം ഭക്ഷണം കഴിക്കാനുള്ള വെല്ലുവിളികൾ ഏറ്റെടുത്തതായിരുന്നു 24കാരിയെന്ന് റിപ്പോർട്ട് പറയുന്നു. പാൻ സിയാവോട്ടിംഗ് എന്ന യുവതിയാണ് മരണത്തിന് കീഴടങ്ങിയത്. ഇവർ 10 കിലോ ഭക്ഷണം കഴിക്കാറുണ്ടായിരുന്നുവെന്ന് അവകാശപ്പെട്ടു.
പാരീസ് ഒളിംപിക്‌സ് ആരംഭിക്കാനിരിക്കെ വന്‍ പ്രഖ്യാപനവുമായി ക്രിക്കറ്റ് സംഘടനയായ ബി.സി.സി.ഐ. ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന് (ഐ.ഒ.സി.) എട്ടരക്കോടി രൂപ സംഭാവന നല്‍കുമെന്ന് ബി.സി.സി.ഐ. സെക്രട്ടറി ജയ്ഷാ വ്യക്തമാക്കി. സാമൂഹികമാധ്യമമായ എക്‌സിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
നൂഹ് ജില്ലയില്‍ 24 മണിക്കൂര്‍ ഇന്റര്‍നെറ്റ് നിരോധനം ഏര്‍പ്പെടുത്തി ഹരിയാണ സര്‍ക്കാര്‍. ബള്‍ക്ക് എസ്.എം.എസ്. സര്‍വീസുകള്‍ക്കും നിരോധനമുണ്ട്. ഞായറാഴ്ചവൈകീട്ട് ആറുമുതല്‍ തിങ്കളാഴ്ച വൈകീട്ട് ആറുവരെയാണ് നിരോധനം. ബ്രജ് മണ്ഡല്‍ ജലാഭിഷേക് യാത്രയുടെ പശ്ചാത്തലത്തിലാണ് നടപടി.