വയനാട് ജില്ലയിൽ നാളെയും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി. കനത്ത മഴ തുടരുന്ന സാഹചര്യത്തിലാണ് ജില്ലാ കളക്ടർ നാളെയും അവധി പ്രഖ്യാപിച്ചത്. ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെയും അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. ട്യൂഷൻ സെന്റർ, അംഗൻവാടി ഉൾപ്പെടെയുളളവക്ക് അവധി ബാധകമാണ്. മോഡൽ റസിസൻഷ്യൽ സ്കൂളുകൾക്ക് അവധി ബാധകമല്ല.
ഭക്ഷ്യ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവര്‍ ഹെല്‍ത്ത് കാര്‍ഡ് എടുത്തില്ലെങ്കില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ്. ഭക്ഷ്യ സുരക്ഷാ വകുപ്പ് നടത്തിയ സ്‌പെഷ്യല്‍ ഡ്രൈവില്‍ ചില ജീവനക്കാര്‍ക്ക് ഹെല്‍ത്ത് കാര്‍ഡില്ലെന്നും ചിലര്‍ പുതുക്കിയിട്ടില്ലെന്നും കണ്ടെത്തി. ജോലി ചെയ്യുന്നവർ നാലാഴ്ചക്കുള്ളിൽ ഹെൽത്ത് കാർഡ് എടുക്കണമെന്നാണ് നിർദ്ദേശം. ഹെൽത്ത് കാർഡ് എടുക്കാതിരിക്കുകയോ പുതുക്കുകയോ ചെയ്തിട്ടില്ലെങ്കിൽ കർശന നടപടി നേരിടേണ്ടി വരുമെന്നും മന്ത്രി അറിയിച്ചു.
സംസ്ഥാനത്ത് കനത്ത മഴ തുടരുന്നതിനാൽ ആറാഴ്ച ഹോട്ട് സ്‌പോട്ടുകള്‍ കേന്ദ്രീകരിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ തുടരണമെന്ന് മന്ത്രി വീണാ ജോര്‍ജ്. തദ്ദേശ സ്ഥാപനതലത്തില്‍ ഊര്‍ജിത ഉറവിട നശീകരണ പ്രവര്‍ത്തനങ്ങള്‍ തുടരണം. ദുരിതാശ്വാസ ക്യാമ്പുകളില്‍ നല്‍കുന്ന വെള്ളം പ്രത്യേകമായി ശ്രദ്ധിക്കണം.പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ചേര്‍ന്ന റാപ്പിഡ് റെസ്‌പോണ്‍സ് ടീംയോഗത്തിലാണ് മന്ത്രി നിര്‍ദേശം നല്‍കിയത്.
ആമയിഴഞ്ചാൻതോട്ശുചീകരണ പ്രവർത്തനത്തിനിടെ ജീവൻ നഷ്ടപ്പെട്ട ജോയിയുടെ കുടുംബത്തിന് 10 ലക്ഷം രൂപ കൈമാറി സർക്കാർ. മന്ത്രി വി ശിവൻകുട്ടിയാണ് 10 ലക്ഷം രൂപ ജോയിയുടെ കുടുംബത്തിന് നൽകിയത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്ന് ജോയിയുടെ അമ്മയ്ക്ക് തുക അനുവദിക്കാനാണ് മന്ത്രിസഭായോഗം തീരുമാനിച്ചത്. തോട്ടിലിറങ്ങി മാലിന്യം മാറ്റുകയായിരുന്ന ജോയിയെ കനത്ത മഴയില്‍ പെട്ടെന്നുണ്ടായ ഒഴുക്കില്‍ കാണാതായി.48 മണിക്കൂറിനു ഒടുവിലാണ് മൃതദേഹം കണ്ടെത്തിയത്.
തിരുവനന്തപുരത്തെ ആമയിഴഞ്ചാന്‍ തോട്ടില്‍ വീണ് മരിച്ച ജോയിയുടെ കുടുംബത്തിന് സുപ്രീംകോടതി വിധി പ്രകാരമുള്ള നഷ്ടപരിഹാരം നല്‍കണമെന്ന് വി ഡി സതീശൻ. ജോയിയുടെ അമ്മയുടെ ചികിത്സാ ചെലവ് കോണ്‍ഗ്രസ് ഏറ്റെടുക്കും എന്നും അദ്ദേഹം പറഞ്ഞു . ജോയിയുടെ മാരായമുട്ടത്തെ വീട് സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്.
മൈക്രോസോഫ്റ്റ് വിന്‍ഡോസ് ഓപ്പറേറ്റിംഗ് സിസ്റ്റത്തെ ബാധിച്ച ഗുരുതര പ്രശ്‌നത്തില്‍ വിശദീകരണവുമായി ക്രൗഡ്‌സ്ട്രൈക്ക്. വിൻഡോസിന് സുരക്ഷ സേവനങ്ങൾ നൽകുന്ന സൈബർ സെക്യൂരിറ്റി സ്ഥാപനമാണ് ക്രൗഡ്സ്ട്രൈക്ക്. വിന്‍ഡോസ് ഓപ്പറേറ്റിംഗ് സിസ്റ്റത്തെ ബാധിച്ച പ്രശ്‌നം കണ്ടെത്തിയെന്നും പരിഹരിക്കാനുള്ള ശ്രമം തുടരുകയാണ് എന്നുമാണ് ക്രൗഡ്സ്ട്രൈക്കിന്‍റെ പ്രതികരണം.
ഇന്നലെ കൊച്ചിയിൽ അറസ്റ്റിലായ മാവോയിസ്റ്റ് പ്രവർത്തകൻ മനോജിനെ കോടതി റിമാൻഡ് ചെയ്തു. സംസ്ഥാന ഭീകര വിരുദ്ധ സേനയുടെ വാണ്ടഡ് ലിസ്റ്റിൽ ഉണ്ടായിരുന്ന ഇയാളെ എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ നിന്നാണ് പിടികൂടിയത്. ഇന്ന് കോടതിയിൽ ഹാജരാക്കിയപ്പോഴും ഇയാൾ മാവോസ്റ്റ് അനുകൂല മുദ്രാവാക്യങ്ങൾ വിളിച്ചു. വിവിധ സംസ്ഥാനങ്ങളിലെ മാവോയിസ്റ്റ് പ്രവർത്തകർക്കിടയിലെ സന്ദേശ വാഹകൻ എന്ന നിലയിലാണ് ഇയാൾ അറിയപ്പെട്ടിരുന്നത്.
കര്‍ണാടകയിലെ ഷിരൂരിലുണ്ടായ മണ്ണിടിച്ചിലിനെ തുടർന്നുണ്ടായ അപകടത്തില്‍പ്പെട്ട കോഴിക്കോട് സ്വദേശിയായ ലോറി ഡ്രൈവര്‍ അര്‍ജുനെ കണ്ടെത്താനുള്ള രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമായി തുടരുന്നു. നേവിയുടെ ഡൈവര്‍മാര്‍ ഗംഗാവാലി പുഴയിലിറങ്ങി നടത്തിയ പരിശോധനയില്‍ അര്‍ജുൻ ഓടിച്ചിരുന്ന ലോറി നദിയുടെ അടിത്തട്ടില്‍ ഇല്ലെന്ന് സ്ഥിരീകരിച്ചു. മണ്ണിനടിയിൽ ലോറി ഉണ്ടോയെന്ന് ഉറപ്പുവരുത്താൻ മെറ്റല്‍ ഡിറ്റക്ടറുകള്‍ എത്തിച്ച് പരിശോധന നടത്തുമെന്നും കളക്ടര്‍ പറഞ്ഞു.
തീരസംരക്ഷണത്തിനായി കേന്ദ്രസർക്കാർ കേരളത്തിന് മതിയായ ഫണ്ട് അനുവദിക്കുന്നില്ലെന്ന ആരോപണവുമായി വ്യവസായ മന്ത്രി പി രാജീവ്. കടലാക്രമണം രൂക്ഷമായ എറണാകുളം എടവനക്കാട് സന്ദർശിച്ച ശേഷമാണ് വ്യവസായ മന്ത്രിയുടെ പ്രതികരണം. കേന്ദ്രത്തിന്‍റെ നിസ്സഹകരണമാണ് പദ്ധതികളിലെ മെല്ലപ്പോക്കിന് കാരണമെന്നും വ്യവസായ മന്ത്രി കുറ്റപ്പെടുത്തി.
മാലിന്യ പ്രശ്നവുമായി ബന്ധപ്പെട്ട് വിഡി സതീശന് തുറന്ന കത്തുമായി മന്ത്രി എംബി രാജേഷ്. മാലിന്യ സംസ്കരണം സംബന്ധിച്ച് ചില പ്രസ്താവനകൾ കണ്ടു, എന്നാൽ സര്‍ക്കാര്‍ ചെയ്ത കാര്യങ്ങൾ ശ്രദ്ധയിൽ പെട്ടിട്ടില്ലെന്ന ആമുഖത്തിലാണ് മന്ത്രിയുടെ കത്ത്. ഹരിതകര്‍മസേനയുടെ പ്രവര്‍ത്തന മികവും, അതുമൂലം ഉണ്ടായ മാറ്റങ്ങളും എണ്ണിപ്പറഞ്ഞാണ് മന്ത്രിയുടെ കുറിപ്പ്. പ്രതിപക്ഷത്തു നിന്ന് കൂടി ക്രിയാത്മക സമീപനം ഉണ്ടായാൽ നമുക്ക് മാലിന്യ പ്രശ്നം പെട്ടെന്ന് പരിഹരിക്കാൻ ആകുമെന്നും മന്ത്രി കത്തിലൂടെ വ്യക്തമാക്കി.
ആയുധം കൈവശം വെച്ച കേസിൽ വ്ലോഗർ വിക്കി തഗ് അറസ്റ്റിൽ. പാലക്കാട് കോടതിയിൽ കീഴടങ്ങുകയായിരുന്നു. 2022 ലാണ് കേസിനാസ്പദമായ സംഭവം. അന്ന്ലഹരിക്കടത്ത് കേസില്‍ ഇരുവര്‍ക്കും ജാമ്യം കിട്ടി. ആയുധം കൈവശം വച്ചതിന് കസബ പൊലീസ് എടുത്ത കേസില്‍ പ്രതികള്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതിയില്‍ നല്‍കിയെങ്കിലും ജാമ്യം നിരസിച്ചിരുന്നു. ഇതോടെ പ്രതികള്‍ പല സ്ഥലങ്ങളിലായി ഒളിവില്‍ പോവുകയായിരുന്നു.
വൈവിധ്യങ്ങൾ ഉൾക്കൊള്ളുന്നതടക്കം ഉമ്മൻചാണ്ടിയോട് പല കാര്യങ്ങളിൽ യോജിപ്പും, ചില കാര്യങ്ങളിൽ വിയോജിപ്പും ഉണ്ടായിരുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അത് തുറന്ന് പറയാൻ സ്വാതന്ത്ര്യമുള്ള സൗഹൃദമായിരുന്നു ഉണ്ടായിരുന്നത്. രാഷ്ട്രീയമായി ഇരു ചേരികളിലായിരുന്നെങ്കിലും സൗഹൃദത്തിന് ഒരു കോട്ടവും ഉണ്ടായിരുന്നില്ലെന്നും പിണറായി പറഞ്ഞു. ഓർമ്മയിൽ ഉമ്മൻചാണ്ടി പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
മൂന്ന് സർവകലാശാലകളിലെ വിസി നിയമന സെർച്ച് കമ്മിറ്റി രൂപീകരണം തടഞ്ഞ് ഹൈക്കോടതി ഉത്തരവ്. കേരള സർവകലാശാല, എംജി സർവകലാശാല, മലയാളം സർവകലാശാല എന്നിവിടങ്ങളിലെ സെർച്ച് കമ്മിറ്റി നടപടികൾക്കാണ് സ്റ്റേ . ചാൻസലറുടെ ഉത്തരവിന് ഒരുമാസത്തേക്ക് ഹൈക്കോടതി വിലക്കും ഏർപ്പെടുത്തിയിട്ടുണ്ട്. ഇതോടെ നാല് സർവകലാശാലകളിലെ സെർച്ച് കമ്മിറ്റി രൂപീകരണത്തിനാണ് സ്റ്റേ ഉത്തരവ് വന്നിരിക്കുന്നത്.
ഐഎഎസ് ട്രെയിനി പൂജ ഖേദ്ക്കർക്ക് എതിരെ കടുത്ത നടപടിയുമായി യു.പി.എസ്.സി.പരീക്ഷയ്ക്കുള്ള അപേക്ഷയിൽ തന്നെ പേരും മാതാപിതാക്കളുടെ പേരും മാറ്റി പൂജ ക്രമക്കേട് നടത്തിയതായി കണ്ടെത്തി. ഭാവിയിൽ യുപിഎസ്.സി എഴുതുന്നതില്‍ നിന്നും പൂജയെ അയോഗ്യയാക്കി. വ്യാജരേഖ കേസിൽ പ്രത്യേക കേസ് രജിസ്റ്റർ ചെയ്ത് അന്വേഷിക്കാനും പൊലീസിന് നിർദേശം നൽകി. മഹാരാഷ്ട്ര സർക്കാരിൻ്റെ അന്വേഷണ റിപ്പോർട്ടിന് പിന്നാലെയാണ് നടപടി. പൂജ ഖേദ്ക്കറുടെ ഐഎഎസ് റദ്ദാക്കിയേക്കുമെന്നാണ് സൂചന.
മഹാരാഷ്ട്ര നിയമസഭാ കൗൺസിൽ തെരഞ്ഞെടുപ്പിൽ ക്രോസ് വോട്ട് ചെയ്ത കോൺഗ്രസ് എംഎൽഎമാർക്കെതിരെ നടപടി സ്വീകരിച്ചെന്ന് കെസി വേണുഗോപാൽ. മുംബൈയിൽ ചേർന്ന പാർട്ടി നേതൃയോഗത്തിന് ശേഷമായിരുന്നു പ്രതികരണം. ബിജെപി ക്യാംപിലേക്ക് പോയ അശോക് ചവാനോട് അടുപ്പമുള്ളവർ ഉൾപ്പെടെ ഏഴുപേരാണ് ക്രോസ് വോട്ട് ചെയ്തതെന്നാണ് സൂചന.
ഇന്ത്യയ്ക്ക് അമേരിക്കയുമായി വിയോജിക്കാനുള്ള സ്വാതന്ത്ര്യമുണ്ടെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം. ചില വിഷയങ്ങളിൽ ഇന്ത്യക്ക് സ്വതന്ത്ര നിലപാട് പ്രകടിപ്പിക്കാനുള്ള അവകാശമുണ്ടെന്ന് വിദേശകാര്യ വക്താവ് രൺധീർ ജയ്സ്വാൾ വ്യക്തമാക്കി.ഇന്ത്യയിലെ അമേരിക്കൻ അംബാസഡർ ഇക്കാര്യത്തിൽ പറഞ്ഞ നിലപാടിനോട് യോജിപ്പില്ലെന്നും അദ്ദേഹം ദില്ലിയിൽ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിൽ പറഞ്ഞു. യുദ്ധത്തിലും സംഘർഷത്തിലും ഇന്ത്യയ്ക്ക് സ്വതന്ത്ര നിലപാട് എടുക്കാനാവില്ലെന്ന് ഇന്ത്യയിലെ അമേരിക്കൻ അംബാസഡർ പറഞ്ഞിരുന്നു. ഇതിനാണ് ഇന്ത്യയുടെ മറുപടി.
ബംഗ്ലാദേശിൽ കലാപത്തിലേക്ക് മാറിയ വിദ്യാര്‍ത്ഥി പ്രക്ഷോഭം നിരീക്ഷിക്കുന്നതായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം. പ്രക്ഷോഭത്തിൽ ഇതുവരെ 32 പേര്‍ കൊല്ലപ്പെട്ടു. അക്രമങ്ങളുടെ പശ്ചാത്തലത്തിൽ ബംഗ്ളാദേശിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് വിദേശകാര്യ മന്ത്രാലയം നിര്‍ദ്ദേശിച്ചു. ബംഗ്ലാദേശിലുള്ള 8500 ഇന്ത്യൻ വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കാൻ എംബസി നടപടി സ്വീകരിക്കുന്നുണ്ടെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് വ്യക്തമാക്കി.
ഗവർണർമാർക്കുള്ള പ്രത്യേക പരിരക്ഷ സംബന്ധിച്ച് വിശദപരിശോധനക്ക് സുപ്രീംകോടതി. സിവിൽ, ക്രിമിനൽ കേസുകളിൽ ഗവർണർമാർക്ക് ലഭിക്കുന്ന പരിരക്ഷയാണ് സുപ്രീം കോടതി പരിശോധിക്കുന്നത്. വിഷയത്തിൽ അറ്റോർണി ജനറലിന്റെ സഹായം സുപ്രീം കോടതി തേടി. പശ്ചിമ ബംഗാൾ ഗവർണർ സി വി ആനന്ദ ബോസിന് എതിരെ ലൈംഗീക ആരോപണം ഉന്നയിച്ച യുവതിയുടെ ഹർജിയിൽ ആണ് സുപ്രീം കോടതി തീരുമാനം.
ഉത്തര്‍പ്രദേശ് ബിജെപിയില്‍ തര്‍ക്കം നടക്കുന്നതിനിടെ ആര്‍എസ്എസ്- ബിജെപി സംയുക്ത യോഗത്തിന് നാളെ തുടക്കം.കന്‍വര്‍ യാത്ര നിയന്ത്രണങ്ങളില്‍ സഖ്യകക്ഷികളില്‍ നിന്ന് എതിര്‍പ്പുയുര്‍ന്നെങ്കിലും നിലപാടില്‍ നിന്ന് പിന്നോട്ടില്ലെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വ്യക്തമാക്കി. അതേസമയം, മോഹന്‍ ഭാഗവതിന്‍റെ വിമര്‍ശനത്തോട് പരസ്യ പ്രതികരണം വേണ്ടെന്ന് ബിജെപി നേതൃത്വം നിലപാടെടുത്തു.
മൈക്രോസോഫ്റ്റ് വിൻഡോസ് ഓപ്പറേറ്റിംഗ് സിസ്റ്റം സാങ്കേതിക പ്രശ്നം നേരിടുന്നതിനാൽ വിമാനത്താവളങ്ങളിൽ പ്രതിസന്ധി. സാങ്കേതിക പ്രശ്നം കാരണം ചെക് ഇൻ സാധിക്കാത്തതിനാൽ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ 7 വിമാന സർവീസുകൾ വൈകുന്നു. വിവിധ എയർ ലൈനുകളുടെ വിമാനമാണ് വൈകുന്നത്. സോഫ്ട് വെയറിൽ നിന്ന് മാറി മാനുവലായി സർവീസ് ക്രമീകരിക്കും. ഫ്ലൈറ്റുകൾ തൽക്കാലം ക്യാൻസൽ ചെയ്യില്ല.